Shortstory

MalayalamLoveStory, MalayalamHorrorStory, MalayalamThrillerStory, MalayalamGeneralStory, HumourStory, MalayalamSciFiStory

Specials

Travelogue, Lessons

Novels

Love, Horror, Thriller, Family, Humour, Sci-Fi

VIDEO

Videos

ഒരു ഓസ്‌ട്രേലിയൻ കഥ | Novel | Anil Konattu | Part 1

 

അദ്ധ്യായം ഒന്ന്
അതിരാവിലെ സോളമൻ എഴുനേറ്റു. പ്രഭാതം ഇന്ന് പതിവിലും നേരെത്തെ എത്തിച്ചേർന്നിരിക്കുന്നു. ഭിത്തി യിലുള്ള ഘടികാരത്തിൽ സമയം അഞ്ച് മുപ്പത്!!!
കൊളെസ്ട്രോൾ,ഷുഗർ,കുടവയർ എന്നിവക്ക് പ്രതിവിധിയായി പ്രഭാത സവാരിക്കായി അയാൾ സാവധാനം പാതയോരത്തേക്കിറങ്ങി.
ഡിസംബർ മാസത്തിൽ ഓസ്‌ട്രേലിയയിൽ പകലിനു ദൈർഘ്യം കൂടുതലാണ്. ലോകത്തിൽ ഉഷ്ണകാലത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന ഒരേ ഒരു രാജ്യം!!!
കഴിഞ്ഞമാസം തന്നെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വീടുകളിൽ അലങ്കാരലൈറ്റുകൾ തെളിഞ്ഞു തന്നെ കിടക്കുകയാണ്. അഡലൈഡ് ഉത്സവലഹരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നതായി അയാൾക്ക്‌ തോന്നി.
ഒരു മണിക്കൂറെങ്കിലും നടക്കണമെന്നാണ് മരുമകളായ ജൂലി സോളമനോട് പറഞ്ഞിരിക്കുന്നത്. മദാമ്മയാണെങ്കിലും അവൾക്ക് സ്നേഹമുള്ളവളാണെന്നാണ് സോളമൻ്റെ പക്ഷം.
സോളമൻ യോഗ ചെയ്യുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്.
ഏതാണ്ട് അര മണിക്കൂർ സോളമൻ
നടന്നു.
റോഡിലൂടെ പാഞ്ഞുവന്ന ഒരു കാർ അയാളുടെ സമീപം സഡൻ ബ്രേക്കിട്ടു നിർത്തി. കാറിന്റെ ഗ്ലാസ്സുകൾ തുറക്കുന്നതു കണ്ട സോളമൻ അപകടം മണത്തു. പിടലിയിൽ തന്നെ എന്തോ വന്ന് പതിച്ചപ്പോൾ അയാളുടെ ശരീരം മുഴുവനും ചുവന്ന ദ്രാവകം ഒഴുകി രക്ത വർണ്ണമായി.
ബാലൻസ് തെറ്റി പോയെങ്കിലും അയാൾ വീഴാതെ പിടിച്ചു നിന്നു. ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നത് മുറിവിൽ നിന്നുമുള്ള രക്തമാണെന്ന് ആദ്യം ശങ്കിച്ചെങ്കിലും ഗന്ധം കൊണ്ട് താൻ റെഡ് വൈനിൽ കുളിച്ചിരിക്കുകയാണെന്ന് അയാൾക്ക്‌ ബോധ്യമായി. കാറിൽ വന്ന പിള്ളേർ വൈൻ പാക്കറ്റുകൊണ്ട് തന്നെ എറിഞ്ഞിരിക്കുന്നു!!!
സോളമൻ നോക്കിയപ്പോൾ കാറിൽ ഓസികളായ ടീനേജ് സംഘമാണ്. അയാളെ നോക്കി അവർ പൊട്ടിച്ചിരിച്ചു.
"ബ്ലഡ്‌ഡി ഏഷ്യൻ.." അവർ അയാളെ കൂകി വിളിച്ചുകൊണ്ട് കാറിൽ വന്ന വേഗതയിൽ തന്നെ പാഞ്ഞു പോയി.
താൻ ഇവിടെ വന്നിട്ട് വർഷം കുറെ ആയെങ്കിലും തന്റെ ഗതി ഇതു തന്നെയാണെല്ലോയെന്നു അയാൾ ഓർത്തു. കഴിഞ്ഞ മാസം സിറ്റിയിലൂടെ നടക്കുമ്പോൾ ഒരുത്തൻ വന്ന് പത്തു ഡോളർ അയാളോട് ചോദിച്ചു. കഷ്ടകാലത്തിന് സോളമൻ നോ പറഞ്ഞു. കൈമുഷ്ടി ചുരുട്ടി അവൻ സോളമൻ്റെ തലക്കിട്ട് ആഞ്ഞൊരിടി!!!
അന്ന് തലയിൽ പൊങ്ങി വന്ന മുഴ തലയിൽ തപ്പി നോക്കിയാൽ ഇപ്പോഴും കൈയ്യിൽ തടയും.
അഭിഷേകം ചെയ്ത വൈൻ അയാൾ ഒരുവിധത്തിൽ തുടച്ചു കളഞ്ഞു. വൈനിന്റെ അളവും താഴെ വീണു കിടക്കുന്ന അലുമിനിയം ഫോയിൽ കൊണ്ടു നിർമ്മിച്ച പാക്കറ്റും കണ്ടപ്പോൾ അഞ്ചു ലിറ്ററിന്റെ പാക്കറ്റ് കൊണ്ടാണ് ഓസികൾ എറിഞ്ഞിരിക്കുന്നത് എന്ന് അയാൾക്ക്‌ മനസ്സിലായി.
എതിരെ വന്ന സായിപ്പും മദാമ്മയും അവരുടെ മൂക്ക് പൊത്തികൊണ്ട് വഴി മാറിപ്പോയി.
"പാവം ഏഷ്യൻ....ഇന്നലെ വല്ലാതെ കുടിച്ചു എന്നാണ് തോന്നുന്നത്." മദാമ്മ പറയുന്നതു കേട്ടപ്പോൾ കലിയിളകിയെങ്കിലും ആയാൾ നിയന്ത്രണം പാലിച്ചു. യോഗയുടെ ഗുണം കൊണ്ടുണ്ടായ ആത്മ നിയന്ത്രണം!!!
"എന്നെങ്കിലും നീയൊക്കെ ഇന്ത്യയിൽ വന്നു താമസമാക്കും. അപ്പോൾ ഞാൻ കാണിച്ചു തരാം"
അയാൾ മനസ്സിൽ പറഞ്ഞു.
പെട്ടെന്നാണ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജോളിയുടെ മുഖം അയാളുടെ മനസ്സിലേക്കോടിയെത്തിയത്.
മദ്യപിച്ചില്ല എന്ന് പറഞ്ഞാലും അവൾ വിശ്വസിക്കുകയില്ല. ഈ നാറുന്ന മണവുമായി അവളുടെ മുന്നിൽ ചെന്നാൽ ഇന്നത്തെ കാര്യം കുശാലായി !!!
സായിപ്പിന്റെ വൈൻ പാക്കറ്റുകൊണ്ടുള്ള ഏറ് സഹിക്കാം. എന്നാൽ അവളുടെ വായിൽ നിന്നും വരുന്നത് സഹിക്കുക വലിയ പ്രയാസമാണ്.
എന്നും വെകുന്നേരം സോളമൻ വീട്ടിൽ വരുമ്പോൾ ജോളി അയാളുടെ വായ്‌ മണത്തു നോക്കി മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തിയിട്ടേ ഡ്യൂട്ടിക്ക് പോകുകയുള്ളൂ. രാത്രിയിൽ അയാൾ കുടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ മകൾ സാറയെ എൽപ്പുച്ചിട്ടുണ്ട്. സാറ ആ ജോലി ഭംഗിയായി ചെയ്യുന്നുമുണ്ട്!!! ഭർത്താവ് മദ്യപിക്കുന്നത് ജോളിക്ക് ഇഷ്ടമല്ല. അവളുടെ ആങ്ങള മൂക്കറ്റം കുടിക്കുന്നതിന് അവൾക്ക് ഒരു കുഴപ്പവും ഇല്ല!!! ഒരേ പാർട്ടിക്കുപോയി ഒരേ പോലെ കുടിക്കുന്ന താനും ടോമും!!!ജോളിയുടെ മുൻപിൽ ചെല്ലുമ്പോൾ താൻ അലവലാതിയും അവൻ നല്ലവനും ആകുന്നതെങ്ങിനെയെന്നു എത്ര ആലോചിച്ചിട്ടും അയാൾക്ക്‌ പിടികിട്ടിയില്ല.
താൻ എങ്ങനെയായിരിക്കണം എന്ന് ശഠിക്കുന്ന അവൾ തന്റെ സങ്കൽപ്പങ്ങൾക്ക് പുല്ലുവില പോലും കല്പിച്ചിട്ടില്ല എന്ന് അയാൾക്കറിയാം.
മിക്കവാറും അവൾക്ക് നൈറ്റ് ഡ്യൂട്ടി ആണ്. രാത്രി എട്ടുമുതൽ രാവിലെ ആറു മണി വരെയാണ് നൈറ്റ് ഡ്യൂട്ടി !!!
നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത ദിവസം താൻ പരമാവധി നല്ലപിള്ള ചമഞ്ഞാലും ഒരു പ്രയോജനവും ഇല്ല.
ഒന്നുകിൽ അവൾക്ക് ഡ്യൂട്ടി കഴിഞ്ഞു വന്ന ക്ഷീണം!!! അല്ലെങ്കിൽ തലവേദന !!!അതുമല്ലെങ്കിൽ വയറു വേദന!!!
ഇതൊന്നുമില്ലെങ്കിൽ കുരുത്തംകെട്ട പിള്ളേർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കും!!!
പട്ടിണി കിടക്കുന്ന കുട്ടികൾ ബിരിയാണി കണ്ടതുപോലെ താൻ ആർത്തിയോടെ ചെല്ലുമ്പോൾ അവൾ ആക്രോശിക്കും.
"പോയിക്കിടന്ന് ഉറങ്ങാൻ നോക്ക് മനുഷ്യാ"
തന്റെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കാറില്ല എന്ന് അയാൾ ഓർത്തു.
ദുഃഖങ്ങൾ മറക്കുവാൻ രണ്ടു സ്മാൾ അടിക്കാമെന്നു കരുതിയാൽ അതും അവൾ കയ്യോടെ കണ്ടു പിടിക്കും. പിന്നീടുണ്ടാകുന്ന കാര്യം പറഞ്ഞറിയിക്കുവാൻ കൂടി വയ്യ!!!
അവളുടെ മുഖത്തു നോക്കി രണ്ടു വർത്തമാനം പറയണമെന്ന് അയാൾക്കാഗ്രഹം ഉണ്ട്. എന്നാൽ ജോളിയെ കാണുമ്പോൾ സോളമൻ കവാത്തു മറക്കും.
തിരിച്ചു നടക്കുമ്പോൾ അയാൾ പലപ്രാവശ്യം ശരീരം മണത്തു നോക്കി.
താൻ ഇനി എന്തു ചെയ്യും? അവൾ വരുന്നതിനു മുൻപ് വീടിന്റെ ഉള്ളിൽ കയറുവാൻ പറ്റിയാൽ താൻ രക്ഷപെട്ടു!!!
ഇന്ന് യോഗ ചെയ്യാതെ കുളിക്കുവാൻ കയറാം. കുളി കഴിയുമ്പോൾ മണം പമ്പ കടക്കും.
അയാൾ വേഗത്തിൽ നടന്നു.
എതിരെ വരുന്ന വെളുത്ത രൂപം കണ്ട്‌ അയാളുടെ മനസ്സിൽ ഞെട്ടലുണ്ടായി.
"ഗ്രിഗറി അച്ചൻ." അയാൾ പിറുപിറുത്തു. അച്ചൻ കണ്ടാൽ എല്ലാം കുളമാകും. പിന്നെ മലയാളികളെല്ലാം ഒരു നിമിഷം കൊണ്ട് എല്ലാം അറിയും. അച്ചൻ ചിലപ്പോൾ ഒരു അസോസിയേഷൻ മീറ്റിങ്ങുതന്നെ നാളെ വിളിച്ചു കൂട്ടിയെന്നു വരാം.തന്റെ ഇമേജ് തകർന്നത്‌ തന്നെ!!!
ബർമുഡയുടെ പോക്കറ്റിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ് ലൂക്ക മുഖത്തു ഫിറ്റു ചെയ്തു. അച്ചനെ കാണാത്ത ഭാവത്തിൽ വന്ന വഴിയേ വളരെ വേഗത്തിൽ അയാൾ തിരിച്ചു നടന്നു.
"എന്താടാ സോളമാ രാവിലെ തന്നെ ഫിറ്റാണോ?.കഷ്ടം അർദ്ധരാത്രിയിൽ കുട പിടിക്കുക എന്ന് കേട്ടിട്ടുണ്ട്. വെളുപ്പാൻ കാലത്തു കൂളിംഗ് ഗ്ലാസ്സ്‌ വെച്ചയാളെ ആദ്യം കാണുകയാണ്.മദ്യത്തിന്റെ ശക്തി ഭയങ്കരം തന്നെ" പറച്ചലിന് ശേഷം അച്ചൻ ആസ്വദിച്ചു ചിരിച്ചു.
ഒരു വലിയ തെറിയാണ് മനസ്സിൽ വന്നതെങ്കിലും അച്ചനല്ലേ എന്ന് കരുതി സോളമൻ ക്ഷമിച്ചു. മറുപടിയൊന്നും പറയാതെ മറ്റൊരു വഴിയിലൂടെ അയാൾ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
വീടടുക്കും തോറും അയാളുടെ ചങ്കിടിപ്പ് വർദ്ധിച്ചു.
ജോളിയുടെ കാർ മുറ്റത്തു കണ്ടില്ല. അയാൾക്ക്‌ ആശ്വാസം തോന്നി. തിടുക്കത്തിൽ അയാൾ കോളിംഗ് ബെല്ലിൽ വിരലുകൾ അമർത്തി.
കതകു തുറക്കാതായപ്പോൾ അയാൾ ഓർത്തു
"നാശങ്ങൾ രണ്ടാം നിലയിൽ കിടന്ന് ഉറങ്ങുകയായിരിക്കും"
കതകിൽ പതുക്കെ തള്ളിയപ്പോൾ അത് പൂട്ടിയിട്ടില്ല എന്ന് അയാൾക്ക്‌ മനസ്സിലായി.
എന്തോ ഒരു പന്തികേട് മണത്ത അയാൾ വീടിനകത്തേക്ക് കയറി.
സ്വീകരണമുറിയിൽ പ്രവേശിച്ച സോളമൻ ഞെട്ടിപ്പോയി!!!
മേശപ്പുറത്തു വെച്ചിരുന്ന ലാപ്ടോപ്പ് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു!!!!
അയാൾ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരി തുറന്നു നോക്കി. അലമാരിയിൽ വെച്ചിരുന്ന കാമറ, ഐ പാഡ് പേഴ്‌സ് എന്നിവയും നഷ്ടപ്പെട്ടിരിക്കുന്നു.
തുറന്നു കിടന്നിരുന്ന ലോക്കറിൽതപ്പി നോക്കിയ അയാൾക്ക്‌ തല കറങ്ങി.
ജോളിയുടെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു!!!
അയാൾ ഗാരേജിലേക്കു ഓടി. താൻ കഴിഞ്ഞ മാസം ലോൺ എടുത്തു വാങ്ങിച്ച ബെൻസ് കാർ കിടന്ന സ്ഥലം ശൂന്യമായി കിടക്കുന്നു!!!
"എന്റെ കർത്താവെ.. "രണ്ടു കൈകളും തലയിൽ വെച്ച് അയാൾ നിലത്ത് കുത്തിയിരുന്നു.
(തുടരും)
അനിൽ കോനാട്ട്

ഭഗവതിക്കാവ് | ShortStory | Sini Rudra


കണ്ണപ്പേട്ടന്റെ പീടികക്കോലായിലെ കറുത്ത ബെഞ്ചിലിരുന്നായിരുന്നു കേളപ്പേച്ഛൻ നാട്ടുകാര്യം പറയാൻ തുടങ്ങിയത്. കടയുടെ മുന്നിലെ ഉന്തുവണ്ടിക്കരികെ വയറു വീർത്തൊരു തെരുവുപട്ടി കണ്ണപ്പേട്ടന്റെ പീടിയേലെ ചില്ലലമാര നോക്കി നാക്കു നീട്ടിക്കിടന്നു. അതു കണ്ടതും തല വെട്ടിത്തിരിച്ച്, കേളപ്പേച്ഛൻ വായിലെ മുറുക്കാൻ, കടയുടെ മുന്നിലെ മണ്ണിട്ട റോഡിലേക്ക് നീട്ടിത്തുപ്പി. 

എൺപതിനോടടുത്ത കേളപ്പേച്ഛൻ ആ നാട്ടിലെ പല വീട്ടുകാർക്കും ഒരു കാര്യസ്ഥനെപ്പോലെയായിരുന്നു . പ്രായം കൂടിക്കൂടി വന്നപ്പോൾ, കേളപ്പേച്ഛന്റെ ഭാഷയിൽ, മനസ്സു പറേന്നിടത്ത് ശരീരമെത്തുന്നില്ല എന്നായ കാലം മുതൽ അയാൾ ഓരോ വീടുകളിലെയും പറമ്പിലെ ചെറിയ പണികൾ നോക്കിനടത്തിക്കൊണ്ടിരുന്നു. നരച്ച കൊമ്പൻമീശയും ചീവിയൊതുക്കാത്ത നരച്ച തലമുടിയും ഉറച്ച മാംസപേശികളും വെറ്റിലക്കറപിടിച്ച പല്ലുകളും ബീഡിപ്പുകയേറ്റു കറുത്തിരുണ്ടുപോയ ചുണ്ടുകളും തീഷ്ണമായ കണ്ണുകളും കേളപ്പേച്ഛന് ഒരു വില്ലൻഭാവം നൽകി. അതുകാരണം പെട്ടെന്നൊന്നും ആരും അയാളുടെ മുന്നിലേക്ക് വന്നു നിന്ന്, എതിർത്തു സംസാരിക്കാൻ ധൈര്യപ്പെട്ടില്ല. 

ജോലിക്കിടയിലെ വിശ്രമവേളകളിൽ കേളപ്പേച്ഛന്റെ ഇടം ഈ പീടികക്കോലായിയാണ്. കൗമാരവും യൗവനവും ഒന്നിച്ചു പങ്കിട്ട കൂട്ടുകാർ ഇപ്പൊ വാർദ്ധക്യത്തിലും കൂട്ടുതന്നെ എന്നതായിരുന്നു അയാളുടെ സന്തോഷം. കേളപ്പേച്ഛനും കുമാരേട്ടനും കണ്ണപ്പന്റെ അച്ഛൻ ഗോപാലനും ഇപ്പൊൾ ദേഹം തളർന്നു കിടക്കുന്ന ഗോയിന്ദനും ആത്മാർത്ഥസുഹൃത്തുക്കളായിരുന്നു. ആ നാൽവർസംഘം ഭഗവതിക്കാവിന്റെ പരിസരത്തും വടക്കേലെ കുന്നിൻമുകളിലും തങ്ങളുടെ അധീശ്വത്വം സ്ഥാപിച്ചവരായിരുന്നു. കേളപ്പേച്ഛന്റെ വാക്ക് അന്നും ഇന്നും നാട്ടിലെ അവസാനവാക്കുതന്നെ. തെറ്റു കണ്ടാൽ രൂക്ഷമായി പ്രതികരിക്കുന്ന കേളപ്പേച്ഛൻ ആ നാട്ടിലെ പലരുടെയും കണ്ണിലെ കരടായിരുന്നു. 

''അല്ല കേളപ്പേച്ഛാ, മ്മടെ ഗോയിന്ദാട്ടൻ ഇങ്ങളെ അന്വേഷിച്ചിനേനല്ലോ, ഇങ്ങള് പോയില്ലേ അങ്ങോട്ടേക്ക്?" 

പത്രത്തിലെ ചരമക്കോളത്തിൽ പരിചയമുള്ള മുഖങ്ങളെ തപ്പിക്കൊണ്ടിരുന്ന കുമാരേട്ടൻ തലയുയർത്താതെ ചോദിച്ചു..

മുറിബീഡി ഒന്നാഞ്ഞു വലിച്ച് കേളപ്പേച്ഛൻ പീടികത്തിണ്ണയിലേക്ക് ഇരിപ്പിന്റെ സ്ഥാനംമാറ്റി.

"എടാ കുമാരാ.. എനിക്ക് ഓനെ പോയിക്കാണാൻ തോന്നുന്നില്ല. ഒരു കൈയും കാലും തളർന്ന്, മിണ്ടാൻ പോലും ഓൻ പാടുപെടുമ്പോൾ അതും കണ്ടോണ്ട് നിൽക്കാൻ എന്നെക്കൊണ്ടൊന്നും പറ്റൂല്ല. ഓൻ എന്നെ വിളിക്കുന്നത് ഒരാശ്വാസത്തിന് വേണ്ടിയാകും. എന്നാലും എന്നെക്കൊണ്ട് കണ്ടു നിക്കാൻ പറ്റൂല്ല."

ഉള്ളിലെ വിഷമം മുറിബീഡിയുടെ തുമ്പത്ത് കനൽപോലെ എരിയുന്നെന്ന് കേളപ്പേച്ഛന് തോന്നി.

"കണ്ണപ്പാ നിനക്കോർമ്മയുണ്ടോ...? പണ്ട് നിന്റെ അച്ഛൻ നടത്തികൊണ്ടിരുന്ന ഈ പീടികയ്ക്ക് മുന്നിൽ ഒരു ചെറിയ ഇടവഴിയായിരുന്നു. നിന്റെ അച്ഛനും ഞാനും കൂടെയാ അന്ന് മമ്മദ്ക്കാന്റെ കാളവണ്ടിക്ക് വരാൻ ഇടവഴി ഒന്ന് വീതി കൂട്ട്യത്. കല്ലായി അങ്ങാടീന്ന് കൊണ്ടെരുന്ന സാധനം ഇബിടുള്ള കടകളിൽ എത്തിക്കുന്നത് മമ്മദ്ക്ക ആയിരുന്നു. അന്ന് ശ്രീധരകൈമളിന്റെ സ്ഥലം കൊത്തിവലിച്ചു എന്നും പറഞ്ഞു ജന്മിയും അടിയാളരും രണ്ട് പക്ഷത്തായി വാക്കേറ്റവും കൈയങ്കാളിയുമായി. അന്ന് കൈമളിന്റെ കൈയിലെ കൈക്കോടാലീന്റെ പിടികൊണ്ട് കൈമൾ, ഗോയിന്ദന്റെ തലയ്ക്കടിച്ചു. അന്നവൻ ബോധം പോയി വീണെങ്കിലും നാണു വൈദ്യരുടെ മരുന്നുകൊണ്ട് എല്ലാം ബേം ഭേദായി. പക്ഷേ വയസ്സ് എഴുപതാകുമ്പോഴേക്കും അന്നത്തെ അടിയുടെ ബാക്കിപോലെ തലേലെ ഞരമ്പിനു എന്തോ പറ്റി. അവൻ ഇങ്ങനേം ആയി."

കേളപ്പേച്ഛൻ ഓർമ്മകളിൽ ഒന്നുലഞ്ഞു. വെറ്റിലക്കറപിടിച്ച പല്ല്, നരച്ച കപ്പടാമീശയ്ക്കുള്ളിൽ മറഞ്ഞുനിന്നു..

"കുമാരാ, ഞാനിന്നലെ വരുന്നേരം നാരാണിനെ കണ്ടു. ഓള് ആടിനെയും മേച്ചിറ്റ് ദാമൂന്റെ പൊരെന്റെ അടുത്തുള്ള പറമ്പില് ഇണ്ടേനൂ. ഓളെ ഇപ്പൊ മക്കളൊന്നും തിരിഞ്ഞു നോക്കുന്നില്ലാന്നാ തോന്നുന്നേ. ഓൾക്കാന്നെങ്കിൽ മ്മളെക്കാളും പ്രായം ആയപോലെ ഇണ്ട്. ആകെ ക്ഷീണിച്ച്. ആ ആടിന്റെ പോറ്റുന്ന വകേല് കിട്ടുന്ന വരുമാനെ ഉള്ളൂന്ന് തോന്നുന്ന്. ഭാഗ്യത്തിന്, പെൻഷൻ പൈസ എളിയിൽ തിരുകിയത് കൊണ്ട് ഞാൻ അതെടുത്ത് ഓക്ക് കൊടുത്ത്. ഓള് എന്തൊക്കെയോ, കര്യേം പറയേം ചെയ്തു. പത്തിരുപത്തിരണ്ട് വയസ്സിൽ ഓളെ കെട്ടിയോൻ മരിച്ചതാ. പിന്നെ ആടെയും ഈടെയും വീട്ട് പണിക്ക് പോയിറ്റാ ഓള് നാല് മക്കളെയും നോക്കിയേ. എന്നിട്ട് അയിറ്റ്ങ്ങൾക്ക് ഓളെ ഈ പ്രായത്തിൽ നോക്കാൻ പറ്റുന്നില്ല പോലും." ഉള്ളിലെ രോഷത്തിൽ ബീഡി ആഞ്ഞുവലിച്ച് കേളപ്പേച്ഛൻ പുക പുറത്തേക്കു വിട്ടു.

കേളപ്പേച്ഛൻ പുകയേറ്റു മങ്ങിയ കടയുടെ മഞ്ഞച്ച ചുമരിലേക്കു കണ്ണ് പായിച്ചു. ചുമരിൽ കണ്ണപ്പന്റെ അച്ഛൻ ഗോപാലന്റെ ചിരിക്കുന്ന ഫോട്ടോ. ചിത്രം കുറച്ചേറെ മങ്ങിയിട്ടുണ്ട്. ഓർമ്മകൾക്കുമേൽ അതിലുള്ള മഞ്ഞ പടർന്നു കയറുംപോലെ തോന്നി കേളപ്പേച്ഛന്.

കേളപ്പേച്ഛന്റെ മുഖത്തെ മാറ്റം കണ്ണപ്പനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇനി കണ്ണപ്പനറിയാം കേളപ്പേച്ഛൻ എന്താണ് ചെയ്യുന്നതെന്ന്. കൈയിലെ ചായയുംകൊണ്ട് ആ ഫോട്ടോ കുറെ നേരം നോക്കിയിരിക്കും. പിന്നെ, പതിയെ ചായഗ്ലാസ് വലിയ ഭാരം ഇറക്കിവെക്കുംപോലെ മേശമേൽവച്ച് കീശയിലെ ചില്ലറയും തപ്പിയെടുത്ത് വിറയ്ക്കുന്ന കൈകൊണ്ട് അതും തന്ന്, ചുവന്നു കലങ്ങിയ കണ്ണുമായ് ഇറങ്ങിപ്പോകും.

കണ്ണപ്പൻ പ്രതീക്ഷിച്ചതുതന്നെ അവിടെ നടന്നു. അന്ന് പതിവില്ലാതെ മഴ നേരത്തേ പെയ്തു തുടങ്ങി. ഉന്തുവണ്ടി ആഞ്ഞു വലിച്ചു നടക്കുമ്പോൾ കേളപ്പേച്ഛന്റെ കവിളിലെ മഴത്തുള്ളികളിൽ ഉപ്പുരസം കലരുന്നുണ്ടായിരുന്നു.

"അല്ല കുമാരേട്ടാ, മൂപ്പരെന്താ ഇങ്ങനെ. അച്ഛനും കേളപ്പേച്ഛനും വലിയ കൂട്ടായിരുന്നു എന്നറിയാം. പക്ഷേ, ഇതിപ്പോ, എന്തോ വലിയ സങ്കടം ഉള്ളിൽ കിടക്കുന്നപോലെ ഇണ്ടല്ലോ കേളപ്പേച്ഛന്."

കുമാരൻ ഒന്നും മിണ്ടാതെ പത്രത്തിലേക്ക് തലതാഴ്ത്തി. ആയാസപ്പെട്ട് ഉന്തുവണ്ടി വലിച്ചു കടന്നുപോകുന്ന കേളപ്പേച്ഛനെയും മൺപാതയിൽ ഉന്തുവണ്ടി തീർത്ത അടയാളങ്ങളിലും നോക്കി കുമാരേട്ടൻ ഓർമ്മകളിലേക്കു നടന്നു കയറി.

********

കുഞ്ഞിപ്പുരയിലെ മാണിക്യംതമ്പായീന്റെ ഒരേയൊരു മകനായിട്ട് ജനിച്ച കേളപ്പൻ, തണ്ടും തടിയുമൊത്തൊരു ബാല്യേക്കാരൻ ആകുമ്പോഴേക്ക് മാണിക്യമ്മ വസൂരി പിടിപെട്ടു മരണപ്പെട്ടു. ഒറ്റയ്ക്കായ് ഒറ്റയാനായി വളർന്ന കേളപ്പൻ, മാപ്പളാരുടെ തടിമില്ലിൽ തടി പിടിക്കാൻ പോയി. കല്ലായി ചുങ്കത്ത് മയ്യേപ്പുഴയിൽനിന്ന് മരം വലിച്ചു കയറ്റാൻ കേളപ്പനോളം മിടുക്ക് അന്നാ മരമില്ലിൽ ആർക്കുമില്ലായിരുന്നു.

മാലയ്ക്കൽ മീത്തലെ തങ്കത്തിന് കേളപ്പനോട് പ്രണയംതോന്നിയത് അവന്റെയാ ചങ്കൂറ്റം കണ്ടിട്ടായിരുന്നു. വീട്ടിൽ ഇടയ്ക്കൊക്കെ അച്ഛനൊപ്പം സഹായിക്കാൻ വരുന്ന ഗോപാലൻ വഴി തന്റെ പ്രണയം കേളപ്പനെ അറിയിച്ച തങ്കത്തിന്റെ നേർക്ക് രൂക്ഷമായ നോട്ടം മറുപടി നൽകി കേളപ്പൻ പലപ്പോഴും നടന്നകന്നു.

അന്നൊരു മകരമാസമായിരുന്നു. വടക്കേലെ ഭഗവതിയുടെ ഉത്സവം കൊടിയേറുന്ന ദിവസം. കുമാരനും ഗോയിന്ദനും കേളപ്പനും ഗോപാലനും ചോയീന്റെ കൈയീന്ന് കള്ളും വാങ്ങി ആൽത്തറയിൽ ഇരിക്കുകയായിരുന്നു. നിലാവിന്റെ നീലവെളിച്ചം മരച്ചില്ലകളിൽ തട്ടി നിലത്തേക്ക് ചിതറി വീണു.

കേളപ്പന്റെ നാടൻപാട്ട് ഉച്ചസ്ഥായിലെത്തി. ചോയീന്റെ കള്ളും മീൻകറിയും അവരുടെ വയറ്റിനെ നിറയ്ക്കുന്തോറും കേളപ്പന്റെ പാട്ടുംകൂത്തും ജോറായി നടന്നു.

നേർത്ത നിലാവിൽ ആരുടെയോ നിഴൽ കുന്നു കയറി വരുന്നതു കണ്ടത് ഗോപാലനായായിരുന്നു.

"ആരാ അത്.?"

ഉടുത്തിരുന്ന ലുങ്കി ഒന്നൂടെ കുടഞ്ഞുടുത്തു ഗോപാലനും ഗോയിന്ദനും ചാടി ഇറങ്ങി.

നിലാവിന്റെ ഒരു തുണ്ട്, ഭൂമിയിലേക്കു വന്നു വീണതുപോലെ തങ്കം അവരുടെ മുന്നിൽ അക്ഷോഭ്യയായ് നിന്നു.

"അമ്പ്രാട്ടി എന്താ ഈ നേരത്ത് ഇവിടെ.?" ഗോപാലൻ അവന്റെ യജമാനത്തിയുടെ മുന്നിൽ നടുവ് വളച്ചു.

തങ്കയുടെ നോട്ടം കേളപ്പന്റെ മുഖത്തായിരുന്നു.

"ഞാൻ ഇയാളെ കാണാൻ വന്നതാ."

തങ്ക, കേളപ്പന്റെ അടുക്കലേക്കു നടന്നു ചെന്നു. അവളുടെ ചുറ്റും ഏതോ വാസനത്തൈലത്തിന്റെ ഗന്ധം നിറഞ്ഞു. കാലിലെ പാദസരത്തിന്റെ നേർത്ത ശിഞ്ചിതം ആ നിലാവിനു താളമാകുന്നുണ്ടായിരുന്നു. അഴിച്ചിട്ട ചുരുളൻമുടിയിൽ, വടക്കേലെ ഭഗവതിയുടെ പുഷ്പാഞ്ജലിയിലെ തുളസിക്കതിരും ശംഖ്‌പുഷ്പവും. കഴുത്തിൽ ഇറുകിക്കിടക്കുന്ന പച്ചനിറത്തിലെ പാലയ്ക്കാമാലയും!

കേളപ്പൻ അവളെയൊന്നുഴിഞ്ഞു നോക്കി, പെട്ടെന്നുതന്നെ നോട്ടം ദൂരേക്കു മാറ്റി.

"എത്ര വട്ടം ഞാനെന്റെ സ്നേഹം നിങ്ങളോട് പറഞ്ഞു, നിങ്ങളുടെ പിന്നാലെ നടന്നു. നിങ്ങളെ ഇഷ്ടപ്പെട്ടെന്നോരെയൊരു കാരണത്താൽ, നിങ്ങൾ എന്തിനാണ് എന്നെ അവഗണനയിലേക്കിങ്ങനെ വലിച്ചെറിയുന്നത്?'' കരച്ചിലും ദേഷ്യവും ഇടകലർന്ന്, തങ്കയുടെ ശബ്ദം ചിലമ്പിക്കൊണ്ടിരുന്നു.

കേളപ്പന്റെ മുഖത്ത് ആദ്യമായിട്ടായിരുന്നു നിസ്സഹായതയുടെ നോവ് തെളിഞ്ഞത്. അവൻ ഒന്നും മിണ്ടാതെ ആൽത്തറയിലേക്ക് നടന്നു. പിന്നാലെ തങ്കയും. കൂട്ടുകാർ മൂന്നുപേരും ദൂരേക്കു മാറിനിന്നു.

"തങ്കേ" കേളപ്പന്റെ ശബ്ദത്തിൽ അത്രമേൽ ആർദ്രത നിറഞ്ഞു. ആ ഒരൊറ്റ വിളിയിൽ അവനന് അവളോടുള്ള സ്നേഹം മറനീക്കി പുറത്തുവന്നു.

"ഇഞ്ഞി സിലോണിലൊക്കെ വളർന്നു പഠിച്ച പെണ്ണാണ്. അതും നാട്ടിലെ പ്രമാണിയായ നാരായണൻ മേനോന്റെ മോള് . സ്വത്തും പണവും പദവിയുമൊക്കെയായിട്ട് നല്ലൊരു ജീവിതം ഇഞ്ഞി ജീവിക്കേണ്ടതാണ്. ഞാൻ വെറും കീഴാളൻ. വിവരോം വിദ്യാഭ്യാസവും ഇല്ലാത്തോൻ. ഒരിക്കലും ചേരാത്ത ഭഗവതിയാറ്റിന്റെ കരകളാണ് ഇഞ്ഞീം ഞാനും. ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആഗ്രഹിക്കരുത് തങ്കേ. അത് മ്മക്ക് ബല്യ വേദന തരും. നഷ്ടങ്ങൾ മാത്രമേ ഇണ്ടാകൂ. "

കേളപ്പന്റെ വാക്കുകൾക്ക് പക്ഷേ ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി.

"തങ്ക ജീവിക്കുന്നെങ്കിൽ നിങ്ങളുടെ ഒപ്പരമേ ജീവിക്കൂ. മരിക്കുന്നെങ്കിൽ അതും നിങ്ങളെ പെണ്ണായിട്ടുതന്നെ. ഇത് മാലക്കൽ മീത്തലെ തങ്കയുടെ വാക്കാ."

അവളുടെ ഉറച്ച ശബ്ദത്തിന് കേളപ്പന്റെ മനസ്സുതുറക്കാനുള്ള കരുത്തുണ്ടായി. ആ നിലാവത്ത് ഒരു പ്രണയം ജനിക്കുന്നതും ചുംബനങ്ങൾ പൊഴിയുന്നതും കൂട്ടുകാർക്കൊപ്പം നിലാവും കണ്ടു നിന്നു. വടക്കേലെ കുന്നിൻമുകളിൽ പ്രണയം കാത്തിരിപ്പായും പരിഭവമായും ഉടൽപ്പൂക്കളായും രൂപാന്തരം പ്രാപിച്ചു. പ്രണയത്തിനിടയിൽ പലപ്പോഴും കൂട്ടുകാർ ഹംസങ്ങളായി.

തങ്കയുമായുള്ള പ്രണയം കേളപ്പനെ അടിമുടി മാറ്റിമറിച്ചു. അവളോടൊത്തുള്ള ജീവിതത്തെ സ്വപ്നംകണ്ട്, പലപ്പോഴും അതിൽ വാചാലനായി മാറി അവൻ. അടച്ചിട്ട വീട് അവൻ അവൾക്കായി തുറന്നിട്ടു. വീട്ടുകാരറിയാതെ തങ്ക കേളപ്പന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു പോന്നു. അവന്റെ എല്ലാ കാര്യങ്ങളിലും നിഴൽ പോലെ തങ്കയും കൂടെ നിന്നു. ആ പ്രണയത്തിനു വല്ലാത്ത ഭംഗിയായിരുന്നു.

മാസങ്ങൾ, വർഷങ്ങൾ കടന്നു പോയി. അന്നൊരു വിഷുനാളിൽ പുലർച്ചെ ഭഗവതിപ്പുഴയിലെ ഓളങ്ങൾക്ക് പറയാനേറെ കഥയുണ്ടായിരുന്നു.

പാതിരാവിൽ ഒരു പെണ്ണ് ഭഗവതിപ്പുഴയുടെ തീരത്ത് അലറിക്കരഞ്ഞു വന്നു നിന്നത്!

ആർത്തലച്ചു പെയ്ത പെണ്ണൊരുത്തി ഭഗവതിപ്പുഴയിലെ ഓളങ്ങളിലേക്ക് ആഴ്ന്നിറങ്ങിയത്!

അപൂർണ്ണമായൊരു കഥ ഉള്ളിലടക്കിവെച്ച് ഭഗവതിപ്പുഴ പിന്നെയും ഒഴുകി.

*********

ആരുടെയോ വിളിയൊച്ച ഉയർന്നതും കുമാരേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ യാത്ര പറഞ്ഞിറങ്ങി. ആ സമയം ദൂരെ, കുന്നിൻ മുകളിലേക്ക് നനഞ്ഞു കുതിർന്നു കേളപ്പേച്ഛൻ കിതച്ചുകൊണ്ടു കയറിത്തുടങ്ങി. ഓർമ്മകളുടെ ഭാരം കാലിനാണെന്ന് തോന്നുംവിധം അയാൾ വേച്ചുവേച്ചു കയറ്റം കയറി. വടക്കേലെ ഭഗവതിയുടെ ആരൂഢസ്ഥാനമാണ് കുന്നിൻമുകളിലെ ആൽമരവും അതിന്റെ ചോട്ടിലെ കറുത്തകൃഷ്ണശിലയിൽ തീർത്ത ദേവീവിഗ്രഹവും.

ചെറിയ ഇരുമ്പഴിക്കുള്ളിലെ ദേവീശിലയെ കേളപ്പേച്ഛൻ ഒരു നിമിഷം നോക്കി നിന്നു.

"ഞാൻ ഓർമ്മകളുടെ തടവിൽ, ഇഞ്ഞി ഭക്തിയുടെ തടവിൽ. ഇനിക്കും മോചനമില്ല എനക്കും മോചനമില്ലാ.."

അയാൾ ആൽത്തറയിൽ മലർന്നുകിടന്ന് പൊട്ടിച്ചിരിച്ചു. ആ ചിരിയൊച്ചയ്ക്ക് പക്ഷേ, തേങ്ങലിന്റെ താളമുണ്ടായിരുന്നു. ഓർമ്മകൾക്കൊക്കെയും എരിയുന്ന കനലിന്റെ ചൂടാണത്രേ. ഓർമ്മകൾ ചുരത്തിയ കണ്ണുനീർ, ഒട്ടിയ കവിളിലൂടിറങ്ങി കേളപ്പേച്ഛന്റെ ചെവിക്കരികിൽ ഏതോ സ്വാന്തനത്തിനായി കാത്തു നിന്നു.

അസ്തമയം മായ്ച്ചു കൊണ്ട് ഇരുട്ട് മലമുകളിലേക്ക് പടർന്നു കയറിക്കൊണ്ടിരുന്നു. മലകയറി വിളക്കുവെക്കാൻ എത്തിയ പോറ്റി, കേളപ്പേച്ഛനെ കണ്ട് ആൽത്തറയിലേക്കു വരാതെ ശങ്കിച്ചു നിന്നു.

"താൻ വിളക്കുവെച്ച് പൊക്കോ പോറ്റി. ഞാനിവിടെ കിടന്നിറ്റ് ഇന്റെ വിളക്ക് വെപ്പ് മുടക്കേണ്ട."

ചുണ്ടോന്ന് കോട്ടി, ചിരിച്ച് കേളപ്പേച്ഛൻ പാദങ്ങൾ അമർത്തിച്ചവിട്ടി കുന്നിറങ്ങി. എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് പോറ്റി ആൽത്തറയിൽ വിളക്ക് വെച്ചു. അയാൾക്ക് കേളപ്പേച്ഛനെ ഒട്ടും ഇഷ്ടമല്ലായിരുന്നു.

കുന്നിറങ്ങിയ കേളപ്പേച്ഛൻ കാവിമുണ്ട് അഴിച്ചുവെച്ച് തോർത്തുടുത്ത് ഭഗവതിപ്പുഴയിൽ മുങ്ങി നിവർന്നു. ഓരോ തവണ മുങ്ങിനിവരുമ്പോഴും കേളപ്പേച്ഛന്റെ കണ്ണിന്റെ മുന്നിൽ ഒരു വെളുത്ത ചേലയും, പൊങ്ങുതടിപോലെ വെള്ളത്തിൽ ഒഴുകി നീങ്ങുന്ന തുറിച്ച കണ്ണുള്ള ഒരു രൂപവും വന്നു കൊണ്ടിരുന്നു. ഓരോ തവണയും തലക്കുടഞ്ഞ് കാഴ്ചയെ, ആ തോന്നലിനെ കുടഞ്ഞെറിഞ്ഞിട്ടും തുറിച്ചുന്തിയ കണ്ണുകൾ അയാളുടെ കണ്ണിനു നേർക്ക് വന്നു കൊണ്ടേയിരുന്നു. നാല്പതോ നാല്പത്തഞ്ചോ വർഷമായിട്ടും ഒന്നും മറക്കാനാവാതെ ഓർമ്മകളാൽ വേട്ടയാടപ്പെട്ട കേളപ്പേച്ഛൻ!

അയാൾ ഈറനോടെ വീണ്ടും വടക്കേലെ കുന്നു കയറാൻ തുടങ്ങി. ഇരുട്ടു പരന്ന കുന്നിൻചെരുവിൽ മിന്നാമിനുങ്ങുകൾ വായുവിൽ അവ്യക്തമായ ചിത്രങ്ങൾ വരച്ചു. ചീവീടുകൾ ശബ്ദത്തിന് മൂർച്ചയേറ്റി. പൂത്തു നിൽക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തിന് ഇന്നലെകളിലെ പ്രണയത്തിന്റെഗന്ധമായിരുന്നു.

ആൽത്തറയിൽ ഈറനോടെ കേളപ്പേച്ഛൻ, പോറ്റി കൊളുത്തി വെച്ച മൺചെരാതിലേക്ക് മിഴിനട്ട് ഇരുന്നു. ഊരു തെണ്ടി വന്നൊരു പിശറൻ കാറ്റ് തിരിനാളത്തെ വലംവെച്ച് ആൽമരത്തിലേക്ക് കുടിയേറി. കാറ്റൊന്ന് തൊട്ടപ്പോൾ ഉടൽവിറച്ച് തിരിനാളം ഒന്നാടിയുലഞ്ഞു.

നനഞ്ഞ തോർത്ത് ആൽത്തറയിൽ വിരിച്ച്, കേളപ്പേച്ഛൻ മരച്ചോട്ടിലെ കല്ലിടുക്കിൽ തിരുകിവെച്ച ബീഡി തപ്പിയെടുത്തു. കാറ്റ് കെടുത്താതെ തീപ്പെട്ടിയുരച്ച് ബീഡിക്ക് തീ കൊളുത്തി അയാൾ ഭഗവതിക്ക് മുന്നിലായ് ചമ്രംപടഞ്ഞ് ഇരുന്നു.

ഇനിയുള്ള കേൾവിക്കാരി ഭഗവതിയാണ്. കൃഷ്ണശിലയിൽ അവൾ എല്ലാവരുടെയും പരിദേവനങ്ങൾ കേട്ട്, ഇരിക്കുന്നു. മറുപടികൾ ഇല്ലെങ്കിലും കേട്ടിരിക്കാൻ ആരോ ഉണ്ടെന്ന തോന്നലിൽ സങ്കടങ്ങളെ ഉരുക്കഴിക്കുന്ന കുറെ മനുഷ്യർ. ഇപ്പോൾ കേളപ്പേച്ഛനും അതിലൊരാളാണ്.

"ഇനിക്കറിയോ ഭഗവതീ, കൊല്ലം പത്ത് നാപ്പത്തഞ്ചായി ഞാനീ ചങ്കുപറിയുന്ന വേദനേം കൊണ്ട് നടക്കുന്നു.

ഞാനന്ന് മമ്മദ്ന്റെ സാധനം കല്ലായി അങ്ങാടീന്ന് കൊണ്ടെരാൻ പോയതേനൂ. നേരം ഇരുട്ടായപ്പോ മമ്മദാ പറഞ്ഞത് ഇന്ന് ഓന്റെ കാർന്നോരെ കടയിൽ കിടക്കാം. നേരം പൊലർച്ചെ പോകാമെന്നു. അന്നേക്ക് രാത്രി തന്നെ ഞാൻ വന്നിരുന്നെങ്കിൽ എനിക്കവളെ.."

പുകഞ്ഞു തീർന്ന ബീഡി കൈപൊള്ളിച്ചപ്പോ അത് വലിച്ചെറിഞ്ഞു കേളപ്പേച്ഛൻ അടുത്ത ബീഡി കത്തിച്ചു. സങ്കടം ഏറുമ്പോൾ മാത്രം വരുന്ന ചുമ ദേഹത്തെ ഉലച്ചു കൊണ്ടിരുന്നു. ഇടയ്ക്കൊന്നു ചുമച്ചു തുപ്പി കേളപ്പേച്ഛൻ വീണ്ടും ഭഗവതിയുടെ മുന്നിൽ വന്ന് ഇരുന്നു. നരച്ചമീശയിൽ നനവ് അപ്പോഴും തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

"ഇന്റെ ഈ തിരുമുമ്പില് വെച്ചല്ലേ ഓള് വന്നു പറഞ്ഞത്, ഓള് ഗർഭിണിയാന്ന്. അന്നു രാത്രി അവളെയുംകൊണ്ട് പോകാനിരുന്നതാ. പക്ഷേ, അന്നേക്ക് രാത്രി തന്നെ ഓളെ അവര് രായ്ക്ക് രാമാനം നാടു കടത്തി. എവിടെയെന്നോ എന്തെന്നോ അറിയാതെ മാസങ്ങൾ. ഓളെ കാണാതെ പലയിടത്തും അലഞ്ഞു. ഇന്റെ നടേല് വന്നു എത്ര ഞാൻ കരഞ്ഞു നിലവിളിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരുനാൾ പ്രിയപ്പെട്ടോളെ കാണൂന്ന വിശ്വാസത്തിൽ ജീവിച്ച ഒരുത്തന്റെ കണ്ണിന്റെ മുന്നിൽ അവളുടെ വീർത്തു പൊന്തിയ ശവം ഒഴുകി നടക്കുമ്പോൾ ഉള്ള നോവറിയോ ഇനിക്ക്. ഇല്ല. എങ്ങനെ അറിയാനാണ്. ഇഞ്ഞി വെറും കല്ലല്ലേ. വെറും കല്ല്. "

ചിലമ്പിച്ച ശബ്ദത്തിനൊപ്പം ചുമ ഉച്ചസ്ഥായിൽ എത്തി.

"എന്നിട്ടോ മതിയായില്ല ദൈവങ്ങടെ തമാശ. ഗോപാലന് വയ്യാന്ന് അവന്റെ ചെക്കൻ കണ്ണപ്പൻ വന്നു പറയുമ്പോ ഞാൻ ഹാജിയാരുടെ വീട്ടിലെ പറമ്പ് കെളക്കുകാരുന്നു. കൊറേക്കാലായില്ലെനോ ഓൻ കിടപ്പിലായിട്ട്. അവന് കവിളരശ് വന്നതല്ലേ. പൊകേല കണ്ടമാനം കവിളിൽ വെച്ചിട്ടാ വന്നെന്ന് നാണു വൈദ്യർ പറഞ്ഞാ അറിഞ്ഞത്. അവന്റെ വീട്ടിലെത്തിയപ്പോ സ്വന്തക്കാരും ബന്ധക്കാരും ഒക്കെ എത്തീട്ടുണ്ട്. ഒരുതരം മരണം നടക്കാൻ കാത്ത് കെട്ടികിടക്കുന്നപോലെ അവര് നിൽക്കുന്നത് കണ്ടപ്പോ കഴുകന്മാരെയാണ് ഓർമ്മ വന്നത്. അകത്തേക്കു ചെന്നതും അവൻ എന്നെനോക്കി കുറെ കരഞ്ഞു. എല്ലാരോടും പോകാൻ ആംഗ്യം കാണിച്ച് അവൻ എന്റെ കൈ ഇറുക്കെ പിടിച്ച്. "കേളപ്പാ തങ്കന്റെ മോള് ജീവനോടെ ഇണ്ടെടാ. ആ കുഞ്ഞിനെ എന്റെ അച്ഛനാ എടുത്തോണ്ട് പോയത്. കുഞ്ഞിനെ നഷ്ടപ്പെട്ട വിഷമത്തിലാ അവള് പൊഴേല്. ഇത്രനാളും ഞാൻ എല്ലാം മറച്ച് വെച്ചതാ, അച്ഛന് കൊടുത്ത വാക്ക് പേടിച്ചിറ്റ്. ഇനിയും ഇത് മറച്ച് വെക്കാൻ പറ്റൂല്ലാ. ഇഞ്ഞി എന്നോട് ക്ഷമിക്കെടാ."

"എന്നിറ്റ് എന്റെ മോളേടെയാ ഗോപാലാ ഉള്ളത്." വല്ലാതെ കല്ലിച്ചു പോയിരുന്നു എന്റെ ശബ്ദം. വിഡ്ഢിയാക്കപ്പെട്ടവന്റെ രോഷം സിരകളിൽ പടരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

"വേണ്ട കേളപ്പ, അവള് സുഖമായിട്ട് ഇരിക്കുന്നുണ്ട്. മ്മടെ കണ്ണപ്പനെക്കാളും ഇളയതാണ്. അത്രമാത്രം നീ അറിഞ്ഞാൽ മതി. നീ ഇനി അറിഞ്ഞത് കൊണ്ട്, ആ കുഞ്ഞിന്റെ ജീവിതം സങ്കടത്തിലാകുകയേ ഉള്ളൂ. നീയറിയേണ്ട ഒന്നും."

ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങളിൽ ബദ്ധപ്പെട്ടു വാക്കുകളെ അടുക്കിപ്പെറുക്കി വെച്ച് ഗോപാലൻ അത്രയും പറഞ്ഞൊപ്പിക്കുമ്പോൾ, ഞാൻ നിസ്സഹായതയുടെ പടുമരമാവുകയായിരുന്നു. ഒന്നും പറയാതെ ഗോപാലൻ പോയി. ബാക്കിവച്ചു പോകുന്നത് തീരാ നോവാണെന്ന് അവനറിഞ്ഞില്ല. ഇന്നും ഈ ഉന്തുവണ്ടിയും വലിച്ച് ഞാൻ നടന്നു പോകുമ്പോ തങ്കയുടെ മൊഖമുള്ള പെൺകുട്ടിയെ ആൾക്കൂട്ടത്തിൽ ഞാൻ പരതും. എല്ലാം അറീന്ന ഒര് പെണ്ണ് പിന്നീന്ന് അച്ഛാന്നു നീട്ടി വിളിക്കുന്നത് പ്രതീക്ഷിക്കും.

ഇനിക്ക് എന്തറിയാനാ ഭഗവതി. മനുഷ്യന്റെ ജീവിതം ശരിക്കും ഒരു കോമാളിത്തരമാണ്. വിധിയുടെ കൈയിലെ കരുക്കൾ അല്ലേ മ്മളൊക്കെ. അങ്ങോട്ടെറിയുന്നു ഇങ്ങോട്ടെറിയുന്നു. ഇങ്ങള് ദൈവങ്ങൾക്ക് പരീക്ഷിക്കാനുള്ള പരീക്ഷണവസ്തുക്കൾ. അല്ലാണ്ടെന്ത്. "

കേളപ്പേച്ഛൻ ബീഡിക്കറ പിടിച്ച ഒരു പുച്ഛച്ചിരി ചിരിച്ചു. ഇരുളിൽ ആൽമരത്തിനടുത്തുള്ള വാകമരത്തിൽ കുടിയേറിയ വെള്ളക്കൊക്കുകൾ വെളുത്തപൂക്കളെപ്പോലെ തോന്നിച്ചു. പക്ഷിക്കുഞ്ഞുങ്ങൾ ഇടയ്ക്ക് കലപില കൂട്ടുന്നുണ്ട്. ആൽത്തറയിൽ മലർന്നുകിടന്ന് അയാൾ കുഞ്ഞുങ്ങളെ ഓർത്തു. എങ്ങോ എവിടെയോ ഒരു മകൾ ഉറങ്ങുന്നത് മനക്കണ്ണാൽ കണ്ടു. പേരക്കുഞ്ഞുങ്ങളുടെ വികൃതികളെ സങ്കൽപ്പിച്ച് കേളപ്പേച്ഛൻ ദീർഘനിദ്രയ്ക്കായി കാത്തു നിന്നു. കൃഷ്ണശിലയ്ക്കുള്ളിൽ എല്ലാം കേട്ടിരുന്ന ഭഗവതി കേളപ്പേച്ഛന് അന്നും കാവലായ് നിന്നു.

------------------

യക്ഷി | Sreeja K Mangalath

 

ശാന്തമായൊഴുകുകയായിരുന്നു കുന്നിപ്പുഴ. 
നീശീഥിനിയുടെ കറുത്തിരുണ്ട മുടിയിഴകൾ കോതി, മെല്ലെ വീശുന്ന തണുത്ത കാറ്റിൽ കൈതപ്പൂവിൻ്റെ മാദകഗന്ധം.
ചെറിയ നിലാവത്ത് തികച്ചും അലൗകികമായി ധ്യാനാവസ്ഥയിൽ നിൽക്കുന്ന തപസ്വികളെപ്പോലെ കരിമ്പനകളുടെ നീണ്ട നിഴലുകൾ.
പെട്ടെന്നെവിടെനിന്നോ ചീറിപ്പാഞ്ഞുവന്ന ഇരുണ്ട രൂപം പുഴയ്ക്കരികെയെത്തി പെട്ടെന്ന് നിന്നു. 
അതൊരു മനുഷ്യനാണ്. ആറടിയോളം പൊക്കമുള്ള ആരോഗ്യ ദൃഢഗാത്രൻ!
കൈയ്യിൽ ഒരു ഭാണ്ഡവുമുണ്ട്!
എന്തിനെയോ കണ്ട് ഭയന്നപോലെ അയാൾ വീണ്ടും വീണ്ടും തിരിഞ്ഞ് തിരിഞ്ഞ് വന്ന വഴിയിലേയ്ക്ക് നോക്കിക്കൊണ്ടുതന്നെ പുഴവക്കിലേയ്ക്കിറങ്ങി, ഇരുകൈകളിലുമായി വെള്ളമെടുത്ത് മുഖംകഴുകിയശേഷം, കുറച്ച് വെള്ളവും കുടിച്ച് കിതപ്പാറ്റി.
അപ്പോഴേയ്ക്കും ആരൊക്കെയോ ഓടിവരുന്നതായുള്ള ശബ്ദങ്ങൾ അടുത്തെത്തിയിരുന്നു. കരിമ്പനക്കൂട്ടങ്ങൾ ഒന്നാകെ ഇളകിയാടി.
അയാൾ ഭയന്ന് ഞെട്ടിയെഴുന്നേറ്റു. നിമിഷങ്ങൾ പാഴാക്കാതെ ഓട്ടം തുടർന്നു.
അയാൾക്കുപിറകിൽ കുറ്റിക്കാടുമൊത്തം ഇളകിയാർത്തുപായുമ്പോലെ ഒരു ഇരുട്ടുകൂമ്പാരം..
എന്താണത്?
വേട്ടപ്പട്ടികൾ!
അഞ്ചെട്ടെണ്ണമുണ്ട്!
അയാൾ അവയുടെ തേറ്റയിൽത്തീരും അതുറപ്പാണ്!
അവ അയാളെ കണ്ടുകഴിഞ്ഞു!
ഭാണ്ഡത്തിൻ്റെ കനംമൂലം അയാൾ ക്ഷീണിച്ചുപോയിരുന്നു.
തളർന്ന കാലുകളുമായി ഒരു കുന്നിൻപ്രദേശത്തിലേയ്ക്ക് ഓടിക്കയറിയ അയാൾ, അവിടെയാദ്യം കണ്ട വൃക്ഷത്തിലേയ്ക്കുതന്നെ വലിഞ്ഞുകയറി. 
വൃക്ഷത്തിന്റെ ചുവട്ടിലേയ്ക്കുപോലും വരാതെ ഏതോ അദൃശ്യശക്തിയാൽ വലിച്ചുനിർത്തിയപോലെ അവറ്റകൾ വൃക്ഷക്കൊമ്പിലിരിയ്ക്കുന്ന അയാളെ നോക്കി, തേറ്റകൾ കാട്ടി കുരച്ചുചാടി. 
ഒരു ഞൊടിയിൽ, എവിടെനിന്നോ പൊട്ടിവീണ കനമുള്ള മരച്ചില്ലയുടെ ഒരു കഷണം ആ വേട്ടപ്പട്ടികൾക്കും വൃക്ഷത്തിനും ഇടയ്ക്കൊരു വരമ്പുതീർത്തു.
എന്തോ അരുതാത്തതുകണ്ടതുപോലെ അവറ്റകൾ ഭയന്ന് മോങ്ങിക്കൊണ്ട് ആദ്യമൊന്ന് പിന്നോട്ട് മാറി പിന്നെ ശാന്തരായി തിരിച്ചുപോയി.
ഇതുകണ്ട് വൃക്ഷക്കൊമ്പിൽനിന്നും ആശ്വാസത്തോടെ ഇറങ്ങാൻ തുനിഞ്ഞ
അയാളെ ഒരു ശബ്ദം തടഞ്ഞു.
"നീയാരാണ്?...ഇവിടെയെന്തിനു വന്നു?"
അപ്പോൾ വീശിയകാറ്റിന് പാലപ്പൂവിൻ്റെ ഗന്ധമായിരുന്നു.
ചുഴലുന്ന കാറ്റിൽ തനിക്ക് മോഹാലസ്യം വന്നുപോവുമോയെന്നയാൾ അതിയായി ഭയന്നു.
കാലുകൾ തളർന്ന് വീഴാനൊരുങ്ങിയ അയാളെ അരികിലേയ്ക്ക് നീണ്ടുവന്ന തണുത്ത മൃദുകരങ്ങൾ കോരിയെടുത്തു.
തന്നെ താങ്ങിയെടുത്ത കൈകളുടെ ഉടമയെ അയാൾ ക്ഷീണിച്ചകണ്ണുകളോടെ നോക്കി.
ഒന്നേ നോക്കിയുള്ളൂ.. അയാളൊന്നമ്പരന്ന് ആ കൈകളിൽനിന്നൂർന്ന്, നിവർന്നു നിന്നു.
ഇതാ മുന്നിൽ!
താമരയിതൾപോലെയുള്ള വിടർന്ന മിഴികളിൽ ,
ചെമ്പരത്തിച്ചോപ്പണിഞ്ഞ ചുണ്ടുകളിൽ, കുസൃതിച്ചിരിനിറച്ച് ഒരു സുന്ദരി.
മുണ്ടും മുലക്കച്ചയും കെട്ടി,
കരിനിറമാർന്ന നീണ്ടുലഞ്ഞമുടിയിൽ ഞാന്നിട്ട മുല്ലപൂക്കളുമായി.. അവൾ വീണ്ടും അവൻ്റെ അരികിലേയ്ക്ക് നീങ്ങി നിന്നു ചോദ്യം ആവർത്തിച്ചു.
"നീയാരാണ്....ഈ അർദ്ധരാത്രിയിൽ നീയിവിടെപ്പോകുന്നു?"
ലേശം ഭീതിയോടെയായിരുന്നെങ്കിലും അവളുടെ ചോദ്യം അയാളെ ചൊടിപ്പിച്ചതുകൊണ്ട്, പെട്ടെന്ന് അവളോടൊരു മറുചോദ്യം ചോദിക്കുകയാണയാൾ ചെയ്തത്. 
"ഞാനാരോ ആവട്ടെ! നിന്നെപ്പോലൊരു പെണ്ണ് ഈ അർദ്ധരാത്രിയിൽ ഈ വിജനതയിലെ ഇരുട്ടിൽ എന്തിനു വന്നു?"
"ഹഹഹഹഹഹ ഹതു കൊള്ളാം... എന്നോടോ ചോദ്യം...ഞാനിവിടത്തെ കടത്തുകാരിയാണ്. എൻ്റെ പിതാവിൻ്റെ കടത്തുതോണിയാണ് ആ കാണുന്നത്. ഇന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുള്ളതുകൊണ്ട് ഞാൻ വന്നുവെന്നേയുള്ളൂ.. നിങ്ങൾക്ക് പോകേണ്ടത് കുന്നിപ്പുഴയുടെ അക്കരേയ്ക്കാണോ.... വേഗം പറയണം.. സമയം പോകുന്നു.."
അവളുടെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ആ മറുപടി പക്ഷേ, അയാളെ വിശ്വസിപ്പിക്കാൻ തക്കതായിരുന്നില്ല. 
"എനിക്ക് മേലാങ്കോട് ദേശത്തേയ്ക്കാണ് പോകേണ്ടത്. അവിടെ മേലാങ്കോട് അച്ചംപടി മൂത്തനായരുടെ വക വിശിഷ്ടമായൊരു പൂജ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാനാണ് പോകുന്നത്. പുലർച്ചെ അവിടെയെത്തണം...ഇപ്പോൾത്തന്നെ വളരെ വൈകി... ആ വേട്ടപട്ടികൾ എവിടെ നിന്നു വന്നുവെന്നറിയില്ല! അവറ്റകൾ എന്നെ വഴിതെറ്റിച്ചതാണ്!"
"ഓഹ്...മേലാങ്കോട്... അറിയാം... കുന്നിപ്പുഴയ്ക്കക്കരെച്ചെന്ന് ഒരിരുന്നൂറ് വാര കിഴക്ക് മാറി ഒരു ദേവീക്ഷേത്രമുണ്ട്. അവിടെനിന്ന് വടക്ക് നേരെനോക്കിയാൽ കാണുന്ന മാളിക അച്ചംപടിക്കാരുടേത്... സമയം പാഴാക്കേണ്ട...കയറിക്കോളൂ...."
വഴി കൃത്യമായിപ്പറഞ്ഞുതന്നതുകൊണ്ടോയെന്തോ അയാൾ ആശ്വാസത്തോടെ അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട്, താഴെ വീണുപോയ തൻ്റെ ഭാണ്ഡമെടുത്ത് തോളിലിട്ട് പുഴയ്ക്കരികിലെ തോണിയിലേയ്ക്ക് കടന്നിരുന്നു. അയാളോടൊപ്പം അവളും പങ്കായവുമെടുത്ത് തോണിയിലേയ്ക്ക് കയറി പാങ്ങ്നോക്കിയിരുന്നു. 
മാനത്ത് അമ്പിളി, മേഘങ്ങളുടെ മറ നീക്കി മെല്ലെ പുറത്തു വന്നു. നിലാവിൻ്റെ ഇത്തിരിവെട്ടത്തിൽ അയാളവളെ മുഴുവനായിക്കണ്ടു.
അതിസുന്ദരി!
ആ ധൈര്യം ആകർഷണീയമാണ്.
അവളെനോക്കിയിരിക്കുമ്പോൾ,
ആ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ, അനിർവചനീയമായ ഒരാനന്ദം അയാളനുഭവിച്ചു.
ഏതോ ഒരു സുഗന്ധം അവരെ ചുഴിഞ്ഞു നിന്നു. 
"എന്താണാലോചിക്കുന്നത്? ഭയംവേണ്ട! ശരിയായ സമയത്ത് തന്നെ അവിടെയെത്തിച്ചേരാൻ കഴിയും! "
അവൾ അക്കരേയ്ക്ക് കൈചൂണ്ടി അയാളോട് പറഞ്ഞു.
"നിങ്ങൾ പേര് പറഞ്ഞില്ല?..."
നിലാവണിഞ്ഞ പുഴയിൽ, വിടർന്നുനിൽക്കുന്ന ആമ്പൽപൂക്കൾക്കിടയിലൂടെ മെല്ലെത്തുഴഞ്ഞ് നീങ്ങുമ്പോൾ, അവയിലൊന്ന് പറിച്ച് അയാൾക്ക് നീട്ടി അവൾ ചോദിച്ചു.
"ഞാൻ ഉത്തമവേദൻ.... മേലാങ്കുളത്ത്ന്ന്..വേദമന്ത്രങ്ങൾ പഠിക്കുന്നു..."
"ഈ ഭാണ്ഡത്തിൽ എന്താണ് മന്ത്രഗ്രന്ഥങ്ങളാണോ?..."
"അതെ...."
പിന്നെയും കുശലാന്വേഷണങ്ങൾ... ചിരികളിവർത്തമാനങ്ങൾ...
ഈ സംഭാഷണങ്ങളും, കുളിർനിലാവും അവസാനിക്കാതിരുന്നെങ്കിലെന്ന് അയാൾ ഒരു നിമിഷം അതിയായി മോഹിച്ചുപോയി. 
കൈയ്യിരുന്ന ആമ്പലിൽ മുത്തമിട്ട് അയാൾ അവളെനോക്കിയിരുന്നുപോയി.
ആ സൗന്ദര്യത്തിൽ ലയിച്ചങ്ങിനെ....
അതിനിടയ്ക്ക്, കൈയ്യിലുള്ള ഭാണ്ഡം ഊർന്ന് തോണിയിൽനിന്നും വെള്ളത്തിലേയ്ക്ക് വീണതുപോലുമറിയാതെ!
അപ്പോഴും തോണി കുന്നിപ്പുഴയുടെ കുഞ്ഞോളങ്ങളിലൂടെ മെല്ലെ നീങ്ങുകയായിരുന്നു.
തോണി ഏകദേശം മദ്ധ്യത്തിലായി.
ഒരു മോഹവലയത്തിൽപ്പെട്ടതുപോലെ ഉത്തമവേദനും അവളും... 
അയാളുടെ കരവലയത്തിനുള്ളിലായിരുന്നു അവൾ.
"നിൻ്റെ പേരെന്താണ് പെണ്ണേ...." 
പ്രേമപരവശ്യതയോടെ അവളുടെ കാതോരം മുഖംചേർത്ത് അയാൾ ചോദിച്ചു.
"സുഗന്ധിനി..." 
ഒരു വാടിയ താമരത്തണ്ടുപോലെ അയാളുടെ കൈകളിലൊതുങ്ങി അവൾ മെല്ലെ മൊഴിഞ്ഞു.
"പേരുപോലെത്തന്നെ നിനക്ക് വല്ലാതെ മോഹിപ്പിക്കുന്നൊരു സുഗന്ധമുണ്ട്..." അയാൾ അവളെ നെഞ്ചോടുചേർത്ത് പറഞ്ഞു.
ആ ലാസ്യരാത്രിക്കാഴ്ച കാണാൻ വയ്യാതെ അമ്പിളി നാണത്തോടെ വീണ്ടും മേഘങ്ങളിലൊളിച്ചു.
മെല്ലെ വീശുന്ന തണുത്ത കാറ്റിൽ ആടിയുലഞ്ഞ് അവരുടെ തോണി ദിക്കറിയാതെയൊഴുകിനീങ്ങി.
"ഹഹഹഹഹഹഹ...."
ഘോരമായ അട്ടഹാസം എവിടെയോ മുഴങ്ങിയോ?
!!!

°°°°°°°°°°°°°°°°
ആളിക്കത്തുന്ന ഹോമകുണ്ഠത്തിനരികിലായിരുന്നു വാസവദത്തനും കൂട്ടരും.
വാഴപ്പോളകൊണ്ട് അലങ്കാരങ്ങൾ തീർത്ത ചുറ്റുപന്തലിൽ അച്ചംപടി തറവാട്ടിലെ കുടുംബാംഗങ്ങളെല്ലാം സന്നഹിതരായിട്ടുണ്ട്. 
രക്തവർണ്ണമാർന്ന മന്ത്രക്കളത്തിൽ ചുടലകാളിയുടെ രൂപത്തിനരുകിൽ ഒരു ചുവന്ന പട്ട് നീളത്തിൽ ഒരാൾരൂപത്തിനുമേൽ വിരിച്ചിരിയ്ക്കുന്നു. അതിനു ചുറ്റുമായി ഇരുപത്തിയൊന്ന് നിലവിളക്കുകൾ തെളിച്ചുവെച്ചിരിയ്ക്കുന്നു. 
വലതുവശത്ത് വലിയ ഉരുളിയിൽ കുങ്കുമവും മഞ്ഞളും ചേർത്ത ഗുരുതിയും നാക്കിലയിൽ നിറച്ച് ചുവന്ന തെച്ചിയും ഒരുക്കിവെച്ചിട്ടുണ്ട്.
ആരെയോ കാത്തിരിയ്ക്കുകയാണോ എല്ലാവരും?
പടിപ്പുരയിലേയ്ക്ക് ഇടയ്ക്കിടെ വാസവദത്തനും നോക്കുന്നുണ്ട്. 
"എവിടെ ഉത്തമവേദൻ! സമയം ഇനിയധികമില്ല!
ഇനി കാത്തിരിയ്ക്കാനാകില്ല! 
ക്ഷമകെട്ട്, ഒടുവിൽ അദ്ദേഹം മന്ത്രക്കളത്തിലെ പീഠത്തിലേയ്ക്കിരുന്നു. 
കൈകൾ വായുവിലേയ്ക്കെറിഞ്ഞ് ചുഴറ്റികൊണ്ട് മന്ത്രങ്ങളോരോന്നായി ഉരുവിടാൻ തുടങ്ങിയ അദ്ദേഹം, പൂജാകർമ്മങ്ങളിലേയ്ക്ക് വേഗം തന്നെ കടന്നു. 

"ഓം ഹ്രീം... കാളീം...ലയകരീം.....
ഓം...ഹ്രീം...ക്രീം.. ക്ലീം..."
ചുറ്റിലുമുള്ളവർ ഭയഭക്തിയോടെ കൈകൾകൂപ്പി അത് കണ്ടുനിന്നു.
സഹായി പെരുമാളും ഉദയനന്ദനും പരസ്പരം ഭീതിയോടെ നോക്കിനിൽക്കുകയായിരുന്നു അപ്പോൾ.

ഇനിയും ഉത്തമവേദൻ വരാൻ വൈകുന്നതെന്താണ്? ഇനി വൈകിയാൽ അദ്ദേഹത്തിന്റെ ജീവന് ആപത്താണ്. 
പെട്ടെന്ന്! ആകാശത്ത് വെള്ളിടിവെട്ടി!
കണ്ണഞ്ചിക്കുന്ന പ്രകാശം അവിടമാകെയൊഴുകിയെത്തി.

നൂറുസൂര്യൻമാരൊന്നിച്ചുദിച്ചപോലെ ഒരു ഞൊടി, എല്ലാവരിലും കാഴ്ചകൾ മഞ്ഞച്ചുപോയി.
ആ പ്രകാശമൊന്ന് മങ്ങിയപ്പോഴാണ് നിറഞ്ഞ് കത്തുന്ന ഇരുപത്തൊന്ന് നിലവിളക്കും ശ്രീഭദ്രകാളിയ്ക്ക് ഗുരുതിയുഴിയുന്ന വാസവദത്തനേയും പട്ടിൽമൂടിയ ആൾരൂപത്തിന് അനക്കം വെച്ചുവരുന്നതും കാണുന്നത്!
എല്ലാ കണ്ണുകളിലേയും ഭീതി, സന്തോഷത്തിലേയ്ക്ക് വഴിമാറി.
ഉവ്വ്! 
ഉത്തമവേദൻ തിരിച്ചുവന്നിരിയ്ക്കുന്നു.
അദ്ദേഹത്തിന്റെ ശരീരത്തിലേയ്ക്ക് ജീവൻ തിരിച്ചുകയറിയിരിയ്ക്കുന്നു. 

പട്ട് നീക്കി ഒരു ഉറക്കച്ചടവിലെന്നപോലെയെഴുന്നേറ്റു വന്ന ആ യുവകോമളൻ്റെ കൈയ്യിൽ ഒരു താമരപ്പൂ!
വാസവദത്തൻ അത് ഇരുകൈകളിലുമായി വാങ്ങി ഹോമകുണ്ഠത്തിലേയ്ക്കിട്ടു.
ശ്രീഭദ്രകാളിയ്ക്ക് നമസ്കാരമരുളി ക്ഷീണസ്വരത്തിലെങ്കിലും സന്തോഷവാനായി ആ യുവാവ് എല്ലാവരോടുമായി പറഞ്ഞു.
"ഞാൻ ഉത്തമവേദൻ വാക്കു പാലിച്ചിരിയ്ക്കുന്നു!പോയ ഉദ്യമം വിജയിപ്പിച്ച് തിരിച്ചു വന്നിരിയ്ക്കുന്നു! നമ്മുടെ ദേശത്തിന്റെ നന്മയ്ക്കായി ഈ ഉദ്യമത്തിനായി,
പരകായപ്രവേശത്തിനായി, തൻ്റെ മരിച്ചുപോയ സ്വപുത്രനായ വീരശർമ്മൻ്റെ ജഢശരീരം എനിക്കായി നൽകിയ അംബാലികാമ്മയെ എങ്ങനെ മറക്കും! ആ ജഢശരീരമെനിക്ക് കുന്നിപ്പുഴയിൽ ഉപേക്ഷിയ്ക്കേണ്ടിവന്നു. ആദ്യംതന്നെ ആ പാതകത്തിന് ആ അമ്മയോട് ഞാൻ ക്ഷമചോദിക്കുന്നു. വേറെ വഴിയില്ലായിരുന്നു!
ആ രൂപത്തിൽ പ്രവേശിച്ച് സുഗന്ധികയെ കബളിപ്പിച്ചൊടുക്കി!
സുഗന്ധിക ഇനിയില്ല!
ആ യക്ഷിസ്വരൂപം ഞാൻ ബന്ധിച്ചിരിയ്ക്കുന്നു!
അവളെ കുന്നിപ്പുഴയ്ക്കക്കരെ പാലയിൽ സർവ്വബന്ധനമന്ത്രമിട്ട് ആണിതറച്ച് എന്നന്നേയ്ക്കുമായി ബന്ധിച്ചിരിയ്ക്കുന്നു!
കുന്നിപ്പുഴയും പരിസരദേശങ്ങളും മുക്തമായി. മംഗളമായി എല്ലാം...."
അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ച് എല്ലാവരും സന്തോഷത്തിൽ ആർപ്പുവിളിനടത്തി. 
കളഭചന്ദനങ്ങളുടെ സുഗന്ധമൊഴുകുന്ന പൂജാസമയം. ധ്യാനമൂർത്തിയെ മനസ്സിലേയ്ക്കാവാഹിച്ച് ഉത്തമവേദൻ ഇരുകൈകളും കൂപ്പി മന്ത്രങ്ങളുരുവിടുമ്പോൾ ..
ദൂരെ...ദൂരെ... കരിമ്പനകളെ ചൂഴ്ന്ന് മറ്റൊരു കനത്ത മണൽക്കാറ്റ് വീശിയടിച്ച് കുന്നിപ്പുഴയിലേയ്ക്കിറങ്ങി.
ആമ്പൽകൂട്ടങ്ങൾ ഓളങ്ങളിൽ, താളത്തിലാടുമ്പോൾ... ആമ്പൽമൊട്ടുകളിൽ ഏറ്റവും ഭംഗിയേറിയയൊന്നിനെ കൈനീട്ടിവലിച്ച് ഒരുവൾ തോണിതുഴയുന്നുണ്ടായിരുന്നു.
കുന്നിപ്പുഴയുടെ ഹൃദയത്തിലേയ്ക്ക്!

............●..........
#ശ്രീജകെമംഗലത്ത്
23.1.2021

സമയപാലകർ (കഥ)


സമയബാങ്ക് എന്ന ആശയം ആദ്യമുദിച്ചത് രാമാനന്ദൻ്റെ മനസ്സിലാണെങ്കിലും പതിയേ അത് കിരണിലേക്കും കാർത്തികയിലേക്കും മനാഫിലേക്കും  ഡെയ്സിയിലേക്കും ഒഴുകിത്തുടങ്ങി. ആശയ രൂപീകരണം
മിക്കപ്പോഴും  ഒരു നദിപോലെയാണ്. ഉത്ഭവത്തിൻ്റെ താമസമേയുള്ളൂ, പിന്നീടത് അനർഗളം ഒഴുകിക്കൊണ്ടിരിക്കും.

അറ്റ് യുവർ സർവീസ് എന്ന നാമത്തിൽ അതൊരു ട്രസ്റ്റാവാൻ അധിക സമയം വേണ്ടി വന്നില്ല. സമയബാങ്കിൽ ആർക്കും സമയം എടുക്കുകയും കൊടുക്കുകയും ചെയ്യാം

ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ഏകാന്തതയുടെ കൂടാരത്തിൽ കഴിയുന്ന പലർക്കും സമയം എടുക്കാനും കൊടുക്കാനുമുള്ള ഇടത്താവളമായി സമയ ബാങ്ക് മാറി . അവസാന നാളുകളിൽ വീട്ടിലൊ ആശുപത്രിയിലോ ഒറ്റപ്പെടുന്നവർ ,ഏതാനും മണിക്കൂർ കൊച്ചു കുട്ടികളെ നോക്കാൻ ആളില്ലാത്തവർ , പുറത്തെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയാത്തവർ ഇവരൊക്കെ അറ്റ് യുവർ സർവീസിൻ്റെ ഉപഭോക്താക്കളായി മാറി.

 പതിയെപ്പതിയെ അറ്റ് യുവർ സർവീസ് സിറ്റിയിൽ പലരുടേയും പ്രിയപ്പെട്ട സംഘടനയായി മാറി. മരണക്കിടക്കയിൽ കഴിയുന്നവരോട് പോലും തങ്ങളുടെ സ്വകാര്യതകൾ വെളിപ്പെടുത്താതെ അവരെ പരിചരിച്ചു പോന്നു. അവസാന നിമിഷങ്ങളിൽ ആരോ ചിരിച്ച മുഖവുമായി തങ്ങൾക്കരുകിലിരുന്ന് ആവശ്യങ്ങൾ നിറവേറ്റി എന്നു മാത്രം അവർ മനസ്സിലാക്കിയിൽ മതി.

 സുതാര്യമായ നടത്തിപ്പിനുവേണ്ടി സമയം കൊടുക്കുന്നതിൻ്റേയും വാങ്ങുന്നതിൻ്റേയും കൃത്യത വൃത്തിയായി സൂക്ഷിക്കാൻ അവർ മറന്നിരുന്നില്ല. മാത്രമല്ല  ആരോഗ്യം തിരിച്ചു കിട്ടുന്ന ഉപഭോക്താക്കൾ  അവർക്ക് സൗകര്യമുള്ള സമയത്ത് സമയം  തിരിച്ചു നൽകണം എന്ന വ്യവസ്ഥയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.ക്രെഡിറ്റുകൾ ഡെബിറ്റുകളാക്കുന്ന തന്ത്രമാണല്ലോ ബാങ്കിൻ്റെ നിലനിൽപിനാധാരം. ആരോരുമില്ലാതെ മരണപ്പെടുന്ന ഉപഭോക്താക്കളുടെ സേവനം എഴുതിത്തള്ളാറുമുണ്ട്. 

പോവുന്നതിനു മുൻപ് ആവശ്യക്കാരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അറിയാൻ ശ്രമിക്കാറുണ്ടെങ്കിലും
രണ്ടു ദിവസത്തിൽ കൂടുതൽ ഒരാൾ ഒരു സ്ഥലത്തു തുടരില്ല. മൂന്നാമത്തെ ദിവസം  കാര്യങ്ങളെല്ലാം മറ്റൊരാളെ അറിയിച്ച് അങ്ങോട്ടു വിടും. അതാണ് പതിവ്. അംഗങ്ങളെല്ലാം വിവിധ ജോലികളിലേർപ്പെട്ടവരായതുകൊണ്ട് തുടർച്ചയായി സമയം കടം കൊടുക്കാൻ സാധിക്കില്ലെന്നു മാത്രമല്ല തുടർച്ച പേരറിയാത്ത ബന്ധങ്ങളിലേക്കും കടപ്പാടുകളിലേക്കും  നയിക്കുമെന്നതും ഈ നിയമത്തിനൊരു കാരണമായി.

അന്ന്  ഗുരുവായൂരിനടുത്തുള്ള  സ്യമന്തകത്തിലേക്ക് തിരിക്കുമ്പോൾ ഡെയ്സി ജ്ഞാനപ്പാനയുടേയും കൃഷ്ണ സ്തുതിയുടേയും പെൻ ഡ്രൈവ് കയ്യിൽ കരുതിയാണ് യാത്ര തിരിച്ചത്. താൻ
 ഓൺലൈൻ ജോലിയിൽ തലപൂഴ്ത്തുന്ന സമയത്ത് ഭക്തമീരയായ മീരാഭായിക്ക് ഈ പാട്ടുകൾ വെച്ചു കൊടുക്കാമല്ലോ എന്നോർത്തു കയ്യിൽ കരുതിയതാണ്.

അപ്രതീക്ഷിതമായി ഏതാനും ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ട സാഹചര്യം വന്നപ്പോൾ ഹോം നഴ്സ് , ലതിക അറ്റ് യുവർ സർവീസിനെ വിളിച്ച്  അവരെ ഏല്പിച്ചപ്പോൾ വിവരങ്ങളെല്ലാം  നൽകിയതുകൊണ്ട്ത
ന്നെ കാര്യങ്ങൾ എളുപ്പമായി.


കോളിങ്ങ് ബെല്ലിൽ വിരലമർത്തിയെങ്കിലും പെരുകുന്ന കോശങ്ങളുടെ പിടിയിലമർന്ന് വേദന കാർന്നു തിന്നുന്ന ശരീരത്തിനുടമയായതിനാൽ അവർ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ഏറെ സമയമെടുത്തു.
രാവിലെ എടുക്കേണ്ട ഇഞ്ചക്ഷൻ്റെ സമയം തെറ്റൽ അവരെ വേദനയുടെ അഗാധതയിലേക്ക് തള്ളിയിട്ടതു മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ അത് നൽകി. ലതിക പറഞ്ഞ സമയം പാലിക്കാൻ വൈകിയതിൻ്റെ കുറ്റബോധം അവളിൽ ശക്തിയായി അലയടിച്ചു. 
അതിൽ നിന്നൊരു മോചനത്തിനായി അവൾ ആ മുറിയുടെ ആവശ്യത്തിൽക്കവിഞ്ഞ ആഢംബരത്തിലേക്ക് ശ്രദ്ധ തിരിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള മുറിയിലെ സീലിങ്ങിൽ  പിടിച്ചിച്ച തിങ്ങിനിറഞ്ഞ സാധാരണ ബൾബും അലങ്കാര വിളക്കുകളും  ചുമരിലെ ടിവിയും പിരിയൻ കാലുകളിൽ ചിത്രപ്പണികൾ ചെയ്ത  വലിയ കട്ടിലും , ഡ്രസിംഗ് ടേബിളുമെല്ലാം ആ മുറിക്ക് അത്യന്താധുനികതയുടെ നിറച്ചാർത്തു നൽകിയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ മീരയുടെ അവശത അൽപം മാറി.  തന്നെത്തന്നെ നോക്കിയിരിക്കുന്ന ഡെയ്സിയുടെ മുഖത്തേക്ക് തളർന്ന മിഴികളോടെ അവർ  നോക്കിയപ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി. പക്ഷേ, നോട്ടം അവളുടെ മിഴികളിലൂന്നി നിൽക്കുന്ന   അവരുടെ മനസ്സിേലേക്ക് ആ പേരു പതിഞ്ഞതായി തോന്നിയില്ല.

 അവർ കട്ടിലിനരുകിലെ ബാസ്കറ്റിലേക്ക് വിരൽ ചൂണ്ടി. വിവിധ പഴങ്ങൾ നിറഞ്ഞ കുട്ട തുറന്ന് ഏതു വേണമെന്ന ചോദ്യഭാവത്തിൽ അവൾ ആ മുഖത്തേക്ക് നോക്കി. ഇഷ്ടമുള്ളതെടുത്തു കഴിച്ചു കൊള്ളാൻ ആംഗ്യം കാട്ടിയപ്പോൾ വേദനക്കിടയിലും അവർ കാണിക്കുന്ന ആതിഥ്യമര്യാദ   അവളുടെ മുഖത്ത് പുഞ്ചിരിപടർത്തി. ഇപ്പോൾ ഒന്നും
വേണ്ടെന്ന് പറഞ്ഞ്,  നഴ്സ് എഴുതി വെച്ച കുറിപ്പിലേക്ക് നോക്കി  അവരുടെ ഭക്ഷണവും ജ്യൂസും തയ്യാറാക്കിക്കൊടുത്ത് മരുന്നുകളും എടുത്ത് കൊടുത്ത ശേഷം ജ്ഞാനപ്പാനയുടെ വരികൾ കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ അവരുടെ മുഖം പ്രസന്നമായി. കൈകൾ കൂപ്പി അവളെ നോക്കി ചിരിച്ചു...

"എന്നോടല്ല , ദൈവത്തോടു നന്ദി പറയൂ " എന്നു പറഞ്ഞ് അവൾ തൻ്റെ ജോലിയിൽ വ്യാപൃതയായി.
ജോലിക്കിടയിലും ഇടക്കിടെ മീരയെ ശ്രദ്ധിക്കാനവൾ മറന്നില്ല. അന്നാദ്യമായി മീര വീൽ ചെയറിലിരുന്നു പുറം ലോകം കാണാൻ തുടങ്ങി.
വൈകുന്നേരമായപ്പോൾ പകരക്കാരൻ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ഡെയ്സിക്കും തോന്നിത്തുടങ്ങി.

പക്ഷേ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്താത്ത സമയ ബാങ്ക് ഏഴു മണിയോടെ പകരക്കാരനെ എത്തിച്ചു.

അടുത്ത ദിവസം കാണാമെന്നു പറഞ്ഞ് ഡെയ്സി അവിടെ നിന്നിറങ്ങുമ്പോൾ മീരയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. നേരം വെളുക്കാൻ ഡെയ്സിയും കാത്തിരുന്നു.

ലതിക  അവധി കൂട്ടിയപ്പോൾ ഇരുവർക്കും സന്തോഷമായി. ചിട്ട , ഭക്ഷണത്തിലും മരുന്നിലും മാത്രമൊതുക്കി വിശാലമായ ലോകത്തിലേക്ക് ഡെയ്സിയുടെ കൈപിടിച്ചു മീര പറന്നു തുടങ്ങി. എവിടെയോ നഷ്ടപ്പെട്ട വായനയും പാട്ടും ചിരിയുമെല്ലാം അവരിലേക്ക് തിരിച്ചു വന്നു. ഒടുവിൽ ഗുരുവായൂരപ്പൻ്റെ ദർശനവും കൂടി സാധിച്ചപ്പോൾ മീര ഏറെ സന്തോഷവതിയായി. ഇപ്പോൾ പകരക്കാരില്ലാതെ മുഴുവൻ സമയവും ഡെയ്സി മീരക്കൊപ്പം ചിലവഴിക്കുന്നു.
ചുരുങ്ങിയ ദിവസങ്ങൾ അവർക്കിടയിൽ സൃഷ്ടിച്ച അടുപ്പത്തിൻ്റെ വലയം ഭേദിക്കാനാവാതെ ഇരുവരും  കൂടുതലടുത്തു.

 മീരാമ്മയുമൊത്ത് മുറ്റത്തെ ചുറ്റിക്കറങ്ങലിനിടയിൽ  
സ്യമന്തകത്തിലെ സിറ്റൗട്ടിലെ വിളക്കു കൂടിനകത്തുള്ള കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ ഡെയ്സിയുടെ മിഴികളെ അങ്ങോട്ടു നയിച്ചു.

" ഇവിടെ ഒരു അമ്മത്തൊട്ടിൽ ഉണ്ടെന്നു തോന്നുന്നു. "
അമ്മക്കിളി ഇല്ലാത്ത കുഞ്ഞിക്കിളികളെ നോക്കിയവൾ പറഞ്ഞു.

" ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മക്കിളി വരാതിരിക്കില്ല. അതാണ് അമ്മ മനസ്സ്"
മീരാമ്മയുടെ ശബ്ദം ഉറച്ചതായിരുന്നു.

അല്ല സമയത്തെ നിശബ്ദതക്കു ശേഷം അവർ തുടർന്നു.
 "നിങ്ങളുടെ സമയ ബാങ്കിൽ എന്നെക്കൂടെ ചേർക്കുമോ "
പക്ഷിക്കൂട്ടിൽ മിഴിയർപ്പിച്ചിരുന്ന ഡെയ്സി ഒരു നിമിഷം കൊണ്ട് മീരാ മ്മയുടെ അടുത്തെത്തി അവരുടെ വിരലുകൾ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.

"  മീരാമ്മ അതിൽ അംഗമായതു കൊണ്ടല്ലേ ഞാനിവിടെയുള്ളത് . "

" അങ്ങനെയല്ല, എനിക്കും ഇതുപോലെ ആരെയെങ്കിലും സഹായിക്കണം. "

കേട്ടപ്പോൾ ഡെയ്സി അദ്ഭുതത്തോടെ അവരെ നോക്കി. പഴയതുപോലെ ക്ഷീണം ഇല്ലാത്തതു കൊണ്ട് വീൽ ചെയറിൻ്റെ സഹായമില്ലാതെ അല്പദൂരം നടക്കാൻ തുടങ്ങിയപ്പോൾ അവർ തൻ്റെ അസുഖം പോലും മറന്നു തുടങ്ങിയിരിയ്ക്കുന്നു. ആ ചിന്ത അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

അവൾ പൊട്ടിച്ചിരിച്ചു.

"എന്താപ്പോ ഇതിലിത്ര ചിരിക്കാൻ ഇങ്ങനെ ഇങ്ങോട്ടു കൂട്ടു വരുന്നതിനിടയിൽ ഒരു ദിവസമൊക്കെ വല്ലവർക്കുമൊപ്പം എനിക്കും കൂട്ടിരിക്കാമല്ലോ? " പറയുമ്പോൾ അവരുടെ വാക്കുകളിൽ പടർന്നിരുന്ന ആത്മവിശ്വാസം മുഖത്തും പ്രതിഫലിച്ചിരുന്നു.

"അപ്പോൾ മീരാമ്മക്ക് രോഗിയിൽ നിന്ന് ബൈ സ്റ്റാൻഡറിലേക്ക് പ്രമോഷൻ വേണം എന്ന് സാരം "
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ഡെയ്സി ചോദിച്ചു.

അല്പനേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.

" വിഷമിക്കണ്ട , പരിഗണനയിലുണ്ട്. പലരും സമയ ബാങ്ക് നൽകിയ സമയം തിരിച്ചു തരുന്നുണ്ട്. മീരമ്മക്കും അവസരം കിട്ടും. "
അവരെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.

കോൺവെൻ്റിലെ ചുമരുകൾക്കിടയിൽ ഉപേക്ഷിക്കപ്പെടലിൻ്റെ ബാക്കിപത്രമായി ,
മാലഖമാരുടെ ചിറകിനടിയിൽ വളർന്ന മനസ്സിന് അമ്മയുടെ തലോടൽ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായതിൽ അത്ഭുതമില്ലല്ലോ. ആ മടിയിൽ തലവെച്ചു കിടക്കുമ്പോൾ, അവരെ ചേർത്തുപിടിച്ചു നടക്കുമ്പോൾ ,മരുന്നു കഴിക്കാൻ മടികാണിക്കു മ്പോൾ ശാസിക്കുന്ന സമയം എല്ലാമെല്ലാം അവൾ ആസ്വദിക്കുകയായിരുന്നു. തൻ്റെ മനസ്സ് അറ്റ് യുവർ സർവീസിൻ്റെ നിബന്ധനച്ചങ്ങലകൾ പൊട്ടിച്ച് പാറി നടക്കാൻ തുടങ്ങിയിരിക്കുന്നു. 
ആദ്യമായി സമയബാങ്കിൻ്റെ ചതുരംഗപ്പലകയിലെ കരുക്കൾ  നിയമങ്ങൾ പാലിക്കാതെ നീങ്ങുന്നു. കുതിരയും കാലാളുമെല്ലാം  തങ്ങളുടെ നീക്കങ്ങൾ മാറ്റിത്തുടങ്ങിയാൽ കളങ്ങൾ  അർത്ഥശൂന്യമാവും. പേരല്ലാതെ മറ്റൊരു വിവരവും പറയാതിരിക്കേണ്ട താൻ ഭൂതകാലങ്ങളുടെ തിരശ്ശീലയവരുടെ മുന്നിൽ അടർത്തി മാറ്റിയതു കൊണ്ടല്ലേ അവർ കൂടുതൽ അടുത്തത് ? സത്യത്തിൽ എല്ലാം ഉപേക്ഷിച്ച് സ്വന്തം ജോലിയുമായി ഈ അമ്മയുടെ സ്നേഹത്തണലിൽ ഒതുങ്ങിക്കൂടാൻ വല്ലാത്ത കൊതിതോന്നി.

 മീരാമ്മയുടെ മക്കളുടേയും ബാങ്കിലെ സൗഹൃദങ്ങളുടേയും മുഖം മനസ്സിൽ മിന്നിമറയാൻ തുടങ്ങി. ചിന്തകളുടെ മുള്ളുകൾ തലങ്ങും വിലങ്ങും വലിഞ്ഞു മുറുകി. സ്നേഹത്തിൻ്റെ നിറം സ്വാർത്ഥതയിൽ ലയിച്ചു ചേരുമ്പോൾ കടപുഴകി വീഴുന്ന നൻമ മരങ്ങളുടെ കൂട്ടത്തിൽ ഒരു സംഘടന കൂടി ഉണ്ടാവരുത്.   ഇപ്പോൾത്തന്നെ ട്രസ്റ്റ് നിയമത്തിനെതിരായി  തൻ്റെ സ്വാധീനത്തിൻ്റെ വലക്കണ്ണികളിൽ നിന്ന് സ്വാർത്ഥത കവർന്നെടുത്ത  നീണ്ട ദിവസങ്ങൾ മറ്റാരും ചെയ്യാത്ത രീതിയിലേക്കെത്തിച്ചു. ആലോചിക്കും തോറും നിലയില്ലാക്കയത്തിലേക്ക് മുങ്ങിപ്പോവുന്നതായി തോന്നി.
ചുരുങ്ങിയ കാലങ്ങൾക്കകം പരിചയപ്പെട്ടു മാഞ്ഞുപോയ പല മുഖങ്ങളും മനസ്സിൽ മിന്നി മറഞ്ഞു.  പ്രത്യേക ചായക്കൂട്ടുകളിൽ വരച്ചെടുത്ത ദേവുവിൻ്റെ മുഖം 
മായാൻ മനസ്സ് വിസമ്മതിക്കുമെന്നുറപ്പാണ്.  പലപ്പോഴും ദേവുവിന് ജീവൻ  നൽകാൻ മനസ്സ് ശ്രമിക്കാറുണ്ട്.
പാടില്ല , വലിയ ദൗത്യത്തിൻ്റെ ഭാഗമായ ആൾതന്നെ അതിൻ്റെ ചിട്ടവട്ടങ്ങൾ തെറ്റിച്ചു വഴി തിരിഞ്ഞു നടക്കുന്നതിലെ ശരികേടുകളിൽ മനസ്സ് മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചു. ഒരുപക്ഷേ ഇത് ഒരുപാട് പേരുടെ പ്രതീക്ഷയായ ആ സ്ഥാപനത്തിൻ്റെ വിശ്വാസ്യത തകർക്കും . ഇനിയും ഇവിടെ തുടരുന്നത് ശരിയല്ല. പലതും തുടച്ചു മാറ്റാൻ മിടുക്കനായ കാലം മീരാമ്മയിലും ദേവുവിലും കളിച്ചു ജയിക്കും.
മീരയുടെ വിശ്വാസം ശരിയായിരുന്നു. പതിവായി അമ്മക്കിളി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നു. കുഞ്ഞുങ്ങൾ
പറന്നു പോവാറായിരിക്കുന്നു.
ചിറകുകൾക്ക് ബലം വരുമ്പോൾ കൂടു വിടണമെന്നത്  പക്ഷികൾക്ക് മാത്രമല്ല മനുഷ്യർക്കും ബാധകമല്ലേ?

സ്ക്രീനിൽ ലതികയുടെ നമ്പർ കണ്ട അവൾ അതെടുത്ത് പതിവുപോലെ കൃത്യനിർവ്വഹണം കൈമാറി അവരുടെ വരവിനായി കാത്തിരുന്നു. ആ വിവരം അറ്റ് യുവർ സർവീസിലേക്ക് പകരുമ്പോഴും മനസ്സ് നിസ്സംഗമായിരുന്നു.

രാവിലെ പതിവുപോലെ ജ്യൂസും ഭക്ഷണവും ഉണ്ടാക്കാൻ ചെന്നപ്പോഴേക്കും മീരാമ്മ അതെല്ലാം ഉണ്ടാക്കി വെച്ചിരുന്നു.  സ്നേഹം ചേർത്ത പരിചരണത്തേക്കാൾ വലിയൊരു ഔഷധവുമില്ല . അസുഖം ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോഴും  പ്രിയപ്പെട്ട ലോകത്തിലെ ജീവിതം മീരാമ്മയെ എത്ര മാത്രം മാറ്റിയെടുത്തു എന്നെല്ലാമോർത്ത്
സന്തോഷത്തോടെയവർക്കൊപ്പം  കഴിക്കാനിരിക്കുമ്പോഴും ഡെയ്സിയുടെ മനസ്സ് ലതികയെ കാത്തിരുന്നു.

അല്പസമയത്തിനകം അവിടെയെത്തിയ ലതികയെ കണ്ടതും മീരാമ്മയുടെ മുഖം വാടി. 
പേരറിയാത്ത വികാരം പടർന്നു കയറുന്ന മിഴികളിലേക്ക് നോക്കിയിരുന്നപ്പോൾ ഭൂതകാലത്തിലെ കലപില ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞു. 

പടിയിറങ്ങുമ്പോൾ നിറഞ്ഞു കവിഞ്ഞ മിഴികൾ കൂടുതൽ നിറയാ തിരിക്കാൻ തിരിഞ്ഞു നോക്കാതെ നടന്നു.  ഫോണിലെ സ്ക്രീനിൽ അറ്റ് യുവർ സർവീസിൻ്റെ കാൾ മറ്റൊരു ചായം പുശിയ  ലോകത്തിലേക്ക് കൈപിടിച്ചു നടത്താനെന്നവണ്ണം  ശബ്ദിച്ചു കൊണ്ടിരുന്നു.
സമർപ്പണത്തിൻ്റെ ബാക്കി പത്രത്തിന് തിരശ്ശീലയുയർത്തുമ്പോൾ ആ സമയ പാലികയുടെ മനസ്സ് ആത്മബന്ധവും ഹൃദയ നൊമ്പരങ്ങളും വിട്ടൊഴിഞ്ഞ് അറ്റ് യുവർ സർവീസിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു.

ആദ്യത്തെ എഴുത്തുപരീക്ഷ (കഥ)


നാട്ടിൽ വിദ്യാലയങ്ങൾ തുറന്നു....... നാട്ടിലിപ്പോൾ കഴിഞ്ഞ വർഷത്തെ വിജയികൾക്ക് അനുമോദനങ്ങളൊക്കെ കൊടുക്കുന്ന സമയമാണ്.....

 

പുതിയ അദ്ധ്യയന വർഷങ്ങളിൽ എനിക്കുണ്ടായ ഉത്സാഹവും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല... തിമിരി സ്കൂളിലെ ആദ്യ ദിനങ്ങളെ കുറിച്ചും പിന്നെ കണ്ണ് ചിമ്മി തുറക്കുന്നതിനു മുമ്പ് വരുന്ന ഓണ പരീക്ഷകളെ കുറിച്ചുമെല്ലാം ഇന്നലെ ഒരു പ്രിയ സുഹൃത്തുമായി ഓർമ്മകൾ പങ്കു വച്ചു...... ഒന്നാം തരം മുതൽ ഏഴാം തരം വരെയുള്ള കടമ്പകളിൽ രണ്ടാം ക്ലാസ്സിലെ ഓണ പരീക്ഷ എനിക്ക് ഒരൊന്നൊന്നര പരീക്ഷയായിരുന്നു....

 

ഒന്നാം ക്ലാസ്സിൽ നിന്ന് കേട്ടു പരീക്ഷ കഴിഞ്ഞു സ്ളേറ്റിൽ 50/ 50 എന്നെഴുതിയത് മായ്ക്കാതെ നാട്ടുകാരെയും വീട്ടുകാരെയും കാണിക്കുന്നത് എനിക്കൊരു ഹരമായിരുന്നു... അങ്ങനെ തന്നെയായിരിക്കും ജീവിതത്തിലങ്ങു വരെ എന്ന് വിശ്വസിച്ച എൻ്റെ വിശ്വാസങ്ങളെ കാറ്റിൽ പറത്തി രണ്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷക്കു തൊട്ടു മുമ്പാണ് സരോജിനി ടീച്ചർ  നഗ്ന സത്യം പറഞ്ഞത്..

 

 "ഇനി എഴുത്തു പരീക്ഷയാണ്... ചോദ്യം അച്ചടിച്ചു വരും... എല്ലാവരും ഉത്തരങ്ങൾ ചോദ്യ പേപ്പറിൽ തന്നെ പേന കൊണ്ടെഴുതണം..."

 

 എവറെസ്റ് കയറാൻ പറഞ്ഞ കൺഫ്യൂഷൻ ആയിരുന്നു എനിക്ക്... വീട്ടിലെത്തി അച്ഛനോട് സങ്കടം പറഞ്ഞു... .. 

 പുള്ളി പറഞ്ഞു"അത്രയേ ഉള്ളോ കുട്ടാ... നിസ്സാരം...നിനക്കതൊക്കെ എളുപ്പത്തിൽ ചെയ്യാൻ പറ്റും... എല്ലാ ചോദ്യവും വായിച്ചു നോക്കി ഒരു പാട് ചിന്തിച്ചുത്തരമെഴുതണം... ചിന്തിച്ചാൽ ഏതൊരുത്തരവും നിസ്സാരമായെഴുതാം…"

 

എനിക്കാശ്വാസമായി!!! ഇത്രയേ ഉള്ളൂ കാര്യം ... "ജാവ ഈസ് വെരി സിമ്പിൾ.... ബട്ട് പവർ ഫുൾ...."

 

പരീക്ഷാ ദിവസം മൂന്നു പേനയും കൊണ്ടാണ് പോയത്...മഷിയെങ്ങാനും തീർന്നു പോയാലോ???അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു....

 

 ചോദ്യപേപ്പറു കണ്ടപ്പോ ചോദ്യങ്ങളെല്ലാം അപരിചിതങ്ങളായിരുന്നെങ്കിലും പേടിയൊന്നുമില്ല... ചിന്തിച്ചുത്തരമെഴുതിയാൽ മതിയല്ലോ.... ചിന്തിക്കാൻ തുടങ്ങി... അങ്ങനെയെഴുതിയ ഓർമ്മയിലിപ്പോഴും തങ്ങി നിൽക്കുന്ന ചോദ്യോത്തരങ്ങൾ ഇവയാണ്...

 

"ഏറ്റവും വേഗത കൂടിയ വാഹനം……………………….."

 

ഞാൻ കണ്ടതിൽ ഏറ്റവും വേഗത കൂടിയ വാഹനം നാരാണേട്ടൻ്റെ  ജീപ്പാണ്... നാരാണേട്ടൻ ഏമ്പേയില് വിടുന്ന കാര്യം മച്ചിനന്മാർ ഗുണ്ട് വിടാറുണ്ട്പിന്നെയൊരു ശങ്കക്കിടയില്ല... ഞാൻ എഴുതി...

 

"നാരാണേട്ടന്റെ ജീപ്പ്..."

 

ഞാൻ സരോജിനി ടീച്ചറിനെ നോക്കി...പതിവ് പോലെ ചിരിച്ചങ്ങനെ നടപ്പാണ്..

 

അമ്പടി ഭയങ്കരീ...ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ....കാരണം ചന്തുവിന് ചിന്തയുണ്ടേ......

 

അടുത്ത ചോദ്യം……………"സ്വയം പ്രകാശിക്കുന്ന വസ്തു………..."

 

എൻ്റെ  ബുദ്ധിയിൽ ഇരുട്ടിൽ മാത്രമേ പ്രകാശത്തിന്റെ ആവശ്യമുള്ളൂ... അപ്പൊ രണ്ടേ രണ്ടു ചോയ്സ് മാത്രമേ ഉള്ളൂ... ഒന്ന് ചിമ്മിനിക്കൂട്... അത് സ്വയം പ്രകാശിക്കുന്നതല്ല... മണ്ണെണ്ണ വൈകുന്നേരം ഞാനാണ്ഒഴിക്കാറ്...പിന്നെയുള്ളത് മെഴുകുതിരിയാണ്... അതിൽ പിന്നെ മണ്ണെണ്ണ വേണ്ട... ഒറ്റയ്ക്ക് കത്തും... പ്രകാശം തരും...... ഉത്തരം റെഡി!!!

 

"മെഴുകുതിരി..........."

 

പിന്നെബൾബ് പോലെയുള്ള കാര്യങ്ങൾ അന്ന് ഞങ്ങളുടെ നാട്ടിലേയില്ല കേട്ടോ  .... വൈദ്യുതിയുടെ പിതാവ് ഫാരഡെ ആണെന്നു ഞങ്ങളുടെ നാട്ടിലെ ബുദ്ധിജീവികൾക്ക് അറിയാമായിരുന്നെങ്കിലും കറണ്ട്  നാടിൻ്റെ ഏഴയലത്തു പോലും എത്തിയിരുന്നില്ല...

 

അടുത്ത ചോദ്യം: "ചലിക്കുന്ന വായുവാണ് -----"

 

 ചോദ്യത്തിനാണ് തലയിൽ നിന്നും പുക വന്നത്.... എങ്ങനെയൊക്കെ വായുവിനെക്കുറിച്ചു ചിന്തിക്കാമോ അങ്ങനെയെല്ലാം ചിന്തിക്കാൻ തുടങ്ങി.... അമ്മാമ്മയും അമ്മിഞ്ഞമ്മയും എപ്പോഴും ഒരു വായുവിൻ്റെ  കാര്യം പറയാറുണ്ട്...  വായുവിന്റെ ചലനം അവർക്കൊരാഗോള പ്രശ്നമാണ്... സംഗതി അത് തന്നെ... സംശയമില്ല... ചിന്ത ഉപസംഹരിച്ചു...

 

ഉത്തരം: "വയറുവേദന..."

 

ശരിയോ തെറ്റോ എന്നെഴുതാനുള്ള ചോദ്യങ്ങളുമുണ്ട്.......

 

"ശുദ്ധജലം ആരോഗ്യത്തിന് നല്ലതാണ്"

 

ഓഹോ....ഇതേതു മണ്ടച്ചാർക്കും അറിഞ്ഞൂടെ...... ശുദ്ധജലം കൊണ്ട് ആർക്കെന്തു കാര്യം.....വീടിനടുത്തുള്ള പത്തായകുണ്ടിൽ എത്രയോ ശുദ്ധജലമാണ് ഓരോ നിമിഷവും ഒഴുകിപ്പോകുന്നത്...അത് കൊണ്ട് ആരോഗ്യത്തിനെന്തു കാര്യം? നമുക്കെന്തു കാര്യം?

 

ഞാൻ ഉത്തരമെഴുതി......"തെറ്റ്". അത് മാത്രമല്ല കുറച്ചു കൂടി കടന്ന് ഒരു വിവരണവും കൊടുത്തു …....ശുദ്ധജലമല്ല....ഗുളികയാണ് ആരോഗ്യത്തിന് നല്ലത്..."

 

എൻ്റെ  കാഴ്ച്ചയിൽ നമ്മളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നത് ഡോക്ടർമാരായ കായിത്തറയുടെയും നാരാണൻ കുട്ടിയുടെയും ഗുളികകൾ മാത്രമാണ്......

 

ബാക്കി പല ചോദ്യങ്ങളും ഓർമ്മയില്ലെങ്കിലും ഇതിനേക്കാൾ ചിന്താരൂഢമായ ഉത്തരങ്ങളായിരുന്നു....പരീക്ഷയിൽ എനിക്ക് അമ്പതിൽ പതിനേഴു മാർക്ക് കിട്ടി... പരീക്ഷ പേപ്പർ നോക്കിയ സരോജിനി ടീച്ചറിനും വീട്ടിലുള്ളവർക്കും എൻ്റെ  പരീക്ഷ പേപ്പർ ആഘോഷമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.... പിന്നീട് ടീച്ചറത് വീട്ടിലും സ്കൂളിലും പരസ്യമാക്കി ഗംഭീരമാക്കി... എല്ലാവരും ചിരിച്ചപ്പോഴും എനിക്ക് മാത്രം കാര്യം പിടി കിട്ടിയില്ല....

 

പിന്നീടുള്ള പരീക്ഷകൾ വരുമ്പോഴേക്കും ബാലകൃഷ്ണൻ തൃക്കങ്ങോടിന്റെ "വി" ഗൈഡ് അച്ഛൻ വാങ്ങി തന്നു.... തൃക്കങ്ങോടിന്റെ ബുദ്ധിയിലുദിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു എല്ലാവർക്കും   "ശരി" എന്നെനിക്കു മനസിലായി...  ചോദ്യങ്ങളേ വരൂ... പുള്ളിയുടെ ഉത്തരം എഴുതിയാ മാർക്കുറപ്പാണ്.. അമ്പട മനമേ.. ക്രിസ്തുമസ് പരീക്ഷ യിൽ തൃക്കങ്ങോട് കനിഞ്ഞു... 50/ 50!!!... പോയ മാനം തിരിച്ചു പിടിച്ചു...

 

വീട്ടിലിപ്പോഴും  പഴയ ഉത്തര പേപ്പർ സൂക്ഷിച്ചു വച്ചിട്ടുണ്ട്...ആദ്യമൊക്കെ എല്ലാർക്കും എന്നെ കളിയാക്കാനും പിന്നെ എനിക്ക് തന്നെ ഓർത്തു ചിരിക്കാനും അതിടക്ക് തുറന്നു നോക്കാറുണ്ട്... പക്ഷെ ഇപ്പൊ എനിക്ക്  പരീക്ഷയോട് വല്ലാത്ത സ്നേഹമാണ്... ജീവിതത്തിൽ പൂർണമായും സ്വന്തം ബുദ്ധി ഉപയോഗിച്ചെഴുതിയ ഒരെയൊരു പരീക്ഷ...

 

പിന്നീട് വർഷങ്ങൾക്ക്‌  ശേഷം മണിപ്രവാളമെന്നത് മണിയടിക്കുമ്പോ കുട്ടികൾക്കുണ്ടാകുന്ന വെപ്രാളമാണെന്നു ഒരു പഹയൻ എഴുതിയത് പത്രത്തിൽ വായിച്ചപ്പോ കിട്ടേട്ടൻ്റെ പീടികയിൽ  നിന്നും എല്ലാവരും പറഞ്ഞു ചിരിച്ച ദിവസം എനിക്കോർമ്മയുണ്ട് തമാശ പറയുന്നതിലും ആളുകളെ കളിയാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന ഞാൻ അന്ന് അല്പം താമസിച്ചാണ് ഇളിച്ചത്....... ഉള്ളിൽ നിറയെ  പഹയനോടുള്ള ഐക്യ ദാർഢ്യമായിരുന്നു.... പിന്നെ എന്നെ തോൽപ്പിച്ചതിലുള്ള ബഹുമാനവും....


പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം...........ആശംസകൾ..........................


ഡോ: ലിനോജ്‌ കുമാർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo