Slider

ആണൊരുത്തൻ

0

•••••••••••••
"നീ ദേ..ഇതൊരു രണ്ടെണ്ണം വിട്ടേ ന്റെ ഹരീ...ടെൻഷനും വിഷമവുമെല്ലാം പമ്പ കടക്കാൻ മാത്രല്ല , ശരീരത്തിനും നല്ലതാന്നാ പറയണേ.. കൊളെസ്ട്രോൾ ഒക്കെ കുറയുംന്നാ കേട്ടത്.."
ഓൾഡ് മോങ്കിന്റെ കുപ്പി ചെരിച്ചു ശ്രദ്ധയോടെ എടുത്ത പെഗ്ഗിലേക്ക് ഐസ് ക്യൂബ് എടുത്തിട്ടശേഷം ഗ്ലാസ് എന്റെ നേരെ നീട്ടുന്ന അശോകനെ നോക്കി ഞാൻ വേണ്ടെന്ന് തലയാട്ടി..
" വേണ്ടെടാ... ഞാനിത് കഴിക്കാറില്ലെന്ന് നിനക്കറിയില്ലേ..ഇനിയിത് വലിച്ചുകേറ്റി എന്റെ വിഷമങ്ങളൊന്നും മാറി ശരീരം നന്നാകണ്ട...
ശരിക്കും ഒരു ഭ്രാന്തിന്റെ വക്കിലാ ഞാനിപ്പോ ഉള്ളത്.. ആരോടെങ്കിലും മനസ് തുറന്നില്ലെങ്കിൽ ഭ്രാന്തനാകും എന്നുറപ്പാണ്..."
സത്യത്തിൽ ഹരിയുടെ മുഖത്തെ സങ്കടം സഹിക്കാൻ കഴിയാതെ ആണ് അവനോടത് പറഞ്ഞതെങ്കിലും പറയേണ്ടിയിരുന്നില്ല എന്ന ചിന്തയോടെ എന്ത് പറഞ്ഞാണ് അവനെ സമാധാനിപ്പിക്കേണ്ടതെന്ന് അശോകനും ആലോചിച്ചുകൊണ്ടിരുന്നു..
"ഞാനൊന്ന് അവളോട് സംസാരിച്ചു നോക്കിയാലോ...!
"ഹേയ് അതുകൊണ്ടൊന്നും കാര്യമില്ല.. കൊല്ലം കുറെ ആയില്ലേ അവളെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുന്നു..."
മോനെ ഓർത്ത് ഞാനിതുവരെയും സഹിച്ചു ഇനിയിപ്പോ ആലോചിച്ചു വച്ച ആ വഴിയേ ഉള്ളൂ..അമ്മയും അച്ഛനും പോലും എന്നെയൊരു പെൺകോന്തനായാണ് കാണുന്നത്...
അവരുടെ മുഖത്തെ പുച്ഛം കാണുമ്പോഴാണ് നെഞ്ച് പൊടിയുന്നത്...നീയൊരു ആണൊരുത്തനല്ലേടാ എന്ന് അമ്മ പറഞ്ഞത് ഓർമ്മവന്നതും പറയാനുള്ളത് ചുണ്ടിലൊതുക്കി ഞാൻ പുഞ്ചിരിച്ചു.
ഞാനും അശോകനും ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരാണ് ,വലുതായപ്പോഴും എല്ലാം തുറന്ന് പറയുന്ന ആ ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് വിദേശത്തുള്ള അവൻ ലീവിന് വന്നതും പോയി കണ്ടത്..
" എനിക്കറിയില്ല ഹരീ! എന്താ നിന്നോട് പറയേണ്ടതെന്ന്.."
" പോട്ടെടാ... ഞാൻ നിന്നെ കാണാൻ പിന്നെ വരാം ഇന്നലെ ചെറിയച്ഛന്റെ മോന്റെ കല്യാണമായിരുന്നല്ലോ അവളെത്തിയിട്ടുണ്ട്... എല്ലാരുടെയും കണ്ണിൽ പൊടിയിട്ടുള്ള ഈ കളി അവസാനിപ്പിച്ചേ പറ്റൂ അത്രയ്ക്കും ഞാൻ സഹിക്കുന്നുണ്ട്.."
അവന്റെ വീട്ടിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മനസ്സ് നിറയെ പഴയ ഓർമകളായിരുന്നു..
അഞ്ചുകൊല്ലമായി കല്യാണം കഴിഞ്ഞിട്ട്.. ഒരുപാട് പ്രതീക്ഷകളോടെ എല്ലാവരുടെയും ഇഷ്ടത്തിന് ആലോചിച്ചു ഉറപ്പിച്ച കല്യാണം..
സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന് കരുതിതന്നെയാണ് ഒന്നും വേണ്ടെന്ന് പറഞ്ഞു അവളുടെ കഴുത്തിൽ താലി കെട്ടിയത്.
തമാശക്ക് പോലും ആരെയും പ്രണയിക്കാത്ത... എന്റെ താലി നെഞ്ചിലണിഞ്ഞവളെ മാത്രമേ പ്രണയിക്കൂ എന്ന് ശപഥമെടുത്ത എനിക്ക് അവളോടുള്ള ഇഷ്ടം കടലാഴങ്ങളെക്കാൾ അഗാധമായിരുന്നു..
ഏകമകളായതുകൊണ്ട് ആവശ്യത്തിലധികം ലാളിച്ചുതന്നെയാണ് സിന്ധുവിനെ വളർത്തിവലുതാക്കിയതെന്ന് കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോഴേ മനസ്സിലായിരുന്നു..
പക്ഷേ ആ സ്നേഹവും അമിതലാളനയും ഞങ്ങളുടെ ദാമ്പത്യത്തിൽ പലതവണ കല്ലുകടി ആയപ്പോഴും കടിച്ചുപിടിച്ചു നിന്നത് പ്രാണനെപ്പോലെ അവളോടുള്ള ഇഷ്ടമെന്റെ നെഞ്ചിനുള്ളിൽ പതിഞ്ഞത് കൊണ്ടായിരുന്നു...
എന്റെ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ലാതെ അവളുടെ വീട്ടിൽ പോയി നിൽക്കുമ്പോഴും,അച്ഛനെയും അമ്മയെയും പിരിഞ്ഞുനിൽക്കാനുള്ള വിഷമം കൊണ്ടാണെന്ന് പറഞ്ഞുകൊടുത്ത് എന്റെ അച്ഛനെയും അമ്മയെയും ഞാൻ സമാധാനിപ്പിച്ചു.
മരുമകൻ എന്നതിനേക്കാൾ അവരെ ഒരു മകനെപ്പോലെ സ്നേഹിച്ചപ്പോൾ മകൾക്ക് വേണ്ടി വീട്ടിലേക്ക് ദത്തെടുത്തവനെന്ന തോന്നലുണ്ടോ അവർക്കെന്ന് തോന്നിത്തുടങ്ങിയതും അവിടെ പോയി നിൽക്കുന്നത് ഞാൻ കുറച്ചു ..
അച്ഛനും അമ്മയ്ക്കും ഞാനേ ഉള്ളൂ ആ ഇഷ്ടമാണ് അവരങ്ങനെ പെരുമാറുന്നത് , ഇത്രേ അരിശം കൊള്ളേണ്ട കാര്യമൊന്നുമില്ല.. എനിക്കെന്റെ വീട്ടിൽ നിൽക്കാനാ ഇഷ്ടം!! കെട്ടിക്കൊണ്ടു വന്ന വീട്ടിൽ അല്ലേ നിൽക്കേണ്ടതെന്ന് ചോദിച്ചതിന് മറുപടി കിട്ടിയപ്പോൾ കൈയൊന്ന് തരിച്ചതാണ്...
പെണ്ണിനെ തല്ലിയല്ലല്ലോ ആണത്തം കാണിക്കേണ്ടത് പിന്നെ എന്നെയെന്റെ അമ്മ വളർത്തിയതും പെൺകുട്ടികളെ തല്ലാൻ പഠിപ്പിച്ചല്ല.. അതുകൊണ്ട് ഒന്നും മിണ്ടാതെ സമ്മതിച്ചുകൊടുത്തു...
ജോലിക്ക് പോകാൻ ആഗ്രഹമുണ്ട് എന്നവൾ പറഞ്ഞപ്പോഴും ഞാൻ എതിര് പറഞ്ഞില്ല പക്ഷേ എന്നെപോലും അറിയിക്കാതെ ജോലിക്ക് ചേർന്നാണ് അങ്ങനൊരു സമ്മതം ചോദിക്കൽ നാടകം നടത്തിയതെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി..
കൊല്ലത്തിൽ വളരെ അപൂർവമായി എന്റെ വീട്ടിലും ബാക്കി ദിവസങ്ങളിൽ അവളുടെ വീട്ടിലുമായി ജീവിക്കുന്നതിന് കാരണമായി ജോലിക്ക് പോകാൻ അവിടുന്നാണ് സൗകര്യമെന്നായിരുന്നു പിന്നെയുള്ള ഉത്തരം..
ഇനി എന്റെ വീട്ടിൽ വന്നാലും, പോകുംവരെ അമ്മയുമായി ചേർന്നുപോകില്ലാത്തത്കൊണ്ട് സമാധാനം കെട്ട് പലപ്പോഴും അവളെ കൊണ്ടുവന്നതിനേക്കാൾ വേഗം തിരിച്ചുകൊണ്ടുപോയി ആക്കുന്നതും പതിവായി..
എന്ത് കാര്യം ചെയ്യും മുൻപും സമ്മതം ചോദിക്കണമെന്നൊന്നും ഞാൻ പറയില്ല പക്ഷേ ഭർത്താവെന്ന നിലയിൽ എന്നെയൊന്ന് അറിയിക്കാനുള്ള സന്മനസ്സ് പോലും കാണിക്കാതെ വരുമ്പോൾ വഴക്ക് കൂടുന്നത് പതിവായി..
ഇതിനിടയിൽ മോനുണ്ടായി.. അപ്പു..
അച്ഛനെന്ന സ്ഥാനക്കയറ്റം എനിക്ക് കിട്ടിയെങ്കിലും അവളപ്പോഴും അമ്മയാകാതെ ചെല്ലക്കുട്ടി ആയി നടന്നു.
എന്തെല്ലാം വഴക്കുകൾ ഉണ്ടായിട്ടും പിന്നെയും ഞാനവൾക്കടുത്തേക്ക് സ്നേഹത്തോടെ ചെല്ലുന്നത് അവളെ ജീവനായത് കൊണ്ടാണെന്ന് അവൾ മനസ്സിലാക്കിയില്ല...
അമ്മക്കും അവൾക്കുമിടയിൽ ആരുടെ ഭാഗം പിടിക്കണമെന്ന ധർമ്മസങ്കടത്തിനു മുൻപിൽ ഞാൻ പലപ്പോഴും പകച്ചുനിന്നതിന് കിട്ടിയത് അച്ചികോന്തനെന്ന അമ്മയിട്ട ചെല്ലപ്പേരായിരുന്നു.
അവളുടെ ബന്ധുക്കളുടെ വീട്ടിൽ എന്ത് വിശേഷമുണ്ടായാലും തലേന്നേ ചെല്ലണം.. ചെന്നാലും സ്നേഹം ചാലിച്ച് അധികാരമുള്ള ഭാര്യയായി
എല്ലാവരുടെയും മുൻപിൽ അവൾ നിറഞ്ഞാടും...
അഭിപ്രായസ്വാതന്ത്രമില്ലാത്ത നട്ടെല്ലില്ലാത്ത ഭർത്താവായി മറ്റുള്ളവരെന്നെ കാണാൻ തുടങ്ങിയപ്പോൾ ഞാൻ പ്രതികരിച്ചുതുടങ്ങി ..
അന്നവൾ അവളുടെ അച്ഛനും അമ്മയ്ക്കും മുൻപിൽ വാശിക്കാരനായ ഭർത്താവായി നിസാരകാര്യത്തിന് വഴക്കുണ്ടാക്കുന്നവനായി എന്നെ വരച്ചു മാറ്റി പൊട്ടിക്കരഞ്ഞു...അന്നും ഞാൻ തോറ്റുകൊടുത്തു.
നമ്മളെ മനസിലാക്കുന്ന നമ്മുടെ എല്ലാ വിഷമത്തിലും കൂടെനിന്ന് 'സാരമില്ല... ഞാനില്ലേ കൂടെയെന്ന് '
ആശ്വസിപ്പിക്കുന്ന ഒരു പെണ്ണ് എന്റെയും സ്വപ്നങ്ങളിൽ മാത്രമായി അവശേഷിച്ചു..
വീട്ടുപടി എത്തിയപ്പോഴാണ് സമയമേറെ ആയെന്ന് ശ്രദ്ധിച്ചത് ...അവനുമായി സംസാരിച്ചിരുന്നു നേരം വൈകി...
വീട്ടിലെത്തി രണ്ട് മൂന്ന് വട്ടം ബെല്ലടിച്ചപ്പോഴാണ് അമ്മ വന്ന് വാതിൽ തുറന്നത്...
മഴയിങ്ങനെ പൊടിഞ്ഞു പൊടിഞ്ഞു നിൽക്കുന്നത്കൊണ്ട് നല്ല തണുപ്പുണ്ട് എല്ലാരും നേരത്തെ കിടന്നിട്ടുണ്ടാകണം അതാകും അമ്മ വന്നത്...
" അവള് കിടന്നോ എന്നറിയില്ല.. ചോറ് മേശയിൽ മൂടിവച്ചിട്ടുണ്ട് നീ കഴിച്ചിട്ട് പൊക്കോ..."
തണുപ്പ് സഹിക്കാൻ വയ്യാതെ ആകും അമ്മ സ്വെറ്ററൊന്നുകൂടെ വലിച്ചിട്ട് കൈ രണ്ടും കെട്ടി ചൂളിനിന്നു...
" അമ്മ പോയികിടന്നോ ഞാൻ കഴിച്ചിട്ട് കഴുകി വച്ചോളാം.."
അവളെപ്പറ്റി ഒരുകാര്യവും ഈയിടെ അമ്മയും ഞാനും സംസാരിക്കാറില്ലെന്ന് ചോറുണ്ണുന്നതിനിടയിൽ ഞാനോർത്തു...
മുറിയിലെത്തിയപ്പോൾ രണ്ടുപേരും നല്ല ഉറക്കത്തിലാണ്... ഫോണിൽ കളിച്ചു കിടന്ന് ഉറങ്ങിപോയിട്ടുണ്ട് മോൻ, അവന്റെ കയ്യിലെ ഫോണിൽ ഇപ്പോഴും സ്‌പൈഡർമാൻ വലയിൽ തൂങ്ങി ചാടുന്നു..
ഫോൺ വാങ്ങി ഓഫാക്കി വച്ച് അവനെ പുതപ്പിക്കുന്നതിനിടയിൽ സിന്ധുവൊന്ന് കണ്ണ് തുറന്ന് നോക്കി...
" വന്നോ നിങ്ങള് ?.."
അത്ര മാത്രം! പുതപ്പ് വലിച്ചിട്ട് അവൾ തിരിഞ്ഞുകിടന്നു..
"ഞാൻ നാളെ രാവിലെ പോകും കേട്ടോ..അച്ഛൻ വണ്ടി കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട് .."
നീ വന്നല്ലേ ഉള്ളൂ സിന്ധു.. ഈ ഒരാഴ്ച ഇവിടെ നിക്ക്... മോനെ കാണാൻ അച്ഛനും അമ്മയ്ക്കും ആഗ്രഹമില്ലേ..
പറയാനുള്ളത് പുറത്തേക്കെത്തിയില്ല തൊണ്ടവരെയെത്തി തടഞ്ഞു നിൽക്കുന്നു... ഇനിയൊന്നും പറയാനില്ല.
ഒരു കുഞ്ഞും കൂടി വേണം നമുക്കെന്ന് കഴിഞ്ഞ മാസം ഇതിപോലെയെന്തോ ആവശ്യത്തിന് വന്നപ്പോൾ അവളോട് പറഞ്ഞതിന് കിട്ടിയ മറുപടി എന്റെ സമ്മതത്തിനോ അഭിപ്രായത്തിനോ അവൾ യാതൊരു വിലയും നൽകുന്നില്ലെന്ന് അടിവരയിടുന്നതാണ്..
രാവിലെ മോനെ കുളിപ്പിച്ചൊരുക്കലും കൊണ്ടുവന്ന ബാഗ് ഒതുക്കിപെറുക്കലും ആയി അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നോക്കിയില്ല..
അല്ലാ! അല്ലെങ്കിലും വരുന്ന ദിവസങ്ങളിലൊന്നും അവളാ ഭാഗത്തേക്ക് പോകാറില്ലല്ലോ..
അവളെ നോക്കുന്തോറും മനസിലുറപ്പിച്ച തീരുമാനങ്ങൾക്ക് ഇളക്കം തട്ടുന്നത് പോലെ ...
അതിന് കാരണം വേറൊന്നുമല്ല അവളെന്തൊക്കെ ചെയ്താലും കാണിച്ചുകൂട്ടിയാലും അവളോടുള്ള സ്നേഹമാണ് എന്റെ ജീവൻ മുഴുവൻ...
അവളെ വേണ്ടെന്ന് വെക്കുമ്പോൾ ഞാൻ പിന്നെ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്കറിയില്ല..
പക്ഷേ നമ്മളെ ഒരിക്കലും മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരാളുമൊത്തു എന്തിഷ്ടമാണെങ്കിലും എങ്ങനെ ജീവിതം മുൻപോട്ട് കൊണ്ടുപോകും.. അതിലും നല്ലത് മൗനമായി പിൻവാങ്ങുന്നത് തന്നെയാണ്...
മനസിലത് ഊട്ടിയുറപ്പിച്ചുകൊണ്ട് ഞാനവളുടെ അച്ഛനെയും കാത്തിരിപ്പായി...
" കാരണങ്ങൾ ഞാൻ പറയാതെ തന്നെ അച്ഛനറിയാമല്ലോ? സിന്ധുവുമായി എനിക്ക് ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്...
എനിക്ക് ഡിവോഴ്സ് വേണം.. പരസ്പരസമ്മതത്തോടെ ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ പെറ്റിഷൻ ഞാൻ കൊടുത്തോളാം"
അമ്മായിഅച്ഛനുമുന്പിൽ പതറാതെ വിഷയം അവതരിപ്പിച്ചു മറുപടിക്കായി ഞാനിരുന്നു..
ഇങ്ങനൊരു നീക്കം. കല്ല്യാണം കഴിഞ്ഞ നാള് മുതലേ ഞങ്ങളുടെ വഴക്ക് അറിയാവുന്നത് കൊണ്ടാകും അച്ഛൻ തലയും താഴ്ത്തി എനിക്ക് മുൻപിൽ ഇരുന്നു...
" അധികമൊന്നും പറയുന്നില്ല അച്ഛാ.. ഞാനവളെ ഇന്നുവരെ വേദനിപ്പിച്ചിട്ടില്ല... ഇഷ്ടങ്ങളെല്ലാം ചോദിച്ചറിഞ്ഞു നടത്തികൊടുത്തിട്ടേ ഉള്ളൂ.. തല്ലിയും അനുസരിപ്പിച്ചും ആണത്തം കാണിച്ചിട്ടുമില്ല..
എന്നിട്ടും അച്ഛന്റെ മകളെന്നെ ഒരുപാട് വേദനിപ്പിച്ചു... എന്നെയറിയിക്കാതെ ഇനി കുട്ടികളുണ്ടാവാതിരിക്കാനുള്ള ഓപ്പറേഷൻ വരെ അവൾ തന്നിഷ്ടത്തിനു നടത്തിയെന്ന് പറഞ്ഞു.."
വാതിലിൽ ചാരി അവൾ നിൽക്കുന്നുണ്ടെന്ന് തേങ്ങലിന്റെ ശബ്‌ദത്തിൽ നിന്നും ഞാനറിഞ്ഞു..
" അച്ഛൻ പറയ് ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ മകളെ ഞാൻ വിഷമിപ്പിച്ചിട്ടുണ്ടോ.. കള്ളുകുടിയോ വലിയോ പെണ്ണുപിടിയോ ഒന്നുമില്ലാഞ്ഞിട്ടും ജീവിതം കൈവിട്ടുപോകുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല..പരസ്പരം മനസിലാക്കാനും ക്ഷമിക്കാനും സാധിച്ചാലേ ദാമ്പത്യം ദൃഢതയോടെ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് കരുതി തെറ്റുകളെല്ലാം പൊറുത്ത് ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു , പക്ഷേ അവൾക്കൊരു മാറ്റവുമില്ല.."
" ഹരീ ഇതെന്തൊക്കെയാ മോനെ നീയീപറയുന്നെ...
അങ്ങനെ നിനക്ക് മാത്രം തനിച്ചൊരു തീരുമാനമെടുത്ത്‌ ഇറക്കിവിടാനല്ല നിലവിളക്കും കയ്യിൽകൊടുത്തു അവളെ ഈ വീട്ടിലേക്ക് വലതുകാലും വെപ്പിച്ചു കയറ്റിയത്..."
ഉറക്കെ പറഞ്ഞുകൊണ്ട് അമ്മ ഇറങ്ങിവന്നതും സിന്ധുവിന്റെ തേങ്ങൽ ഉച്ചത്തിലായി...
" ശരിയാ കൊച്ചുകുട്ടികളെപോലെ കുറെ വാശിയും വഷളത്തരവും അവൾക്കുണ്ട്.. അതുപക്ഷേ കല്യാണം കഴിഞ്ഞ നാളിലെ നീ പറഞ്ഞു തിരുത്തണമായിരുന്നു..
അന്നത് ചെയ്തിരുന്നെങ്കിൽ കതിരിൽ വളം വെക്കാൻ നോക്കി നീയിപ്പോൾ തോറ്റുപോകില്ലാരുന്നു മോനെ...
വഴക്കിടുമ്പോൾ വരുന്ന ദേഷ്യത്തിന് എന്നെപോലെ ഏതൊരമ്മയും അച്ചികോന്തൻ എന്നൊക്കെ വിളിക്കും എന്ന് കരുതി അഗ്നിസാക്ഷി ആയി കൂടെ കൂട്ടിയ പെണ്ണിനെ ഒഴിവാക്കാൻ കൂട്ട് നിൽക്കാൻ നേരുള്ള ഒരമ്മയ്ക്കും കഴിയില്ല..."
തൊണ്ടയിടറി ഒന്നും പറയാനാകാതെ നിൽക്കുന്ന അമ്മയുടെ തോളിലേക്ക് അവൾ വന്ന് മുഖമമർത്തി കരയുന്നത് കണ്ട് എന്റെയും മിഴിക്കോണുകൾ നിറഞ്ഞു...
" മോനെ തെറ്റ് ഞങ്ങളുടെ ഭാഗത്തും ഉണ്ട്... അവളിവിടെ നിൽക്കാതെ അവിടേക്ക് ഓടിവരുന്നത് ജോലിയെടുക്കാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുമുള്ള മടിയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു...എങ്കിലും അവളെ എന്നും കാണാനുള്ള സ്വാർത്ഥത കൊണ്ട് ഒരിക്കലും അവളെ പറഞ്ഞുതിരുത്താൻ ഞങ്ങളും ശ്രമിച്ചില്ല... ഞങ്ങളോട് ക്ഷമിക്ക് നീ ..."
എന്റെ ഇരുകൈകളും കൈക്കുടന്നയിലാക്കി ക്ഷമ ചോദിക്കുംപോലെ അവളുടെ അച്ഛന്റെ നിൽപ്പ് സഹിക്കാനാകാതെ ഞാൻ കണ്ണുകൾ ചേർത്തടച്ചു...
"മോളെ ....കല്യാണം കഴിഞ്ഞു മാനസിക പീഡനവും ശാരീരിക പീഡനവും അനുഭവിക്കുന്ന പെണ്ണിനെ പറ്റി പറയാൻ നൂറുപേരുണ്ടാകും..എന്നാൽ അതൊക്കെ തിരിച്ചനുഭവിക്കുന്ന ആണൊരുത്തൻ പോലും അവൻ അനുഭവിച്ചത് ആരെയും അറിയിക്കില്ല...ഹരിയിത് പറഞ്ഞത് നിന്നെപ്പിരിയാൻ അവന് കഴിയാഞ്ഞിട്ട് തന്നെയാണ്...അച്ഛന്റെ മോള് തെറ്റ് തിരുത്തി ജീവിക്കാൻ തയ്യാറാകണം.."
" അവള് മാത്രമല്ല സിന്ധുന്റെ അച്ഛാ നമ്മുടെ കയ്യിലൊക്കെ ചെറിയ പാളിച്ചകൾ വന്നിട്ടുണ്ട്... നമുക്ക് എല്ലാവർക്കും ഒരുമിച്ചു നിന്ന് തെറ്റ് തിരുത്താം അല്ലേ .."
ഏങ്ങലടിച്ചു കരയുന്ന സിന്ധുവിനെ സമാധാനിപ്പിച്ചുകൊണ്ട് അച്ഛനോടായി അമ്മയത് പറയുമ്പോൾ എല്ലാവരുടെയും മുഖത്തു പുഞ്ചിരി തെളിഞ്ഞു...
പനിച്ചുതുള്ളുന്ന കണക്ക് ഉടൽ വെട്ടിവിറച്ചു തേങ്ങിക്കൊണ്ടിരുന്ന സിന്ധുവിന്റെയും പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവതം മനസ്സിലേറ്റിയ എന്റെയും ഉള്ളിൽ ശീതക്കാറ്റ് വീശി തുടങ്ങി...
ഇനിയിവിടെയാണ് ഞാൻ താമസിക്കുന്നത് അച്ഛനെന്റെയും അപ്പുവിന്റെയും തുണികളും സാധനങ്ങളും കൊണ്ടുതരണമെന്ന് അവൾ പറയുന്നത് എന്റെ കാതിൽ കുളിർമഴയായി പൊഴിഞ്ഞുവീണു...
അന്ന് തന്നെ അവൾ അടിമുടി നന്നായി സിനിമയിലെ പോലെ ശുഭം ഒന്നും ആയില്ലെങ്കിലും...
ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കുഞ്ഞുകുഞ്ഞു വെള്ളപൊക്കവും അപൂർവമായി വരൾച്ചയുമൊക്കെ ആയി ജീവിതനദിയിങ്ങനെ തടയണകളൊന്നും ഇല്ലാതെ മുന്നോട്ട് നീങ്ങുന്നു...
ഒന്നുകൂടെ പ്രസവിക്കാൻ പേടിച്ചു ഓപ്പറേഷൻ നടത്തിയെന്ന് പറഞ്ഞ നാടകം അവളുടെ കാഞ്ഞ ബുദ്ധിയാണെന്ന് മനസിലാക്കി ഞാനും കൊടുത്തു ഒരു പണി...
അപ്പുവിനൊപ്പം അമ്മയെ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കുന്ന ഇരട്ട സുന്ദരികുട്ടികളുടെ പിന്നാലെ അവളിപ്പോ ഓട്ടമത്സരത്തിലാണ് അവരെ ഒരുക്കാനും കുളിപ്പിക്കാനും ചോറ് കൊടുക്കാനുമൊക്കെ...
മനോഹരമായ വരികളുള്ള സംഗീതം പോലെയാണ് ജീവിതം.. അതിനെ മികവുറ്റതാക്കാൻ വരികളൊന്നുമില്ലാത്ത മധുരധ്വനിയായി പരസ്പരം മനസിലാക്കിയുള്ള അപരിമിതമായ സ്നേഹം കൂടി ചേരണം അപ്പോഴേ അത് പൂർണതയിലെത്തൂ എന്ന് അവളും ഞാനും മനസിലാക്കാൻ കുറച്ചു വൈകി...
ഇഷ്ടപെടാത്ത കാര്യങ്ങൾ ഉള്ളിലൊതുക്കി അമർഷം കടിച്ചിറക്കി ജീവിക്കാതെ , സുഹൃത്തുക്കളെ പോലെ തുറന്ന് പറഞ് വിട്ടുവീഴ്ച ചെയ്ത് ജീവിക്കാൻ തുടങ്ങിയപ്പോൾ ജീവിതം സ്നേഹത്താൽ സംഗീതമയം.
വെള്ളാരംകല്ലുകളൊളിപ്പിച്ചു വച്ച കൂമ്പിയടഞ്ഞ മിഴിയിണകളിലും....സുന്ദരസ്വപ്നം കണ്ട് ചിരി വിടർന്ന നുണക്കുഴികവിളിലും.. അവളെയുണർത്താതെ ആർദ്രമായ് ഇങ്ങിയുമ്മകൾ കൊടുക്കുമ്പോഴും
ഇന്നത്തെ യുദ്ധമൊക്കെ കഴിഞ്ഞു തളർന്ന്
ശാന്തമായുറങ്ങുകയാണെന്റെ സിന്ധുനദി..
വീഞ്ഞിനേക്കാൾ ലഹരിയുള്ള പ്രണയം തിരികെക്കിട്ടിയ സന്തോഷത്തിൽ ഞാനവളെയും നോക്കിയിരിപ്പാണ് അച്ചികോന്തനെങ്കിലും ആണൊരുത്തൻ..സ്നേഹം കൊണ്ട് ജീവിതം തിരികെ വാങ്ങിയ ആണൊരുത്തൻ.. അല്ലെങ്കിലും ഇവളില്ലാതെ ഈ ലഹരിയില്ലാതെ എന്ത് ജീവിതം..
••••••••••
ലിസ് ലോന 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo