Showing posts with label RajiRaghavan. Show all posts
Showing posts with label RajiRaghavan. Show all posts

കെട്ടഴിഞ്ഞ പട്ടങ്ങൾ


°°°°°°°°°°°°°°°°°°°°°°°°
മഞ്ഞു പുതച്ചു കിടന്ന വയലറ്റു പൂക്കൾ പതിവിലും മനോഹരമായിരുന്നു. ഒലിയ നഗരത്തിൻ്റെ തിരക്കുകൾ വീക്ഷിച്ചു ബാൽക്കണിയിൽ ഇരുന്നു ചൂടു കാപ്പി മൊത്തിക്കുടിച്ചു. പുലർച്ചെ ഉണരുന്ന തെരുവോരങ്ങളിൽ തണുത്തു വിറച്ചു കിടക്കുന്ന യാചക കൂട്ടങ്ങൾ ഒരു വശത്ത് പിഞ്ഞിയ പുതപ്പ് കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നത് വേദനയോടെ നോക്കി കണ്ടു. മോഹ്ദാർ നഗരം ശാന്തമാവുന്നത് രാത്രികളിലാണ്.നിലാവ് ഉദിച്ചു നിൽക്കുന്ന രാത്രികളിൽ ,താരകങ്ങൾ കണ്ണുചിമ്മുന്ന നിമിഷത്തിൽ തണുത്ത കാറ്റുകൾ അലയടിച്ചെത്തുബോൾ നിശബ്ദതയിൽ മുങ്ങിത്താഴുന്ന പലവിധ വർണ്ണങ്ങൾ പെയ്യുന്ന തണുത്ത രാത്രികൾ.
അകാലമരണങ്ങൾ പ്രാപിച്ച എത്രയോ സ്വപ്നങ്ങൾ ഉള്ളിൽ പുകഞ്ഞു കൂടുന്നു.ഒരു ഡിസംബർ മാസത്തിൽ ക്രിസ്മസ് രാവിൽ ഒരു കുടുംബ സംഗമത്തിലെ പെണ്ണുകാണൽ ചടങ്ങിൽ അന്ന് എല്ലാവരുടേയും മുൻപിൽ നാണത്തോടെ തലകുനിച്ചിരുന്ന ഒരു പെൺകുട്ടി.ഒരു മാലാഖയെ പോലെ വീട്ടിൽ വെളിച്ചം പകർന്നവൾ. പെട്ടെന്നൊരു നാൾ പടിയിറങ്ങി പോയപ്പോൾ വീട് ഇരുട്ടിലായിരുന്നു. പുതുപ്പറമ്പ് കുടുംബത്തിലെ ഔതക്കുട്ടിയുടേയും,ലൈസാമ്മയുടേയും മൂത്ത മകൾ ഒലിയ അങ്ങനെ
ഒലിയ ഡേവിഡ് ജോസഫ് ആയി. പുതിയ ദേശത്തേയ്ക്ക് പുതിയ സംസ്കാരത്തിലേയ്ക്ക്,സാഹചര്യത്തിലേയ്ക്ക് ,സാൻസോ എന്ന നഗരത്തിലേയ്ക്ക് ഗ്രാമത്തിൻ്റെ മടിത്തട്ടിൽ നിന്നും നഗരത്തിൻ്റെ കൂട്ടിലേയ്ക്ക്.
നാടും ,വീടും വിട്ട് വിദേശത്തേക്ക് പറന്നുയർന്നപ്പോൾ തെല്ലും ആശങ്കയില്ലായിരുന്നു.കുഞ്ഞു നാൾ മുതൽക്കേ ഡേവിഡ് നല്ലൊരു സുഹൃത്ത് ആയിരുന്നു. സുഹൃത്ത് തന്നെ ഭർത്താവ് ആയി എന്ന ചമ്മൽ ഒഴിച്ചാൽ മറ്റൊരു അപരിചിതത്വം തോന്നിയില്ല. ഉയർന്ന ജോലിയിൽ മുഴുകി ഡേവിഡ് പകൽ തികയാതെ ബദ്ധപ്പെടുബോൾ മറുവശത്ത് പകൽ കഴിഞ്ഞു പോവാൻ പ്രാർത്ഥിച്ചു നേരം തള്ളി നീക്കാൻ പാടുപെടുന്ന ഒരു ഭാര്യ അതാണ് ഒലിയ.
ഒരിക്കൽ പോലും ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കാത്തവൾ.ഉത്തമ ഭാര്യ. നഗരത്തിരക്കുകൾക്കുള്ളിൽ വലിയ ഇരുനില വീടിനകത്ത് കൂട്ടിലടച്ചത് പോലെ എത്രയോ വർഷങ്ങൾ കൊഴിഞ്ഞു പോയി.അതിനിടയിൽ ഡാൻ്റസും,ഡെയ്സിയും കൂട്ടായി വന്നു. ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ഡേവിഡ് ഗാഢമായി വയറിൽ ചുംബിച്ചു. അപ്പോഴാണ് ഏറ്റവും വലിയ ആനന്ദം അനുഭവിച്ചറിഞ്ഞതും.
പിന്നെ നാട്ടിലേയ്ക്ക് അമ്മ,അപ്പാ എല്ലാവരും വളരെയധികം സന്തോഷത്തിൽ ആയിരുന്നു.
പ്രസവ സമയത്ത് ഡേവിഡ് ഇല്ല എന്ന ദു:ഖം മാത്രം.അല്ലെങ്കിലും ഡേവിഡ് തിരക്ക് പിടിച്ച ഓട്ടത്തിൽ തന്നെ ആയിരുന്നു എന്നും.
വർഷങ്ങൾ വീണ്ടും കൊഴിഞ്ഞു.
കുട്ടികളെ സ്കൂളിൽ ചേർക്കണം എന്ന് പറഞ്ഞപ്പോഴാണ് ഡേവിഡ് അത് നാട്ടിൽ വേണ്ട എന്നു വിലക്കിയത്.അപ്പയ്ക്ക് സുഖമില്ലാതെ വന്നപ്പോൾ കാണാനായി വന്ന ദിവസമാണ് കുട്ടികളെ ഇവിടുത്തെ സ്കൂളിൽ ചേർക്കണം എന്ന് അപ്പ പറയുന്നത്.
ആദ്യമായി വാക്കു തർക്കം തുടങ്ങിയത് അപ്പോഴാണ്. നമ്മുടെ നാടിന്റെ സംസ്കാരവും, വിദ്യാഭ്യാസവും അതിന്റെ പവിത്രതയും അനുഭവിച്ചറിഞ്ഞ കാലത്തിന്റെ ഓർമ്മകൾ മക്കളിലേയ്ക്കും പകർന്നു കൊടുക്കാൻ ആഗ്രഹിച്ചു.ഡേവിഡിൻ്റെ ശക്തമായ എതിർപ്പുകൾക്കൊടുവിൽ
ഡേവിഡിൻ്റെ ഇഷ്ടം നടക്കട്ടെ എന്ന് അപ്പാ പറഞ്ഞു. പേരക്കുട്ടികളുടെ കൂടെ കഴിഞ്ഞു കൊതി തീരാതെ , കുട്ടികൾക്കും അവരെ പിരിയാൻ മനസ്സുണ്ടായിരുന്നില്ല.
വീണ്ടും കുട്ടികളെ കൊണ്ട് പറന്നുയർന്നു.ദു:ഖങ്ങൾക്ക് മീതേ. കുട്ടികളുടെ കാര്യം നോക്കാൻ ഒരു ആയ വന്നു. മരിയ എന്ന സ്ത്രീ, എന്നും മേക്കപ്പിൽ കുളിച്ചു വരുന്നവൾ.നാല്പതിനോടടുത്ത് പ്രായം.ഡേവിഡിൻ്റെ കൂട്ടുകാരൻ വിൽസൺ കൊണ്ട് വന്നതാണ് അവളെ.ആദ്യം മുതലേ അവളുടെ പെരുമാറ്റം അരോചകമായി തന്നെ തോന്നി.പിന്നെ എന്തെങ്കിലും പറഞ്ഞാൽ ഡേവിഡിൻ്റെ കോപത്തിന് ഇരയാവും എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല. രാവിലെ ഏഴുമണിക്ക് മരിയ എത്തും. കുട്ടികളെ സ്കൂളിൽ ഒരുക്കി അയക്കും അത്യാവശ്യം അടുക്കളയിൽ സഹായിക്കും. പിന്നെ തിരിച്ചു പോവും.വൈകുന്നേരവും വരും കുട്ടികൾക്ക് രണ്ടു മണിക്കൂർ ട്യൂഷൻ കഴിഞ്ഞേ അവൾ തിരിച്ചു പോവൂ.
മാസം നല്ലൊരു തുക അവൾക്ക് ശമ്പളം നൽകുന്നുണ്ട്. എത്രയെന്ന് ചോദിക്കാൻ പോയില്ല. അല്ലെങ്കിൽ അറിഞ്ഞിട്ട് എന്തിനാണ്. ഒരു പുതുവർഷ രാത്രിയിൽ ബെഡ്ഡ്റൂമിൽ വെച്ച് ഇരുവരെയും കാണുബോൾ നുരഞ്ഞു പൊങ്ങിയ വെറുപ്പോടെ അവളുടെ കരണത്ത് ആഞ്ഞടിച്ചു. ഡേവിഡ് പക്ഷേ പുച്ഛത്തോടെ ഒന്നു ചിരിച്ചു.പിന്നെ ഇതൊക്കെ സർവ്വസാധാരണം എന്ന മട്ടിൽ നിന്നു.പിന്നീട് ഡേവിഡ് പറഞ്ഞതൊന്നും കേട്ടില്ല. മനസ്സിലും,കണ്ണിലും ഇരുട്ടായിരുന്നു.
എങ്ങനെയോ
താഴത്തെ നിലയിലെ കുട്ടികൾ ഉറങ്ങുന്ന മുറിയിൽ എത്തി.കുട്ടികൾ ശാന്തരായി ഉറങ്ങുന്നു.അവരെ പറ്റിച്ചേർന്നു കിടക്കുബോൾ കണ്ണുനീർ ഉടഞ്ഞിറക്കൊണ്ടേയിരുന്നു.
പിന്നെ ഒത്തു പോവാൻ കഴിയാത്ത ഏതാനും ദിനങ്ങൾ കൂടി കൊഴിഞ്ഞു പോയി. അടുത്ത സുഹൃത്ത് റോസ് സാമുവൽ.സാമുവൽ ഒരു വാഹനാപകടത്തിൽ മരിച്ചു.മകൾ റിയയാണ് അവൾക്കെല്ലാം.
റോസ് ആണ് സാൻസോ നഗരത്തിൻ്റെ തടവറയിൽ നിന്നും മോചിപ്പിച്ചത്. ആ നഗരത്തിൽ നിന്ന് വളരെ ദൂരെ മോഹ്ദാർ എന്ന ചെറിയ നഗരത്തിലേയ്ക്കാണ് എത്തിപ്പെട്ടത്. അധികം തിരക്കുകൾ ഇല്ലാത്ത എല്ലാവരും സ്നേഹത്തോടെ പുഞ്ചിരിച്ചു പരസ്പരം ആശംസകൾ നേർന്നു തുടങ്ങുന്ന പുലർകാലങ്ങൾ. ചെറിയൊരു ബേക്കറിയിൽ തുടങ്ങി ഇപ്പോൾ നാലു വലിയ ഷോപ്പുകൾ, വില കൂടിയ കാറ്,ആവശ്യത്തിന് പണം. ആരും കണ്ടാൽ അസൂയപ്പെടുന്ന വളർച്ചയാണ് ജീവിതത്തിൽ ഉണ്ടായത്.
എല്ലാം റോസിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ ഫലമാണ്,പ്രാർത്ഥനയാണ്.
പെട്ടെന്നായിരുന്നു റോസിന്റെ മരണം. അത് മാനസികമായി തളർത്തി.പക്ഷേ അവൾ മരിച്ചിട്ടും ആത്മവിശ്വാസം നൽകാൻ ഓരോ നിമിഷവും എത്തിയിരുന്നു. അവളുടെ മകൾ റിയയെ ഡാൻ്റസിൻ്റെ കൈകളിൽ ഭദ്രമാക്കി.അല്ലെങ്കിൽ റോസിൻ്റെ ആത്മാവിന് ഒരിക്കലും സമാധാനം ഉണ്ടാവില്ല എന്ന് തീർച്ചയാണ്.ഡെയ്സി ഡോക്ടർ ആയി ,മോഹ്ദാർ നഗരത്തിൽ തന്നെ ഒരു വലിയ ആശുപത്രി പണിതു അവിടെ ജോലി ചെയ്യുന്നു. സാധാരണക്കാർക്ക് ആശ്വാസമായിരുന്നു ആ ആശുപത്രി.വിവാഹം കാര്യം പറഞ്ഞാൽ അവൾ ഒഴിഞ്ഞു മാറി പോവുകയാണ് പതിവ്.
മമ്മയെ തനിച്ചാക്കി പോവാൻ വയ്യ. എന്ന മറുപടിയിൽ അവളുടെ സ്നേഹത്തിന്റെ ,സാന്ത്വനത്തിൻ്റെ,സംരക്ഷണത്തിൻ്റെ വലിയ ചുറ്റുമതിൽ കാണാം.ചിലപ്പോൾ ഗേറ്റ് തുറന്നു വരുന്ന ഡേവിഡിനെ മനക്കണ്ണിൽ കാണും. ബാൽക്കണിയിൽ ഇരുന്നു കാഴ്ചകൾ കാണുബോൾ മനസ്സൊന്നു തണുക്കും.നീണ്ടു കിടക്കുന്ന തെരുവിൻ്റെ ഇരു വശത്തും പൂക്കൾ വിലക്കുന്ന സ്ത്രീകൾ ഉണ്ട്. ചില പെൺകുട്ടികൾ സുന്ദരികളാണ്.വലിയ മൂക്കുത്തി കുത്തിയ ചെറുപ്പക്കാരികൾ.ചമയങ്ങൾ ഇല്ലെങ്കിലും അവരുടെ മുഖത്ത് മഴവില്ലിന്റെ അഴക് പരന്നൊഴുകുന്നത് കാണാം.
കൂട്ടത്തിൽ ചിലരുടെ കൂടെ കൊച്ചു കുട്ടികളും ഉണ്ടാവും. ഇരു വശത്തും പിന്നിയിട്ട നീളമുള്ള മുടിയും അവയിൽ ചുവന്ന റോസാപ്പൂക്കളും കാണാം. അടുത്ത് തന്നെ ഒരു ക്ഷേത്രം ഉണ്ട്. അവിടുത്തെ പ്രതിഷ്ഠ ഒരു ദേവിയാണ്. ഈ നഗരത്തിൽ വന്നു ആദ്യമൊക്കെ അവിടെ ചെല്ലുമായിരുന്നു. പിന്നെ കുറച്ചു കൂടി മുൻപിലേയ്ക്ക് നടന്നാൽ ഒരു പള്ളിയും ഉണ്ട്. സ്ഥിരമായി സന്ദർശനവും പ്രാർത്ഥനയും ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ വാർദ്ധക്യത്തിൻ്റെ പരാധീനതകൾ ശരീരത്തെ ബാധിച്ചു തുടങ്ങി. ബാൽക്കണിയിലിരുന്നാൽ ദൂരെ അമ്പലത്തിൻ്റെ മുകൾഭാഗം കാണാം.
പ്രതിസന്ധികളിൽ പ്രാർത്ഥന ആയിരുന്നു ആശ്വാസം.എത്ര ദൈവങ്ങളെ വിളിച്ചു കരഞ്ഞിരുന്നു.ദൈവങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് റോസിന്റെ മുഖവും. വിണ്ണിൽ ഇറങ്ങിയ മാലാഖ. ജീവിതത്തിൽ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയവൾ.
കാർമേഘം ഇരുണ്ടു കൂടിത്തുടങ്ങി.ഏത് നിമിഷവും മഴ പെയ്യാം.മോഹ്ദാറിലെ മഴ ആദ്യം ഇരുട്ടിൽ ആയിരിക്കും. പിന്നെ പതിയെ തെളിഞ്ഞു വരും. ശാന്തമായ മഴ പതിയെ പെയ്യും.വലിയ മഴത്തുള്ളികൾ വീണു ചിതറുന്നത് കാണുവാൻ നല്ല ഭംഗിയാണ്. വാർദ്ധക്യം മറന്നു മഴ നനഞ്ഞു.
തണുത്തു വിറയ്ക്കുന്നു.
" മമ്മാ ക്രിസ്മസ് കരോൾ വന്നു.
വാ മമ്മാ.റിയ വന്നു പിടിക്കുന്നതറിഞ്ഞു.പക്ഷേ കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല ,ശരീരം അനക്കാൻ കഴിയുന്നില്ല. റിയ ഉറക്കെ കരയുന്നു. താഴെ നിന്ന് ഡാൻ്റസും, കുഞ്ഞു ഡാനിയലും ഓടി വന്നു. വല്യമ്മച്ചീ എന്ന് വിളിച്ചു കരയുന്നു.
എല്ലാം വേഗത്തിൽ ആയി. പിറന്ന മണ്ണിൽ അല്ല ദത്തെടുത്ത മണ്ണിലാണ് അടക്കം ചെയ്തത്. അതായിരുന്നു സന്തോഷവും.
എത്രയോ റീത്തുകൾ അതിൽ വയലറ്റ് പൂക്കൾ കൊണ്ട് മനോഹരമായ ഒരു റീത്ത് ഉണ്ടായിരുന്നു. എന്നും ഇഷ്ടപ്പെട്ട പൂവ്.
അതിനെ ചുംബിക്കുവാൻ കൊതിച്ചു.
പക്ഷേ കഴിഞ്ഞില്ല.റോസ് കാത്തിരിപ്പുണ്ട് അവിടെയും വെളിച്ചം പകർന്ന്.പോവണം , കാത്തിരുന്നു അവൾ മടുത്തു കാണും.മഞ്ഞു കൊണ്ട് ഒരു കൊട്ടാരം പണിത് വയലറ്റ് പൂക്കളാൽ അലങ്കരിച്ച് അവൾ കാത്തു നിൽപ്പാണ്.മുറ്റത്തെ റാനിസ് മരത്തിന്റെ ചുവട്ടിൽ അവളുണ്ട്.ഇവിടെ ആത്മാക്കൾ കഴിയുന്ന മരമാണത്രേ റാനിസ്. വെള്ളപ്പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന റാനിസ് മരം.അതിന്റെ ചുവട്ടിൽ റോസ് അക്ഷമയായിരിക്കുന്നു.
അവൾക്ക് തിടുക്കമാണ്.പക്ഷേ എനിക്ക് എൻ്റെ മക്കളോട് യാത്ര പറയണമല്ലോ.
എല്ലാവർക്കും നെറ്റിയിൽ ചുംബനം നൽകി. ആരും അറിഞ്ഞില്ല. എൻ്റെ സ്പർശനം. കരയാൻ തോന്നി. ആത്മാക്കൾക്ക് കരയാനുള്ള അനുവാദം ഇല്ലെന്ന് അവൾ പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല. റോസിൻ്റെ കരംകവർന്നു.സാൻസോ നഗരത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നത് പോലെ മരണത്തിലേയ്ക്കും അവളെന്നെ കൈപിടിച്ചുയർത്തി. മോഹ്ദാർ നഗരത്തിൻ്റെ പലയിടങ്ങളിലും ഉള്ള റാനിസ് മരങ്ങളിൽ പലപ്പോഴും ഞങ്ങൾ സന്ദർശകരായി.
........................... രാജിരാഘവൻ

അച്ഛച്ഛൻ


°°°°°°°°°°°°
മാളൂട്ടിയുടെ അച്ഛച്ഛൻ കുളത്തിൽ വീണു എന്നറിഞ്ഞ നിമിഷം മുതൽ മാളൂട്ടി ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.ഞാനവളെ ചേർത്ത് പിടിച്ചു അച്ഛച്ഛന് ഒന്നുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. പക്ഷേ എൻറെ കണ്ണുകളും നിറഞ്ഞിരുന്നു. കാരണം ആശുപത്രിയിൽ നിന്ന് കോൾ വന്നിരുന്നു മരിച്ചു എന്ന്. ആ പത്തു വയസ്സുകാരിയോട് അച്ഛച്ഛൻ നാളെ തിരിച്ചു വരും എന്ന് ഞാൻ പറഞ്ഞു.
അവളെ ഒരു വിധം ഞാൻ സമാധാനിപ്പിച്ചു.
എന്നും സ്കൂളിൽ കൊണ്ട് പോവുന്നതും,തിരിച്ചു കൊണ്ട് വരുന്നതും അവളുടെ അച്ഛച്ഛൻ ആയിരുന്നു.അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളും അച്ഛച്ഛൻ തന്നെ.
പിറ്റേന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ്ട് വന്ന മൃതദേഹത്തിനരികിൽ നിന്ന് അവൾ വാവിട്ടു കരഞ്ഞു. ആ വേർപാട് അവൾക്ക് ഉൾക്കൊള്ളുവാൻ കഴിയുന്നുണ്ടായിരുന്നില്ല.
ദഹിപ്പിക്കാനായി ശരീരം എടുക്കുബോൾ
അച്ഛച്ഛനെ കൊണ്ട് പോവല്ലേയെന്ന് അവൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ആ കുരുന്നിൻ്റെ നിലവിളി കണ്ട് നിന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
മുത്തശ്ശനും, മുത്തശ്ശിയും ഇല്ലാത്ത വീടുകളിൽ യാന്ത്രികമായി ചലിക്കുന്ന മനുഷ്യരാണുള്ളത്.അച്ഛനും, അമ്മയും ഓൺലൈൻ റൂമിൽ കയറി കതകടച്ചിരിക്കുബോൾ മക്കൾ കംപ്യൂട്ടറിലും,ടെലിവിഷനിലും ഒതുങ്ങി പോവുന്നു.
അച്ഛച്ഛനോടൊപ്പം കളിച്ചും, ചിരിച്ചും
കഥ പറഞ്ഞും ആടു മേയ്ക്കാൻ പോയിരുന്ന പുൽമേടുകൾ അവൾക്കിനി ഓർമ്മകൾ മാത്രം. ആടു മേയ്ക്കാൻ പോയി കാലു തെറ്റി കുളത്തിൽ വീണ ആ മനുഷ്യനായിരുന്നു അവളുടെ ലോകം. അയാളുടെ വിരൽത്തുമ്പിൽ തൂങ്ങിയാണ് അവൾ നടന്നിരുന്നത്.
അവളുടെ ബാഗും തോളിൽ തൂക്കി മറുകൈയ്യിൽ അവളെയും പിടിച്ചു ആ മുത്തച്ഛൻ നടന്നു പോവുന്നത് എൻറെ ഒരു ദിവസത്തിൻ്റെ തുടക്ക കാഴ്ച ആയിരുന്നു.
ഇന്ന് അവൾ തനിയെ നടന്നു പോവുമ്പോൾ
എൻ്റെ ഹൃദയത്തിൽ ഒരു നോവു പടരും.
പുഞ്ചിരിക്കുന്ന ,കുശലം പറയുന്ന ഞാൻ തമ്പാച്ചാൻ എന്ന് വിളിക്കുന്ന ആ വല്യച്ഛൻ്റെ മുഖം എനിക്ക് ഓർമ്മയിൽ തെളിയും.പിന്നെ രണ്ടു തുള്ളി കണ്ണുനീർ ഞാൻ അറിയാതെ തന്നെ അടർന്നു വീഴും.
ചിലരങ്ങനെയാണ്
മരിച്ചാലും വീണ്ടും വീണ്ടും
കണ്ണുനീരോടെ മാത്രം ഓർമ്മയിൽ എത്തുന്ന ജീവനുള്ള ബന്ധങ്ങൾ..........................

രാജിരാഘവൻ

ഇങ്ങനെയും പ്രണയങ്ങൾ

Paper, Romance, Symbol, Valentine, Love, Book, Open
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അയാൾക്ക് എന്നോടു പ്രണയമായിരുന്നു. ഉത്സവരാവുകളിൽ പ്രണയം കണ്ണുകളിൽ ചാലിച്ച് അയാൾ എന്നെ നോക്കി നിൽക്കുമായിരുന്നു.എപ്പോഴോ ഞാൻ അത് തിരിച്ചറിഞ്ഞു.പക്ഷേ ഒരിക്കൽ പോലും സംസാരിച്ചിരുന്നില്ല. അടുത്തിടെ എങ്ങനെയോ എഫ് ബിയിൽ നല്ലൊരു സൗഹൃദത്തോടെ എത്തിയപ്പോൾ ഉറപ്പിച്ചു എപ്പോഴെങ്കിലും ഒരു തുറന്നു പറച്ചിൽ ഉണ്ടാവുമെന്ന്. അങ്ങനെ കുറച്ചു ദിവസങ്ങൾ ഗുഡ് മോർണിംഗും,ഗുഡ് നൈറ്റിലും ഒതുങ്ങി.
കഴിഞ്ഞ ദിവസം മനസ്സിൽ സൂക്ഷിച്ചു വച്ച പ്രണയത്തിന്റെ ഒരു തുറന്നു പറച്ചിൽ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. കുറേ വർഷങ്ങളായി ഉത്സവകാലത്തും മറ്റുമായി എന്നെ ശ്രദ്ധിച്ചു, പ്രണയിച്ചു ആൾ പിറകെ ഉണ്ടായിരുന്നു. ഞാൻ അറിഞ്ഞത് ഒരു പക്ഷേ എന്നെ അറിയിച്ചത് ഏറെ വൈകി ആയിരുന്നു. അറിഞ്ഞപ്പോൾ എല്ലാം ഒരു തമാശ പോലെ അതിലേറെ കൗതുകത്തോടെ
ഞാൻ കേട്ടു. പിന്നെ വീണ്ടും ഞങ്ങൾ യാദൃശ്ചികമായി കണ്ടു.
എൻ്റെ നോട്ടം ചിലപ്പോൾ പ്രണയം ആണെന്ന് തെറ്റിദ്ധരിക്കുമെന്ന ഉൾ ഭീതിയിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
ഒരു ചുവരിന് ഇരുവശത്തായി നിൽക്കുബോൾ അയാളുടെ നെഞ്ചിടിപ്പിൻ്റെ താളം ഞാൻ അറിയുന്നുണ്ടായിരുന്നു.
അയാൾ ജോലി ചെയ്യുന്ന കടമുറിയോടു ചേർന്നുള്ള അക്ഷയ സെൻ്ററിൽ ഒരു സർട്ടിഫിക്കറ്റ് ആവശ്യത്തിന് കൂട്ടുകാരിയുടെ കൂടെ പോയതായിരുന്നു.
ജീവിതത്തിൽ ഞാൻ അത്രയേറെ ടെൻഷൻ ആയ ദിവസം ഇല്ലായിരുന്നു. ആ ഇഷ്ടം തുറന്ന് പറഞ്ഞില്ലായിരുന്നു എൻകിൽ ഒരു സൗഹൃദ സംഭാഷണം എൻകിലും ഞാൻ നടത്തുമായിരുന്നു.ഇന്ന് അറിഞ്ഞു കൊണ്ട് അഭിമുഖീകരിക്കുവാൻ കഴിയാതെ ഞാൻ തലകുനിച്ചിരുന്നു.
എഫ് ബിയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു.
പക്ഷേ നേരിട്ട് ഇന്നുവരെ സംസാരിച്ചില്ല.
ഇനിയും സംസാരിക്കുവാൻ കഴിയുമോ എന്ന് അറിയില്ല.
തുറന്ന് പറയപ്പെടാതെ പോയ എത്രയോ പ്രണയങ്ങൾ
ഒരാൾ അറിയാതെ അയാളെ പ്രണയിക്കുവാൻ,കാത്തിരിക്കണമെന്ന വാക്കു പോലും ഇല്ലാതെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷ പോലും ഇല്ലാതെ,ഉപാധികളില്ലാതെ എങ്ങനെ പ്രണയം ഇത്രമേൽ പവിത്രമായി സൂക്ഷിക്കുവാൻ കഴിയും.
തിരിച്ചു സ്നേഹിക്കണം എന്ന വാശി ഇല്ലാതെ, ഇഷ്ടമില്ല എന്ന് പറഞ്ഞപ്പോൾ
എന്നാലും എൻ്റെ പ്രണയം അവസാനിക്കില്ല എന്ന് ഉറപ്പിച്ചു പറയുന്ന ഒരു വ്യക്തിത്വം.
പ്രണയം പെട്രോളും ,കത്തിയും ഇല്ലാതെ
അതിന്റെ പരിശുദ്ധിയോടെ കാത്തു സൂക്ഷിക്കാൻ ഇന്നും ചിലരുണ്ടെന്നത് സത്യം.
നിനക്ക് എന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും,എനിക്ക് നിന്നെ സ്നേഹിക്കുവാൻ കഴിയും.തിരിച്ചു തരുന്നുണ്ടെന്ന് ഞാൻ കരുതിക്കോളാം.
എന്ന മെസ്സേജ് വീണ്ടും വീണ്ടും ഞാൻ വായിച്ചു.
അതേ തിരിച്ചു കിട്ടണമെന്ന വാശിയിൽ നിന്നാണല്ലോ വൈരാഗ്യം ഉടലെടുക്കുന്നത്.
എന്തായാലും, വിവരവും വിവേകവും ഉണ്ട്.
എന്നത് തീർച്ചയാണ്.
ഇപ്പോഴും നല്ല സൗഹൃദ സംഭാഷണത്തിലൂടെ നല്ല സുഹൃത്തുക്കൾ ആയി ഞങ്ങൾ മാറി.
ഇഷ്ടം തുറന്നു പറയുന്നവരെ ആട്ടിയോടിക്കാനല്ല കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കാൻ ഒന്നു ശ്രമിച്ചു നോക്കാം.പെൺകുട്ടികൾ ഒരല്പ്പം വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ശ്രമിക്കണം.
ചിലപ്പോൾ എവിടെ നിന്നും സ്നേഹമോ,പരിഗണനയോ ലഭിക്കാതെ വളർന്നു വരുന്നവരിൽ സ്നേഹം കിട്ടാനുള്ള വാശിയുണ്ടാവാം. ഉറച്ച തീരുമാനം ശാന്തമായി തന്നെ പറയാം.
എല്ലാവരും ഒരുപോലെ ആവില്ലായിരിക്കും
ചിലരെങ്കിലും തെറ്റുകളിലേയ്ക്കും,കൊടും ക്രൂരതയിലേയ്ക്കും എത്തിപ്പെടാതിരിക്കട്ടെ.
രാജിരാഘവൻ

ചില നോവുകൾ

Image may contain: 3 people, selfie and closeup
°°°°°°°°°°°°°°°°°°°°
ഉച്ച നേരത്ത് താന്നി മല കയറി വന്ന പോലീസ് പട, മലയടിവാരത്തിലെ മൂന്നു നാലു വീടുകളിൽ വാറ്റ് ചാരായം പിടിച്ചെടുക്കാനുള്ള വ്യഗ്രതയോടെ തിരച്ചിൽ തുടങ്ങി. അപ്പോഴാണ് പറമ്പിൽ ദൂരെ മാറി മൺ കൂന കണ്ടത്. സംശയത്തോടെ അയാൾ അവിടെ ദൃഷ്ടിയൂന്നി. ദൂരെ മാറി നിന്ന കേളനെ കൈമാടി വിളിച്ചു.
"എടോ ഇവിടെ എന്താ കുഴിച്ചിട്ടത് വാറ്റല്ലേ" ?
"അല്ല സാറേ"
കൈ കൂപ്പി അയാൾ പറഞ്ഞു.
"സാർ ഞാൻ പറയാം, അല്പം മാറി നിന്നിട്ട്."
കേശവൻ അത് പറഞ്ഞു തീരുബോഴേക്കും എസ്. ഐ ആക്രോശിച്ചു.
"അങ്ങോട്ട് മാറിനിൽക്കെടാ"
പക്ഷേ എസ് ഐ കോൺസ്റ്റബിൾമാർക്ക് അവിടെ കുഴിക്കാൻ നിർദ്ദേശം നൽകി.
കേളൻ്റെ ഉള്ളു പിടഞ്ഞു. നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വച്ചതു പോലെ
കേളൻ്റെ മക്കളും, കുടുംബവും വീടിന്റെ മുറ്റത്ത്‌ നിന്ന് എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച പ്രസവം കഴിഞ്ഞു കുഞ്ഞിനെ നഷ്ടപ്പെട്ട കേളൻ്റെ ഇളയ മകൾ കരഞ്ഞു വീർത്ത കണ്ണുകളുമായി കേളനരികിൽ ഉണ്ടായിരുന്നു. കുഞ്ഞിനെ അടക്കം ചെയ്തത് അവിടെയാണ്. പക്ഷേ ഭ്രാന്തിയേപ്പോലെ ആയി മാറിയ അവളുടെ മുൻപിൽ വെച്ച് ഒന്നും പറയാൻ അയാൾക്ക് കഴിഞ്ഞില്ല.
കുറച്ചു മണ്ണുകൾ നീക്കിയപ്പോൾ തന്നെ അതൊരു മൃതദേഹം അടക്കം ചെയ്തതാണെന്ന് മനസ്സിലാക്കിയ പോലീസുകാർ മാപ്പ് പറഞ്ഞു പെട്ടെന്ന് തന്നെ മലയിറങ്ങി.
പക്ഷേ തൻെറ കുഞ്ഞിനെ അടക്കം ചെയ്തത് അവിടെ ആണെന്നറിഞ്ഞു അവിടെയിരുന്ന് ആ അമ്മ പൊട്ടിക്കരഞ്ഞു.
ജോലിയുടെ ഭാഗമായിട്ടാണെൻകിലും
ചില നോവുകൾക്ക് മേൽ പിന്നെയും പിന്നെയും
തീക്കനലുകൾ കോരിയിടുന്നതിനേക്കാൾ ക്രൂരത ഈ ലോകത്ത് മറ്റെന്തുണ്ട്.........
രാജിരാഘവൻ

പുര നിറഞ്ഞൊരു പെൺകുട്ടി


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"എന്താ കുട്ടീ കല്യാണം ഒന്നും നോക്കുന്നില്ലേ, നിൻെറ എളേതുങ്ങളും കെട്ടി കുടുംബമായി. പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞു വീട്ടിൽ നിന്നാൽ മോശമാണ്"
കേട്ട് തഴമ്പിച്ച വാക്കുകൾ പിന്നെയും പിന്നെയും കാതുകളിൽ തുളഞ്ഞുകയറി.പ്രായമായ അമ്മൂമ്മ ആയതോണ്ട് ക്ഷമിച്ചു.അല്ലെങ്കിൽ രണ്ടു വാക്ക് പറഞ്ഞേനെ.ഇപ്പോൾ ആ ചോദ്യം കേൾക്കുമ്പോൾ മനസ്സിൽ ഒരു തരം അമർഷമാണ് ചോദിക്കുന്നവരോട്. പതിനെട്ട് കഴിഞ്ഞാൽ പെണ്ണിനെ കെട്ടിച്ചു വിടണമെന്നാണ് ചിലരുടെ വിചാരം.
എല്ലാവരുടേയും സ്വപ്നമാണ് വിവാഹം. പക്ഷേ ഞാൻ അങ്ങനെ ഒരു സ്വപ്നത്തിലേയ്ക്കെത്തിയില്ല.എൻ്റെ സ്വപ്നം വിവാഹത്തിന് മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങളിലാണ്. അക്ഷരങ്ങൾ പോലും കൂട്ടി വായിക്കാനറിയാത്ത എൻ്റെ സമൂഹത്തിലെ പെൺകുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം, പിന്നെ നല്ലൊരു ജോലി എന്ന ലക്ഷ്യ ബോധം അവരിൽ വളർത്തിയെടുക്കുക .അതിനായി അവരെ ഉയർത്തിക്കൊണ്ടു വരാൻ ദൈവത്തിന്റെ കരങ്ങൾ എന്നിലൂടെയാണ് പ്രവർത്തിക്കുന്നത്. അത് ചിലപ്പോൾ എൻ്റെ നിയോഗമാവാം.
ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു "നമ്മുടെ ആധാരം പണയപ്പെടുത്തി നിൻെറ കല്യാണം നടത്താം ഉടനെ എന്ന് എല്ലാവരും ചോദിച്ചു തുടങ്ങി എന്താണ് വൈകുന്നതെന്ന്".
അപ്പോൾ ഞാൻ പറഞ്ഞു
"അങ്ങനെ നിങ്ങളെ കടത്തിലേയ്ക്ക് തള്ളിയിട്ട് എനിക്കൊരു ജീവിതം വേണ്ട"
പിന്നെ തമാശ രൂപേണ ഞാൻ ഇത്രയും കൂടി പറഞ്ഞു
"എനിക്ക് ഒരു രാജകുമാരൻ വരും അമ്മേ"
പിന്നെ എൻ്റെ ഭാവനയിൽ ഞാൻ കണ്ടു.
കുതിരക്കുളമ്പടികൾ കേൾക്കുന്ന ആ രാത്രിയിൽ ആരുമറിയാതെ ഞാൻ പോവുന്നത്. നിലാവിനേയും,രാത്രിയേയും സാക്ഷിയാക്കി
മണ്ണും, വിണ്ണും കുളിരണിയുന്ന ഒരു സുദിനത്തിൽ എൻ്റെ കൈകൾ കൈ വെള്ളയിൽ ചേർത്ത് പിടിച്ചവൻ തഴുകും
ഒളിച്ചോട്ടത്തിൻ്റെ മനോഹരമായ വർണ്ണന മനസ്സിൽ അങ്ങനെ തെളിഞ്ഞു നിൽക്കുന്നു.
ഞങ്ങൾക്കായി ആകാശത്ത് ഒരു മുല്ലപ്പന്തൽ. കുരുത്തോലകൾ കൊണ്ട് തോരണങ്ങളും ,സ്വർണ്ണ മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന കുളങ്ങൾ, മനോഹരമായി സംഗീതം ആലപിക്കുന്ന കിളികൾ, റോസാപ്പൂ ദളങ്ങൾ വിരിച്ച പരവതാനിയിലൂടെ കൈകൾ കോർത്തു പിടിച്ചു നവമിധുനങ്ങൾ കടന്നു വരുബോൾ
പ്രണയാർദ്രമായ സംഗീതം കാറ്റിൽ അവരെ മൃദുവായി തഴുകി തലോടിക്കൊണ്ടേയിരുന്നു.
മനോഹരമായ് അലങ്കരിച്ച ഇരിപ്പിടത്തിൽ
ഇരിക്കുബോൾ മാലാഖമാർ ആശിർവദിക്കാൻ പൂച്ചെണ്ടുകളുമായി മനക്കണ്ണിൽ അങ്ങനെ കണ്ടരിക്കുബോഴാണ് ബാലേട്ടൻ വന്നത്.
" രാജിമോളേ പെട്ടെന്ന് കല്യാണം നോക്കണം നിൻെറ മുഖം കണ്ടാൽ ഒരുപാട് വയസ്സു തോന്നിക്കുമെന്ന്.
ഇനിയും ഇങ്ങനെ പുര നിറഞ്ഞു നിൽക്കല്ലേ"
എൻ്റെ സ്വപ്നത്തിന് തീ വെച്ചു ബാലേട്ടൻ ചിരിച്ചു.
സുന്ദരനായ രാജകുമാരൻ്റെ അരികിൽ ഒരു വിരൂപിയെ ഉൾക്കണ്ണിൽ ഞാൻ കണ്ടു, പേടിച്ചോടുന്ന രാജകുമാരൻ.
മറുപടി പറയാതെ ഞാൻ അകത്തേ മുറിയിലേയ്ക്ക് ഓടിച്ചെന്നു.അലമാരയുടെ മുൻപിൽ തിരിഞ്ഞും ,ചെരിഞ്ഞും നിന്നു, ഇല്ല വീട് നിറഞ്ഞു നിൽക്കുന്ന വണ്ണമൊന്നും ഇല്ല. എല്ലാവരും ചുള്ളിക്കമ്പ് എന്നല്ലേ വിളിക്കുന്നത്.
കണ്ണാടിയിൽ എൻ്റെ മുഖം നോക്കി ഉറപ്പു വരുത്തി ഇല്ല എനിക്ക് വയസ്സായിട്ടില്ല. ചോദ്യ ശരങ്ങളിൽ പെട്ട് ഞാനുഴലുന്ന നേരത്ത് എൻ്റെ മനസ്സിലെ ഞാൻ എന്നെ ആശ്വസിപ്പിച്ചു.
നിനക്ക് വയസ്സ് ആയിട്ടില്ല.
"നിനക്ക് വയസ്സായില്ല, പക്ഷേ നിൻ്റെ വീടിനു വയസ്സായെന്ന് ചുവരുകളും ,ചിലയിടങ്ങളിൽ ആകാശം കാണുന്ന മേൽക്കൂരയും വിളിച്ചോതി.
അങ്ങനെ ആലോചിച്ചു തല പുകച്ചു നിൽക്കുബോഴാണ് മെസഞ്ചറിൽ ഒരു മെസ്സേജ് വന്നത്.
പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച രേഷ്മ. അവളുടെ പ്രൊഫൈൽ വിശദമായി നോക്കിയപ്പോഴാണ് മനസ്സിലായത് അവളുടെ കല്യാണം കഴിഞ്ഞു. കൈയ്യിൽ ഒരു കുഞ്ഞ്
അതവളുടെ കുഞ്ഞാണ്.
വിശേഷങ്ങൾ പരസ്പരം കൈമാറുബോഴാണ്
" എടീ നിൻെറ കല്യാണം കഴിഞ്ഞോ " എന്നവളു ചോദിച്ചപ്പോൾ നെറ്റ് ഇല്ലാത്തവനോട് വൈ ഫൈ ചോദിച്ച അവളുടെ വിഢ്ഢിത്തമോർത്ത് ഞാൻ ഊറിച്ചിരിച്ചു.
പിന്നെ മെസഞ്ചറും പൂട്ടിക്കെട്ടി മുറ്റത്ത്‌ കണ്ട എൻ്റെ വളർത്തു നായ ചുന്ദരിയോട് എല്ലാം പറഞ്ഞു.അവളാവുബോൾ എന്നോട് ചോദ്യങ്ങൾ ചോദിക്കില്ല എന്ന ആശ്വാസം ഉണ്ട്.
ഏറെ നേരം എൻ്റെ കഥകൾക്ക് ചെവിയോർത്തു നിന്നവൾ അവളുടെ കണ്ണുതുറക്കാത്ത നാലു കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ ഓടിപ്പോയി അവർക്ക് പാലു കൊടുക്കാനായി.
പിന്നെ ഞാൻ മുറ്റത്ത് നിന്നില്ല. ഇനിയും ആരെങ്കിലും ചോദിച്ചാൽ ചിലപ്പോൾ യുദ്ധം നടത്താൻ മനസ്സിനെ പാകപ്പെടുത്തി ഞാൻ അകത്തേ മുറിയിൽ ജനലിലൂടെ നോക്കി
"തുടക്കം മാംഗല്യം തന്തുനാനേനാ
പിന്നെ ജീവിതം ധും തനാനേനാ"
അങ്ങനെ പാടി ഞാൻ ആശ്വസിച്ചിരുന്നു
.....................രാജിരാഘവൻ

അമ്മ മനസ്സുകളുടെ കണ്ണുനീർ മുത്തുകൾ

Image may contain: 3 people, selfie and closeup
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്നലെ രാത്രി എട്ടര മണിക്കാണ് ആ കോൾ വന്നത് ഷെഫീ ഫാത്തിമ, ആറു വർഷത്തെ സൗഹൃദം ഇത്തയെന്നു ഞാൻ വിളിച്ചില്ല.ചേച്ചീ എന്നാണ് ഞാൻ വിളിക്കുന്നത്. ആശയറ്റ വാക്കുകളിൽ ഒരമ്മയാവാൻ കഴിയാത്ത നൊമ്പരം അവരെന്നോട് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുബോൾ ഞാനും കരഞ്ഞു പോയി. ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടിയിരുന്നില്ല. ഒരു സ്ത്രീയുടെ പൂർണ്ണത ഒരമ്മയാവുന്നതായിരിക്കും.പക്ഷേ തീർത്തും ഒറ്റപ്പെട്ടു പോയ ഒരമ്മയാവാൻ കൊതിക്കുന്ന മാതൃഹൃദയങ്ങളുടെ വേദന ആരറിയുന്നു.
വാർദ്ധക്യത്തിൽ ആരും തുണയില്ലാതെ അനാഥ മന്ദിരത്തിൽ കഴിയേണ്ട അവസ്ഥയെ ഓർമ്മിച്ചു അവർ ഭയക്കുന്നു. ചേട്ടൻ്റെ മക്കളേയും ,അനിയത്തിയുടെ മക്കളേയും ലാളിക്കുബോൾ എത്ര സന്തോഷം ലഭിച്ചാലും അത് കുറച്ചു നേരത്തെ ആശ്വാസം മാത്രമായിരിക്കും.വീണ്ടും മച്ചി എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടവർ.
അവരുടെ വാക്കുകളിൽ മരണത്തിൻ്റെ സൂചനയും നിഴലിച്ചിരുന്നു. ജീവിതത്തിൽ ഇനി പ്രതീക്ഷയോടെ ജീവിക്കാൻ ഒന്നുമില്ലെന്നും ഇനി മരണമെന്നും അതുടനെ കേൾക്കുമെന്നും പറഞ്ഞപ്പോൾ ഞാനും ഭയന്നിരുന്നു,അതിനേക്കാളേറെ ഞാനും കരഞ്ഞു പോയി. ജീവിതത്തിൻ്റെ സകല സ്വപ്നങ്ങളും മാഞ്ഞു പോയ വേദനയുടെ നിലയില്ലാക്കയത്തിൽ വീണു പോയൊരു ചിത്രശലഭം.
ഫോൺ കട്ട് ചെയ്തിട്ടും ഞാൻ കുറേ നേരമിരുന്നു കരഞ്ഞു. പിന്നെ എന്ത് കാര്യം ആയാലും ഞാൻ അമ്മയോട് പറയും. ഈ ഫോൺ കോളിനെ പറ്റി പറഞ്ഞപ്പോൾ അമ്മ പ്രസവത്തോടെ മരിച്ചു പോയ മൂത്ത കുട്ടിയുടെ കാര്യം പറഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മയെ സന്തോഷിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു.അമ്മയ്ക്ക് ഒരെണ്ണം പോയാലും മൂന്നെണ്ണത്തിനെ ദൈവം തന്നില്ലേ എന്ന്.
മൂന്നല്ല ,മുപ്പതാണ് എങ്കിലും ഒരമ്മയ്ക്ക് എല്ലാവരും തുല്യരാണെന്ന്,മാത്രമല്ല ഒരാൾ പോയാലും അവരുടെ കണ്ണുനീർ തുടയ്ക്കാൻ മറ്റുമക്കൾക്ക് കഴിയില്ല. എപ്പോഴായാലും നഷ്ടപ്പെട്ടതിൻ്റെ വേദന അവരിൽ നിന്നു മാഞ്ഞു പോവില്ല.അവരുടെ മരണം വരെ.
പ്രപഞ്ചത്തിലെ പോരാളി അങ്ങനെ ആണ്,
അവരങ്ങനെ തന്നെയാണ്, ആരില്ലെങ്കിലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ ജീവിതത്തിൽ അത്രയും ധന്യമായ ദിനങ്ങൾ വേറെയില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം, അമ്മയോളം നമ്മളെ സ്നേഹിക്കാൻ ആർക്കാണ് കഴിയുന്നത്.
ഇന്ന് ചിലർ മക്കളുടെ കഴുത്തറുത്ത് കാമുകനൊപ്പം പോവുബോൾ ഒരു നിമിഷം ചിന്തിക്കുക ഒരു അനാഥാലയത്തിൽ അവരെ ഏൽപ്പിച്ചു നൽകുക. കുഞ്ഞുങ്ങളില്ലാത്ത ദു:ഖത്തിൽ കഴിയുന്ന ആർക്കെങ്കിലും ആ ജീവനുകൾ വിലപ്പെട്ടതാവാം. വളർത്താൻ പറ്റിയില്ലെങ്കിലും കൊല്ലരുത്...........................
രാജിരാഘവൻ

മഴയിൽ പിറന്ന അഗ്നി


°°°°°°°°°°°°°°°°°°°°°°°°°
ചിതറിക്കിടക്കുന്ന
പുസ്തകങ്ങളിൽ സ്വർണ്ണ നിറമുള്ള പുറംചട്ടയും അതിൽ ചുവപ്പു കലർന്ന
തലക്കെട്ടുമുള്ള ആ പുസ്തകം മാത്രം കണ്ടില്ല.ഇന്നലെ വിനയൻ വന്നു പറഞ്ഞപ്പോഴാണ് ആ പുസ്തകത്തേക്കുറിച്ചോർമ്മ വന്നത്. ഇടവഴിയിൽ വെച്ച് എന്നോ പരിഭ്രമത്തോടെ എന്നാൽ കണ്ണുകളിൽ പ്രണയം നിറച്ചു കൈയ്യിൽ തന്ന ആ പുസ്തകത്തിൻ്റെ തലക്കെട്ട് "മഴയിൽ പിറന്ന അഗ്നി" എന്നായിരുന്നു.
വിനയൻ്റെ പ്രണയമായിരുന്നു അതിലേ ഓരോ വരികൾക്കും, അയാളുടെ ഹൃദയത്തിലെ പ്രണയം അഗ്നി ആയി ആളിക്കത്തിയിരുന്നു. ഒരു കുടയിൽ ഒരുമിച്ച് നടന്നപ്പോൾ പ്രണയത്തിൽ ചാലിച്ച ഏതാനും വാക്കുകൾ മാത്രം അയാൾ പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ മനസ്സിനുള്ളിൽ കുടിയേറിപ്പാർക്കുന്ന കവിത പോലെയാണ് അയാളുടെ സംഭാഷണം.
പക്ഷേ ഒരിക്കലും വിനയനോട് പ്രണയം തോന്നിയിട്ടില്ല.ഇന്നും വിവാഹം പോലും കഴിക്കാതെ എഴുത്തിന്റെ ലോകത്താണെന്ന് കേട്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നിയിരുന്നു. വലിയ കണ്ണാടിയും,മുഷിഞ്ഞ ജുബ്ബയും ചുമലിൽ വീണുകിടക്കുന്ന മുടിയും ആളാകെ മാറിയിരിക്കുന്നു. പക്ഷേ ഇന്ന് ഒരുപാട് സാഹിത്യം പറഞ്ഞു.ഒന്നും മനസ്സിലായില്ല. അല്ലെങ്കിലും അയാൾ ആർക്കും തന്നെ വായിക്കാൻ അവസരം നൽകില്ല.
ജീവിതത്തിൻ്റെ നാൾവഴികളിൽ ചിന്നിച്ചിതറിയ ആത്മ ബന്ധങ്ങൾ ചേർത്തു പിടിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല.തിരക്കുകളിൽ എല്ലാം മറഞ്ഞു പോയിരുന്നു. വിദേശത്തെ ഉയർന്ന ജോലി, ശമ്പളം, ഭർത്താവിന്റേയും, വീട്ടുകാരുടേയും സന്തോഷം അങ്ങനെ കടമകൾക്ക് മുൻപിൽ തളച്ചിടാൻ വിധിക്കപ്പെട്ട ജീവിതം. അമ്മമ്മയുടെ ശവദാഹത്തിന് എത്താൻ കഴിഞ്ഞില്ല, ഡോ:അഗ്നിശോഭ തിരക്കിലായിരുന്നു. ജീവിതം വെട്ടിപ്പിക്കാനുള്ള തിരക്കിൽ.
അച്ഛനും, അമ്മയും ചെറുപ്പത്തിലേ നഷ്ടമായി.അമ്മമ്മയായിരുന്നു എല്ലാം. പഠിപ്പിച്ചു വലിയ നിലയിൽ എത്തപ്പെട്ടപ്പോൾ നാടും, വീടും ബന്ധങ്ങളും ഇട്ടെറിഞ്ഞു സ്വന്തം സുഖം മാത്രം നോക്കി ജീവിച്ചു തീർത്ത ജീവിതത്തിന് അല്പം ഇടവേള നൽകി ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളിലേയ്ക്ക് ഒരെത്തി നോട്ടം.
നീണ്ട അവധിയെടുത്ത് മരുതംകുഴി എന്ന ഗ്രാമത്തിൻ്റെ ഇടവഴികളിലും,കുളങ്ങളിലും
പുഴകളിലും
മറന്നു വെച്ച ഒരായിരം ഓർമ്മകൾ വാരിയെടുത്ത് കൈക്കുമ്പിളിൽ നിറച്ചു ചുംബിച്ചു.
പിന്നെ കൊഴിഞ്ഞു വീണ പൂവുകൾ മണ്ണിൽ തളർന്നുറങ്ങുന്നത് നോക്കി എത്ര നേരമിരുന്നു എന്നറിയില്ല.
താഴേക്കാവിലെ മുറ്റത്ത്‌ പൂത്തു നിൽക്കുന്ന ചെമ്പക ചോട്ടിൽ വച്ചാണ് വിനയനെ വീണ്ടും കണ്ടത്. തൊഴുതിറങ്ങുബോൾ ആ മരച്ചുവട്ടിൽ വിനയൻ കാത്തു നിന്നിരുന്നു.
സ്വർണ്ണ നിറം കൊണ്ട് തീർത്ത വരികൾക്കുള്ളിലെ പ്രണയത്തിന് മഴയുടെ തണുപ്പായിരുന്നു. തെക്കുമ്പാട്ടെ വയൽ വരമ്പിലൂടെ നടക്കുബോൾ വിനയൻ വാചാലനായിരുന്നു. വിനയൻ എന്ന സ്കൂൾ മാഷിൽ നിന്നും എഴുത്തുകാരനിലേയ്ക്കുള്ള മാറ്റം അത്ഭുത്തോടെ അതിലുപരി കൗതുകത്തോടെ കേൾക്കുകയായിരുന്നു.
തിരിച്ചൊന്നും പറയാനില്ല ഒരിക്കൽ ഒരുപാട് വാചാലയായിരുന്നു,ഇപ്പോൾ വാക്കുകൾക്കായി ഒരു തിരിച്ചിലാണ്.എന്നിട്ടും മുഴുവനാക്കാൻ കഴിയാത്ത വാക്കുകൾ ഹൃദയത്തിൽ തിങ്ങിനിറഞ്ഞിരുന്നു.
കൂടെ പ്രായത്തിൻ്റെ മാറ്റം മുഖത്ത് തെളിഞ്ഞു തുടങ്ങി എന്ന സൂചനയും നൽകി വിനയൻ.
തനിക്കും പ്രായമായെന്ന് തിരിച്ചു പറയണമെന്ന് തോന്നി.
അത്രയ്ക്ക് സ്വാതന്ത്ര്യം ഇല്ല എന്ന തോന്നലു കൊണ്ടാവാം പറഞ്ഞില്ല.
ഉമ ചെറിയമ്മയാണ് തിരച്ചിലിനു വിരാമമിട്ടത്. ആ പുസ്തകം അമ്മാവൻ്റെ മകൾ ശ്രുതി കൊണ്ട് പോയി എന്ന്. എന്തിനവൾ കൊണ്ട് പോയി എന്നറിയില്ല.ചിലപ്പോൾ ആ പുസ്തകത്തിന്റെ ഭംഗി അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം,അല്ലെങ്കിൽ അതിലേ ഓരോ വരിയിലേയും പ്രണയം അവളുടെ മനസ്സിൽ പ്രണയം നിറച്ചിട്ടുണ്ടാവാം. എൻ്റെ മുറിയിൽ കയറി ആ പുസ്തകം മാത്രം തിരഞ്ഞെടുത്തു കൊണ്ട് പോയത് അത്രമേൽ അവളെയത് ആകർഷിച്ചു കാണും. പത്തു വർഷത്തിനിപ്പുറം ആ വലിയ പെട്ടിയിൽ അടക്കം ചെയ്ത കുറേയേറെ പുസ്തകങ്ങളിൽ ആ പുസ്തകം എത്രയോ പ്രിയ്യപ്പെട്ടതാണെന്ന സത്യം ഇന്ന് തിരിച്ചറിയുന്നു.
ഓർമ്മകൾ വീണ്ടും അടുക്കി വച്ചു യാത്ര പറയാൻ ആ വലിയ നാലുകെട്ടിൻ്റെ മുറ്റത്ത് നിൽക്കുബോൾ ആൾത്താമസത്തിൻ്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. കാടുപിടിച്ചു കിടക്കുന്ന അവിടെ പഴക്കമുള്ള ചുവരുകൾക്കുള്ളിൽ ചിതലരിച്ചിരുന്നു.
തിരിച്ചു പടികളിറങ്ങുബോൾ ഒരു പിൻവിളി കേട്ടത് പോലെ ,ഇല്ല തിരിഞ്ഞു നോക്കിയപ്പോൾ ആരേയും കാണാനില്ല.
വൈകുന്നേരമാണ് യാത്ര തിരിക്കേണ്ടത്.ഇടവഴിയിലെ ചെമ്പരത്തി വേലിയിൽ നിറയെ പൂക്കൾ വിടർന്നിരുന്നു.
ചുവന്നു തുടുത്ത ചോര നിറമാർന്ന ചെമ്പരത്തി പൂക്കൾ.
അപ്പോൾ എതിരെ വന്ന കരുണാകരേട്ടനാണ് ആ സത്യം പറഞ്ഞത്. വിനയൻ മാഷ് മരിച്ചു എന്ന യാഥാർത്ഥ്യം.ഒരു നിമിഷം നടുങ്ങി തരിച്ചു നിന്നു. പിന്നെ ശബ്ദിക്കാനാവാതെ ഇടറുന്ന പാദങ്ങളോടെ
നടന്നു ദിക്കറിയാതെ. ഉമ ചെറിയമ്മ എന്തൊക്കെയോ ചോദിച്ചു. മറുപടിയായി എന്തൊക്കെയോ പറഞ്ഞു. എത്രയും വേഗം ഇവിടെ നിന്നു പോവണം ഫ്ളാറ്റിലെ ഏകാന്തതയിൽ സുന്ദരമായ ഓർമ്മകൾ ഇനി
കണ്ണുനീരിനും, ശോകത്തിനുമായി വഴിമാറുമെന്ന് തീർച്ചയാണ്.
ഒരമ്മയാവാനുള്ള ഭാഗ്യം ഇല്ലാത്ത വിഷാദം തളംകെട്ടി നിൽക്കുന്ന മനസ്സിൽ ഇനി ഓർമ്മിക്കുവാൻ എന്താണുള്ളത് ഈ മണ്ണിൽ.
ഇന്നലെ സ്വപ്നത്തിലോ ,യാഥാർത്ഥ്യത്തിലോ വിനയൻ മാഷ് വന്നത്. മരിച്ചു എന്ന് ആരും പറഞ്ഞില്ല.എത്ര ആലോചിച്ചിട്ടും സ്വപ്നമെന്ന് കരുതാൻ കഴിഞ്ഞില്ല.ഒടുവിൽ അത് വെറുമൊരു സ്വപ്നമായി തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എങ്കിലും ഉമ ചെറിയമ്മയോട് ചോദിച്ചു.
നാലു വർഷമായി മാഷ് മരിച്ചിട്ട് .ആത്മഹത്യ ആയിരുന്നു.ആരും ആ മരണത്തിന് അത്ര പ്രാധാന്യം നൽകിയില്ല.എല്ലാവരും മറന്നു. അത്രയേ ചെറിയമ്മ പറഞ്ഞുള്ളൂ. അല്ലെങ്കിലും ആരുമായും വിനയൻ കൂടില്ല. തനിച്ചിരിക്കാനും,പുസ്തകങ്ങളോട് കൂട്ടുകൂടാനും മാത്രം അറിയുന്നവനാണ്. ഓർമ്മിക്കാനായി ആർക്കും ഒന്നും തന്നെയും സമ്മാനിക്കാനിടയില്ല.
വിമാനത്തിൽ ഇരിക്കുബോൾ മനസ്സിൽ ഒരു നോവിന്റെ വിങ്ങൽ കുടിയേറിയിരുന്നു.
സ്വർണ്ണ നിറമുള്ള ആ പുസ്തകത്തിലെ വരികളെല്ലാം ശില പോലെ മനസ്സിൽ ഉറച്ചു പോയി.
സൂര്യപ്രകാശം ഏൽക്കുബോൾ അലിഞ്ഞു പോവുന്ന മഞ്ഞു തുള്ളി പോലെ, എല്ലാ ദു:ഖവും മാഞ്ഞു പോയെങ്കിൽ
കണ്ണുകളടച്ചു രണ്ടു തുള്ളി കണ്ണുനീർ കവിളിനെ പൊള്ളിച്ചു ഒഴുകിയിറങ്ങി.
ഇന്ന് വിനയൻ മാഷിനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാൻ.
നഷ്ടമാവുബോൾ മാത്രം തിരിച്ചറിയുന്ന, പ്രണയത്തിന്റെ, ചെമ്പകപ്പൂക്കൾ മണക്കുന്ന അമ്പല മുറ്റത്ത്‌ ഒരു മഴയായ് പെയ്തിറങ്ങുന്ന അവനെ അഗ്നിയായ് പുണരുന്നു ഞാൻ
.................................... രാജിരാഘവൻ

തുരുമ്പിച്ച സൈക്കിൾ

Bike, Garden, Old, Cycle
°°°°°°°°°°°°°°°°°°°°°°°°°°°°
മുറ്റത്തിൻ്റെ ഒരറ്റത്ത് ഇന്നും ആ തുരുമ്പിച്ച സൈക്കിൾ കിടപ്പുണ്ട്
വീടിനുള്ളിൽ ശൂന്യതയും,നിശബ്ദതയും തളം കെട്ടി നിൽക്കുന്നു
ആ ഇരുനില വീടിന്റെ ഉമ്മറത്തിരുന്ന്
കണ്ണുനീർ തുള്ളികളോടെ
മേരി ചേട്ടത്തി മകൻ ജോണിൻ്റെ ഓർമ്മകളിലൂടെ സഞ്ചരിച്ചു
ഓലപ്പുരയുടെ തിണ്ണയിലിരുന്ന്
അമ്മച്ചീ എനിക്ക് ഒരു സൈക്കിൾ വേണമെന്ന് വാശി പിടിച്ച
ജോണിനോടായി ചേച്ചി ജാനറ്റ് ആണ് മറുപടി പറഞ്ഞത്
എന്നാടാ ജോണിക്കുട്ടി നീയീ പറയുന്നെ ഇവിടെ മൂന്നു നേരം കഞ്ഞി കുടിക്കുന്നതെന്നെ ഭാഗ്യം
അതു കേട്ടപ്പോൾ അവനൊരു വിതുമ്പലോടെ അകത്തേ മുറിയിൽ വെറും നിലത്തു രണ്ടു കണ്ണും പൊത്തി കിടന്നു കരഞ്ഞു
ചാണകം മെഴുകിയ തറയിൽ കിടന്നു കരിപുരണ്ട്
അവൻ ആവശ്യവുമായി വീണ്ടും വന്നപ്പോൾ
അവൻറെ കോലം കണ്ട് മേരിക്കുട്ടി ചിരിയടക്കാൻ പാടുപെട്ടു
പക്ഷേ ജാനറ്റ് അവനെ കണ്ടതും
പൊട്ടിപ്പൊട്ടിച്ചിരിച്ചു
ഒടുവിൽ രണ്ടു പേരും അടിയായി
അപ്പോഴാണ് മാത്യുസിൻ്റെ വരവ്
മേര്യേ എന്ന നീട്ടി വിളി മുളവേലി മാറ്റുന്നതിനു മുൻപേ ഉള്ള പതിവ് വിളി
അപ്പോഴേക്കും ജോണിക്കുട്ടി പെങ്ങളെ വിട്ട് അപ്പൻ്റെ അരികിലേയ്ക്ക് ഓടിയെത്തി
കൈയ്യിലെ പൊതി വാങ്ങിച്ചു
ശശിയേട്ടൻ്റെ തട്ടുകടയിലെ എണ്ണപ്പലഹാരങ്ങൾ ഏതെങ്കിലും ആയിരിക്കും
ജാനറ്റിനും,ജോണിക്കും അവകാശപ്പെട്ടതാണത്
ജോണിക്കുട്ടിക്ക് സുഖിയൻ,ജാനറ്റിനു
പഴംപൊരി
മാത്യുസ് തിണ്ണയിലിരുന്ന് നെറ്റിയിലെ വിയർപ്പൊന്നു തുടച്ചു
തണുത്ത വെള്ളത്തിൽ മുഖം കഴുകുബോഴേക്കും
ചൂട് കാപ്പിയുമായി മേരിക്കുട്ടി അവിടെ എത്തും
അരികിലിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കും
അന്ന്
ജോണിക്കുട്ടിയുടെ സൈക്കിൾ എന്ന ആവശ്യമാണ്
മേരിക്കുട്ടി മാത്യുവിനോട് പറഞ്ഞത്
എല്ലാം കേട്ടു ഒന്നു നെടുവീർപ്പിട്ടു മാത്യുസ് ഒന്നും മിണ്ടാതെ ഇരുന്നു
പിന്നെ മേരിയോടായി പറഞ്ഞു
എന്നാതായാലും നമ്മുടെ കൊച്ചിൻ്റെ ആഗ്രഹം അല്ല്യോടി
നമുക്ക് ഒരെണ്ണം വാങ്ങാം
അപ്പോഴേക്കും ജോണിക്കുട്ടി ഓടി വന്നു അപ്പച്ചന്റെ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു
പിറ്റേന്ന് ജോണിക്കുട്ടി സ്കൂളിൽ പോയത് അതീവ സന്തോഷത്തോടെ ആയിരുന്നു
കൂട്ടുകാരോട് പുതിയ സൈക്കിൾ വാങ്ങുന്നതിനേക്കുറിച്ച് അവൻ വാതോരാതെ സംസാരിച്ചു
അപ്പോഴാണ് കൂട്ടുകാരൻ അശ്വിൻ അവൻ്റെ പഴയ സൈക്കിൾ എടുത്തോ എന്ന് അവനോടു പറഞ്ഞത്
ബ്രേക്ക് ഉണ്ട് ,സീറ്റ് ഇല്ല
ടയറും തേഞ്ഞു പോയ തുരുമ്പു പിടിച്ചു തുടങ്ങിയ ഒരു സൈക്കിൾ
പുതിയ സൈക്കിൾ
കിട്ടുബോഴേക്കും ചവിട്ടി പഠിക്കാമെടാ
അങ്ങനെ വൈകുന്നേരം അവൻ്റെ വീട്ടിൽ ചെന്നു ആ സൈക്കിളുമെടുത്തവൻ വീട്ടിൽ എത്തി
ഗമയിൽ ഇരുന്ന് സൈക്കിളിൽ വരുന്ന മകനെ കണ്ട് മേരി
പുഞ്ചിരിയോടെ താടിക്ക് കൈയ്യും കൊടുത്തു നിന്നു പോയി
അന്ന് ആരുടെ കൂടെയും കളിക്കാൻ പോവാതെ ആ സൈക്കിൾ എടുത്ത്
വീടിന്റെ മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു കൊണ്ടേയിരുന്നു
സീറ്റിനു പകരം ഒരു പലക കെട്ടി വച്ചിരുന്നു
ജാനറ്റിനെ ഒന്നു തോടാൻ കൂടി സമ്മതിച്ചില്ല
മാത്യു അന്ന് വരേണ്ട സമയം കഴിഞ്ഞു
സന്ധ്യ ആയിട്ടും അയാളെ കാണാഞ്ഞപ്പോൾ
മേരിക്കുട്ടിയുടെ മനസ്സിൽ ആധി പടർന്നു
ആവലാതിയോടെ അവൾ തിണ്ണയിൽ നിന്ന്
ദൂരേയ്ക്ക് കണ്ണുകളയച്ചു
ജാനറ്റിനും മനസ്സിൽ ഭീതി നിഴലിച്ചു
പക്ഷേ ജോണിക്കുട്ടി പ്രതീക്ഷയിൽ ആയിരുന്നു അപ്പച്ചൻ സൈക്കിൾ എടുത്തു വരാൻ വൈകുന്നതാവുമെന്നവൻ
ചിന്തിച്ചു
ഒരു ഏഴു വയസ്സുകാരൻ്റെ ചിന്തകൾ അത്രയൊക്കെ അല്ലേ എത്തുകയുള്ളു
അന്ന് രാത്രി മാത്യുസ് എത്തിയില്ല
ടൗണിലെ റോഡിൽ ചോരയിൽ കുതിർന്നു നിശ്ചലമായ ആ ശരീരം ഗവൺമെന്റ് ആശുപത്രിയിലെ മോർച്ചറിയിൽ തണുത്തു മരവിച്ചു കിടന്നു
രണ്ടു നാൾ കൂടി കഴിഞ്ഞു
മാത്യുസിനെ പള്ളിപ്പറമ്പിൽ അടക്കം ചെയ്തു
ആളുകൾ പല വഴിക്കായി പിരിഞ്ഞു പോയി
രണ്ടു കുഞ്ഞുങ്ങളുമായി ജീവിതം മുന്നിൽ
പകച്ചു നിൽക്കാൻ മാത്രമേ ആദ്യമൊക്കെ മേരിക്ക് കഴിഞ്ഞുള്ളു
വല്ല്യമ്മച്ചീ ഓടി വന്നു കഴുത്തിലൂടെ കൈചുറ്റി
ജയിംസ് കുസൃതി ചിരിയോടെ വിളിച്ചപ്പോൾ ഓർമ്മകളിൽ നിന്നുണർന്നു
മേരിക്കുട്ടി ചിരിച്ചു
അവനേപ്പിടിച്ചു മടിയിലിരുത്തി
ജോണിക്കുട്ടിയുടെ ഇളയ മകൻ
മൂത്ത മകൻ ജസ്റ്റിൻ വെക്കേഷൻ ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയിരിക്കുന്നു
ജാനറ്റ് വിദേശത്താണ് ഭർത്താവും മക്കളുമായി
അടുക്കള പണിയൊക്കെ ഒതുക്കി
സ്റ്റെല്ലയും അവർക്കരികിൽ എത്തി
ആപ്പോഴാണ് മുറ്റത്ത്‌ ഒരു ഓട്ടോ വന്നു നിന്നത്
അതിൽ നിന്നൊരു പുത്തൻ സൈക്കിൾ മുറ്റത്ത്‌ എടുത്തു വച്ചപ്പോൾ മേരിക്കുട്ടിയുടെ നെഞ്ചൊന്നു പിടഞ്ഞു
ജയിംസ് ഓടിച്ചെന്നു ആ സൈക്കിളിൽ കയറിയിരുന്നു
ഉടൽ വിറച്ചു ആ വൃദ്ധ അകത്തേയ്ക്ക്
പതിയെ നടന്നു പോയി
ഒരിക്കൽ ഒരു സൈക്കിൾ വാങ്ങാൻ പോയൊരാൾ
വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടി വന്ന ഓർമ്മയിൽ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അപ്പോൾ മാനത്ത് മഴമേഘങ്ങൾ ഉരുണ്ടു കൂടി പെയ്യാൻ വെമ്പി നിന്നു.....................
രാജിരാഘവൻ

മോഷണക്കേസിലെ പ്രതികൾ

Thief, Steal, Thieve, Criminal, Crook, Felon, Outlaw

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പ്രശസ്ത ഓൺലൈൻ എഴുത്തുകാരൻ മൊയ്തീൻ കല്ലൻചിറയുടെ രചനകൾ മോഷ്ടിക്കപ്പെട്ടു
എഴുത്തുകാരൻ്റെ അഞ്ഞൂറോളം രചനകളാണ്
അടിച്ചു മാറ്റി ഒന്നുകിൽ സ്വന്തം പേരിൽ
അല്ലെങ്കിൽ കടപ്പാട് പോലും ഇല്ലാതെ
ആരൊക്കെയോ
തട്ടിയെടുക്കുന്നു
ഓൺലൈൻ ഗ്രൂപ്പുകളുടെ പല അതിർത്തികളും പിന്നിട്ടു
കൈവിട്ടു പോയിരുന്നു
രചനകൾ
ഇത് സ്ഥിരമായതോടെ ഒരു പരാതിയുമായി സ്റ്റേഷനിൽ ചെന്നു
എസ് ഐ ചില ചോദ്യങ്ങൾ ചോദിച്ചു
അയാൾക്കുത്തരമില്ലായിരുന്നു
ആ ചോദ്യങ്ങൾ ഇതായിരുന്നു
മോഷ്ടിക്കപ്പെടുമെന്നറിഞ്ഞിട്ടും
നല്ല നിലവാരത്തിൽ ഉള്ള രചനകൾ എന്തു കൊണ്ട്
പബ്ലിക്കിന് മുൻപിൽ പ്രസൻ്റ് ചെയ്തു
മോഷണമുതൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കേണ്ടത് നിങ്ങളുടെ കടമയല്ലേ
സ്വർണ്ണവും, പണവും പൂട്ടി വയ്ക്കുന്ന പോലെ രചനകളും
പൂട്ടി വയ്ക്കൂ
അന്തംവിട്ട് വാതുറന്നു ഒരു നിമിഷം നിന്ന് കഥാകൃത്ത് തിരിഞ്ഞു നടന്നു
നിൽക്കവിടെ
പിന്നിൽ നിന്ന് ഘന ഗാംഭീര്യമുള്ള ശബ്ദം
എസ് ഐ ബാബു തെങ്ങുംപള്ളീൽ
കഥാകാരനോടായി വീണ്ടും പറഞ്ഞു
മോഷണക്കേസെന്നും,പ്രതികളെന്നും പറഞ്ഞു ഞങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കി അങ്ങനെ അങ്ങു പോയാലോ മാഷേ
താടിയും ,മുടിയും വളർത്തി ജുബ്ബയുമിട്ട് സമയം കളയാനായി
നേരം പുലർന്നപ്പോൾ കേറി വന്നിട്ട്
രചനകൾ മോഷ്ടിച്ചു എന്ന് പറഞ്ഞു ആളെ കളിയാക്കി ചുമ്മാ ഇറങ്ങി പോയാലെങ്ങനാ
വഷളൻ ചിരി ചിരിച്ചു അയാൾ
ആ കഥാകൃത്തിനെ ഒന്നു ചുഴിഞ്ഞു നോക്കി
ചിന്തകളുടെ നൂല്പാലത്തിലൂടെ സഞ്ചരിച്ചു
പഴമയുടെ ഏടുകൾ അക്ഷരങ്ങളാക്കി
ആയിരമായിരം വാക്കുകൾ കൊണ്ട് കഥയായും,കവിതയായും
തെളിഞ്ഞ കണ്ണുകളിൽ
ദയനീയത നിഴലിച്ചു
ഒരു പ്രതിയേപ്പോലെ കാക്കിയണിഞ്ഞവരുടെ മുൻപിൽ അപരാധിയെപ്പോലെ അയാൾ നിന്നു
പെട്ടെന്ന് ഒരു കോൺസ്റ്റബിൾ മുറിയിലേയ്ക്ക് കടന്നു വന്നു
സല്യൂട്ട് ചെയ്തു
എസ് ഐയുടെ ടേബിളിൽ ഒരു ഫയൽ വച്ചു
സാറേ സാറിന്നലെ നമ്മുടെ ഗ്രൂപ്പിൽ ഇട്ട
കഥ സൂപ്പർ ആയിരുന്നു കേട്ടോ
അത് കേട്ടു എസ് ഐയുടെ കണ്ണുകൾ തിളങ്ങി
എത്ര K ഉണ്ടെടോ
ഞാൻ ഇന്ന് നെറ്റ് ഓൺ ചെയ്തതേയില്ല
ആവേശത്തോടെ അതിലേറെ സന്തോഷവും
കൊണ്ട് അയാൾ ചോദിച്ചു
ആ കഥ വൈറൽ ആയി സാറേ
സാറ് ഇത്രയും നല്ലൊരു കലാകാരനെന്ന് അറിഞ്ഞില്ല
അതിലെ ആ പല്ലവി ടീച്ചറിൻ്റേയും ഗൗതമിൻ്റെയും പ്രണയം അതിഗംഭീരമായിരുന്നു
അയാളൊന്നു കൂടി ഞെളിഞ്ഞിരുന്നു
എന്നിട്ട് ഉറക്കെ ചിരിച്ചു
ആ ചുവരുകൾക്കുള്ളിൽ അയാളുടെ ശബ്ദം മുഴങ്ങി
പക്ഷേ പല്ലവിയും ഗൗതമും എന്ന
പേര് നെഞ്ചിൽ ഒരു പിടച്ചിലുമായി
ഓർമ്മിച്ചു കഥാകൃത്ത്
ആ പേരുകൾ കഥാകൃത്തിന് പരിചിതമായിരുന്നു
കോൺസ്റ്റബിൾ വീണ്ടും തുടർന്നു
ആ കഥയുടെ പേരു തന്നെ വളരെയധികം നന്നായിരുന്നു
"ഹൃദയങ്ങൾ മോഷ്ടിക്കപ്പെടുന്നു"
ഒരു സിനിമയാക്കിക്കൂടെ സാറെ
അത്രയും പറഞ്ഞു കോൺസ്റ്റബിൾ ഒന്നു കൂടി മേലുദ്യോഗസ്ഥനെ സല്ല്യൂട്ട് ചെയ്തു തിരിച്ചു പോയി
അയാളുടെ കാലടി ശബ്ദം മറഞ്ഞതിനു ശേഷം
വീണ്ടും നിശബ്ദത
എസ് ഐ ഏതോ ലോകത്താണ്
സാറേ ഞാൻ എന്തു വേണം
പെട്ടെന്ന് ചിന്തയിൽ നിന്നുണർന്ന് അയാൾ പറഞ്ഞു തനിക്ക് പോവാം
എനിക്കിന്ന് മനസ്സിന് അതിയായ സന്തോഷം ഉണ്ട്
അത് തൻെറ ഭാഗ്യം
താൻ പൊക്കോ
ശരി സാറേ ഒന്നു തൊഴുത് അയാൾ തിരിഞ്ഞു
അല്ലാ തൻ്റെ പേരെന്താണെന്നാ പറഞ്ഞേ
മൊയ്തീൻ കല്ലൻചിറ ആ മുറിക്കുള്ളിൽ ആ പേര് പ്രതിധ്വനിച്ചു
അയാൾ പിന്നെ അവിടെ നിന്നില്ല തിരിഞ്ഞു നോക്കിയില്ല
വേനൽച്ചൂടിലേയ്ക്ക് പൊള്ളുന്ന വെയിലിലേയ്ക്ക് പതിയെ റോഡിൻ്റെ ഓരം ചേർന്ന് നടന്നു തുടങ്ങി
താൻ മോഷ്ടിച്ച കഥയുടെ പിതാവിനെ ഒന്നു വെറുതെ കണ്ടു കളയാം എന്ന് കരുതി
മൊബൈൽ എടുത്തു നോക്കിയ എസ് ഐ ഞെട്ടിയിരുന്നു
മൊയ്തീൻ കല്ലൻചിറ
ആ കഥയുടെ അവസാനത്തെ വരിയുടെ ആറു കുത്തിനു ശേഷം ആ പേര് കണ്ടു
നോക്കി നിൽക്കേ ആ പേരിൽ ചുവപ്പു മഷി പടരുന്നതായി അയാൾക്ക് തോന്നി
പിന്നെ
നിസ്സഹായനായി തന്നെ നോക്കി നിന്ന
ആ കണ്ണുകളും
അയാൾക്ക് ഒരു നിമിഷം തന്നോട് തന്നെ പുശ്ചം തോന്നിയിരുന്നു
പക്ഷേ മൊയ്തീൻ തളരില്ല
വാക്കാണ് ആ മനുഷ്യൻ്റെ ആയുധം
ജീവായുസ്സ്
........................രാജിരാഘവൻ

മരണത്തിൻ്റെ മുഖം

Beyond, Death, Life After Death, Life Eternal, Mystical
°°°°°°°°°°°°°°°°°°°°°°°
മരണത്തിൻ്റെ മുഖം കണ്ടവരുണ്ടോ
മരണത്തിന്റെ നിശബ്ദതയിൽ
ആ ഭീകരാന്തരീക്ഷത്തിൽ ലയിച്ചു ചേർന്നിട്ടുണ്ടോ
മരണം എന്നത് സത്യമാണ്
എന്നെങ്കിലും നമ്മേ തേടിയെത്തും എന്ന സത്യം
ആ സത്യത്തെ ഒരിക്കൽ ഉൾക്കൊണ്ടേ പറ്റു
നമ്മളില്ലാത്ത ഒരു സൂര്യോദയം
പകൽ,രാത്രി
അങ്ങനെ ചിന്തിക്കുബോൾ
ഉടലാകെ ഒരു തണുപ്പ് അരിച്ചെത്തുന്നു
മരണം ചിലപ്പോൾ ക്രൂരതയുടെ അങ്ങേയറ്റമാണ്
ചിലരുടെ സ്വപ്നങ്ങൾക്ക് മീതെ കനലുകൾ
കോരിയിട്ട്
പ്രതീക്ഷയുടെ മാമ്പൂക്കൾ
തല്ലിക്കൊഴിച്ചു
മരണം ചിലപ്പോൾ നഷ്ടങ്ങളുടെ
നീണ്ട നിരകളാവാം
കാത്തിരുന്നു കാണാതെ
ജീവനറ്റ ദേഹം ഒരു നോക്കു പോലും കാണാനാവാതെ
മനസ്സുലഞ്ഞു സുബോധമില്ലാതെ
അലറി വിളിച്ചു
കരയുബോൾ
കാഴ്ചക്കാരായി നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ നമ്മൾ
അതെ മനുഷ്യാ ഒരു മനുഷ്യായുസ്സിൽ നന്മകൾ ചെയ്യാനും,അറിഞ്ഞോ,അറിയാതെയോ വരുന്ന തെറ്റുകളും,തെറ്റിദ്ധാരണകളും തിരുത്തി മുന്നോട്ടു പോകുവാൻ കഴിയണം
ഒരൊറ്റ ജീവിതം ചിലപ്പോൾ ഒരു നിമിഷ നേരം കൊണ്ട് ഇല്ലാതാവാം
നിത്യ ശൂന്യതയിലേയ്ക്ക്
യാത്രയാവുന്നതിന് മുൻപ്
ചെയ്യാനുള്ളതെല്ലാം നാളേയ്ക്ക് വയ്ക്കാതെ
ഇന്ന് എന്ന നൂല്പാലത്തിലൂടെ സഞ്ചരിച്ചു ആവുന്ന വിധം ചെയ്തു തീർക്കാം
വാശിയും,വെറുപ്പും, വിദ്വേഷവും മറന്ന്
ഒരാൾക്കൊരു പുഞ്ചിരി എങ്കിലും നൽകി മൺമറഞ്ഞു പോവാം
....................രാജിരാഘവൻ

ഒരു വില്ലത്തിയുടെ കഥ

Girl With A Gun, Girl With Glasses, Transparent
°°°°°°°°°°°°°°°°°°°°°°°°°°
ഈ കഥ നടക്കുന്നത് തേനൂർ എന്ന സ്ഥലത്താണ്
ചതിക്കാത്ത ചന്തു സിനിമയിൽ ജയസൂര്യ പറഞ്ഞ തേനൂർ കുന്ന് എന്ന ഗ്രാമത്തിൻ്റെ മനോഹാരിതയിലേയ്ക്ക് ഉടുക്കിൻ്റെ ശബ്ദത്തോടെ കൊണ്ട് പോയതു പോലെ
വേണമെൻകിൽ നീലംപാറ പള്ളിയിലെ മണിയും അതിനടുത്തെ മഖാമിലെ ബാങ്ക് വിളിയും, കുറച്ചു മാറിയുള്ള മുണ്ഡ്യക്കാവിലെ പ്രഭാത ഗീതവും ചേർക്കാം
നമ്മുടെ വില്ലത്തി വില്ലത്തിയുടെ ക്ളോസ് ഫ്രണ്ടുമായി ടാറിട്ട റോഡിൻെറ സൈഡിലൂടെ കമ്യൂണിസ്റ്റ് പച്ചയുടെ തലയരിഞ്ഞു നടക്കുകയാണ് തേനൂരിലേയ്ക്ക്
കോട്ടയം കുഞ്ഞച്ചൻ്റെ മമ്മൂക്കയുടെ സിനിമ അല്ല ശരിക്കും ഒരു കോട്ടയം കുഞ്ഞച്ചനുണ്ട് തേനൂരിൽ
കോട്ടയത്ത് സ്ഥിര താമസമാക്കിയ കോട്ടയം കുഞ്ഞച്ചന് , ഓടിട്ട പഴയ ഒരു വീടും അതിനോട് ചേർന്ന് ഏക്കറ് കണക്കിന് സ്ഥലവും കാസർഗോഡ് ജില്ലയിലെ തേനൂരിൽ
സ്വന്തമായി ഉണ്ട്
ആ തോട്ടം നിറയെ പലതരം മാവുകളും,ചാമ്പയ്ക്ക മരവും,സപ്പോട്ടയും,പേരക്കയും,പുളിയും, മാതള നാരങ്ങയും ,പനിനീർ ചാമ്പങ്ങയും ,ശീമ നെല്ലിക്കയും അങ്ങനെ ഒരുപാട് ഫല വിഭവങ്ങളുള്ള ഒരു ലോകം
മാമ്പഴക്കാലം അവിടെയാണ് ആഘോഷം
പക്ഷേ ഇത് മാമ്പഴക്കാലമായിരുന്നില്ല
വെറുതെ ഒന്നു നടക്കാനിറങ്ങിയതാണ്
അങ്ങനെ ആ വീടിന്റെ മുറ്റത്ത്‌ എത്തി വില്ലത്തിയും ,ക്ളോസ് ഫ്രണ്ടും
കുറച്ചു കഴിഞ്ഞു ക്ളോസ് ആവുന്ന ഫ്രണ്ട്
അവിടെ മുറ്റത്ത്‌ വലിയ പടർന്നു പന്തലിച്ചു നിൽക്കുന്ന പേരക്ക മരത്തിൽ അധികം ഉയരത്തിൽ അല്ലാതെ ഒരു വലിയ പേരക്ക വില്ലത്തിയുടെ കണ്ണിലുടക്കി
ഒരു വലിയ മാങ്ങയോളം വലുപ്പമുള്ള പേരക്ക
അപ്പോൾ ക്ളോസ് ഫ്രണ്ട് പറഞ്ഞു അതെനിക്ക് വേണം
പരസ്പരം വാശിയായി ഏറ് തുടങ്ങി
കൃത്യമായി പറഞ്ഞാൽ നാലാമത്തെ കല്ലിൽ പേരക്ക താഴെ വീഴ്ത്തി വില്ലത്തി വിജയ ചിരി ചിരിച്ചു
ആറാം തമ്പുരാൻ സിനിമയിൽ ലാലേട്ടൻ പറഞ്ഞ ആ ഐസ് ക്യൂബ്
ഓർമ്മ വന്നിരിക്കാം
പക്ഷേ അടുത്ത നിമിഷം ആ പേരക്ക ചീറ്റപ്പുലിയെ പോലെ ചാടിയെടുത്ത് ക്ളോസ് ഫ്രണ്ട് പി ടി ഉഷ മാതിരി ഒറ്റയോട്ടം
വില്ലത്തി വിടുമോ ഉസൈൻ ബോൾട്ടിനെ പോലെ പിന്നാലെ വെച്ചു പിടിച്ചു
അവൾ ടാറിട്ട റോഡിൽ ഓടിക്കയറിയപ്പോഴേക്കും അവളെ തള്ളി താഴെയിട്ടു
പിന്നെ നടന്നത് മാഫിയ ശശിയുടെ സംഘട്ടനങ്ങൾ
പിന്നെയത് പീറ്റർ ഗെയ്ൻ്റെ സ്റ്റണ്ടിലേയ്ക്ക് മാറാൻ അധിക സമയം വേണ്ടി വന്നില്ല
അവസാനം ക്ളോസ് ഫ്രണ്ടിന്റെ മൂക്കിൽ നിന്ന് ചോരൊഴുകാൻ തുടങ്ങി
രണ്ടു പേരും തളർന്നിരുന്നു
ക്ളോസ് ഫ്രണ്ട് കരയാൻ തുടങ്ങി
കൂടെ വീട്ടിൽ ഇതറിഞ്ഞാൽ കിട്ടുന്ന തല്ല് ഓർത്ത്
വിലത്തിയും കരഞ്ഞു
അവസാനം റോഡിന് താഴെ വശത്തേ കിണറിൽ നിന്ന് വെള്ളം കോരി
ചേമ്പിലയിൽ എടുത്തു അവളുടെ മുഖവും കഴുകി സാരമില്ലെടീന്നും പറഞ്ഞു താഴെ വീണു കിടക്കുന്ന അവളെ
കൈപിടിച്ചു എഴുന്നേൽപ്പിച്ചു
അപ്പോഴും ദൂരെ മാറി എല്ലാം വരുത്തി വെച്ച ആ പേരക്ക മാങ്ങ അല്ല മാങ്ങ പോലത്തെ പേരക്ക
ആടുകളെ തമ്മിലടിപ്പിച്ചു കൊന്ന് തിന്ന ചെന്നായയെ പോലെ നോക്കി നിൽക്കുകയായിരുന്നു
ആ പേരക്ക ടാറിട്ട റോഡിൽ എറിഞ്ഞു പൊട്ടിച്ചു
വിലത്തിയും ക്ളോസ് ഫ്രണ്ടും
പങ്കിട്ടു കഴിച്ചു കൊണ്ട് വീണ്ടും ആ റോഡിലൂടെ തിരിച്ചു നടന്നു വീട്ടിലേയ്ക്ക്
കമ്യൂണിസ്റ്റ് പച്ചയുടെ തലയരിഞ്ഞ്
അപ്പോഴും വില്ലത്തിയുടെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഇവൾ ആരോടും പറയാതിരിക്കാൻ ആ പേരക്കയുടെ പകുതി മതി
എന്നോർത്തവൾ മനസ്സിൽ ഊറിച്ചിരിച്ചു..........
(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായി ചില അകന്ന ബന്ധങ്ങൾ കാണും യാദ്രശ്ചികം മാത്രം)
രാജിരാഘവൻ
ഗുണപാഠം :
തമ്മിലടിച്ചാൽ നഷ്ടങ്ങളെ ഉണ്ടാവൂ
ഒരുമിച്ചു നിന്നാൽ പലതും നേടാം.

Raji Raghavan

അമ്മമ്മ

Old, Grandma, Grandmother, Senior, People, Elderly
°°°°°°°°°°
ഇറ്റുവീഴുന്ന മഴത്തുള്ളികൾ ആർത്തു പെയ്യാൻ മടിക്കുന്ന പോലെ
തിണ്ണയിൽ അമ്മമ്മയുടെ മടിയിൽ തലവെച്ച് കിടക്കുബോൾ മനസ്സ് ശാന്തമായിരുന്നു
വാർദ്ധക്യത്തിൻ്റെ ചുളിവുകൾ വീണ കൈകൾ കൊണ്ട് പതിയെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു
വിറയാർന്ന കൈകൾ കൊണ്ട് ചിലപ്പോൾ കണ്ണുനീർ തുടയ്ക്കുന്നുണ്ടാവും
മരിച്ചു പോയ മക്കളെയോർത്ത്
ഇടയ്ക്ക് അമ്മ വന്നപ്പോൾ അമ്മയോട്
ആവലാതിയോടെ ചോദിച്ചു
"എൻ്റെ മോളെ ആരും ചോദിക്കുന്നില്ലേ എന്ന് "
അമ്മ ചിരിച്ചു കൊണ്ട് പറയും അവൾക്ക് ആലോചനകൾ വരുന്നുണ്ടെന്ന്
അപ്പോൾ പെട്ടെന്ന് മംഗലം വേണമെന്നാവും
പറയുന്നത്
ഇതൊക്കെ സ്ഥിരം ചോദ്യങ്ങളാണ് മറവിയുടെ മടിത്തട്ടിൽ നിന്ന് ചില നേരത്ത് ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങൾ
എത്ര പറഞ്ഞാലും പിന്നെയും ഈ ചോദ്യങ്ങൾ ആവർത്തിക്കും
എനിക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ
കഴിയില്ലായിരുന്നു
അഥവാ പ്രണയം എന്തെന്ന് മനസ്സിലാക്കാൻ പോലും അമ്മമ്മയ്ക്കറിയില്ല
പത്താം വയസ്സിൽ കല്യാണം കഴിഞ്ഞു
ഭർത്താവിന്റെ കൂടെ ജീവിതം ആരംഭിച്ച
ഒരു കുട്ടിയായിരുന്നു അവർ
വയസറിയിക്കും മുൻപ് കുടുംബിനി ആയി
പിന്നീട് പതിമൂന്ന് മക്കളിൽ നാല് മക്കൾ കൗമാരത്തിലും ,ബാല്യത്തിലുമായി മരിച്ചു
ശേഷിച്ച ഏട്ട് മക്കളും ,മരുമക്കളും അവരുടെ മക്കളും അങ്ങനെ വലിയൊരു കൂട്ടുകുടുംബത്തിൻ്റെ സാരഥിയായി മക്കൾക്കും, ഭർത്താവിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ
ഓരോ വിവാഹവും ആഘോഷമായിരുന്നു
ഓരോ ജനനവും ആഘോഷമായിരുന്നു
പക്ഷേ മാനസികമായി അമ്മമ്മയെ ഏറ്റവും തളർത്തിയത് ഏറ്റവും ഇളയ മകൻറെ മരണമായിരുന്നു
മറവിയും ,ചിലപ്പോൾ കണ്ണീരും
തനിയെ സംസാരിക്കലും
മൂന്നു മാസം തികയും മുൻപ് അടുത്ത മകനും മരിച്ചു
ആ കണ്ണുകൾ ഇന്നും തോർന്നതില്ല
പതിനാറ് വർഷം മുൻപ് പുഴയിൽ നിന്ന് കിട്ടിയ
മൂത്ത മകൻെറ വേർപാടും അവരുടെ ഓർമ്മകളിൽ എത്തപ്പെട്ടിരുന്നു
മറക്കേണ്ടത് കൃത്യമായി അവരുടെ ഓർമ്മയിലെത്തിയിരുന്നു
പത്തു മക്കൾ ഉണ്ടായിരുന്നാലും
അതിലൊരെണ്ണം മൺമറഞ്ഞു പോയാലും ആ ഒരാൾക്ക് വേണ്ടി എന്നും ഒരമ്മയുടെ
കണ്ണുനീർ തോരാതെ നിൽക്കും
അതാണ്‌ മാതൃ സ്നേഹം
ഇന്ന് മക്കളെ കൊല്ലുന്ന അമ്മമാർ അവരെയൊക്കെ കണ്ട് പഠിക്കണം
മണ്ണിനോടും,കാട്ടുമൃഗങ്ങളോടും പൊരുതി
എത്ര മക്കളെയും ചിറകിൻ കീഴിൽ സംരക്ഷിക്കാൻ അവർക്ക് കഴിയും
രണ്ടു മക്കളുണ്ടെൻകിൽ ശല്യം എന്ന് പറയുന്ന അമ്മമാർക്കിടയിൽ അവർ വേറിട്ടു നിൽക്കുന്നു.
ഞാൻ ഉറങ്ങുകയായിരുന്നു
അമ്മമ്മയുടെ മടിത്തട്ടിൽ
മാതൃസ്നേഹം ആവോളം നുകർന്ന്
..................
രാജിരാഘവൻ

തെറ്റും ശരിയും

Sad, Girl, Woman, Sabrina, Sabrina Nguyen, Female
°°°°°°°°°°°°°°°°°°°°°°°°
മഴമേഘങ്ങൾ അങ്ങിങ്ങായി പടർന്നു കഴിഞ്ഞു
ഏതാനും നിമിഷങ്ങൾ മതി മണ്ണിനെ തണുപ്പിച്ച് മഴയെത്താൻ
ഒരു ടേബിളിന് ഇരുവശത്തുമായി
റോയ് മാത്യുവും മായ മനോഹറും ഇരിക്കുകയാണ്
തണുത്ത കാറ്റ് അരിച്ചെത്തിയപ്പോൾ മായ
ഷാൾ മൂടിപ്പുതച്ചു
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യാത്ര
അതും റോയിച്ചൻ്റെ കൂടെ
പലരും ആവശ്യത്തിന് വേണ്ടി ഇരുട്ടിൻ്റെ മറ പറ്റി വന്നിരുന്നു
പക്ഷേ റോയിച്ചൻ
ഇപ്പോഴും വായിച്ചെടുക്കാൻ
കഴിയാത്ത ഒരു പ്രത്യേക സ്വഭാവം
ഒരു വേനൽക്കാലത്ത് ഇടനിലക്കാരൻ ശിവരാജൻ്റെ കൂടെ ആ വലിയ ബംഗ്ളാവിൽ ചെല്ലുമ്പോൾ
ആ കൊട്ടാര സമാനമായ വീട്ടിൽ അത്ഭുതത്തോടെ നാലുപാടും കണ്ണുമിഴിച്ചു നോക്കി നിന്നു
അകത്തെ ശീതീകരിച്ച മുറിയിൽ നിന്ന് ഇറങ്ങി വന്ന
ആരോഗ്യ ദൃഡഗാത്രനായ സുന്ദരനായ
ഒരു യുവാവ്
അടുത്ത് വന്നപ്പോൾ ചെമ്പകം പൂത്ത പോലെ ഒരു സുഗന്ധം
കിളി കൊഞ്ചൽ പോലെയുള്ള മധുരമൊഴികളാൽ കാതു കുളിർപ്പിച്ചിരുന്നു
ആ നെഞ്ചിൽ ചേർന്നുറങ്ങിയതെത്ര രാവുകൾ
സമൂഹം ചാർത്തിയ പേരിൽ നിന്ന് മായയിലേയ്ക്ക് അതിവേഗം ഒരു യാത്ര
അതാണ് റോയിച്ചൻ്റെ കൂടെയുള്ള ഓരോ നിമിഷവും സന്തോഷം പകരുന്നത്
ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കൂടിച്ചേരൽ
അവസാനമായി കണ്ടപ്പോൾ പറഞ്ഞിരുന്നു കല്യാണമാണെന്ന്
അന്ന് എന്തുകൊണ്ടോ കരഞ്ഞു പോയി
പക്ഷേ തനിക്ക് പ്രണയിക്കാനോ ,ഭാര്യയാവാനോ യോഗ്യതയില്ലെന്ന തിരിച്ചറിവ് മനസ്സിനെ അന്ധമായ സ്നേഹത്തിൽ നിന്നുണർത്തി
ഇനി കാണരുത് എന്ന് പറഞ്ഞു പടിയിറങ്ങുബോൾ മനസ്സ് പിടഞ്ഞിരുന്നു
"നീയെന്താ ചിന്താവിഷ്ടയായ സീതയോ"
റോയിച്ചൻ്റെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി
"റോയിച്ചായ എന്തിനാണ് ഇങ്ങനെ ഒരു യാത്ര?
ഞാൻ എത്ര തവണയായി ചോദിക്കുന്നു
ഒരു ഉത്തരം തരു "
എന്ത് കൊണ്ടോ ശബ്ദം അല്പം ദയനീയമായി
അയാൾ പറഞ്ഞു തുടങ്ങി
" കാരക്കാട്ടിൽ ബേബി എന്ന വലിയ കോടീശ്വരൻ്റെ മകൾ ട്രീസ ബേബി അവളായിരുന്നു എൻ്റെ അപ്പച്ചൻ എനിക്ക് വേണ്ടി കണ്ടെത്തിയ എൻ്റെ ഭാര്യ
കെട്ടുകല്ല്യാണം കഴിഞ്ഞു വീട്ടിൽ എത്തിയ അന്നു മുതൽ പണത്തിന്റെ വലുപ്പം കാണിക്കുന്ന അവളുടെ ഓരോ പ്രവർത്തിയും എന്നിൽ വെറുപ്പുളവാക്കി
എന്നെ അവൾ കാണുന്നുണ്ടായിരുന്നില്ല
സഹിക്കുന്നതിൻ്റെ പരമാവധി സഹിച്ചു
എന്നെയോ,വീട്ടുകാരെയോ അവൾ ജീവിതത്തിൽ പരിഗണിച്ചിട്ടില്ല
അവൾക്ക് അവളുടേതായ ഒരു ലോകം
അവിടെ ഞാനും ,വീട്ടുകാരും അധികപ്പറ്റായിരുന്നു
എനിക്ക് കിട്ടാതെ പോയ അമ്മച്ചിയുടെ സ്നേഹവും ,പരിഗണനയും ഭാര്യയിൽ നിന്ന് പ്രതീക്ഷിച്ചു
പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു
അവൾ
ഞാനും ഒരുപാട് പാപം ചെയ്തിരുന്നു
നിയന്ത്രിക്കാൻ ആരും ഇല്ലായിരുന്നു
അതിന്റെ ഫലമാണ് എനിക്ക് കിട്ടിയ ദുർവിധി
ഇനിയെങ്കിലും എനിക്ക് തെറ്റുകൾ തിരുത്തണം
നീ എൻ്റെ ഭാര്യയാവണം"
അത്രയും പറഞ്ഞവളുടെ കൈകൾ കൂട്ടിപ്പിടിച്ചപ്പോൾ
ആരവത്തോടെ മഴ പെയ്തിറങ്ങിയിരുന്നു
പെട്ടെന്ന് ആ കൈകൾ അവൾ വിടുവിച്ചു
എഴുന്നേറ്റു
"റോയിച്ചാ നമുക്ക് മുറിയിലേക്ക് പോവാം "
അവളുടെ പെട്ടെന്നുള്ള ഭാവ മാറ്റം ശ്രദ്ധിച്ചു കൊണ്ട്
അയാളും എഴുന്നേറ്റു
ബിൽ പെയ്മെൻ്റ് ചെയ്തു ഒരു കുടക്കീഴിൽ അവളോടൊപ്പം
റോഡ് ക്രോസ് ചെയ്തു
ഹോട്ടൽ ബ്ളൂ ഡയമണ്ടിൻ്റെ ലിഫ്റ്റിലൂടെ റൂം നമ്പർ മൂന്നൂറ്റി ആറിലേയ്ക്ക് ഒരുമിച്ചു കയറുബോഴും പരസ്പരം സംസാരിച്ചിരുന്നില്ല
ചില്ലു ജാലകത്തിലൂടെ മഴ കാണുകയായിരുന്നു അവൾ
റോയ് മാത്യു അവളെ മാറി നിന്ന് വീക്ഷിക്കുകയായിരുന്നു
അവളുടെ മനസ്സ് എന്ത് കൊണ്ടോ വായിച്ചെടുക്കാൻ അയാൾക്കായില്ല
"റോയിച്ചാ ഞാനെങ്ങനെ ഇങ്ങനെ ആയെന്നു എന്നോട് ചോദിച്ചിട്ടുണ്ടോ ?
"അത്...ഇല്ല സോറി ഞാനെന്നും എൻ്റെ കാര്യം മാത്രം നിന്നോട് പറഞ്ഞു നിൻ്റെ കാര്യങ്ങൾ ചോദിക്കാൻ എനിക്ക് പറ്റിയില്ല "
മഴയെ തന്നെ നോക്കി വീണ്ടും അവൾ പറഞ്ഞു
"എൻകിൽ എൻ്റെ ജീവിതവും റോയിച്ചൻ അറിയണ്ടേ"
"നീ പറയു മായ ഞാൻ കേൾക്കാം "
"റോയിച്ചൻ്റെ സ്റ്റാലിൻ ബംഗ്ളാവിൽ ഞാൻ ആദ്യമെത്തിയത് നിങ്ങളുടെ അപ്പച്ചൻ മാത്യു വർഗ്ഗീസിൻ്റെ കൈയ്യിലെ കളിപ്പാവയായിട്ടാണ്
എൻ്റെ പച്ചയായ ശരീരത്തിൽ പല്ലും ,നഖവും
കൊണ്ട് മുറിഞ്ഞു നീറിപ്പുകഞ്ഞു
പതിനേഴ്കാരിയുടെ ജീവൻ മാത്രം ബാക്കിയാക്കി ഒരു കെട്ട് നോട്ട് നെഞ്ചിൽ വെച്ചു അയാൾ എൻ്റെ വീട്ടിൽ എന്നെ കൊണ്ട് ചെന്നാക്കി
നിങ്ങളുടെ തോട്ടത്തിൽ പണിയെടുക്കുന്ന എൻ്റെ അച്ഛൻ അയാൾ കെട്ടിച്ചമച്ച കള്ളത്തിൽ വിശ്വസിച്ചു
ആരോ എന്നെ നശിപ്പിച്ചു പുറത്തറിഞ്ഞാൽ മോളുടെ ഭാവി എന്താവും
അങ്ങനെ ആരും അറിയാതെ ആ സംഭവം ഇല്ലാതാക്കി
പക്ഷേ പലപ്പോഴും അയാൾ എന്നെ
വാക്കുകൾ പൂർത്തിയാക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു.
റോയ് മാത്യു കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചു നിന്നു
"നിങ്ങളെ കൊല്ലാനാണ് ആ വീട്ടിൽ ആദ്യമായി ഞാനെത്തിയത് പക്ഷേ നിങ്ങളെന്നെ തോൽപ്പിച്ചു
സ്നേഹം കൊണ്ട്
പക്ഷേ ഞാൻ അതിന് അർഹയല്ല
റോയ് മാത്യു അവൾക്കരികിൽ ചെന്നു
അവളെ ചേർത്ത് പിടിച്ചു
അവളുടെ കണ്ണുനീർ തുടച്ചു
ഇനി കൂടെയുണ്ടെന്ന വാഗ്ദാനം പോലെ
നിൻ്റെ മനസ്സിൻ്റെ നന്മ മതിയെന്ന വാക്കു പോലെ
അപ്പോഴും മഴ ഭ്രാന്ത് പിടിച്ചു പെയ്യുകയായിരുന്നു
മോഹത്തിൻ്റെ,സ്നേഹത്തിന്റെ
വേനൽച്ചൂടിലേയ്ക്ക്
തെറ്റും,ശരിയും,
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്.........................
രാജിരാഘവൻ

ഒരു പാഴ് മരം

Tree, Silhouette, Mysterious, Halloween, Black, Dark
ഓർമ്മ വെച്ച നാൾ മുതൽ തൊടിയിലെ ആ കാട്ടുമാവ് പൂവിട്ടു കണ്ടിട്ടില്ല
പക്ഷേ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ മാവ് നല്ലൊരു തണലായിരുന്നു ഇടവഴിയോട്
ചേർന്നാണ് ആ മാവ്
ദൂരെ നിന്നും വരുന്ന പലർക്കും നടന്നു ക്ഷീണിക്കുബോൾ അല്പ നേരമിരുന്ന് വിശ്രമിക്കാനും നല്ല തണുത്ത കാറ്റ് കൊള്ളാനും അവിടെ തണലൊരുക്കി ആ മാവ് എന്തിനോ കാത്തിരുന്നു
അടുത്ത് തന്നെയുള്ള പാരിജാത ചെടികളിൽ ഭംഗിയുള്ള വെളുത്ത പൂക്കൾ സുഗന്ധം നിറയ്ക്കുബോൾ സായന്തനങ്ങളിൽ ചെന്നിരിക്കാറുണ്ട്
എന്നും
നന്ദിനിക്കുട്ടിയായിരുന്നു എല്ലാവർക്കും
പക്ഷേ നന്ദു എന്നു വിളിച്ചത്
രഘു ഏട്ടനാണ്
ബാല്യകാല സൗഹൃദം പിന്നീട് കൗമാരത്തിൽ പ്രണയത്തിനു വഴി മാറിയിരുന്നു
രഘുവേട്ടൻ എന്തുകൊണ്ടോ അതൊന്നും കാണുന്നുണ്ടായിരുന്നില്ല
രഘുവേട്ടനും അനിയൻ രവിയും
പിന്നെ കിഴക്കേ വീട്ടിലെ കാവ്യയും കാർത്തികയും എൻ്റെ അനിയത്തിക്കുട്ടി
നന്ദനയും ഞങ്ങൾ ആയിരുന്നു ഏറ്റവും നല്ല സൗഹൃദത്തിൻ്റെ പര്യായമായി അറിയപ്പെടുന്നത്
അവിടെ ഒരിക്കലും പ്രണയം വിരിഞ്ഞതില്ല
ഒരു വാക്കു കൊണ്ട് പോലും
പക്ഷേ ഞാൻ മനസ്സിൽ
ആയിരം സ്വപ്നങ്ങൾ നെയ്തിരുന്നു
എന്തുകൊണ്ടോ പല പ്രണയത്തിനും സാക്ഷിയായിരുന്ന ആ മാവ് എൻ്റെ മാത്രം പ്രണയം കാണാതെ നടിക്കുകയായിരുന്നു
അതിവേഗം കാലം പിന്നെയും നീങ്ങി
ഇടവഴിയിലൂടെ ആരും യാത്ര ചെയ്യാതെയായി
അവിടെയെല്ലാം കാടു പിടിച്ചു കിടന്നു
എല്ലാവരും ടാർ ചെയ്ത റോഡ് മാർഗം മാത്രമായി യാത്ര
ആർക്കും മാവിൻ്റെ തണലും വേണ്ട
പക്ഷേ മാവിൻ്റെ ചുവട്ടിൽ എന്നും വൃത്തിയായി സൂക്ഷിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു
എൻ്റെ ഒഴിവു ദിനങ്ങൾ അവിടയാണ് ചിലവഴിക്കുന്നത്
അംഗനവാടി ടീച്ചറെന്ന ജോലി അതിൽ തൃപ്തിയും,ആനന്ദവും മതിയാവോളം കിട്ടിയിരുന്നു
മറ്റുള്ളവരെല്ലാം എഞ്ചിനീയറിംഗിനും ബാങ്കിലും അങ്ങനെ നല്ല ജോലി നേടി ഉദ്യോഗസ്ഥരായി
ഞാൻ എന്നും ഏകാന്തതയിൽ അലിഞ്ഞു സ്വയമില്ലാതെയായി തീരുകയായിരുന്നു
എൻ്റെ നന്ദൂട്ടി ഒരമ്മയാവാൻ പോകുന്നു പക്ഷേ
നന്ദിനിമോൾ ആ വീട്ടിൽ ചെല്ലരുതെന്ന്
അമ്മ പറഞ്ഞു
നെഞ്ചു പൊടിയുന്ന വേദനയിലും പുഞ്ചിരിയോടെ
ഞാൻ പോവുന്നില്ല അമ്മേ
എന്നു പറഞ്ഞു തിരിഞ്ഞു നടക്കുബോൾ
കാലുകൾ ഇടറുന്നുണ്ടായിരുന്നു
കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു
ആ മാവിന്റെ തണലിലിരുന്ന് മതിയാവോളം കരഞ്ഞു
അലെങ്കിലും അനിയത്തിയുടെ കാമുകനെ ഇഷ്ടമാണെന്ന് പറഞ്ഞ ചേച്ചി സ്വന്തം ജീവിതത്തിന് വിലങ്ങു തടിയാവരുതെന്ന് അവൾ കരുതിയിരുന്നു
പക്ഷേ അവൾക്കറിയില്ലായിരുന്നു അവൾക്കു വേണ്ടി ജീവൻ കളയാൻ പോലും
ഈ ചേച്ചി തയ്യാറാണെന്ന്
ഒരിക്കൽ പോലും രഘുവേട്ടനെ അവൾ അങ്ങനെ കാണുമെന്ന് കരുതിയില്ല
രഘുവേട്ടനും അവളോട് പ്രണയമായിരുന്നു
ശരിയാണ് ഒരിക്കൽ പോലും
ഞാനും രഘുവേട്ടനും സൗഹൃദത്തിന് അപ്പുറത്തേക്ക് ഒരു പ്രണയം നിറഞ്ഞ നോട്ടം പോലും പരസ്പരം ഉണ്ടായിരുന്നില്ല
വാക്കുകൾ മിതമായിരുന്നു എന്നും
പ്രണയിക്കാൻ സൗന്ദര്യവും വേണമായിരുന്നോ
എൻ്റെ കറുപ്പു നിറത്തിനോട് എനിക്ക് അന്ന് പുച്ഛം തോന്നിയിരുന്നു
എന്നേക്കാൾ നാല് വയസ്സിന് ഇളയവളാണ് നന്ദന എൻ്റെ നന്ദൂട്ടി
എനിക്ക് കിട്ടാതെ പോയ സൗന്ദര്യം ദൈവം അവളിൽ അധികമായി നൽകിയിരുന്നു
ചിലരെങ്കിലും എന്നെ പരിഹസിച്ചിരുന്നു
എന്നിട്ടും
ഒരമ്മയെ പോലെ
എൻ്റെ നെഞ്ചിൽ ചേർത്തു പിടിച്ചു ഞാൻ അവളെ സ്നേഹിച്ചിരുന്നു
എത്ര നേരം കരഞ്ഞു എന്നറിയില്ല സമയം ഒരുപാട് കടന്നു പോയി
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
മാവിൻ ചുവട്ടിൽ നിന്നെഴുന്നേറ്റ്
തിരികെ നടക്കുബോഴും ഒരിക്കലും പൂക്കാത്ത മധുര മാമ്പഴങ്ങൾ
സമ്മാനിക്കാത്ത ആ പാഴ് മരം ചിലർക്കെങ്കിലും തണലാണെന്ന് കരുതുബോൾ ഉള്ളിൽ
ഉയിർത്തെഴുന്നേൽപ്പിൻ്റെ പുത്തൻ ചിന്തകളുണർന്നു
സന്ധ്യയ്ക്ക് മേൽ ഇരുൾ കത്തി പടരുവാൻ തുടങ്ങുന്നു
പാരിജാത ചെടിയുടെ മറവിൽ നിന്ന് പെട്ടെന്ന് ഇരുളിൽ നിന്നാരോ ചേർത്തു പിടിച്ചപ്പോൾ കുതറി മാറാനുള്ള ശ്രമം
വിഫലമായി
ബലിഷ്ഠമായ കൈകൾക്കുള്ളിൽ പിടഞ്ഞു
ചെമ്പരത്തിയും പാരിജാതവും തിങ്ങി വളർന്ന ഇരുട്ടിൻ്റെ ഭീകരതയിലേയ്ക്ക്
ചിലന്തി വലയിലേയ്ക്ക് വീണുപോയി
ഇരുളിനും നിശബ്ദതയ്ക്കുമിടയിൽ
ഏതാനും നിമിഷങ്ങൾക്കകം
ജീവനറ്റ ദേഹം മാത്രമായി
നിറമേതായാലും ഒരു ശരീരം മാത്രം മതിയെന്ന്
ഒരിക്കലും പൂക്കാത്ത മധുരങ്ങൾ
സമ്മാനിക്കാത്ത ആ മാവ് മനസ്സിൽ കരുതി
പാരിജാതത്തിൻ്റെ സുഗന്ധത്തിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നിരുന്നു
....................
രാജിരാഘവൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo