ഞാൻ ഇന്നൊരു യക്ഷിയെ കണ്ടു..
പാതിരാത്രി വഴിയോരത്ത് ഇത്ര ധൈര്യത്തോടെ.. അതും കേരളത്തിൽ.. യക്ഷി തന്നെ..
നോക്കിയ കണ്ണിൽ കാമം അല്ലെന്നു കണ്ടിട്ടാവണം അവളും എന്നെ തന്നെ തുറിച്ചു നോക്കി..
ചുറ്റും നിന്നു ചായ കുടിക്കുന്നവരെ ഒക്കെ ഞാൻ മാറി മാറി നോക്കി... ഇല്ല ആരുടെ കണ്ണിലും ഭയം കാണാനില്ല..
ഒന്നു കൂടി ആ മുഖത്തു നോക്കാൻ ഞാൻ ഭയപ്പെട്ടു... കണ്ണിൽ നോക്കി ചോര ഊറ്റാൻ കഴിവുള്ളവൾ ആണെങ്കിലോ..
അല്ല ഒരു സംശയം.
നരച്ച ചുരിദാർ ഇട്ട്... മുഖത്തു മുഴുവൻ പൗഡർ പൂശി... ചുണ്ടതു ചായം തേച്ചു ഏതെങ്കിലും യക്ഷി ഈ പാതിരാത്രി ഇറങ്ങി നടക്കോ?
ഹ അപ്പോൾ ചോര ഊറ്റുന്ന യക്ഷി അല്ല അല്ലെ ഇതു..
ഇതു മറ്റേ കേസ്.. അയ്യേ..
കൊടിയ അറപ്പോടെ ഞാൻ അവളുടെ മുഖത്തു വീണ്ടും നോക്കി...
ഭയത്തോടെ നോക്കിയവന്റെ അറപ്പോടെ ഉള്ള നോട്ടം തലതാഴ്ത്തി കൊണ്ടാണവൾ നേരിട്ടത്. എന്റെ മുഖത്തു നോക്കാനുള്ള കഴിവ് അവൾക്കു നഷ്ടപെട്ട പോലെ തോന്നി.
മഴ തിമിർത്തു പെയ്യുന്നുണ്ട്. ബൈക്ക് എടുത്തു പോയാലോ?? ഫോൺ എടുത്തു വീണ്ടും സമയം നോക്കി 1.45. വേണ്ടാ.. മഴ ഒന്ന് കുറയട്ടെ..
മഴയിലേക്ക് നോക്കി ഇരിക്കുമ്പോൾ മുമ്പിൽ ഒരു സ്ക്രീൻ തുറന്ന് വെച്ച പോലെ.. എന്തൊക്കെയോ ചിത്രങ്ങൾ അതിൽ മിന്നിമായുന്നു.
ഒരു വീട്.. അച്ഛൻ ഇല്ലാത്ത കുടുംബം.. വയ്യാത്ത അമ്മ... രണ്ടു അനിയത്തിമാർ.. ഒരു കൊച്ചനുജൻ.. രണ്ടു വയസിന്റെ മൂപ്പാണ് ഉള്ളതെങ്കിലും ചേച്ചി എന്ന സ്ഥാനം പേറി ഒരാൾ. അന്നവൾക്കു ഇതിനേക്കാൾ ചെറുപ്പം ആയിരുന്നു. മുഖത്തും ചുണ്ടതും ചായം തേക്കാതെ തന്നെ ഇതിനേക്കാൾ സുന്ദരി ആയിരുന്നു അവൾ.
പിന്നെയും സീനുകൾ മാറി മാറി വന്നു. കുടുംബം പുലർത്താൻ ശരീരം വിൽക്കേണ്ടി വന്നവൾ. തന്റെ ജീവിതം ഉരുക്കി അനിയതിമാരെയും അനിയനെയും ഒരുക്കി എടുത്തവൾ. പിന്നൊരുനാൾ തങ്ങൾക്കു മാനകേടാണ് ചേച്ചി എന്ന് കേട്ട് വീട് വിട്ടിറങ്ങിയവൾ.
മനസ്സാകെ അസ്വസ്ഥമാവുന്നു... ചെവിയിൽ ആരോ വന്നു പറയുന്ന പോലെ..
"നിനക്കിത്ര അറപ്പു തോന്നാൻ മാത്രം ഞാൻ എന്താണ് ചെയ്തത്..??"
ഞെട്ടി കണ്ണു തുറന്നു... മഴ മാറിയിരിക്കുന്നു... ഫോൺ എടുത്തു സമയം നോക്കി.. 2.30..
ഉള്ളിൽ എന്തോ വല്ലാത്ത കനം തോന്നുന്നു.. സ്വപ്നം കണ്ടത് ആണെങ്കിലും കണ്ടതൊക്കെ സത്യം ആവാനുള്ള വിദൂരമായ സാധ്യതയെ ഓർത്തു ഞാൻ ഭയപ്പെട്ടു..
ഞാൻ തല ഉയർത്തി അവൾ നിന്നിരുന്നിടത്തെക്കു നോക്കി... അവൾ അവിടെ ഉണ്ടാർന്നില്ല.. എന്റെ കണ്ണുകൾ ചുറ്റുപാടും തിരഞ്ഞു..
കുറച്ചു മാറി റോഡ് സൈഡിൽ കിടന്നിരുന്ന ഒരു ഇന്നോവ കാറിന്റെ അടുത്തു അവൾ നിൽക്കുന്നു.. കാറിൽ ഇരിക്കുന്ന ആളോട് തർക്കിക്കയാണെന്നു തോന്നുന്നു.. ഞാൻ എഴുന്നേറ്റു നിന്നു.. അവൾ ഒന്നെന്നെ തിരിഞ്ഞു നോക്കിയിരുന്നേൽ.. അവളോട് അറപ്പും വെറുപ്പും ഇല്ലെന്നു വിളിച്ചു പറയാൻ എനിക്ക് പറ്റിയിരുന്നേൽ..
പെട്ടെന്ന് അവൾ ഡോർ തുറന്നു അകത്തു കയറി.. അകന്നു പോവുന്ന ഇന്നോവയെ നോക്കി ഞാൻ നിന്നു..
"ഇവിടുത്തെ സ്ഥിരം കുറ്റിയ.."
കുറച്ചു മുന്നേ എനിക്ക് ചായ തന്ന ആൾ എന്നോടായി പറഞ്ഞു..
"ദിവസോം വേറെ വേറെ കാറുകൾ വരണ കാണാം.. പോ....ടി മോൾ.. "
ഞാൻ ആളെ ഒന്നു നോക്കി.. എനിക്കയാളോട് ചോദിക്കാൻ തോന്നി..
"ചീത്ത വിളിക്കാൻ നിങ്ങൾക്ക് എന്താണ് അർഹത.. അവൾ അവളുടെ കർമം അല്ലെ ചെയ്യുന്നേ.. ഈ പാതിരാത്രി നീ ചായ കച്ചവടം ചെയ്യുന്നത് നിന്റെ കുടുംബം പുലർത്താൻ അല്ലെ.. അവളും അതു തന്നെ അല്ലെ ചെയ്യുന്നേ.. പറഞ്ഞു വരുമ്പോൾ അവളും നിങ്ങളും ഞാനും എല്ലാം ഒരേ കർമ്മത്തിന്റെ സഹയാത്രികർ അല്ലെ?"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക