Slider

നീ

0
Image may contain: 1 person, sunglasses, closeup and outdoor
ഞാൻ വന്നിരുന്നു വിനു..നീയില്ലാത്ത നിന്റെ വീട്ടിലേക്ക്..
നീയെന്നെ പറഞ്ഞു വിശ്വസിപ്പിച്ച നിന്റെ ഇരൂനില വീടും കുരുമുളകു ചെടികൾപടർന്നുപിടിച്ച അടയ്ക്കാമരങ്ങൾ നിറഞ്ഞപറമ്പുകളും
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായ നിന്റെ അച്ഛനേയും കോൺട്രാക്ടറായ ചേട്ടനേയും ടീച്ചറായ പെങ്ങളേയും അച്ഛനേക്കാൾ കൂടുതൽ ശമ്പളം ഉള്ള
നിന്റെ അമ്മയേയും ഞാൻ കണ്ടില്ല..
ഞാനും അനിലും നിന്റെ നാട്ടിൽ ബസ്സിറങ്ങുമ്പോൾ നിന്റെ വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല .
രണ്ടു ദിവസം മുൻപ് തീവണ്ടി തട്ടി മരിച്ച
യുവാവിന്റെ ഓലമേഞ്ഞവീട് ആദ്യം ചോദിച്ച വയസ്സുള്ള ഒരാൾ കൂടെവന്നു തീർച്ചപ്പെടുത്തി തന്നു..
നിനക്കു തോന്നുന്നുണ്ടോ ഞാനിപ്പോളും
നിന്റെ പ്രിയകൂട്ടുകാരനാണെന്ന്..
എനിക്കതിനു പറ്റുന്നില്ല എന്നതാണ് സത്യം.
മരണം കൊണ്ട് പ്രിയമാവുന്നവരാണ് എല്ലാവരും ശത്രുവായിരുന്നാൽ പോലും.
എന്നാൽ മരണം കൊണ്ട് നീയെന്നിൽ വെറുക്കപ്പെട്ടവനായിരിക്കുന്നു..
നിനക്കോർമ്മയുണ്ടോ..സെന്റ് തോമസ് കോളേജിലെ നമ്മുടെ ക്ളാസ്മുറി
ഇങ്ങനൊരു കുട്ടികളെ ഇന്നുവരെ പഠിപ്പിച്ചിട്ടില്ലെന്ന് പരിഭവിക്കുന്ന ആന്റണിമാഷിനെ..?
ബോട്ടണിപിള്ളേരെ കൊണ്ടു തോറ്റെന്നു
പറയുന്ന ചെറുപ്പക്കാരനായ ജെറിയച്ഛനെ
കുരുത്തക്കേടിനോട് കൂടെയുള്ള ദിനങ്ങളെ.
പരീക്ഷയ്ക്കു രണ്ടാഴ്ച മുന്നെ മാത്രം
പുസ്കപുഴുക്കളാകുന്ന നമ്മളെ?
ഇല്ല നിനക്കോർക്കാൻ കഴിയില്ല
കാരണം നീ ഞങ്ങളെ പോലെയല്ലായിരുന്നു
നിന്നേക്കാൾ കൂടുതൽ മാർക്കു നേടിയാൽ
നീ രണ്ടാഴ്ചക്കാലം ഞങ്ങളോട് മിണ്ടാറില്ലല്ലൊ നിനക്കെന്നും ഒന്നാമനാവണമായിരുന്നല്ലൊ.?
നീ ഒരിക്കലും തൃപ്തനായിരുന്നില്ല.. രണ്ടോ മൂന്നോ മാർക്കിന് ജോജുവോ അനിലോ മുന്നിലാവുമ്പോൾ നീയെന്നോടു പറയാറില്ലെ വിനു അവരോട് കൂട്ടു വേണ്ടാന്ന്. നിനക്കിഷ്ടമില്ലാത്തവരോട് ഞാൻ സംസാരിക്കുന്നത് പോലും നിനക്കിഷ്ടമുണ്ടായിരുന്നില്ലല്ലോ.
ക്ളാസ് കട്ടുചെയ്ത് നമ്മളൊരുമിച്ച് ഉച്ചഭക്ഷണം കഴിക്കാറുള്ള ടൗൺഹാളിനു പുറകു വശത്തെ കുന്തിരിക്കചെടിയുടെ
തണലുകളെ വാച്ചർ മാധവേട്ടനെ
എല്ലാം നീ മറന്നിരിക്കും അല്ലേ.
അല്ലെങ്കിലും നിനക്കെന്തിനോടെങ്കിലും
എന്തെങ്കിലും കടപ്പാടുകളൊ കരുതലുകളോ ഉണ്ടായിരുന്നൊ എന്നോടു കാണിച്ച സ്നേഹം പോലും കപടമായിരുന്നില്ലെ.
മോന്റെ കൂടെ പഠിച്ചിരുന്ന കുട്ട്യോളാന്ന് വഴി കാട്ടാൻ വന്ന വൃദ്ധൻ പറഞ്ഞപ്പോൾ
ചാണകംതേച്ച ഉമ്മറതിണ്ണയിൽ നിന്നും
എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
ഒരു കാലിനുമാത്രം സ്വാധീനമുള്ള ആ മെലിഞ്ഞ രൂപം നിന്റെ അച്ഛനാണുപോലും.
അകമുറിയിൽ നിന്നും തേങ്ങലുകൾ ഞെരുക്കങ്ങൾ ഞങ്ങളങ്ങോട്ട് കയറിയതില്ല വിനു..ഞങ്ങളപ്പോളൊരു തരം മരവിപ്പിലായിരുന്നു.
ചേട്ടനു മാത്രമെ കുറച്ചെങ്കിലും സംസാരിക്കാനുള്ള ത്രാണിയുണ്ടായിരുന്നുള്ളൂ
തളർച്ചയിലും പിടിച്ചു നിൽക്കാൻ പാടുപ്പെടുന്നുണ്ട് കൂലിപണിക്കാരനായ
ആ ചെറുപ്പക്കാരൻ നിന്റെ വീട്ടിലെ
ആകെയുള്ള വരുമാനമാർഗ്ഗം
നീയെന്ന ധനികനായ കൂട്ടുകാരൻ മിക്കവാറും ദിവസങ്ങളിൽ
വാങ്ങിതരാറുള്ള ഹീറോ ഹോട്ടലിലെ
ബിരിയാണിയും കോഫീഹൗസിലെ പൊറോട്ടയും ഇറച്ചിയും..ആമാശയത്തെ
വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.മനം പുരട്ടലുകളിൽ നിന്റെ ചേട്ടന്റെ വിയർപ്പുകണം വീർപ്പുമുട്ടിക്കുന്നു.
എൻട്രൻസ് റാങ്ക്ലിസ്റ്റിൽ പുറകിലായിരുന്നുവെങ്കിൽ നിനക്കിനിയും ശ്രമിക്കാമായിരുന്നല്ലൊ കൂട്ടുകാരാ..
നിനക്കിഷ്ടമല്ലായിരുന്നെങ്കിൽ നീ എന്തിനാണ് നഴ്സിങ്ങിനു ചേർന്നത്
അതോ അനിലിനു മെഡിസിനു കിട്ടിയതാണൊ നിന്നെ വിഷമിപ്പിച്ചത് .
കോച്ചിംഗിനു ചേരാതെ എൻട്രൻസ് നേടുമെന്ന് വാശിപിടിച്ചത് നീ തന്നെയല്ലെ.
അല്ല തോൽവി നിനക്കു ഒരിക്കലും അംഗീകരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ലല്ലൊ.
നിന്റെ നുണകൾ ഞാൻ അംഗീകരിച്ചേനെ
നീയെന്നെ വീട്ടിലേക്കു വിളിക്കുന്നൊരു ദിവസം. നിന്റെ ആഗ്രഹങ്ങളായിരുന്നു നീയെന്നോടു പറഞ്ഞ കഥകളെന്ന് പറഞ്ഞ്
നീയത് സാധിച്ചിരിക്കുന്നു പറഞ്ഞ് എന്നെ വിഡ്ഢിയാക്കിയിരുന്നെങ്കിൽ സുഹൃത്തേ..
കബളിക്കപ്പെട്ടവന്റെ മുഖമില്ലാതെ ഞാൻ നിന്നെ കെട്ടിപ്പിടിച്ചൊരുമ്മ തന്നേനെ.
നീ ജയിച്ചിരിക്കുന്നു വിനോദ്!
മരണം കൊണ്ട് നീ തോല്പിച്ചിരിക്കുന്നു
കേവലം ഞാനെന്ന മിത്രത്തെ മാത്രമല്ല!
നിന്നേമാത്രം കരുതി നിനക്കായ് മാത്രം
ജീവിച്ച നിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ
നിനക്കു പഠിക്കാൻ അവിടെ നീ മറ്റുള്ള സഹപാഠികൾക്കൊപ്പം എല്ലാവിധ സൗകര്യങ്ങളോടും കൂടെ നടക്കുന്നത്
കാണാൻ സ്വന്തം ജീവിതം മറന്ന നാലു ജന്മങ്ങൾ .
ജീവിച്ചുതീർക്കാൻ അവരിനി കഷ്ടപ്പെടും
നിനക്കറിയാമോ വിനു
ഇരുമ്പരച്ച ഒരു മാംസപിണ്ഠം മാത്രമാണവർക്ക് കിട്ടിയത്..നീയാണതെന്ന്
വിശ്വസിക്കാൻ കൂട്ടാക്കാതെ നിന്റെയേട്ടൻ
നാട്ടുകാർക്കുമുന്നിർ തളർന്നു വീഴുകയായിരുന്നു പോലും.
അവർക്കു പുതച്ചുകിട്ടിയ ആ മാംസപിണ്ഠം
അവരു എവിടേക്കും കൊണ്ടുപോയില്ല
നാലുസെന്റ് പുരയിടത്തിലവർ നിനക്കുറങ്ങാനൊരിടം കണ്ടെത്തി.
കൊള്ളിവെക്കാനാവത്തതു കൊണ്ടാവാം
ചേട്ടൻ അങ്ങിനെ പറഞ്ഞതു
നിനക്കുവേണ്ടിയൊരു കുഴിയെടുക്കാൻ
നിന്റെ മനസ്സൊന്നു പൊള്ളുന്നതു പോലും
അവർക്കു സഹിക്കാൻ പറ്റുമായിരുന്നില്ലല്ലൊ.!
വിടപറയാൻ കഷ്ടപ്പെട്ടു വിനൂ..ഞങ്ങൾ
അത്രയും നേരം മനസ്സുവിങ്ങി പിടിച്ചു നിന്ന നിന്റെയേട്ടൻ ഞങ്ങളെ കെട്ടിപ്പിടിച്ച് ഹൃദയം മുറിഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു..
മരവിപ്പിൽ ഞാനും അനിലും തിരിച്ചു നടക്കവേ..
നിന്നിടവഴികളിൽ കർക്കിടകത്തിലെയേതോ
പേരറിയാ ഞാറ്റുവേല പെയ്തു തിമിർക്കുന്നുണ്ടായിരുന്നു...
മഹേഷ് തിരൂർ
ദുബൈ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo