Slider

പക

0
Image may contain: 1 person
*******
കൊല്ലിമലയുടെ മുകളിലെ ചെങ്കുത്തായ പാറക്കെട്ടിൽ.. വളർന്ന് നിന്നിരുന്ന വയലറ്റ് മഷിത്തണ്ട് ചെടികൾ ഒരുക്കിയ പുൽപ്പടർപ്പിലിരുന്ന്, പതം പറഞ്ഞ് കരയുന്ന ബിജുവിനേ നോക്കി സതീശൻ അസഹ്യതയോടെ ചോദിച്ചു:
''എന്തൊരു നാടകമാടാ ബിജൂ... ? ഒന്ന് നിർത്തടാ."
അടിവാരത്ത് നിന്നും അപ്പോൾ വീശിയടിച്ച കാറ്റ്... കുഴഞ്ഞ നാവിൽ നിന്നും ഉതിർന്ന സതീശന്റെ ആ ചോദ്യത്തെ പല തുണ്ടുകളാക്കി ചിതറിച്ച് ബിജുവിന്റെ കാതുകളിലേക്കെത്തിച്ചു. ഇട്ടിരുന്ന ടീഷർട്ടിന്റെ തുമ്പുയർത്തി കണ്ണ് തുടച്ച അവൻ...മൂക്ക് പിഴിഞ്ഞ കൈവിരൽ അടുത്ത് കണ്ട പാറക്കെട്ടിൽ ഉരച്ച് കൊണ്ട് പറഞ്ഞു:
" അവള് പാവമായിരുന്നെടാ സതീശാ... വെറും പാവം."
''ത്ഫൂ... "എന്ന് നീട്ടിത്തുപ്പിയ സതീശൻ... തന്റെ കൈയ്യിലിരുന്ന മദ്യം നിറച്ച പ്ലാസ്റ്റിക് ഗ്ലാസ്സ് ബിജുവിന്റെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു. " "പാവം പോലും, പാവം...
നീ ഇതങ്ങ് പിടിപ്പിച്ചേ..." അവന്റെ ശബ്ദം വല്ലാതെ കുഴഞ്ഞിരുന്നു. ലിറ്റർ കുപ്പിയിലുണ്ടായിരുന്ന മദ്യത്തിന്റെ... അവസാനത്തെ തുള്ളിയും ബിജുവിന്റെ നേർക്ക് അവൻ നീട്ടിയ... ആ ഗ്ലാസ്സിലെ ചുവന്ന ദ്രാവകത്തിൽ ലയിച്ചിരുന്നു.
ഗ്ലാസ്സ് വാങ്ങിയ ബിജു അത് തന്റെ അരികിൽ വെച്ച ശേഷം നിസ്സംഗ ഭാവത്തോടെ സതീശന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
മുഖം ഒരു പ്രത്യേക രീതിയിൽ വക്രിച്ച് പിടിച്ച സതീശൻ, വല്ലാത്ത പകയോടെ അവനോടപ്പോൾ പറയാൻ തുടങ്ങി.
"അവള് പോകേണ്ടവളായിരുന്നെഡാ ബിജു... തുലയേണ്ടവൾ... സ്വന്തം കാമുകനെ വഞ്ചിച്ച് മറ്റൊരുത്തന് പായ വിരിച്ചവൾ... അവൾ പണ്ടാരമടങ്ങിയത് നന്നായെടാ ... ഒന്ന് നിർത്തി തികട്ടി വന്ന ഉമിനീര് വിഴുങ്ങിയിട്ട് അവൻ തുടർന്നു ... നിനക്ക് വേറെ നല്ല പെണ്ണ് കിട്ടും, ഈ സതീശൻ കാട്ടിത്തരും... അവള് പോട്ടെടാ... പോട്ടെ... നീ ഇങ്ങനെ പട്ടിയെപ്പോലിരുന്ന് മോങ്ങാതെ."
കറുത്ത കരിമ്പടം പോലെ ഇരുൾ പുതച്ച ആ രാത്രിയിൽ മേഘക്കീറുകൾക്കിടയിൽ നിന്നും എത്തിനോക്കിയ നിലാവെട്ടം സതീശന്റെ മുഖത്തെ ക്രൗര്യ ഭാവത്തിന് വല്ലാത്ത തിളക്കം നല്കി.
"നിനക്കങ്ങനെ പറയാമെടാ സതീശാ... പക്ഷെ ഓർമ്മ വെച്ച നാള് മുതലെ അവളെ ഞാനീ ചങ്കിൽ കൊണ്ട് നടന്നതല്ലെ..."
ഇതും പറഞ്ഞ് ബിജു തന്റെ നെഞ്ച് തടവി.
"ഒന്ന് നിർത്തെടാ പന്നെ... നിന്റെ കൊണവതിയാരം കേട്ട് മടുത്തു ... നീ എച്ചില് തിന്നുന്ന പട്ടിയായി ജീവിക്കുന്നത് കാണാൻ സതീശന് പറ്റുകേലാരുന്നെടാ... എനിക്കത് കാണാൻ മേലാരുന്നു...അതുകൊണ്ടല്ലെ നിന്നെ ഞാൻ അവളുടെ കള്ളത്തരം കൈയ്യോടെ കാണിച്ച് തന്നത്. അന്ന് നേരം വൈകും വരെ നിന്നെ കുടിപ്പിച്ചതും മനപ്പൂർവ്വമാ... അന്ന് നമ്മള് താമസിച്ച് ചെന്ന കൊണ്ടല്ലേ മറ്റവൻ ആ വഴിയെ പമ്മി പോകുന്നത് കാണാൻ പറ്റിയത്. ഞാൻ എത്ര വട്ടം പറഞ്ഞു...നീ വിശ്വസിച്ചില്ല. അതെങ്ങനെയാ നീ വെറും പാവം. നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാ... നീ സങ്കടപ്പെടരുത്."
ഇതും പറഞ്ഞ് പാക്കറ്റിലവശേഷിച്ച എരിവുള്ള മിക്സ്ചർ സതീശൻ തന്റെ വായിലേക്ക് കുടഞ്ഞു... എന്നിട്ട് കാലിയായ കവർ ചെരിവിന്റെ അഗാധതയിലേക്ക് വലിച്ചെറിഞ്ഞു. വായുവിലൂടെ കുറച്ച് ദൂരം താഴേക്ക് പോയ അതിനെ ഗർത്തത്തിൽ നിന്നും വന്ന കാറ്റ്... ഹുങ്കാരത്തോടെ മേലേക്ക് ചുഴറ്റി എറിഞ്ഞു.
"എന്നാലും വേണ്ടായിരുന്നെടാ... ഞാനത് ചെയ്യണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി... ഒറ്റ രാത്രി പോലും ഒരു പോള കണ്ണടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതെങ്ങനാ കണ്ണടച്ചാൽ അവളുടെ ചിരിക്കണ മുഖമാ മുന്നിൽ വരണത്.
എന്നാലും ഞാൻ.. ഹൊ... എനിക്കത് ഓർക്കാൻ കൂടി മേല സതീശാ... എനിക്ക് പിടിച്ച് നിക്കാൻ വയ്യടാ ...എല്ലാം ഏറ്റ് പറഞ്ഞ് എനിക്ക് പ്രായശ്ചിത്തം ചെയ്യണം."
ഒറ്റക്കുതിപ്പിന് ബിജുവിന്റെ അരികിലേക്കെത്തിയ സതീശൻ... അവന്റെ മൂക്കും, വായും പൊത്തിപ്പിടിച്ചിട്ട് പറഞ്ഞു... " ഇനി മേലാൽ,... ഇനി മേലാൽ നീ ഇപ്പം പറഞ്ഞത് ആവർത്തിക്കരുത്... " സതീശന്റെ കൈ ബിജുവിന്റെ മുഖത്ത് കൂടുതൽ കരുത്തോടെ അമർന്നു...
" അവള് തന്നത്താൻ ചത്തു... ഈ കൊല്ലിയിലേക്ക് ചാടിച്ചത്തു... അല്ലാതെ നീ അവളെ തള്ളിയിട്ടതല്ല... അതാ നടന്നത്. ആ കഥ അങ്ങനെ തന്നെ മതി. ഒരീച്ച പോലും അറിയാതെയല്ലെ നമ്മൾ അവളെ പെടുത്തിയത്. പിഴച്ചവൾ... അവൾ അങ്ങനെ തന്നെ തീരണം... ''ത്ഫൂ... " അവൻ ഒന്നുകൂടി കാറിത്തുപ്പി."
ശ്വാസം കിട്ടാതെ പിടച്ച ബിജു...ഒരു കുതറിച്ചയിൽ സതീശന്റെ കൈ വിടുവിച്ചു. എന്നിട്ട് പാറയിലേക്ക് ചാരിയിരുന്ന്'... ചുമച്ച് കൊണ്ട് അവൻ തന്റെ നെഞ്ചും, കഴുത്തും നിർത്താതെ തടവി.പുറത്തേക്ക് തുറിച്ച് വന്ന ചുവന്ന് തുടുത്ത അവന്റെ കണ്ണ്കളപ്പോൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.
വേച്ച് പോകുന്ന കാൽവെപ്പുകളോടെ ആ പുൽപ്പടർപ്പിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് നടന്ന സതീശൻ... കുഴഞ്ഞ ശബ്ദത്തിൽ ബിജുവിനെ നോക്കി പറഞ്ഞു: "ഡാ...സമയം ഒത്തിരി ആയി... വാ... നമുക്ക് പോകാം." പിന്നെ തിരിഞ്ഞ് മുന്നോട്ട് നടക്കുന്നതിനിടയിൽ പല്ലിറുമിക്കൊണ്ട് തന്നത്താൻ മന്ത്രിച്ചു... "ഞാൻ ആഗ്രഹിച്ചിട്ട് കിട്ടാതെ പോയത്... ഒരു പട്ടിയേം തിന്നാൻ സതീശൻ അനുവദിക്കൂലാ. സതീശനെ തോപ്പിച്ചിട്ട് ഒരുത്തിയും ഇവിടെ ജീവിക്കുവേം വേണ്ട."
സതീശന്റെ ആ നടപ്പ് നോക്കി അല്പ സമയം അവിടെ തന്നെ ഇരുന്ന ബിജു ...തനിക്കരികിലിരുന്ന മദ്യം നിറഞ്ഞ ഗ്ലാസ്... കൈപ്പത്തി കൊണ്ട് മെല്ലെ തട്ടിമറിച്ചു.. എന്നിട്ടത് മലഞ്ചെരിവിലെ കല്ലുകളിൽ തട്ടി താഴെ കൊല്ലിയിലേക്കുരുളുന്നത് നോക്കി ഒരു നിമിഷം നിന്നു. പിന്നെ ഒരു നൊടി പോലും പാഴാക്കാതെ മുന്നോട്ട് നടന്ന് അവൻ സതീശന്റെ അടുത്തെത്തി... എന്നിട്ട് മുൻകൂട്ടി തീരുമാനിച്ചത് പോലെ സർവ്വശക്തിയുമെടുത്ത്... രണ്ട് കൈകളും സതീശന്റെ ചുമലിലേക്ക് ആഞ്ഞ് പതിപ്പിച്ചു... താഴെ അഗാധതയിലേക്കകന്ന് പോകുന്ന സതീശന്റെ ആർത്ത നാദത്തിന് ചെവി കൊടുക്കാതെ... പിന്നെ അവൻ തന്റെ മുടന്തുള്ള കാലും വലിച്ച് കൊല്ലിയുടെ ചെരിവിറങ്ങി താഴേക്ക് നടക്കാൻ തുടങ്ങി.
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo