നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദെെവനിശ്ചയം


ദെെവനിശ്ചയം
കഥ
''ഫസ്റ്റ് ഗ്രൂപ്പും സെക്കന്റ് ഗ്രൂപ്പുമൊന്നും വേണ്ട . തേഡ് ഗ്രൂപ്പു മതി.'' എന്ന അപ്പന്റെ ആജ്ഞ ജോണിയെ അതിശയിപ്പിച്ചു. ഫസ്റ്റ്, സക്കന്റ്, സയൻസ്, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം , സാഹിത്യം എന്നൊക്കെ കേട്ടാൽ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് സംശയിക്കുന്ന അപ്പൻ തേഡ് ഗ്രൂപ്പ് എന്ന ഇംഗ്ലീഷിന്റെ കുരുക്ക് എങ്ങനെയഴിച്ചുവെന്ന് അവൻ അത്ഭുതപ്പെട്ടു.ഈ ഗ്രൂപ്പിൽ ചരിത്രവും സാഹിത്യവും വിഷയങ്ങളാണെന്നും അവയൊക്കെയാണ് താൻ പഠിക്കേണ്ടതെന്നും അപ്പൻ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
സയൻസിനോടുള്ള തന്റെ കൌതുകം നിസ്സാരമായി തള്ളപ്പെട്ടത് അവനെ നിരാശനാക്കി. ശീലം കൊണ്ട് , ഇഷ്ടമില്ലാത്തത് ഇഷ്ടമായിക്കൊള്ളും എന്നാണ് അപ്പന്റെ അനുഭവപാഠം. അപ്പൻ അമ്മയെ കെട്ടിത് പള്ളീലച്ചൻ പറഞ്ഞിട്ടായിരുന്നു. കറുത്തു തടിച്ച അമ്മയുടെ രൂപം അപ്പന് ഇഷ്ടമായില്ലത്രെ. പക്ഷെ അച്ചൻ തറപ്പിച്ചു പറഞ്ഞു .''നിനക്ക് അതു മതി''
പിന്നെ ദാ മൂന്നു പിള്ളേരായി ,പത്തു പറക്ക് നെലം വാങ്ങി.രണ്ടു പൂവും പുഞ്ചേം മുടങ്ങാതെ പണിയുന്നു.വെച്ച തെങ്ങുകളെല്ലാം ചൊട്ടയിട്ടു. അതൊക്കെ ഒരു ദെെവ നിശ്ചയാ.ഇഷ്ടം എന്നൊക്കെ പറയുന്നത് ചെകുത്താന്റെ പണിയാണ്.
തേഡ് ഗ്രൂപ്പിൽ ഒന്നാം ക്ലാസോടെ ബി എ ജയിച്ചപ്പോൾ ചെകുത്തൻ അതിന്റെ വീണ്ടും ജോണിയെ പ്രലോഭിപ്പിക്കാൻ തുടങ്ങി. ചരിത്രം വിഷയമാക്കി എം എ ക്ക് പഠിക്കണം.
'' എടാ, നീയ്യ് സ്കൂളിൽ ചേർന്ന കൊല്ലം വെച്ച തെെക്കളൊക്കെ കാച്ചു. നീ വെട്ടി വിഴുങ്ങി തെങ്ങു പോലെ വലുതായിട്ടെന്താ? എം എ പഠിച്ചാ തെങ്ങു കാക്കില്യ. നിയ്യ് ബി എഡ് പഠിച്ചാ മതി. അടുത്ത കൊല്ലം താഴത്തേലെ പൌലോസ് പെൻഷൻ പറ്റും. ആ ഒഴിവില് നിന്നെ വെയ്ക്കാന്ന് അച്ചൻ വാക്കു തന്നട്ടണ്ട്.''
ദെെവനിശ്ചയം പോലെ ,തന്റെ പത്തു പറ കണ്ടങ്ങൾക്ക് അക്കരെയുള്ള സെന്റ് ജോസഫ് സ്കൂളിൽ ജോണി അദ്ധ്യാപകനായി. ക്ലാസിൽ സാമൂഹ്യപാഠം പഠിപ്പിക്കുന്നതിനിടയിൽ കണ്ടത്തിലെ കൃഷിപ്പണിയിൽ ഒരു കണ്ണ് വേണമെന്ന അപ്പന്റെ നിർദ്ദേശം അവൻ പാലിച്ചു പോന്നു. ക്ലാസില്ലാത്ത സമയത്ത് വെറുതെ ടീച്ചേഴ്സ് റൂമിലിരുന്ന് സൊറപറയാതെ കണ്ടങ്ങളിൽ നിന്ന് കണ്ടങ്ങളിലേക്ക് വെള്ളം തിരിക്കുന്നത് സാമൂഹ്യപാഠത്തിന്റെ പരിശീലനമാണെന്ന അപ്പന്റെ തീർപ്പിനെ പള്ളീലച്ചനും നിശ്ശബദം അനുകൂലിച്ചു.
ദെെവനിശ്ചത്തിന്റെ നിഗൂഢതകൾക്ക് നിദാനമായി പടയനാടൻ ദേവസ്സിയുടെ മകൾ റോസിക്കുട്ടി അവൾക്ക് എത്തും പിടിയുമില്ലാത്ത ഗണിതം ഐച്ഛികവിഷയമായി ബി എസ് സി ജയിക്കുകയും ബി എഡ് ട്രെയിനിങ്ങിനു ശേഷം സെന്റ് ജോസപ്പിൽ കണക്ക് അദ്ധ്യാപികയാവുകയും പിന്നീട് അച്ചന്റെ നിർദ്ദേശപ്രകാരം ജോണിമാഷുടെ ഭാര്യയാവുകയും ചെയ്തു. പള്ളിക്കുളളതു പള്ളിക്കു കൊടുത്ത് ദെെവഹിതം പോലെ ഉത്തമ ദമ്പതികളായി കഴിയട്ടെ എന്ന് അച്ചൻ വേദപുസ്തകത്തിൽ പറഞ്ഞ മട്ടിൽ അവരെ അനുഗ്രഹച്ചു.
തനിക്കായി അപ്പൻ തിരിച്ചു വെച്ച പുരയിടത്തിൽ ഒരു തെങ്ങിൻ തെെയ് നട്ടുകൊ്ണ്ടാണ് ജോണിയും റോസിയും ജീവിതം തുടങ്ങിയത്. മൂന്നാം കൊല്ലം കായ്ക്കുന്ന തെെയ്ക്കൾ ദിവസം പോലും തെറ്റാതെ ചൊട്ടയിട്ടു.റോസിയും മൂന്നു വർഷം ഇടവിട്ട് രണ്ടാണിന് ഒരു പെണ്ണ് എന്ന രീതിയിൽ മൂന്ന് പെറ്റ് തറവാടിന് മുതൽക്കൂട്ടായി.
പള്ളിയിൽ പോകുന്ന നിഷ്ഠയോടെ വിത്തിറക്കുകയും പറഞ്ഞ ദിവസം കൊയ്യുകയും ചെയ്തുകൊണ്ട് അവർ സസുഖം വാണു.

Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot