Slider

ഭഗവതിക്കാവ് | ShortStory | Sini Rudra

0


കണ്ണപ്പേട്ടന്റെ പീടികക്കോലായിലെ കറുത്ത ബെഞ്ചിലിരുന്നായിരുന്നു കേളപ്പേച്ഛൻ നാട്ടുകാര്യം പറയാൻ തുടങ്ങിയത്. കടയുടെ മുന്നിലെ ഉന്തുവണ്ടിക്കരികെ വയറു വീർത്തൊരു തെരുവുപട്ടി കണ്ണപ്പേട്ടന്റെ പീടിയേലെ ചില്ലലമാര നോക്കി നാക്കു നീട്ടിക്കിടന്നു. അതു കണ്ടതും തല വെട്ടിത്തിരിച്ച്, കേളപ്പേച്ഛൻ വായിലെ മുറുക്കാൻ, കടയുടെ മുന്നിലെ മണ്ണിട്ട റോഡിലേക്ക് നീട്ടിത്തുപ്പി. 

എൺപതിനോടടുത്ത കേളപ്പേച്ഛൻ ആ നാട്ടിലെ പല വീട്ടുകാർക്കും ഒരു കാര്യസ്ഥനെപ്പോലെയായിരുന്നു . പ്രായം കൂടിക്കൂടി വന്നപ്പോൾ, കേളപ്പേച്ഛന്റെ ഭാഷയിൽ, മനസ്സു പറേന്നിടത്ത് ശരീരമെത്തുന്നില്ല എന്നായ കാലം മുതൽ അയാൾ ഓരോ വീടുകളിലെയും പറമ്പിലെ ചെറിയ പണികൾ നോക്കിനടത്തിക്കൊണ്ടിരുന്നു. നരച്ച കൊമ്പൻമീശയും ചീവിയൊതുക്കാത്ത നരച്ച തലമുടിയും ഉറച്ച മാംസപേശികളും വെറ്റിലക്കറപിടിച്ച പല്ലുകളും ബീഡിപ്പുകയേറ്റു കറുത്തിരുണ്ടുപോയ ചുണ്ടുകളും തീഷ്ണമായ കണ്ണുകളും കേളപ്പേച്ഛന് ഒരു വില്ലൻഭാവം നൽകി. അതുകാരണം പെട്ടെന്നൊന്നും ആരും അയാളുടെ മുന്നിലേക്ക് വന്നു നിന്ന്, എതിർത്തു സംസാരിക്കാൻ ധൈര്യപ്പെട്ടില്ല. 

ജോലിക്കിടയിലെ വിശ്രമവേളകളിൽ കേളപ്പേച്ഛന്റെ ഇടം ഈ പീടികക്കോലായിയാണ്. കൗമാരവും യൗവനവും ഒന്നിച്ചു പങ്കിട്ട കൂട്ടുകാർ ഇപ്പൊ വാർദ്ധക്യത്തിലും കൂട്ടുതന്നെ എന്നതായിരുന്നു അയാളുടെ സന്തോഷം. കേളപ്പേച്ഛനും കുമാരേട്ടനും കണ്ണപ്പന്റെ അച്ഛൻ ഗോപാലനും ഇപ്പൊൾ ദേഹം തളർന്നു കിടക്കുന്ന ഗോയിന്ദനും ആത്മാർത്ഥസുഹൃത്തുക്കളായിരുന്നു. ആ നാൽവർസംഘം ഭഗവതിക്കാവിന്റെ പരിസരത്തും വടക്കേലെ കുന്നിൻമുകളിലും തങ്ങളുടെ അധീശ്വത്വം സ്ഥാപിച്ചവരായിരുന്നു. കേളപ്പേച്ഛന്റെ വാക്ക് അന്നും ഇന്നും നാട്ടിലെ അവസാനവാക്കുതന്നെ. തെറ്റു കണ്ടാൽ രൂക്ഷമായി പ്രതികരിക്കുന്ന കേളപ്പേച്ഛൻ ആ നാട്ടിലെ പലരുടെയും കണ്ണിലെ കരടായിരുന്നു. 

''അല്ല കേളപ്പേച്ഛാ, മ്മടെ ഗോയിന്ദാട്ടൻ ഇങ്ങളെ അന്വേഷിച്ചിനേനല്ലോ, ഇങ്ങള് പോയില്ലേ അങ്ങോട്ടേക്ക്?" 

പത്രത്തിലെ ചരമക്കോളത്തിൽ പരിചയമുള്ള മുഖങ്ങളെ തപ്പിക്കൊണ്ടിരുന്ന കുമാരേട്ടൻ തലയുയർത്താതെ ചോദിച്ചു..

മുറിബീഡി ഒന്നാഞ്ഞു വലിച്ച് കേളപ്പേച്ഛൻ പീടികത്തിണ്ണയിലേക്ക് ഇരിപ്പിന്റെ സ്ഥാനംമാറ്റി.

"എടാ കുമാരാ.. എനിക്ക് ഓനെ പോയിക്കാണാൻ തോന്നുന്നില്ല. ഒരു കൈയും കാലും തളർന്ന്, മിണ്ടാൻ പോലും ഓൻ പാടുപെടുമ്പോൾ അതും കണ്ടോണ്ട് നിൽക്കാൻ എന്നെക്കൊണ്ടൊന്നും പറ്റൂല്ല. ഓൻ എന്നെ വിളിക്കുന്നത് ഒരാശ്വാസത്തിന് വേണ്ടിയാകും. എന്നാലും എന്നെക്കൊണ്ട് കണ്ടു നിക്കാൻ പറ്റൂല്ല."

ഉള്ളിലെ വിഷമം മുറിബീഡിയുടെ തുമ്പത്ത് കനൽപോലെ എരിയുന്നെന്ന് കേളപ്പേച്ഛന് തോന്നി.

"കണ്ണപ്പാ നിനക്കോർമ്മയുണ്ടോ...? പണ്ട് നിന്റെ അച്ഛൻ നടത്തികൊണ്ടിരുന്ന ഈ പീടികയ്ക്ക് മുന്നിൽ ഒരു ചെറിയ ഇടവഴിയായിരുന്നു. നിന്റെ അച്ഛനും ഞാനും കൂടെയാ അന്ന് മമ്മദ്ക്കാന്റെ കാളവണ്ടിക്ക് വരാൻ ഇടവഴി ഒന്ന് വീതി കൂട്ട്യത്. കല്ലായി അങ്ങാടീന്ന് കൊണ്ടെരുന്ന സാധനം ഇബിടുള്ള കടകളിൽ എത്തിക്കുന്നത് മമ്മദ്ക്ക ആയിരുന്നു. അന്ന് ശ്രീധരകൈമളിന്റെ സ്ഥലം കൊത്തിവലിച്ചു എന്നും പറഞ്ഞു ജന്മിയും അടിയാളരും രണ്ട് പക്ഷത്തായി വാക്കേറ്റവും കൈയങ്കാളിയുമായി. അന്ന് കൈമളിന്റെ കൈയിലെ കൈക്കോടാലീന്റെ പിടികൊണ്ട് കൈമൾ, ഗോയിന്ദന്റെ തലയ്ക്കടിച്ചു. അന്നവൻ ബോധം പോയി വീണെങ്കിലും നാണു വൈദ്യരുടെ മരുന്നുകൊണ്ട് എല്ലാം ബേം ഭേദായി. പക്ഷേ വയസ്സ് എഴുപതാകുമ്പോഴേക്കും അന്നത്തെ അടിയുടെ ബാക്കിപോലെ തലേലെ ഞരമ്പിനു എന്തോ പറ്റി. അവൻ ഇങ്ങനേം ആയി."

കേളപ്പേച്ഛൻ ഓർമ്മകളിൽ ഒന്നുലഞ്ഞു. വെറ്റിലക്കറപിടിച്ച പല്ല്, നരച്ച കപ്പടാമീശയ്ക്കുള്ളിൽ മറഞ്ഞുനിന്നു..

"കുമാരാ, ഞാനിന്നലെ വരുന്നേരം നാരാണിനെ കണ്ടു. ഓള് ആടിനെയും മേച്ചിറ്റ് ദാമൂന്റെ പൊരെന്റെ അടുത്തുള്ള പറമ്പില് ഇണ്ടേനൂ. ഓളെ ഇപ്പൊ മക്കളൊന്നും തിരിഞ്ഞു നോക്കുന്നില്ലാന്നാ തോന്നുന്നേ. ഓൾക്കാന്നെങ്കിൽ മ്മളെക്കാളും പ്രായം ആയപോലെ ഇണ്ട്. ആകെ ക്ഷീണിച്ച്. ആ ആടിന്റെ പോറ്റുന്ന വകേല് കിട്ടുന്ന വരുമാനെ ഉള്ളൂന്ന് തോന്നുന്ന്. ഭാഗ്യത്തിന്, പെൻഷൻ പൈസ എളിയിൽ തിരുകിയത് കൊണ്ട് ഞാൻ അതെടുത്ത് ഓക്ക് കൊടുത്ത്. ഓള് എന്തൊക്കെയോ, കര്യേം പറയേം ചെയ്തു. പത്തിരുപത്തിരണ്ട് വയസ്സിൽ ഓളെ കെട്ടിയോൻ മരിച്ചതാ. പിന്നെ ആടെയും ഈടെയും വീട്ട് പണിക്ക് പോയിറ്റാ ഓള് നാല് മക്കളെയും നോക്കിയേ. എന്നിട്ട് അയിറ്റ്ങ്ങൾക്ക് ഓളെ ഈ പ്രായത്തിൽ നോക്കാൻ പറ്റുന്നില്ല പോലും." ഉള്ളിലെ രോഷത്തിൽ ബീഡി ആഞ്ഞുവലിച്ച് കേളപ്പേച്ഛൻ പുക പുറത്തേക്കു വിട്ടു.

കേളപ്പേച്ഛൻ പുകയേറ്റു മങ്ങിയ കടയുടെ മഞ്ഞച്ച ചുമരിലേക്കു കണ്ണ് പായിച്ചു. ചുമരിൽ കണ്ണപ്പന്റെ അച്ഛൻ ഗോപാലന്റെ ചിരിക്കുന്ന ഫോട്ടോ. ചിത്രം കുറച്ചേറെ മങ്ങിയിട്ടുണ്ട്. ഓർമ്മകൾക്കുമേൽ അതിലുള്ള മഞ്ഞ പടർന്നു കയറുംപോലെ തോന്നി കേളപ്പേച്ഛന്.

കേളപ്പേച്ഛന്റെ മുഖത്തെ മാറ്റം കണ്ണപ്പനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇനി കണ്ണപ്പനറിയാം കേളപ്പേച്ഛൻ എന്താണ് ചെയ്യുന്നതെന്ന്. കൈയിലെ ചായയുംകൊണ്ട് ആ ഫോട്ടോ കുറെ നേരം നോക്കിയിരിക്കും. പിന്നെ, പതിയെ ചായഗ്ലാസ് വലിയ ഭാരം ഇറക്കിവെക്കുംപോലെ മേശമേൽവച്ച് കീശയിലെ ചില്ലറയും തപ്പിയെടുത്ത് വിറയ്ക്കുന്ന കൈകൊണ്ട് അതും തന്ന്, ചുവന്നു കലങ്ങിയ കണ്ണുമായ് ഇറങ്ങിപ്പോകും.

കണ്ണപ്പൻ പ്രതീക്ഷിച്ചതുതന്നെ അവിടെ നടന്നു. അന്ന് പതിവില്ലാതെ മഴ നേരത്തേ പെയ്തു തുടങ്ങി. ഉന്തുവണ്ടി ആഞ്ഞു വലിച്ചു നടക്കുമ്പോൾ കേളപ്പേച്ഛന്റെ കവിളിലെ മഴത്തുള്ളികളിൽ ഉപ്പുരസം കലരുന്നുണ്ടായിരുന്നു.

"അല്ല കുമാരേട്ടാ, മൂപ്പരെന്താ ഇങ്ങനെ. അച്ഛനും കേളപ്പേച്ഛനും വലിയ കൂട്ടായിരുന്നു എന്നറിയാം. പക്ഷേ, ഇതിപ്പോ, എന്തോ വലിയ സങ്കടം ഉള്ളിൽ കിടക്കുന്നപോലെ ഇണ്ടല്ലോ കേളപ്പേച്ഛന്."

കുമാരൻ ഒന്നും മിണ്ടാതെ പത്രത്തിലേക്ക് തലതാഴ്ത്തി. ആയാസപ്പെട്ട് ഉന്തുവണ്ടി വലിച്ചു കടന്നുപോകുന്ന കേളപ്പേച്ഛനെയും മൺപാതയിൽ ഉന്തുവണ്ടി തീർത്ത അടയാളങ്ങളിലും നോക്കി കുമാരേട്ടൻ ഓർമ്മകളിലേക്കു നടന്നു കയറി.

********

കുഞ്ഞിപ്പുരയിലെ മാണിക്യംതമ്പായീന്റെ ഒരേയൊരു മകനായിട്ട് ജനിച്ച കേളപ്പൻ, തണ്ടും തടിയുമൊത്തൊരു ബാല്യേക്കാരൻ ആകുമ്പോഴേക്ക് മാണിക്യമ്മ വസൂരി പിടിപെട്ടു മരണപ്പെട്ടു. ഒറ്റയ്ക്കായ് ഒറ്റയാനായി വളർന്ന കേളപ്പൻ, മാപ്പളാരുടെ തടിമില്ലിൽ തടി പിടിക്കാൻ പോയി. കല്ലായി ചുങ്കത്ത് മയ്യേപ്പുഴയിൽനിന്ന് മരം വലിച്ചു കയറ്റാൻ കേളപ്പനോളം മിടുക്ക് അന്നാ മരമില്ലിൽ ആർക്കുമില്ലായിരുന്നു.

മാലയ്ക്കൽ മീത്തലെ തങ്കത്തിന് കേളപ്പനോട് പ്രണയംതോന്നിയത് അവന്റെയാ ചങ്കൂറ്റം കണ്ടിട്ടായിരുന്നു. വീട്ടിൽ ഇടയ്ക്കൊക്കെ അച്ഛനൊപ്പം സഹായിക്കാൻ വരുന്ന ഗോപാലൻ വഴി തന്റെ പ്രണയം കേളപ്പനെ അറിയിച്ച തങ്കത്തിന്റെ നേർക്ക് രൂക്ഷമായ നോട്ടം മറുപടി നൽകി കേളപ്പൻ പലപ്പോഴും നടന്നകന്നു.

അന്നൊരു മകരമാസമായിരുന്നു. വടക്കേലെ ഭഗവതിയുടെ ഉത്സവം കൊടിയേറുന്ന ദിവസം. കുമാരനും ഗോയിന്ദനും കേളപ്പനും ഗോപാലനും ചോയീന്റെ കൈയീന്ന് കള്ളും വാങ്ങി ആൽത്തറയിൽ ഇരിക്കുകയായിരുന്നു. നിലാവിന്റെ നീലവെളിച്ചം മരച്ചില്ലകളിൽ തട്ടി നിലത്തേക്ക് ചിതറി വീണു.

കേളപ്പന്റെ നാടൻപാട്ട് ഉച്ചസ്ഥായിലെത്തി. ചോയീന്റെ കള്ളും മീൻകറിയും അവരുടെ വയറ്റിനെ നിറയ്ക്കുന്തോറും കേളപ്പന്റെ പാട്ടുംകൂത്തും ജോറായി നടന്നു.

നേർത്ത നിലാവിൽ ആരുടെയോ നിഴൽ കുന്നു കയറി വരുന്നതു കണ്ടത് ഗോപാലനായായിരുന്നു.

"ആരാ അത്.?"

ഉടുത്തിരുന്ന ലുങ്കി ഒന്നൂടെ കുടഞ്ഞുടുത്തു ഗോപാലനും ഗോയിന്ദനും ചാടി ഇറങ്ങി.

നിലാവിന്റെ ഒരു തുണ്ട്, ഭൂമിയിലേക്കു വന്നു വീണതുപോലെ തങ്കം അവരുടെ മുന്നിൽ അക്ഷോഭ്യയായ് നിന്നു.

"അമ്പ്രാട്ടി എന്താ ഈ നേരത്ത് ഇവിടെ.?" ഗോപാലൻ അവന്റെ യജമാനത്തിയുടെ മുന്നിൽ നടുവ് വളച്ചു.

തങ്കയുടെ നോട്ടം കേളപ്പന്റെ മുഖത്തായിരുന്നു.

"ഞാൻ ഇയാളെ കാണാൻ വന്നതാ."

തങ്ക, കേളപ്പന്റെ അടുക്കലേക്കു നടന്നു ചെന്നു. അവളുടെ ചുറ്റും ഏതോ വാസനത്തൈലത്തിന്റെ ഗന്ധം നിറഞ്ഞു. കാലിലെ പാദസരത്തിന്റെ നേർത്ത ശിഞ്ചിതം ആ നിലാവിനു താളമാകുന്നുണ്ടായിരുന്നു. അഴിച്ചിട്ട ചുരുളൻമുടിയിൽ, വടക്കേലെ ഭഗവതിയുടെ പുഷ്പാഞ്ജലിയിലെ തുളസിക്കതിരും ശംഖ്‌പുഷ്പവും. കഴുത്തിൽ ഇറുകിക്കിടക്കുന്ന പച്ചനിറത്തിലെ പാലയ്ക്കാമാലയും!

കേളപ്പൻ അവളെയൊന്നുഴിഞ്ഞു നോക്കി, പെട്ടെന്നുതന്നെ നോട്ടം ദൂരേക്കു മാറ്റി.

"എത്ര വട്ടം ഞാനെന്റെ സ്നേഹം നിങ്ങളോട് പറഞ്ഞു, നിങ്ങളുടെ പിന്നാലെ നടന്നു. നിങ്ങളെ ഇഷ്ടപ്പെട്ടെന്നോരെയൊരു കാരണത്താൽ, നിങ്ങൾ എന്തിനാണ് എന്നെ അവഗണനയിലേക്കിങ്ങനെ വലിച്ചെറിയുന്നത്?'' കരച്ചിലും ദേഷ്യവും ഇടകലർന്ന്, തങ്കയുടെ ശബ്ദം ചിലമ്പിക്കൊണ്ടിരുന്നു.

കേളപ്പന്റെ മുഖത്ത് ആദ്യമായിട്ടായിരുന്നു നിസ്സഹായതയുടെ നോവ് തെളിഞ്ഞത്. അവൻ ഒന്നും മിണ്ടാതെ ആൽത്തറയിലേക്ക് നടന്നു. പിന്നാലെ തങ്കയും. കൂട്ടുകാർ മൂന്നുപേരും ദൂരേക്കു മാറിനിന്നു.

"തങ്കേ" കേളപ്പന്റെ ശബ്ദത്തിൽ അത്രമേൽ ആർദ്രത നിറഞ്ഞു. ആ ഒരൊറ്റ വിളിയിൽ അവനന് അവളോടുള്ള സ്നേഹം മറനീക്കി പുറത്തുവന്നു.

"ഇഞ്ഞി സിലോണിലൊക്കെ വളർന്നു പഠിച്ച പെണ്ണാണ്. അതും നാട്ടിലെ പ്രമാണിയായ നാരായണൻ മേനോന്റെ മോള് . സ്വത്തും പണവും പദവിയുമൊക്കെയായിട്ട് നല്ലൊരു ജീവിതം ഇഞ്ഞി ജീവിക്കേണ്ടതാണ്. ഞാൻ വെറും കീഴാളൻ. വിവരോം വിദ്യാഭ്യാസവും ഇല്ലാത്തോൻ. ഒരിക്കലും ചേരാത്ത ഭഗവതിയാറ്റിന്റെ കരകളാണ് ഇഞ്ഞീം ഞാനും. ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആഗ്രഹിക്കരുത് തങ്കേ. അത് മ്മക്ക് ബല്യ വേദന തരും. നഷ്ടങ്ങൾ മാത്രമേ ഇണ്ടാകൂ. "

കേളപ്പന്റെ വാക്കുകൾക്ക് പക്ഷേ ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി.

"തങ്ക ജീവിക്കുന്നെങ്കിൽ നിങ്ങളുടെ ഒപ്പരമേ ജീവിക്കൂ. മരിക്കുന്നെങ്കിൽ അതും നിങ്ങളെ പെണ്ണായിട്ടുതന്നെ. ഇത് മാലക്കൽ മീത്തലെ തങ്കയുടെ വാക്കാ."

അവളുടെ ഉറച്ച ശബ്ദത്തിന് കേളപ്പന്റെ മനസ്സുതുറക്കാനുള്ള കരുത്തുണ്ടായി. ആ നിലാവത്ത് ഒരു പ്രണയം ജനിക്കുന്നതും ചുംബനങ്ങൾ പൊഴിയുന്നതും കൂട്ടുകാർക്കൊപ്പം നിലാവും കണ്ടു നിന്നു. വടക്കേലെ കുന്നിൻമുകളിൽ പ്രണയം കാത്തിരിപ്പായും പരിഭവമായും ഉടൽപ്പൂക്കളായും രൂപാന്തരം പ്രാപിച്ചു. പ്രണയത്തിനിടയിൽ പലപ്പോഴും കൂട്ടുകാർ ഹംസങ്ങളായി.

തങ്കയുമായുള്ള പ്രണയം കേളപ്പനെ അടിമുടി മാറ്റിമറിച്ചു. അവളോടൊത്തുള്ള ജീവിതത്തെ സ്വപ്നംകണ്ട്, പലപ്പോഴും അതിൽ വാചാലനായി മാറി അവൻ. അടച്ചിട്ട വീട് അവൻ അവൾക്കായി തുറന്നിട്ടു. വീട്ടുകാരറിയാതെ തങ്ക കേളപ്പന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു പോന്നു. അവന്റെ എല്ലാ കാര്യങ്ങളിലും നിഴൽ പോലെ തങ്കയും കൂടെ നിന്നു. ആ പ്രണയത്തിനു വല്ലാത്ത ഭംഗിയായിരുന്നു.

മാസങ്ങൾ, വർഷങ്ങൾ കടന്നു പോയി. അന്നൊരു വിഷുനാളിൽ പുലർച്ചെ ഭഗവതിപ്പുഴയിലെ ഓളങ്ങൾക്ക് പറയാനേറെ കഥയുണ്ടായിരുന്നു.

പാതിരാവിൽ ഒരു പെണ്ണ് ഭഗവതിപ്പുഴയുടെ തീരത്ത് അലറിക്കരഞ്ഞു വന്നു നിന്നത്!

ആർത്തലച്ചു പെയ്ത പെണ്ണൊരുത്തി ഭഗവതിപ്പുഴയിലെ ഓളങ്ങളിലേക്ക് ആഴ്ന്നിറങ്ങിയത്!

അപൂർണ്ണമായൊരു കഥ ഉള്ളിലടക്കിവെച്ച് ഭഗവതിപ്പുഴ പിന്നെയും ഒഴുകി.

*********

ആരുടെയോ വിളിയൊച്ച ഉയർന്നതും കുമാരേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ യാത്ര പറഞ്ഞിറങ്ങി. ആ സമയം ദൂരെ, കുന്നിൻ മുകളിലേക്ക് നനഞ്ഞു കുതിർന്നു കേളപ്പേച്ഛൻ കിതച്ചുകൊണ്ടു കയറിത്തുടങ്ങി. ഓർമ്മകളുടെ ഭാരം കാലിനാണെന്ന് തോന്നുംവിധം അയാൾ വേച്ചുവേച്ചു കയറ്റം കയറി. വടക്കേലെ ഭഗവതിയുടെ ആരൂഢസ്ഥാനമാണ് കുന്നിൻമുകളിലെ ആൽമരവും അതിന്റെ ചോട്ടിലെ കറുത്തകൃഷ്ണശിലയിൽ തീർത്ത ദേവീവിഗ്രഹവും.

ചെറിയ ഇരുമ്പഴിക്കുള്ളിലെ ദേവീശിലയെ കേളപ്പേച്ഛൻ ഒരു നിമിഷം നോക്കി നിന്നു.

"ഞാൻ ഓർമ്മകളുടെ തടവിൽ, ഇഞ്ഞി ഭക്തിയുടെ തടവിൽ. ഇനിക്കും മോചനമില്ല എനക്കും മോചനമില്ലാ.."

അയാൾ ആൽത്തറയിൽ മലർന്നുകിടന്ന് പൊട്ടിച്ചിരിച്ചു. ആ ചിരിയൊച്ചയ്ക്ക് പക്ഷേ, തേങ്ങലിന്റെ താളമുണ്ടായിരുന്നു. ഓർമ്മകൾക്കൊക്കെയും എരിയുന്ന കനലിന്റെ ചൂടാണത്രേ. ഓർമ്മകൾ ചുരത്തിയ കണ്ണുനീർ, ഒട്ടിയ കവിളിലൂടിറങ്ങി കേളപ്പേച്ഛന്റെ ചെവിക്കരികിൽ ഏതോ സ്വാന്തനത്തിനായി കാത്തു നിന്നു.

അസ്തമയം മായ്ച്ചു കൊണ്ട് ഇരുട്ട് മലമുകളിലേക്ക് പടർന്നു കയറിക്കൊണ്ടിരുന്നു. മലകയറി വിളക്കുവെക്കാൻ എത്തിയ പോറ്റി, കേളപ്പേച്ഛനെ കണ്ട് ആൽത്തറയിലേക്കു വരാതെ ശങ്കിച്ചു നിന്നു.

"താൻ വിളക്കുവെച്ച് പൊക്കോ പോറ്റി. ഞാനിവിടെ കിടന്നിറ്റ് ഇന്റെ വിളക്ക് വെപ്പ് മുടക്കേണ്ട."

ചുണ്ടോന്ന് കോട്ടി, ചിരിച്ച് കേളപ്പേച്ഛൻ പാദങ്ങൾ അമർത്തിച്ചവിട്ടി കുന്നിറങ്ങി. എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് പോറ്റി ആൽത്തറയിൽ വിളക്ക് വെച്ചു. അയാൾക്ക് കേളപ്പേച്ഛനെ ഒട്ടും ഇഷ്ടമല്ലായിരുന്നു.

കുന്നിറങ്ങിയ കേളപ്പേച്ഛൻ കാവിമുണ്ട് അഴിച്ചുവെച്ച് തോർത്തുടുത്ത് ഭഗവതിപ്പുഴയിൽ മുങ്ങി നിവർന്നു. ഓരോ തവണ മുങ്ങിനിവരുമ്പോഴും കേളപ്പേച്ഛന്റെ കണ്ണിന്റെ മുന്നിൽ ഒരു വെളുത്ത ചേലയും, പൊങ്ങുതടിപോലെ വെള്ളത്തിൽ ഒഴുകി നീങ്ങുന്ന തുറിച്ച കണ്ണുള്ള ഒരു രൂപവും വന്നു കൊണ്ടിരുന്നു. ഓരോ തവണയും തലക്കുടഞ്ഞ് കാഴ്ചയെ, ആ തോന്നലിനെ കുടഞ്ഞെറിഞ്ഞിട്ടും തുറിച്ചുന്തിയ കണ്ണുകൾ അയാളുടെ കണ്ണിനു നേർക്ക് വന്നു കൊണ്ടേയിരുന്നു. നാല്പതോ നാല്പത്തഞ്ചോ വർഷമായിട്ടും ഒന്നും മറക്കാനാവാതെ ഓർമ്മകളാൽ വേട്ടയാടപ്പെട്ട കേളപ്പേച്ഛൻ!

അയാൾ ഈറനോടെ വീണ്ടും വടക്കേലെ കുന്നു കയറാൻ തുടങ്ങി. ഇരുട്ടു പരന്ന കുന്നിൻചെരുവിൽ മിന്നാമിനുങ്ങുകൾ വായുവിൽ അവ്യക്തമായ ചിത്രങ്ങൾ വരച്ചു. ചീവീടുകൾ ശബ്ദത്തിന് മൂർച്ചയേറ്റി. പൂത്തു നിൽക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തിന് ഇന്നലെകളിലെ പ്രണയത്തിന്റെഗന്ധമായിരുന്നു.

ആൽത്തറയിൽ ഈറനോടെ കേളപ്പേച്ഛൻ, പോറ്റി കൊളുത്തി വെച്ച മൺചെരാതിലേക്ക് മിഴിനട്ട് ഇരുന്നു. ഊരു തെണ്ടി വന്നൊരു പിശറൻ കാറ്റ് തിരിനാളത്തെ വലംവെച്ച് ആൽമരത്തിലേക്ക് കുടിയേറി. കാറ്റൊന്ന് തൊട്ടപ്പോൾ ഉടൽവിറച്ച് തിരിനാളം ഒന്നാടിയുലഞ്ഞു.

നനഞ്ഞ തോർത്ത് ആൽത്തറയിൽ വിരിച്ച്, കേളപ്പേച്ഛൻ മരച്ചോട്ടിലെ കല്ലിടുക്കിൽ തിരുകിവെച്ച ബീഡി തപ്പിയെടുത്തു. കാറ്റ് കെടുത്താതെ തീപ്പെട്ടിയുരച്ച് ബീഡിക്ക് തീ കൊളുത്തി അയാൾ ഭഗവതിക്ക് മുന്നിലായ് ചമ്രംപടഞ്ഞ് ഇരുന്നു.

ഇനിയുള്ള കേൾവിക്കാരി ഭഗവതിയാണ്. കൃഷ്ണശിലയിൽ അവൾ എല്ലാവരുടെയും പരിദേവനങ്ങൾ കേട്ട്, ഇരിക്കുന്നു. മറുപടികൾ ഇല്ലെങ്കിലും കേട്ടിരിക്കാൻ ആരോ ഉണ്ടെന്ന തോന്നലിൽ സങ്കടങ്ങളെ ഉരുക്കഴിക്കുന്ന കുറെ മനുഷ്യർ. ഇപ്പോൾ കേളപ്പേച്ഛനും അതിലൊരാളാണ്.

"ഇനിക്കറിയോ ഭഗവതീ, കൊല്ലം പത്ത് നാപ്പത്തഞ്ചായി ഞാനീ ചങ്കുപറിയുന്ന വേദനേം കൊണ്ട് നടക്കുന്നു.

ഞാനന്ന് മമ്മദ്ന്റെ സാധനം കല്ലായി അങ്ങാടീന്ന് കൊണ്ടെരാൻ പോയതേനൂ. നേരം ഇരുട്ടായപ്പോ മമ്മദാ പറഞ്ഞത് ഇന്ന് ഓന്റെ കാർന്നോരെ കടയിൽ കിടക്കാം. നേരം പൊലർച്ചെ പോകാമെന്നു. അന്നേക്ക് രാത്രി തന്നെ ഞാൻ വന്നിരുന്നെങ്കിൽ എനിക്കവളെ.."

പുകഞ്ഞു തീർന്ന ബീഡി കൈപൊള്ളിച്ചപ്പോ അത് വലിച്ചെറിഞ്ഞു കേളപ്പേച്ഛൻ അടുത്ത ബീഡി കത്തിച്ചു. സങ്കടം ഏറുമ്പോൾ മാത്രം വരുന്ന ചുമ ദേഹത്തെ ഉലച്ചു കൊണ്ടിരുന്നു. ഇടയ്ക്കൊന്നു ചുമച്ചു തുപ്പി കേളപ്പേച്ഛൻ വീണ്ടും ഭഗവതിയുടെ മുന്നിൽ വന്ന് ഇരുന്നു. നരച്ചമീശയിൽ നനവ് അപ്പോഴും തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

"ഇന്റെ ഈ തിരുമുമ്പില് വെച്ചല്ലേ ഓള് വന്നു പറഞ്ഞത്, ഓള് ഗർഭിണിയാന്ന്. അന്നു രാത്രി അവളെയുംകൊണ്ട് പോകാനിരുന്നതാ. പക്ഷേ, അന്നേക്ക് രാത്രി തന്നെ ഓളെ അവര് രായ്ക്ക് രാമാനം നാടു കടത്തി. എവിടെയെന്നോ എന്തെന്നോ അറിയാതെ മാസങ്ങൾ. ഓളെ കാണാതെ പലയിടത്തും അലഞ്ഞു. ഇന്റെ നടേല് വന്നു എത്ര ഞാൻ കരഞ്ഞു നിലവിളിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരുനാൾ പ്രിയപ്പെട്ടോളെ കാണൂന്ന വിശ്വാസത്തിൽ ജീവിച്ച ഒരുത്തന്റെ കണ്ണിന്റെ മുന്നിൽ അവളുടെ വീർത്തു പൊന്തിയ ശവം ഒഴുകി നടക്കുമ്പോൾ ഉള്ള നോവറിയോ ഇനിക്ക്. ഇല്ല. എങ്ങനെ അറിയാനാണ്. ഇഞ്ഞി വെറും കല്ലല്ലേ. വെറും കല്ല്. "

ചിലമ്പിച്ച ശബ്ദത്തിനൊപ്പം ചുമ ഉച്ചസ്ഥായിൽ എത്തി.

"എന്നിട്ടോ മതിയായില്ല ദൈവങ്ങടെ തമാശ. ഗോപാലന് വയ്യാന്ന് അവന്റെ ചെക്കൻ കണ്ണപ്പൻ വന്നു പറയുമ്പോ ഞാൻ ഹാജിയാരുടെ വീട്ടിലെ പറമ്പ് കെളക്കുകാരുന്നു. കൊറേക്കാലായില്ലെനോ ഓൻ കിടപ്പിലായിട്ട്. അവന് കവിളരശ് വന്നതല്ലേ. പൊകേല കണ്ടമാനം കവിളിൽ വെച്ചിട്ടാ വന്നെന്ന് നാണു വൈദ്യർ പറഞ്ഞാ അറിഞ്ഞത്. അവന്റെ വീട്ടിലെത്തിയപ്പോ സ്വന്തക്കാരും ബന്ധക്കാരും ഒക്കെ എത്തീട്ടുണ്ട്. ഒരുതരം മരണം നടക്കാൻ കാത്ത് കെട്ടികിടക്കുന്നപോലെ അവര് നിൽക്കുന്നത് കണ്ടപ്പോ കഴുകന്മാരെയാണ് ഓർമ്മ വന്നത്. അകത്തേക്കു ചെന്നതും അവൻ എന്നെനോക്കി കുറെ കരഞ്ഞു. എല്ലാരോടും പോകാൻ ആംഗ്യം കാണിച്ച് അവൻ എന്റെ കൈ ഇറുക്കെ പിടിച്ച്. "കേളപ്പാ തങ്കന്റെ മോള് ജീവനോടെ ഇണ്ടെടാ. ആ കുഞ്ഞിനെ എന്റെ അച്ഛനാ എടുത്തോണ്ട് പോയത്. കുഞ്ഞിനെ നഷ്ടപ്പെട്ട വിഷമത്തിലാ അവള് പൊഴേല്. ഇത്രനാളും ഞാൻ എല്ലാം മറച്ച് വെച്ചതാ, അച്ഛന് കൊടുത്ത വാക്ക് പേടിച്ചിറ്റ്. ഇനിയും ഇത് മറച്ച് വെക്കാൻ പറ്റൂല്ലാ. ഇഞ്ഞി എന്നോട് ക്ഷമിക്കെടാ."

"എന്നിറ്റ് എന്റെ മോളേടെയാ ഗോപാലാ ഉള്ളത്." വല്ലാതെ കല്ലിച്ചു പോയിരുന്നു എന്റെ ശബ്ദം. വിഡ്ഢിയാക്കപ്പെട്ടവന്റെ രോഷം സിരകളിൽ പടരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

"വേണ്ട കേളപ്പ, അവള് സുഖമായിട്ട് ഇരിക്കുന്നുണ്ട്. മ്മടെ കണ്ണപ്പനെക്കാളും ഇളയതാണ്. അത്രമാത്രം നീ അറിഞ്ഞാൽ മതി. നീ ഇനി അറിഞ്ഞത് കൊണ്ട്, ആ കുഞ്ഞിന്റെ ജീവിതം സങ്കടത്തിലാകുകയേ ഉള്ളൂ. നീയറിയേണ്ട ഒന്നും."

ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങളിൽ ബദ്ധപ്പെട്ടു വാക്കുകളെ അടുക്കിപ്പെറുക്കി വെച്ച് ഗോപാലൻ അത്രയും പറഞ്ഞൊപ്പിക്കുമ്പോൾ, ഞാൻ നിസ്സഹായതയുടെ പടുമരമാവുകയായിരുന്നു. ഒന്നും പറയാതെ ഗോപാലൻ പോയി. ബാക്കിവച്ചു പോകുന്നത് തീരാ നോവാണെന്ന് അവനറിഞ്ഞില്ല. ഇന്നും ഈ ഉന്തുവണ്ടിയും വലിച്ച് ഞാൻ നടന്നു പോകുമ്പോ തങ്കയുടെ മൊഖമുള്ള പെൺകുട്ടിയെ ആൾക്കൂട്ടത്തിൽ ഞാൻ പരതും. എല്ലാം അറീന്ന ഒര് പെണ്ണ് പിന്നീന്ന് അച്ഛാന്നു നീട്ടി വിളിക്കുന്നത് പ്രതീക്ഷിക്കും.

ഇനിക്ക് എന്തറിയാനാ ഭഗവതി. മനുഷ്യന്റെ ജീവിതം ശരിക്കും ഒരു കോമാളിത്തരമാണ്. വിധിയുടെ കൈയിലെ കരുക്കൾ അല്ലേ മ്മളൊക്കെ. അങ്ങോട്ടെറിയുന്നു ഇങ്ങോട്ടെറിയുന്നു. ഇങ്ങള് ദൈവങ്ങൾക്ക് പരീക്ഷിക്കാനുള്ള പരീക്ഷണവസ്തുക്കൾ. അല്ലാണ്ടെന്ത്. "

കേളപ്പേച്ഛൻ ബീഡിക്കറ പിടിച്ച ഒരു പുച്ഛച്ചിരി ചിരിച്ചു. ഇരുളിൽ ആൽമരത്തിനടുത്തുള്ള വാകമരത്തിൽ കുടിയേറിയ വെള്ളക്കൊക്കുകൾ വെളുത്തപൂക്കളെപ്പോലെ തോന്നിച്ചു. പക്ഷിക്കുഞ്ഞുങ്ങൾ ഇടയ്ക്ക് കലപില കൂട്ടുന്നുണ്ട്. ആൽത്തറയിൽ മലർന്നുകിടന്ന് അയാൾ കുഞ്ഞുങ്ങളെ ഓർത്തു. എങ്ങോ എവിടെയോ ഒരു മകൾ ഉറങ്ങുന്നത് മനക്കണ്ണാൽ കണ്ടു. പേരക്കുഞ്ഞുങ്ങളുടെ വികൃതികളെ സങ്കൽപ്പിച്ച് കേളപ്പേച്ഛൻ ദീർഘനിദ്രയ്ക്കായി കാത്തു നിന്നു. കൃഷ്ണശിലയ്ക്കുള്ളിൽ എല്ലാം കേട്ടിരുന്ന ഭഗവതി കേളപ്പേച്ഛന് അന്നും കാവലായ് നിന്നു.

------------------

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo