Slider

അഗ്നിഭോഗം

0
എനിക്ക് മുന്നിലിനി മറ്റു വഴികളില്ല....! വ്യർത്ഥമായ കാത്തിരിപ്പിന്റെ ഋതുഭേദങ്ങളിൽ
കൊഴിഞ്ഞുവീണ കനത്ത അന്ധകാരത്തിന് വിട ..... ,
പ്രിയനെ പുൽകാൻ, അവനിലലിഞ്ഞു ചേരാൻ ഞാനിതാ ഒരുങ്ങിക്കഴിഞ്ഞു ....!
തെക്കേ വാര്യത്തിന് പറയാൻ നിറമുള്ള ഒരായിരം കഥകളുണ്ട് ,വിശാലമായ തെങ്ങിൻ തോട്ടവും നിറയെ പരിചാരകരുമുള്ള സമ്പന്നമായ ഭൂതകാലത്തിൽ തലയുയർത്തി നിന്ന നാലുകെട്ട് ,നാടിന്റെ വിശപ്പാറ്റിയ സമൃദ്ധമായ അടുക്കള ....
അതിരാവിലെ കുളി കഴിഞ്ഞ് വാരസ്യാർ കൊളുത്തുന്ന അഗ്നി അന്നൊക്കെ ആളിക്കത്തുന്ന വയറുകൾക്ക് നൽകിയിരുന്ന ജീവാമൃതം പകർന്ന പുണ്യം....
അതേ ... എന്നിലൂടെ പകരുന്ന നിലയ്ക്കാത്ത പ്രവാഹം , അഗ്നിയെ പുണർന്ന് രാപ്പകലുകളില്ലാതെ ഒച്ചയും ബഹളവും നിറഞ്ഞ എന്റെ ഭൂതകാലം. വാരസ്യാരുടേയും വാല്യക്കാരുടേയും വിയർപ്പുതുള്ളികൾ നാഭിച്ചുഴിയിൽ വീഴുമ്പോൾ പുളികിതയാവാറുള്ള ഞാൻ ...!
കാലത്തിന്റെ മാറ്റം എന്നിലും പുതിയ രൂപങ്ങൾ ചാർത്തിയിരുന്നു ,നാലുകെട്ട് മാറ്റി പുതിയ വീട് വെച്ചത് രമേശനായിരുന്നു .അഗ്നികോണിൽ തലയുയർത്തി നിന്ന എന്റെ സ്ഥാനം അസ്ഥാനത്തായി . വാര്യം മുറിച്ച് പല കഷ്ണങ്ങളാക്കി എല്ലാരും
പലവഴി പിരിഞ്ഞു .രമേശനും പുഷ്പലതയക്കും രണ്ട് കുട്ടികൾക്കും വേണ്ടി ഞാൻ പുതിയ ഭാവത്തിൽ അഗ്നിയെ മാറോടണച്ചു .. പഴയ പോലെ മുഴുവൻ സമയവുമുള്ള അഗ്നിഭോഗം നിലച്ചു ... കാലത്തും വൈകീട്ടും എന്റെ ശരീരത്തിലെ അടുപ്പുകൾ അഗ്നിയെപ്പുണരാൻ കാത്തു നിന്നു.
പുഷ്പലതയുടെ മരണം ഇത്രത്തോളം എന്റെ ജീവിതം മാറ്റി മറയ്ക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. പറക്കമുറ്റാത്ത കുട്ടികൾ അവരുടെ മുത്തശ്ശിയുടെ കൂടെ പടിയിറങ്ങുമ്പോൾ എന്റെ മടിയിലിരുന്ന് ചൂടുള്ള കുഞ്ഞു ദോശ കഴിക്കുന്ന അപ്പുവിന്റെ മിഴികൾ ഈറനണിഞ്ഞിരുന്ന പോലെ ...
ഒച്ചയും അനക്കവുമില്ലാത്ത ദിനരാത്രങ്ങൾ ..., അഗ്നിയെ പുണരാൻ വെമ്പൽ പൂണ്ട് എന്റെ മാറിലെ അടുപ്പുകൾ
വിരഹവേദനയിൽ ഞെരിപിരി കൊണ്ടു. ലഹരിക്കടിമപ്പെട്ട രമേശന്റെ പരാക്രമങ്ങൾ കിടപ്പുമുറിയിലൊതുങ്ങി , അദ്ധ്വാനത്തിന്റെ വിയർപ്പുതുള്ളികളുറ്റി വീണ എന്റെ നാഭിച്ചുഴിയിൽ എലികളും കൂറകളും ഒരു മയവുമില്ലാതെ പരക്കം പാഞ്ഞു.
അന്നൊരു ഞായറാഴ്ചയായിരുന്നു .പതിവില്ലാതെ ഒരു സ്ത്രീ ശബ്ദം ഉറങ്ങിക്കിടന്ന എന്റെ കാതുകളെ തഴുകി .
മെറീന .. രമേശന്റെ പുതിയ ഭാര്യ . എന്റെ പ്രതീക്ഷകൾ വാനോളമുയർന്നു , അഗ്നിയെപ്പുണരാൻ വെമ്പൽ പൂണ്ട എന്റെ അടുപ്പുകളെ നിർദാക്ഷിണ്യം തഴഞ്ഞ് പുത്തനടുപ്പുകൾ ഉദയം ചെയ്തു. എങ്കിലും അഗ്നിയുടെ സാന്നിദ്ധ്യം എന്നിൽ നവോന്മേഷം പകർന്നു. പക്ഷെ ആരംഭശൂരത്വം തീർന്നതോടെ വിരഹത്തിന്റെ നാളുകൾ വീണ്ടും കരിനിഴലായി എന്റെ സന്തോഷം തല്ലിക്കെടുത്തി .ഇരുചക്രവാഹനങ്ങൾ
സമയാസമയം വിഭവ സമൃദ്ധമായ സദ്യകൾ ഊൺമേശയിൽ വിളമ്പാൻ തുടങ്ങിയതോടെ അഗ്നിജ്വാലകൾക്കായി ഞാൻ ആർത്തിയോടെ കാത്തിരുന്നു.
"മേം സാബ് പ്രോബ്ലം വരുമോ ...? "
അപ്രതീക്ഷിതമായ ആളനക്കം
നീണ്ടസുഷുപ്തിയിലമർന്ന എന്റെ ചേതനയെ ഞെട്ടിയുണർത്തി . തൊട്ടടുത്ത വീട്ടിലെ അന്യദേശത്തൊഴിലാളിയെ കെട്ടിപ്പിടിച്ച് മെറീന .. ഇന്നോളം പരിപാവനമായി കരുതിയ എന്റെ സവിധത്തിൽ ഒരു നീച പ്രവൃത്തി അരങ്ങേറാൻ പോവുന്നു. ... അവന്റെ
ദൃഡപേശികളിൽ തന്റെ കാമം അഴിച്ചു വിടുന്ന മെറീനയെ അറപ്പോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ .കത്തിക്കയറുന്ന അവളുടെ നെറ്റിത്തടത്തിൽ നിന്നുതിർന്ന് വീണ
വിയർപ്പുതുള്ളി എന്റെ നാഭിയെ ആദ്യമായി പൊള്ളിച്ചു .
ഞാൻ കണ്ണുകളിറിക്കിയടച്ചു .. വാരസ്യാരുടെ രൂപം എന്നിൽ ഒരു നോവായിത്തെളിഞ്ഞു .. വേഴ്ചകഴിഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങൊഴിഞ്ഞ അവരെ ഞാൻ വേദനയോടെ നോക്കി നിന്നു.
ഇന്ന് ഞാനൊരുറച്ച തീരുമാനമെടുത്തു .ഇനിയീ നിരർത്ഥകമായ ജീവിതം വേണ്ട ... എന്റെ പ്രാണപ്രിയനിലലിഞ്ഞു ചേരണം .. എത്രയും പെട്ടന്ന് ....
രമേശനും മെറീനയും പുറത്തു പോയിരിക്കുന്നു ,ഇതാണ് പറ്റിയ സമയം .മറ്റൊന്നും ഭക്ഷിക്കാനില്ലാത്തതിനാൽ എലികൾ കാർന്ന് തിന്ന ഗ്യാസ് പൈപ്പിന്റെ ശേഷിച്ച ഭാഗം അടർന്നുവീണു ... ഞൊടിയിട കൊണ്ട് എന്നിൽ രൂക്ഷഗന്ധം നിറഞ്ഞു . കാലങ്ങളായി തുറക്കാത്ത ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതോടെ എന്റെ പ്രാണപ്രിയൻ വിശ്വരൂപം പൂണ്ട് എന്നെ അപ്പാടെ പുണർന്നു , ഉഗ്രസ്ഫോടനത്തോടെ ഞാനും അഗ്നിയും അവസാനഭോഗത്തിന്റെ ആത്മനിർവൃതിയിലലിഞ്ഞു ചേർന്നു.
അവസാനിച്ചു.,
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo