നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഡ്രൈവിങ് ലൈസൻസ്

Image may contain: 1 person, sunglasses, outdoor and closeup
......................................
ഉച്ചയുറക്കം കഴിഞ്ഞു വേഷം മാറി, റോഡിൽ ആദ്യം നിർത്തിയ ടാക്സി കാറിൽ കയറി മുഷ്താഖ് ഇരുന്നു.
"കിധർ ജായേഗാ",
പാസഞ്ചർ സീറ്റ്ബെൽറ്റ് ധരിക്കുന്നതിനിടയിൽ, പരമ്പരാഗത പാക്കിസ്ഥാനി വേഷം ധരിച്ച ഡ്രൈവർ ചോദിച്ചു.
"മുറൂർ (Traffic Department) ജാനേകാ ഹേ ", മുഷ്താഖ് മറുപടി പറയുമ്പോളേക്കും ഡ്രൈവർ കാർ മുന്നോട്ടെടുത്തിരുന്നു.
നാല് മണിക്കാണ് പ്രാഥമിക ടെസ്റ്റുകളിൽ മൂന്നാമത്തേതായ ബ്രിഡ്ജ് ടെസ്റ്റ് , കൃത്യ സമയത്തെത്തി 'പർച്ചി' (ടെസ്റ്റിനുള്ള അപ്പോയിന്മെന്റ് പേപ്പർ) പോലീസിനെ കാണിക്കണം.
കാർ ഒരു സിഗ്നലിൽ നിന്നും ഇടത്തോട്ട് തിരിയവേ, ഡ്രൈവർ ചോദിച്ചു,
"ആപ്കോ ആജ് ടെസ്റ്റ് ഹേക്യാ മുറൂർ മേം",
"ജീ , ബ്രിഡ്ജ് കാ ടെസ്റ്റ് ഹേ",
"ഹൂം",
ഡ്രൈവർ ഒന്നമർത്തി മൂളി, അടുത്ത സിഗ്നലിൽ ചുവപ്പ് വെളിച്ചം തെളിഞ്ഞതിനാൽ വണ്ടി നിർത്തി, അയാൾ മുഷ്‌താഖിനെ ആകെയൊന്നു നോക്കി, പിന്നെ ചിറി കോട്ടി,ഇടത്തെ പുരികം മേലോട്ട് ഉയർത്തി ഒരു പരിഹാസച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു ..
"തുംകൊ സിന്ദഗീ മേം ലൈസൻസ് നഹി മിലേഗാ" ,
ങ്ഹേ , മുഷ്താഖ് ഞെട്ടി..
ഈ അറബി നാട്ടിലെത്തിയിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ.. അറബി ഭാഷയേക്കാൾ എളുപ്പം സംസാരിക്കാൻ പഠിച്ചത് ഹിന്ദിയായിരുന്നു. അതിന് സ്‌കൂളിൽ ഹിന്ദി പഠിപ്പിച്ച ഭാസ്‌ക്കരൻ സാറിനോട് എന്നും മനസ്സിൽ കടപ്പാട് തോന്നാറുണ്ട്. മാഷ് പഠിപ്പിച്ചത് കൊണ്ട് ഹിന്ദി സംസാരിക്കാൻ സാധിച്ചില്ലെങ്കിലും, ഈ പാക്കിസ്ഥാനി പറയുന്ന, സിന്ദഗി, നഹി, ഒക്കെ പാഠപുസ്തകത്തിൽ പഠിച്ചത് തന്നെയാണല്ലോ..
ഭാസ്‌ക്കരൻ മാഷിന്റെ ചിന്തയിൽ നിന്നും ഉടനെ പുറത്തു വന്നു, ഈ 'പട്ടാണി' (പഠൻ) എന്നോട് എന്തിനാ ഇങ്ങനെ ശാപവാക്കുകൾ പോലെ "തനിക്ക് ജീവിതത്തിൽ ഡ്രൈവിങ് ലൈസൻസ് കിട്ടൂല" എന്ന് പരിഹാസത്തോടെ പറഞ്ഞത് ? ഈയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഇന്ത്യൻ ജയിലിൽ കഴിയുന്നുണ്ടോ ? അതോ ഈയാൾക്ക് ഇന്ത്യക്കാരോട് ഇത്രക്ക് വിരോധമുണ്ടോ?
എന്തായാലും അയാളെ രൂക്ഷമായി നോക്കിക്കൊണ്ട് മുഷ്താഖ് ചോദിച്ചു "ക്യോം നഹി മിലേഗാ", അയാൾ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു...
"കൈസാ മിലേഗാ, തുംകൊ നഹി മിലേഗാ".. അയാളുടെ വാക്ക് കേട്ട് ഞെട്ടി വിറച്ച് ശവതുല്യനായ തന്നെ വീണ്ടും ഈയാൾ കുത്തുകയാണ് ...
ഇത്തവണ അയാളുടെ , ആ ഓടുന്ന ടാക്സിയിൽ നിന്നും ഇറങ്ങിയോടാൻ തോന്നി മുഷ്താഖിന്. എന്തായാലും പിന്നീട് ഡ്രൈവറോ മുഷ്‌താഖോ ഒന്നും സംസാരിച്ചില്ല.
ട്രാഫിക് ഡിപ്പാർട്മെന്റിന്റെ വാതിൽക്കൽ ടാക്സിയിൽ നിന്നിറങ്ങി 'പർച്ചിയും' കയ്യിൽ പിടിച്ചു ധൃതിയിൽ ടെസ്റ്റ് നടക്കുന്ന ബ്രിഡ്ജിനടുത്തേക്ക് നടന്നു ടെസ്റ്റ് ഇൻസ്പെക്ടറായ പോലീസുകാരന് കൈമാറി തന്റെ ഊഴത്തിനായി കാത്തിരുന്നു. മിക്കവരും പാലം കയറിക്കടന്നു പരീക്ഷ കടമ്പയും പിന്നിട്ടു വിജയശ്രീലാളിതരായി തിരിച്ചു വരുന്നു. ടെസ്റ്റുകൾ കണ്ടു കൊണ്ടിരിക്കെ മുസ്താഖിന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി . തന്റെ വിധി എന്താവുമോ എന്തോ .. പാലം മുകളിലോട്ട് കയറിപ്പോകേണ്ട ചില പരീക്ഷാർത്ഥികളുടെ കാറുകൾ ടെസ്റ്റ് തുടങ്ങിയപ്പോൾ തന്നെ നിയന്ത്രണം വിട്ടു പിറകോട്ട് നീങ്ങുകയും പരാജിതരാവുകയും ചെയ്യുന്നുമുണ്ട്. ഈ കാഴ്ചകളോടൊപ്പം ടാക്സി ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും കൂടി ഓർത്തപ്പോൾ മുഷ്താഖിന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.
"മുഷ്താഖ് അബ്ദുൽ റഹ്‌മാൻ", ഇൻസ്‌പെക്ടറുടെ ശബ്ദം ഉയർന്നു കെട്ടും. അടുത്ത തന്റെ ഊഴമാണ്.
"ആപ് ടീക് കർ രഹാ ഹൈ ", എന്ന ഡ്രൈവിങ് ഇൻസ്ട്രക്ടറുടെ വാക്കുകൾ ഓർത്ത് ആത്മവിശ്വാസം വരുത്താനാണ് മുഷ്താഖ് അപ്പോൾ ശ്രമിച്ചത്, കൂടാതെ തനിക്ക് വിജയം ആശംസിക്കുന്നതിന് പകരം , യാതൊരു കാരണവും കൂടാതെ നിരുത്സാഹപ്പെടുത്തി 'പട്ടാണി' ടാക്സി ഡ്രൈവറോടുള്ള ഒരു വാശിയും മനസ്സിൽ കടന്നു കൂടി .
"ഇന്ന് ഞാനിവിടുന്ന് ജയിച്ചേ പോകൂ" ആ 'പട്ടാണിക്ക്' കാണിച്ചു കൊടുക്കണം".
മുഷ്താഖ് മനസ്സിൽ കുറിച്ചിട്ടു.
ടെസ്റ്റിനുള്ള കാറിൽ കയറി, ഇൻസ്ട്രക്ടറുടെ നിർദ്ദേശങ്ങൾ ഒന്ന് കൂടി ഓർത്തു.
യാഅള്ളാ, യാഅള്ളാ ",
കാർ 'പാലത്തിലേക്ക്' കയറ്റാനുള്ള, ടെസ്റ്റിംഗ് ഇൻസ്‌പെക്ടറുടെ നിർദ്ദേശം ..
ആകെ ഒരു വിറയലോടെ മുഷ്താഖ് കാർ മുന്നോട്ടെടുത്തു, പാലം കയറി മേലെയെത്തി, താഴേക്കിറങ്ങി കാർ നിർത്തി.
ഇനി പിറകിലോട്ടു കയറി തിരിച്ചു മുകളിലെത്തണം. അതിനുള്ള നിർദ്ദേശവും വന്നു കഴിഞ്ഞു, വീണ്ടും വിറച്ചു കൊണ്ട് കാർ പിറകോട്ടു പാലം കയറ്റി... പൂർത്തിയായി, കാറിൽ നിന്നിറങ്ങി.
"മബ്‌റൂക്", ഇൻസ്‌പെക്ടറുടെ ശബ്ദം കേട്ടതോടെ മനസ്സ്സിൽ തുള്ളിച്ചാടി,
റോഡ് ടെസ്റ്റിനുള്ള തിയ്യതി കുറിച്ച 'പർച്ചിയുമായി' സന്തോഷത്തോടെ അവിടെ നിന്നും ഓഫീസിലേക്ക് മടങ്ങി.
ടാക്സി ഡ്രൈവർ 'പട്ടാണിയെ' മനസ്സിൽ കൊഞ്ഞനം കുത്തി, തന്റെ ഡ്രൈവിങ് ഇൻസ്ട്രക്റ്ററെ വിളിച്ചു 'പാലം കടന്ന' സന്തോഷ വാർത്ത ഫോൺ ചെയ്തു അറിയിച്ചു. ഒറ്റ വാക്കിൽ "മുബാറക് ഹോ" എന്നും പറഞ്ഞു അയാൾ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.
റോഡ് ടെസ്റ്റ്, തനിക്ക് ആദ്യത്തെ തവണ തന്നെ വിജയക്കണമെന്ന ദൃഢനിശ്ചയം ചെയ്തു, ടെസ്റ്റ് തിയ്യതിക്കും മൂന്നാഴ്ച മുൻപേ ഡ്രൈവിങ് പരിശീലനം ആരംഭിച്ചു.
പാക്കിസ്ഥാൻകാരനായ യൂനുസ് ആണ് ഡ്രൈവിങ് ഇൻസ്ട്രക്ടർ. രാവിലെ ആറ് മണി മുതൽ എട്ട് വരെ ദിവസവും പരിശീലനം. ക്രമേണ, ആ ഇന്റർനാഷണൽ സിറ്റിയിലെ റോഡിൽ വണ്ടിയോടിക്കാനുള്ള ആത്മധൈര്യം നേടിക്കഴിഞ്ഞു മുഷ്താഖ്‌. വളരെ ശാന്ത സ്വാഭാവിയും, നല്ലൊരു 'കോച്ചു'മാണ് യൂനുസ്.
തെറ്റ് ചൂണ്ടിക്കാണിച്ച് ശരി പറഞ്ഞു തരുമ്പോൾ അയാൾ കാണിക്കുന്ന ക്ഷമ അപാരമാണ്. ശരിയായി ചെയ്യുമ്പോൾ നൽകുന്ന പ്രോത്സാഹനം തന്റെ ആത്മവിശ്വാസം വർധിപ്പിച്ചു കൊണ്ടിരുന്നു.
ടെസ്റ്റ് നടക്കേണ്ടുന്നതിന്റെ തലേ ദിവസം, പതിവ് രണ്ട് മണിക്കൂർ പരിശീലനം കഴിഞ്ഞ് ഓഫീസിനടുത്ത് കാറിൽ നിന്നും ഇറക്കുമ്പോൾ യൂനുസ് പറഞ്ഞു.
"ആജ് ഏക് ഖണ്ടാ ഓർ ട്രെയിനിങ് കർനേകാ ഹൈ " (ഇന്ന് ഒരു മണിക്കൂർ കൂടി പരിശീലിക്കണം), അയാളുടെ നിർദ്ദേശ പ്രകാരം വൈകിട്ട് ഒരു മണിക്കൂർ പരിശീലനം അവസാനിപ്പിക്കുമ്പോൾ ഒരു ടാക്സി പാർക്കിങ്ങിൽ കാർ നിർത്തിക്കൊണ്ട് ഇൻസ്ട്രക്ടർ യൂനുസ് മുഷ്താഖിനോട് പറഞ്ഞു.
"ഭായ് ആപ് ബഹുത് അച്ഛാ ഡ്രൈവിങ് കർ രഹാ ഹൈ, കൽ ആപ്കോ ഡ്രൈവിങ് ലൈസൻസ് സരൂർ മിലേഗാ". (താങ്കൾ നന്നായി ഡ്രൈവ് ചെയ്യുന്നുണ്ട്. നാളെ നിങ്ങൾക്ക് തീർച്ചയായും ഡ്രൈവിങ് ലൈസൻസ് ലഭിക്കും.)
തന്റെ ആത്മവിശ്വാസവും, ഇൻസ്ട്രക്ടറുടെ പ്രോത്സാഹന വാക്കുകളും കൂടിയായപ്പോൾ റോഡ് ടെസ്റ്റിനായി മുഷ്താഖ് മാനസികമായി തയ്യാറായി.
രാവിലെ തന്റെ ഊഴമെത്തി , ടെസ്റ്റിനുള്ള കാറിൽ കയറി, പച്ച നിറത്തിലുള്ള യൂണിഫോം ധരിച്ച ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർമാർ, ഒരാൾ മുന്നിലെ പാസഞ്ചർ സീറ്റിലും, മറ്റെയാൾ പിറകിലും ഇരിപ്പുറപ്പിച്ചിരിക്കുന്നു. അവരെ കണ്ടപാടെ മുസ്താഖിന്റെ ധൈര്യമെല്ലാം ചോർന്നു പോയത് പോലെ…., കാലുകൾ വിറക്കാൻ തുടങ്ങി, ചെറിയ വിറയലോടെ റിയർവ്യൂ മിററും സൈഡ് മിററുകളും അഡ്ജസ്റ്റ് ചെയ്തു..
"എത്ര പഠിച്ചാലും , ഒരു പരീക്ഷയെന്നൊക്കെ പറയുമ്പോൾ ഒരു വിറയലാണ്", യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷ സമയത്ത് സുഹൃത്ത് അജിത്ത് പറയാറുള്ള വാക്കുകൾ ഒരു നിമിഷം ഓർമ്മയിലെത്തി. ശരിയാണ് , ഒരു തരം ആധി തന്നെ. പക്ഷെ ഈ സമയത്ത് കൃത്യമായ പ്രായോഗികതയാണ് ആവശ്യം.
"ഭായ് ആപ് ബഹുത് അച്ഛാ ഡ്രൈവിങ് കർ രഹാ ഹൈ, കൽ ആപ്കോ ഡ്രൈവിങ് ലൈസൻസ് സരൂർ മിലേഗാ".
ഡ്രൈവിങ് ഇൻസ്ട്രക്ടർ യൂനുസിന്റെ വാക്കുകൾ ഓർത്തു ധൈര്യം സംഭരിച്ചു കൊണ്ട് , പ്രാർത്ഥന ചൊല്ലി , ഇടത്തെ ഇൻഡിക്കേറ്റർ ലൈറ്റ് തെളിച്ചു, കാർ പാർക്കിങ് സ്ഥലത്തു നിന്നും മുന്നോട്ടു നീക്കി ,മുഷ്താഖ്. അൽപ്പം അകലെയുള്ള സിഗ്നൽ എത്തുന്നതിന് മുൻപേ ഇൻസ്പെകർമാരിൽ ഒരാളുടെ നിർദ്ദേശം വന്നു "സിഗ്നൽ, റൈറ്റ്", മിററുകളിൽ നോക്കി സിഗ്‌നനിൽ നിന്നും കാർ വലത്തോട്ട് തിരിച്ചു, അടുത്ത സിഗ്നലിലേക്ക് സമീപിക്കവേ വീണ്ടും നിർദ്ദേശം വന്നു, "റൈറ്റ്", വീണ്ടും വലത്തോട്ട് തിരിക്കാൻ... നിർദ്ദേശപ്രകാരം, വലത്തോട്ട് തിരിച്ചു, അൽപ്പം ദൂരം ഓടിച്ചപ്പോൾ അടുത്ത നിർദ്ദേശം വന്നു "സ്റ്റോപ്പ്".
എല്ലാം പെട്ടെന്ന് തീർന്നത് പോലെ തോന്നി മുഷ്താഖിന് , താൻ എന്താണ് ചെയ്തതെന്ന് ഓർക്കാൻ പോലും പറ്റാത്ത അവസ്ഥ...
"മബ്‌റൂക് യാ അഖീ" (അഭിനന്ദനങ്ങൾ എന്റെ സഹോദരാ),
ഇൻസ്‌പെക്ടറുടെ നാവിൽ നിന്നും അത് കേട്ടപ്പോൾ മുഷ്താഖിന് വിശ്വസിക്കാനായില്ല!,
തനിക്ക് യു എ ഇ ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരിക്കുന്നു !!
പാസ് ആയതിനുള്ള അപ്പ്രൂവൽ പേപ്പർ വാങ്ങി, സന്തോഷത്തോടെ അടുത്ത് കിട്ടിയ ടാക്സിയിൽ കയറി ഓഫീസിലേക്ക് മടങ്ങവേ , ടാക്സിയിൽ ഇരുന്നു കൊണ്ട് തന്നെ ഉമ്മയെ ആ സന്തോഷ വാർത്ത അറിയിച്ചു, പിന്നെ ഡ്രൈവിങ് പരിശീലകൻ യൂനുസ് ഭായിയെ വിളിച്ചു അറിയിച്ചു. യൂനുസ് ഭായ് സസന്തോഷം കൊണ്ട് അഭിനന്ദന വാക്കുകൾ ചൊരിഞ്ഞു, പ്രാർത്ഥിച്ചു.
ശത്രുതയില്ലാത്ത ആരോഗ്യകരമായ വാശികൾ ജീവിതത്തിൽ പല ഘട്ടങ്ങളിലും വിജയിക്കുവാൻ സഹായിക്കും.
നെഗറ്റിവ് മനോഭാവവും, തങ്ങളുടെ ആത്മവിശ്വാസത്തെയും ദോഷകരമായി ബാധിക്കുന്ന ("നീ ഡ്രൈവിങ് ടെസ്റ്റ് പാസാവുകയില്ല" എന്ന് അസംബന്ധം പറഞ്ഞ ആ പാകിസ്ഥാനി ഡ്രൈവറെ പോലെയുള്ള) ബന്ധങ്ങളേക്കാൾ , പോസിറ്റീവ് കാഴ്ചപ്പാടും, നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സൗഹൃദങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തിന് മുതൽക്കൂട്ടാവുകയെന്ന് മുഷ്താഖിന് മനസ്സിലാകുകയായിരുന്നു.
-മുഹമ്മദ് അലി മാങ്കടവ്
08/08/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot