Anna Benny |
"അപ്പനിന്ന് കോളേജിൽ വന്നില്ലേലും കുഴപ്പമില്ല''.
''അതെന്താമോളെ , ഇന്ന് മീറ്റിങ്ങുള്ളതല്ലേ''.
'' സാരല്യ, ഞാൻ മാനേജ് ചെയ്തോളാം''.
''നിനക്ക് ഞാൻ മാത്രല്ലേള്ളു, പേരന്റ്സ് മീറ്റിങ്ങിനു വേറാരാ''.....
''വേറാരുല്ല, അതോണ്ടാ അപ്പൻ വരണ്ടാന്നു പറഞ്ഞേ.. കൂട്ടുകാരൊക്കെ കളിയാക്കി ചിരിക്കും "..
അങ്ങേത്തലക്കൽ ഫോൺ നിശബ്ദമായി.
അവൾ വളർന്നിരിക്കുന്നു.. തന്നോളം, അല്ല തനിക്കപ്പുറം.. അയാൾ ഉറക്കെചിരിച്ചു, ശബ്ദമില്ലാതെ.. ആ ചിരിയിൽ കുഞ്ഞുകുടമ്പ ഇളകിയാടി..
വാതിലിന്റെ പുറകിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് കുടഞ്ഞെടുത്തിട്ടശേഷം സാക്ഷ മാറ്റി പടിക്കുതാഴെക്കിടന്ന ലുണാറിട്ടു അയാൾ പുറത്തിറങ്ങി, അടുത്തുവന്ന കാപ്പാട് ബസ്സിൽക്കയറി സീറ്റിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചു വെറുതെ പുറത്തേക്കുനോക്കി നിന്നു. ഉച്ചയോടടുത്തെങ്കിലും ബസിൽ സാമാന്യം തിരക്കുണ്ട് അതുകൊണ്ടുതന്നെ ഓരോ വളവുതിരിയുമ്പോഴും നിലത്തുവീഴാതിരിക്കാൻ നന്നേ പണിപ്പെടേണ്ടിവന്നു, അതുകണ്ടു തന്നിലേക്ക് നീണ്ടുവന്ന പലതരം ചിരികളെ അയാൾ തള്ളിക്കളഞ്ഞു, ഒരു കൊച്ചുകുട്ടിയുടെ നേർക്കുമാത്രം തിരിച്ചു ചെറിയൊരു ചിരിയെറിഞ്ഞു..
ബീച്ചിലിറങ്ങി നേരെ ടെന്റിലേക്കു നടന്നു, പന്ത്രണ്ടുമണിക്ക് കളിയുള്ളതാണ്, പാന്റും ഷർട്ടും മൂലക്കലേക്കെറിഞ്ഞശേഷം ബഹുവർണ വസ്ത്രങ്ങളണിഞ്ഞു, ഇടതുകൈയിൽ കണ്ണാടിയുംതൂക്കിപ്പിടിച്ചു മുഖത്തു പലനിറത്തിലുള്ള ചായങ്ങളടിച്ചു, മൂക്കിനുമുകളിൽ ബോളെടുത്തുവെച്ചു, കുഞ്ഞുകാലുകളുമായി റിങ്ങിലേക്കിറങ്ങി ..
അയാൾ മുന്നിലേക്ക് നോക്കി.. ശരിയാണ്,മോള് പറഞ്ഞത് ശരിയാണ്.. എല്ലാവരും തന്നെനോക്കി ചിരിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന കുഞ്ഞു അമ്മയെനോക്കി പറയുന്നു ''അമ്മെ, നോക്കിയേ… കുള്ളൻ''.
അതൊന്നുമയാൾ ശ്രദ്ധിച്ചില്ല, നിലത്തെ ചാരത്തിൽക്കിടന്നുരുണ്ടും, തലകുത്തിമറിഞ്ഞുo, കുരങ്ങനെപ്പോലെ മുടിയിൽപ്പിടിച്ചു വലിച്ചും, ശരീരംകൊണ്ടു കോപ്രായം കാട്ടിയും അയാൾ പലതരം ശബ്ദങ്ങളുണ്ടാക്കി, പലതരത്തിൽ ചിരിച്ചു, മറ്റുള്ളവരെ ചിരിപ്പിച്ചു..
ഒരുകയിൽ കഞ്ഞികൊണ്ട് ഏമ്പക്കം വരുമ്പോൾ, പകുതിപ്പഴത്തിൽ വയറുനിറയുമ്പോൾ അതൊരു അനുഗ്രഹമായാണ് തോന്നിയിരുന്നത്.. അമ്മയില്ലാത്ത കുഞ്ഞുമായി സാമൂതിരിയുടെ നാട്ടിലെത്തിയപ്പോൾ അന്നമൂട്ടിയത് ജംബോയാണ്, ജംബോ സർക്കസ്.. കോമാളിയായും മാജിക്കിന്റെ സഹായിയായും റിങ് മാസ്റ്ററായുമെല്ലാം പകർന്നാടി ലക്ഷ്യമൊന്നെ ഉണ്ടായിരുന്നുള്ളു , തന്റെ മോള്..
ഓരോദിവസവും കളികഴിഞ്ഞു വരുമ്പോളും തന്റെ കൈപ്പത്തി കൊണ്ട് അയാളവളെ അളന്നു, പിന്നീട് കൈകൊണ്ടളന്നുനോക്കി, തന്റെ അളവിനപ്പുറം അവൾ വളരുന്നത് സന്തോഷത്തോടെ തിരിച്ചറിഞ്ഞു.
കുള്ളന്റെ മോളെന്നു വിളിച്ചവന്റെ മൂക്കിനിടിച്ച കുറ്റത്തിന് സ്കൂളിലേക്ക് വിളിപ്പിച്ചപ്പോൾ സങ്കടത്തെക്കാളേറെ അഭിമാനമാണ് തോന്നിയത്,മോൾക്ക് തന്നോടുള്ള സ്നേഹത്തെയോർത്.. പക്ഷെ പതിയെ അവളും ആ സത്യത്തെ അംഗീകരിച്ചു, തങ്ങളെനോക്കി ചിരിക്കുന്നവരെക്കാണുമ്പോൾ അകലം പാലിക്കാൻ തുടങ്ങി, അപ്പനൊപ്പമുള്ള യാത്രകൾ ഒഴിവാക്കാൻ തുടങ്ങി, ഇപ്പോളോ ഒരുപാടകലെ എറണാകുളത്തെ കോളേജിൽ ഹോസ്റെലിൽനിന്നു പഠിക്കാൻ തുടങ്ങി.
ഒന്നിനും അയാൾ എതിർപ്പുപറഞ്ഞില്ല, പതിവുപോലെയെന്നും ചായങ്ങളണിഞ്ഞു..പലതരത്തിൽ ചിരിച്ചു, മറ്റുള്ളവരെ ചിരിപ്പിച്ചു..
അടുത്ത വെള്ളിയാഴ്ച കോളേജുകഴിഞ്ഞതും അവൾ വീട്ടിലേക്ക് വന്നു, ഇനി രണ്ടുമാസം അവധിയാണ്.
അകലേക്കുമറയുന്ന സൂര്യനെനോക്കി ഉമ്മറത്ത് കാലുംനീട്ടിയിരുന്ന അയാളുടെ അടുത്തെത്തി അവൾ വിളിച്ചു ''അപ്പാ"...
"എന്താ മോളെ''.. അരയിലെ കള്ളിമുണ്ട് ഒന്നുകൂടെ അഴിച്ചുകുത്തി അയാൾ തലയുയർത്തി..
''എനിക്ക് ഒരാളെ ഇഷ്ടമാണ്.. പക്ഷേ''...
വലതുകൈകൊണ്ട് നെഞ്ചിലെ രോമങ്ങൾ തടവിക്കൊണ്ടിരുന്നതല്ലാതെ ഒന്നുമയാൾ തിരിച്ചുപറഞ്ഞില്ല..
''അപ്പാ, അത് .... അത്''....
''മോള് പറ''..
''എന്റെ എല്ലാക്കാര്യങ്ങളും അവനു അറിയാം, അവനു പ്രശ്നമൊന്നുമില്ല... പക്ഷേ വീട്ടുകാർ''..
"വീട്ടുകാർ'' .....
"വീട്ടുകാർ സമ്മതിക്കില്ല..... അവർക്കു നാണക്കേടാ.. അപ്പനിങ്ങനെ...... എനിക്കവനെ വേണമപ്പാ''... കൈത്തലം കൊണ്ട് കണ്ണുതുടച്ചുകൊണ്ട് അവളകത്തേക്കുപോയി..
അയാളെഴുന്നേറ്റു.. ഉറക്കെചിരിച്ചുകൊണ്ട് മുറ്റത്തെ മണ്ണിൽക്കിടന്നുരുണ്ടു, തലകുത്തിമറിഞ്ഞു, ആർതാർത്ചിരിച്ചു.. ചമയങ്ങളില്ലാതെ, കാഴ്ചക്കാരില്ലാതെ, ജീവന്റെ ഭാഗമായിത്തീർന്ന മൂക്കിൻത്തുമ്പിലെ ഗോളമില്ലാതെ....
രാത്രിക്കളിക്കുമുന്നെ അയാൾ കുളിച്ചൊരുങ്ങി, മുടിചീവി വൃത്തിയാക്കി, ഉള്ളതിലേറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞു, പതിവിലുമധികം ചമയങ്ങളണിഞ്ഞു, റിങ്ങിനുള്ളിൽ പാറിനടന്നു, ചാടിമറഞ്ഞു, മതിവരുവോളം കരണം മറിഞ്ഞു, ലോകമാകേകേൾക്കേ പൊട്ടിച്ചിരിച്ചു, ചുറ്റുമുള്ളവരെയൊന്നുമയാൾ കണ്ടില്ല.. അന്നയാൾ കളിച്ചത് തനിക്കുവേണ്ടിമാത്രമായിരുന്നു , സന്തോഷിപ്പിക്കാൻ ശ്രമിച്ചത് സ്വന്തം മനസ്സിനെ മാത്രമായിരുന്നു..
റിങ്ങിലെ കളികഴിഞ്ഞു, ഇനി മാജിക്ക് കാരന്റെകൂടെ.. വേഷം മാറാതെ തന്നെ അയാൾ വീണ്ടും അരങ്ങിലെത്തി, കൈകാലുകൾ ചേർത്തുപിടിച്ചു ചങ്ങലകൊണ്ട് മാന്ത്രികൻ അയാളെ ബന്ധിച്ചു, ശവമഞ്ചം പോലൊരു പെട്ടിയിലാക്കി ആ പെട്ടി മറ്റൊരു ഇരുമ്പുകൂടിനുള്ളിൽ ഇറക്കിവെച്ചു, പിന്നീടത് അവിടെയുള്ള വലിയൊരു കുളത്തിലേക്ക് ക്രെയിനുപയോഗിച്ചു ഇറക്കിവെച്ചു..
ഇരുമ്പുകൂടിനുള്ളിൽ വെള്ളം നിറയാൻ തുടങ്ങി, അയാൾ തന്റെ നാവിന്നടിയിലൊളിപ്പിച്ച താക്കോലെടുത്തു പല്ലിനിടയിൽ പിടിച്ചു, നിമിഷനേരംകൊണ്ട് പൂട്ടുകൾതുറന്നു രഹസ്യവാതിലിലൂടെ കാണികളുടെ പിന്നിലെത്താം, കയ്യടിക്കേൾക്കാം... ഒരുപാടുതവണ അത് ചെയ്തിട്ടുമുള്ളതാണ് ..
അയാൾ ആദ്യത്തെ പൂട്ടുതുറന്നു, ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ മോളോടൊരു കഥപറയണം ,മനസ്സിലുറപ്പിച്ചു..
ഒരു കുള്ളന്റെ കഥ, കൊൽക്കത്തയിലെ ഇന്ത്യൻ സർക്കസിലെ കോമാളിയുടെ കഥ, അന്നൊരു രാത്രി ചോരപൊടിയുന്ന കുഞ്ഞിനെ തന്നെയേല്പിച്ചു ഇരുളിലെ തീവണ്ടിശബ്ദം തേടിപ്പോയ മാനേജരുടെ മോളുടെ കഥ, അച്ഛനാരെന്നറിയാത്ത അമ്മയില്ലാത്ത കുഞ്ഞിനെയുംകൊണ്ട് കേരളത്തിലേക്ക് വണ്ടികേറിയ പെണ്ണിന്റെ ചൂരറിയാത്ത ഒരപ്പന്റെ കഥ..
അയാൾ ആഞ്ഞുചിരിച്ചു, ശരീരം മുഴുവൻ ഇളകിമറിഞ്ഞു, ആ ചിരി കുഞ്ഞുകുമിളകളായി മുകളിലേക്കുനീങ്ങി, പതിയെ ആ കുമിളകളിൽ ഉപ്പുരസം നിറഞ്ഞു, പല്ലിനിടയിൽനിന്നും താക്കോലിനെ അയാൾ ദൂരേക്ക് തുപ്പിക്കളഞ്ഞു.. ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി, നെഞ്ചും കണ്ണും വിരിച്ചു കുള്ളൻ അലറി.. "ഇതെന്റെ മാത്രം കഥ. ഇതിലെനിക്ക് ജയിക്കണം, അതിനെന്റെ മോള് ജീവിക്കണം.. കുള്ളന്റെ മകളായിത്തന്നെ''..
കുള്ളൻ പിന്നെയും ചിരിച്ചു, ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു..
കുളത്തിലെ വെള്ളം നിശ്ചലമായി, കുള്ളനെയും കാത്തു ജനക്കൂട്ടം വെള്ളത്തിലേക്ക്തന്നെ നോക്കിനിന്നു.......
Written by Anna Benny @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക