നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐഷാബി-

Image may contain: 1 person, selfie, closeup and outdoor
ഭവാനി, കുറച്ച് നേരമായി റോഡ് വക്കിലേക്കിറങ്ങി നിൽക്കുന്നു.
അവിടവിടെയായി കുണ്ടും കുഴിയും നിറഞ്ഞ ചരലുകൾ ഇളകിയ ടാറിട്ട റോഡ്.
സമയം ഇരുളിലേക്കിഴഞ്ഞു നീങ്ങി തുടങ്ങി.
കണ്ണെത്തുന്ന ദൂരത്തെ വഴിയിലേക്ക് നോക്കി അവൾ നിന്നു.
വാവകുട്ടൻ റേഷൻ കടയിൽ പോയിട്ട് കാണുന്നില്ല.
മോനെന്താ താമസിക്കുന്നത്.?
മനസ്സിൽ സംശയവുമായി മിഴികൾ ദൂരേയ്ക്ക് നട്ടവൾ നിന്നു.
റോഡിലൂടെ അവളുടെ കാഴ്ച്ച അൽപ്പം അകലെയുള്ള വളവിൽ ചെന്ന് അവസാനിക്കുന്നു.
റോഡ് അവിടെ നിന്നും ഇടത്തോട്ടൊരു വളവാണ്.
പിന്നെയത് അൽപ്പദൂരത്തിനപ്പുറം വലത്തോട്ട് തിരിയുന്നു.
എസ് ആകൃതിയിലെ ആ വളവിനപ്പുറത്തെ ക്ഷേത്രത്തിന് മുൻപിലാണ് സ്വാമിയുടെ റേഷൻ കട.
ചുറ്റുമതിൽ ഇല്ലാത്ത,നാലമ്പലം ഇല്ലാത്ത തുറസ്സായ പ്രദേശത്തുള്ള തമ്പുരാൻ ക്ഷേത്രം.
ക്ഷേത്രത്തിന് മുൻപിലായി കുട്ടികൾ കളിക്കുന്ന പറമ്പ്.
അമ്പലപ്പറമ്പിലൊക്കെ ആളുകൾ ഉണ്ടായിരിക്കുമല്ലോ?
എന്നുള്ള ധൈര്യമായിരുന്നു.
ഭവാനി,അഞ്ച് വയസ്സുകാരൻ വാവകുട്ടനെ റേഷൻ കടയിലേക്ക് പറഞ്ഞ് വിട്ടത്.
എസ്, വളവ് തുടങ്ങുന്നയിടത്ത് കാണുന്ന ഗേറ്റ് വരെയേ ഭവാനിയ്ക്ക് കാണാൻ കഴിയുന്നുള്ളു.
ഐഷയുടെ വീടിന്റെ ഗേറ്റ്.
ഐഷ, അതായിരുന്നവളുടെ പേര്.
നാട്ടുകാരുടെ ഓർമ്മയിലവൾ ഐഷാബിയാണ്.
ശരീരത്തിന്റെ വളർച്ചയ്ക്കൊത്ത് മനസ്സ് വളരാത്ത പതിനഞ്ചുകാരി.
സുന്ദരിയായിരുന്നവൾ.
അധ്യാപകരായ മാതാപിതാക്കളുടെ ഒരേയൊരു മകൾ. അവർ രാവിലെ ജോലിയ്ക്ക് പോയിക്കഴിഞ്ഞാൽ പൂട്ടിയിട്ട ഗേറ്റിനുള്ളിലെ വീട് അവളുടെ ലോകമായിരുന്നു.
ചുറ്റിനും ഉയരമേറിയ മതിൽക്കെട്ടുകളാണ്.
വൈകുന്നേരങ്ങളിൽ ഗേറ്റിൽ പിടിച്ച് കൊണ്ട് പുറത്തേക്ക് നോക്കി നിൽക്കും ഐഷാബി.
അച്ഛനും അമ്മയും തിരികെ വരുന്നതും നോക്കി.
അച്ഛനും അമ്മയും എത്തുമ്പോൾ ഒരു തുള്ളിച്ചാട്ടമാണവൾ.
ഓട് മേഞ്ഞ പഴയൊരു തറവാട്ട് വീടായിരുന്നു. ഐഷാബിയുടേത്.
മുറ്റത്തെ ഉയരമേറിയ മാവിൽ ഊഞ്ഞാൽ കെട്ടിയിരുന്നു.
മുറ്റം നിറയെ മാവിലെ പൊഴിഞ്ഞ് വീണ ഇലകളാണ്.
സൂര്യൻ തെങ്ങോലകൾക്കിടയിൽ നിന്നും താഴേക്ക് മറഞ്ഞു.
മുറ്റത്തെ ഊഞ്ഞാലിൽ ആടിക്കൊണ്ടിരുന്ന ഐഷാബി ഊഞ്ഞാലിൽ നിന്ന് ചാടിയിറങ്ങി.
കാലിലെ കൊലുസ്സ് കിണുങ്ങിയ ഒച്ചയുണ്ടായി.
നിലത്ത് മുട്ടുന്ന കാൽപ്പാദങ്ങൾ കാണാനാകാതെ മറയുന്ന വെള്ള പാവാടയായിരുന്നവളുടെ വേഷം.
വട്ടത്തിലുള്ള ചുവന്ന പുള്ളികൾ നിറഞ്ഞ വെള്ള പാവാടയും, കുപ്പായവും.
മുറ്റത്തെ മാവിലകൾ കാലുകൾ കൊണ്ട് തട്ടിത്തെറിപ്പിക്കാൻ വെറുതെയവൾ ശ്രമിച്ചു.
കൊലുസ്സിന്റെ കിലുക്കത്തിൽ മാവിന്റെ മുകളിൽ നിന്നൊരു കൂമൻ ശബ്ദമുണ്ടാക്കി പറന്നകന്നു.
മുകളിലേക്ക് നോക്കിയ ഐഷാബി മാവിലകൾക്കിടയിലൂടെ പൂർണ്ണ ചന്ദ്രനെ കണ്ടു.
അവൾ ചന്ദ്രനെ നോക്കി ചിരിച്ചു.
ഇന്ന് പൗർണ്ണമിയാണ്.
അലസ്സമായി വിടർന്ന് കിടന്ന മുടി ഇടതു കൈ തലയ്ക്ക് പുറകിൽ വച്ച് വലത് കൈക്കൊണ്ട് ചുറ്റിക്കെട്ടിവച്ചവൾ കൈകൾ സ്വതന്ത്രമാക്കി.
കാലുകൾ വലിച്ച് വച്ച് നടക്കും പോലെയാണവൾ
മുൻവശത്തെ ഇരുമ്പ് ഗേറ്റിനരികിലേക്ക് നടന്നത്.
ഗേറ്റിനരികിൽ എത്തി ഐഷാബി രണ്ട് കൈകളും ഇരുമ്പഴികളിൽ പിടിച്ച് കൊണ്ട് പുറത്തേയ്ക്ക് നോക്കി നിൽപ്പായി.
സന്ധ്യയായി, ഇരുട്ടു പരന്ന് തുടങ്ങി.
റോഡിനരികിലെ പോസ്റ്റിലെ മഞ്ഞച്ച ബൾബ്, വളവ് തുടങ്ങുന്നയിടത്ത് ഒരെണ്ണം മുനിഞ്ഞ് കത്തി.
വാവക്കുട്ടൻ റേഷൻകടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുമായി നടന്നു വരുന്നു.
ഒരു കൈയ്യിലെ സഞ്ചിയിലെ ഭാരവും, മറുകൈയ്യിലെ വെള്ളകന്നാസിൽ മണ്ണെണ്ണയും തൂക്കി പിടിച്ചിരിക്കുന്നു.
റോഡിലെ വളവ് തുടങ്ങുന്നയിടത്ത് നിന്ന് അകത്തേക്കവൻ എത്തി നോക്കി.
കുറച്ച് മുന്നിലായി ഒരു കറുത്ത പട്ടി ഓടിപ്പോയിരുന്നു.
ഐഷാബിയുടെ വീടിന്റെ ഗേറ്റ് കാണാം.
ഗേറ്റിൽ കൈകോർത്ത് നിന്ന ഐഷാബി ഉണ്ണിയെ കണ്ടു.
അവൻ ഭയന്ന് ഭയന്ന് നടന്നടുക്കുന്നത് കൗതുകത്തോടെ അവൾ നോക്കി നിന്നു.
ഗേറ്റിനരികിൽ എത്തിയപ്പോഴും തല കുനിച്ച് പിടിച്ചാണവൻ നടന്നിരുന്നത്.
കാറ്റിൽ മണ്ണെണ്ണയുടെ ഗന്ധം പരന്നപ്പോഴാണവൻ കൈയ്യിലെ കന്നാസ് ഉയർത്തി നോക്കിയത്.
മണ്ണെണ്ണ ചോരുന്നുണ്ടോ.?
ഇല്ല.
തുളുമ്പിയതാകാം. അവൻ മനസ്സിൽ ആശ്വസിച്ചു.
ഗേറ്റിനരികിൽ എത്തിയതും ഐഷാബി ഗേറ്റ് കുലുക്കി ശബ്ദമുണ്ടാക്കി.
വാവക്കുട്ടൻ നിവർന്ന് ഗേറ്റിനുള്ളിലൂടെ ആ തറവാട് വീട്ടിലേക്കാണ് നോക്കിയത്.
അകത്ത് നിന്നും പട്ടിയുടെ കുര കേട്ടതും അവൻ ഓടി.
വീട്ടിലെത്തിയപ്പോൾ ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.
"എന്താടാ മോനെ ഓടിയത് പേടിച്ചോ? "
ഭവാനി വന്ന് അവന്റെ കൈയ്യിൽ നിന്ന് സഞ്ചിയും, കന്നാസും വാങ്ങി.
"അവിടെ ഐഷാബിയുടെ വീടിനടുത്തൊരു പട്ടി."
കിതച്ച് കൊണ്ട് അവൻ പറഞ്ഞു.
"മോൻ പേടിച്ച് പോയോ?"
ഭവാനി അവന്റെ നിറുകയിൽ തലോടി.
"ഞാൻ ഓടിക്കളഞ്ഞു. "
ചിരിയോടെയവൻ പറഞ്ഞു.
പഠിക്കാനിരുന്ന വാവക്കുട്ടന്റെ ഉറക്കെയുള്ള വായന നിന്നിട്ട് കുറച്ച് സമയമായി.
"മോനെ പഠിച്ച് തീർന്നെങ്കിൽ വാ കഞ്ഞി കുടിക്കാം."
ഭവാനി വിളിച്ചിട്ടും മറുപടിയില്ലാതായപ്പോൾ അവൾ ഉമ്മറത്ത് പഠിക്കാനിരുന്ന അവനരികിലേക്ക് ചെന്നു.
ചിമ്മിനി വെട്ടത്തിൽ തറയിൽ നിവർത്തി വച്ച ഒരു കടലാസ്സിൽ അവനൊരു ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു.
ഭവാനിയും അവന്റെ അരികിൽ നിലത്തിരുന്നു.
"ആഹാ മോൻ ചിത്രം വരയ്ക്കുവാണോ?"
"അമ്മേ ഐഷാബി ഇപ്പൊഴും വെളുത്തവാവിന്റെന്ന്
വെള്ള ഉടുപ്പൊക്കെ ഇട്ട് ഗേറ്റിൽ പിടിച്ച് നിൽക്കാറുണ്ടല്ലേ?"
"മോനോട് ആരാ പറഞ്ഞത്?"
ഭവാനിയുടെ മറുചോദ്യത്തിനും ഉത്തരമില്ലാതെ അവൻ ചിത്രം വര തുടർന്നു.
"തന്നമ്മേ ഐഷാബി ഊഞ്ഞാലാടും, കൊലുസ്സിന്റെ കിലുക്കമുണ്ടാക്കി നടക്കും,
ഗേറ്റിനരികിൽ രാത്രി കാത്തു നിൽക്കാറുണ്ട്. സ്ക്കൂളില് തുമ്പിപ്പെണ്ണ് പറഞ്ഞതാ,
അവൾ കണ്ടിട്ടുണ്ടെന്ന്."
ചിത്രം വരയിൽ നിന്നും ശ്രദ്ധ പോകാതെ തലയുയർത്താതെയുള്ള അവന്റെ സംസാരം തുടർന്നു.
"അമ്മേ ഐഷാബി എങ്ങനെയാ മരിച്ചു പോയേ..?
ഐഷാബിയെ ആരേലും കൊന്നതാണോ?"
അവന്റെ ആ ചോദ്യത്തിന് മറുപടിയില്ലാതെ ഭവാനി കുറച്ച് നേരമിരുന്നു.
"അറിയില്ല മോനെ നമ്മൾ ഇവിടെ താമസത്തിന് വരുമ്പോഴേ ആ വീട് അങ്ങനെ കാട് കയറി കിടപ്പുണ്ട്.
ഐഷാബിയുടെ അച്ഛനും അമ്മയും ഒരു ദിവസം രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല.
ഗേറ്റിൽ പിടിച്ച് കാത്ത് നിൽക്കുന്ന ഐഷാബിയെ പാതിരാത്രിവരെയും ആളുകൾ കണ്ടിരുന്നു.
അന്ന് രാത്രി ആ തറവാട് തീ കത്തിയെന്നും.
മണ്ണെണ്ണയിൽ കുളിച്ച് കത്തിയെരിയുന്ന ശരീരവുമായി ഐഷാബി ഗേറ്റിനരികിലേക്ക് ഓടി വന്നു.
അതിന്റെ അഴികളിൽ പിടിച്ച് മരിച്ചിരിക്കുന്നതുമാണ് പിറ്റേന്ന് നാട്ടുകാർ കണ്ടത് എന്നൊക്കെയാണ് കഥ.
കത്തിയമർന്ന ആ തറവാട്ട് വീടിനുള്ളിൽ തലയോട്ടി തകർന്ന നിലയിൽ കത്തിക്കരിഞ്ഞ മറ്റൊരു അസ്ഥികൂടവും ഉണ്ടായിരുന്നു.
അതാരുടെ ആണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ആളുകൾ പറഞ്ഞ് പറഞ്ഞ് കൈമാറി വന്ന കഥകളാണ് ഇതൊക്കെ.
അന്നു മുതൽ വർഷങ്ങളായി ആ വീട് അങ്ങനെ കിടക്കുവാണ്. "
ഇത്രയും പറഞ്ഞ് നിർത്തിയെങ്കിലും,
രാത്രിയായാൽ അതുവഴി ആരും നടക്കാറില്ലെന്നും,
ഐഷാബിയെ കണ്ട് ആൾക്കാർ ഭയന്ന് ഓടിയിട്ടുണ്ടെന്നും,
അവിടെ എത്തുമ്പോൾ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നൊക്കെയുള്ള കഥകൾ വാവക്കുട്ടനോട് പറയാതെ ഭവാനി ഉള്ളിൽ ഒളിപ്പിച്ചു.
വാവക്കുട്ടൻ ചിത്രം വരച്ചത് പൂർത്തിയാക്കി ഭവാനിയെ കാണിച്ചു.
ഐഷാബിയുടെ വീട് കത്തിയമർന്ന് മേൽക്കൂരയില്ലാതെ അരച്ചുവരുകളുമായാണ് കാട് പിടിച്ച മതിൽക്കെട്ടിനുള്ളിൽ കാണുന്നത്.
വാവക്കുട്ടൻ ആ ചിത്രത്തിന് ഒരു മേൽക്കൂര ഭംഗിയായി വരച്ച് ചേർത്തിരിക്കുന്നു.
മുറ്റത്തെ മാവിൽ ഒരു ഊഞ്ഞാലുണ്ട്.
ഗേറ്റിലെ അഴികളിൽ പിടിച്ച് ഒരു പാവാടക്കാരി പെൺക്കുട്ടി നിൽപ്പുണ്ട്.
അവളുടെ പാവാടയിലും കുപ്പായത്തിലും പെൻസിൽ കൊണ്ട് വട്ടത്തിൽ പുള്ളികൾ വരച്ചിട്ടുണ്ട്.
"അമ്മേ വാവക്കുട്ടൻ വലുതാവുമ്പ നമുക്ക് ഐഷാബിയുടെ വീട് വാങ്ങാമേ
എന്നിട്ട് വാവക്കുട്ടൻ ഇതുപോലെ ശരിയാക്കും."
കടലാസ്സുമായി കുനിഞ്ഞിരുന്ന് വരയ്ക്കാൻ തുടങ്ങിയ വാവക്കുട്ടൻ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.
ഗേറ്റിന് അകത്ത് കാത്ത് നിൽക്കുന്ന ഐഷാബിയുടെ ചിത്രത്തിന് അരികിലേക്ക് റോഡിലൂടെ നടന്ന് വരുന്ന ഒരു അച്ഛന്റെയും അമ്മയുടേയും ചിത്രപ്പണിയും തുടങ്ങിയവൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot