Slider

സ്ത്രീ

0

തിരിച്ചറിവ് ആയത് മുതൽ ഞാൻ കണ്ട കാഴ്ചകളിൽ അമ്മയെന്നും രാത്രിയിലെ ഭക്ഷണം അപ്പ വന്നിട്ട് കഴിക്കുന്നത് കണ്ട് വളർന്നത്കൊണ്ടാകും ഇന്നും കെട്ട്യോൻ സ്ഥലത്തുണ്ടെങ്കിൽ പുള്ളി വീട്ടിലെത്തിയേ ഞാനും ഭക്ഷണം കഴിക്കാറുള്ളു..
വീട്ടിൽ ഒറ്റ ഒരാളുടെ വരുമാനത്തിൽ അഞ്ചു വയറും കഴിഞ്ഞു മൂന്നെണ്ണത്തിനെ പഠിപ്പിക്കേം വേണമെന്നതിനാൽ അന്നെല്ലാം വീട്ടുചിലവ് അത്യാവശ്യം ഞെരുക്കത്തിൽ തന്നെയാണ്..
അന്ന് ഞങ്ങൾ മക്കളുടെ വയറുനിറപ്പിച്ചു നേരത്തെ ഉറക്കി അമ്മ വായനശാലയിലെ പുസ്തകങ്ങൾ വായിച്ചോ ടീവി കണ്ടോ അപ്പയെയും കാത്തിരിക്കും..
എന്നും അപ്പയുടെ പാത്രത്തിൽ അമ്മക്കായി കുറച്ചു ചോറും കറികളും ബാക്കി ഉണ്ടാകും.. അടുക്കളയിലെ പാത്രത്തിൽ അമ്മക്ക് വയറുനിറയാൻ മാത്രം ഉണ്ടാകില്ലെന്ന കരുതലോ അമ്മയോട് പുറമെ കാണിക്കാത്ത ഇഷ്ടം അങ്ങനെ കാണിക്കുന്നതോ ആയിരിക്കാം..
ഇന്ന് ഞാനും കെട്ട്യോനെ കാത്തിരിക്കും..
ഓൺലൈനിൽ ഓമനപ്പേരിട്ട് ചിലരെങ്കിലും സാധാരണസ്ത്രീകളെ പോലും കളിയാക്കിപറയുന്ന കുലസ്ത്രീ ആയി ഭർത്താവ് കഴിച്ച പാത്രത്തിൽ കഴിച്ചു ആത്മനിർവൃതി അടയാനൊന്നുമല്ല..
കുടുംബം നോക്കുന്നവൻ സുരക്ഷിതമായി വീട്ടിലെത്തി സമാധാനത്തിലിരുന്ന് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴുള്ള സന്തോഷം ഏതൊരു സാധാരണ സ്ത്രീയെ പോലെ ഞാനും ആസ്വദിക്കുന്നു..
എന്റെ ഇഷ്ടവും സമയവും അവർക്കായി മാറ്റിവെക്കുമ്പോഴാണ് കൂടുതൽ സന്തോഷമെന്ന് എന്റെ മനസ്സിനെയും അംഗീകരിപ്പിച്ചു കഴിഞ്ഞു..
ഇന്നലെ അദ്ദേഹം വരാൻ ഒത്തിരി വൈകി കാത്തുകാത്തിരുന്നു ഞാനും ഉറങ്ങിപ്പോയി.. പുള്ളിയെന്നെ വിളിച്ചുണർത്തി ഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും പാതിയുറക്കത്തിലായത് കൊണ്ട് വിശപ്പേ ഇല്ലായിരുന്നു.. അദ്ദേഹവും കഴിച്ചെന്ന് വരുത്തി കിടന്നു.
രാവിലെ കുടൽ കത്തുന്ന വിശപ്പുമായി ഞാൻ എഴുന്നേറ്റ് വരുമ്പോൾ അമ്മു ബ്രേക്‌ഫാസ്റ് കഴിക്കുന്നുണ്ട്..
"ഞാനൊരു കാര്യം പറയട്ടെ മമ്മീ..."
അപൂർവമായാണ് മുഖവുരയിട്ടുകൊണ്ട് അവൾ സംസാരത്തിന് തുടക്കം കുറിക്കാറുള്ളത് ..
എന്തെയന്ന അർത്ഥത്തിൽ ഞാൻ നോക്കി..
കുറെ കാര്യങ്ങൾ അവൾ പറഞ്ഞത് കേട്ട് മറുപടിയൊന്നും ഇല്ലാതെ ഞാൻ അവളെയും നോക്കിയിരുന്നു..
ചുരുക്കമിതാണ്... മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം കാര്യം അവസാനത്തേക്ക് മാറ്റി വക്കുന്ന ശീലങ്ങളെല്ലാം ഞാൻ മാറ്റണം...
മുൻപത്തെ കാലമൊന്നുമല്ല ചെറിയ പ്രായവുമല്ല ഇന്നലെ മെഡിസിൻ മാത്രം കഴിച്ചാണ് മമ്മി ഉറങ്ങിയത്..
വിശന്ന് കാത്തിരുന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചാലേ മമ്മിക്ക് പപ്പയോടുള്ള സ്നേഹം ആള് അറിയുള്ളു എന്ന് കരുതുന്നുണ്ടോ??..
ഞങ്ങൾക്ക് അറിയാം മമ്മിക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും ഞങ്ങളുടെ ഇഷ്ടമറിഞ്ഞു മാറ്റി വക്കുന്നുണ്ടെന്ന്.. അതിന്റെ ആവശ്യമില്ല...
ഫിലിമിൽ ഒക്കെ കാണിക്കുന്ന പോലെ ഫ്ലാഷ് ബാക്ക് ഓർത്തു ജീവിക്കാൻ മറന്നു എന്ന് പിന്നീട് റിഗ്രെറ്റ് ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല..
ഞങ്ങൾക്കൊപ്പം സ്വന്തം ഇഷ്ടങ്ങൾ കൂടി അറിഞ്ഞു ജീവിച്ചു എന്ന ഓർമ്മക്കാണ് മധുരം കൂടുതൽ..
നമ്മളീ ഫ്ലൈറ്റിൽ പോകുമ്പോൾ കണ്ടിട്ടുണ്ടോ എമർജൻസി ടിപ്സ് പറഞ്ഞുതരുമ്പോൾ ആദ്യം സ്വന്തമായി ലൈഫ് ജാക്കറ്റ് ഇടാനും ഓക്സിജൻ മാസ്ക്ക് വക്കാനുമൊക്കെ പറഞ്ഞു തരുന്നത്..
എന്താ അതിന്റെ അർത്ഥം?
നമ്മൾ ആരോഗ്യത്തോടെ ഇരുന്നാലേ മറ്റുള്ളവരെ സഹായിക്കാനും ശ്രദ്ധിക്കാനും കഴിയൂ..
അറ്റ് ലാസ്‌റ്... ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ എന്നും പറഞ്ഞു സിമ്പിൾ ആയി പുള്ളിക്കാരി അവസാനിപ്പിച്ചു.
മുക്കാലും ഇംഗ്ലീഷിലും കുറച്ചു മലയാളത്തിലുമൊക്കെയായി പതിനാലുവയസ്സുകാരി തരുന്ന ഉപദേശം കേട്ട് ഞാനോർത്തത് ഞാനൊരിക്കൽ പോലും എന്റമ്മയോട് ഇങ്ങനൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് ...
ഈ പ്രായത്തിൽ ഒരിക്കൽ പോലും ഞാൻ അമ്മയുടെ ഇഷ്ടങ്ങൾ ചോദിച്ചിട്ടേ ഇല്ല ...അറിയാനും ശ്രമിച്ചിട്ടില്ല.
എന്റമ്മ ചെയ്യുന്നതെല്ലാം ഒരമ്മയുടെ ഉത്തരവാദിത്വം മാത്രമായി കണ്ടിരുന്ന ഞാനെവിടെ? എഴുതാനും വായിക്കാനുമുള്ള എന്റെ ഇഷ്ടമറിഞ്ഞു അതിനെല്ലാം സൗകര്യമൊരുക്കിത്തരുന്ന അവളെപോലെയുള്ള മക്കളെവിടെ?..
ആദ്യമായി പീരിഡ്സ് ആയപ്പോൾ അതിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പകച്ചുകൊണ്ട് കരഞ്ഞു കൂക്കി വിളിച്ചു ഇന്നമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന ഞാനും..
”മമ്മി I think it's my periods ” ന്ന് സമാധാനത്തോടെ വന്ന് പാഡ് ചോദിച്ച അവളും ഒരു പാട് മാറ്റമുണ്ടെന്നറിയാം.
അരക്കൊപ്പമുള്ള മുടി സന്തോഷത്തോടെ കാൻസർ രോഗികൾക്കായി സ്വന്ത ഇഷ്ടപ്രകാരം മുറിച്ചുകൊടുക്കണമെന്ന് അവൾ വന്ന് പറഞ്ഞപ്പോഴും..
ആഘോഷമായുള്ള പിറന്നാളുകളെനിക്ക് വേണ്ട അതിനായി നിങ്ങൾ ചിലവാക്കുന്ന പൈസ ഒരാഘോഷങ്ങളുമില്ലാത്ത കുട്ടികൾക്ക് കൊടുക്കാൻ എനിക്ക് തരണമെന്ന് ആവശ്യപ്പെട്ടപ്പോഴുമടക്കം പലസന്ദർഭങ്ങളിലും ഞങ്ങളെ അത്ഭുതപെടുത്തിയിട്ടുണ്ടവൾ..
ഒന്നുമറിയാതെ ഗെയിമുകളിലും ഓൺലൈനിലും സോഷ്യൽ മീഡിയയിലും മാത്രമായി മക്കൾ സമയം ചിലവഴിക്കുന്നു..ജീവിതമൂല്യങ്ങൾ ഇന്നത്തെ തലമുറക്ക് അറിയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്..
ഒരു ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് നമ്മൾ പകർത്തികൊടുക്കുന്നതെന്താണോ
അതുപോലെയാണ് മക്കളും... വിഷമെങ്കിൽ വിഷം സ്നേഹമെങ്കിൽ സ്നേഹം...
നമ്മളെക്കാൾ മിടുക്കരാണവർ.. അറിവുകൾ കണ്ടും കേട്ടും നേടുന്നുണ്ടവർ..
അമിതമായി ലാളിക്കാതെ സ്നേഹിച്ചു കീഴടക്കാതെ ജീവിതത്തിലെ ഓരോ നല്ലതും ചീത്തയും അവർക്ക് കൂടി വ്യക്തമാകും വിധത്തിൽ തിരിച്ചറിയും വിധത്തിൽ ഒന്ന് നമ്മളും അവരോടൊപ്പം നിന്നാൽ മതി..ജീവിച്ചാൽ മതി.
ലിസ് ലോന ✍️
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo