നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"തലൈക്കൂത്തൽ"

"തലൈക്കൂത്തൽ"
.............................
"എന്തെങ്കിലും ഒന്ന് തീരുമാനിക്ക്." രാവിലെ തൊടങ്ങി അവള്
ഭാര്യ, ഭർത്താവിന്റെ മാതാപിതാക്കളെ ശത്രുക്കളെ പോലെ കാണണം എന്ന ആരോ തിരുകിക്കൊടുത്ത ഉപദേശം ഒരിക്കലും അവൾ തെറ്റിക്കാറില്ല..
ഞാൻ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽതന്നെ മിണ്ടാൻ എന്റെ നാവു പൊന്തിയിട്ട് ഏതാണ്ട് 14 വര്ഷം കഴിഞ്ഞു .. വിഷസർപ്പങ്ങളെ കൂടെ കിടത്തുന്ന അഭ്യാസികളെ കണ്ടിട്ടുണ്ട്.. അതാണ് പലപ്പോഴും ഒരു ഭർത്താവുദ്യോഗം.. !
നമ്മളുടെ മൌനം തെറ്റിദ്ധരിക്കപ്പെടുന്ന നിമിഷങ്ങൾ.. ഈ തവണയും അവൾ സ്വന്തം വിജയം ഉറപ്പിച്ചു കഴിഞ്ഞു എന്നൊരു ഭാവം ആ മുഖത്ത് ഞാൻ കാണുന്നു..
"പ്രകാശ്.. ഇങ്ങിനെ മിണ്ടാതിരുന്നിട്ടു ഒരു കാര്യവുമില്ല.. തിങ്കളാഴ്ചയല്ലേ മലപ്പുറത്ത് ചാർജ് എടുക്കേണ്ടത്.. ഇന്ന് വെള്ളി.. ഇനി രണ്ടു ദിവസം.. " അവൾ വിരലുകൾ മടക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..
അവള് പറയുന്നതിലും കാര്യമില്ലേ.. ? ഞാൻ ചിന്തിച്ചു
ഞാൻ മലപ്പുറത്തേക്ക് പോയാൽ അവളും മോനും തനിച്ചാകും .പിന്നെ വയസ്സായ അച്ഛൻ.. ഇനി ആഴ്ചയിൽ ഒന്ന് വരാം എന്ന് തന്നെ കരുതിയാലും ശരിയാവില്ല.. അച്ഛന് ഒട്ടും ആവതില്ല.. അവള്ക്ക് അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഇഷ്ടവുമില്ല.. അപ്പൊ പിന്നെ.. ?
എന്ത് ചെയ്യും.. എന്ത് ചെയ്യേണ്ട എന്ന ചിന്തയുടെ നൂല്പാലത്തിലൂടെ ഞാൻ ആവും വിധം ബാലന്സ് തെറ്റാതെ നടന്നു നോക്കി.. പലപ്പോഴും തെന്നി വീഴാൻ തുടങ്ങുന്നു.. വീഴുന്നതോ.. നരകതുല്യമായ അഗ്നിയിലേക്ക്.. ആളിക്കത്തുന്നു..തീജ്ജ്വാലകൾ എന്നെ പൊതിയാൻ തുടങ്ങുന്നു.. ഹോ..
അയാൾ പതിയെ തൊടിയിലേക്ക് ഇറങ്ങി നടന്നു.. എന്നിട്ട് .. വീടിനു പുറകിലായി വരുന്ന അച്ഛന്റെ മുറിയിലേക്ക് ഒന്നെത്തിനോക്കി... കൊട്ടൻചുക്കാദി കുഴമ്പിന്റെ ഗന്ധം അയാളുടെ മൂക്കിലേക്ക് അരിച്ചിറങ്ങി.. അച്ഛന്റെ ഒരു ശീലമാണ്.. എന്തിനും ഏതിനും കൊട്ടൻചുക്കാദി കുഴമ്പു വേണം.. അതിങ്ങനെ ചുമ്മാ പുരട്ടികൊണ്ടിരിക്കും.. ഒരു തരം ലഹരി.. ചിലപ്പോൾ അതിന്റെ ഗന്ധം അച്ഛന് പുതിയ ഉണർവ്വ് നല്കുന്നുണ്ടായിരിക്കാം..
ആളനക്കം കേട്ടായിരിക്കും.. അച്ഛൻ പതിയെ എണീക്കാൻ ശ്രമിച്ചു.. കഴിയുമായിരുന്നില്ല.. ഞാൻ താങ്ങി ഇരുത്തി.. ആ ശുഷ്കിച്ച കൈകൾ എന്റെ മേൽ മുഴുവൻ അരിച്ചു നടന്നു.. എന്നിൽനിന്ന് എന്തൊക്കെയോ വേണം എന്ന് പറയുന്ന പോലെ.. മിഴികൾ തിങ്ങിനിറഞ്ഞിരുന്നു..
" മോനെ നീ പൊക്കൊ... അച്ഛൻ ഇവിടെ ഇങ്ങിനെ കഴിഞ്ഞോളാം .. സുമതിയോടു പറഞ്ഞാൽ അവള് എന്തെങ്കിലും കഴിക്കാൻ കൊണ്ട് വരുമല്ലോ? "
സുമതി എന്റെ മൂത്തതാണ്.. അടുത്ത് തന്നെയാണ് കെട്ടിച്ചുവിട്ടിരിക്കുന്നത്..
ഞാൻ അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"അത് വേണ്ട അച്ഛാ.. രേണുക കുറെനാൾ ഇവിടെ നില്ക്കട്ടെ.. ഇപ്പൊ ഉടനെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നില്ല.. വെക്കേഷന് ഇനിയും രണ്ടു മാസം ഉണ്ടല്ലോ.. അത് കഴിയുമ്പോ മോന്റെ ടി സി മേടിക്കാം.. "
അച്ഛൻ ഒന്നും പറഞ്ഞില്ല.. കൊഴിഞ്ഞ ഇലകൾ താഴെ നിരന്നു കിടക്കുമ്പോൾ അത് നോക്കി വ്യസനിച്ചു നില്ക്കുന്ന ഒരു മരത്തിനെ പോലെ .. അച്ഛൻ ചുമ്മാ എവിടെയൊക്കെയോ നോക്കി.. പിടലി നല്ലത് പോലെ തിരിക്കാൻ കഴിയുന്നില്ല.. കൈകാലുകളുടെ ശേഷി കുറഞ്ഞിരിക്കുന്നു..
"മോനെ.. നിനക്ക് വിഷമം തോന്നണ്ട.. നീ രേണുകയെ കൂട്ടിക്കോ.. അവൾ വീട്ടിലെ ഒറ്റക്കുട്ടിയായ് വളർന്നതല്ലേ.. എന്നെ പരിചരിക്കാനൊക്കെ ബുദ്ധിമുട്ടുകാണും.. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. പിന്നെ.. നിന്റെ അമ്മയെ ഞാൻ ഇന്നലെ സ്വപ്നം കണ്ടു.. അവൾ വല്ലാതെ കോപിച്ചിരുന്നു.. രേണുക മോള് ഞാൻ ഈ വീട്ടിൽ ഒരു വേണ്ടാത്തവൻ ആണെന്നും, കാലനു പോലും വേണ്ടാതെ കിടക്കുവാണെന്നും പറഞ്ഞത് അവള് കേട്ടെന്ന്.. എന്നെ വിളിച്ചു .. ഇങ്ങുപോരെ.. പോരെ .. ന്നു പറഞ്ഞു അവൾ കുറെ കരഞ്ഞു.. എങ്ങിനെ പോവാൻ.. കാലൻ വിളിക്കാതെ.. എങ്ങിനെ പോവാൻ.. ?"
ശ്വാസം കിട്ടാതെ അച്ഛൻ വിഷമിച്ചു.. ഞാൻ അച്ഛന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.. പതിയെ പിടിച്ചു കട്ടിലിൽ കിടത്തി..ഞാൻ തിരിഞ്ഞ് നടന്നു. മൂകനും ബധിരനുമായി.....
തല്കാലം അവളുടെ ഒരു അമ്മാവനെ കൂട്ടിനായ് ക്ഷണിച്ചു. ഒരാഴ്ച.. അപ്പോഴേക്കും വേറെ എന്തെങ്കിലും മാർഗ്ഗം നോക്കാം എന്നുള്ള ഉപാധിയിൽ.. അവളുടെ വീട്ടിൽ അമ്മയ്ക്ക് പറ്റില്ല.. കാലിനു നീരായിട്ട് ഇരിക്കുവാണത്രെ.. അച്ഛൻ പിന്നെ പണ്ടേ എങ്ങോട്ടും ഇറങ്ങുന്ന സ്വഭാവക്കാരനല്ല.. വേറൊരു വീട്ടിൽ അന്തിയുറങ്ങാറില്ല.. പ്രത്യേകിച്ചും മകളെ കെട്ടിച്ചു വിട്ടിടത്ത്..
അമ്മാവൻ ആള് ബഹിളിയാണ്.. പ്രായമായി .. കല്യാണമൊന്നും കഴിച്ചിട്ടില്ല.. മഹാഭാഗ്യവാൻ .. ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട്.. കുറേക്കാലം തമിഴ്നാട്ടിൽ ആയിരുന്നു.. അവിടെ ഒരു തമിഴത്തി ഒണ്ടെന്നും, ഇല്ലെന്നും ഒക്കെ നാട്ടിൽ സംസാരമുണ്ട്.. പക്ഷെ അമ്മാവനുണ്ടോ ഒരു കൂസൽ.. ! പിന്നെ എന്തോക്കെയാവട്ടെ.. പുള്ളി പുലി തന്നെയാ.. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിൾ ... എല്ലാം പച്ചവെള്ളം പോലെ പറയും.. വിവരവും ബുദ്ധിയും അല്പം കൂടുതൽ തന്നെ.. എവിടെ ചെന്നാലും അവിടുത്തെ രീതികൾ അമ്മാവൻ പഠിച്ചെടുക്കും.. പിന്നെ ഏറ്റവും വലിയ സമാധാനം അവളുടെ ആളായത് കൊണ്ട് എനിക്ക് പരാതികൾ ഒന്നും വരില്ല.. ഇനി അഥവാ പരാതി ഉണ്ടെങ്കിൽതന്നെ അവള് വിഴുങ്ങിക്കോളും..
ജോലി സ്ഥലത്ത് മനസ്സുറയ്ക്കുന്നില്ല ... ഇപ്പോൾ തന്നെ മൂന്നു തവണ വീട്ടിലോട്ടു വിളിച്ചു.. മോൻ സ്കൂളിൽ പോയി.. അവൾ അടുക്കളയിൽ.. അമ്മാവൻ ഹിന്ദി പടം കാണുന്നു.. അഭിതാഭ് ബച്ചന്റെ "ശരാബി"...
അവൾ അച്ഛനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല.. ചോദിക്കാൻ പലവട്ടം തുനിഞ്ഞതാണ്.. .. ചോദിച്ചില്ല.. ഇനി ഇന്ന് അതുമതി.. പിന്നെ ഫോൺ വിളിച്ചാൽ അവൾ എടുക്കില്ല.. ചുമ്മാ ഞാൻ ഇവിടെ തീ തിന്നോണ്ടിരിക്കണം..
മൂന്നാം നാൾ... വെളുപ്പിന് 4 മണിക്ക് മൊബൈൽ ശബ്ദിച്ചു.. ഇങ്ങോട്ട് പോന്നതിനു ശേഷം ഫോൺ ഓഫ് ചെയ്യാറില്ല.. ചാടി എണീറ്റു.. രേണുക..
"ഹലോ.. എന്ത് പറ്റി.. ?.. എന്താ ഇത്ര വെളുപ്പിന്.. ? "
ചോദ്യം മുഴുമിപ്പിച്ചില്ല.. അവൾ അമ്മാവന് ഫോൺ കൈമാറി..
"മോനെ.. എടാ. അച്ഛൻ.. അച്ഛൻ പോയെടാ. "
"ന്ഹെ.. " തൊണ്ടയിൽ കുരുങ്ങിയ ശബ്ദം ....
"എപ്പോ... ?" അച്ഛന്റെ കരങ്ങൾ ശരീരത്തിലൂടെ ഇഴയുന്നു.. ആ ഇഴച്ചിലിൽ കൂടെ അരിച്ചിറങ്ങുന്ന തണുപ്പ് ശരീരമാസകലം പടരുന്നു..
"ദേ ഇപ്പൊ.. എന്തോ ശബ്ദം കേട്ട് .. ഇവൾ എന്നെ വിളിച്ചു.. ഞാൻ ഓടിച്ചെന്നു നോക്കിയപ്പോൾ കട്ടിലിൽ നിന്ന് താഴെ വീണു കിടക്കുന്നു.. രണ്ടു ദിവസമായിട്ടു പനിയും ചുമയും ആയിരുന്നു. ഞാൻ ഓടിപ്പോയി വിജയരാഘവൻ ഡോക്ടറെ വിളിച്ചോണ്ട് വന്നപ്പോഴേക്കും കഴിഞ്ഞിരുന്നു.. "
ഒന്നും പറയാൻ കഴിഞ്ഞില്ല.. ഞാനില്ലാത്ത 3 ദിനങ്ങൾ അച്ഛൻ വല്ലാതെ വിഷമിച്ചിട്ടുണ്ടാവും.. സമയത്ത് ഭക്ഷണം കിട്ടിക്കാണില്ല.. കുളിയും നനയും ഒട്ടും ഉണ്ടായിക്കാണില്ല.. ദയനീയം..
ഫോൺ കട്ട് ആയിരുന്നില്ല.. അമ്മാവൻ ഹല്ലോ ഹല്ലോ പറഞ്ഞു കൊണ്ടിരുന്നു..
ഓഫീസിലെ ആബിദിനെ വിളിച്ചു കാര്യം പറഞ്ഞു.. ലീവ് എടുക്കാനുള്ള സാവകാശം ഒന്നും ഉണ്ടായിരുന്നില്ല.. ആബിദ് തന്നെ ഒരു വണ്ടി ശരിയാക്കി തന്നു..
യാത്ര... അച്ഛൻ യാത്ര പോകാൻ ഒരുങ്ങി കിടക്കുന്നു.. അച്ഛനെ യാത്രയാക്കാൻ മകൻ യാത്ര ചെയ്യുന്നു.. ജീവിതം ഒരു യാത്രയാണ്..പലയിടത്ത് , ഇറങ്ങിക്കയറി .. വീണ്ടും യാത്ര... !
കുന്നംകുളം എത്തിയപ്പോൾ ഡ്രൈവർ തിരക്കി.. 17 വഴി വേണോ.. 47 വഴി വേണോ.. രണ്ടായാലും കുഴപ്പമില്ല.. ഡ്രൈവർ തന്നെ മറുപടിയും പറഞ്ഞു.. വലിയ തിട്ടം ഇല്ലാത്തതു കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. അയാൾ ചാവക്കാട് വഴി വണ്ടി വിട്ടു.. ഫോൺ . ഫോൺ. വിളികൾ.. വിളികൾ.. എപ്പോഴോ ഒന്ന് മയങ്ങി.. കണ്ണ് തുറന്നപ്പോൾ ഇടപ്പള്ളി ട്രാഫിക് ... ഇനിയും എൻ എച് 47 നിലൂടെ ... എന്തൊരു ട്രാഫിക്.. ഇത് അരൂർ എത്തുമ്പോൾതന്നെ നേരം വെളുക്കും..
വീട്ടിൽ എത്തി.. ഫ്രീസറിൽ കിടക്കുന്ന അച്ഛനെ ഒരു നോക്ക് കണ്ടു.. വല്ലാതെ ക്ഷീണിച്ചു പോയിരുന്നു.. 3 ദിവസം കൊണ്ട്.. അതോ മരിച്ചു മണിക്കൂറുകൾ ആയതു കൊണ്ട് തനിക്കു തോന്നിച്ചതാണോ.. ? അടഞ്ഞ കണ്ണുകള്ക്കിടയിലൂടെ ഒഴുകിയ നീർച്ചാലുകൾ ഫ്രീസ് ആയി രണ്ടു വരകൾ സൃഷ്ടിച്ചിരിക്കുന്നു..
"പ്രകാശൻ വന്നല്ലോ.. ഇനീപ്പോ ചടങ്ങുകൾ വൈകിക്കേണ്ട.. " ആരോ വിളിച്ചു പറയുന്നു.. രേണുക ഒന്നും പറയാതെ കട്ടിലിൽ കിടക്കുന്നു.. സഹോദരങ്ങൾ എല്ലാവരും എത്തിയിട്ടുണ്ട്.. മോന്റെ മുഖം കണ്ടാൽ അറിയാം... വല്ലാതെ പേടിച്ചിട്ടുണ്ട്.. അവനായിരുന്നു അപ്പൂപ്പനോടു അധികം സ്നേഹം.. അമ്മ വഴക്ക് പറഞ്ഞാലും ഒളിച്ചും പാത്തും അവൻ ആ മുറിയിൽ എത്തിയിരുന്നു.. ഓരോ കഥകൾ പറഞ്ഞിരുന്നു..
അമ്മാവൻ എല്ലാത്തിനും നേതൃത്വം കൊടുത്തു ഓടി നടക്കുന്നു.. ഞാൻ പതിയെ അകത്തോട്ടു വിളിച്ചു..
"അമ്മാവാ.. എന്താ സത്യത്തിൽ അച്ഛന് പറ്റിയെ.. ?" എന്റെ കണ്ണുകൾക്ക്‌ മുന്നില് അമ്മാവൻ വല്ലാതെ പകയ്ക്കുന്നത് ഞാൻ കണ്ടു..
"ഒരു പനി.. ജലദോഷം.. നീ പോയ അന്ന് തുടങ്ങിയതാ.. ഡോക്ടർ മരുന്നൊക്കെ കൊടുത്തിരുന്നു.. പക്ഷെ അതൊന്നും അച്ഛൻ സമയത്ത് കഴിച്ചിട്ടുണ്ടാവില്ല.. "
സന്ധ്യ എരിഞ്ഞടങ്ങി.. കൂടെ അച്ഛനും.. തൊടിയുടെ തെക്കേ കോണിൽ നിശബ്ദനായി അഗ്നിയുടെ തേരേറി അച്ഛനും അമ്മയുടെ അടുത്തേക്ക് പോയി... ശുഷ്കിച്ച കൈകളുടെ തലോടൽ എന്നെ വിട്ടുമാറിയിരുന്നില്ല..
ആ തണുപ്പ്.. ഒന്നുകൂടെ അച്ഛൻ എന്നെ തലോടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോയി.. പലപ്പോഴും രേണുകയുടെ കൂടെ നിന്ന് അച്ഛനോട് അലോഹ്യം ഭാവിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ മോൻ പറയും.." വലുതാകുമ്പോ . അപ്പൂപ്പന്റെ കാര്യം ഞാൻ നോക്കും.. ആര് പിണങ്ങിയാലും ഇല്ലെങ്കിലും.. "
അവന്റെ തിരിച്ചറിവ് പോലും തനിക്കു ഇല്ലാതെ പോയല്ലോ ദൈവമേ.. !
ഞായർ.. അച്ഛന്റെ മുറിയിൽ വെറുതെ ഒന്ന് കയറിയതാ.. ഇനി അത് വൃത്തിയാക്കി ഇടണം.. എന്നെ സഹായിക്കാൻ മോനും എത്തി.. അച്ഛന്റെ മുറിയിൽ വെട്ടിയ കരിക്കുകളുടെ ബാക്കി... അച്ഛൻ സാധാരണ കരിക്ക് കഴിക്കാറില്ല.. പിന്നെ..
മോൻ ചോദിച്ചു.. " അച്ഛാ.. ഈ തലൈക്കൂത്തൽ എന്ന് പറഞ്ഞാൽ എന്താ.. ?"
"ആ.. അറിയില്ല".. ഞാൻ ആദ്യമായി കേള്ക്കുകയാണ് ആ വാക്ക്.. ഏതോ തമിഴ് വാക്ക് ആയിരിക്കും..
"എന്താ.. ?"
"ഒന്നുമില്ല"
"അപ്പൂപ്പൻ കരിക്ക് കുടിച്ചോ. ?"
"അച്ഛൻ പോയ ഞായറാഴ്ച അമ്മയും അങ്കിളും കൂടെ അപ്പൂപ്പനെ വെളുപ്പിനെ തന്നെ നിറച്ചും എണ്ണ തേപ്പിച്ചു തണുത്ത വെള്ളത്തിൽ കുളിപ്പിച്ചു.. എന്നിട്ട്.. തല പോലും തോര്ത്താതെ കുറെ കരിക്കിന്റെ വെള്ളം കുടിപ്പിച്ചു.. "
"ന്ഹെ.. അതെന്തിനാ..? " എന്റെ പുരികങ്ങൾ വളഞ്ഞു..
"അറിയില്ല .. അപ്പൂപ്പന്റെ ക്ഷീണം മാറാൻ ആണെന്ന പറയുന്ന കേട്ടത്.. " ഞാൻ വല്ലാതെ ഞെട്ടി.. വിയർത്തു..
കൊട്ടഞ്ചുക്കാദി കുഴമ്പിന്റെ ഗന്ധം എന്റെ തലയ്ക്കുപിടിച്ചു.. സിരകളിൽ മിന്നൽപിണരുകൾ .. ഇടി വെട്ടുന്നു.. കോരിച്ചൊരിയുന്ന മഴ.. മഴയത്ത് അച്ഛൻ തനിയെ.. തലയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നു.. തണുത്തു വിറയ്ക്കുന്നുണ്ട്.. അച്ഛനെന്തിനാ ഈ കരിക്കുകൾ വെട്ടി കുടിക്കുന്നത്.. ?
"അച്ഛാ.. "
അറിയണം. എല്ലാം.. എന്താണ് ഇവിടെ സംഭവിച്ചത് എന്ന്..
"പിന്നെ.. പിന്നെന്താണ് ചെയ്തത് അവർ.. ? എന്റെ ഭാവം മോന്റെ കണ്ണുകളിൽ ഭീതി പടർത്തിയോ എന്നൊരു സംശയം.. ഞാൻ ശാന്തനായി അഭിനയിച്ചു...
"ഐസ് വെള്ളത്തിൽ തല തിരുമ്മിക്കൊടുക്കുന്നത് നല്ലതാന്നു അങ്കിൾ പറയുന്നത് കേട്ടു.. "
"ഉം.. പിന്നെ.. ?"
"പിന്നെ.. അറിയില്ലച്ചാ .. ഞാൻ ട്യൂഷന് പോയി.. തിരിച്ചു വന്നപ്പോൾ അപ്പൂപ്പനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിരുന്നു അങ്കിൾ.. "
"ഉം.."
"പിന്നെ.. അപ്പൂപ്പന് ഒട്ടും വയ്യാതായി.. "
പിന്നെ അവിടെ നിന്നില്ല.. ആരോടും ഒന്നും പറഞ്ഞില്ല.. എന്താണീ "തലൈക്കൂത്തൽ".. ആരോട് ചോദിക്കും..
നെറ്റ് ഓൺ ചെയ്തു.. ഗൂഗിൾ.. "തലൈക്കൂത്തൽ" എന്ന് ടൈപ്പ് ചെയ്തു.. വിക്കിയിൽ ആദ്യം തന്നെ കണ്ടു..
" ഓ .. മൈ ഗോഡ്.. "
തമിഴ്നാട്ടിൽ നിലനില്ക്കുന്ന ഒരു ദുരാചാരം.. പ്രായമായവർ ഒരു ഉപദ്രവമായി തോന്നുമ്പോൾ അവരെ സ്വയമേവ മരണത്തിലേക്ക് തള്ളിവിടുന്ന ഒരു ഉപാധി.. തല നിറച്ചു എണ്ണ തേപ്പിച്ചു.. തണുത്ത വെള്ളത്തിൽ കുളിപ്പിച്ചു.. ആവശ്യത്തിലധികം കരിക്കിൻ വെള്ളം കുടിപ്പിച്ച്.. പനിച്ച്‌ വിറച്ച് .. അവരുടെ കിഡ്നികൾ താറുമാറാക്കി... മരണത്തിലേക്ക് തള്ളിവിടുന്നു.. ഐസ് വെള്ളം തലയിൽ മസ്സാജു ചെയ്തു ശരീരോഷ്മാവ് കുറയ്ക്കുന്നു.. ഹൃദയസ്തംഭനം ഉണ്ടായി അവർ മരണത്തിലേക്ക് സ്വയം നടന്നുപൊയ്ക്കൊള്ളും..
അമ്മാവന്റെ അതിബുദ്ധി.!. അതിനു കൂട്ട് നില്ക്കാൻ രേണുകയും..
സഞ്ചയനത്തിനു കർമ്മി കുറിച്ച് കൊടുത്ത സാധനങ്ങളുടെ ലിസ്റ്റുമായി അമ്മാവൻ മുന്നിൽ.. കൂടെ രേണുകയും..
ഒന്നും പറഞ്ഞില്ല.. അമ്മാവൻ ഒന്നും പ്രതീക്ഷിച്ചുമില്ല.. തിരിഞ്ഞു നടന്നു..
"അമ്മാവാ.. എന്താണീ 'തലൈക്കൂത്തൽ'..?"
ഫ്രീസറിൽ വെച്ച് തണുത്തു മരവിച്ച ശവശരീരംപോൽ അമ്മാവൻ എന്റെ മുന്നിൽ നിന്നു... രേണുകയും !
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot