"ഇടതു കൈത്തണ്ടക്കുള്ളിൽ മുറിവുമായി ഐ സി യു വിൽ നിന്ന് റൂമിലേക്ക് വരുന്നവളോട് ഇനിയിങ്ങനെ ചോദിക്കരുത്ട്ടോ..''
നല്ല ചിരിയോടെയാണവരതു പറഞ്ഞെതെങ്കിലും ആൻമരിയയുടെ മുഖത്തെ ചിരിയിൽ ഒരു മ്ളാനത പടർന്നു. ശോ.. എന്തു പറ്റിയതെന്ന് ചോദിക്കണ്ടായിരുന്നു.
''നഴ്സുകുട്ടി ഇപ്പോ ജോയിൻ ചെയ്തേ ഉള്ളു..? ''
ചേച്ചി വിടാനുള്ള ഭാവമില്ല.
"ഞാൻ സ്റ്റുഡന്റാണു ചേച്ചീ.. നഴ്സ് ആയിട്ടില്ലാ.. ഇടക്കിങ്ങനെ ഷിഫ്റ്റ് കേറണതാ..''
''ഉം... അതാണിങ്ങനെ സംശയം !''
ആൻമരിയ ചിരിക്കുന്നുവെന്നു വരുത്താൻ പാടുപെടുന്നതിനിടയിൽ പുതിയതായി വിരിച്ച ബെഡ് ഷീറ്റിൽ ചുളിവുകൾ ഇല്ലെന്നുറപ്പു വരുത്തി. നൈറ്റ് ഷിഫ്റ്റ് കയറാൻ വന്നയുടനെ തന്നെയാണ് ഡ്യൂട്ടി സിസ്റ്റർ ഈ ബെഡ്ഷീറ്റ് ഒന്നു മാറ്റാൻ പറഞ്ഞത്. സാധാരണ രാവിലെയേ മാറ്റാറുള്ളൂ. ഇതിപ്പോ പ്രത്യേകിച്ച് എന്തോ.. പേഷ്യന്റ് റിക്വസ്റ്റ് ചെയ്തീട്ടാണെന്ന് തോന്നുന്നു. ഒന്നു കൂടി അവരുടെ മുഖത്തേക്ക് നോക്കി.
''അതേയ്.. പാളിപ്പോയ ഒരാത്മഹത്യാശ്രമമാഡോ.. ഇങ്ങനെ കൈത്തണ്ടയിലെ മുറിവുമായി ഐ സി യുവിൽ നിന്നു വന്നാൽ ചോദിക്കാൻ ഇനി നിക്കണ്ട ട്ടോ...''
പെട്ടെന്ന് ആൻ നെറ്റി ചുളിച്ചു. ക്ഷീണത്തോടെയെങ്കിലും ചിരിച്ചു കൊണ്ടു തന്നെയാണവർ പറയുന്നത്. മുപ്പതു.. പരമാവധി മുപ്പത്തഞ്ചു വയസ്സു തോന്നിപ്പിക്കുന്ന ഒരു സുന്ദരി ചേച്ചി. വിടർന്ന ഭംഗിയുള്ള കണ്ണുകളാണെങ്കിലും ഏറെ ദിവസങ്ങളായി ഉറങ്ങിയീട്ടെന്നപോലെ ക്ഷീണിച്ചിരിക്കുന്നു. നല്ല കുലീനത്വം തോന്നുന്ന രൂപം. എന്നിട്ടും...! റൂമിൽ കൂടെ ബൈ സ്റ്റാൻഡറെ ആരേയും കാണുന്നുമില്ലാ.. ഇനിയിപ്പോ.. ?
'' കൂടെയാരുമില്ലേ ചേച്ചീ..?''
''പേടിക്കണ്ടടോ.. ഇനിയേതായാലും കുറച്ചു നാളേക്ക് മരിക്കുന്നില്ലാ.. വെറുത്തു പോയി.. ഹ..ഹ..ഹ.. ''
ആ റൂമിൽ നിന്നറങ്ങി നഴ്സസ് കൗണ്ടറിലെത്തുമ്പോ ആതിര സിസ്റ്റർ എന്തോ എഴുതി കൊണ്ടിരിക്കുന്നുണ്ട്. അതു നോക്കി മിണ്ടാതെ പുറകിലെത്തി, കൗണ്ടറിൽ വെച്ചിരുന്ന മൊബൈലെടുത്തു നോക്കി. ആൽവിന്റെ കുറേ മേസേജസ് ഉണ്ട്. ചുംബന സ്മൈലികളും. എടുത്തു നോക്കുമ്പോഴേക്കും പെട്ടെന്ന് കൂടെ പഠിക്കുന്ന സിമിയെത്തി.
'' കിലുക്കാംപെട്ടിക്ക് എന്തുപറ്റി ? ബെഡ്ഷീറ്റ് മാറ്റാൻ പോയ ആളല്ലല്ലോ തിരികെ വന്നപ്പോ.. ! ഊം... ?''
ചോദിച്ചത് ആതിരസിസ്റ്റ്റാണെങ്കിലും മുഖഭാവം കൊണ്ട് സിമിയും ചോദ്യമാവർത്തിക്കുന്നതു പോലെ തോന്നി.
''ആ നൂറ്റി പന്ത്രണ്ടിലെ ചേച്ചി സൂയിസൈഡ് അറ്റംപ്റ്റ് ആണത്രേ.. അതു കേട്ടപ്പോ..!''
''ഉം.. ഇപ്പഴുമുണ്ട് ഇങ്ങിനെ കുറേ മന്ദബുദ്ധികൾ..! ഒന്നുകിൽ ഏതെങ്കിലും ആണുങ്ങൾ കൊല്ലും.. അല്ലെങ്കിലിങ്ങനെ അവർക്കായി ചത്തു കൊടുക്കും.."
ആതിര സിസ്റ്റർ എഴുത്തിൽ നിന്നും മുഖമുയർത്താതെ തന്നെ തുടർന്നു.
"നഗരത്തിലെ നല്ല പേരെടുത്തൊരു നക്ഷത്ര വേശ്യയാണവർ.. അതറിയോ..?"
സിമിയും ആനും ഒരുമിച്ച് അത്ഭുതപ്പെട്ടു.
''ആ ചേച്ചീനെ കണ്ടാൽ അങ്ങിനെ ഒട്ടും പറയില്ലല്ലോ.. എന്തു രസാ.. എന്തു പാവം ലുക്കാ അവർക്ക്..!'' ആൻ സങ്കടപെട്ടു.
'' ഒരു വേശ്യക്ക് പിന്നേം മാനക്കേടും സങ്കടങ്ങളുമൊക്കെണ്ടാവോ..?''
ഒരു പുച്ഛത്തോടെ സിമിയതു പറഞ്ഞപ്പോൾ ആതിര സിസ്റ്റർക്കതു ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. രണ്ടു പേരേയും അല്പനേരം മിണ്ടാതെ അവർ നോക്കി നിന്നു.
"നിങ്ങളു സ്കൂളിൽ പഠിക്കുമ്പോ... വലുതാവുമ്പോ ആരാവണംന്ന് ടീച്ചർമാരു ചോദിച്ചിട്ടില്ലേ.. ?''
'' ഉണ്ട് സിസ്റ്ററേ.. ഇടക്കിടക്ക് ആ ചോദ്യം കേൾക്കുമായിരുന്നു..!''
'' എന്നിട്ട് എന്നെങ്കിലും.. ഏതെങ്കിലുമൊരു പെൺകുട്ടി വലുതാവുമ്പോ എനിക്കൊരു നല്ല വേശ്യ ആവണംന്ന് പറയണ കേട്ടിട്ടുണ്ടോ..?"
ആനും സിമിയും പരസ്പരം നോക്കി. പിന്നെ ഇല്ലായെന്ന് ഒരുമിച്ചു പറഞ്ഞു.
''അതാണ്.. ഒരു പെൺകുട്ടിയും അതാഗ്രഹിച്ച് ആവണതൊന്നുമല്ല.. ഏതെങ്കിലുമാണൊരുത്തന്റെ സൃഷ്ടിയാണവൾ.. ഒന്നുകിൽ കിട്ടണ കാശിന് കള്ളും കുടിച്ച്.. ബാക്കി ലോട്ടറി ടിക്കറ്റുമെടുത്ത് നടക്കുന്ന ഉത്തരവാദിത്വബോധമില്ലാത്ത ഒരച്ഛന്റെ.. അല്ലെങ്കിൽ കഞ്ചാവുമടിച്ച്, ആർക്കോ വേണ്ടി കൊല്ലാനോ ചാവാനോ നടക്കുന്നൊരാങ്ങളയുടെ.. നട്ടെല്ലില്ലാത്ത ഒരു മരങ്ങോടൻ ഭർത്താവിന്റെ.. വഞ്ചകനായ ഒരു കാമുകന്റെ.. ആത്മാർത്ഥത അഭിനയിച്ച് ഉള്ളിൽ വിഷവുമായി നടന്ന സുഹൃത്തിന്റെ..അല്ലെങ്കിൽ ഇവരെല്ലാവരും ചേർന്ന്.."
പറഞ്ഞു തീരുമ്പോഴേക്കും ആതിര സിസ്റ്ററുടെ ഭാവം മാറിയിരുന്നു. അതു കണ്ട് രണ്ടു പേരും മിണ്ടാതെ നിന്നു.
"ഞാനൊന്ന് നൂറ്റിയെട്ടിൽ പോയിട്ടു വരാം.. ഒരു ഇഞ്ചക്ഷനുണ്ട്..."
സിസ്റ്റർ പോവുന്നത് രണ്ടു പേരും നോക്കി നിന്നു. അവർ അകലേക്ക് മറഞ്ഞതും സിമി ചോദിച്ചു..
''സിസ്റ്ററെന്താ ആണുങ്ങളോടൊക്കെ കലിപ്പിലെന്ന് നിനക്കറിയോ ?"
''ഉം..? സിസ്റ്ററേം ആരെങ്കിലും ചതിച്ചോ?''
അതു കേട്ട് സിമിയാദ്യം ചിരിച്ചു. പിന്നെ പറഞ്ഞു..
" നമ്മുടെ എച്ച് ആറിലെ വിശ്വൻ സാറില്ലേ.. ആളൊന്നു ചതിക്കാൻ നോക്കീതാ.. അതു പറ്റാണ്ടായപ്പോ സിസ്റ്ററ് പോക്കു കേസാണെന്നും പറഞ്ഞ് നടക്കുവാ.. മിക്കവാറും അയാളെ സിസ്റ്റർ കൊല്ലും.. ഹി...ഹി..ഹി.. ''
ആനിന്റെ മൊബൈൽ പിന്നേയും വിറച്ചു. ആൽവിന്റെ മെസേജാണ്. എടുത്തു നോക്കി. കുറേ നേരമായി അവൻ കാത്തിരിക്കുന്നതെന്ന്. നൈറ്റ് ഷിഫ്റ്റുകളിലൊക്കെ കുറേ നേരം ഇപ്പോഴിതു പതിവാണ്.
"വേഗം വാഡാ.. ഞാനെത്ര നേരായി കാത്തിരിക്കുന്നു."
"ഡാ.. ഞാനിപ്പോ വന്നേയുള്ളൂ.."
" അതൊന്നും പറഞ്ഞാ പറ്റില്ലാ.. ഇന്നലത്തെ പോലെ പേഷ്യന്റ്സ് ഇല്ലാത്ത റൂമിലേക്ക് വാ.. എനിക്കിന്നും കാണണം..''
ആനൊന്നു ഞെട്ടി. ആ ഞെട്ടൽ സിമി ശ്രദ്ധിച്ചുവോ എന്ന് ഇടം കണ്ണാൽ പാളി നോക്കി. ഇല്ലാ.. അവൾ മുഖം തുടച്ചു. അധികം നാളായില്ല ആൽവിനുമായി ഇഷ്ടത്തിലായിട്ട്. എപ്പോഴും ചീത്ത വിചാരങ്ങളേ ഒള്ളൂ.. വീഡിയോ കാളിൽ ഇരുന്നാലും പോരാ പറയുന്നിടമെല്ലാം കാണിക്കണം. അല്ലെങ്കിൽ പിണക്കമായി, സങ്കടമായി.. വലിയ കഷ്ടമായിട്ടുണ്ട്.
''നീ പോയോ..?''
''ഇല്ലാ..''
''എങ്കിൽ വേഗം വാ..'
'' ഇല്ലാഡാ.. ഞാൻ വരില്ലാ.. നമുക്ക് പകൽ സംസാരിക്കാം. ഇവിടെ പണികളുണ്ട്..!"
''വൈകുന്നേരം നീയിങ്ങനെ അല്ലല്ലോ പറഞ്ഞത് ? ഇപ്പോ എന്താ പറ്റീത് ?''
''ഒന്നും പറ്റിയില്ലാ.. ഞാൻ വരില്ലാ.. "
''എത്ര നേരായി ഞാൻ കാത്തിരിക്കണേന്നറിയോ.. വന്നേ പറ്റൂ..''
''സോറി.. ഞാൻ നെറ്റ് ഓഫ് ചെയ്യുവാ..''
''അതെന്താ ഡീ.. ഇന്നവിടെ കൂടെ ഡ്യൂട്ടിക്ക് വേറെ ചുള്ളന്മാരുണ്ടോ ?"
ആൻ പെട്ടെന്ന് വാ പൊത്തി പോയി. മറുപടി ടൈപ്പ് ചെയ്യാനാവാതെ അവൾ നിന്നു.
''ഡീ.. ''
മറുപടി അടിക്കാതെ അവൾ മൊബൈൽസ്ക്രീനിലേക്ക് നോക്കി നിന്നു.
'നീ മെസേജ് വായിക്കുന്നുണ്ടെന്നെനിക്കറിയാം.. മര്യാദക്ക് വാ..''
അവളുടെ ശ്വാസോച്ഛാസം വേഗത്തിലായി. നെഞ്ചിടിപ്പുയർന്നു.
''നീയിന്നലെ വയറൊക്കെ കാണിച്ചു തന്നതിന്റെ സ്ക്രീൻ ഷോട്ട് എന്റെ കയ്യിലുണ്ട്.. കാണണോ ? ഇന്നും അത്രയൊക്കെ മതി"
ആനിന്റെ നെഞ്ചിടിപ്പു കൂടി. ഓരോരോ പെണ്ണുങ്ങളായി തന്റെ ചുറ്റിലേക്കും നടന്നടുക്കുന്നതായി അവൾക്കു തോന്നി. കടും നിറങ്ങളിൽ വേഷമിട്ട വേശ്യകൾ, കണ്ണീരിൽ മുങ്ങി ആത്മഹത്യ ചെയ്തവർ, പെട്രോളിനാൽ കൊളുത്തപ്പെട്ടവർ, ആസിഡിനാൽ പൊള്ളിയവർ, ട്രെയിനിൽ നിന്നും തള്ളിയിടപ്പെട്ടവർ, കൂട്ട ബലാൽസംഗങ്ങളിൽ പെട്ട പെൺ കുഞ്ഞുങ്ങൾ പോലും അവർക്കിടയിലുണ്ടായിരുന്നു. നിശബ്ദം അവർ നടന്നടുത്തു. കണ്ണുകൾ ചിമ്മാതെ അവർ അവളെ നോക്കി. ആ കണ്ണുകളിലെ ഭാവം മാറി വരുന്നതു പോലെ അവൾക്ക് തോന്നി. അവൾ ഭയന്ന് പുറകിലേക്ക് നീങ്ങി. പെട്ടെന്നെന്തോ താഴേ വീണു. തന്റെ കൈ തട്ടി പുറകിലെ മേശയിലിരുന്ന ഭംഗിയുള്ളൊരു പൂ പാത്രം. ഭാഗ്യത്തിന് ഉടഞ്ഞില്ലാ.
അവളതെടുത്ത് തിരികെ വച്ചു. പിന്നെ.. അവനൊരു മെസേജ് അയച്ചു.
" ഇനി മേലാൽ മെസേജ് ചെയ്യരുത്."
" എങ്കിൽ നിന്നെ ഞാൻ കാണിച്ചു തരാമെടീ...''
''നീ ഇനി ഒന്നും കാണിക്കില്ലാ.. എന്തെല്ലാം എവിടെയെല്ലാം വച്ചു നിറുത്തണമെന്നെനിക്കറിയാം !"
അവൾ വാട്ട്സാപ്പ് ക്ളോസ് ചെയ്തു. പിന്നെ കേരളാ പോലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പറിലേക്ക് ഡയൽ ചെയ്തു. മറുതലക്കൽ നിന്ന് അവൾക്ക് ധൈര്യം നല്കുന്ന, ആത്മവിശ്വാസം നൽകുന്ന ഒരു സ്ത്രീ ശബ്ദമുയർന്നു,
''ഹലോ... പറയൂ....''
© അഷ്റഫ് തേമാലി പറമ്പിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക