Slider

ഓർമ്മപ്പൂക്കൾ

0

=തമ്പി ആന്റണി =

ഈ  വർഷവും  ആ   പെൺകുട്ടി വന്നിരുന്നു .  എനിക്കത്ഭുതം തോന്നി . എത്ര ആവേശത്തോടെയാണ്
അവൾ ആ പുസ്തക ങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നത്  അതും ആ വീൽചെയർ  ഉരുട്ടിക്കൊണ്ടുതന്നെ.
വർഷങ്ങളായി  ഞാൻ മുടങ്ങാതെ വരാറുള്ള ആ പുസ്തകോത്സവത്തിൽ ഈ വർഷവും അവൾ ആ പതിവ്  തെറ്റിച്ചില്ല  എന്റെ  പുസ്തകങ്ങളെ  സ്നേഹിക്കുന്നകുസൃതിക്കാരി  പെൺകുട്ടി ,ജസീലബാനു  ഒരിക്കൽഎന്നിലെ എഴുത്തുകാരനെ പ്രണയിക്കുന്നു എന്ന്പറഞ്ഞിരുന്നു. അല്ലെങ്കിൽ ഞാൻ വരുന്ന സമയംഅന്വേഷിച്ചു   ആ പുസ്തകോത്സവത്തിനെത്തിയപ്പോൾ
എന്നെക്കാണാൻ ഓടിയെത്തുമായിരുന്നോ . എനിക്കഭിമാനംതോന്നി. കാലുകൾ  തളർന്നിട്ടും മനസ്സ് തളരാത്തകൂട്ടുകാരി.
കൗമാരം പൂക്കുന്നതിനും തളിർക്കുന്നതിനും  മുൻപ്
ചക്രക്കസേരയിൽ  സഞ്ചരിക്കുന്നവൾ.
ഒരെഴുത്തുകാരിയാവുക എന്ന സ്വപ്നവും പേറി ഇപ്പോഴുംഈ നഗരത്തിൽത്തന്നെ ജോലി ചെയുന്നു.
അവൾ ഒരിക്കലും ഒന്നിനും
ആരെയും ആശ്രയിക്കാറില്ലന്നറിയാം.
സ്വയം ഡ്രൈവ് ചെയ്തു  ജോലിക്കു പോകുന്നു, ഷോപ്പിംഗിനു പോകുന്നു, വീട്ടിലെ എല്ലാ പണികളുംചെയ്യുന്നു. ഇപ്പോൾ എന്നെ കാണാൻ വന്നതുംഒറ്റക്കായിരിക്കും. അതെന്റെ ഊഹമാണ് കേട്ടോ.
ആകെ കൂട്ടിനുള്ളത് അവളുടെ പാത്തു  എന്ന പൂച്ചക്കുട്ടി. ഇപ്പോഴും പാത്തും പതുങ്ങിയുംഒച്ചവെക്കാതെ നടക്കുന്നതുകൊണ്ടു അവൾതന്നെ ഇട്ടപേരാണ് പാത്തു. ഇതൊക്കെ അവളുടെമെസ്സേജുകളിൽനിന്നും ഞാൻ മനസിലാക്കിയിരുന്നു. അവളുടെ  പ്രൊഫൈൽ പോലും ആ സുന്ദരിപ്പൂച്ചയാണ്. ഇന്നിപ്പോൾ തീർത്തും അപ്രതീക്ഷിതമായ ഈകൂടിച്ചേരലിൽ അവൾ കൂടുതൽ ഉന്മേഷവതിയായിരിക്കുന്നു. കുട്ടിത്തം  വിട്ടു മാറാത്ത അവളുടെ കണ്ണുകളിൽ ഒരായിരംനക്ഷത്രങ്ങൾ ഒന്നിച്ചു മിന്നിമറയുന്നതുപോലെ . കണ്ണിലേക്കു നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോൾ വെറുതെ ഒരു സൗഹൃദച്ചോദ്യം.

“കണ്ണെഴുതാറില്ലെന്നു
പറഞ്ഞിരുന്നല്ലോ “
“ശരിയാണ്.. എന്നാലും പെരുത്തു
സന്തോഷം വരുമ്പോൾ  ഇത്തിരി സുറുമ”
അവൾ വീണ്ടും പുഞ്ചിരിച്ചു.
അപ്പോളാണ് ആ കണ്ണുകളിലേക്കു ഒന്നുകൂടി  സൂക്ഷിച്ചു നോക്കിയത് . നേരാണ്.. കരിമഷിയല്ലസുറുമതന്നെ.
എനിക്കും അപ്പോൾ കുന്നോളം സന്തോഷമായിരുന്നു. എന്നാലും മനസ്സിന്റെ ഉള്ളറകളിൽ ഒരു നഷ്ടബോധം. ചിലനല്ല സൗഹൃദങ്ങൾ അങ്ങനെയാണ്. കുഞ്ഞോളങ്ങൾപോലെആടിയുലയുന്നു. കടലാഴങ്ങൾക്കു മുകളിൽ ഒരിക്കലുംനിലക്കാതെ അങ്ങനെ ഒഴുകിയൊഴുകി .. ചിലപ്പോൾലക്ഷ്യമില്ലാതെ അലഞ്ഞു കൊണ്ടേയിരിക്കും..ഒരുപാട് സന്തോഷം തരും.
കുറേനാളായി സോഷ്യൽമീഡിയയിലൂടെ ഇണങ്ങിയും പിണങ്ങിയും ഒരുപാട്കാര്യങ്ങൾ പറഞ്ഞുവെങ്കിലും ഇങ്ങനെ ഒരുകൂടിക്കാഴ്ച്ചയൊന്നും പ്രതീക്ഷിച്ചിരുന്നില്ല .
ഞങ്ങൾ എല്ലാം മറന്ന് ആദ്യ സംഗമത്തിന്റെ  ആ ഓർമ്മകളിലേക്കു  പറന്നു.
ഒരു കടലോളം ഓർമ്മകൾ ഒരിക്കലും നിലക്കാത്ത ഓളങ്ങളായി കരയിലേക്കൊഴുകി. ഒരോർമ്മക്കായി സ്‌നേഹപൂർവം എന്റെ കയ്യൊപ്പിട്ട ഓർമ്മപ്പൂക്കൾ എന്നപുസ്തകം.. പിന്നെ  ഒരു സെൽഫിയും.
“ഇനിയെന്നു കാണും “
“അടുത്ത പൂക്കാലമാവട്ടെ . അപ്പോൾ കൂടുതൽ പൂക്കൾഉണ്ടാവുമല്ലോ. അപ്പോഴും എനിക്കുവേണ്ടിമാത്രം
ഓർമ്മപ്പൂക്കൾ നിറച്ച ഒരു പുസ്തകം കരുതുമല്ലോ”
എന്നുപറഞ്ഞു തട്ടം തലയിലേക്ക് വലിച്ചിട്ട്  എന്നെ വീണ്ടുംഒളികണ്ണിട്ടു നോക്കി. സുറുമയെഴിതിയ ആ കണ്ണുകളിൽവീണ്ടും അന്നത്തെ അതേ ആ നിഗൂഡമായ  കുസൃതി ചിരി. അവൾ പോകാറായപ്പോൾ ഞാൻ ആ ചക്രക്കസേര ഉന്തികൊണ്ടു പ്രവേശന കവാടത്തിൽ എത്തി . അപ്പോഴേക്കുംഅവൾക്കു പോകാനുള്ള ചുവന്ന കാർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
പെട്ടന്നാണ് ആ ബ്രൗൺ സാരിയുടുത്ത  സ്ത്രീ കാറിൽനിന്നിറങ്ങി വന്നത് . ആരും ഒന്നുകൂടെനോക്കിപ്പോകുന്ന ഒരു പ്രകൃതം. എവിടെയോ കണ്ടുമറന്നതുപോലെ. ഞാനും ഒന്ന് ശ്രദ്ധിച്ചുവെങ്കിലും തട്ടംകാറ്റിൽ പറന്നതുകൊണ്ടാവാം
മുഖം വ്യക്തമല്ലായിരുന്നു . അപ്പോഴേക്കും
പെൺകുട്ടി ഒന്ന് പുഞ്ചിരിച്ചുട്ടു സ്വയം വീൽചെയർ ഉരുട്ടികാറിനരികത്തെത്തിയിരുന്നു. ആ സ്ത്രീ അവളെ കാറിലേക്ക്കയറാൻ സഹായിച്ചു . വീൽചെയർ കാറിന്റെ ഡിക്കിയിൽവെച്ചു. അപ്പോഴും അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്നുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാറിൽ കയറിഇരുന്നതിനു ശേഷം മാത്രമാണ് അവർ തലയിലെ തട്ടംമാറ്റിയതും മനപ്പൂർവം എന്നതുപോലെതിരിഞ്ഞുനോക്കിയതും ഒരു ചെറുചിരി സമ്മാനിച്ചതും. ആചിരിയിലൂടെ ഒളിപ്പിച്ചുവെച്ച ഓർമ്മകൾ  മായും മുമ്പ്  ആ കാർ ആ പട്ടണത്തിലെ തിരക്കുകളിൽ ഓടിമറഞ്ഞു.
അത് ജാസ്മിൻ ആയിരുന്നിരിക്കമെന്നൂഹിച്ചു . ആണെങ്കിൽഎന്നെ ഒന്ന് കാണുകയോ സംസാരിക്കുകയോചെയ്യുമായിരുന്നില്ലേ. ഒരുപക്ഷെ അവൾ പറഞ്ഞിട്ടുണ്ടാവില്ല. അവൾ പണ്ടേ അങ്ങനെ ആയിരുന്നല്ലോ ജാസ്മിനോട്ഞാൻ മിണ്ടുന്ന ദിവസം മുഖം കൂർപ്പിച്ചു എന്നോട് ഒന്നും മിണ്ടാതെയിരിക്കും .

എന്റെ മനസ്സിലും ഒരു ഭൂതകാലക്കുളിർ.....
അയ്യോ ഇല്ല പാടില്ല . ഞാനുമോടി, ആ ഓർമ്മക്കുന്നുകളിൽനിന്നും
കുഞ്ഞോർമകളിലേക്ക്..
എന്നാലും ...ആ ഓർമ്മപ്പൂക്കൾ എന്റെ മേലാകെ ഇതളുകൾകൊണ്ട് മൂടിക്കഴിഞ്ഞിരുന്നു.  എത്രയോ നാളുകൾ കാണാതിരുന്നതുപോലെ
ഇനിയുമൊരിക്കൽ കാണാതിരിക്കാനുള്ള സാദ്ധ്യതയാണധികവും എന്നറിയാമായിരുന്നു
അവളുടെ കാലുകൾ തളർന്നതുപോലുംഅറിയാതിരുന്നതിൽ കുറ്റബോധം തോന്നി ...
അതോർക്കുബോൾ  വീണ്ടും ആ ഓർമ്മപ്പൂക്കൾ എന്റെ പുസ്തകത്താളുകളിൽനിന്നും ഒന്നൊന്നായി
കൊഴിഞ്ഞുവീഴുന്നതുപോലെ..
ബൈ ബൈ ജസീല  ..ബൈ ബൈ ജാസ്മിൻ
എന്ന് മനസ്സിൽ കോറിയിട്ടു ഞാൻ  വീണ്ടും
ആ പുസ്തകോത്സവത്തിന്റെ
തിരക്കുകളിൽ അകപ്പെട്ടു തിരിഞ്ഞു നടന്നു. എല്ലാവരുടെയും ജീവിതം അങ്ങനെയൊക്കെത്തന്നെയല്ലേ
തിരക്കുകളിൽ ഒന്നും കാണാതെ
തിരിഞ്ഞു നടക്കുന്നു. പിന്നെയെല്ലാം
മറക്കേണ്ടതായി വരുന്നു .

By Thampi Antony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo