നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണത്തിനാൽ തണുത്ത കർക്കിടകങ്ങൾ..

Image may contain: 1 person, smiling
••••••••••••••••••••••••••••••••••••
ആസ്വദിച്ച്‌ കണ്ടുകൊണ്ടിരിക്കുന്ന ഒരു സ്ക്രീനിലേക്ക് അവിചാരിതമായി ‌ ഇരുട്ട്‌ വീഴുന്നത്‌ പോലെയാണു മരണം കടന്ന് വരുന്നത്‌.
മരണം കേൾക്കുകയും കാണുകയും ചെയ്യുന്നെങ്കിലും സ്വന്തം വീട്ടിൽ, ഇന്നലെ വരെ നമ്മളോട്‌ സംസാരിക്കുകയും കൂടെ ഇടപഴകുകയും ചെയ്തൊരാളുടെ ആകസ്മികമായ വിയോഗം അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ ആർക്കും പെട്ടെന്ന് സാധിക്കുന്നതല്ല.
ആദ്യമായി വീട്ടിൽ ഒരു മരണം ഏൽപിക്കുന്ന നിശബ്ദമായ നിസ്സംഗത അനുഭവിച്ചറിഞ്ഞത്‌ പതിനേഴാമത്തെ വയസ്സിലാണു.
അച്ഛാച്ചൻ.
കാലത്ത്‌ എഴുന്നേറ്റ്‌ പല്ല് തേച്ച്‌ ‌ കഴിഞ്ഞാൽ ഉടനെ ഞങ്ങളുടെ കുഞ്ഞുവീട്ടിലെത്തി‌ കാലത്തെ ചായ അമ്മയുടെ കൈയ്യിൽ നിന്നാണു പതിവ്‌‌. അന്നും സാധാരണ പോലെ ചായ കുടിച്ച്‌ കൊണ്ടിരിക്കെ പണിക്ക്‌ പോകാൻ ഇറങ്ങുന്ന എന്നോട്‌ "ശ്രദ്ധിച്ച്‌ ഇറങ്ങണം പടയൊക്കെ വഴുതും മഴപെയ്തതാ" എന്ന് ഉപദേശിച്ച്‌ പറഞ്ഞ്‌ യാത്ര പറഞ്ഞതാ.
"ആ ശ്രദ്ധിക്കാം" എന്ന് പറഞ്ഞെങ്കിലും
"ഉപദേശത്തിനു ചിലവില്ലല്ലൊ, നരന്ത്‌ പോലൊരു ചെക്കനെ കിണർ പണിക്ക്‌ പറഞ്ഞയക്കുന്നതിലൊരു വിഷമവുമില്ലല്ലൊ?"
ഇതായിരുന്നു എന്റെ ഉള്ളിൽ.
ഒരു പതിനൊന്ന് മണിക്ക്‌ സാധാരണ പോലെ നടന്ന് കൊണ്ടിരിക്കുന്ന ജോലിക്കിടയിൽ പതിവില്ലാതെ "കയറിവരാൻ" പറഞ്ഞ്‌ കമ്പക്കയർ ഇട്ട്‌ തന്നതും, മുകളിലെത്തിയപ്പോൾ "കാലും മുഖവും കഴുകിക്കോളൂ, വീട്ടിൽ എന്തോ ആർക്കോ സുഖമില്ല" എന്ന മേസ്തിരിയുടെ വാക്കും കേട്ട്‌ ഒന്നും പറയാതെ ഞാൻ അവരുടെ പിന്നാലെ വീട്ടിലേക്കെത്തി. വീടിനു ചുറ്റും ആളുകളെ കണ്ടപ്പൊളെ എന്തോ സംഭവിച്ചൂന്ന് മനസ്സിലായി. ആർക്കാണെന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.
തറവാടിന്റെ ഉമ്മറം കയറുമ്പൊളേ കണ്ടു
നടുമുറിയിൽ അച്ഛാച്ചനെ വെള്ള പുതച്ച്‌ കിടത്തിയിരിക്കുന്നത്‌. ഒരു മൂന്നാലു നോക്കി നിന്നു. അച്ഛച്ചൻ ഞങ്ങളെ വിട്ട്‌ പോയി എന്ന് എങ്ങനെയും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിന്റെ മുറ്റത്ത്‌ കാലത്ത്‌ ചായക്ക്‌ കൊടുത്ത പുട്ടിന്റെ കൂടെ ചർദ്ദിച്ച ചോരയിൽ ചോണനുറുമ്പുകൾ കൂട്ടംകൂടിയിരുന്നു.
അന്ന് കുറേ കരഞ്ഞു.
ദിവസങ്ങളോളം എവിടെ നോക്കിയാലും അച്ഛാച്ചന്റെ മുഖവും വിളിക്കുന്ന ശബ്ദവും മാത്രമായിരുന്നു.
പതിയെ പതിയെ ആ മരണത്തെ മനസ്സ്‌ കൊണ്ട്‌ ഉൾക്കൊള്ളുകയായിരുന്നു.
ആ കർക്കിടകത്തെ ഓർമ്മിപ്പിക്കുന്ന മഴയുള്ള കാലം അച്ഛാച്ചനെയും കൊണ്ടുപോയപ്പോൾ അന്ന് ഒറ്റ ആഗ്രഹമേ ഉണ്ടാരുന്നുള്ളൂ.
കുടുംബത്തിൽ ആരും മരിക്കരുതേ എന്ന്.
കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ്‌ ഒരു കർക്കിടകമാണോ എന്നറിയില്ലെങ്കിലും മഴക്കാലമാണു മറ്റൊരു മരണവാർത്ത അറിയുന്നത്‌. ചെറുപ്പത്തിലെ കാണുമ്പോൾ മുതൽ മുച്ചിലോട്ട്‌ ഭഗവതിയുടെ കോമരമായി ജീവിതം അതിനായി ഉഴിഞ്ഞ്‌ വച്ച അമ്മൂമ്മയുടെ ആങ്ങള. എത്ര ദൂരേക്കുള്ള യാത്രയിലും ഷർട്ട്‌ ഇടാതെ ഒരു തോർത്ത്‌ മാത്രം തോളിലിട്ട്, ചെരുപ്പ്‌ ഇടാതെ‌,തലയിലൊരു കുടുമയൊക്കെയുള്ള ഞങ്ങളുടെ 'കോമരത്തമ്മാവൻ' മരിച്ച വിവരമറിഞ്ഞ്‌ താമസിക്കുന്ന വീട്ടിലേക്ക്‌ വളരെ ദൂരെയുള്ള ഞങ്ങൾ അമ്മൂമ്മയെയും കൂട്ടി പോകുന്ന വഴിയിൽ പഞ്ചായത്ത്‌ ശ്മശാനത്തിൽ പുക‌ അടങ്ങിയിരുന്നു.
സ്വന്തം പെങ്ങൾക്ക്‌ അവസാനം ഒരു നോക്ക്‌ കാണാൻ പോലും അനുവദിക്കാതെ ഒരു ജീവിതം മുഴുവൻ ദൈവത്തിനു വേണ്ടി ജീവിച്ച ആ ജന്മത്തിനോട്‌ വല്ലാത്ത സങ്കടം തോന്നിയിരുന്നു അന്ന്. അന്ന് ആ മഴയിലും ഒലിച്ച്‌ പോയിട്ടുണ്ട്‌ കുറേയേറെ ദൈവവിശ്വാസം.
പിന്നീട്‌ വർഷങ്ങൾക്ക്‌ ശേഷം മറ്റൊരു കർക്കിടകത്തിലാണു അച്ഛച്ചന്റെ ഇളയ അനിയൻ മരിക്കുന്നത്‌. എന്നേക്കാൾ നാലോ അഞ്ചോ വയസ്സ്‌ മാത്രമേ കൂടുതലുണ്ടായിരുന്നുള്ളൂ.
ചെറുപ്പത്തിലേ കാലിൽ വന്ന മന്ത്‌ അന്നൊന്നും കൃത്യമായി ശ്രദ്ധിക്കാതെ യുവത്വം പിന്നിടും മുന്നെ രോഗിയാവുകയായിരുന്നു.
ജോലിക്ക്‌ ബൈക്കിൽ ഞാൻ പോകുന്ന വഴിയിൽ സമയം കൃത്യമാക്കി മനസ്സിലാക്കി, ദൂരെ നിന്നേ ഞാനാണെന്ന് മനസ്സിലാക്കി റോഡിലേക്കിറങ്ങി നിൽക്കും. ചായക്കോ ബീഡിക്കോ പൈസക്കായിരിക്കും. ചോദിക്കുന്നത്‌ മാത്രമേ വേണ്ടൂ. പത്ത്‌ രൂപക്ക്‌ ചോദിച്ചാൽ ഇരുപതാണു കൊടുത്തതെങ്കിൽ പോലും പീടികയിൽ പോയി ചില്ലറയാക്കി പത്ത്‌ തിരിച്ച്‌ തരും. ആ സമയത്തെ ആവശ്യത്തിനു വേണ്ടി മാത്രം.
ഇളയച്ഛന്റെ മരണത്തോടെ വീട്ടിൽ അച്ഛമ്മ ഒറ്റക്കായി.
ഇളയച്ഛന്റെ അസുഖവും പ്രായാധിക്യ അവശതകളും കാരണം ഒറ്റക്ക്‌ നടക്കാൻ പോലും ആകാതിരുന്ന അച്ഛമ്മയെയും കൂട്ടി മരിച്ച്‌ മൂന്നാം ദിവസം ആ വീട്ടിൽ നിന്നിറങ്ങുമ്പോളും കർക്കിടകം കനത്ത്‌ പെയ്യുന്നുണ്ടായിരുന്നു.
പിന്നീട്‌ കർക്കിടകം എന്നെ കരയിച്ചതൊന്നും ഏറെ ആരും കണ്ടിട്ടില്ല.
അമ്മൂമ്മയുടെ ഇളയ അനിയത്തിയുടെ ഭർത്താവ്‌ മരിച്ചപ്പോൾ ആ വീട്ടിൽ അമ്മയുടെ കൈയ്യും പിടിച്ച്‌ പോയ എന്നെ മടിയിലിരുത്തി കീശയിൽ നിന്ന് പത്ത്‌ രൂപയുടെ നോട്ടെടുത്ത്‌ എനിക്ക്‌ നീട്ടിയ ഒരാൾ. ആദ്യായിട്ടാ ഒരാൾ പൈസ നീട്ടുന്നേ. മടിച്ച്‌ അമ്മയെ നോക്കിയപ്പൊ അമ്മയാ പറഞ്ഞെ, "വാങ്ങിക്കോ ബാലമ്മാവനാ" ഇതെന്ന്.
പട്ടം പോലെ പറന്ന് ഏതേലും കൊമ്പിൽ തട്ടി തകർന്നു പോയേക്കാവുന്ന ഒരു ജീവിതത്തിനു ദിശ പറഞ്ഞ്‌ തന്നവരിൽ മനസ്സിലെന്നും സൂക്ഷിക്കുന്ന ബാലമ്മാവൻ പോയതും ഒരു കർക്കിടകമഴയിൽ അവിചാരിതമായാണു.
പിന്നീട്‌ പോയത്‌ എന്റെ അമ്മൂമ്മയാണു. ഒരുപാട്‌ സ്നേഹം ഹൃദയത്തിലെവിടെയൊക്കെയോ ഉണ്ടെങ്കിലും ഒന്നും തിരിച്ച്‌ വാങ്ങിക്കാതെ മധുരങ്ങളോടും ഭക്ഷണത്തോടും ഇനിയും ഒരുപാട്‌ കൊതിയും ബാക്കിയാക്കി, ആരുടെയും ഒരു ഔദാര്യത്തിനും കാത്ത്‌ നിൽക്കാതെ കർക്കിടകത്തിലെ ഒരു കുഞ്ഞുകാറ്റ്‌ പോലെ ആരെയും ബുദ്ധിമുട്ടിക്കാതെ അമ്മൂമ്മ പോയി. മനസ്സിലൊരിക്കലും മായാത്ത മുറിവ്‌ എനിക്ക്‌ ഏൽപിച്ചിട്ടാ പോയത്‌. ഞാൻ പ്രവാസിജീവിതം തുടങ്ങുന്നതിനു മുന്നെയും ദൂരയാത്രക്ക്‌ ഇറങ്ങുമ്പോ കണ്മുന്നിൽ എല്ലാം എടുത്തു എന്ന് ഉറപ്പിക്കാനും ഓർമ്മിപ്പിക്കാനും എന്നും അമ്മുമ്മ ഉണ്ടാവാറുള്ളതാണു.
ആ വരവിൽ വഴിയിൽ കുറച്ച്‌ നേരം നോക്കി കാത്തിരുന്നെങ്കിലും അമ്മൂമ്മ വന്നില്ല.
'ഉറങ്ങിയിട്ടല്ലേ, മറന്നിട്ടല്ലേ' എന്ന വിഷമത്തിൽ ഞാനിറങ്ങി. ഇവിടെ എത്തി വിളിച്ചപ്പൊ അമ്മയാ പറഞ്ഞെ, "എന്റെ മോനെ ഒന്ന് കാണാൻ പറ്റീല്ലാലോ"
എന്ന് പറഞ്ഞ്‌ അമ്മുമ്മ കുറെ കരഞ്ഞൂന്ന്.
ഞാൻ വിളിച്ചപ്പൊളും കരയുകയായിരുന്നു. "എന്തിനാ കരയുന്നെ ഞാൻ വേഗം വരൂലെ" എന്ന് പറഞ്ഞ്‌ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും മനസ്സിലെ ആ വിഷമം അങ്ങനെ തന്നെ പേറി അവസാനം ഒരു നോക്ക്‌ കാണാൻ പോലും അവസരം തരാതെ അവിചാരിതമായി അമ്മൂമ്മയും പോവുകയായിരുന്നു.
പിന്നീട്‌ പോയത്‌ അച്ഛനാണു.
ജീവിതത്തിലെ യഥാർത്ഥ സ്നേഹവും സന്തോഷം തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അച്ഛൻ.
എനിക്ക്‌ നഷ്ടപ്പെട്ട ആ സ്നേഹത്തിന്റെ തണുപ്പും തലോടലും എന്റെ കുഞ്ഞുമക്കൾ ആസ്വദിക്കുന്നത്‌ കൺനിറയെ കാണാൻ അനുവദിക്കാതെ കടന്ന് വന്ന കാൻസർ ആ കർക്കിടകത്തിൽ അച്ഛൻ തിന്നുകൊണ്ടിരുന്ന ഏറ്റവും പ്രയാസകരമായ, കണ്ടു സഹിക്കാൻ പോലും പറ്റാത്ത വേദനയിൽ നിന്ന് അച്ഛനെ മുക്തനാക്കി.
മുണ്ടുടുക്കാൻ കൊതിച്ച്‌ നടന്ന ഒരു കാലത്ത്‌ അമ്മൂമ്മയുടെ അനിയത്തിയുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ പോയ നേരത്ത്‌ ആ അമ്മൂമ്മയുടെ മകൻ ഉടുത്ത്‌ അഴിച്ചിട്ട മുണ്ടുടുത്ത്‌ ഉടുത്ത്‌ നടക്കുന്നത്‌ കണ്ട്‌ അവരാ എനിക്ക്‌ ആദ്യമായി ഒരു മുണ്ട്‌ തന്നത്‌.
രണ്ട്‌ കരയും രണ്ട്‌ വ്യത്യസ്ഥ നിറങ്ങളിൽ അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ദളപതി മുണ്ട്‌.
കഴിഞ്ഞ വർഷത്തെ കർക്കിടകത്തിലാണു ആ അമ്മുമ്മയും പോയത്‌.
മക്കളിലൊരുവനെ തട്ടിയെടുത്ത്‌ ഓടിപ്പോയതും ആ വർഷത്തെ മഹാപ്രളയമായ കർക്കിടകം തന്നെ. ഇന്നും കണ്ണടച്ചാൽ "ഷാജ്യാമാ" എന്നും വിളിച്ച്‌ ഓടി കണ്ണിലേക്കെത്താറുണ്ടവൻ, ഞങ്ങളുടെ ഹൃത്തി.
ശരിക്കും മരണത്തിന്റെ തണുപ്പ്‌ ഏറെ മരവിപ്പിക്കുന്നത്‌ ജീവിക്കുന്നവരെ ആണെന്ന സത്യം അവനിലൂടെയാണു തിരിച്ചറിഞ്ഞത്‌.
പ്രവാസിമുറികളിൽ ഒരു മരണം ഏൽപ്പിക്കുന്ന നിസ്സംഗതയും, ഉള്ളിൽ ഒറ്റക്ക്‌ നീറിപ്പുകയേണ്ടി വരുന്നവന്റെ സങ്കടങ്ങളും ഒക്കെ അന്നാണു ശരിക്കും മനസ്സിലാക്കിയത്‌. ഇത്രയും ദൂരെയുള്ള ഈ ജീവിതത്തെ തന്നെ വെറുത്ത്‌ പോയ ദിവസങ്ങൾ..
ഇന്നും എവിടെയൊക്കെയോ അവനുണ്ട്‌. ഒരിക്കലും മായാത്ത കുഞ്ഞു കുസൃതികളും ആ കണ്ണിറുക്കലുമായിട്ട്‌..
ഒടുവിൽ ഈ കർക്കിടകം പെയ്ത്‌തീരുന്നത്‌ അച്ഛമ്മയേയും കൂടി കൊണ്ടുപോയാണു. സങ്കടം അവസാനം ഒന്ന് കാണാനും ഒരു മുത്തം വെക്കാനും പറ്റീല്ലാലോ എന്നോർത്ത്‌ മാത്രാണു. അന്ന് ഏറെ വയ്യാതെ വന്നെങ്കിലും ഏകദേശം ഒൻപത്‌ വർഷമായി മൂന്ന് തലമുറയുടെ എല്ലാ സ്നേഹവും പരിചരണങ്ങളും ഏറ്റുവാങ്ങി തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ പ്രായം തളർത്തിയ ശരീരവും ബുദ്ധിയുമായാണു അച്ഛമ്മ മറഞ്ഞത്‌.
അച്ഛമ്മയുടെ പന്ത്രണ്ടാം ദിവസമാണിന്ന്.
ഒരു പുറത്തിലൊന്നും എഴുതി തീർക്കാൻ പറ്റുന്നതല്ല ആ ജീവിതം.
അതൊരു പെൺസിംഹത്തിന്റെ കഥയാണു. ആണുങ്ങൾ തോറ്റിടത്ത്‌ ജയിച്ച്‌ കയറിയ ഒരു പെണ്ണിന്റെ കഥ.
ആദ്യമായി ഗൾഫിലേക്ക്‌ വരുമ്പോ എന്നോട്‌ പറഞ്ഞത്‌ "ഇനി കാണാൻ പറ്റൂന്ന് തോന്നുന്നില്ലാന്നാണു". പക്ഷെ ആറുവർഷങ്ങൾക്കിപ്പുറം ഓർമ്മകൾ മാത്രം ഇത്തിരി മരിച്ചെങ്കിലും അച്ഛമ്മ ജീവിച്ചിരുന്നു. ഒടുവിൽ ഒരു തലമുറയുടെ അവസാനകണ്ണിയും അടർത്തി കാലം ഞങ്ങളെ തനിച്ചാക്കിയിരിക്കുന്നു.
ഈ മരണങ്ങളും കർക്കിടകപ്പെയ്ത്തും എന്നെ ഓർമ്മിപ്പിക്കുന്നതെന്തെന്നാൽ ഈ തണുപ്പ്‌ അറിയാൻ ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നു എന്ന സത്യം മാത്രമാണു.
മരണത്തിന്റെ ഈ ഒറ്റപ്പെടുത്തുന്ന തണുപ്പിൽ നിന്ന് പുറത്ത്‌ ചാടാൻ മാത്രമുള്ള ഈ കുത്തിവരകളോട്‌ സദയം ക്ഷമിച്ചാലും..
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot