നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോക്കുകുത്തിയും ഗന്ധര്‍വ്വനും. ( കഥ )

Image may contain: 1 person, closeup
രാത്രികള്‍ക്ക് പല ഭാവങ്ങളാണ്.
ചിലപ്പോള്‍ വളരെ ലാഘവത്വം തോന്നും. സമൃദ്ധമായ കാര്‍കൂന്തല്‍ വിടര്‍ത്തിയിട്ട് അലസമായി മയങ്ങുന്ന ഒരു പെണ്ണുടലുപോലെ മനോഹരിയായി ചന്ദനക്കസവണിഞ്ഞു കിടക്കും. കവികള്‍ സുന്ദരികളായ കവിതകളെ പ്രസവിക്കുന്നതും പുരുഷന്‍മാര്‍ക്ക് കാമമുണരുന്നതും അത്തരം രാത്രികളിലാണ്. ഇണയെ തേടുന്ന രാത്രികള്‍ !!
ചില രാത്രികള്‍ ഇരുണ്ടു ഘനീഭവിച്ചു കിടക്കും. അത്തരം രാത്രികളുടെ വിജനതയില്‍ ആരെങ്കിലും ഒറ്റപ്പെട്ടുപോയാൽ എപ്പോള്‍ വേണമെങ്കിലും നിലവിളിച്ചുകൊണ്ട് അഴലു പറിച്ചോടാന്‍ പാകത്തിന് ചിലത് രാത്രി അതിന്‍റെ ഇരുണ്ട അടരുകളില്‍ കൂര്‍ത്ത പല്ലുകളായും ചോരക്കറ പുരണ്ട ഉണ്ടക്കണ്ണുകളായും ഒളിപ്പിച്ചുവെക്കും.
പക്ഷേ ചന്ദ്രന്‍ അതിന്‍റെ പകുതി പ്രഭ മാത്രം പകുത്തുതന്ന ഒരു രാത്രി നരയന്‍കളളി പാടത്തിന്‍റെ പളളവാരത്തുകൂടി അവളെയും തോളത്തെടുത്ത് വെളളരിക്കണ്ടത്തിലേക്ക് നടക്കുകയായിരുന്നു ഞാന്‍. ഇനി ഇവളാണ് കണ്ണേറുകളില്‍ നിന്നും എന്‍റെ വെളളരിപ്പടര്‍പ്പുകളെ കാക്കേണ്ടത്. മങ്ങിയ ചിരി പോലെ നിലാവ് ഇലച്ചാര്‍ത്തുകളില്‍ തട്ടി പളളവാരത്ത് ചിതറിക്കിടക്കുന്നു.
തൊട്ടു മുന്‍പില്‍ നിന്ന് എന്തോ ഒന്ന് പെട്ടെന്ന് കാട്ടുപൊന്തയുടെ വന്യമായ ഇരുട്ടിലേക്കു ചാടി മറഞ്ഞു.
കാലിന്‍റെപെരുവിരലില്‍നിന്ന് ഒരു തരിപ്പ് മിന്നല്‍ പോലെ തലയിലേക്കിരച്ചെത്തി വിറപ്പിച്ചു കളഞ്ഞു. ഭയം എത്ര പെട്ടെന്നാണ് ഉളളില്‍ വന്നു നിറഞ്ഞ് ഒരു വലിയ മരത്തോളം വളര്‍ന്ന് നമ്മെ പേടിപ്പെടുത്തുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഇത്തരം ശബ്ദങ്ങള്‍ നമ്മില്‍ ഭയം നിറയ്ക്കുന്നതെങ്ങനെയാണ്. ?
പേടിച്ചുപോയോ ?
ഒരു പെണ്‍ശബ്ദം. രാത്രിയുടെ വിജനമായ ഈ പളളവാരത്ത് ആരാണത് ?
എന്നെ താഴെ നിര്‍ത്തൂ...
വീണ്ടും അതേ ശബ്ദം !
നോക്കുകുത്തി സംസാരിക്കുന്നതുപോലെ.
ഞാനവളെ താഴെ നിര്‍ത്തി.
തറയില്‍ സ്പര്‍ശിച്ചതും പെട്ടെന്ന് അവള്‍ ഒരു യുവതിയായി മാറി !!
ഒരു നടുക്കത്തോടെ ഞാന്‍ ഒരു ചുവട്ടടി പുറകിലേക്ക് അറിയാതെ തെന്നിമാറി.
അവള്‍ പൊട്ടിച്ചിരിച്ചു. കുപ്പിവളകള്‍ കിലുങ്ങുന്നതുപോലെ...
അത്ഭുതവും അമ്പരപ്പും ഭയവും ഒരേ സമയം എന്നില്‍ ഒരു തിരമാല പോലെ ഉയര്‍ന്നു പൊങ്ങി.
വൈക്കോലും മരക്കമ്പുകളും ചേര്‍ത്ത് ഞാനുണ്ടാക്കിയ നോക്കുകുത്തി...
ദാ സുന്ദരിയായ ഒരു യുവതിയായി ദാ മുന്നില്‍ നില്‍ക്കുന്നു. എന്തൊരത്ഭുതമാണിത് !!
വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും വിശ്വസിക്കുമായിരുന്നില്ല. ഇതാ എന്‍റെ കണ്‍മുന്‍പില്‍ ആരും വിശ്വസിക്കാത്ത ഒരത്ഭുതം നടന്നിരിക്കുന്നു. കേവലം ഒരു നോക്കുകുത്തിക്ക് ഇത്രയും സുന്ദരിയായ ഒരു പെണ്ണാകാന്‍ കഴിയുമോ ? ഞാനത്ഭുതപ്പെട്ടു.
സുധയുടെ ചുവന്ന ബ്ലൗസിലും നരച്ച പിങ്ക് കളര്‍ സാരിയിലും അവള്‍ കൂടുതല്‍ സുന്ദരിയായതുപോലെ.
ഭയം വിട്ടുമാറിയിട്ടില്ലാത്ത എന്‍റെ ഒച്ച ഇടറിയിരുന്നു.
നിലാവിലും നിഴലിലും ചവിട്ടി അവള്‍ അങ്ങനെ നില്‍ക്കുന്നു.
ഭയത്തിന്‍റേയും ധൈര്യത്തിന്‍റേയും അതിര്‍വരമ്പില്‍ ബാലന്‍സ് തെറ്റാതെ ഞാന്‍..
അതെ.
വീണ്ടും അവളുടെ ശബ്ദം.
നീ സംസാരിക്കുമോ ?
അവള്‍ മുഖമുയര്‍ത്തി എന്‍റെ കണ്ണുകളിലേക്കു നോക്കി.
ഞാന്‍ മാത്രമല്ല, ഈ മരങ്ങളും ചെടികളും മണ്ണും കല്ലും പാറയും രാത്രിയും പകലും എല്ലാം സംസാരിച്ചിരുന്നു. നിങ്ങള്‍ മനുഷ്യരുടെ സംസാരവും പ്രവൃത്തിയും എന്നു ഞങ്ങള്‍ക്ക് അപരിചിതമായി തോന്നിത്തുടങ്ങിയോ അന്നു ഞങ്ങള്‍ സംസാരം നിര്‍ത്തിയതാണ്. ദാ , കണ്ടില്ലേ നൂറ്റാണ്ടുകളുടെ മൗനം ഘനീഭവിച്ചു കിടക്കുന്നത് !!
ചുറ്റും തല താഴ്ത്തി ഇരുളില്‍ മറഞ്ഞു നിന്ന മരങ്ങളും ചെടികളും വളളിപ്പടര്‍പ്പുകളും അവളെ ശരിവെച്ചുകൊണ്ട് മൗനമായി നിന്നു. രാത്രി സന്ധ്യയോടും പ്രഭാതത്തോടും പകലിനോടും മിണ്ടാതെ നിന്നു. മണ്ണ് അനങ്ങാതെ കിടന്നു. ശബ്ദങ്ങളുടെ ഇടയില്‍ നിശബ്ദത എങ്ങനെ ഉണ്ടായെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
അവളുടെ സംസാരത്തിലെ തണുപ്പ് എന്നിലെ ഭയത്തെ അലിയിച്ചു കളഞ്ഞു.
അവള്‍ നടന്നു തുടങ്ങി.
നീ എങ്ങോട്ടാണ് നടക്കുന്നത് ?
അവള്‍ നിന്നു.
നിന്‍റെ വെളളരിക്കു കാവലു വേണ്ടേ ? കണ്ണു തട്ടാതെ അവയെ സംരക്ഷിക്കേണ്ടേ ? കാലങ്ങളായി ഞങ്ങള്‍ ചെയ്യുന്നതല്ലേ അത്?.
പക്ഷേ നീ.. നീ സുന്ദരിയായ ഒരു സ്ത്രീയല്ലേ. ഞങ്ങള്‍ കണ്ണു തട്ടാതിരിക്കാന്‍ കോലങ്ങളാണ് വെക്കുന്നത്.
അവള്‍ കുപ്പിവള കിലുങ്ങുന്നതുപോലെ ചിരിച്ചു.
അപ്പോഴാണ് അവളുടെ ചുവന്ന കല്ലുളള മൂക്കുത്തി ഞാന്‍ കണ്ടത് !
അതും ചിരിക്കുന്നുണ്ടായിരുന്നു.
നല്ല തിളക്കമുളള ചുവന്ന ചിരി !!
പെട്ടെന്ന് അവള്‍ ചിരി നിര്‍ത്തി.
ഞങ്ങള്‍ നോക്കുകുത്തികള്‍ ; വെയിലും മഴയും കാറ്റുമേറ്റ് കാലങ്ങളോളം അങ്ങനെ നിന്നാല്‍ മതിയോ ? ഞങ്ങള്‍ക്കുമുണ്ട് കൊച്ചുകൊച്ച് ആഗ്രഹങ്ങള്‍..
രാത്രിയാകുമ്പോള്‍ ഞങ്ങള്‍ സുന്ദരികളായ സ്ത്രീകളായി മാറും . ഞങ്ങളുടെ സൗന്ദര്യത്തില്‍ മയങ്ങി സ്വര്‍ഗ്ഗത്തില്‍നിന്നും ഗന്ധര്‍വ്വന്‍മാര്‍ ഇറങ്ങിവരും. പിന്നെ പുലരുവോളം ഗന്ധര്‍വ്വന്‍മാരുമൊത്ത് ഞങ്ങള്‍ ആടുകയും പാടുകയും ചെയ്യും .
അപ്പോള്‍ അവളുടെ മാറിടം കൂടുതല്‍ കനം വെച്ചതുപോലെ എനിക്കു തോന്നി.
ഞങ്ങള്‍ നടത്തം തുടര്‍ന്നു.
നിലാവിന്‍റെ നേര്‍ത്ത കമ്പളം പുതച്ചുറങ്ങുന്ന താമരച്ചാല്‍ എരിഞ്ഞിക്കാടുകളുടെ ഇടയിലൂടെ അവ്യക്തമായി കാണാം. കൊയ്തൊഴിഞ്ഞ പാടം മഞ്ഞുമൂടിക്കിടക്കുന്നു.
പെട്ടന്നാണ് ഒരു സംശയം എന്നിലുടലെടുത്തത്.
നീ കുറച്ചു മുമ്പല്ലേ നോക്കുകുത്തിയായത്. പിന്നെങ്ങനെ നിനക്ക് നോക്കുകുത്തികളുടെ ചരിത്രം അറിയാം ?
വീണ്ടും അവള്‍ ചിരിച്ചു .അതേ ചിരി. കുപ്പിവളകള്‍ കിലുങ്ങുന്നതുപോലെ. അതുകണ്ട് അവളുടെ ചുവന്ന കല്ലുളള മൂക്കുത്തിയും ചിരിച്ചു നല്ല തിളക്കമുളള ചുവന്ന ചിരി. പക്ഷേ ഇപ്രാവശ്യം മൂക്കുത്തിയുടെ ചിരിയില്‍ എനിക്കെന്തോ അപാകത തോന്നി. എന്നെ കളിയാക്കിയതുപോലെ.
എനിക്കെല്ലാം അറിയാം. ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം.
അവള്‍ തെല്ലിട നിര്‍ത്തി. ഞാന്‍ അവളുടെ മുഖത്തേക്കു നോക്കി. എനിക്കുതന്നെ നിര്‍വ്വചിക്കാനാവാത്ത ഒരു ഭാവമായിരുന്നു എന്‍റെ മുഖത്തപ്പോള്‍ ഉണ്ടായിരുന്നത്.
ഒരുക്കിയെടുത്ത പാടത്ത് നീ വിത്തെറിഞ്ഞു ഞാനവിടെ മുള പൊട്ടിയ സമയത്തിനും ഒരുപാടു കാലങ്ങള്‍ക്കു മുന്നേയുളള എന്നെ , ഞാന്‍ വന്ന വഴികളെ എനിക്കറിയാം. നിന്‍റെ പാടത്ത് ഞാന്‍ പൂത്തതും കതിരിട്ടതും. സ്വര്‍ണ്ണനിറമുളള നെന്മണികളുടെ പ്രൗഡിയില്‍ ഞാന്‍ കാറ്റത്തുല്ലസിച്ചാടിയതും അവസാനം നീ എന്നെ കൊയ്തെടുത്ത് എന്‍റെ നെന്മണികളെ സ്വന്തമാക്കിയതും എന്നെ ഒരു നോക്കുകുത്തിയാക്കിയതും എല്ലാം.
അവളുടെ സംസാരത്തില്‍ എന്തെങ്കിലും കുറ്റപ്പെടുത്തലോ നിരാശയോ ഉണ്ടോ..
ഞാന്‍ തെല്ലൊന്ന് അസ്വസ്ഥനായി.
പക്ഷേ ഞങ്ങള്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു. കര്‍മ്മംചെയ്യുന്നതില്‍ സന്തോഷിക്കുന്നു. ചെളിയില്‍നിന്നും വെളളവും വളവും വേര്‍തിരിച്ചു വലിച്ചെടുത്ത് നെന്മണികളാക്കി അവയിലൂടെ എന്‍റെ അനേകം തലമുറകളെ സൃഷ്ടിച്ച എന്‍റെ ഇപ്പോഴത്തെ നിയോഗം ഒരു നോക്കുകുത്തിയുടേതാണ്. ഒരു നോക്കുകുത്തി എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നെല്ലാം ഉരുവാകുന്ന വേളയില്‍ത്തന്നെ ഞാനറിഞ്ഞിരിക്കും.
ശബ്ദങ്ങളുടെ ഇടയില്‍ കടന്നു വരാറുളള നിശബ്ദത ഞങ്ങളുടെ ഇടയില്‍ തെല്ലിട തങ്ങിനിന്നു. പടിഞ്ഞാറു നിന്നും വന്ന തണുത്ത ഒരു കാറ്റ് അതിനെ എരിഞ്ഞിക്കാടുകള്‍ക്കിടയിലൂടെ, താമരച്ചാലിനുമുകളിലൂടെ ശൂന്യാകാശത്തേക്കു കൊണ്ടുപോയി. അവിടെയാണ് നിശബ്ദതയുടെ യഥാര്‍ത്ഥ ലോകം. അവിടെ നിന്നാണ് നിശബ്ദത ചെറിയ കഷണങ്ങളായും വലിയ കഷണങ്ങളായും നമ്മുടെ ഇടയിലേക്കു വീഴുന്നത്. പണ്ട് ഘോരവനങ്ങളില്‍ തപസു ചെയ്തിരുന്ന സന്യാസിമാരുടെ ഉളളിലായിരുന്നു നിശബ്ദത കാലങ്ങളോളം കുടിയിരുന്നത്. വലിയ വലിയ ചിന്തകന്‍മാരും ബുദ്ധിജീവികളും ആണ് നിശബ്ദതയുടെ കൂട്ടുകാര്‍. നിശബ്ദത കൂട്ടിനുളളതുകൊണ്ടാണ് അവര്‍ക്കു ബോറടിക്കാത്തത്.
എനിക്കു മാത്രമല്ല , മരങ്ങള്‍ക്കും ചെടികള്‍ക്കും പകലിനും രാത്രിയ്ക്കും പ്രഭാതത്തിനും സന്ധ്യയ്ക്കും മണ്ണിനും പാറയ്ക്കും മേഘങ്ങള്‍ക്കും കാറ്റിനും എല്ലാം എല്ലാക്കാര്യങ്ങളും അറിയാം. ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം.മനുഷ്യരുള്‍പ്പെടെ എല്ലാവരും പരസ്പരം എല്ലാം പറഞ്ഞിരുന്നു. പക്ഷേ പിന്നീട് നിങ്ങള്‍ മനുഷ്യര്‍ ഞങ്ങളില്‍നിന്നെല്ലാം വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആഹാരത്തിനുവേണ്ടിയല്ലാതെ സഹജീവികളെ കൊല്ലാനും തുടങ്ങിയതോടെയാണ് ഞങ്ങളെല്ലാവരും മിണ്ടാതെയായത്. നിങ്ങള്‍ ഞങ്ങളെ , പ്രകൃതിയെ ദ്രോഹിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ പൂര്‍ണ്ണമായും നിങ്ങളില്‍ നിന്നകന്നു.
അവള്‍ പറഞ്ഞു നിര്‍ത്തി. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
നിശബ്ദതയുടെ ഒരു ചെറിയ കഷണം. പിന്നെയും ഞങ്ങളുടെ ഇടയില്‍ വീണു. പക്ഷേ ഇത്തവണ അതിനെ ഞാന്‍തന്നെ ഉടച്ചു കളഞ്ഞു. അവളെ സന്തോഷിപ്പിക്കുന്ന ഒരു ഭംഗിവാക്കുകൊണ്ട് !
ഈ ചുവന്ന ബ്ലൗസിലും പിങ്ക് സാരിയിലും നീ സുന്ദരിരായിരിക്കുന്നു. ഒരു ചുവന്ന വലിയ പൊട്ടുകൂടി ഉണ്ടായിരുന്നെങ്കില്‍ നിന്‍റെ സൗന്ദര്യത്തിന് ഇനിയും മാറ്റു കൂടിയേനേ..
അതു കേട്ട് അവള്‍ ചിരിച്ചു . കുപ്പിവളകള്‍ കിലുങ്ങുന്നതുപോലുളള ചിരി. പക്ഷേ മൂക്കുത്തി മാത്രം ചിരിച്ചില്ല.
ആ ചുവന്ന തിളങ്ങുന്ന ചിരി അവിടെ ഉണ്ടായില്ല.
മൂക്കുത്തി പിണങ്ങിയിരിക്കുന്നു.
ഞാന്‍ മൂക്കുത്തിയേയും സന്തോഷിപ്പിച്ചു.
മൂക്കുത്തി ചിരിച്ചു. ചുവന്ന തിളങ്ങുന്ന ചിരി.
ഈ സാരിയും ബ്ലൗസും സുധയുടേതല്ലേ.
അതേ.
നീ ഈ സാരിയോടും ബ്ലൗസിനോടും ചോദിച്ചു നോക്കൂ..അവര്‍ക്കും ഉണ്ട് ഞാന്‍ പറഞ്ഞതുപോലെയുളള കഥകള്‍.ഇന്നലെവരെ നിന്‍റെ ഭാര്യയെ അലങ്കരിച്ചിരുന്ന ഇവര്‍ ഇന്ന് എന്നെ സുന്ദരിയാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. നാളെ വെയിലും മഴയും കാറ്റുമേറ്റ് നശിച്ചുപോകുമെന്ന് അവയ്ക്കറിയാം.
ഞാന്‍ നിശബ്ദതയുടെ ഒരു കഷണം വിഴുങ്ങി മിണ്ടാതെ നടന്നു. എനിക്കൊന്നും പറയാനില്ലായിരുന്നു.
അവയും കര്‍മ്മത്തില്‍ വിശ്വസിക്കുന്നു. കര്‍മ്മം ചെയ്യുന്നതില്‍ വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍.
അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും അവളുടെ ചിരിയോടു പങ്കു ചേര്‍ന്നു.
ഒട്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഞാന്‍പാടത്തേക്കു നോക്കി. സുന്ദരിമാരായിത്തീര്‍ന്ന നോക്കുകുത്തികളും ഗന്ധര്‍വ്വന്‍മാരും അവിടെ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടോ എന്നറിയാനായിരുന്നു അത്.
പെട്ടെന്ന് ഒരു കുസൃതി തോന്നി.
നിന്നെത്തേടി ഇനി എപ്പോഴാണ് ഗന്ധര്‍വ്വന്‍മാര്‍ വരുന്നത് ?
അവള്‍ എന്നെനോക്കി വശ്യമായി ഒന്നു പുഞ്ചിരിച്ചു.
അവളുടെ ആ ചിരി കൊതിപ്പിക്കുന്നതായിരുന്നു.
അപ്പോള്‍ അവളുടെ മൂക്കുത്തിയും ചിരിച്ചു . പക്ഷേ അത് ഒരു കളളച്ചിരിയായിരുന്നു.
അതുവരെ അവിടെ ഇല്ലാതിരുന്ന ഒരു ഗന്ധം അവളില്‍നിന്നു പരക്കുന്നതുപോലെ എനിക്കു തോന്നി. മദിപ്പിക്കുന്ന ഒരുതരം സുഗന്ധം.
ഏതൊരു പുരുഷനേയും ചഞ്ചലചിത്തനാക്കുന്ന ഗന്ധം. ഇത്രയും നേരം ഈ ഗന്ധം എന്തുകൊണ്ടാണ് തിരിച്ചറിയാതിരുന്നതെന്ന് ഞാനോര്‍ത്തു. അതോ, ഇപ്പോള്‍ ഈ നിമിഷം മുതലാണോ അവളില്‍നിന്നും ഈ മദിപ്പിക്കുന്ന ഗന്ധം പരക്കാന്‍ തുടങ്ങിയത്. ഈ ഗന്ധമാണോ ഗന്ധര്‍വ്വന്‍മാരെ ഇവളിലേക്കാകര്‍ഷിക്കുന്നത്.
ആദ്യം കാണുന്നതുപോലെ ഞാനവളെ നോക്കി.ഇത്രയും നേരം ഞാന്‍ കണ്ടതല്ല ഇവളുടെ യഥാര്‍ത്ഥ സൗന്ദര്യമെന്നും ഇപ്പോഴത്തെ എന്‍റെ കാഴ്ചയിലാണ് അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതെന്നും എനിക്കു തോന്നി. അവളുടെ മുഴുവന്‍ സൗന്ദര്യവും കണ്ണുകളിലേക്കാവാഹിക്കാന്‍ ആത്രയും കുറഞ്ഞ നിലാവെളിച്ചം തന്നെ ധാരാളമായിരുന്നു. അവളുടെ നീണ്ട മുഖവും വശീകരിക്കുന്ന കാന്തശക്തിയുളള കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും ഒതുങ്ങിയ നിറഞ്ഞ മിറിടവും പൊക്കിള്‍ച്ചുഴിയും സമൃദ്ധമായ നിതംബവും വിടര്‍ത്തിയിട്ട ചുരുള്‍മുടിയും ആദ്യം കാണുന്നതുപോലെ നോക്കിക്കണ്ടു. ഒരു മാസ്മരിക വലയത്തിലകപ്പെട്ടതുപോലെ ഞാന്‍ അവളോടൊപ്പം നടന്നു. അവളുടെ പുതുസൗന്ദര്യം ആത്രമേല്‍ എന്നെ ഭ്രമിപ്പിച്ചിരുന്നു. കൊതിപ്പിച്ചിരുന്നു.
അന്നേരം ഞങ്ങള്‍ നടക്കുന്നത് നരയന്‍കളളി പാടത്തിന്‍റെ കരയിലുളള പളളവാരത്തു കൂടിയല്ലെന്നും അതിവിശുദ്ധമായ ഏതോ ഭൂമികയിലൂടെയാണെന്നും എനിക്കു തോന്നി.
നീയാണെന്‍റെ ഗന്ധര്‍വ്വന്‍ !!!
നടത്തത്തിനിടയ്ക്ക് ഒരു കൊഞ്ചലോടെ എന്‍റെ കാതിലേക്കു ചുണ്ടമര്‍ത്തി അവള്‍ മന്ത്രിച്ചു !!
അന്നേരം ചെവിയുടെ പുറകില്‍ ഒരിക്കിളി ഉണര്‍ത്തിയ കുളിരില്‍ ഞാന്‍ നനഞ്ഞു.
ഇത് ഏതാണ് സ്ഥലം എന്നറിയിമോ ?
തെല്ലിട നിന്ന് അവള്‍ എന്നോടു ചോദിച്ചു. ഒരു മതിഭ്രമത്തില്‍ പെട്ടുപോയ ഞാന്‍ അപ്പോഴാണ് പരിസരം ശ്രദ്ധിച്ചത്.
ഒരു അമ്പരപ്പോടെ ഞാന്‍ ചുറ്റും നോക്കി. ഏതോ അപരിചിതമായ സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നതെന്ന ബോദ്ധ്യം തിരിച്ചറിയാന്‍ രണ്ടു നിമിഷമെടുത്തു.
മരങ്ങളും ചെടികളും വളളികളും പൂവിട്ടു നില്‍ക്കുന്ന മനോഹരമായ ഒരുദ്യാനം. നിറവസന്തം രാത്രിയില്‍ വിരുന്നു വന്നതുപോലെ .....
ഇത് നരയന്‍കളളി പാടത്തിന്‍റെ കരയിലുളള നിലാവു ചിതറിവീണ പളളവാരമല്ല.
ഞാന്‍ നടക്കാറുളള പരിചിതമായ വഴിത്താരകളല്ല.
ഏതോ ഒരു സ്ഥലം... ഏതോ ഒരു കാലം....
ഏതാണീ സ്ഥലം ? ഞാനിതുവരെ ഇവിടെ വന്നിട്ടില്ലല്ലോ.
അവള്‍ ചിരിച്ചു. കുപ്പിവളകള്‍ കിലുങ്ങുന്ന ചിരി..
രാത്രി അങ്ങനെയാണ്. പകല്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത പലതും രാത്രി നമുക്കു കാണിച്ചു തരും. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതും പോയിട്ടില്ലാത്തതുമായ വഴികളിലൂടെ രാത്രി നമ്മെ കൊണ്ടുപോകും.
പെട്ടെന്നുളള ഒരുള്‍പ്രേരണയില്‍ ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് ആ ഉദ്യാനത്തിലിരുന്നു. അവളുടെ മദിപ്പിക്കുന്ന ഗന്ധം എന്‍റെ നാസാദ്വാരങ്ങളിലൂടെ ഹൃദയത്തിലെത്തി , തീയായി എന്‍റെ സിരകളില്‍ ചൂടു പടര്‍ത്തി.
ആകാശത്തുനിന്നും വെളളിമേഘങ്ങളെ പൂട്ടിയ ഒരു രഥം ഞങ്ങള്‍ക്കരികിലേക്കിറങ്ങി വന്നു. ആ രഥത്തിലേറി ഞങ്ങള്‍ അനുഭൂതിയുടെ ഏഴു ലോകങ്ങളും കണ്ടു. അവസാനം നിറയെ താമരകള്‍ മൊട്ടിട്ട ഒരു പൊയ്കയില്‍ തളര്‍ന്നുറങ്ങി...
മയക്കം വിട്ടുണര്‍ന്നപ്പോള്‍ അരികില്‍ അവളില്ല. ഞങ്ങള്‍ ശയിച്ച താമരപ്പൊയ്കയില്ല. പൂങ്കാവനമില്ല. നറു നിലാവില്ല.
എങ്ങും ഇരുട്ടു മാത്രം. ഒരു ഞെട്ടലോടെ ഞാന്‍ ചാടി എഴുന്നേറ്റു. ശരീരത്തിലെവിടെയൊക്കെയോ നീറ്റലെടുക്കുന്നു.
ഇതെവിടെയാണ് ? ഞാനിവിടെ എങ്ങനെ വന്നുപെട്ടു ?
ചുറ്റിനും കാട്ടു വളളികളും മുള്‍പ്പടര്‍പ്പും.
ഇതു കാവാണ് . കുഴിക്കാലക്കാവ്!!
ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാത്തുണ്ടുകളൊഴിച്ചാല്‍ കട്ടപിടിച്ച ഇരുള്‍പ്പൊത്തുകളാണ് കാവിനകം. അതിനു കിഴക്കു വശത്ത് നരയന്‍കളളിപ്പാടം നിലാവിലും മഞ്ഞിലും മൂടിക്കിടക്കുന്നു.
ഈ കാവിനകത്ത് ഞാനെങ്ങനെ എത്തിയെന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്‍റെ ഉളളില്‍ തിളച്ചു.
കാവില്‍ നിന്നും പാടത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കാവിനു കുറച്ചകലെ പാടത്തിന്‍റെ കരയില്‍ ഒരാള്‍ ആരെയോ കൈകള്‍ ബലമായി പുറകിലേക്കു ചേര്‍ത്തുപിടിച്ച് വായ പൊത്തിപ്പിടിച്ചിരിക്കുന്നു. മറ്റൊരാള്‍ അയാളെ ഒരു കത്തികൊണ്ട് തെരുതെരെ കുത്തുന്നു. കുത്തുകൊണ്ടയാള്‍ പുളഞ്ഞുകൊണ്ട് കുതറുന്നു . ഭയം കൊണ്ട് തണുത്തുറഞ്ഞുപോയി . ആലില പോലെ വിറച്ചു പോയ ഞാന്‍ ഒരു മരത്തില്‍ പിടിമുറുക്കി. അടിവയറ്റില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു നിലവിളി കൈകൊണ്ടു പൊത്തിയമര്‍ത്തി. ആരൊക്കെയാണത് ? കണ്‍മുന്നില്‍ ഒരാളെ ആക്രമിക്കുന്നതുകണ്ട് ഓടിച്ചെന്ന് അയാളെ രക്ഷിക്കാന്‍ കഴിയാതെ ധൈര്യമെല്ലാം ചോര്‍ന്ന് ഒരു ഭീരുവിനെപ്പോലെ നിസ്സഹായനായി കാവിനുളളിലെ ഇരുട്ടിന്‍റെ മറപറ്റി ഞാന്‍ ആ കാഴ്ച കണ്ടു നിന്നു.
കുത്തുകൊണ്ടയാള്‍ കുഴഞ്ഞ് നിലത്തേക്കൂര്‍ന്നു വീണു. മരണം ഉറപ്പാക്കിയ അവര്‍ രക്തം ഇറ്റുവീഴുന്ന കത്തിയും പിടിച്ച് കാവിനുമുന്നിലൂടെ പോകുന്നതുവരെ ഞാന്‍ ഒന്നും ചെയ്യാനാവാതെ അവിടെ പതുങ്ങി നിന്നു.
അവര്‍ പോയെന്നുറപ്പായ ഒരു നിമിഷത്തില്‍ കുത്തേറ്റു ചലനമില്ലാതെ കിടക്കുന്ന ആളിന്‍റെ അടുത്തേക്ക് ഞാനോടിച്ചെന്നു.
ഒന്നേ നോക്കിയുളളൂ..
രാഘവേട്ടന്‍.... സഖാവ് രാഘവേട്ടന്‍..
ദേഹാസകലം കുത്തേറ്റ് രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്നു....
ഒരു ആര്‍ത്തനാദം എന്നില്‍നിന്നുയര്‍ന്നു.
ഭയത്തിന്‍റേയും സങ്കടത്തിന്‍റേയും കൊടുമുടിയില്‍ ഞാനുച്ചത്തില്‍ നിലവിളിച്ചു...
എന്‍റെ നിലവിളി കേട്ടു ഉറക്കത്തില്‍നിന്നും ചാടിയെഴുന്നേറ്റ് സുധ ലൈറ്റിട്ടു.
ഞാന്‍ ആകെ വിയര്‍ത്തിരുന്നു. പേടിച്ചരണ്ട കണ്ണുകളോടെ ചുറ്റും നോക്കി.
എന്താ രഘുവേട്ടാ.. എന്തുപറ്റി?
അവള്‍ ആകെ പരിഭ്രമിച്ചു.
ഏയ് ഒന്നുമില്ല....ഒന്നുമില്ല....
ഞാന്‍ കിതച്ചുകൊണ്ട് പരിസരബോധം വീണ്ടെടുത്തു.
വല്ല സ്വപ്നവും കണ്ടു പേടിച്ചോ... അവള്‍ എന്‍റെ മുടിയിഴകളില്‍ തലോടി. ഞാന്‍ അനങ്ങാതെ ശൂന്യമായ മിഴികളോടെ ഇരുന്നു. ജഗ്ഗിലിരുന്ന വെളളം എടുത്തു തന്നത് ഞാന്‍ മുഴുവന്‍ കുടിച്ചു. സുധ എന്‍റെ മുഖത്തേക്കു നോക്കി സങ്കടപ്പെട്ടിരുന്നു. എന്‍റെ കവിളിലൂടെയും നെഞ്ചിലൂടെയും ഒലിച്ചിറങ്ങിയ വെളളം അവള്‍ തുടച്ചു.
സാരമില്ല.
അവള്‍ കയ്യെത്തി ലൈറ്റണച്ച് എന്നെ ചുറ്റിപ്പിടിച്ചു കിടന്നു. ചുറ്റിനും അന്ധകാരം. ഞാന്‍ കണ്ണുകള്‍ തുറിച്ച് ഉറക്കം വരാതെ മച്ചിലേക്കു നോക്കിക്കിടന്നു.
വല്ലാത്ത ഒരു കാഴ്ചയായിരുന്നു അത്.
രാഘവേട്ടന്‍....
രാഘവേട്ടന്‍റെ മുഖം മനസിലേക്കു തെളിഞ്ഞു വന്നു. പഴയകാവില്‍ ആല്‍ത്തറയ്ക്കു സമീപം നിന്ന് ആവേശത്തോടെ പ്രസംഗിക്കുന്ന രാഘവേട്ടന്‍ ...
ഉറക്കെ മുദ്രാവാക്യം വിളിച്ചു ജാഥ നയിക്കുന്ന രാഘവേട്ടന്‍ ...
എപ്പോഴോ നെഞ്ചിലെ ഭാരമൊഴിഞ്ഞ് അറിയാതെ ഉറങ്ങിപ്പോയി.
രാവിലെ സുധയുടെ വിളികേട്ടാണ് ഉണര്‍ന്നത്.
രഘുവേട്ടാ ഗോകുല്‍ വിളിക്കുന്നു. എഴുന്നേല്‍ക്ക്.
കൈലി വാരിയുടുത്തു ചെന്നു നോക്കുമ്പോള്‍ അവന്‍ മുറ്റത്തിന്‍റെ അതിരില്‍ നില്‍ക്കുന്നു.
രഘുവേട്ടാ, കഴിഞ്ഞ രാത്രി നമ്മുടെ രാഘവേട്ടനെ ആരോ കുത്തിക്കൊന്നു. കുഴിക്കാല കാവിന്‍റെ അടുത്തുവെച്ച്...
ഒരു വെളളിടി ഉച്ചിയില്‍ നേരിട്ടു പതിച്ചതുപോലെ ഞാന്‍ തളര്‍ന്ന് നിലത്തേക്കിരുന്നു. എന്‍റെ മനസില്‍ കഴിഞ്ഞ രാത്രി കണ്ട സ്വപ്നം തെളിഞ്ഞു വന്നു.
നെഞ്ചിനുളളില്‍ ഒരു ഭാരം വലിഞ്ഞു മുറുകുന്നതുപോലെ...
ഗോകുലിന്‍റെ ബൈക്കിനു പുറകിലിരുന്ന് അങ്ങോട്ടേക്കു പോകുമ്പോഴും മനസ് പ്രക്ഷുബ്ദമായിരുന്നു. ആ സ്വപ്നവും രാഘവേട്ടന്‍റെ രക്തത്തില്‍ കുളിച്ചുളള കിടപ്പും...
എന്‍റെ ഭാവമാറ്റം കണ്ടതുകൊണ്ടാവണം അങ്ങെത്തുന്നതുവരെ അവന്‍ ഒന്നും മിണ്ടിയില്ല.
സ്വപ്നത്തെക്കുറിച്ച് എനിക്കും ഒന്നും പറയാന്‍ തോന്നിയില്ല. അവന്‍ എന്നെക്കുറിച്ച് തെറ്റായിട്ട് എന്തെങ്കിലും ചിന്തിച്ചാലോ...
ഒരുപാടാളുകള്‍ കാവിനടുത്തും പരിസരത്തും തടിച്ചുകൂടിയിട്ടുണ്ട്. പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ ആരൊക്കെയോ എത്തിയിട്ടുണ്ട്. ആരൊക്കെയോ നോക്കുകയും അടുത്തേക്കു വരികയും ചെയ്യുന്നുണ്ട്. ആരെയും ശ്രദ്ധിക്കാന്‍ തോന്നിയില്ല. നേരേ രാഘവേട്ടന്‍ കിടക്കുന്നിടത്തേക്കു നടന്നു. രാഘവേട്ടന്‍റെ കിടപ്പുകണ്ട് ഞെട്ടിപ്പോയി. സ്വപ്നത്തില്‍ കണ്ടതുപോലെ തന്നെ. തല ഇടത്തോട്ടു ചരിച്ച് , കണ്ണു രണ്ടും തളളി വലതുകാല്‍ കുറച്ചു മടക്കി തുടയില്‍ നിന്ന് കൈലികുറച്ചു തെന്നിമാറി...
ഇത് കഴിഞ്ഞ രാത്രി കണ്ട സ്വപ്നം തന്നെയാണോ അതോ ശരിക്കും രാഘവേട്ടന്‍ കൊല്ലപ്പെട്ടോ എന്നുറപ്പിക്കാനാവാതെ ഞാന്‍ മനസു കലങ്ങി നിന്നു. ഇതു വെറും സ്വപ്നം തന്നെയാകണേ എന്നു മനസുരുകി.
അന്തരീക്ഷത്തിലെവിടെയോ രാഘവേട്ടന്‍റെ ഉശിരുളള മുദ്രാവാക്യം മുഴങ്ങുന്നതുപോലെ.
പതിയെ രണ്ടു മുഖങ്ങള്‍ മനസിലേക്കു തെളിഞ്ഞു വന്നു. രാഘവേട്ടന്‍റെ കൊലയാളികളുടെ. ആരാണവര്‍ ? എന്തിനാണവര്‍ രാഘവേട്ടനെ കൊലപ്പെടുത്തിയത് ? ഇന്നലെ കണ്ട സ്വപ്നം .ആരോടാണ് ഇതൊന്നു പറയുന്നത്? പറഞ്ഞാല്‍ത്തന്നെ ആരെങ്കിലും വിശ്വസിക്കുമോ ?
ആകെ കുഴഞ്ഞു മറിഞ്ഞ് ഒരായിരം ചോദ്യങ്ങള്‍ മനസില്‍ ഉത്തരമില്ലാതെ സത്യമോ മിഥ്യയോ എന്നു തിരിച്ചറിയാനാവാതെ മനസിടറി ഞാന്‍ നിന്നു. ആളുകള്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.
ഗോകുലെവിടെ ? ഇതിനിടയ്ക്ക് അവനെവിടെ പോയി ?..
പെട്ടെന്ന് അവിടെ കൂടിനിന്ന ജനമൊന്നിളകി. പോലീസെത്തിയിരിക്കുന്നു.
പോലീസ് എല്ലാവരേയും ബോഡിയുടെ അടുത്തുനിന്നും അകറ്റി നിര്‍ത്തി. ബോഡിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു. ബോഡി ആദ്യം കണ്ടതാരാണെന്നും മറ്റും അവിടെ കൂടി നിന്നവരോട് അന്വേഷിക്കാന്‍ തുടങ്ങി. കൊല്ലപ്പെട്ടത് പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണ്.
രാഘവേട്ടന്‍ ...
മനസില്‍ സങ്കടം തികട്ടി വന്നു.
കഴിഞ്ഞ രാത്രി സ്വപ്നത്തില്‍ കണ്ട കാര്യം വിളിച്ചു പറയണമെന്നു തോന്നി.
കൊലയാളികള്‍ രണ്ടു പേരുണ്ടെന്നു വിളിച്ചു പറയണമെന്നു തോന്നി. അവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാമെന്നു പറയണമെന്നു തോന്നി.
കൊലയാളികളെ തൂക്കിലേറ്റണമെന്നു പറയാന്‍ തോന്നി.
ഉറക്കെയുറക്കെ ഈങ്ക്വിലാബ് സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിക്കണമെന്നു തോന്നി.
അപ്പോഴാണ് ആളുകളോടു സംസാരിച്ചുകൊണ്ടു നില്‍ക്കുന്ന എസ് എെ യുടെ പുറകില്‍ നില്‍ക്കുന്ന രണ്ടു പോലീസുകാരെ ഞാന്‍ ശ്രദ്ധിച്ചത്.
അവര്‍ രണ്ടു പേരും നോക്കുന്നത് എന്നെത്തന്നെയല്ലേ..
പെട്ടെന്ന് എന്‍റെ ഉളളിലേക്ക് ഒരു കൊളളിയാന്‍ പാഞ്ഞിറങ്ങി.
ഇത് അവരല്ലേ... സ്വപ്നത്തില്‍ കണ്ട രണ്ടുപേര്‍..
രാഘവേട്ടനെ കൊലപ്പെടുത്തിയവര്‍..
ഇവരല്ലേ എന്‍റെ മുന്നിലൂടെ നടന്നുപോയത് ...
അന്നേരം ഇവരുടെ കയ്യില്‍ കത്തിയുണ്ടായിരുന്നു. രാഘവേട്ടന്‍റെ രക്തം പുരണ്ട കത്തി.
മിന്നല്‍പോലെ മറ്റൊരു ചിന്ത എന്നിലേക്കു പാഞ്ഞിറങ്ങി.
ഇന്നലെ രാത്രി ഇവരെന്നെ കണ്ടു കാണുമോ ?
അല്ലെങ്കില്‍ പിന്നെ ഇവരെന്തിനാണ് എന്നെ സൂക്ഷിച്ചു നോക്കുന്നത് ?
എങ്കില്‍ ഇവര്‍ എന്നെയും കൊല്ലുകതന്നെ ചെയ്യും. രാഘവേട്ടനെ കൊന്നതുപോലെ .. കത്തികൊണ്ട് ആഞ്ഞാഞ്ഞു കുത്തി...
ഒരു നടുക്കത്തോടെ പിന്നിലേക്കു മാറി. അവര്‍ പിന്നെയും എന്നെത്തന്നെ നോക്കുകയാണ് . ചുവന്നു കലങ്ങിയ ഉണ്ടക്കണ്ണുകള്‍ എന്നില്‍ ഭയത്തിന്‍റെ വേലിയേറ്റം സൃഷ്ടിച്ചു. തണുത്ത ആ പ്രഭാതത്തിലും ഞാന്‍ വെട്ടി വിയര്‍ത്തു.
അവര്‍ മുമ്പോട്ടാഞ്ഞു വരുന്നതുപോലെ.
അപ്പോഴാണ് അവരുടെ കയ്യിലേക്കു ശ്രദ്ധിച്ചത്.
ഊരിപ്പിടിച്ച ഒരു കത്തി.
ഇനിയും ചോരയുണങ്ങാത്ത കത്തി..
രാഘവേട്ടനെ കൊല്ലാനുപയോഗിച്ച കത്തി.
രാഘവേട്ടന്‍റെ ചോര.
അവര്‍ എന്നെ കൊല്ലാന്‍ വരികയാണ്.
അഴലു പറിക്കുന്ന പ്രണവേദന ഒരു വലിയ നിലവിളിയായി എന്നിലുയര്‍ന്നു.
ജീവന്‍ കൈയ്യിലെടുത്തുകൊണ്ട് ഞാന്‍ പിന്തിരിഞ്ഞോടി...
പാടവരമ്പിലൂടെ....
വെളളരിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ....
നോക്കുകുത്തികള്‍ക്കിടയിലൂടെ...
അതിരു കാണാത്ത നരയന്‍കളളി പാടത്തിനു നടുവിലൂടെ....
Written by: Jayakumar Surendran @ Nallezhuth
..........
പളളവാരം - പാടത്തിനു സമാന്തരമായി കരയിലൂടെയുളള ഒറ്റയടിപ്പാത.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot