
➖➖➖➖➖➖➖➖➖➖
ഒരുപാടു നാളുകളുടെ പരാതിയും പരിഭവവും കേട്ടതിനാലാവാം അല്പം വൈകിയാണെങ്കിലും അതിഥി,ഒരു സൂചനപോലും നല്കാതെയാണു വന്നത്!
അവൻ/അവൾ വരുമ്പോൾ അവർക്കായി ഒന്നും കരുതിയിരുന്നില്ല. അല്ല, അങ്ങനെയൊരു ശീലം പണ്ടുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഞാനടക്കമുള്ള എല്ലാ ആതിഥേയരും പാടേ മറന്നുപോയിരുന്നു. വീടിന്റെ രണ്ടാംനിലയിൽ പൊടിപ്പിടിച്ചിരുന്ന സിംഹത്തലകൊത്തിയ മഹാഗണിയുടെ കസേരയിലേക്ക് അതിഥിയെ ആനയിച്ചിരുത്തി. ഞാന് നേടിയതെല്ലാം തെല്ലൊരു അഹംഭാവംകലർത്തി പങ്കുവെയ്ച്ചു. ഇതിനിടയിൽ എന്റെ കൈകളിലെ ആറിഞ്ചു വലിപ്പമുള്ള സ്‌ക്രീനിൽ നാലു കുത്ത്, രണ്ടു തള്ള്.
കണ്ണടച്ചുതുറക്കുംമുമ്പ് ഇരുചക്രശകടം വീടിനു താഴേയായി കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടു.
മരത്തടിയും ഗ്രാനെറ്റും ചേർത്തു നിർമ്മിച്ച ടീപ്പോയിയിൽ വിഭവങ്ങൾ നിരന്നു. ചെമപ്പും മഞ്ഞയും നിറമുള്ള പാനീയവും കനലിൽ ചുട്ടെടുത്ത ഇറച്ചിയും.
ആവിപറക്കുന്ന ഇറച്ചിയെടുത്ത് അതിഥിയുടെ തണുത്ത ചുണ്ടിൽ വച്ചു.അതു തൊണ്ടയിൽ നിന്നിറങ്ങുന്നതിനുമുമ്പ് അതിഥിയുടെ കൈപിടിച്ചു വീടിനു വെളിയിലിറക്കി, കരിങ്കൽപ്പാളികളാൽ അടുപ്പിച്ചുതുന്നിയ പ്രതലത്തിൽ കയറിയൊരു സെല്ഫിയെടുത്ത്, “ശരി കാണാമെന്നു” പറഞ്ഞ് ഒരു ഹഗ്ഗും കിസ്സും കൊടുത്തു തിടുക്കത്തിൽ യാത്രയാക്കി.
വീണ്ടും ആറിഞ്ചുസ്ക്രീനിൽ സെൽഫിയും ചേർത്തുവച്ച് അഞ്ചാറു കുത്ത്, ഒരു തള്ള്.
'അവൻ/അവൾ കാത്തുവച്ചിരുന്ന സ്നേഹമെല്ലാം ഒരുമിച്ചു നല്കി. എന്റെ ഹൃദയം നിറഞ്ഞുകവിഞ്ഞൊഴുകി.'
നവലോകസൗഹൃദം അതുകണ്ടു തിരിച്ചും മറുപടി നല്കി.
"വാവ്/നൈഷ്. ഇതുപോലേയുള്ള അതിഥികളെ ഞങ്ങളും കാത്തിരിക്കുന്നു ഡിയർ."
"വാവ്/നൈഷ്. ഇതുപോലേയുള്ള അതിഥികളെ ഞങ്ങളും കാത്തിരിക്കുന്നു ഡിയർ."
തെക്കുനിന്നുവന്നൊരു കാറ്റിനൊപ്പം അതിഥി വടക്കു ലക്ഷ്യമാക്കി തിടുക്കത്തിൽ തിരികെ പറന്നുപോകുമ്പോൾ മനസ്സിൽ ഇപ്രകാരം മൊഴിഞ്ഞു:
“നിന്റെയുള്ളിലേക്കിറങ്ങാൻ എനിക്കു സാധിച്ചില്ല ചങ്ങാതി. അതിനുമുന്നേ നീ... എന്നെ വീടിനു വെളിയിലാക്കി. ഞാൻ ഒരു വരവു കൂടി വരുന്നുണ്ട്. നിനക്കു മീതേ കവിഞ്ഞൊഴുകുവാൻ!
Special thanks : ബാബു പോൾ സർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക