Slider

ഇന്നലെയുള്ളോർ ഇന്നിവിടില്ല... ഇനിവരുകില്ല.... !

1
ഇന്നലെയുള്ളോർ ഇന്നിവിടില്ല... ഇനിവരുകില്ല.... !
_____________________________________
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പള്ളിയിൽ പോവാൻ എനിക്ക് ഭയങ്കര മടിയായിരുന്നു... പക്ഷെ ശനിയാഴ്ച ദിവസം മമ്മി ഉന്തിത്തള്ളി വിടുന്നതിനാൽ പള്ളിയിൽ പോകാതെ നിവൃത്തിയില്ലാതെ വന്നു.. ഇടദിവസങ്ങളിൽ പള്ളിയിൽ സ്ഥിരമായി വരുന്ന ചിലരുണ്ട്... കൂടുതലും അപ്പാപ്പന്മാരും അമ്മച്ചിമാരും പിന്നെ കുറെ സിസ്റ്റർമാരും..ഇവർക്ക് പുറമേ ഏതാനും കുട്ടികളും ചെറുപ്പക്കാരും..
കുർബാനക്കിടെ എല്ലാരും ആമ്മേൻ പറഞ്ഞു കഴിഞ്ഞു മാത്രം ആമ്മേൻ പറയുന്ന ഒരപ്പാപ്പൻ.... അൾത്താരയുടെ തൊട്ടടുത്ത് നിന്ന് ഉറക്കെ അലറിവിളിക്കുന്നപോലെ പ്രാർഥന ചൊല്ലുന്ന മെലിഞ്ഞുണങ്ങിയ, ചട്ടയും മുണ്ടും ധരിച്ച ഒരമ്മച്ചി.. വളരെ പതുക്കെമാത്രം നടക്കുന്ന പ്രായം ചെന്നൊരു സിസ്റ്റർ..പതിവുകാരായ ഇവരെയൊക്കെ ശ്രദ്ധിക്കുന്നതിനിടെ ഞാൻ സാരിക്കാരിയായ ഒരമ്മച്ചിയെ ശ്രദ്ധിച്ചിരുന്നു.. കൈത്തണ്ടയിൽ നിറഞ്ഞ് ഇറുകിക്കിടക്കുന്ന സ്വർണ്ണവളകളും സ്വർണ്ണ ഫ്രയിമുള്ള കണ്ണടയും തടിച്ചകുരിശുമാലയുമൊക്കെ ധരിച്ചു കോട്ടൺ സാരിയും ചുറ്റി മനോഹരമായൊരു കൊന്തയും കയ്യിൽ പിടിച്ചു ആഢ്യത്വം തുളുമ്പുന്ന ചുവടുകളുമായി പള്ളിയിലേക്കുള്ള കയറ്റം കയറിവരുന്ന അവർ അഴകുള്ളൊരു കാഴ്ചയായിരുന്നു.. പള്ളിയിൽ സ്ത്രീകളുടെ വശത്ത് മുൻപിലായി ഭിത്തിയോടു ചേർത്തിട്ട കസേരകളിലൊന്നിൽ ജനലിനടുത്തായാണ് അവരിരിക്കുക.. സ്വന്തം പുസ്തകം നോക്കി പ്രാർഥന ചൊല്ലിയും ഇടയ്ക്കിടെ കണ്ണട മാറ്റി കണ്ണുകൾ തുടച്ചും തിരുക്കർമ്മങ്ങളിൽ ഭക്തിപുരസ്സരം അവർ പങ്കുകൊണ്ടിരുന്നു.. വർഷങ്ങൾ കഴിഞ്ഞുപോകവേ അവരുടെ നെറ്റിയിലെ മുടിയിഴകൾ ചുവടുമുതൽ നരച്ചു തുടങ്ങിയത് ആ മുഖത്തിന്‌ കൂടുതൽ അഴകുപകർന്നു എന്നെനിക്കു തോന്നി...
പത്താംക്ലാസ്സിലായപ്പോൾ അല്പം ഭക്തി കൂടുതൽ ഉണ്ടായതിനാൽ (മിക്കവാറും എല്ലാവർക്കും പത്താം ക്ലാസ്സിൽ ഭക്തി കൂടുന്നത് അന്നൊക്കെ സാധാരണമായിരുന്നു ) ഞാൻ ഇടദിവസങ്ങളിൽ കൂടുതലായി പള്ളിയിൽ പോവാൻ തുടങ്ങി..സ്കൂളിലും ട്യൂഷൻ ക്ലാസ്സിലുമൊക്കെയായി ഓടിനടന്നു പഠിച്ചും പള്ളിയിൽ വന്ന് ഈ അമ്മച്ചിയുൾപ്പടെയുള്ള പതിവുതാരങ്ങളെയൊക്ക നിരീക്ഷിച്ചും മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചും അങ്ങനെ പത്താം ക്ലാസ്സ്‌ തള്ളിവിട്ടുകൊണ്ടിരിക്കവേ ഒരു ശനിയാഴ്ച ദിവസം.. ഞാൻ രാവിലെ പളളിയിലെത്തിയപ്പോ പതിവുപോലെ ഈ അമ്മച്ചിയെ നോക്കി.. ആളെ അവിടെ കാണുന്നില്ല... കുർബാന തുടങ്ങിയിട്ടും കാണാതായപ്പോ അവർ ഇനി വരില്ലെന്ന് വിചാരിച്ചു.. കുർബാന കഴിഞ്ഞു അച്ചൻ മൈക്കിലൂടെ ഒരു ചരമവാർത്ത‍ പറഞ്ഞു...പരേതയുടെ ആത്മശാന്തിക്കായി തുടർന്നുള്ള ഒന്നുരണ്ട് നിമിഷങ്ങൾ പ്രാർത്ഥിക്കുമ്പോ എന്റെ മനസ്സിൽ വെറുതെ തോന്നി ഇനി മരിച്ചത് 'ആ ' അമ്മച്ചിയെങ്ങാനും ആവുമോ ?!! ഏയ് വേണ്ടാത്തതൊന്നും ചിന്തിക്കണ്ട എന്ന് മനസ്സിനെ ശാസിക്കുമ്പോഴാണ് ഞാൻ ഓർത്തത്‌.. ഇത്രയും വർഷങ്ങളായി ഞാൻ കാണാറുള്ള ആ അമ്മച്ചിയുടെ പേരോ വീട്ടുപേരോ എനിക്കറിയില്ല... !വീടെവിടെയാണെന്നും എനിക്കറിയില്ല... ഞങ്ങളുടെ ഇടവകയിൽ പെട്ട ആളാണെന്ന് മാത്രം അറിയാം... അങ്ങനെ എത്രയെത്ര പേർ...
പള്ളിയിൽ നിന്നിറങ്ങുമ്പോഴുണ്ട് ഒന്നുരണ്ട് സതീർഥ്യർ പറയുന്നു... "മരിച്ചവീട്ടിൽ ഒന്നു പോയാലോ ? ഇവിടെ അടുത്താണ്.. " അങ്ങനെ ഞാനും എന്റെ സഹപാഠികളും കൂടി പള്ളിയിലേക്കുള്ള വഴിയിലെ റബ്ബർ തോട്ടത്തിനുള്ളിൽകൂടി കടന്നു ഇടവഴിയിലിറങ്ങി മരണവീട്ടിലേക്ക് നടന്നു... വീടെനിക്കറിയില്ലെങ്കിലും വഴികൾ എനിക്ക് പരിചിതമായിരുന്നു..രാവിലെ ആയിരുന്നിട്ടു കൂടി വഴിയിൽ ധാരാളം ആളുകൾ.. എല്ലാവരും മരണം അറിഞ്ഞു വന്നതാണ്‌..
മരണവീട്.. മതിൽക്കെട്ടിനുള്ളിലായി വലിപ്പമേറിയ പ്രൗഢമായൊരു ഒറ്റനില വീട്... മുറ്റത്തു പന്തലിടാനുള്ള ഒരുക്കങ്ങൾ... സ്ഥലസൗകര്യാർത്ഥം വെട്ടിമാറ്റപ്പെട്ട പൂച്ചെടികൾ ഒരു വശത്തു കൂട്ടിയിട്ടിരിക്കുന്നു... വീടിനുള്ളിൽ നിന്നും കുന്തിരിക്കത്തിന്റെയും സാമ്പ്രാണിയുടെയും ഗന്ധം... ടേപ് റിക്കോർഡറിൽ നിന്നുയരുന്ന ഒപ്പീസ് റോഡിൽ നിന്നുതന്നെ കേൾക്കാം...
"മങ്ങിയൊരന്തിവെളിച്ചത്തിൽ
ചെന്തീ പോലൊരു മാലാഖ
വിണ്ണിൽ നിന്നെൻ മരണത്തിൻ
സന്ദേശവുമായ് വന്നരികിൽ "
പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും അപ്പോൾ ആ വരികൾ എന്നെ ആകെ ഉലച്ചുകളഞ്ഞു... അകത്തു വിശാലമായ ഹാളിനുള്ളിൽ മെഴുകുതിരികാലുകളുടെയും പൂച്ചെണ്ടുകളുടെയും നടുവിൽ മൊബൈൽ മോർച്ചറി എന്ന ചില്ലു പേടകത്തിനുള്ളിൽ കിടക്കുന്ന സ്ത്രീ രൂപം ഞാൻ കൗതുകപൂർവ്വം നിരീക്ഷിക്കാറുള്ള അതേ അമ്മച്ചിയാണെന്ന് വിശ്വസിക്കാൻ ശവപേടകത്തിനു മുകളിൽ വച്ചിരുന്ന ഫോട്ടോ കാണേണ്ടി വന്നു... ! എന്നും വയ്ക്കാറുള്ള കണ്ണട അമ്മച്ചിയുടെ മുഖത്തില്ല... മുഖമാകെ വിളറി നീരുവന്നപോലെ.. മുഖത്ത് പൗഡർ പ്രളയം.. ! ആരാണ് മൃതശരീരങ്ങൾക്ക് പൗഡറിടുക എന്ന ചടങ്ങ് തുടങ്ങിവെച്ചത് ? ജീവിച്ചിരിക്കുമ്പോൾ നമ്മളാരും ഇത്രയും പൗഡർ വാരിപ്പൂശാറില്ലല്ലോ.. പിന്നെ വളരെ പ്രധാനമായ അന്ത്യയാത്രയിൽ നിസ്സഹായമായ മൃതദേഹത്തിനോട് എന്തിനീ കടുംകൈ ചെയ്യുന്നു ?
പതിവുപോലെ അമ്മച്ചി സാരിയാണ് ധരിച്ചിരിക്കുന്നത്... മനോഹരമായി ഞൊറിവുകൾ എടുത്തു ഭംഗിയായി ഉടുപ്പിച്ചിരിക്കുന്നു... സാരിത്തലപ്പ് തലയിൽ പുതച്ചിട്ടുണ്ട്... ഞാൻ എന്നും കാണാറുള്ളതുപോലെ... കൈയിൽ കൊന്തയും ക്രൂശിതരൂപവും.. അമ്മച്ചി എന്നും കൊണ്ടുനടക്കാറുള്ള കൊന്തയല്ല അതെന്നു ഞാൻ തിരിച്ചറിഞ്ഞു...
ഇന്നലെക്കൂടി പള്ളിയിൽ വന്നിരുന്നെന്നും പെട്ടെന്ന് നെഞ്ചു വേദനഉണ്ടായെന്നും നാലുമണിക്ക് സംസ്കാരം നടക്കുമെന്നുമൊക്കെ ചുറ്റുമുള്ള ആളുകളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കി തിരിച്ചിറങ്ങിയപ്പോ ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഇത്ര പെട്ടന്ന്...?!! എന്തെന്നില്ലാത്ത ഒരു നഷ്ടബോധം മനസ്സിനെ കുത്തിനോവിക്കുന്നു... ചിന്തകൾക്ക് വല്ലാത്ത ഭാരം...
ഒരിക്കൽ പോലും ഞാൻ സംസാരിച്ചിട്ടില്ലാത്ത... ഒരു പുഞ്ചിരിയുടെ പരിചയം പോലും ഇല്ലാത്ത... ഒരു പക്ഷെ എന്നെ കണ്ടിട്ട് കൂടിയില്ലാത്ത ആ അമ്മച്ചിയുടെ ആകസ്മികമായ കടന്നുപോക്ക് എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്... ഇന്നും എനിക്കവരുടെ പേരറിയില്ല.... വീടറിയാം... ഗൃഹനാഥയുടെ മരവിച്ച ശരീരവും ഉള്ളിൽ പേറി വിതുമ്പിനിന്ന ആ വലിയ വീട്...
ചിലരങ്ങനെയാണ്.... സാന്നിധ്യം കൊണ്ട് വിസ്മയം തീർക്കും... കർമ്മം കൊണ്ട് ധന്യരാക്കും... അസ്സാന്നിധ്യത്താൽ നൊമ്പരപ്പെടുത്തും.... പെട്ടെന്നൊരുനാൾ മാഞ്ഞുപോകുമ്പോൾ അപരിഹാര്യമായ ശൂന്യത അവശേഷിപ്പിക്കും... ആയിരം പേർ പകരം വന്നാലും നികത്താനാവാത്ത ശൂന്യത... ഓരോരുത്തരും അനന്യരായ ഈ ഭൂമുഖത്ത് ഓരോ കടന്നുപോക്കും ഓരോ ശൂന്യത അവശേഷിപ്പിക്കുന്നുണ്ട്.... മറ്റൊന്നുകൊണ്ടും നിറയ്ക്കാനാവാത്ത നിത്യശൂന്യത... !

Anju Anthony
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo