അദ്ധ്യായം ഒന്ന്
കൊളെസ്ട്രോൾ,ഷുഗർ,കുടവയർ എന്നിവക്ക് പ്രതിവിധിയായി പ്രഭാത സവാരിക്കായി അയാൾ സാവധാനം പാതയോരത്തേക്കിറങ്ങി.
ഡിസംബർ മാസത്തിൽ ഓസ്‌ട്രേലിയയിൽ പകലിനു ദൈർഘ്യം കൂടുതലാണ്. ലോകത്തിൽ ഉഷ്ണകാലത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന ഒരേ ഒരു രാജ്യം!!!
കഴിഞ്ഞമാസം തന്നെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വീടുകളിൽ അലങ്കാരലൈറ്റുകൾ തെളിഞ്ഞു തന്നെ കിടക്കുകയാണ്. അഡലൈഡ് ഉത്സവലഹരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നതായി അയാൾക്ക് തോന്നി.
ഒരു മണിക്കൂറെങ്കിലും നടക്കണമെന്നാണ് മരുമകളായ ജൂലി സോളമനോട് പറഞ്ഞിരിക്കുന്നത്. മദാമ്മയാണെങ്കിലും അവൾക്ക് സ്നേഹമുള്ളവളാണെന്നാണ് സോളമൻ്റെ പക്ഷം.
സോളമൻ യോഗ ചെയ്യുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്.
ഏതാണ്ട് അര മണിക്കൂർ സോളമൻ
നടന്നു.
റോഡിലൂടെ പാഞ്ഞുവന്ന ഒരു കാർ അയാളുടെ സമീപം സഡൻ ബ്രേക്കിട്ടു നിർത്തി. കാറിന്റെ ഗ്ലാസ്സുകൾ തുറക്കുന്നതു കണ്ട സോളമൻ അപകടം മണത്തു. പിടലിയിൽ തന്നെ എന്തോ വന്ന് പതിച്ചപ്പോൾ അയാളുടെ ശരീരം മുഴുവനും ചുവന്ന ദ്രാവകം ഒഴുകി രക്ത വർണ്ണമായി.
ബാലൻസ് തെറ്റി പോയെങ്കിലും അയാൾ വീഴാതെ പിടിച്ചു നിന്നു. ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നത് മുറിവിൽ നിന്നുമുള്ള രക്തമാണെന്ന് ആദ്യം ശങ്കിച്ചെങ്കിലും ഗന്ധം കൊണ്ട് താൻ റെഡ് വൈനിൽ കുളിച്ചിരിക്കുകയാണെന്ന് അയാൾക്ക് ബോധ്യമായി. കാറിൽ വന്ന പിള്ളേർ വൈൻ പാക്കറ്റുകൊണ്ട് തന്നെ എറിഞ്ഞിരിക്കുന്നു!!!
സോളമൻ നോക്കിയപ്പോൾ കാറിൽ ഓസികളായ ടീനേജ് സംഘമാണ്. അയാളെ നോക്കി അവർ പൊട്ടിച്ചിരിച്ചു.
"ബ്ലഡ്‌ഡി ഏഷ്യൻ.." അവർ അയാളെ കൂകി വിളിച്ചുകൊണ്ട് കാറിൽ വന്ന വേഗതയിൽ തന്നെ പാഞ്ഞു പോയി.
താൻ ഇവിടെ വന്നിട്ട് വർഷം കുറെ ആയെങ്കിലും തന്റെ ഗതി ഇതു തന്നെയാണെല്ലോയെന്നു അയാൾ ഓർത്തു. കഴിഞ്ഞ മാസം സിറ്റിയിലൂടെ നടക്കുമ്പോൾ ഒരുത്തൻ വന്ന് പത്തു ഡോളർ അയാളോട് ചോദിച്ചു. കഷ്ടകാലത്തിന് സോളമൻ നോ പറഞ്ഞു. കൈമുഷ്ടി ചുരുട്ടി അവൻ സോളമൻ്റെ തലക്കിട്ട് ആഞ്ഞൊരിടി!!!
അന്ന് തലയിൽ പൊങ്ങി വന്ന മുഴ തലയിൽ തപ്പി നോക്കിയാൽ ഇപ്പോഴും കൈയ്യിൽ തടയും.
അഭിഷേകം ചെയ്ത വൈൻ അയാൾ ഒരുവിധത്തിൽ തുടച്ചു കളഞ്ഞു. വൈനിന്റെ അളവും താഴെ വീണു കിടക്കുന്ന അലുമിനിയം ഫോയിൽ കൊണ്ടു നിർമ്മിച്ച പാക്കറ്റും കണ്ടപ്പോൾ അഞ്ചു ലിറ്ററിന്റെ പാക്കറ്റ് കൊണ്ടാണ് ഓസികൾ എറിഞ്ഞിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.
എതിരെ വന്ന സായിപ്പും മദാമ്മയും അവരുടെ മൂക്ക് പൊത്തികൊണ്ട് വഴി മാറിപ്പോയി.
"പാവം ഏഷ്യൻ....ഇന്നലെ വല്ലാതെ കുടിച്ചു എന്നാണ് തോന്നുന്നത്." മദാമ്മ പറയുന്നതു കേട്ടപ്പോൾ കലിയിളകിയെങ്കിലും ആയാൾ നിയന്ത്രണം പാലിച്ചു. യോഗയുടെ ഗുണം കൊണ്ടുണ്ടായ ആത്മ നിയന്ത്രണം!!!
"എന്നെങ്കിലും നീയൊക്കെ ഇന്ത്യയിൽ വന്നു താമസമാക്കും. അപ്പോൾ ഞാൻ കാണിച്ചു തരാം"
അയാൾ മനസ്സിൽ പറഞ്ഞു.
പെട്ടെന്നാണ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജോളിയുടെ മുഖം അയാളുടെ മനസ്സിലേക്കോടിയെത്തിയത്.
മദ്യപിച്ചില്ല എന്ന് പറഞ്ഞാലും അവൾ വിശ്വസിക്കുകയില്ല. ഈ നാറുന്ന മണവുമായി അവളുടെ മുന്നിൽ ചെന്നാൽ ഇന്നത്തെ കാര്യം കുശാലായി !!!
സായിപ്പിന്റെ വൈൻ പാക്കറ്റുകൊണ്ടുള്ള ഏറ് സഹിക്കാം. എന്നാൽ അവളുടെ വായിൽ നിന്നും വരുന്നത് സഹിക്കുക വലിയ പ്രയാസമാണ്.
എന്നും വെകുന്നേരം സോളമൻ വീട്ടിൽ വരുമ്പോൾ ജോളി അയാളുടെ വായ് മണത്തു നോക്കി മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തിയിട്ടേ ഡ്യൂട്ടിക്ക് പോകുകയുള്ളൂ. രാത്രിയിൽ അയാൾ കുടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ മകൾ സാറയെ എൽപ്പുച്ചിട്ടുണ്ട്. സാറ ആ ജോലി ഭംഗിയായി ചെയ്യുന്നുമുണ്ട്!!! ഭർത്താവ് മദ്യപിക്കുന്നത് ജോളിക്ക് ഇഷ്ടമല്ല. അവളുടെ ആങ്ങള മൂക്കറ്റം കുടിക്കുന്നതിന് അവൾക്ക് ഒരു കുഴപ്പവും ഇല്ല!!! ഒരേ പാർട്ടിക്കുപോയി ഒരേ പോലെ കുടിക്കുന്ന താനും ടോമും!!!ജോളിയുടെ മുൻപിൽ ചെല്ലുമ്പോൾ താൻ അലവലാതിയും അവൻ നല്ലവനും ആകുന്നതെങ്ങിനെയെന്നു എത്ര ആലോചിച്ചിട്ടും അയാൾക്ക് പിടികിട്ടിയില്ല.
താൻ എങ്ങനെയായിരിക്കണം എന്ന് ശഠിക്കുന്ന അവൾ തന്റെ സങ്കൽപ്പങ്ങൾക്ക് പുല്ലുവില പോലും കല്പിച്ചിട്ടില്ല എന്ന് അയാൾക്കറിയാം.
മിക്കവാറും അവൾക്ക് നൈറ്റ് ഡ്യൂട്ടി ആണ്. രാത്രി എട്ടുമുതൽ രാവിലെ ആറു മണി വരെയാണ് നൈറ്റ് ഡ്യൂട്ടി !!!
നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത ദിവസം താൻ പരമാവധി നല്ലപിള്ള ചമഞ്ഞാലും ഒരു പ്രയോജനവും ഇല്ല.
ഒന്നുകിൽ അവൾക്ക് ഡ്യൂട്ടി കഴിഞ്ഞു വന്ന ക്ഷീണം!!! അല്ലെങ്കിൽ തലവേദന !!!അതുമല്ലെങ്കിൽ വയറു വേദന!!!
ഇതൊന്നുമില്ലെങ്കിൽ കുരുത്തംകെട്ട പിള്ളേർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കും!!!
പട്ടിണി കിടക്കുന്ന കുട്ടികൾ ബിരിയാണി കണ്ടതുപോലെ താൻ ആർത്തിയോടെ ചെല്ലുമ്പോൾ അവൾ ആക്രോശിക്കും.
"പോയിക്കിടന്ന് ഉറങ്ങാൻ നോക്ക് മനുഷ്യാ"
തന്റെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കാറില്ല എന്ന് അയാൾ ഓർത്തു.
ദുഃഖങ്ങൾ മറക്കുവാൻ രണ്ടു സ്മാൾ അടിക്കാമെന്നു കരുതിയാൽ അതും അവൾ കയ്യോടെ കണ്ടു പിടിക്കും. പിന്നീടുണ്ടാകുന്ന കാര്യം പറഞ്ഞറിയിക്കുവാൻ കൂടി വയ്യ!!!
അവളുടെ മുഖത്തു നോക്കി രണ്ടു വർത്തമാനം പറയണമെന്ന് അയാൾക്കാഗ്രഹം ഉണ്ട്. എന്നാൽ ജോളിയെ കാണുമ്പോൾ സോളമൻ കവാത്തു മറക്കും.
തിരിച്ചു നടക്കുമ്പോൾ അയാൾ പലപ്രാവശ്യം ശരീരം മണത്തു നോക്കി.
താൻ ഇനി എന്തു ചെയ്യും? അവൾ വരുന്നതിനു മുൻപ് വീടിന്റെ ഉള്ളിൽ കയറുവാൻ പറ്റിയാൽ താൻ രക്ഷപെട്ടു!!!
ഇന്ന് യോഗ ചെയ്യാതെ കുളിക്കുവാൻ കയറാം. കുളി കഴിയുമ്പോൾ മണം പമ്പ കടക്കും.
അയാൾ വേഗത്തിൽ നടന്നു.
എതിരെ വരുന്ന വെളുത്ത രൂപം കണ്ട് അയാളുടെ മനസ്സിൽ ഞെട്ടലുണ്ടായി.
"ഗ്രിഗറി അച്ചൻ." അയാൾ പിറുപിറുത്തു. അച്ചൻ കണ്ടാൽ എല്ലാം കുളമാകും. പിന്നെ മലയാളികളെല്ലാം ഒരു നിമിഷം കൊണ്ട് എല്ലാം അറിയും. അച്ചൻ ചിലപ്പോൾ ഒരു അസോസിയേഷൻ മീറ്റിങ്ങുതന്നെ നാളെ വിളിച്ചു കൂട്ടിയെന്നു വരാം.തന്റെ ഇമേജ് തകർന്നത് തന്നെ!!!
ബർമുഡയുടെ പോക്കറ്റിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ് ലൂക്ക മുഖത്തു ഫിറ്റു ചെയ്തു. അച്ചനെ കാണാത്ത ഭാവത്തിൽ വന്ന വഴിയേ വളരെ വേഗത്തിൽ അയാൾ തിരിച്ചു നടന്നു.
"എന്താടാ സോളമാ രാവിലെ തന്നെ ഫിറ്റാണോ?.കഷ്ടം അർദ്ധരാത്രിയിൽ കുട പിടിക്കുക എന്ന് കേട്ടിട്ടുണ്ട്. വെളുപ്പാൻ കാലത്തു കൂളിംഗ് ഗ്ലാസ്സ് വെച്ചയാളെ ആദ്യം കാണുകയാണ്.മദ്യത്തിന്റെ ശക്തി ഭയങ്കരം തന്നെ" പറച്ചലിന് ശേഷം അച്ചൻ ആസ്വദിച്ചു ചിരിച്ചു.
ഒരു വലിയ തെറിയാണ് മനസ്സിൽ വന്നതെങ്കിലും അച്ചനല്ലേ എന്ന് കരുതി സോളമൻ ക്ഷമിച്ചു. മറുപടിയൊന്നും പറയാതെ മറ്റൊരു വഴിയിലൂടെ അയാൾ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
വീടടുക്കും തോറും അയാളുടെ ചങ്കിടിപ്പ് വർദ്ധിച്ചു.
ജോളിയുടെ കാർ മുറ്റത്തു കണ്ടില്ല. അയാൾക്ക് ആശ്വാസം തോന്നി. തിടുക്കത്തിൽ അയാൾ കോളിംഗ് ബെല്ലിൽ വിരലുകൾ അമർത്തി.
കതകു തുറക്കാതായപ്പോൾ അയാൾ ഓർത്തു
"നാശങ്ങൾ രണ്ടാം നിലയിൽ കിടന്ന് ഉറങ്ങുകയായിരിക്കും"
കതകിൽ പതുക്കെ തള്ളിയപ്പോൾ അത് പൂട്ടിയിട്ടില്ല എന്ന് അയാൾക്ക് മനസ്സിലായി.
എന്തോ ഒരു പന്തികേട് മണത്ത അയാൾ വീടിനകത്തേക്ക് കയറി.
സ്വീകരണമുറിയിൽ പ്രവേശിച്ച സോളമൻ ഞെട്ടിപ്പോയി!!!
മേശപ്പുറത്തു വെച്ചിരുന്ന ലാപ്ടോപ്പ് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു!!!!
അയാൾ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരി തുറന്നു നോക്കി. അലമാരിയിൽ വെച്ചിരുന്ന കാമറ, ഐ പാഡ് പേഴ്‌സ് എന്നിവയും നഷ്ടപ്പെട്ടിരിക്കുന്നു.
തുറന്നു കിടന്നിരുന്ന ലോക്കറിൽതപ്പി നോക്കിയ അയാൾക്ക് തല കറങ്ങി.
ജോളിയുടെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു!!!
അയാൾ ഗാരേജിലേക്കു ഓടി. താൻ കഴിഞ്ഞ മാസം ലോൺ എടുത്തു വാങ്ങിച്ച ബെൻസ് കാർ കിടന്ന സ്ഥലം ശൂന്യമായി കിടക്കുന്നു!!!
"എന്റെ കർത്താവെ.. "രണ്ടു കൈകളും തലയിൽ വെച്ച് അയാൾ നിലത്ത് കുത്തിയിരുന്നു.
(തുടരും)
അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക