നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴയിൽ പിറന്ന അഗ്നി


°°°°°°°°°°°°°°°°°°°°°°°°°
ചിതറിക്കിടക്കുന്ന
പുസ്തകങ്ങളിൽ സ്വർണ്ണ നിറമുള്ള പുറംചട്ടയും അതിൽ ചുവപ്പു കലർന്ന
തലക്കെട്ടുമുള്ള ആ പുസ്തകം മാത്രം കണ്ടില്ല.ഇന്നലെ വിനയൻ വന്നു പറഞ്ഞപ്പോഴാണ് ആ പുസ്തകത്തേക്കുറിച്ചോർമ്മ വന്നത്. ഇടവഴിയിൽ വെച്ച് എന്നോ പരിഭ്രമത്തോടെ എന്നാൽ കണ്ണുകളിൽ പ്രണയം നിറച്ചു കൈയ്യിൽ തന്ന ആ പുസ്തകത്തിൻ്റെ തലക്കെട്ട് "മഴയിൽ പിറന്ന അഗ്നി" എന്നായിരുന്നു.
വിനയൻ്റെ പ്രണയമായിരുന്നു അതിലേ ഓരോ വരികൾക്കും, അയാളുടെ ഹൃദയത്തിലെ പ്രണയം അഗ്നി ആയി ആളിക്കത്തിയിരുന്നു. ഒരു കുടയിൽ ഒരുമിച്ച് നടന്നപ്പോൾ പ്രണയത്തിൽ ചാലിച്ച ഏതാനും വാക്കുകൾ മാത്രം അയാൾ പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ മനസ്സിനുള്ളിൽ കുടിയേറിപ്പാർക്കുന്ന കവിത പോലെയാണ് അയാളുടെ സംഭാഷണം.
പക്ഷേ ഒരിക്കലും വിനയനോട് പ്രണയം തോന്നിയിട്ടില്ല.ഇന്നും വിവാഹം പോലും കഴിക്കാതെ എഴുത്തിന്റെ ലോകത്താണെന്ന് കേട്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നിയിരുന്നു. വലിയ കണ്ണാടിയും,മുഷിഞ്ഞ ജുബ്ബയും ചുമലിൽ വീണുകിടക്കുന്ന മുടിയും ആളാകെ മാറിയിരിക്കുന്നു. പക്ഷേ ഇന്ന് ഒരുപാട് സാഹിത്യം പറഞ്ഞു.ഒന്നും മനസ്സിലായില്ല. അല്ലെങ്കിലും അയാൾ ആർക്കും തന്നെ വായിക്കാൻ അവസരം നൽകില്ല.
ജീവിതത്തിൻ്റെ നാൾവഴികളിൽ ചിന്നിച്ചിതറിയ ആത്മ ബന്ധങ്ങൾ ചേർത്തു പിടിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല.തിരക്കുകളിൽ എല്ലാം മറഞ്ഞു പോയിരുന്നു. വിദേശത്തെ ഉയർന്ന ജോലി, ശമ്പളം, ഭർത്താവിന്റേയും, വീട്ടുകാരുടേയും സന്തോഷം അങ്ങനെ കടമകൾക്ക് മുൻപിൽ തളച്ചിടാൻ വിധിക്കപ്പെട്ട ജീവിതം. അമ്മമ്മയുടെ ശവദാഹത്തിന് എത്താൻ കഴിഞ്ഞില്ല, ഡോ:അഗ്നിശോഭ തിരക്കിലായിരുന്നു. ജീവിതം വെട്ടിപ്പിക്കാനുള്ള തിരക്കിൽ.
അച്ഛനും, അമ്മയും ചെറുപ്പത്തിലേ നഷ്ടമായി.അമ്മമ്മയായിരുന്നു എല്ലാം. പഠിപ്പിച്ചു വലിയ നിലയിൽ എത്തപ്പെട്ടപ്പോൾ നാടും, വീടും ബന്ധങ്ങളും ഇട്ടെറിഞ്ഞു സ്വന്തം സുഖം മാത്രം നോക്കി ജീവിച്ചു തീർത്ത ജീവിതത്തിന് അല്പം ഇടവേള നൽകി ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളിലേയ്ക്ക് ഒരെത്തി നോട്ടം.
നീണ്ട അവധിയെടുത്ത് മരുതംകുഴി എന്ന ഗ്രാമത്തിൻ്റെ ഇടവഴികളിലും,കുളങ്ങളിലും
പുഴകളിലും
മറന്നു വെച്ച ഒരായിരം ഓർമ്മകൾ വാരിയെടുത്ത് കൈക്കുമ്പിളിൽ നിറച്ചു ചുംബിച്ചു.
പിന്നെ കൊഴിഞ്ഞു വീണ പൂവുകൾ മണ്ണിൽ തളർന്നുറങ്ങുന്നത് നോക്കി എത്ര നേരമിരുന്നു എന്നറിയില്ല.
താഴേക്കാവിലെ മുറ്റത്ത്‌ പൂത്തു നിൽക്കുന്ന ചെമ്പക ചോട്ടിൽ വച്ചാണ് വിനയനെ വീണ്ടും കണ്ടത്. തൊഴുതിറങ്ങുബോൾ ആ മരച്ചുവട്ടിൽ വിനയൻ കാത്തു നിന്നിരുന്നു.
സ്വർണ്ണ നിറം കൊണ്ട് തീർത്ത വരികൾക്കുള്ളിലെ പ്രണയത്തിന് മഴയുടെ തണുപ്പായിരുന്നു. തെക്കുമ്പാട്ടെ വയൽ വരമ്പിലൂടെ നടക്കുബോൾ വിനയൻ വാചാലനായിരുന്നു. വിനയൻ എന്ന സ്കൂൾ മാഷിൽ നിന്നും എഴുത്തുകാരനിലേയ്ക്കുള്ള മാറ്റം അത്ഭുത്തോടെ അതിലുപരി കൗതുകത്തോടെ കേൾക്കുകയായിരുന്നു.
തിരിച്ചൊന്നും പറയാനില്ല ഒരിക്കൽ ഒരുപാട് വാചാലയായിരുന്നു,ഇപ്പോൾ വാക്കുകൾക്കായി ഒരു തിരിച്ചിലാണ്.എന്നിട്ടും മുഴുവനാക്കാൻ കഴിയാത്ത വാക്കുകൾ ഹൃദയത്തിൽ തിങ്ങിനിറഞ്ഞിരുന്നു.
കൂടെ പ്രായത്തിൻ്റെ മാറ്റം മുഖത്ത് തെളിഞ്ഞു തുടങ്ങി എന്ന സൂചനയും നൽകി വിനയൻ.
തനിക്കും പ്രായമായെന്ന് തിരിച്ചു പറയണമെന്ന് തോന്നി.
അത്രയ്ക്ക് സ്വാതന്ത്ര്യം ഇല്ല എന്ന തോന്നലു കൊണ്ടാവാം പറഞ്ഞില്ല.
ഉമ ചെറിയമ്മയാണ് തിരച്ചിലിനു വിരാമമിട്ടത്. ആ പുസ്തകം അമ്മാവൻ്റെ മകൾ ശ്രുതി കൊണ്ട് പോയി എന്ന്. എന്തിനവൾ കൊണ്ട് പോയി എന്നറിയില്ല.ചിലപ്പോൾ ആ പുസ്തകത്തിന്റെ ഭംഗി അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം,അല്ലെങ്കിൽ അതിലേ ഓരോ വരിയിലേയും പ്രണയം അവളുടെ മനസ്സിൽ പ്രണയം നിറച്ചിട്ടുണ്ടാവാം. എൻ്റെ മുറിയിൽ കയറി ആ പുസ്തകം മാത്രം തിരഞ്ഞെടുത്തു കൊണ്ട് പോയത് അത്രമേൽ അവളെയത് ആകർഷിച്ചു കാണും. പത്തു വർഷത്തിനിപ്പുറം ആ വലിയ പെട്ടിയിൽ അടക്കം ചെയ്ത കുറേയേറെ പുസ്തകങ്ങളിൽ ആ പുസ്തകം എത്രയോ പ്രിയ്യപ്പെട്ടതാണെന്ന സത്യം ഇന്ന് തിരിച്ചറിയുന്നു.
ഓർമ്മകൾ വീണ്ടും അടുക്കി വച്ചു യാത്ര പറയാൻ ആ വലിയ നാലുകെട്ടിൻ്റെ മുറ്റത്ത് നിൽക്കുബോൾ ആൾത്താമസത്തിൻ്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. കാടുപിടിച്ചു കിടക്കുന്ന അവിടെ പഴക്കമുള്ള ചുവരുകൾക്കുള്ളിൽ ചിതലരിച്ചിരുന്നു.
തിരിച്ചു പടികളിറങ്ങുബോൾ ഒരു പിൻവിളി കേട്ടത് പോലെ ,ഇല്ല തിരിഞ്ഞു നോക്കിയപ്പോൾ ആരേയും കാണാനില്ല.
വൈകുന്നേരമാണ് യാത്ര തിരിക്കേണ്ടത്.ഇടവഴിയിലെ ചെമ്പരത്തി വേലിയിൽ നിറയെ പൂക്കൾ വിടർന്നിരുന്നു.
ചുവന്നു തുടുത്ത ചോര നിറമാർന്ന ചെമ്പരത്തി പൂക്കൾ.
അപ്പോൾ എതിരെ വന്ന കരുണാകരേട്ടനാണ് ആ സത്യം പറഞ്ഞത്. വിനയൻ മാഷ് മരിച്ചു എന്ന യാഥാർത്ഥ്യം.ഒരു നിമിഷം നടുങ്ങി തരിച്ചു നിന്നു. പിന്നെ ശബ്ദിക്കാനാവാതെ ഇടറുന്ന പാദങ്ങളോടെ
നടന്നു ദിക്കറിയാതെ. ഉമ ചെറിയമ്മ എന്തൊക്കെയോ ചോദിച്ചു. മറുപടിയായി എന്തൊക്കെയോ പറഞ്ഞു. എത്രയും വേഗം ഇവിടെ നിന്നു പോവണം ഫ്ളാറ്റിലെ ഏകാന്തതയിൽ സുന്ദരമായ ഓർമ്മകൾ ഇനി
കണ്ണുനീരിനും, ശോകത്തിനുമായി വഴിമാറുമെന്ന് തീർച്ചയാണ്.
ഒരമ്മയാവാനുള്ള ഭാഗ്യം ഇല്ലാത്ത വിഷാദം തളംകെട്ടി നിൽക്കുന്ന മനസ്സിൽ ഇനി ഓർമ്മിക്കുവാൻ എന്താണുള്ളത് ഈ മണ്ണിൽ.
ഇന്നലെ സ്വപ്നത്തിലോ ,യാഥാർത്ഥ്യത്തിലോ വിനയൻ മാഷ് വന്നത്. മരിച്ചു എന്ന് ആരും പറഞ്ഞില്ല.എത്ര ആലോചിച്ചിട്ടും സ്വപ്നമെന്ന് കരുതാൻ കഴിഞ്ഞില്ല.ഒടുവിൽ അത് വെറുമൊരു സ്വപ്നമായി തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എങ്കിലും ഉമ ചെറിയമ്മയോട് ചോദിച്ചു.
നാലു വർഷമായി മാഷ് മരിച്ചിട്ട് .ആത്മഹത്യ ആയിരുന്നു.ആരും ആ മരണത്തിന് അത്ര പ്രാധാന്യം നൽകിയില്ല.എല്ലാവരും മറന്നു. അത്രയേ ചെറിയമ്മ പറഞ്ഞുള്ളൂ. അല്ലെങ്കിലും ആരുമായും വിനയൻ കൂടില്ല. തനിച്ചിരിക്കാനും,പുസ്തകങ്ങളോട് കൂട്ടുകൂടാനും മാത്രം അറിയുന്നവനാണ്. ഓർമ്മിക്കാനായി ആർക്കും ഒന്നും തന്നെയും സമ്മാനിക്കാനിടയില്ല.
വിമാനത്തിൽ ഇരിക്കുബോൾ മനസ്സിൽ ഒരു നോവിന്റെ വിങ്ങൽ കുടിയേറിയിരുന്നു.
സ്വർണ്ണ നിറമുള്ള ആ പുസ്തകത്തിലെ വരികളെല്ലാം ശില പോലെ മനസ്സിൽ ഉറച്ചു പോയി.
സൂര്യപ്രകാശം ഏൽക്കുബോൾ അലിഞ്ഞു പോവുന്ന മഞ്ഞു തുള്ളി പോലെ, എല്ലാ ദു:ഖവും മാഞ്ഞു പോയെങ്കിൽ
കണ്ണുകളടച്ചു രണ്ടു തുള്ളി കണ്ണുനീർ കവിളിനെ പൊള്ളിച്ചു ഒഴുകിയിറങ്ങി.
ഇന്ന് വിനയൻ മാഷിനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാൻ.
നഷ്ടമാവുബോൾ മാത്രം തിരിച്ചറിയുന്ന, പ്രണയത്തിന്റെ, ചെമ്പകപ്പൂക്കൾ മണക്കുന്ന അമ്പല മുറ്റത്ത്‌ ഒരു മഴയായ് പെയ്തിറങ്ങുന്ന അവനെ അഗ്നിയായ് പുണരുന്നു ഞാൻ
.................................... രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot