നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിക്കൊളാസും ലക്ഷ്മിയും കറുത്ത തൂവൽ പക്ഷിയും കൂടെ കഥയെഴുതിയ ഞാനും

Image may contain: 1 person, smiling, indoor

അധികം തണുത്തു വിറങ്ങലിക്കാത്ത ഒരു നല്ല വൈകുന്നേരമായിരുന്നു അത് ---പബ്ലിക്ക് പാർക്കിലെ ആ സിമൻറ് ചാരു ബഞ്ചിൽ പതിവുപോലെ .നിക്കൊളാസ് ചാരിയിരുന്നു: കുറച്ചകലെ മാറി കുട്ടികൾ പന്ത് കളിക്കുന്നു: സായാഹ്നം ഇരുളാൻ സമയമായില്ല. ഒരു ചെറിയ ശീതക്കാറ്റ് വെറുതെ ഒന്ന് തഴുകി മുന്നോട്ട് പോയപ്പോൾ നെറ്റിയിലേക്ക് വീണ മുടി കൈകൊണ്ട് മാടിയൊതുക്കി
"സർ "
പതിവുപോലെ വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന കണ്ണുകളുള്ള പയ്യൻ കപ്പലണ്ടി പാക്കറ്റുമയി വന്നു ് ഒരു പൊതി വാങ്ങി കാശു കൊടുത്തു അവൻ അതും കൊണ്ട് മുന്നോട്ട് നീങ്ങി .... നിക്കൊളാസ് അലക്ഷ്യമായി അത് കൊറിച്ചു കൊണ്ടിരുന്നു:
പലരും പല വിശേഷങ്ങൾ പങ്കുവെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു: നിക്കോളാസ് അതിലൊന്നും ശ്രദ്ധിക്കാതെ കായലിലൂടെ നീങ്ങി ക്കൊണ്ടിരിക്കുന്ന ബോട്ടുകളിലേക്ക് കണ്ണുകൾ പായിച്ചു
ഇനി കുറച്ച് കഴിയുമ്പോൾ കായൽതീരത്തിലും അരികിലും അങ്ങ് ദുരെയുമായി നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിലും കപ്പലുകളിലും നക്ഷത്ര ദീപങ്ങൾ തെളിയും ... കായലിനെ ഒരു ഡയമണ്ട് നെക്കലേസ് അണിയിച്ച പ്രതീതി :അത് കണ്ട് കണ്ണടച്ച് സൂര്യൻ പതിയെ പതിയെ കടലിൽ താഴും... ആ കാഴ്ചക്ക് സാക്ഷ്യം വഹിച്ചാൽ നിക്കോളാസ് മടങ്ങും അതാണ് എന്നും പതിവ്
സാറെ "
നിലക്കടല പൊതിയിലാക്കി വിൽക്കുന്ന ആ പയ്യന്റെ വാക്കുകൾ കേട്ട കണ്ണ് വിടർത്തി നോക്കി....
" സാറെ നൂറ് രൂപക്ക് ചേയ്ഞ്ച് ഉണ്ടോ "
"ഊം എന്ത് പറ്റി "
" സാറെ ആ മാഢം ഒരു പൊതി മേടിച്ചു .ബാക്കി കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല"
"എങ്കിൽ നീ ആ കടല പൊതിയിങ്ങ് തിരിച്ചു മേടിക്ക് "
"അയ്യോ അവരത് പകുതിയും കഴിച്ചു
"നിക്കളാസ് കുലുങ്ങിച്ചിരിച്ചു
"ന്നാ ആ നോട്ടങ്ങ് മടക്കി കൊടുത്തേക്ക് ഇതിന്റെ കാശ് ഞാൻ തരാം"
നിക്കളോ സ് കൊടുത്ത കാശും മേടിച്ചവൻ പോയി :അയാൾ വീണ്ടും കായൽ നിരീക്ഷണത്തിൽ മുഴുകി
" എക്സ് ക്യൂസ് മി"
ശബ്ദം കേട്ട. നിക്കോളാസ് തല വെട്ടിച്ചു നോക്കി... നേരത്തെ കടലക്കാരൻ പയ്യൻ ചൂണ്ടിക്കാണിച്ച മാഡം: വട്ട മുഖവും നെറ്റിയിലെ വലിയ വട്ടപ്പൊട്ടും ചെറുതായി വെള്ളി നരകൾ അവിടവിടെയായി. കയറി തിങ്ങിനിറഞ്ഞ മുടിയും വലിയ കണ്ണുകളുമുള്ള ആ മാഡം --- തന്റെ നരച്ചു തുടങ്ങിയ കൊമ്പൻ മീശ ഒന്നു തടവി നിക്കോളാസ് ചോദ്യരൂപേണ ഒന്നു നോക്കി
"ആ കടലയുടെ കാശ് ...." അത് കേട്ട നിക്കൊളാസ് കുലുങ്ങി ച്ചിരിച്ചു ....
" കടലയുടെ കാശ് വല്ലാതെ 'disturb ചെയ്യുന്നുണ്ടല്ലൊ "
അയാളുടെ ചോദ്യത്തിന് അവർ മറുപടിയൊന്നും പറഞ്ഞില്ല:
" വന്ന കാലിൽ നിൽക്കാതെ ഇരിക്കു" ആ ഓഫർ നിരസിക്കാതെ ആ സിമന്റ് ബഞ്ചിന്റെ ഒരു മൂലയിൽ അവർ ഇരുന്നു
"ബൈ ദ ബൈ ഐ ആം നിക്കോളാസ് പരിചയക്കാർ എന്നെ നിക്കിയെന്ന് വിളിക്കും"
"ഞാൻ ലക്ഷ്മി ദാസ് ... എനിക്കിവിടെ ആരും പരിചയക്കാരില്ലാത്തതിനാൽ ആരും ഒന്നും വിളിക്കാറില്ല "
"ഹ ഹ ഹ " നിക്കി ഉറക്കെ ചിരിച്ചു:
"ഒന്നുംവിചാരിക്കരുത് തമാശ എനിക്ക് ഒരു പാടിഷ്ടമാണ് ഒരു ചെറിയ തമാശ കേട്ടാൽ പോലും ഞാനുറക്കെയങ്ങ് ചിരിക്കും " നിക്കി പറഞ്ഞു
"അത് കൊള്ളാലൊ ''
"സത്യം ഫ്രണ്ട്സിന്റെ കൂടെ സിനിമ കാണാൻ പോകുമ്പൊ ഞാൻ ആദ്യമെ അവരോട് പറയും :തമാശ സീൻ വരുമ്പോ എന്റെ കയ്യിൽ നുള്ളാൻ --- ഇല്ലെങ്കിൽ പരിസരം മറന്ന് ഞാൻ ഉറക്കെ ചിരിക്കും :സിനിമ കാണാൻ വരുന്നവർക്ക് അതൊരു വലിയ ശല്ല്യമായി മാറും'
' "കൊള്ളാം നല്ല രസമുണ്ട് കേൾക്കാൻ "
ലക്ഷ്മി തന്റെ കയ്യിലുള്ള കടല കുറച്ചു നിക്കിക്ക് നൽകി.. രണ്ടു പേരും കായലിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടിരുന്നു.
.'ലക്ഷ്മി എവിടെയാ താമസം...
"ഞാൻ കോളേജ് ഗ്രൗണ്ട്ന്റെ എതിർവശമുള്ള ഫ്ലാറ്റിൽ.. "
"ഹോ അതുശരി.. ഞാൻ അവിടുന്ന് മാറി കുറച്ചു കൂടി മുൻപോട്ടു പോയാൽആ തിയേറ്ററിന്റെ അടുത്ത് കാണുന്ന ബിൽഡിംഗ്ൽ "
കായലിന്റെ ഓരങ്ങളിലും കപ്പലിലും ബോട്ടിലും എല്ലാം വിളക്കുകൾ തെളിഞ്ഞു... നിക്കിയും ലക്ഷ്മിയും അത് കൗതുകത്തോടെ ആസ്വദിച്ചു.. "കായൽ ഈ ഡയമണ്ട് നെക്‌ലേസ് കഴുത്തിലണിഞ്ഞാൽ ഞാൻ മെല്ലെ വിട പറയും.. അതാണ് പതിവു "
"ശരിയാണ് സമയം ഇരുട്ടികൊണ്ടിരിക്കുന്നു
"നിക്കിയും ലക്ഷ്മിയും എഴുനേറ്റു...
"നമ്മൾ പരിചയത്തിന്റെ ഒന്നാം അധ്യായം പോലും പൂർത്തിയാക്കിയിട്ടില്ല... ബാക്കി നാളെ
""അതെ കൂടുതൽ വിശേഷങ്ങൾ നാളെ " രണ്ടുപേരും എഴുനേറ്റു.. ആ പാർക്കിൽ നിന്ന് പുറത്തേക്കിറങ്ങി
ഒരു.കടല പൊതിയിലൂടെ നിക്കിയും ലക്ഷ്മിയും ഒരു സുഹൃത് ബന്ധത്തിന്റെ മേലാപ്പിൻ കീഴിൽ ആ സിമൻറ് ബഞ്ചിൽ തങ്ങളുടേതായ ഇരിപ്പിടങ്ങൾ കണ്ടെത്തി --- പിറ്റെ ദിവസവും വൈകുന്നേരം അവർ മറന്നില്ല: ഒരുമിച്ചിരുന്നൊന്ന് സൊള്ളാൻ :കൂട്ടിന് കടലപ്പൊതിയും: അന്നവർ അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറി:
"അപ്പൊ മിലിട്ടറിയിലെ റിട്ടയേർഡ് കേണൽ എന്ന് പറയുമ്പോ ജീവിതം വളരെ അടുക്കും ചിട്ടയുമുള്ളതായിരിക്കുമല്ലോ...''
നിക്കിയെക്കുറിച്ചറിഞ്ഞ ലക്ഷ്മി ചോദിച്ചു:
" ആയിരുന്നു: പക്ഷെ ഞാൻ ഇപ്പൊ ' ഒരുപാട് മാറി... " ഒരു നിശ്ചിത ചട്ടക്കൂടിനകത്ത് വളരെ മെക്കാനിക്കൽ ആയി ജീവിക്കുന്നതിനെക്കാളും സുഖം പ്രത്യേകിച്ച് ഒരു പ്രീ ഒക്കു പേഷ്യനുമില്ലാതെ റിലാക്സ് ഢ് ആയി അങ്ങിനെ പോകുന്നതാണെന്ന് തോന്നുന്നു''
" ചുരുക്കി പറഞ്ഞാൽ ഒരുഴപ്പ നായി മാറി "
എന്ന് പറഞ്ഞൂടാ: ആ പഴയ കേണലിന്റെ വൈറസ് എന്നെ ഇടക്കിടക്ക് അറ്റാക്ക് ചെയ്യാറുണ്ട് "
ലക്ഷ്മി കുലുങ്ങിച്ചിരിച്ചു:
"നിക്കിക്ക് നല്ല ഹ്യൂമർ സെൻ സുണ്ട് "
പിന്നെ കുറച്ചു നേരം ഇരുവർക്കുമിടയിൽ മൗനം ... കൂട്ടിന് കടലയും:
"കുടുംബത്തെക്കുറിച്ചൊന്നും പറഞ്ഞില്ല
"ഭാര്യ കുട്ടികൾ ആണ് കുടുംബം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ അതില്ല''
ലക്ഷ്മിയുടെ നെറ്റി ചുളിഞ്ഞു
" ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ പിറന്ന് വീണത് ''നിക്കി തുടർന്നു: അച്ചൻ ഒരു കൃഷിക്കാരനായിരുന്നു: നാലു പെൺകുട്ടികളുടെ ഇടയിൽ ഞാനൊ രൊറ്റ ആൺ സന്തതി '' ഒരുകഥ കേൾക്കുന്ന താൽപ്പര്യത്തോടെ ലക്ഷ്മി എല്ലാം മൂളിക്കേട്ടു " പട്ടാളത്തിൽ ചേർന്ന എനിക്ക് ഭാരിച്ച ഉത്തരവാദിത്വമായിരുന്നു: നാലു പെങ്ങന്മാരെ കെട്ടിച്ചയച്ചു: രോഗിയായ അച്ചന്റെ യും അമ്മയുടെയും ശുശ്രൂഷ: അങ്ങനെ ഒരു പാട്, ഉത്തരവാദിത്വങ്ങൾ: ഇതിന്നിടക്ക് വിവാഹം കഴിക്കാൻ ശരീരം കൊതിച്ചപ്പോൾ മനസ്സ് സമ്മതിച്ചില്ല പിന്നീട് മനസ്സ് കൊതിച്ചപ്പോൾ ശരീരം സമ്മതിച്ചില്ല "
"ഇനി ലക്ഷ്മിയുടെ 'ചരിത്ര പുസ്തകത്തിലേക്ക് കയറാം..."
"അങ്ങിനെ വലിയ ചരിത്രനായികയൊന്നുമല്ല ഞാൻ: ഒരു പഴയ യാഥാസ്ഥിതിക കുടുംബത്തിലെ പെൺകുട്ടി പ്രായം ആയപ്പോൾ മുതിർന്നവർ തീരുമാനിച്ചതിനനുസരിച്ച് താലികെട്ടാൻ കഴുത്ത് നീട്ടികൊടുത്ത പെൺകുട്ടി U N O യിൽ ഉദ്യോഗസ്ഥനായിരുന്നു ദാസ്: പിന്നെ ലോകം കുറെ കറങ്ങി -- വ്യത്യസ്തമനുഷ്യർ ജീവിതരീതികൾ ആചാരങ്ങൾ: ആ പഴയ നാട്ടിൻ പുറത്ത് കാരി ലക്ഷ്മിക്ക് അതൊരുപാട് മാറ്റങ്ങൾ നൽകി ഒരു പാട് അനുഭവങ്ങൾ നൽകി: അങ്ങിനെ ഇന്നത്തെ ലക്ഷ്മിയായി "
നിക്കി കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു
" റിട്ടയേർഡ് ജീവിതത്തിന്റെ ആദ്യ നാളുകളിൽ ദാസ് എന്നെ വിട്ടു പോയി: ഒരു നെഞ്ചുവേദന മാത്രമായിരുന്നു കാരണമായി വന്നത്: അതെനിക്ക് കടുത്ത ഏകാന്തത സമ്മാനിച്ചു: ഒരേ ഒരു മകൻ: അവനും കുടുംബവും ഇറ്റലയിൽ താമസമാണ്: ലോകം മുഴുവൻ കറങ്ങിയെങ്കിലും നമ്മുടെ . നാടും നഗരവും എനിക്കെന്നും പ്രിയപ്പെട്ടതാണ്: അത് കൊണ്ട് തന്നെ ഈ കൊച്ചു നഗരത്തിൽ ഒരു ചെറിയ ഫ്ലാറ്റ് മേടിച്ച് താമസം തുടങ്ങി: ഇടക്കൊക്കെ ഇറ്റലിയിൽ മകന്റെ അടുത്ത് പോയി നിക്കും"
അപ്പൊ ആ പഴയ തറവാട്:
'' അവിടെ ആരുമില്ല ഒരാളെ ഏൽപ്പിച്ചു :നോക്കി നടത്താൻ: ഇടക്ക് ഞാനവിടെ പോയി കാര്യങ്ങൾ അന്വേഷിക്കും
"സർ കടല.. "പയ്യന്റെ ശബ്ദം അവരെ ചരിത്രത്തിൽ നിന്നകറ്റി..
ലക്ഷ്മി അവനെ സൂക്ഷിച്ചു നോക്കി
"നീ സ്‌കൂളിൽ പോകുന്നില്ലേ ""
ഹും 8 ലാ പഠിക്കണെ... സ്‌കൂളു വിട്ടാൽ ഈ പണിക്കു വരും "
വീട്ടിൽ ആരൊക്കെയുണ്ട് "
"അമ്മ യുണ്ട് അമ്മക്ക് വയ്യ.. ശ്വാസം മുട്ടലാണ്. ന്നാലും വീട്ട് പണിക്കു പോകും "
രണ്ടു പേരും കടല പൊതി മേടിച്ചു...
"എന്താ നിന്റെ പേരു "
"അഭിമന്യു "വോ ഒരു ലെജൻഡറി നെയിം ആണല്ലോ " അവൻ ചിരിച്ചു...
പൈസ മേടിച്ചു അവൻ മുന്നോട്ടു നീങ്ങി.
"പാവം ഇത്ര ചെറുപ്പത്തിലേ എത്ര വലിയ ഉത്തരവാദിത്വമാണ് അവന്റെ ചുമലിൽ
"ലക്ഷ്മി അവനെ നോക്കി പറഞ്ഞു..
"ഞാൻ അവനൊരു ഓഫർ കൊടുത്തിട്ടുണ്ട്.. അവന്റെ വീടിനടുത്ത് ഒരു കൊച്ചു കട. കടലയും മിട്ടായിയും.. എല്ലാം വിൽക്കുന്ന ഒരു ചെറിയ കട..
""നല്ല കാര്യം ഞാനുംകൂടാ അതിൽ "ലക്ഷ്മി തന്റെ തീരുമാനം അറിയിച്ചു.
പതിവ് പോലെ കായൽ നെക് ലേസ് അണിയാൻ തുടങ്ങിയപ്പോൾ ലക്ഷ്മിയും നിക്കിയും എഴുന്നേറ്റു ::: നടന്നു നീങ്ങുമ്പോൾ ലക്ഷമി പറഞ്ഞു
"നിക്കിക്ക് പഴം പൊരിയിഷ്ടമാണൊ "
"പിന്നെ ആണോന്നോ---- ആ വളവ് തിരിഞ്ഞാൽ അവിടെ ഒരു കുട്ടേട്ടന്റെ ചായക്കടയുണ്ട് അവിടത്തെ പഴംപൊരി നല്ല സ്വാദാണ്: ഞാനൊരു സ്ഥിരം കസ്റ്റമറാണ് "
"എങ്കിൽ നാളെ കുട്ടേട്ടനെ മറന്നേക്ക് ഞാനുണ്ടാക്കി കൊണ്ടുവരാം
" ഹോ ഗ്രേറ്റ് ' എങ്കിൽ ഞാൻ നല്ല മിലിട്ടറി കോഫി ഫ്ലാസ്ക്കിൽ കൊണ്ടു വരാം "
അന്നത്തെ സായാഹ്നം യാത്ര പറഞ്ഞ് അവർ പിരിഞ്ഞു
: പതിവുകൾ തെറ്റിയില്ല :സായാഹ്നത്തിനും പിന്നെ നിക്കിക്കും ലക്ഷ്മിക്കും :ആ സിമിന്റ് ബഞ്ചിൽ അവർ ഇരിപ്പുറപ്പിച്ചു കൂട്ടിന് മിലിട്ടറി കോഫിയും ലക്ഷ്മിയുടെ പഴം പൊരിയും: പിന്നെ പതിവുപോലെയുള്ള നിക്കി യുടെ തമാശകളും
,അന്ന് കായൽ ഡയമണ്ട് നെക്ലേസ് അണിയുന്നതിനു മുൻപേ രണ്ടുപേരും എഴുനേറ്റു.. ലക്ഷ്മിക്കു നാളെ രാവിലെ തന്റെ തറവാട്ടിലേക്ക് ഒന്നുപോണം.. ആ നാട്ടിൻ പുറത്തേക്കു... കാറിന്റെ അരികിൽ എത്താറായപ്പോൾ ലക്ഷ്മി ചോദിച്ചു..
"നിക്കി.. നാളെ വൈ കാന്റ് യൂ ജോയിൻ മി... എന്റെ ആ ഗ്രാമം ആ നാട്ടിൻപുറം നിക്കിക്ക് തീർച്ചയായും ഇഷ്ടപെടും "
അതിരാവിലെ നീക്കിയെയും ലക്ഷ്മിയെയും വഹിച്ചുകൊണ്ട് കാർ ആ നാട്ടിൻ പുറത്തേക്കു പാഞ്ഞു...
"അതേയ് ഞാൻ ആവിശ്യത്തിന് പഴം പൊരി കൊണ്ടുവന്നിട്ടുണ്ട് "
ഡ്രൈവ് ചെയ്യുന്ന നിക്കിക്ക് ഒരു പഴം പൊരി നൽകികൊണ്ട് ലക്ഷ്മി പറഞ്ഞു.. ലക്ഷ്മിയുടെ കയ്യിലിരിക്കുന്ന കൊച്ചു പ്ലാസ്റ്റിക് ബാഗിലേക്കു നോക്കി നിക്കി ചിരിച്ചു..
"ഇത് കുറെ ഉണ്ടല്ലോ "
പിന്നെന്താ എന്റെ നാട്ടിൽ എത്തുന്നതുവരെ കഴിക്കാനുള്ളതുണ്ട് "
ഇനി കുറച്ചു മ്യൂസിക് കേൾക്കാം അല്ലെ "ലക്ഷ്മി പുറം കാഴ്ചകൾ നോക്കിയിരിക്കെ പറഞ്ഞു
"ആരാ ഫേവറിറ്റ് "നിക്കിയുടെ സംശയം...
"സംശയമെന്താ... ശ്രേയ ഘോഷാൽ
"ഹോ ഗ്രേറ്റ്... പിന്നെ മനോഹരമായ മെലഡിയുടെ സമയങ്ങളായിരുന്നു...
"ഈ സംഗീതത്തെ കുറിച്ച് ഒരു ചൊല്ലുണ്ട് അറിയോ ലക്ഷ്മിക്ക്
"ഇല്ലെന്നർത്ഥതത്തിൽ ലക്ഷ്മി തലയാട്ടി...
"രണ്ടു മനുഷ്യർ തമ്മിൽ പറയാതെ പറയാൻ എന്തെല്ലാം അഗ്ഗ്രഹിക്കുന്നുവോ അതെല്ലാം അവരുടെ മനസ്സുകളുടെ ഇടയ്ക്കു ഒഴുകിവരുന്ന സംഗീതം പറഞ്ഞുകൊള്ളും അവർ പോലും അറിയാതെ
"ഹോ ഇതെല്ലാം എവിടുന്നു സംഘടിപ്പിക്കുന്നു
"ലക്ഷ്മി കുലുങ്ങിചിരിച്ചുകൊണ്ടു ചോദിച്ചു
"ഞാൻ പറഞ്ഞിട്ടില്ലേ. പട്ടാളകേമ്പിലെ ഒരു കുമാരനാശാൻ ആയിരുന്നു ഞാനെന്നു "
മെലഡിയുടെ സൗന്ദര്യം നുകർന്ന് കൊണ്ട് അവർ യാത്ര തുടർന്നു.. ഒരു നേരിയ മഴ ചാറ്റൽ.. എങ്കിലും കൊഴുത്ത പകലിന്റെ കൊച്ചു കൊച്ചു ഓളങ്ങളെ വകഞ്ഞുമാറ്റികൊണ്ടു കാർ മുന്നോട്ടു നീങ്ങി... ഗ്ലാസിൽ വന്നു വീഴുന്ന മഴത്തുള്ളികളെ ലക്ഷ്മി എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരുന്നു.. കൊച്ചുകുട്ടികളെപോലെ..
"നമ്മൾ എത്താറായി "റോഡ് സൈഡിലെ ഒരു ചെറിയ അത്താണി കടന്നപ്പോൾ ലക്ഷ്മി പറഞ്ഞു..
"പഠിക്കുന്ന കാലത്ത് ഇവിടെനിന്ന ഞാൻ ബസ്സു കയറിയിരുന്നതു കോളേജിലേക്ക്.. "
"ചുകന്ന പാവാടയും ബ്ലൗസും അണിഞ്ഞ് മുടിയൊക്കെ അഴിച്ചിട്ടു നിൽക്കുന്ന ലക്ഷ്മി എന്ന സുന്ദരിയെ കാണാൻ ഒരു പാട് വായ്‌ നോക്കികളും.. അല്ലെ "
"അയ്യോ അതെങ്ങിനെ നിക്കിക്ക് ഇത്ര കറക്ടായിറ്റ് പറയാൻ കഴിഞ്ഞു "
"എന്ത് "ചുകന്ന പാവാടയും ചുകന്ന ബ്ലൗസും.. എനിക്കിഷ്ടമുള്ള ഡ്രസ്സ് ആയിരുന്നു അത് "
നിക്കി ചിരിച്ചു "ഞാൻ പറഞ്ഞില്ലേ എന്നിലൊരു കവി ഒളിഞ്ഞു കിടപ്പുണ്ടെന്നു ""ഹോ സമ്മതിച്ചു അപാരം തന്നെ "
"ദേ നിക്കി ആ അമ്പലത്തിന്റെ സൈഡിൽ നിർത്തിക്കോളൂ "
ലക്ഷ്മി ചുണ്ടികാണിച്ചുകൊണ്ടു പറഞ്ഞു..
"നമുക്ക് ആ ഇടവഴിയിലൂടെ നടന്നു വിട്ടിലേക്കു പോകാം "
രണ്ടുപേരും കാറിൽ നിന്ന് പുറത്തേക്കിറങ്ങി.. നിക്കി ചുറ്റും നോക്കി.. ഒരു പഴയ ക്ഷേത്രം. അതിനുമുന്പിൽ ആയി ഒരു വലിയ ആൽമരം. അവിടെ ഒന്ന് രണ്ടു ചെറുപ്പക്കാർ സൊറപറഞ്ഞിരിക്കുന്നു.. തൊട്ടടുത്തായി ഒരു വലിയ കുളം. അവിടെ സ്ത്രീകൾ കുളിക്കുന്ന തിരക്കിൽ. ചിലർ കല്ലിൽ വസ്ത്രങ്ങൾ അല ക്കുന്നതിനായി ആഞ്ഞടിക്കുന്നു. അതിന്റെ ശബ്ദം അന്തരീക്ഷമാകെ പടരുന്നു..
. "ന്താണ് കാഴ്ച്ച കണ്ടു നില്കയാനോ.. വാ നടക്കു "ആ ഇടവഴിയിലൂടെ നിക്കിയും ലക്ഷ്മിയും മുന്നോട്ടു നീങ്ങി...
"ദേ അത് നോക്കിയേ അതാ ണ് പാമ്പിൻ കാവ്.. "ലക്ഷ്മി ഒരു വശത്തേക്ക് ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു
"പാമ്പിൻകാവോ "
"ഉം അതിനകത്തു ചിത്രകൂടകല്ലുണ്ടു ആ കല്ലിനകത്ത് വിശേഷ നാഗങ്ങളുണ്ടെന്നാണ് വിശ്വാസം.."
. ഒരു മുത്തശ്ശിക്കഥ കേൾകുന്നപോലെ നിക്കി കേട്ടുകൊണ്ട് നടന്നു..
"ഈ മരത്തിൽ മുഴുവൻ പാമ്പിൻ കായ ഉണ്ടാകും.. അത് പഴുത്തു ചുവട്ടിൽ വീഴുമ്പോ പാമ്പു വന്നു കൊത്തിത്തിന്നും "
"ആര് പറഞ്ഞു "
"മുത്തശ്ശി പറഞ്ഞു "
ലക്ഷ്മി മറുപടി പറഞ്ഞു
"ഈ മുത്തശ്ശിമാർ എന്ന് പറഞ്ഞാൽ കഥ സ്പെഷ്യലിസ്റ് കളാണല്ലേ..
"ആണെന്നോ മുത്തശ്ശിയുടെ അടുത്ത് ഒത്തിരി കഥകളുണ്ടായിരുന്നു
"അത് കേട്ട് വിശ്വസിക്കാൻ വിവരമില്ലാത്ത കുറെ പെൺപിള്ളേരും"
"ഹും മനസ്സിലായി അത് എന്നെ ഉദ്ദേശിച്ചാണെന്നു "
ലക്ഷ്മിയുടെ മറുപടി കേട്ട നിക്കി പൊട്ടിച്ചിരിച്ചു... പടിപ്പുരവാതിൽ കടന്നു അകത്തേക്ക് കയറിയ രണ്ടുപേരെയും കണ്ടപ്പോൾ രാമേട്ടൻ വീടിനു പുറത്തേക്കു വന്നു..
"ഇതാ ഞങ്ങടെ രാമേട്ടൻ.. ഈ വീട് മൊത്തം നോക്കുന്നത് ഇപ്പൊ രാമേട്ടനാണ്
"അവിടവിടെയായി പല്ലുകൾ പോയ മോണ കാട്ടി രാമേട്ടൻ ചിരിച്ചു
: "രാമേട്ടാ നല്ല വിശപ്പ്..
"അതിനെന്താ നല്ല ഇഡ്ഡലിയും നാളികേരചട്ണിയും ഉണ്ട്.. പിന്നെ ഉച്ചക്കു ചോറും പുഴമീൻ കറിയും...
"രാമേട്ടൻ പറഞ്ഞു തീരും മുൻപ് നിക്കി രാമേട്ടന്റെ അടുത്തേയ്ക്കു ചെന്ന് ശബ്ദം താഴ്ത്തി മെല്ലെ ചോദിച്ചു..
. "നല്ല നാടൻ കള്ള് കിട്ടുവോ... "
രാമേട്ടൻ നാണം കൊണ്ട് തല ചൊറിഞ്ഞു മോണകാട്ടി ഒന്ന് ചിരിച്ചു തലതാഴ്ത്തി...
"ഏയ് രാമേട്ടാ അതൊന്നും വേണ്ട..നിക്കി അങ്ങിനെ പലതും പറയും.. എനിക്കതൊന്നും ഇഷ്ടമല്ല "
പറഞ്ഞു കഴിഞ്ഞപ്പോൾ ലക്ഷ്മി പെട്ടെന്നോർത്തു.. താനിപ്പോ എന്താ പറഞ്ഞെ.. അത് പറയണ്ടായിരുന്നു..നിക്കി അത് ചെയ്യണ്ട എന്ന് പറയാൻ തനിക്കെന്തു അവകാശം... നിക്കി ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി.. രണ്ടുപേരുടെയും കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ നോട്ടം പിൻവലിച്ചു..
രാമേട്ടൻ അകത്തേക്ക് കയറി... നിക്കിയും ലക്ഷ്മിയും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല...
"നിക്കിക്ക് റസ്റ്റ് എടുക്കണോ "
ഏയ്
"എങ്കിൽ ഇഡ്ഡലി കഴിച്ചു നാട്ടിൻപുറം ചുറ്റികാണാം "
നാട്ടിൻപുറം ചുറ്റി കറങ്ങിവന്ന രണ്ടുപേരും പറമ്പിനകത്തെ കുളത്തിലെ കല്പടവിൽ ഇരുന്നു..
"അച്ഛനാണ് എന്നെ നീന്തൽ പഠിപ്പിച്ചത്. നിക്കി നിന്തില്ലേ
"കൊള്ളാം പട്ടാളക്കാരനോടാ നീന്താനറിയില്ലേ എന്ന് ചോദിക്കണേ "
എങ്കി ചാടി നീന്തിക്കുളിക്കു "നിക്കി ഒന്ന് മടിച്ചു.
.
അതേയ് ചാടിക്കോ.. മാറാനുള്ള ഡ്രെസ്സ് ഞാൻ തരാം. ദാസിന്റെ ഒരു പാട് ഡ്രസ്സ് അകത്തിരിപ്പുണ്ട് "
ചിന്തിച്ചു നിൽക്കാൻ സമയം കൊടുക്കുന്നതിനുമുന്പേ ലക്ഷ്മി ഓടിവന്നു നിക്കിയെ കുളത്തിലേക്ക് ഉന്തിയിട്ടു.. നിക്കി ആഞ്ഞ് നീന്തിയപ്പോൾ ആ പഴയ ചുകന്ന പാവടക്കാരിയുടെ നിഷ്കളങ്കതയോടെ കൈകൊട്ടി ചിരിച്ചു ലക്ഷ്മി... നീന്തി കയറിയ
നിക്കി കല്പടവിൽ മലർന്നു കിടന്നു... ലക്ഷ്മി അടുത്തു ചെന്നിരുന്നു.
. "ഹോ പാവം പട്ടാളക്കാരൻ ക്ഷിണിച്ചു... തല തുവർത്താൻ ഞാൻ പോയി towell കൊണ്ടുവരാം "
ലക്ഷ്മി എഴുനേൽക്കാൻ തുടങ്ങിയപ്പോൾ നിക്കി പെട്ടെന്ന് ലക്ഷ്മിയുടെ വിരലുകളിൽ പിടിച്ചു.. കൈ വലിച്ചെടുക്കാൻ എന്തോ ലക്ഷ്മിയും മുതിർന്നില്ല...
നിക്കിയുടെ അടുത്തിരുന്നു... റോസാപ്പുദ ലങ്ങളെപോലെ മൃദുവായ ആ കൈവിരലുകളിലേക്കു നിക്കി നോക്കി... കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല..
"ലക്ഷ്മി... നിക്കി പതിയെ വിളിച്ചു... ലക്ഷ്മി കണ്ണുകൾഉയർത്തി നോക്കി..
നിക്കി പതിയെ കണ്ണുകളടച്ചു.... ലക്ഷ്മിയുടെ വിരലുകൾ ആ കൈക്കുള്ളിൽ വിശ്രമിച്ചു... നിമിഷങ്ങൾ കൊഴിഞ്ഞു വീണപ്പോൾ നിക്കി വീണ്ടും വിളിച്ചു
"ലക്ഷ്മി "
" ഹും "
" നീയെന്നെ വലിച്ചെടുക്കുന്നു.. നിന്നെ കാണുന്ന നിമിഷത്തിൽ എനിക്ക് തോന്നും ഞാൻ അലിഞ്ഞു പോവുകയാണോ എന്ന്.. നിന്നെ കാണുന്ന പ്രതീക്ഷയെങ്കിലുമില്ലെങ്കിൽ ജീവിതം എത്ര ദുസ്സഹമാണ്. പക്ഷെ നിന്നിൽ നിന്ന് വേർപിരിയണം എന്നുള്ള ചിന്തകൾ എന്നെ ഭീതിപ്പെടുത്തുന്നു."
നിക്കി ലക്ഷ്മിയുടെ കൈവിരലുകൾ തന്റെ കൈക്കുള്ളിലാക്കി പതിയെ പറഞ്ഞുകൊണ്ടിരുന്നു...
"കീറ്റ്സിന്റെ പ്രസിദ്ധമായ പ്രണയവരികളാണ്.. ഞാൻ ഏറ്റവും ഇഷ്ടപെടുന്ന വരികൾ "
ലക്ഷ്മി തല താഴ്ത്തി എല്ലാം കേട്ടുകൊണ്ടിരുന്നു.. നിക്കി പതിയെ എഴുനേറ്റു.. ലക്ഷ്മി തന്റെ കൈവിരലുകൾ പിറകോട്ടു വലിച്ചു..
"നമ്മൾക്കിടയിൽ നമ്മളറിയാതെ എന്തോ കയറി വരുന്നുണ്ടോ.. ക്ഷണിക്കാതെ കയറിവരുന്ന അതിഥിയെ പോലെ "
നിക്കിയുടെ ചോദ്യത്തിന് ലക്ഷ്മി പെട്ടെന്നൊരു ഉത്തരം പറഞ്ഞില്ല... പിന്നീട് പതുക്കെ പറഞ്ഞു
"എനിക്കറിഞ്ഞുട നിക്കി "കൽപ്പടവുകൾ കയറി മുകളിലേക്കെത്തുംവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല... എങ്കിലും രണ്ടുപേരുടെയും മൃദുഹൃദയങ്ങളിൽ എന്തൊക്കെയോ പെയ്തിറങ്ങുന്നുണ്ടായിരുന്നു... അതന്യോന്യം പറഞ്ഞു മനസ്സിനും കാതിനും ഇമ്പമേകാൻ അവർ അശക്തരായപോലെ... ഒരു നൂറു വാക്കുകളുടെ പൊന്കതിർ മനസ്സിലങ്ങോളമിങ്ങോളമിട്ടു നടനമാടുമ്പോൾ നിശബ്ദരായി പുഴമീൻ കറിയും കൂട്ടി ഊണുകഴിച്ചു അവർ എഴുനേറ്റു... രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങി.... തിരികെ യാത്രയിൽ നിക്കി മൗനം ഭഞ്ജിച്ചു...
"അതേയ് പഴം പൊരി കഴിഞ്ഞോ "" അത് കൊള്ളാം ഇപ്പൊ drive ചെയ്യാൻ പഴം പൊരി വേണമെന്നായോ
"ഓരോരോ പുതിയ ശീലങ്ങൾ എന്നെ പഠിപ്പിച്ചെടുത്തില്ലേ "
നിക്കിയും ലക്ഷ്മിയും പരസ്പരം നോക്കി... ഒന്നും മിണ്ടിയില്ല... ഇടവിട്ടിടവിട്ടുള്ള മൗനം അവരുടെ യാത്രയിൽ ഒരു നല്ല സ്ഥാനം കയ്യടക്കിയെങ്കിലും ഏതോ പറയാൻ പറ്റാത്ത പ്രണയത്തിന്റെ ഏഴഴകും ചേർ ന്ന
നൂലിഴകൾ അവർക്കിടയിൽ നെയ്ത്ത് തുടങ്ങിയപോലെ... ഒരു കരുതലുള്ള സ്നേഹത്തിനായി കൊതിക്കുമ്പോലെ...
പട്ടണത്തിന്റെ അതിർവരമ്പുകൾ കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ ലക്ഷ്മിയുടെ ഫോൺ ശബ്ദിച്ചു
"മോനാണല്ലോ ""
hello"
"അമ്മെ ഞാനാ.. ""
പറ മോനു ""
"അമ്മെ ശാലിനിക്ക് ജോലിയായി. ബാങ്കിലാണ്"
""ho great congrats""
അമ്മെ കുറച്ചു മാസത്തേക്ക് ഒന്നമ്മക്കു വരാൻ പറ്റുമോ... അടുത്ത ഡിസംബെരിൽ മോനെ play സ്കൂളിൽ വിടാം..അത് വരെ മോനെ ഒന്ന് നോക്കാൻ.... ശാലിനികൂടി ജോലിക്കു പോയാൽ...... "
ലക്ഷ്മി എല്ലാം മൂളികേട്ടു.
. "മോനെ ഞാൻ അങ്ങോട്ട് വിളിക്കാം "
ലക്ഷ്മി phone കട്ട് ചെയ്തു.... ഒരു ചെറിയ മൗനത്തിനു ഇടം നൽകി ലക്ഷ്മി പറഞ്ഞു
"അവൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു
"പോകുന്നോ ""
പോയല്ലേ പറ്റു... ഇനി കുറച്ചകാലത്തേക്കു ഒരു കാവൽക്കരിയുടെ റോൾ.. അഭിനയിച്ചു തീർക്കണം "
പുറത്തെ കാഴ്ച്ചകൾ നോക്കികൊണ്ട്‌ ലക്ഷ്മി ആരോടെന്നില്ലാതെ പറഞ്ഞു..... ഫ്ലാറ്റിനു മുൻപിൽ കാറില്നിന്നിറങ്ങിയ ലക്ഷ്മി നീക്കിയോട് യാത്രപറഞ്ഞു.
"ശരി നിക്കി.. ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വിളിക്കാം ട്ടോ... "ലക്ഷ്മി നടന്നു പോകുന്നതും നോക്കി കുറച്ചു നേരം നിക്കി കാറിൽ തന്നെയിരുന്നു
..................................
ആ സായാഹ്നവും കായൽ അണിയുന്ന നെക്ലേസും നിക്കി പാർക്കിലെ ആ ബെഞ്ചിലിരുന്നു ഒറ്റക്കിരുന്നു ആസ്വദിക്കാൻ ശ്രമിച്ചു... ലക്ഷ്മി ഇറ്റലിയിലേക്ക് പോയതിനു ശേഷം... കൂട്ടിനു ഒരു പൊതി കടലയും.... നിക്കി ഓർത്തു.. ജീവിതത്തിൽ താനൊരിക്കലും അറിയാത്ത വല്ലാത്തൊരു സുഖവും സംതൃപ്തിയുമായിരുന്നു ലക്ഷ്മിയോടൊപ്പം ചിലവഴിച്ച പോയ കുറെ ദിനങ്ങൾ... പറയാനറിയാത്ത ഏതോ ഒരു പ്രണയത്തിന്റെ ചില്ലിട്ട കൂട്ടിൽ താൻ ചിറകിട്ടടിക്കയായിരുന്നോ ഇത്രയും ദിനം..
"നിക്കി ഞാൻ.. ഞാൻ... കഴിയുന്നതും വേഗം മടങ്ങിവരും " എയർപോർട്ടിൽ വെച്ച് അപ്രതീക്ഷിതമായി തന്റെ കൈപിടിച്ചു ലക്ഷ്മി യാത്ര ചൊല്ലിയപ്പോൾ മറ്റെന്തൊക്കെയോ അവൾക്കു പറയാനുണ്ടെന്ന് തോന്നി...
വെറുതെ ഒന്ന് രസിപ്പിക്കാനായി പറഞ്ഞു
"ഇറ്റലിയിൽ നിന്ന് വരുമ്പോൾ പഴംപൊരി കൊണ്ടുവരാൻ മറക്കരുത് '
അവൾ തലയാട്ടി കഷ്ടപ്പെട്ട് ഒരു പുഞ്ചിരി മുഖത്ത് വരുത്തിയപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ ദുഃഖം കാണാതിരിക്കാൻ തനിക്കു കഴിഞ്ഞില്ല
മാസങ്ങൾ കഴിഞ്ഞു അവൾ പോയിട്ട്... ഇനി എത്ര നാളുകൾ... അറിയില്ല..
. "നിക്കി "വിളികേട്ട് നിക്കി തലയുയർത്തി നോക്കി... അഡ്വക്കേറ്റ് സുരേന്ദ്രൻ..പാർക്കിൽ വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത്
"നിക്കിയുടെ കൂടെ ഇവിടെ ഇരിക്കാറുള്ള ആ സ്ത്രീയുടെ പേര് ലക്ഷ്മി എന്നാണോ "
അതെ "ഹോ അപ്പൊ നിക്കിയൊന്നും അറിഞ്ഞില്ലേ.... "നിക്കിയുടെ നെറ്റി ചുളിഞ്ഞു... സുരേന്ദ്രൻ തുടർന്നു.. "വീട്ടിൽനിന്നു ഇറങ്ങാൻ നേരത്താണ് ഞാൻ അത് ശ്രദ്ധിച്ചത്... ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു.. ഇറ്റലിയിൽ ഒരു വാഹനാപകടം. മലയാളി വീട്ടമ്മ മരിച്ചു..ടീവിയിൽ ഫോട്ടോ കണ്ടൊപ്പോഴാണ് നിക്കിയുടെ പരിചയക്കാരിയാണല്ലോ ഇവർ എന്ന് ഞാൻ ഓർത്തത്.. റിയലി sad... "
ഒരു നിമിഷം നിക്കിക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി പോയി.. കൈ വിറച്ചതു കൊണ്ടാണോ എന്തോ കടലപ്പൊതി കയ്യിൽ നിന്നും ചുവട്ടിലേക്ക് വീണു... ചുണ്ടുകളിലൂടെ വെറുതെ ശബ്ദം അവ്യക്തമായി പുറത്തേക്കു വന്നു ആ സിമന്റ് ബെഞ്ചിൽ തലവെച്ചു ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ തേങ്ങിക്കരഞ്ഞു
ലക്ഷ്മി ലക്ഷ്മി.... അയാൾ പിറുപിറുത്തു... നിന്നിൽ നിന്ന് വേർപിരിയണമെന്ന ചിന്തകൾ എന്നെ ഭീതിപ്പെടുത്തുന്നു... ആ വരികൾ അയാളുടെ മനസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു
ഇങ്ങോട്ടു കയറിവന്ന പ്രണയത്തെ പ്രണയിച്ചുപോയ ആ മനുഷ്യൻ അസ്തമയ സൂര്യൻ യാത്ര പറഞ്ഞപ്പോൾ മെല്ലെ എഴുനേറ്റു.പതിയെ പതിയെ നടന്നു നീങ്ങി
: ഇപ്പോൾ നിക്കി പഴയപോലെ ആ സിമന്റു ബഞ്ചിൽ എന്നും വന്നിരിക്കാറില്ല
എന്നാൽ ഒരു ദിവസം വന്നിരുന്നപ്പോൾ നിക്കി അത് ശ്രധിച്ചു.. അകലെനിന്ന് കായലിനു കുറുകെയായി ഒരു പക്ഷി ചിറകടിച്ചു പറന്ന് വരുന്നു... നിറയെ കറുത്ത തൂവലുള്ള ഒരു പക്ഷി... സിമന്റു ബെഞ്ചിന്റെ തൊട്ടു മുൻപുള്ള കൊച്ചു മരത്തിന്റെ ചില്ലയിൽ അത് വന്നിരുന്നു... നിക്കി എന്തോ ഒരു കൗതു കത്തോടെ അത് നോക്കി നിന്നു... നല്ല അഴകുള്ള.. ഇതുവരെ കാണാത്ത അഴകുള്ള പക്ഷി....കടല കൊറിച്ചുകൊണ്ടു നിക്കി അത് കൗതുകപൂർവ്വം നോക്കിയിരുന്നു... ആ കറുത്ത തുവലിന്‌ ഒരു വല്ലാത്ത ഭംഗി. പെട്ടന്നാണ് അതവിടെ നിന്ന് പാറി സിമന്റു ബഞ്ചിന്റെ അങ്ങേ മൂലക്ക് ഒരു പരുങ്ങലോടെ വെറുതെ വന്നിരുന്നത്.. അത് തല വെട്ടിച്ച് വെട്ടിച്ച് നിക്കിയെ നോക്കി.. നിക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു..
. "കടല വേണോ " നിക്കി പതിയെ ചോദിച്ചു...
കുറച്ചു കടല ആ സിമന്റു ബെഞ്ചിലേക്കിട്ടു... മെല്ലെ മെല്ലെ ആ പക്ഷി കൊത്തി തിന്നു കൊണ്ട് ചിറകടിച്ചു ആ മരച്ചില്ലയിലേക്കു പോയി.. അവിടെയിരുന്നു... നിക്കി മെല്ലെ വിളിച്ചു
"ലക്ഷ്മി "
വിളി കേട്ടോ എന്നറിയില്ല ചിറകുവിടർത്തി കായലിനു കുറുകെ അത് പറന്നു പോയി.. പിന്നീട് നിക്കി സ്ഥിരമായി വന്നു തുടങ്ങി... കുട്ടിനു പലപ്പോഴായി ആ കറുത്ത തൂവൽ പക്ഷിയും... നിക്കി കൊടുക്കുന്ന കടലയും കൊത്തി പെറുക്കി അത് പറന്നുപോകും.. നിക്കിയുടെ സ്വന്തം ലക്ഷ്മി എന്ന ഓമനപ്പേരുള്ള ആ കറുത്ത തൂവൽ പക്ഷി..
....................................................................................
ഈ കഥ ഞാൻ എഴുതി വെച്ചിട്ടു കുറച്ചു വര്ഷങ്ങളായി.. അന്നെന്തോ അതവസാനിപ്പ്ക്കാൻ പറ്റാത്തതുപോലെ.. ഒരു ഉൾവിളിപോലെ തന്നോട് ആരോ ചൊല്ലുന്നു... ഇതില് കുറച്ചു കൂടി ചേർക്കാനുണ്ടെന്നു... പക്ഷെ ഒന്നും മുന്നോട്ടു നീങ്ങിയില്ല.. ഇന്ന് വര്ഷങ്ങള്ക്കു ശേഷം അത് പൊടി തട്ടിയെടുത്തപ്പോൾ വെറുതെ തോന്നി ആ പാർക്കിലെ സിമന്റു ബെഞ്ചിൽ പോയൊന്നു ഇരിക്കണമെന്ന്..
എന്റെ നിക്കിയും ലക്ഷ്മിയും ഇരുന്ന ആ ബെഞ്ചിൽ..
. കയറിച്ചെന്നു ആ പാർക്കിലേക്ക്...
"സാർ കടല വേണോ.."
ഞാനൊന്നു നോക്കി..
" തന്റെ കഥയിലെ വെള്ളാരം കണ്ണുള്ള പയ്യനല്ല ഇവൻ.. "
കടല വാങ്ങി... അസ്തമയ സൂര്യനും ഡയമെന്റു നെക്ലേസും ആസ്വദിച്ചു.. പക്ഷെ ആ കറുത്ത തൂവൽ പക്ഷി മാത്രം വന്നില്ല... സമയം ഇരുട്ടിയപ്പോൾ
: ഞാൻ വിടവാങ്ങി.. തിരിഞ്ഞു നോക്കി.ഇല്ല പക്ഷിയില്ല..
കാറിൽ കയറി താൻ മനസ്സിൽ കണ്ട, നിക്കി പഴംപൊരി മേടിച്ചിരുന കുട്ടേട്ടന്റെ കട നിൽക്കുന്ന സ്ഥലം വഴി വെറുതെ കാറോടിച്ചു പോയി..
ഒരു സൂപ്പർ മാർക്കറ്റിന്റെ പേര് കണ്ടപ്പോൾ അറിയാതെ ബ്രേക്ക് ചവുട്ടി.. നിക്കോളാസ് ലക്ഷ്മി സൂപ്പർമാർകെറ്റ്..... ങേ.. വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഹൃദയ മിടിപ്പ് കൂടു ന്നപോലെ.. ഇത്.. ഇത് തന്റെ നിക്കിയും ലക്ഷ്മിയും തന്നെ.. കാർ പാർക്കുചെയ്തു.. ആ കടയിലേക്ക് കയറി... കാഷിൽ ഒരു പത്തു പതിനെട്ടു പ്രായം വരുന്ന പയ്യൻ.. മീശ മുളച്ചു വരുന്നേയുള്ളൂ... ഞാൻ സ്വയം പരിചയപ്പെടുത്തി... മീഡിയയിൽ നിന്ന് വരികയാണെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം തെളിഞ്ഞു...
"എന്താ ഈ സൂപ്പർമാർക്കറ്റിനു ഇങ്ങനെ ഒരു പേര്
"സാർ അത് ഒരു കഥയാണ് സർ.. നിക്കിസാ റും ലക്ഷ്മി മാഡാവും തന്ന പണംകൊണ്ടാണ് ഞാൻ ഈ കട തുടങ്ങിയത്.. അത് കൊണ്ട് അവരുടെ പേരിട്ടു...
"നീ ആയിരുന്നോ അവിടെ കടല വിറ്റിരുന്നത്..
"അയ്യോ സാറിനെങ്ങിനെ അറിയാം
"എനിക്കെല്ലാം അറിയാം "
എന്റെ ശ്വാസഗതി ക്രമാതീതമായി വര്ധിക്കുകയായിരുന്നു...
"നിനക്ക് പൂച്ചകണ്ണ യിരുന്നില്ലേ
"എനിക്കോ. ഏയ് അല്ല അപ്പൊ സാറിന് ആള് തെറ്റി "
എനിക്ക് തെറ്റിയിട്ടില്ല.. അവരിപ്പോ എവിടെയുണ്ട് നിക്കിയും ലക്ഷ്മിയും "
സാർ മാഡം മരിച്ചുപോയി
""ആക്സിഡന്റ് അല്ലെ... ഇറ്റലിയിൽ
" അയ്യോ സാറിന് ഇതൊക്കെ എങ്ങിനെ അറിയാം "
എനിക്കെല്ലാം അറിയാം.. നിക്കിയിപ്പോ എവിടെ ഉണ്ട് അത് പറ
"നിക്കിസർ ജീവിച്ചിരിപ്പില്ലl. മാഡം പോയതോടെ നിക്കി സർ തകർന്നു.. പിന്നെ ഒരു നെഞ്ചു വേദന വന്നു എല്ലാം പോയി...
"കുറച്ചുനേരം കണ്ണുകളടച്ചു നിന്നു.. തന്റെ നിക്കിയും ലക്ഷ്മിയും സത്യത്തിൽ ജീവ്ച്ചിരുന്നോ.. ശരീരം വിയർക്കുന്നപോലെ... എവിടോന്നൊക്കെയോ സഞ്ചരിച്ചു വന്നു ഒരു നാൽക്കവലയിൽ വെച്ച് ആകസ്മികമായി തന്റെ കഥാപാത്രങ്ങളെ കണ്ടുമുട്ടേണ്ടി വരുന്ന അവസ്ഥ.. കാറിൽ കയറി.. ac ഓൺ ചെയ്തു.. വിയർക്കുന്ന തന്റെ ശരീരത്തിലേക്ക് തണുത്ത കാറ്റു അടിച്ചപ്പോൾ വല്ലാത്ത സുഖം. കണ്ണുകളടച്ചു സീറ്റിൽ തല ചാരിയിരുന്നു.. നിക്കി ലക്ഷ്മി കടലക്കാരൻ പയ്യൻ എല്ലാവരെയും കണ്ടു. എഴുതുമ്പോൾ താനറിയാതെ തനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടായിരുന്നു.ഉറപ്പു..... താനറിഞ്ഞില്ല.. ... അതാണ് സത്യം
പക്ഷെ ആ കറുത്ത തൂവൽ പക്ഷി അതിനെ കണ്ടില്ലലോ.. പെട്ടെന്ന് ഉള്ളിൽ നിന്നാരോ പറയുമ്പോലെ "അതിനെ കാണാൻ നിനക്ക് കഴിയില്ല.. അത് നിക്കിക്ക് മാത്രം സ്വന്തമാണ്
ങേ. പെട്ടെന്ന് കണ്ണുകൾ തുറന്നു. ..ആരോഎന്നോട് പറയുമ്പോലെ. . ..ആ കറുത്ത തൂവൽ പക്ഷി.... നിക്കിക്ക് മാത്രം സ്വന്തമാണ്. ..
സ്വന്തം കഥാപാത്രം അന്യമായി പോകുന്ന ഒരു വല്ലാത്ത അവസ്ഥ ഞാനിപ്പോളറിയുന്നു....
(അവസാനിക്കുന്നു )

BY Suresh Menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot