Showing posts with label Rajakumari. Show all posts
Showing posts with label Rajakumari. Show all posts

കഥയിലെ രാജകുമാരി - അദ്ധ്യായം 9

Image may contain: 1 person, smiling, phone
അദ്ധ്യായം 9
~~~~~~~~~
"എന്താ രാജൻ..... നമ്മുടെ ചോദ്യത്തിനുത്തരം അങ്ങേക്കറിവില്ല എന്നുണ്ടോ...?" ഗുരുക്കളുടെ കണ്ണുകളിലെ തീക്ഷ്ണത താങ്ങാനാവാത്ത വിധം ദേവപ്രതാപവർമ്മയുടെ ശിരസ്സ്‌ താഴ്ന്നു.
"രാജ്ഞിയുടെ മരണം....., അല്ല കൊലപാതകം..... അതിന്റെ പഴി ദേവകൾക്കോ അതോ അങ്ങയുടെ കരങ്ങൾക്കോ....?" അടക്കിപ്പിടിച്ചെങ്കിലും മൂർച്ചയോടെ ഗുരുക്കൾ ചോദിച്ചു.
ദേവപ്രതാപവർമ്മ ഞെട്ടി ചുറ്റും നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോൾ സങ്കടം മാറി പരിഭ്രമം നിറഞ്ഞിരുന്നു.
"അങ്ങ്.... അങ്ങെന്തൊക്കെയാണ്..... ഗുരുക്കളേ..... പറയുന്നത്....?" രാജാവിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
"രാജൻ... നാം ജ്യോതിഷത്തിൽ അഗ്രഗണ്യനും.., എന്റെ ഉപാസനാമൂർത്തികൾ ശക്തരാണെന്നുമുള്ള കാര്യവും അങ്ങു വിസ്മരിക്കരുത്.." ഒരു താക്കീത് പോലെ ഗുരുക്കൾ പറഞ്ഞപ്പോൾ കുനിഞ്ഞ ശിരസ്സോടെ നിൽക്കാനേ പ്രതാപവർമ്മയ്ക്ക് ആയൊള്ളു.
"എനിക്ക് ഞാൻ ഉപാസിക്കുന്ന മൂർത്തികൾ ആശുഭ കാര്യങ്ങൾ നടക്കുമ്പോൾ സൂചന നൽകാതിരിക്കില്ല.. നിങ്ങളുടെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ വരെ പണ്ടേക്കുപണ്ടേ ഗണിച്ചുകൂട്ടി വെച്ചിരിക്കുന്നവനാണ് ഞാൻ.. പിന്നെ നാഴിക വിനാഴികയിലെ എന്തെങ്കിലും പാകപ്പിഴകൾ കൊണ്ട് മാറിമാറിഞ്ഞേക്കാവുന്ന ഏതാനും അനർത്ഥങ്ങൾ പൂർണ്ണമായും ജാതകത്തിൽ എഴുതിയിട്ടില്ലെന്നു മാത്രം...." ഗുരുക്കൾ തുടർന്നു.
"എങ്കിലും അറിയേണ്ട വസ്തുക്കൾ പറയേണ്ടവരോട് സൂചിപ്പിക്കാറുണ്ട് നാം...."
പ്രതാപവർമ്മ മൗനം പൂണ്ടു. വസ്തുതകൾ ഒളിക്കാൻ ആവുന്നൊരാളുടെ മുൻപിലല്ല താൻ നിൽക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു.
"രാജൻ..., അങ്ങയുടെ ജാതകത്തിൽ ശുക്രൻ ഏഴിലാണ് നിന്നിരുന്നത്. ആയതിനാൽ സുന്ദരിയായ ഭാര്യ ഉള്ളപ്പോഴും അങ്ങു പരസ്ത്രീയെ തേടിപ്പോകുമെന്നു ഞാൻ പണ്ടേ അങ്ങയുടെ പിതാവിനോട് സൂചിപ്പിച്ചിരുന്നു..." അതു പറഞ്ഞപ്പോൾ ഗുരുക്കളുടെ സ്വരത്തിൽ ഒരു നിരാശ കലർന്നപോലെ തോന്നി. പ്രതാപവർമ്മയുടെ ശിരസ്സ്‌ താണു.
"ഒരു ക്ഷത്രിയന്റെ കയ്യിൽ രക്തം പുരളും എന്നുള്ളത് ഗണിക്കാതെ തന്നെ ഉറപ്പിക്കാമെങ്കിലും സ്വന്തം പത്നിയെ കൊന്നു കുളത്തിൽ തള്ളി അപകടമരണം ആക്കുമെന്നു നാമും ചിന്തിച്ചില്ല." മറുപടി ഇല്ലാതെ നിൽക്കുന്ന രാജാവിനെ നോക്കി ഗുരുക്കൾ തുടർന്നു.
ദേവപ്രതാപവർമ്മ ഉരുകുകയായിരുന്നു. കൊല്ലാൻ തനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. ഒരു കയ്യബദ്ധം പറ്റിയതാണെന്നു എങ്ങനെ പറയും. തന്റെ തെറ്റിനെ ന്യായികരിക്കാനാവാതെ അദ്ദേഹം നിശബ്ദനായി നിന്നു.
"ആരാണ് രാജൻ താങ്കൾ കണ്ടെത്തിയ പുതിയ വീയ്യപുരം രാജ്ഞി..?" പരിഹാസത്തോടെ ഗുരുക്കൾ ചോദിച്ചു.
"ഉത്തരാദേവിയുടെ അർദ്ധ സഹോദരി നിഹാര...." പതിഞ്ഞ ശബ്ദത്തിൽ പ്രതാപവർമ്മ പറഞ്ഞു
"കഷ്ട്ടം.... പൊന്നിന് പകരം കരിക്കട്ട....." ഗുരുക്കൾ പരിഹാസത്തോടെ പറഞ്ഞു.
"ഉത്തരാദേവിയെ പ്രസവിച്ചയുടൻ രക്തം വാർന്നു മരിച്ച സ്വപത്നിക്കു പകരം കോമളപുരം രാജന് സംഭവിച്ചൊരു അബദ്ധമാണ് നിഹാരയുടെ മാതാവ് ചിത്രാംഗത... അവളുടെ വിഷം അതേപോലെ പകർന്നു കിട്ടിയ അസുരവിത്താണ് നിഹാര..." ഗുരുക്കൾ ദേഷ്യത്തോടെ പറഞ്ഞു.
പ്രതാപവർമ്മ കണ്ണുകൾ ഇറുകെയടച്ചു. ഗുരുക്കൾ പറഞ്ഞതത്രയും നേരാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതോ ദുർബല നിമിഷത്തിൽ ജ്യേഷ്ഠന്റെ സ്ഥാനമുള്ള തന്നെ വശീകരിച്ചെടുത്തതാണ് അവൾ.
"സാരംല്യ രാജൻ... മിഥുനത്തിലെ പൂയം നാളിന്റെ രണ്ടാം പാദത്തിൽ ജനിച്ച സൗപർണ്ണിക അമ്മയ്ക്ക് അന്തകയാണെന്ന എന്റെ നിഗമനം അങ്ങു പ്രചരിപ്പിച്ചോളൂ. അച്ഛന്റെ കർമ്മഫലം മകളുടെ ജാതകദോഷത്തിനാൽ മറയപ്പെടട്ടെ... ഒരു രാജാവെന്ന നിലയിൽ അങ്ങു പ്രഗത്ഭനാണ്..." കുങ്കാര ഗുരുക്കൾ ഗൗരവമായി തന്നെ പറഞ്ഞു. എങ്കിലും ഗുരുക്കൾ തന്നെ പരിഹസിക്കുന്നത് തുടരുകയാണോ എന്ന സംശയേന പ്രതാപവർമ്മ ഒരേ നിൽപ്പ് തുടർന്നു.
"തൽക്കാലത്തേക്ക് അങ്ങൊന്നു അന്തഃപുരത്തിൽ നിന്നും പുറത്തിറങ്ങിയാലും രാജൻ.... എനിക്ക് കുമാരിയുടെ ജ്വരം മാറ്റാൻ ഇനിയും ചില വിദ്യകൾ പ്രയോഗിക്കേണ്ടതായി ഉണ്ട്..." ഗുരുക്കൾ ദേവപ്രതാപവർമ്മയ്ക്ക് പുറംതിരിഞ്ഞു നിന്നു പറഞ്ഞു. എന്തോ പറയാൻ മുരടനക്കിയ രാജാവിന്റെ വാക്കുകളെ തടഞ്ഞുകൊണ്ടു ഗുരുക്കളുടെ നാവ് വീണ്ടും ശബ്‌ദിച്ചു.
"അവിടെ അങ്ങയുടെ പത്നിയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആണ് നടക്കുന്നത്. പോയി പങ്കുകൊണ്ടാലും...."
തന്നെ പിൻതിരിഞ്ഞു നോക്കി നോക്കി പ്രതാപവർമ്മ പുറത്തേക്ക് പോവുമ്പോൾ സൗപർണ്ണികയുടെ അടഞ്ഞ കൺപോളകൾക്ക് താഴെ ധ്രുതവേഗം ചലിക്കുന്ന കൃഷ്ണമണികളിലേക്ക് അലിവോടെ നോക്കി നിൽക്കുകയായിരുന്നു കുങ്കാര ഗുരുക്കൾ.
********************
കൊച്ചു സൗപർണ്ണിക അന്തഃപുരത്തിലേക്ക് അടിവെച്ചടിവെച്ചു വരികയാണ്. തന്റെ തോളിൽനിന്നും നീണ്ടു ഇടതുകയ്യിൽ ചുറ്റിയിരിക്കുന്ന പട്ടു ദുപ്പട്ടയുടെ അഴിഞ്ഞു പോവുന്ന അറ്റം വീണ്ടും ശ്രദ്ധാപൂർവ്വം കയ്യിൽ ചുറ്റി വരികയാണ് അവൾ. അകമ്പടി സേവിക്കുന്ന തോഴിമാരുടെ കിലുങ്ങനെയുള്ള ചിരിയലകൾ അവളെ ചൊടിപ്പിക്കുന്നുണ്ട്. ഇന്ന് മുഴുവൻ ഇത്തരം പട്ടുവസ്ത്രങ്ങളും ചുറ്റിയുള്ള നിൽപ്പായിരുന്നു. ആദ്യം ആഹ്ലാദം തോന്നിയെങ്കിലും പിന്നീടത് മടുപ്പുളവാക്കി. ഉച്ചതിരിഞ്ഞുള്ള പതിവ് ഉറക്കവും ഇന്ന് നടന്നില്ല. അത്താഴത്തിനും ഏതൊക്കെയോ അതിഥികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തനിക്കീ പൊല്ലാപ്പും ചുമന്ന് ഭക്ഷണം കഴിക്കേണ്ടി വന്നത്. അതിന്റെ നീരസം മാറിയിട്ടില്ല ഇതുവരെ. അതിനും പുറമെയാണ് ഈ ഉത്തരീയം അഴിഞ്ഞു പോവുന്നതിൽ പരിഹസിച്ചുള്ള തോഴിമാരുടെ ചിരി.
"ഇനി ഞാൻ തനിച്ചു പൊയ്ക്കൊള്ളാം.. മതി അകമ്പടി..." അറയിലേക്കുള്ള വാതിൽക്കൽ എത്തിയപ്പോൾ സൗപർണ്ണിക പറഞ്ഞു. തോഴിമാർ പരസ്പരം നോക്കി പോവാതെ നിന്നപ്പോൾ സൗപർണ്ണിക വീണ്ടും തെല്ലു നീരസത്തോടെ അവരോടു തിരിച്ചുപോവാൻ പറഞ്ഞു.
ആദ്യ വാതിലിൽ വിരിച്ചിരിക്കുന്ന കട്ടിയുള്ള ചുവന്ന തിരശ്ശീല നീക്കി അൽപ്പം നടന്നപ്പോൾ അന്തഃപുരത്തിലേക്കുള്ള സുതാര്യമായ ഇളംപച്ച നിറത്തിൽ സ്വർണ്ണവർണ്ണത്തിലെ അഴികൾ പാകിയ വിരിയ്ക്കരുകിൽ എത്തി. അതിലൂടെ കടന്ന് അറയിൽ പ്രവേശിച്ചതും കയ്യിൽ ചുറ്റിയിരുന്ന പട്ടു ദുപ്പട്ട ആദ്യം കണ്ട പീഠത്തിലേക്ക് എറിയപ്പെട്ടു. കൊത്തുപണികൾ നിറഞ്ഞ ഒരു ആഭരണപ്പെട്ടിയിലേക്ക് കയ്യിലെ വളകൾ ബദ്ധപ്പെട്ടു ഊരിയിട്ടു അവൾ. ഭാരമേറിയ കണ്ഠാഭരണങ്ങൾ ശ്രദ്ധയോടെ ഊരിയ ശേഷം അവൾ ശയ്യയിലേക്ക് ചാഞ്ഞു. അറയിലെ വിളക്കുകൾ പൂർണ്ണമായും തെളിച്ചിട്ടില്ല. വാതിൽക്കൽ നിന്നുള്ള വിളക്കിലെ പ്രകാശം ശയ്യയ്ക്ക് അരികെവരെ എത്തുന്നില്ല. ഉറങ്ങാൻ പറ്റിയ അന്തരീക്ഷം.... രാജകുമാരി കരുതി.
ശയ്യയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് സൗപർണ്ണിക രാജകുമാരി. നല്ല ക്ഷീണം ഉണ്ടെങ്കിലും അമ്മ ഉത്തര ഇത് വരെ എത്തിയിട്ടില്ല എന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ല. അത്താഴത്തിനു ശേഷം നിഹാര ചെറിയമ്മയുടെ അറയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടായിരുന്നു. എന്താണാവോ ഇത്ര സംസാരിക്കാൻ. നിഹാരയെ കുറിച്ചോർത്തപ്പോൾ സൗപർണ്ണികയ്ക്ക് നീരസം തോന്നി. തനിക്കു നേരെ ഒന്നു ചിരിക്കുക പോലുമില്ല അശ്രീകരം. ഉത്തര അമ്മയ്ക്ക് എങ്ങനെ ഇങ്ങനത്തെ അനിയത്തി ഉണ്ടായോ എന്തോ... ഓരോന്നും ആലോചിച്ചു അവൾ ചെറുതായി മയങ്ങിപ്പോയി.
എന്തോ തട്ടിവീഴുന്ന ശബ്‌ദം കേട്ടാണ് സൗപർണ്ണിക കണ്ണു തുറന്നത്. ആദ്യം അവൾക്കൊന്നും വ്യക്തമായില്ല.... താൻ സ്വപ്നം കാണുന്നത് ആണോ അതോ യാഥാർഥ്യമോ...? പിതാവ് പ്രതാപവർമ്മയുടെ കരുത്താർന്ന കൈകളിൽ കിടന്നു പിടയുകയാണ് അമ്മ ഉത്തരാദേവി.
"ഞാൻ സമ്മതിക്കില്ല ഈ ബന്ധം.... ഇത് ചതിയാണ്..." ഉത്തര ചീറുകയാണ്. പ്രതാപവർമ്മ ഉത്തരയുടെ വായ പൊത്താൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. "ചതിയൻ.... നീചൻ... ഞാനിത് എല്ലാരേയും അറിയിക്കും." അവർ പുലമ്പിക്കൊണ്ടിരുന്നു.
പെട്ടെന്ന് പ്രതാപവർമ്മ ഉത്തരാദേവിയുടെ കഴുത്തിൽ പിടിമുറുക്കി. "നിന്നെ നിശബ്ദയാക്കാൻ ഞാനൊന്നു നോക്കട്ടെ...."
ഉത്തരയുടെ കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞു വന്നു. അവരുടെ വെളുത്തു സുന്ദരമായ കൈകൾ വായുവിൽ തപ്പിത്തടഞ്ഞു പ്രതാപവർമ്മയുടെ തോളിൽ പ്രഹരിച്ചുകൊണ്ടേയിരുന്നു. കൊച്ചു സൗപർണ്ണിക പേടിച്ചു കണ്ണടച്ചു. ക്രമേണ മുറിയിലെ ശബ്‌ദം നിലച്ചു.... കിളിവാതിലുകൾ കടന്നു വരുന്ന കാറ്റ് പോലും നിശ്ചലമായി. കാലടികളുടെ ശബ്ദം മുറിയിൽ അങ്ങോളമിങ്ങോളം മുഴങ്ങി.
കൊച്ചു സൗപർണ്ണിക കണ്ണുകൾ തുറന്നപ്പോൾ പ്രതാപവർമ്മ ഉത്തരയുടെ ശരീരം തോളിലേറ്റി അറയിൽ നിന്നും കുളത്തിലേക്കുള്ള രഹസ്യ ഇടനാഴിയിലേക്ക് നടക്കുന്നു. സൗപർണ്ണിക ഭീതിയോടെ കാത്തിരുന്നു. നിമിഷങ്ങൾ കടന്നുപോയി. ദേവപ്രതാപവർമ്മ മാത്രം തിരികെ വന്നു. അപ്പോഴാണയാൾ ശയ്യയിൽ കിടക്കുന്ന സൗപർണ്ണികയെ കണ്ടത്. രാജകുമാരി എപ്പോഴാണ് വന്നതെന്നറിയാതെ അയാൾ കുഴങ്ങി. ഒരുവേള ശങ്കിച്ചു നിന്നശേഷം അദ്ദേഹം കുമാരിയുടെ അടുത്തേക്ക് വന്നു. അവൾ മിഴികൾ ഇറുകെയടച്ചു. അല്പനേരം കഴിഞ്ഞു കാലടികൾ അകന്നു പോവുന്നതായി അവൾ അറിഞ്ഞു. സൗപർണ്ണിക വേഗം രഹസ്യ ഇടനാഴിയുടെ വാതിൽക്കൽ ചെന്നു. ഇരുണ്ട ഇടനാഴി അവളിൽ ഭീതി ജനിപ്പിച്ചു.
"അമ്മേ.... " ഇരുട്ടിലേക്ക് നോക്കി അവൾ വിളിച്ചു. ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച ശബ്ദം അവളെ കൂടുതൽ ഭയചകിതയാക്കി. ഇടറുന്ന കാലടികളോടെ അവൾ തിരികെ ശയ്യക്കരുകിലേക്കെത്തി. തളർന്നു ശയ്യയിലേക്ക് ചാഞ്ഞ അവളുടെ ശരീരം ചുട്ടുപൊള്ളാൻ തുടങ്ങി. "അമ്മേ... അമ്മേ....." അവളിൽ നിന്നും ഞരക്കം പോലെ ഒരു ശബ്ദം ഉണ്ടായി.
****************
"അമ്മേ........" ഒരു നിലവിളിയോടെ സൗപർണ്ണിക കണ്ണുകൾ തുറന്നു. നെറുകയിൽ കുങ്കാര ഗുരുക്കൾ തിരുമ്മിയ ഭസ്മത്തിന്റെ നനുത്ത ഗന്ധം മൂക്കിൽ അടിച്ചപ്പോൾ അവൾക്കൊരു കുളിർമ്മ തോന്നി. കുങ്കാര ഗുരുക്കൾ അവളുടെ നെറ്റിമേൽ കൈവെച്ചു ശരീരതാപം അളന്നു. പ്രാർത്ഥനയോടെ മരുന്നു ജലം അവളുടെ ചുണ്ടിലേക്ക് ഇറ്റിച്ചു. സൗപർണ്ണിക തളർന്ന മിഴികളോടെ ചുറ്റിനും നോക്കി. ഇടനാഴിയിലേക്കുള്ള വാതിലിൽ നോട്ടം എത്തിയതും അവളുടെ മിഴികളിൽ ഭീതി തെളിഞ്ഞു.
"സൗപർണ്ണിക കുമാരി...." ഗുരുക്കൾ ശാന്തമായി വിളിച്ചു.
"മറക്കുക എല്ലാം.... റാണി ഉത്തരാദേവി ഇനി ഇല്ല..... രാജാവ് മാത്രം നിനക്കിനി ആശ്രയം.... രാജാവ് നിന്നെ കാത്തുകൊള്ളും. കണ്ട കാര്യങ്ങൾ ആരോടും ചൊല്ലേണ്ട....." ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന സൗപർണ്ണികയോട് ഗുരുക്കൾ പറഞ്ഞു. നിറഞ്ഞൊഴുകുന്ന കുഞ്ഞുമിഴികൾ നോക്കി ഗുരുക്കൾ ശാന്തനായി എന്തോ വീണ്ടും പറയാനാഞ്ഞു.
അതേ സമയം അന്തഃപുരത്തിൽനിന്നും പശ്ചാത്താപം നിറഞ്ഞ മനസ്സോടെ ഇറങ്ങിയ ദേവപ്രതാപവർമ്മയെ എതിരേറ്റത് കോപം ജ്വലിക്കുന്ന രണ്ടു മിഴികൾ ആയിരുന്നു. അത് കണ്ടതും അദ്ദേഹം കാലുകൾ നിശ്ചലമായി.
(തുടരും.......)

കഥയിലെ രാജകുമാരി - അദ്ധ്യായം 8



അദ്ധ്യായം 8
~~~~~~~~~
"ദിയേ.... നിന്നെ അമ്മൂമ്മ വിളിക്കുന്നു...." റൂമിന്റെ വാതിൽക്കൽ നിന്നും നിത്യ വിളിച്ചു പറഞ്ഞപ്പോൾ ദിയ ഞെട്ടി കണ്ണുകൾ തുറന്നു. നെറ്റിയുടെ മീതേ വെച്ചിരുന്ന വലത് കൈത്തലം എടുക്കാതെ തന്നെ എന്തിനെന്ന ചോദ്യഭാവത്തിൽ അവൾ നിത്യയെ നോക്കി.
"ആവോ.... നീ ഇന്ന് താഴേക്ക് അധികം വന്നില്ലല്ലോ... അമ്മൂമ്മ ഇടക്കിടെ വന്ന് നോക്കുന്നുണ്ടായിരുന്നു. ഊണിനും താമസിച്ചല്ലേ നീ വന്നത്..." റൂമിലേക്ക് കയറിക്കൊണ്ടു നിത്യ പറഞ്ഞു.
"സുഖമില്ലേഡീ...?" നിത്യ ദിയയുടെ കവിളിലും നെറ്റിയിലും കൈത്തലം വെച്ചു നോക്കി.
"ഒന്നൂല്ല... ഒരു ക്ഷീണം..." ദിയ മടുപ്പോടെ പറഞ്ഞു.
"അതേയ് ഒന്നും ചെയ്യാണ്ട് ഇരുന്നിട്ടാ... നാളെ നമുക്ക് ഒന്നു കറങ്ങാൻ പോവാം.. അപ്പോൾ മടുപ്പൊക്കെ മാറും..." നിത്യ ആവേശത്തോടെ പറഞ്ഞു. ദിയ മങ്ങിയ ഒരു പുഞ്ചിരി മറുപടിയായി നൽകി.
"ഇപ്പോൾ നീ താഴേക്ക് ചെല്ലൂ..." നിത്യ അവളുടെ കൈപിടിച്ചു എഴുന്നേല്പിച്ചുകൊണ്ടു പറഞ്ഞു.
ദിയ എഴുന്നേറ്റ് മുഖം കഴുകിയ ശേഷം മൊബൈലും എടുത്തു താഴേക്ക് പോയി. കൂടെ നിത്യയും. താഴെ ചെന്നപ്പോൾ സുമതിയമ്മ ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ട്. അവരുടെ ഉളുക്കിയ വലതുകാലിൽ ഇപ്പോഴും ബാൻഡേജ് ചുറ്റിയിരുന്നു. നടക്കുമ്പോൾ ചെറിയ വേദന മൂലം അവർ ഏന്തിയാണ് നടക്കുന്നത്. ദിയ അവർക്കരികിലായി ചെന്നിരുന്നു.
"എന്താ അമ്മൂമ്മേ തിരക്കിയത്...?" ദിയ ഒരു പുഞ്ചിരി വരുത്തി ചോദിച്ചു.
"ഒന്നൂല്ല്യ മോളേ... നിന്നെ ഇന്ന് താഴത്തേക്കധികം കണ്ടില്ലല്ലോ...."സുമതിയമ്മ ദിയയുടെ ഷാംപൂ തേച്ചു മിനുക്കിയ ശേഷം അഴിച്ചിട്ട മുടിയിഴകളിലൂടെ കയ്യോടിച്ചു. "പട്ടുനൂല് പോലെ ഉണ്ട്..." അവർ ആശ്ചര്യത്തോടെ പറഞ്ഞു.
ദിയക്ക് അമ്മൂമ്മയുടെ നിഷ്‌കളങ്കമായ വാക്കുകൾ കേട്ട് ചിരി വന്നു. ഇത്തവണ അവളുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ പുഞ്ചിരി അവളുടെ മുഖത്തെ കൂടുതൽ പ്രകാശമാനമാക്കി.
"കിടക്കുവായിരുന്നു അമ്മൂമ്മേ..." അവൾ സ്വരത്തിൽ ക്ഷീണത്തിന്റെ ലാഞ്ജന കലർത്തിയ ശേഷം അവരുടെ മടിയിൽ തലവെച്ചു കിടന്നു.
"രാജകുമാരിക്ക് ശരിക്കും മറ്റേ ദോഷം ഉണ്ടായിരുന്നോ അമ്മൂമ്മേ..." ദിയയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് സുമതിയമ്മ അമ്പരന്നു.
"ഏത് രാജകുമാരി...?" അവർ ചോദിച്ചു.
"സൗപർണ്ണിക രാജകുമാരി..." ദിയ ഓർമ്മിപ്പിച്ചു.
"ആഹാ.... ആ കഥ നമ്മൾ തുടങ്ങിവെച്ചായിരുന്നു അല്ലേ..." സുമതിയമ്മ ഒന്നു പുഞ്ചിരിച്ചു.
"ഇന്ന് ബാക്കി പറയാമോ അമ്മൂമ്മേ..." ദിയ എതിർവശത്തെ ഭിത്തിയിലേക്ക് മിഴികളൂന്നി ചോദിച്ചു.
"നമ്മൾ എവിടെ വരെയാണ് പറഞ്ഞു നിർത്തിയത് കുട്ട്യേ?" സുമതിയമ്മ ഓർമ്മയിൽ പരതി.
"സൗപർണ്ണിക കുമാരിക്കു എന്തോ ദോഷമുണ്ടെന്നു രാജഗുരു ദേവപ്രതാപവർമ്മയോട് പറയുന്നിടം വരെ..." ദിയ അത് പറഞ്ഞു നിർത്തിയതും നിത്യയും ഹാളിലേക്ക് വന്ന് അടുത്തുള്ള സോഫാചെയറിൽ സ്ഥാനം പിടിച്ചു.
"ആഹ്... അതന്നെ..... രാജകുമാരിക്ക് കേമദ്രുമയോഗത്തോടൊപ്പം മറ്റെന്തൊക്കെയോ ദോഷങ്ങൾ ഉണ്ടെന്ന് കുങ്കാര ഗുരുക്കൾ പറയുന്നത് വരെ അല്ലേ...?" സുമതിയമ്മ ചോദിച്ചു.
"രാജകുമാരിക്ക് എന്തുകൊണ്ടാ ആ ദോഷം ഉണ്ടായത് അമ്മൂമ്മേ...?" ആദ്യമായി കഥ കേൾക്കാൻ ഇരുന്ന നിത്യ സംശയം ചോദിച്ചു.
ദിയക്ക് ചെറുതായി ദേഷ്യം വന്നു. ആദ്യം മുതലേ കേൾക്കാൻ വരാഞ്ഞിട്ട് ഇടയ്ക്ക് വന്നു ചോദ്യങ്ങൾ ചോദിക്കുന്ന സമയംകൊല്ലി.... അവൾ മനസ്സിൽ വിചാരിച്ചു. എന്നാൽ സുമതിയമ്മക്ക് ഒട്ടും നീരസം തോന്നിയില്ല.
"അതോ നിത്യമോളേ.... ഈ രാജകുമാരി..., സൗപർണ്ണിക..., മിഥുനമാസത്തിലെ പൗർണ്ണമി ദിനത്തിലെ മോശം സമയത്താണ് ജനിച്ചത്." അവർ നിത്യയോടായി പറഞ്ഞു.
"അമ്മൂമ്മേ..., രാജഗുരു സംശയിച്ച നിമിത്തങ്ങൾ സൗപർണ്ണികയുടെ ജീവിതത്തിൽ അഞ്ചു വയസ്സിനു മുൻപേ നടന്നോ..?" ദിയ അറിയാനായി തിടുക്കം കൂട്ടി.
"ഉവ്വ്.... ആ നിമിത്തങ്ങൾ അവളുടെ ജീവിതത്തിൽ സംഭവിച്ചു.. അവളുടെ ജീവിതത്തെ തന്നെ ബാധിച്ച നിമിത്തങ്ങൾ..." സുമതിയമ്മ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു.
ആകാംഷ നിറഞ്ഞ മുഖത്തോടെ ദിയയും കഥയുടെ ആദ്യ ഭാഗം പൂർണ്ണമായും മനസ്സിലാവാത്ത ആശങ്കയോടെ നിത്യയും സുമതിയമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
★★★★★★★★★★★★★
വീയ്യപുരം ചെറിയ കൊട്ടാരത്തിന്റെ ഏറ്റവും ഉയർന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള താഴികക്കുടത്തിനു മീതേ പാറിക്കളിക്കുന്ന കറുത്ത കൊടിയാണ് പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒറ്റക്കുതിരയെ പൂട്ടിയ തേരിൽ വരുമ്പോൾ കുങ്കാര ഗുരുക്കൾ ആദ്യം കണ്ടത്. ഗൗരവം നിറഞ്ഞ അദ്ദേഹത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. തോളിൽ തൂക്കിയിട്ടിരുന്ന ചുവന്ന പട്ടു സഞ്ചിയിൽ അദ്ദേഹം പിടിമുറുക്കി. "തീവ്രം...." ഗുരുക്കൾ തേരാളിയോടായി ആജ്ഞാപിച്ചു. തേരാളിയുടെ വലതുകൈ കടിഞ്ഞാണിൽ മുറുകിയതും ചെമ്പൻ കുതിര ശരവേഗം ആ പാതയിലൂടെ പാഞ്ഞു.
പടിപ്പുരയിൽ നിർത്തിയ രഥത്തിൽ നിന്നുമിറങ്ങി കൊട്ടാരത്തിനകത്തേക്ക് നടക്കുമ്പോൾ ചുറ്റിനും കണ്ടവരൊക്കെയും ശുഭ്രവസ്ത്രധാരികൾ ആയിരുന്നു. അവരുടെയൊക്കെയും മുഖങ്ങളിൽ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു. സഭാതളത്തിന്റെ ഒരുവശത്തു പലപല തളികകളിൽ വിലമതിക്കാനാവാത്ത ആഭരണങ്ങളും വിശിഷ്ട്യ പട്ടുവസ്ത്രങ്ങളും ശ്രേഷ്ഠങ്ങളായ കളിക്കോപ്പുകളും ആരാലും ശ്രദ്ധിക്കാതെ ഇരിപ്പുണ്ടായിരുന്നു. അതിനും ഒരു കോണിൽ പല വർണ്ണത്തിലെ പാട്ടുതുണികൾ കൊണ്ട് നിർമ്മിച്ച കൊടിതോരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും കൂട്ടി ഇട്ടിരുന്നു. അഞ്ചു നാൾക്ക് മുൻപ് അവ ഈ സഭാതളത്തിന്റെ ഉൾവശം അലങ്കരിച്ചുകൊണ്ടു പാറിപ്പറന്നു നിന്നവയാവാം. കാരണം അഞ്ചു നാൾ മുൻപ് സൗപർണ്ണിക രാജകുമാരിയുടെ നാലാം പിറന്നാൾ ആയിരുന്നു.
ആരവങ്ങൾ ഇല്ലാത്ത സഭാതളത്തിൽ നിന്നും ഇടത്തേക്ക് തുറക്കുന്ന വാതിലിലൂടെ കുങ്കാര ഗുരുക്കൾ നടുമുറ്റത്തെ ചുറ്റുന്ന വരാന്തയിലേക്കിറങ്ങി. വാതിലുകൾക്ക് ഇരുവശവും നിൽക്കുന്ന ഭടന്മാർ ഗുരുക്കളോടുള്ള ആദരസൂചകമായി തല കുമ്പിട്ടു. നടുമുറ്റത്തു വെള്ളമുണ്ട് തറ്റുടുത്ത പൂജാരിമാർ ആത്മാവിന് നിത്യശാന്തി ലഭിക്കാൻവേണ്ടിയുള്ള പ്രാർത്ഥനാകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവിടെ നിലത്തു വെറും പുല്ലുപായയിൽ ആഭരണവിഭൂഷണങ്ങളും ചമയങ്ങളും ഇല്ലാതെ വെള്ളവസ്ത്രങ്ങളണിഞ്ഞു നിറമിഴികളോടെ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്ന അമ്മ മഹാറാണി ഉമാദേവിയും മറ്റ് സ്ത്രീജനങ്ങളും.
കുങ്കാര ഗുരുക്കളുടെ മിഴികൾ ആരെയോ തേടിയെന്നപോൽ ചുറ്റിനും പരതി. ഒടുവിൽ എതിർവശത്തെ തൂണിൻ ചാരെ ദുഃഖിതനായി നിൽക്കുന്ന ദേവപ്രതാപവർമ്മയെ കണ്ടതും ഗുരുക്കളുടെ മിഴികൾ ഒന്നു പിടഞ്ഞു. അദ്ദേഹം വേഗം രാജാവിനടുത്തേക്ക് നടന്നു.
"രാജൻ...." കുങ്കാര ഗുരുക്കൾ മെല്ലെ വിളിച്ചു.
"ഗുരോ.... അങ്ങോ.... കണ്ടില്ലേ ഗുരുക്കളേ നമ്മുടെ അവസ്ഥ.... ഈ വിയോഗം നാം എങ്ങനെ സഹിക്കും..." ഇടറിയ വാക്കുകളോടെ പ്രതാപവർമ്മ വിരൽചൂണ്ടിയ ദിക്കിലേക്ക് ഗുരുക്കൾ നോക്കി. അവിടെ സിംഹാസനത്തോളം പോന്നൊരു പീഠത്തിൽ താമരമൊട്ടുകൾ കൊരുത്ത മാലചാർത്തി വെച്ചിരിക്കുന്ന ഉത്തരാദേവിയുടെ ഛായാചിത്രം.
"നമ്മുടെ പ്രിയപത്നി..... ഉത്തര..... അവൾ എന്നേയും നമ്മുടെ രാജകുമാരി സൗപർണ്ണികയേയും തനിച്ചാക്കി ഇഹലോകം വെടിഞ്ഞിരിക്കുന്നു...." അത്യധികം ദുഃഖത്തോടെയുള്ള രാജാവിന്റെ വാക്കുകൾ ക്ഷമയോടെ ഗുരുക്കൾ കേട്ടു നിന്നു.
"നമ്മുടെ പ്രിയപുത്രി സൗപർണ്ണിക...., അമ്മയുടെ വിയോഗത്തിന്റെ അന്നുതൊട്ടു ജ്വരം പിടിപെട്ടു കിടപ്പിലാണ്... അമ്മേ .., അമ്മേ..., എന്നൊരു വാക്ക് മാത്രമേ അവൾ ഉച്ചരിക്കുന്നൊള്ളു... പിതാവായ എന്റെ സാമീപ്യം പോലും അവൾക്ക് ആശ്വാസം നൽകുന്നില്ല...." പ്രതാപവർമ്മ മിഴിനീർ തുടച്ചു.
വീരശൂരപരാക്രമിയായ തന്റെ രാജാവ് മിഴിനീർ വാർത്തുന്നത് കണ്ടിട്ടും കുങ്കാര ഗുരുക്കളുടെ മുഖത്തെ ഇരുളിമ മാഞ്ഞില്ല. അവിടെ സഹതാപത്തിന്റെ അലകൾ തെളിഞ്ഞില്ല. ഗൗരവം ഒട്ടും ചോരാതെ അദ്ദേഹം ആവശ്യപ്പെട്ടു..., "നമുക്ക് രാജകുമാരിയെ ഒന്നു കാണണം രാജാവേ..."
മിഴിനീർ തുടച്ച ശേഷം രാജാവ് ഗുരുക്കൾക്ക് വഴികാട്ടിയായി അന്തഃപുരത്തിലേക്ക് നടന്നു. അവിടെ വലിയ കട്ടിലിന്റെ മദ്ധ്യത്തിലായി വാടിയ താമരത്താണ്ട് പോലെയൊരു ബാലിക... എന്തൊക്കെയോ ലേപനങ്ങൾ അരച്ചുതേച്ച അവളുടെ വിടർന്ന നെറ്റിയിലേക്ക് മുകളിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ കലശത്തിൽ നിന്നും ഇറ്റു വീഴുന്ന ഔഷധികൾ കലർന്ന ജലം. അരുകിൽ വെൺ ചാമരവും ഏന്തി നിന്ന തോഴിമാർ രാജാവിനേയും ഗുരുക്കളേയും കണ്ടു തലകുനിച്ചു.
"നോക്കൂ ഗുരുക്കളേ.... എന്റെ പുത്രി..... അവൾക്ക് മരണത്തെക്കുറിച്ചു എന്തറിയാം..... പാവം എന്റെ പുത്രി. അമ്മയെ കാണാത്ത വിഷമത്തിൽ ആണവൾ.." രാജാവ് പറഞ്ഞുതുടങ്ങിയതും തോഴിമാരോട് പുറത്ത് പോവാൻ ഗുരുക്കൾ ആംഗ്യം കാട്ടി.
ഒരുവേള നിർത്തിയ ശേഷം പ്രതാപവർമ്മ വീണ്ടും പറയാൻ തുടങ്ങി....,
"എന്തിനാണ് അവൾ നമ്മെ ഇവിടെ ഒറ്റയ്ക്കാക്കി മരണത്തിന്റെ കൈകളിലേക്ക് പോയത്... ദൈവങ്ങൾ ഇത്ര കണ്ണിൽച്ചോര ഇല്ലാത്തവരോ...."
ഗുരുക്കൾ ഗൗരവം വിടാതെ കലശത്തിലെ ജലവും അരച്ചു വെച്ചിരിക്കുന്ന ലേപനവും പരിശോധിക്കാൻ തുടങ്ങി. ശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു നുള്ള് ഭസ്മം എടുത്ത് രാജകുമാരിയുടെ നെറുകയിൽ പ്രാർത്ഥനയോടെ തിരുമ്മി. രാജാവ് നിശബ്ദനായി അതെല്ലാം നോക്കി നിന്നു.
"രാജ്ഞിയെ മരണത്തിലേക്ക് തള്ളിവിട്ടതാണെങ്കിലോ....?" നിശബ്ദതയെ ഭേദിച്ചു വന്ന കുങ്കാര ഗുരുക്കളുടെ ചോദ്യം കേട്ട് രാജാവൊന്നു ഞെട്ടിയപോലെ.
"കാശി ദേശത്തേക്കൊരു യാത്ര പോയ നാം പകുതി വഴിയിൽ തിരികെ വരണമെങ്കിൽ നമുക്കത്തിനു തക്ക ജ്ഞാനം സിദ്ധിച്ചിട്ടുണ്ടെന്നു വെച്ചോളൂ രാജൻ..." കുങ്കാര ഗുരുക്കളുടെ അളന്നുമുറിച്ച വാക്കുകൾ കേട്ട് തണുത്തുറഞ്ഞൊരു ശില പോലെ ദേവപ്രതാപവർമ്മ രാജാവ് നിന്നു.
(തുടരും.....)

കഥയിലെ രാജകുമാരി - അദ്ധ്യായം 7


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
അദ്ധ്യായം 7
~~~~~~~~~
അത്താഴം കഴിച്ചുകഴിഞ്ഞു സ്വന്തം മുറിയിലേക്ക് പോകവേയാണ് തന്റെ മൊബൈൽ ഫോൺ അമ്മൂമ്മയുടെ മുറിയിൽ വെച്ചിരിക്കുകയാണെന്ന കാര്യം ദിയ ഓർത്തത്. അതെടുക്കാൻ സുമതിയമ്മയുടെ മുറിയിൽ എത്തിയപ്പോൾ അവർ കട്ടിലിൽ കാലുകൾ നീട്ടിയിരുന്നു രാമനാമം ജപിക്കുകയായിരുന്നു. പണ്ടുതൊട്ടേയുള്ള ശീലമാണത്. രാത്രി കിടക്കുന്നതിനു മുൻപ് കാല് കഴുകിത്തുടച്ചു രാമനാമം ചൊല്ലിയിട്ടേ കിടക്കൂ. ഉറക്കത്തിൽ മരിച്ചുപോയാൽ സ്വർഗ്ഗരാജ്യത്തു പ്രവേശനം കിട്ടാൻ ആണെന്നോ മറ്റോ പണ്ട് അമ്മൂമ്മ പറഞ്ഞത് ദിയയുടെ ഓർമ്മയിൽ ഓടിയെത്തി.
ഒരു പുഞ്ചിരിയോടെ അവൾ അമ്മൂമ്മയെ ശല്ല്യപ്പെടുത്താതെ മേശമേൽ കിടക്കുന്ന തന്റെ ഫോൺ എടുത്തു മുറിയിലേക്ക് നടന്നു. ഫോണിന്റെ മുകൾഭാഗത്തു വലതുവശത്തായി കടുകുമണി വലുപ്പത്തിൽ ചുവപ്പും പച്ചയും വെള്ളയും നോട്ടിഫിക്കേഷൻ ലൈറ്റുകൾ മാറിമാറി തെളിയുന്നുണ്ടായിരുന്നു.
മുറിയിൽ എത്തിയതും അവൾ പാസ്സ്‌വേർഡ്‌ ടൈപ്പ്‌ ചെയ്ത് ഫോൺ ഓൺ ചെയ്തു. നോട്ടിഫിക്കേഷൻസ് എല്ലാം ഒന്നിച്ചു കാണുവാനായി അവൾ ഫോണിന്റെ മുകളിൽ നിന്നും താഴേക്ക് ചൂണ്ടുവിരൽകൊണ്ടു വലിക്കുന്നപോൽ ചെയ്തു. അവളുടെ വിരൽത്തുമ്പിനു പിന്നാലെ ഒഴുകിയിറങ്ങിയ കറുത്ത പ്രതലത്തിൽ വെള്ള അക്ഷരങ്ങളിൽ അവളെ പല രീതിയിൽ ബന്ധപ്പെടാൻ ശ്രമിച്ചു പറ്റാതെപോയ ആളുകളുടെ വിവരങ്ങൾ നിറഞ്ഞു നിന്നു. ആകെ പത്ത് മിസ്ഡ്കോളുകൾ...., വാട്സ്ആപ്പിൽ അഞ്ചു പേരിൽ നിന്നുമായി എഴുപതോളം സന്ദേശങ്ങൾ...., രണ്ടു സിമ്മിലേക്കുമായി ആറ് മെസ്സേജുകൾ, പിന്നെ കുറേ ഫേസ്ബുക് നോട്ടിഫിക്കേഷനുകളും.
ആദ്യം അവൾ വാട്‌സ്ആപ്പ് സന്ദേശങ്ങൾ നോക്കി. ആറുപതോളം സന്ദേശങ്ങൾ ഒരു ഗ്രൂപ്പിൽ നിന്നും പിന്നെ കോളേജിലെ മൂന്ന് കൂട്ടുകാരികളിൽ നിന്നുമാണ്. കൂട്ടുകാരികളുടെ വിശേഷങ്ങൾ ചോദിച്ചുള്ള സന്ദേശങ്ങൾക്ക് മറുപടി അയച്ചശേഷം അവൾ കോളേജ് ഗ്രൂപ്പിൽ കയറി ഒന്ന് ഓടിച്ചുനോക്കി. വെറുതെ ഏതോ ഒരു വീഡിയോ സോങ്ങിനെ കുറിച്ചുള്ള ചാറ്റിംഗ് ആയിരുന്നു അത് മുഴുവൻ.
ഒടുവിൽ അവൾ വിവേക് എന്ന പേരിൽ വന്ന പത്ത് സന്ദേശങ്ങൾ തുറന്നു നോക്കി. "ഹലോ.." "എവിടാ..?" "എന്താ ഫോൺ എടുക്കാത്തെ...?" തുടങ്ങിയ ചോദ്യങ്ങൾക്കൊടുവിൽ പാവം കുറേ ചുവന്ന ക്രുദ്ധമുഖങ്ങളും അയച്ചിരുന്നു. ദിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "സോറി ഡിയർ...." എന്നു ടൈപ്പ് ചെയ്തശേഷം കുറേ ചുംബന സ്മൈലികളുമായി അവൾ തിരിച്ചൊരു സന്ദേശം അയച്ചു.
പിന്നീട് അവൾ കോൾ ലിസ്റ്റ് നോക്കാൻ തുടങ്ങി. പത്തിൽ എട്ട് മിസ്ഡ് കോളും വിവേകിന്റെ ആണ്. പല സമയത്തായി ഉള്ളവ. ബാക്കി രണ്ടെണ്ണം അച്ഛന്റെ ആണ്. അവൾ ഇഷ്ട്ടക്കേട് വെളിവാകുംവിധമൊന്നു ചുണ്ട് കോടിയ ശേഷം വിവേകിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. രണ്ടു ബെല്ലടിച്ചതും മറുപുറത്തു കോൾ എടുത്തു. പക്ഷേ ഒന്നും മിണ്ടുന്നില്ല. വിവേക് പിണങ്ങി എന്നവൾക്കു മനസ്സിലായി.
"ഹെല്ലോ......" അവൾ നീട്ടിവിളിച്ചു. മറുപുറത്തുനിന്നും മറുപടിയൊന്നുമില്ല.
"ഹലോ... ഹലോ...." ദിയ കൊഞ്ചിക്കൊണ്ടു വീണ്ടും വിളിച്ചു. വീണ്ടും നിശബ്ദത തന്നെ.
"ഡാ മുഖം കൂർപ്പിച്ചിരിക്കുന്ന മീശ കിളിർക്കാത്ത വിവേകേ...." എന്നു ദിയ മുഴുമിപ്പിച്ചില്ല...., അതിനും മുൻപേ മറുപടി എത്തി.
"മീശ കിളിർക്കാത്തത് അല്ലെടി... ഞാൻ വളർത്താഞ്ഞിട്ടാ...."
"ഓഹ്... അപ്പോൾ സംസാരിക്കാൻ അറിയാം ല്ലേ....?" ദിയ കളിയാക്കി ചോദിച്ചു. അതോടെ മറുപുറത്തു വീണ്ടും നിശബ്ദത ആയി.
"വിവൂ..... സോറി ഡിയർ..... ഇന്ന് ഞാൻ കുറേ കുറേ ബിസി ആയിപ്പോയെടാ..... ഫോൺ ഞാൻ കണ്ടില്ലാരുന്നു..... ഐ വാസ് വിത് മൈ സ്വീറ്റ് അമ്മൂമ്മ....." ദിയ നയത്തിൽ പറഞ്ഞു.
"സോ....? അമ്മൂമ്മയുടെ കൂടെ ഇരുന്നാൽ ഫോൺ എടുക്കാൻ പാടില്ല...? അതും എട്ട് തവണ വിളിച്ചിട്ടും....?" വിവേക് പരിഭവിച്ചു.
"ഞാൻ പറഞ്ഞില്ലേ വിവൂ... അമ്മൂമ്മ വാസ് ടെല്ലിങ് എ സ്റ്റോറി... സോ ഐ പുട് മൈ ഫോൺ ഓൺ സൈലന്റ് മോഡ്... ദാറ്റ്‌സ് വൈ ഐ മിസ്ഡ് യൂർ കോൾസ്...."
"സ്റ്റോറി......! ആർ യൂ എ കിഡ് ദിയ....?" കളിയാക്കലിനുള്ള അവസരം വിവേക് ഏറ്റെടുത്തു.
"ഹേയ്... ഇത് നീ കരുതുന്ന പോലത്തെ സില്ലി സ്റ്റോറി അല്ല. ഇതൊരു നടന്ന സംഭവം ആണ്..." ദിയ വിശദീകരിക്കാൻ തുടങ്ങിയതും വിവേക് ഇടയിൽ കയറി...
"നമ്മുടെ കാര്യം വീട്ടിൽ അറിയിച്ചോ...?"
"അയ്യോ.... ഇല്ല വിവൂ.... അതിനുള്ള സാഹചര്യം ഒത്തുവന്നില്ല..." ദിയയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു.
"അതുമല്ല... ഞാൻ വന്നിട്ട് രണ്ടു ദിവസം ആയതല്ലേയൊള്ളൂ... നാളെ പറയാം." ഒരു നിമിഷത്തിനു ശേഷം അവൾ പറഞ്ഞു.
"നീ ഇങ്ങനെ കഥയും കേട്ട് കുട്ടികളെപ്പോലെ നടന്നോളൂ... ഒന്നിലും ഒരു ഉത്തരവാദിത്വവും വേണ്ട.." വിവേകിന്റെ കുറ്റപ്പെടുത്തലിന് മുൻപിൽ ദിയക്ക് മറുപടി ഉണ്ടായില്ല.
"ലുക്ക് ദിയ...., നമ്മൾ ബാംഗ്ലൂരിൽ വെച്ചു തീരുമാനിച്ച കാര്യങ്ങൾ അതുപോലെ തന്നെ നടക്കണം.., കേട്ടല്ലോ... അതിൽ മാറ്റമുണ്ടായാൽ നമ്മൾ ഒരിക്കലും ഒന്നിച്ചെന്നു വരില്ല... ഞാനിവിടെ ഓടിനടന്നു എന്റെ ജോലികൾ ഒതുക്കുവാ... ഉടൻതന്നെ ഞാൻ നാട്ടിൽ വരും..." വിവേക് പറഞ്ഞു നിർത്തി.
"ഉം...." ദിയയുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി.
"അപ്പോൾ ശരി.... ഇനി എന്റെ മോള് ഉറങ്ങിക്കോ കേട്ടോ... സ്വീറ്റ് ഡ്രീംസ് പ്രിൻസെസ്സ്..... സീ മി ഇൻ യൂർ ഡ്രീംസ്...." ഒരു മറുപടിക്കെന്നോണം അവൻ കാത്തൂ.
"ഗുഡ് നൈറ്റ്...." ദിയ വേറെന്തോ ആലോചനയിൽ മുഴുകി എന്നപോൽ മറുപടിയായി മന്ത്രിച്ചു.
ഫോൺ വച്ചശേഷം അവൾ ഗ്യാലറി തുറന്ന് ഫോണിൽ രണ്ടു വട്ടം മുകളിൽ നിന്നും താഴേക്ക് ചൂണ്ടുവിരൽകൊണ്ടു അമർത്തി വലിച്ചു. അപ്പോൾ തുറന്നു വന്ന "മൈ ലൗ" എന്നു സേവ് ചെയ്ത രഹസ്യ ഫോൾഡറിൽ നിന്നും അവൾ ഒരു ഫോട്ടോയിൽ വിരലമർത്തി. മീശയും താടിയും നന്നായി ട്രിം ചെയ്ത് ഒതുക്കിയ ഒരു വെളുത്ത സുമുഖനായ ചെറുപ്പക്കാരന്റെ ക്ലോസ് അപ് ഫോട്ടോ ആയിരുന്നു അത്. അവൾ അവന്റെ മുഖത്തേക്ക് കുറേ നേരം നോക്കിയിരുന്നു. ശേഷം അവൾ അവന്റെ കണ്ണുകൾ സൂം ചെയ്തു. അവന്റെ കണ്ണുകൾ വെള്ളാരം കണ്ണുകൾ ആയിരുന്നു. ആ കണ്ണുകളിൽ കുസൃതിക്കും അപ്പുറം എന്തെങ്കിലുമൊരു വികാരം മറഞ്ഞു കിടപ്പുണ്ടോ എന്നവൾ ചൂഴ്ന്നുനോക്കിക്കൊണ്ടേയിരുന്നു. പിന്നീടെപ്പോഴൊ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.
★★★★★★★★★★★★
എന്തൊക്കെയോ തട്ടലും മുട്ടും ശബ്‌ദം കേട്ടാണ് ദിയ കണ്ണുതുറന്നത്. അവൾ പടിഞ്ഞാറേ ജനാല തുറന്നു നോക്കി. രണ്ടാം നില ആയതിനാൽ പിന്നിലെ പാടവും അതിനും അങ്ങു ദൂരെ കടും നീല നിറത്തിൽ കായലും കണ്ടു. ആകാശത്തിനും കായലിന്റെ അതേ കടും നീല നിറം ആയിരുന്നു. സൂര്യന്റെ തെളിഞ്ഞ വെളിച്ചവും ചന്ദ്രന്റെ മങ്ങിയ നിലാവും കൂടിക്കലർന്നൊരു പ്രത്യേക പ്രകാശം ഇത് പുലർച്ചെ ആണെന്ന് ദിയയോട് പറയാതെ പറഞ്ഞു.
മുറിയുടെ വാതിൽ തുറന്ന് ഗോവണിപ്പടികളുടെ അടുത്തെത്തിയപ്പോൾ തന്നെ ഹാളിൽ നിന്നുമുള്ള വെട്ടത്തിൽ കയ്യിലൊരു ചെറിയ ട്രോളി ബാഗും പിടിച്ചു മുറിയിൽ നിന്നുമിറങ്ങുന്ന അരവിന്ദനെ കണ്ടു. അടുക്കളയിൽ വീണ്ടുമെന്തോ കലപില കേട്ടത്തിനു പിന്നാലെ കയ്യിലൊരു കപ്പുമായി നിത്യ അരവിന്ദനരുകിലേക്ക് വരുന്നു.
"അച്ഛാ... പാല് വന്നില്ല. അതോണ്ട് കട്ടഞ്ചായയാണ് കേട്ടോ..." നിത്യയുടെ ശബ്ദം.
അപ്പോഴാണ് പടികൾ ഇറങ്ങി വരുന്ന ദിയയെ അരവിന്ദൻ കണ്ടത്. "ദിയമോൾ ഇന്ന് നേരത്തെ ആണല്ലോ..." ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
"എങ്ങോട്ടാ ചിറ്റച്ഛാ ഇത്ര രാവിലെ...?" ദിയ മറുപടിയെന്നോണം ചോദിച്ചു.
"ഒന്ന് ചെന്നൈ വരെ പോവാ മോളേ... നമ്മുടെ തുണിക്കടയിലേക്ക് ഹോൾസെയിൽ എടുക്കാൻ പുതിയ ഒന്നുരണ്ടു പാർട്ടികളുമായി ഒന്നു സംസാരിക്കണം..." അരവിന്ദൻ ചായ മൊത്തിക്കുടിച്ചുകൊണ്ടു പറഞ്ഞു.
"ഇനി എന്നു വരും തിരിച്ച്..?" ദിയ പ്രതീക്ഷയോടെ ചോദിച്ചു.
"റിട്ടേൺ ടിക്കറ്റ് ഞാൻ ബുക് ചെയ്തിട്ടില്ല... അവിടെയൊരു കൂട്ടുകാരന്റെ വീട്ടിലും ഒന്നു പോവാൻ ഉണ്ട്... ഒരാഴ്ച പിടിക്കുമായിരിക്കും..." അരവിന്ദൻ ചായ കുടിച്ചു തീർത്തു.
"ഉം....." ദിയ ഒന്നു മൂളിക്കൊണ്ട് ഒഴിഞ്ഞ കപ്പ് വാങ്ങി. അതോടൊപ്പം വിവേകിന്റെ കാര്യം പറയാൻ ഇനിയും താമസിക്കുമല്ലോ എന്നൊരു വിഷാദവും അവളുടെ മുഖത്തു പടർന്നു.
സുമതിയമ്മയോട് യാത്ര ചോദിച്ചു അരവിന്ദൻ തിരികെ ഹാളിൽ വന്നപ്പോൾ പോവുന്ന വഴി കഴിക്കണം എന്നുംപറഞ്ഞു ശ്രീകല ഒരു പൊതിയുമായി അടുക്കളയിൽ നിന്നുമെത്തി.
"എന്തിനാ കലേ നീ ബുദ്ധിമുട്ടിയത്... പോവുന്ന വഴിയും എയർപോർട്ടിലും ധാരാളം ഹോട്ടലുകൾ ഉണ്ടല്ലോ..." എന്നു പറഞ്ഞെങ്കിലും അയാൾ അത് വാങ്ങി സ്നേഹത്തോടെ ഒരു നോട്ടം ശ്രീകലയ്ക്ക് കൈമാറി.
ചുവന്ന സ്വിഫ്റ്റ് കാർ ഗേറ്റ് കടന്ന് പോവുന്നതും നോക്കി ദിയയും നിത്യയും ശ്രീകലയും ഒരുവേള നിന്നു. ശേഷം ശ്രീകല അടുക്കളയിലേക്ക് തന്നെ പിൻവാങ്ങി. നിത്യ പാലുംകൊണ്ടു വരുന്ന മേരിയമ്മയെ കണ്ടിട്ടെന്നപോലെ ഗേറ്റിനരുകിലേക്ക് നടന്നു. ദിയ മാത്രം മുറ്റത്തെ മാവിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പഴുത്ത മാവിലകളും നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഒരേ നിൽപ്പ് നിന്നു.
"നമ്മുടെ കാര്യം പറയാൻ വൈകരുത് ദിയ..." അവളുടെ ഉള്ളിൽ വിവേകിന്റെ വാക്കുകൾ മുഴങ്ങിക്കൊണ്ടേയിരുന്നു.
(തുടരും....)

Revathy

കഥയിലെ രാജകുമാരി - അദ്ധ്യായം 6


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
"ഗുരോ... ഇന്ന് ആഘോഷത്തിനിടയിൽ സഭയിൽ നടന്നത് വെറുമൊരു ലക്ഷണം മാത്രമോ....? അതിന്റെ പിന്നിൽ മറ്റെന്തെങ്കിലും ആപത്തുണ്ടോ...?" ദേവപ്രതാപവർമ്മ അടക്കിപ്പിടിച്ച ശബ്ദത്തിൽ ചോദിച്ചു. തന്റെ പുത്രിക്കെന്തെങ്കിലും ആപത്തുപിണയുമോ എന്നുള്ള ഉത്കണ്ഠ അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ പ്രകടമായിരുന്നു.
കുങ്കാര ഗുരുക്കൾ താളിയോലകൾ തിരിച്ചും മറിച്ചും വീണ്ടും വീണ്ടും നോക്കുകയാണ്. ഗുരുക്കളുടെ മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. പറയാൻ പോകുന്ന വസ്‌തുത അത്രക്ക് അനിഷ്ടം നിറഞ്ഞതാണ്. അത് പറയുന്നതും പറയാതിരിക്കുന്നതും കയ്പ്പ് നീർ കുടിക്കുന്നതിനു സമം.
ഗുരുക്കളുടെ നീണ്ടുപോവുന്ന നിശബ്ദത മഹാരാജാവിൽ പരിഭ്രാന്തിയുടെ അളവ് കൂട്ടിയതെയൊള്ളൂ.
"നമ്മുടെ പുത്രിക്കെന്തെങ്കിലും ആപത്തു സംഭവിക്കുമോ ഗുരുക്കളേ....? എന്തുണ്ടേലും നമ്മോട് തുറന്നു പറയൂ..." അദ്ദേഹം വീണ്ടും ആശങ്കയോടെ ചോദിച്ചു.
ഇത്തവണ ഗുരു മൗനം വെടിഞ്ഞു. സൗമ്യമായി ഗുരുക്കൾ പറഞ്ഞു തുടങ്ങി...
"മഹാരാജൻ.... ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങു ക്ഷമയോടെ കേൾക്കണം... നമ്മുടെ ഗണിക്കൽ തെറ്റുക എന്നത് ഉദയസൂര്യനു ദിക്ക് മാറിപോകുന്നത്പോലെ അസംഭവ്യം.... എന്നിരുന്നാലും എന്റെ കണക്കുകൂട്ടലുകൾ പ്രത്യക്ഷത്തിൽ വരുമോ എന്നറിയാൻ എനിക്ക് കുറച്ചു നാളുകളുടെ നിരീക്ഷണം വേണ്ടി വരും...."
"എന്താണ് ഗുരോ അങ്ങ് ഉദ്ദേശിക്കുന്നത്...? വ്യക്തമാക്കിയാലും...." പ്രതാപവർമ്മയുടെ ശബ്ദത്തിൽ ഗൗരവം കലർന്നു.
"രാജൻ...., സൗപർണ്ണിക രാജകുമാരിയുടെ ജാതകത്തിൽ ചില യോഗങ്ങൾ നാം കാണുന്നു......
ഏതേ യോഗ ന സ്യുഃ
കേന്ദ്രേ ഗ്രഹവർജ്ജിതേ ശശാങ്കേ ച
കേമദ്രുമാഖ്യയോഗ-
സ്തസ്മിൻ ജാതോ നൃപോ പി ഭിക്ഷാർത്ഥി..."
ഗുരുക്കൾ ഓർമ്മയിൽ നിന്നും ചില ശ്ലോകങ്ങൾ ഓർത്തുചൊല്ലി...
സംസ്‌കൃതത്തിലും മറ്റ് ഭാഷാപ്രയോഗങ്ങളിലും അഗ്രഗണ്യനായ പ്രതാപവർമ്മയ്ക്ക് ആ വരികളുടെ അർത്ഥം ഗ്രഹിക്കുക നിസ്സാരമായിരുന്നു. എങ്കിലും ജ്യോതിഷപരമായി ആ വാചകങ്ങൾ എങ്ങനെ നിർവചനം ചെയ്യപ്പെടുന്നു എന്നറിയാൻ അദ്ദേഹം ഗുരുക്കളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
"അതായത് ജാതകത്തിൽ ധനപുഷ്ടിയും ഭാഗ്യവും നൽകുന്ന യോഗങ്ങൾ ഇല്ലാതെ വരികയും....., ചന്ദ്രൻ ജനനസമയത്ത് നിൽക്കുന്ന രാശിയുടെ കേന്ദ്രരാശികളിലോ ലഗ്നരാശിയുടെ കേന്ദ്രരാശികളിലോ ഗ്രഹങ്ങളില്ലാതെ ഇരിക്കുകയും...., ചന്ദ്രൻ കേന്ദ്രരാശിയിൽ അല്ലാതെ വരികയും ചെയ്താൽ കേമദ്രുമയോഗമുണ്ട്..." കുങ്കാര ഗുരുക്കൾ വിശദീകരിക്കാൻ തുടങ്ങി.
"കേമദ്രുമയോഗത്തിന്റെ ദോഷങ്ങൾ എന്താണ് ഗുരുക്കളേ....? ഇതിന് പരിഹാരക്രിയകൾ ഇല്ലേ?" പ്രതാപവർമ്മയുടെ സ്വരത്തിൽ പ്രതീക്ഷ കലർന്നിരുന്നു.
"കേമദ്രുമയോഗത്തിൽ ജനിക്കുന്നവർ രാജാവായാലും ദരിദ്രൻ ആയിത്തീരുമെന്നാണ് ശാസ്ത്രം...ഇത് പെട്ടെന്ന് സംഭവിക്കണമെന്നില്ല... കാലക്രമേണ സംഭവിക്കാം.." ഗുരുക്കൾ പറഞ്ഞു തുടങ്ങി.
"ദരിദ്രർ....?" രാജാവ് അത്ഭുതംകൂറി
"അതൊരു ഉപമ മാത്രം രാജൻ... ചിലപ്പോൾ രാജകുമാരി വളർന്നു വലുതായി മാംഗല്യം ചെയ്യുന്ന രാജകുമാരൻ വീയ്യപുരത്തിനേക്കാളും സമ്പത്തു കുറഞ്ഞ രാജ്യത്തെ ആവുക എന്നതാവാനും വഴിയുണ്ട്." ഗുരുക്കൾ ദേവപ്രതാപവർമ്മയുടെ മനസ്സിലേക്ക് സമാധാനത്തിന്റെ മഞ്ഞുകണങ്ങൾ തൂകി.
ആശ്വാസത്തോടെ നിൽക്കുന്ന രാജാവിനോട് ഇനിയും അശുഭങ്ങൾ ഉണ്ടെന്നു പറയണോ വേണ്ടയോ എന്ന് ശങ്കിച്ച ശേഷം ഗുരുക്കൾ വീണ്ടും പറഞ്ഞു തുടങ്ങി.... " എന്നാൽ കുമാരിയുടെ ജാതകത്തിൽ കേമദ്രുമയോഗത്തോടൊപ്പം മറ്റുചില ദോഷങ്ങളും കാണുന്നുണ്ട്. അതെന്തെന്നു ഇപ്പോൾ പറയാൻ സാദ്ധ്യമല്ല.."
"എന്താണേലും പറയൂ ഗുരുക്കളേ... നാം അത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം അല്ലെന്നുണ്ടോ..?" പ്രതാപവർമ്മയുടെ സ്വരത്തിൽ ലേശം നീരസത്തിന്റെ ലാഞ്ജന ഉണ്ടായിരുന്നു.
"അതിപ്പോൾ പറയാൻ നിർവാഹമില്ല രാജൻ.... അവ ശരിയാണോ എന്നുറപ്പിക്കാൻ എനിക്ക് കുറച്ചു സമയം അത്യാവശ്യമാണ്... കാരണം, ജനനസമയം നോക്കിയതിലെ ഏതേലും ചെറിയ പിശക് കൊണ്ടു ഉണ്ടായ ജാതകദോഷമാണോ എന്നുറപ്പിക്കേണ്ടത് അത്യാവശ്യം ആണ്.." ഗുരുക്കൾ ശാന്തമായി പറഞ്ഞു.
"എത്ര സമയം വേണ്ടിവരും ഗുരുക്കളേ...?" രാജാവിന് ആകാംക്ഷ അടക്കാൻ സാധിക്കുന്നില്ല.
"കുമാരിക്കു അഞ്ചു വയസ്സാകുന്നതിന് മുൻപ് ഞാൻ കണക്കു കൂട്ടിയതിൽ ഏതേലും നിമിത്തങ്ങൾ സംഭവിക്കുകയാണെങ്കിൽ ജാതകത്തിൽ കണ്ട ദോഷഫലങ്ങൾ കുമാരിയുടെ ജീവിതത്തിൽ സംഭവിക്കും. അത് വരെ കുമാരിയുടെ ജാതകം അപൂർണ്ണമാണ്‌ രാജൻ..." ഗുരുക്കൾ പറഞ്ഞു നിർത്തി.
പിന്നെയുമെന്തോ ചോദിക്കാനാഞ്ഞ ദേവപ്രതാപവർമ്മയോട് "വിട തന്നാലും രാജൻ...." എന്നു പറഞ്ഞശേഷം കുങ്കാര ഗുരുക്കൾ താളിയോലകൾ ഭദ്രമായി ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞെടുത്തു. (6)
അന്തഃപുരത്തിന്റെ കവാടവും താണ്ടി ആ കാഷായ വസ്ത്രധാരി നടന്നുനീങ്ങുമ്പോൾ ദേവപ്രതാപവർമ്മ അപ്പോഴും എന്തോ ചിന്തയിലായിരുന്നു.
അന്ന് രാത്രി ദേവപ്രതാപവർമ്മയുടെ അന്തഃപുരത്തിൽ വിളക്കുകൾ അണഞ്ഞില്ല.
★★★★★★★★★★★★
"അന്തഃപുരത്തിൽ വിളക്കുകൾ അണഞ്ഞു കാണില്ല... പക്ഷേ ഇനിയും താമസിച്ചാൽ ഇവിടുത്തെ വിളക്കുകൾ അണയും....." അരവിന്ദന്റെ ശബ്ദം വാതിൽക്കൽനിന്നും മുഴങ്ങിയതും സുമതിയമ്മയും ദിയയും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു.
"ചിറ്റച്ഛൻ വന്നിട്ട് ഒത്തിരി നേരമായോ...?" ദിയ ചോദിച്ചു.
"ബോധമില്ലേ രണ്ടാൾക്കും....? ഞാൻ നേരത്തെ വന്നു നോക്കിയതും മുറിയിലെ ലൈറ്റ് ഇട്ടതുമൊന്നും കണ്ടില്ലേ?" അരവിന്ദൻ അത്ഭുതപ്പെട്ടു.
ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുട്ടു പടർന്നത് ദിയയും സുമതിയമ്മയും ശ്രദ്ധിച്ചത്. മുറിയിലെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 8.45 ആയിരിക്കുന്നു. വൈകുന്നേരം ഏകദേശം നാലരയോടെ തുടങ്ങിയ കഥപറച്ചിലാണ്.
"വന്നു ചോറുണ്ടേ രണ്ടാളും... മനുഷ്യനിവിടെ വിശന്നു പൊരിഞ്ഞു നിൽക്കുവാ.... ഇന്നൊരു വല്ലാത്ത ദിവസം ആയിരുന്നു.. ഉച്ചക്ക് പോലും ഉണ്ണാൻ പറ്റിയില്ല....." അരവിന്ദൻ സുമതിയമ്മയെ എണീൽക്കാൻ സഹായിച്ചുകൊണ്ടു പറഞ്ഞു.
"എന്തേ അരവിന്ദാ.... എറണാകുളത്തു ചോറൊന്നും കിട്ടില്ലേ.....?" സുമതിയമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.
അരവിന്ദന് ടൗണിൽ ഒരു തുണിക്കടയും ഫർണിച്ചർ കടയും ഉണ്ട്. ഇടക്കിടെ സ്റ്റോക്ക് എടുക്കാൻ അയാൾ എറണാകുളത്തു പോവാറുണ്ട്. ഇന്നയാൾ അവിടെ പോയ ദിവസമാണ്. അതുവെച്ചാണ് സുമതിയമ്മ കളിയാക്കിയത്.
"ഒരു ദിവസം ഞാൻ കൊണ്ടുപോകാം എറണാകുളത്തിന്... അപ്പോൾ മനസ്സിലാകും സ്റ്റോക്ക് എടുക്കാൻ ഓടിനടക്കുന്നതിന്റെ ബുദ്ധിമുട്ട്.. കേട്ടോ അമ്മായിയമ്മേ......" തമാശയായി പറഞ്ഞതിനുശേഷം അരവിന്ദൻ സുമതിയമ്മയെ കൈപിടിച്ച് നടത്തി. അത് കണ്ടപ്പോൾ ദിയക്ക് മനസ്സിലൊരു കുളിർമ്മ തോന്നി.
അമ്മൂമ്മ എപ്പോഴും പറയുന്നത് അവളോർത്തു.. 'ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മാറിയത് അരവിന്ദനെ കിട്ടിയ ശേഷം ആണ്'. അരവിന്ദന്റെ കുടുംബത്തിൽ മൂന്ന് ആൺകുട്ടികൾ ആയിരുന്നു. നടുവിലാൻ ആയതുകൊണ്ട് അരവിന്ദന് വേറെ വീടും സ്ഥലവും നോക്കേണ്ടി വന്നു. അപ്പോഴാണ് ദിയയുടെ അപ്പൂപ്പന്റെ അമ്മ മരിച്ചുപോയത്. അപ്പൂപ്പൻ പട്ടാളത്തിൽ ആയതുകൊണ്ടും അമ്മൂമ്മ വീട്ടിൽ ഒറ്റയ്ക്കാവുന്നതുകൊണ്ടും ശ്രീകലയേയും അരവിന്ദനെയും വീട്ടിൽ നിർത്താം എന്നു ദിയയുടെ അമ്മയാണ് പറഞ്ഞത്. ഇപ്പോൾ സ്വന്തം മകനെപ്പോലെ സുമതിയമ്മയെ സ്നേഹിക്കുന്ന ചിറ്റച്ഛനെ കാണുമ്പോൾ അമ്മയുടെ തീരുമാനം എത്ര ശരിയായിരുന്നു എന്ന് ദിയ തിരിച്ചറിയുന്നു.
അമ്മയുടെ തീരുമാനങ്ങൾ.... ഉറച്ച തീരുമാനങ്ങൾ ആയിരുന്നു അവ. അതെന്നും ശരിയായിരുന്നു. ഒടുവിൽ അമ്മയുടെ ജീവൻ നഷ്ടമാക്കിയതും അത്തരമൊരു തീരുമാനം ആയിരുന്നു. ആ ഓർമ്മകൾ മനസ്സിൽ ഇരമ്പിയെത്തിയതും, ദിയയുടെ കണ്ണുകൾ നിറഞ്ഞു. കായലിൽ ഒഴുകിനടക്കുന്ന ഒരു സ്ത്രീശരീരം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ഓർക്കാൻ ഇഷ്ടമില്ലാത്തപോലെ അവൾ തലകുടഞ്ഞു. പിന്നെ അമ്മൂമ്മയുടെ ഒപ്പമെത്താനായി നടന്നു.
(തുടരും......)

കഥയിലെ രാജകുമാരി - അദ്ധ്യായം 5

കഥയിലെ രാജകുമാരി - അദ്ധ്യായം 5
🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
അദ്ധ്യായം 5
~~~~~~~~~
സൗപർണ്ണിക കുമാരിയുടെ കഥ എന്നു മനസ്സിൽ ഓർത്തതും സുമതിയമ്മയുടെ മസ്തിഷ്‌കം ഓർമ്മകളുടെ ചുരുളുകൾ വിടർത്താൻ തുടങ്ങി. വാമൊഴിയായി പകർന്നുകേട്ട കഥയുടെ ഏടുകൾ സുമതിയമ്മ കൊച്ചുമകൾക്കായി ഓർത്തെടുത്തു. പതിഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു തുടങ്ങി..., എല്ലാ പഴങ്കഥകളുടെയും തുടക്കമെന്നപോൽ...
"പണ്ട് പണ്ട്.... കേരള ദേശം ഉണ്ടാകുന്നതിനും വളരെ പണ്ട്.... വിദേശികൾ നമ്മുടെ മണ്ണിൽ കാലുകുത്തുന്നതിനും വളരെ നാൾ മുൻപ്.... ഇക്കണ്ട ഭാരതമണ്ണെല്ലാം നാട്ടുരാജ്യങ്ങൾ ആയിരുന്നു.. അങ്ങനെ വരുമ്പോൾ നമ്മൾ ഇന്ന് താമസിക്കുന്ന ഈ നാട് വീയ്യപുരം എന്ന നാട്ടുരാജ്യത്തിന്റെ അധീനതയിൽ വരുമായിരുന്നു..."
അമ്മൂമ്മയുടെ കഥയിലേക്ക് തന്റെ കണ്ണും മനസ്സും പൂർണ്ണമായി അർപ്പിക്കുവാൻ വേണ്ടി ദിയ തന്റെ മൊബൈൽ സൈലന്റ് മോഡിൽ ഇട്ട ശേഷം അത് കട്ടിലിനരുകിൽ കിടന്നിരുന്ന മേശമേൽ വെച്ചു.
"പണ്ടെങ്ങോ വീയ്യപുരം ഭരിച്ചിരുന്ന ഒരു രാജാവിന്റെ ബുദ്ധിയിൽ തെളിഞ്ഞതായിരുന്നു ഒരേ ദേശത്തിനു രണ്ടു കൊട്ടാരങ്ങൾ.." സുമതിയമ്മ കഥ തുടരുകയാണ്.
"അതെന്തിനാ അമ്മൂമ്മേ രണ്ടു കൊട്ടാരങ്ങൾ...?" ദിയ ജിജ്ഞാസയോടെ ചോദിച്ചു.
"അതോ.... ഒരു യുദ്ധമുണ്ടായി അതിൽ പരാജയപ്പെട്ടാൽ ശത്രുസൈന്യം കൊട്ടാരവും അതിലെ രാജകുടുംബാംഗങ്ങളെയും നശിപ്പിക്കില്ലേ... അതിനാൽ പട്ടണത്തിലെ വലിയ കൊട്ടാരത്തിൽ രാജകുടുംബത്തിലെ സ്ത്രീകൾ, കുട്ടികൾ, വൃദ്ധരായ ബന്ധുക്കൾ എന്നിവരെ പാർപ്പിച്ചിരുന്നില്ല. അവർക്ക് വേണ്ടി ഉണ്ടായിരുന്ന ചെറിയ കൊട്ടാരമാണ് ആ പാടത്തിന്റെ അരുകിൽ ഉള്ളത്. ഇവിടെയാകുമ്പോൾ കൂടുതലും കായലും പാടവും ആയതുകൊണ്ട് ശത്രുക്കൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ ആവില്ലല്ലോ..." സുമതിയമ്മ ഒന്നു നിർത്തി.
"ബുദ്ധിമാൻ തന്നെ ആ രാജാവ്... അപ്പോൾ വലിയ കൊട്ടാരത്തിൽ ആരായിരുന്നു താമസം..?" ദിയ സംശയം ചോദിച്ചു.
"വലിയ കൊട്ടാരത്തിൽ രാജാവും ധീരന്മാരായ യുവ രാജകുമാരന്മാരും പിന്നെ രാജകുടുംബത്തിലെ മറ്റു മുതിർന്ന പുരുഷന്മാരും..." സുമതിയമ്മ വീണ്ടും നിർത്തി. തന്റെ വലതുകാൽ കട്ടിലിന്റെ താഴ്ഭാഗത്തുള്ള തലയിണയിലേക്ക് ഉയർത്തിവെക്കാനായി അവർ പരിശ്രമിച്ചു. അത് കണ്ട ദിയ വേഗം തലയിണ അല്പം മുകളിലേക്ക് നീക്കിയ ശേഷം അവരുടെ കാലുകൾ അതിലേക്ക് മെല്ലെ എടുത്തുവെച്ചു.
"വാതം ഉണ്ടേ ദിയ മോളേ..." സുമതിയമ്മ ചിരിച്ചു. ദിയയും മെല്ലെ പുഞ്ചിരിച്ചു കാട്ടി. കഥI കേൾക്കാനുള്ളൊരു വ്യഗ്രത അവളുടെ മുഖത്ത് പ്രകടമായിരുന്നു. അത് മനസ്സിലാക്കിയെന്നവണ്ണം സുമതിയമ്മ ബാക്കി പറയാൻ ആരംഭിച്ചു.
"വീയ്യപുരം ദേശം ദേവപ്രതാപവർമ്മ മഹാരാജാവ് ഭരിക്കുന്ന കാലം.. മഹാറാണി ഉത്തരാദേവി തികച്ചും സാത്വികയായൊരു സ്ത്രീ........"
സുമതിയമ്മയുടെ നാവിൽനിന്നുതിരുന്ന ഓരോ വാക്കുകളും ദിയയുടെ മനസ്സിൽ ചിത്രങ്ങൾ പോലെ പതിയാൻ തുടങ്ങി... ദിയക്കിപ്പോൾ താൻ പൂർണ്ണമായും ദേവപ്രതാപവർമ്മന്റെ കൊട്ടാരത്തിലെവിടെയോ ആണെന്നു തോന്നി.
★★★★★★★★★★★
വലിയ കൊട്ടാരത്തിലെ അതിമനോഹരങ്ങളായ ചുവർച്ചിത്രങ്ങൾ നിറഞ്ഞ സഭാതളത്തിൽ, കൊത്തുപണികൾ നിറഞ്ഞ വിസ്തൃതമായ സിംഹാസനത്തിൽ പ്രൗഢിയോടെ ഇരിക്കുകയാണ് മഹാരാജാവ് ദേവപ്രതാപവർമ്മ.
സിംഹാരാജൻ കാനനത്തിലെന്നപോൽ വീയ്യപുരം അടക്കിവാണ മഹാരാജാവ് ദേവരാജവർമ്മ നാടുനീങ്ങിയ ശേഷം നിബിഡവനത്തിലെ കടുവയെന്നപോൽ നാട് അടക്കിഭരിക്കുകയാണ് ദേവപ്രതാപവർമ്മ. അച്ഛൻ തിരുമനസ്സ് സ്വന്തം ദേശത്തിനെ ദ്രോഹിക്കുന്നവരോടെ യുദ്ധം ചെയ്യുകയുള്ളായിരുന്നുവെങ്കിൽ മകനു വെട്ടിപ്പിടിക്കുന്നതിലാണ് കമ്പം. അതുകൊണ്ട് തന്നെ മിത്രങ്ങളെക്കാൾ നിരവധി ശത്രുക്കളാണ് അധികവും.
എപ്പോഴും ഏതെങ്കിലും മന്ത്രിമാരോ കുതന്ത്രങ്ങൾ ഉപദേശിക്കുന്ന അനേകം വിദൂഷകന്മാരോ അരുകിലുള്ള ദേവപ്രതാപവർമ്മ ഇന്ന് ഏകനായി ഇരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്തൊരു പരിഭ്രമത്തിന്റെ ലാഞ്ചന ഉണ്ടോ...? ഹേയ്...! അന്യദേശങ്ങളിലെ വീരശൂരപരാക്രമികളായ രാജാക്കന്മാരുടെ പേടിസ്വപ്നമായ പ്രതാപവർമ്മ എന്തിനെചൊല്ലി വ്യാകുലപ്പെടാൻ... എങ്കിലും ഇടയ്ക്കിടെ അദ്ദേഹം സഭയുടെ പ്രധാന കവാടത്തിലേക്ക് നോക്കിക്കൊണ്ടേയിരുന്നു.
അപ്പോഴാണ് സഭാതളത്തിന്റെ പ്രധാന കവാടത്തെ മറച്ചിരുന്ന മരതകപ്പച്ചയിൽ സ്വർണ്ണ നെയ്ത്തുപണികൾ ഉള്ള പട്ടുവിരി വകഞ്ഞുമാറ്റി ഒരാൾ അവിടേക്ക് പ്രവേശിച്ചത്. രാജമുദ്രയുള്ള മഞ്ഞ തലപ്പാവ് അയാൾ കൊട്ടാരത്തിലെ ഏതോ ജോലിക്കാരൻ ആണെന്നും അനുവാദം ചോദിക്കാതെ ആ തളത്തിലേക്ക് കടന്നതിനാൽ അയാളെത്തന്നെയാവും രാജാവ് കാത്തിരിക്കുന്നതെന്നും വ്യക്തം.
പ്രതാപവർമ്മയുടെ മുൻപിൽ എത്തി അയാൾ തന്റെ ശിരസ്സ്‌ കുമ്പിട്ടു.., ചുരുങ്ങിയ വാക്കുകളിൽ ഉണർത്തിച്ചു.. "വന്ദനം മഹാരാജൻ... സന്ദേശം ഉണ്ട്..."
"വായിച്ചാലും..." ഗർജ്ജനം പോലെ മുഴങ്ങുന്ന ശബ്ദം ഇന്ന് വളരെ നേർത്തതായിരുന്നു.
തന്റെ അരയിലെ ഉറയിൽനിന്നും അയാളൊരു തൂവെള്ള ചുരുൾ പുറത്തെടുത്തു നിവർത്തി. അതിൽ ചുവന്ന മഷിയിൽ ആലേഖനം ചെയ്തിരിക്കുന്ന സന്ദേശം അയാൾ പതിഞ്ഞ ശബ്ദത്തിൽ വായിച്ചു...
"വീയ്യപുരം വാഴും മഹാവീരൻ ദേവപ്രതാപവർമ്മ വായിച്ചറിയാൻ വീയ്യപുരം ചെറിയ കൊട്ടാരത്തിൽ നിന്നും അമ്മ മഹാറാണി ഉമാദേവി അറിയിക്കുന്ന സന്ദേശം.. റാണി ഉത്തരാദേവി മിഥുനമാസത്തിലെ പൗർണ്ണമി ദിനത്തിൽ പുലർച്ചെ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയ വിവരം അത്യാഹ്ലാദപൂർവ്വം അറിയിച്ചുകൊള്ളട്ടെ.." അതിനു താഴെ ഉമദേവിയുടെ പേരും രാജമുദ്രയും ആലേഖനം ചെയ്തിരുന്നു.
സന്ദേശം വായിച്ചു കേട്ടതും പ്രതാപവർമ്മയുടെ മുഖത്തൊരു നറുപുഞ്ചിരി വിടർന്നു. തന്റെ വിരലുകളിൽ കിടന്ന അനേകം മോതിരങ്ങളിൽ നിന്നുമൊരു പവിഴം പതിപ്പിച്ച മോതിരം അദ്ദേഹം ആ ദൂതന്റെ കയ്യിലേക്ക് നൽകി.
ദൂതൻ പോയതും അദ്ദേഹം സഭയുടെ ഇടതുവശത്തുള്ള ചെറിയ വാതിലിനു നേർക്ക് നോക്കി രണ്ടു വട്ടം ഉച്ചത്തിൽ കൈകൊട്ടി. ആ ശബ്ദത്തിനായി കാതോർത്തു നിന്നപോൽ ഒരു ഭൃത്യൻ ആ വാതിലിന്നുമപ്പുറം പ്രത്യക്ഷപ്പെട്ടു. കൈകൾ നെഞ്ചിൽ പിണച്ചുവെച്ചു തലതാഴ്ത്തി നിൽക്കുന്ന ആ ഭൃത്യനോടായി മഹാരാജാവിന്റെ ആജ്ഞ മുഴങ്ങി...
"കുതിരകളെ തയ്യാറാക്കി നിർത്തിൻ... ചെറിയ കൊട്ടാരം വരെ യാത്രയുണ്ട്...."
"അടിയൻ..." ഭൃത്യൻ പിൻവാങ്ങി.
*******************
പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ പൂഴിമണ്ണു പറത്തിക്കൊണ്ടു കുതിച്ചുപാഞ്ഞു വരുന്ന നാല് അശ്വങ്ങൾ. നടുവിലെ വെള്ളക്കുതിരയിൽ സൂര്യപ്രഭയോടെ ദേവപ്രതാപവർമ്മ. അതിനിരുവശവും പിന്നിലുമായി ചെമ്പൻകുതിരകളിൽ പടവാളേന്തിയ സുരക്ഷാഭടന്മാർ.
ആ യാത്ര ചെന്നവസാനിച്ചത് വീയ്യപുരം ചെറിയ കൊട്ടാരത്തിലാണ്. അവിടെ അദ്ദേഹത്തെ സ്വീകരിച്ചാനയിക്കാൻ അമ്മ മഹാറാണി ഉമാദേവിയും പരിവാരങ്ങളും കൊട്ടാരത്തിന്റെ സ്വീകരണതളത്തിൽ സന്നിഹിതരായിരുന്നു.
തോഴിമാർ കാൽകഴുകി പനിനീർ തളിച്ചു. അമ്മ മഹാറാണി അദ്ദേഹത്തെ സിന്ദൂരത്തിലകം ചാർത്തി സ്വീകരിച്ചു. അദ്ദേഹം അവരുടെ കാലുതൊട്ടു നെറുകയിൽ വെച്ചു.
"സൽപുത്രന് സുസ്വാഗതം..." ഗംഭീര്യമുള്ള ശബ്ദത്തിൽ അവർ പറഞ്ഞു.
"അമ്മേ... ഉത്തരാദേവിയും പുത്രിയും സുഖമായിരിക്കുന്നോ?" അമ്മക്ക് മുൻപിൽ എത്തിയതും ദേവപ്രതാപവർമ്മ വെറുമൊരു മനുജനായി. തന്റെ ഭാര്യയുടെയും നവജാതശിശുവിന്റെയും കാര്യത്തിൽ ഉത്കണ്ഠയുള്ളൊരു പച്ചമനുഷ്യൻ.
ഉമാദേവി നയിച്ച വഴിയിലൂടെ പ്രതാപവർമ്മ ഈറ്ററയിലെത്തി. അവിടെയൊരു മരക്കട്ടിലിൽ നേർത്തൊരു വെള്ളപ്പട്ടു വിരിച്ചു കിടക്കുന്ന ഉത്തരാദേവി. അരികിൽ തൂവൽപോലെ നനുത്ത ഇളംമഞ്ഞ പട്ടിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന ഒരു ഓമനക്കുഞ്ഞു.
വാതിൽപ്പടിയിൽ ആർദ്രമായ ഹൃദയത്തോടെ നിന്ന രാജാവിന്റെ കയ്യിലേക്ക് തോഴി ആ കുഞ്ഞു സമ്മാനം വെച്ചുകൊടുത്തു. തന്റെ കട്ടിയുള്ള മീശരോമങ്ങൾ സ്പർശിക്കാതെ അദ്ദേഹമാ കുഞ്ഞിളം മൂർഥാവിൽ ഒരു ചുംബനം നൽകി. ശേഷം കണ്ണുകളാൽ ഉത്തരയേ ഒന്നു പുൽകിയശേഷം അദ്ദേഹം അറ വിട്ടു.
നടുത്തളത്തിലെത്തി ചെറിയ കൊട്ടാരം മേൽനോട്ടത്തിനായി ഏർപ്പാടാക്കിയിട്ടുള്ള മന്ത്രിയെ വിളിച്ചു അയാളോടും അവിടെ കൂടിനിൽക്കുന്നവരോടുമായി പ്രഖ്യാപിച്ചു..
"ഇന്നേക്ക് ഇരുപത്തിയേഴ് ദിനങ്ങൾക്കപ്പുറം എന്റെ സൽപ്പുത്രിയുടെ നൂലുകെട്ടും പേരുചൊല്ലിവിളിയും ജാതകം വായിക്കലും വീയ്യപുരം വലിയ കൊട്ടാരത്തിൽവെച്ചു നടത്തുന്നതാണ്.. ക്ഷണിക്കാനുള്ള വിശിഷ്ടാതിഥികളെ ക്ഷണിച്ചാലും. കൂടാതെ ഇത് നാടുനീളെ വിളംബരം ചെയ്യാനും ദേവപ്രതാപവർമ്മയായ നാം കല്പിക്കുന്നു....."
അദ്ദേഹത്തിന്റെ ആജ്ഞ ശിരസ്സാവഹിച്ചു രാജകിങ്കരന്മാർ ദേശത്തിന്റെ നാനാദിക്കിലേക്കും പുറപ്പെട്ടു.
********************
വലിയ കൊട്ടാരവും ചുറ്റുമുള്ള കോട്ടയും മനോഹരമായ തോരണങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. കൊട്ടാരത്തിന്റെ വിശാലമായ തളത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പടങ്ങളിൽ ഇരിക്കുന്നു വിവിധ നാട്ടുരാജ്യങ്ങളുടെ രാജാക്കന്മാരും അവരുടെ അകമ്പടിക്കാരും മറ്റ് വിശിഷ്ട അതിഥികളും. അവർക്കിടയിലൂടെ ഏവരെയും പരിചരിച്ചു നടക്കുന്ന ഭൃത്യൻമാർ.
സഭയുടെ തലപ്പത്ത് രാജാവിന്റെ സിംഹാസനത്തിനോട് ചേർത്ത് വെച്ചിരിക്കുന്ന മനോഹരമായ കൊത്തുപണികൾ നിറഞ്ഞ തടിത്തൊട്ടിലിലേക്കാണ് എല്ലാരുടെയും ശ്രദ്ധ.
"കുന്നത്തുനാട്ടിലെ പേരുകേട്ട തച്ചനായ കോകിലവർണ്ണൻ നേരിട്ട് വന്നു കടഞ്ഞ തേക്കിൻ തൊട്ടിലാണത്..." ഭൃത്യൻമാർ അടക്കം പറഞ്ഞു.
പെട്ടെന്ന് ദുന്ദുഭിമേളം മുഴങ്ങി..., ഒപ്പം കുഴൽവിളികളും കുരവ ശബ്ദങ്ങളും. സൂര്യതേജസ്സോടെ ചുവന്ന പട്ടുകുപ്പായം ധരിച്ചു ഉടവാളേന്തി എഴുന്നുള്ളുന്ന ദേവപ്രതാപവർമ്മയുടെ ഇടത് വശം ചേർന്ന് ചന്ദ്രബിംബമെന്നപോൽ തൂവെള്ള പട്ടുവസ്ത്രങ്ങൾ ധരിച്ചു ഉത്തരാദേവി. അവരുടെ കയ്യിൽ സ്വർണ്ണ പട്ടുതുണിയിൽ പൊതിഞ്ഞൊരു താരകം പോലെ രാജകുമാരി.
എല്ലാ അതിഥികളും എഴുന്നേറ്റു അവരെ വരവേറ്റു. സിംഹാസനത്തിൽ ഇരുന്നു പഞ്ചലോഹങ്ങൾ കൊരുത്ത കറുപ്പ് ചരട് കുഞ്ഞിന്റെ അരയിൽ കെട്ടിയ ശേഷം ദേവപ്രതാപവർമ്മ കുഞ്ഞിന്റെ ചെവിയിൽ പേരു ചൊല്ലി വിളിച്ചു.
"പൗർണ്ണമി നാളിൽ പിറന്ന ആയിരം പൂർണ്ണചന്ദ്രന്മാരുടെ തേജസ്സുള്ള എന്റെ സൽപ്പുത്രി സൗപർണ്ണിക എന്ന നാമത്തിൽ അറിയപ്പെടുന്നതാണ്...." കല്ലേപ്പിളർക്കുന്ന പ്രതാപവർമ്മയുടെ ശബ്‌ദം മുഴങ്ങി.
"സൗപർണ്ണിക...... സൗപർണ്ണിക....." സദസ്സിൽ നിന്നും ആരവങ്ങൾ ഉയർന്നു.
"ഇനി എന്റെ പുത്രിയുടെ ജാതകം വായിക്കുവാനായി രാജഗുരുവും മഹാജ്യോതിഷിയുമായ കുങ്കാരഗുരുക്കളോട് നാം അഭ്യർത്ഥിക്കുന്നു..." സിംഹാസനത്തിന്റെ വലതുവശത്തുള്ള ചെറിയ മണ്ഡപത്തിൽ എഴുതിരിയിട്ട ഏഴു നിലവിലക്കുകൾക്ക് പിന്നിൽ പദ്മാസനത്തിൽ ഇരിക്കുന്ന ഗുരുക്കളെ നോക്കി രാജാവ് അരുൾചെയ്തു.
ഒരു നിമിഷം ധ്യാനത്തിൽ ഇരുന്ന ശേഷം കണ്ണുകൾ തുറന്ന ഗുരുക്കൾ ഒരു ദീർഘനിശ്വാസത്തോടെ എഴുതിത്തയ്യാറാക്കി വെച്ചിരുന്ന താളിയോലകൾ എടുത്തു. സദസ്സിനു മുൻപാകെ എണീൽക്കാനൊരുങ്ങിയ അദ്ദേഹത്തിന്റെ മേൽവസ്ത്രത്തിന്റെ അഗ്രഭാഗം അടുത്തു വെച്ചിരുന്ന നിലവിളക്കിലെ തിരികളൊന്നിൽ പതിച്ചു.
"അഗ്നി...... "ആരോ വിളിച്ചുകൂവി.
ഭൃത്യന്മാർ ഉടൻ ഓടിവന്നു അഗ്നിപടർന്ന മേൽവസ്ത്രത്തിൽ വെള്ളം ഒഴിച്ചു. എല്ലാരും പരിഭ്രാന്തരായി നിൽക്കെ ഗുരുക്കൾ ശാന്തമായി പറഞ്ഞു....
"അശുഭ സൂചന..... ജാതകം വായിക്കാൻ അനുയോജ്യമല്ലാത്ത മുഹൂർത്തം... ഇത് മറ്റൊരവസരത്തിൽ വായിക്കുന്നതാണ്...."
ഗുരുവിന്റെ വാക്കുകൾ എല്ലാരിലും ആശ്വാസം പകർന്നു. എല്ലാരും വീണ്ടും ആഘോഷങ്ങളിൽ മുഴുകി. മഹാരാജാവ് ദേവപ്രതാപവർമ്മയ്ക്കു മാത്രം ഗുരുക്കൾ എന്തോ മറയ്ക്കുന്നതായി തോന്നി.
ആഘോഷങ്ങൾ കെട്ടടങ്ങിയ അന്ന് രാത്രി എല്ലാരും തളർന്നുറങ്ങുമ്പോൾ മഹാരാജാവിന്റെ അറയിൽ മാത്രം വെളിച്ചമുണ്ടായിരുന്നു. അവിടെ ഒരുകൂട്ടം താളിയോലകളുമായി കുങ്കാര ഗുരുക്കൾ രാജാവിന് മുൻപിൽ ഇരിപ്പുണ്ടായിരുന്നു.
(തുടരും......)

കഥയിലെ രാജകുമാരി - അദ്ധ്യായം 4


അദ്ധ്യായം 4
~~~~~~~~~
വീടിന്റെ പിന്നിലെ പറമ്പിലൂടെ കയറി അടുക്കള വശത്തൂടെ കറങ്ങി ഉമ്മറത്തേക്ക് എത്തുമ്പോൾത്തന്നെ കേൾക്കാമായിരുന്നു സുമതിയമ്മ ശ്രീകലയെ ശകാരിക്കുന്നത്.
"നിനക്കൂടെ പൊയ്ക്കൂടായിരുന്നോ കലേ കുട്ടികളുടെ കൂടെ.... ഇതിപ്പോൾ നേരം ഇത്രേം ആയിട്ടും അവരിങ്ങു എത്തിയില്ലല്ലോ....."
"എന്റമ്മേ... അവർ ഇങ്ങു വരും.. ദിയ കുറച്ചു നാളുകൾക്ക് ശേഷം വന്നതല്ലേ... പിള്ളേര് പതുക്കെ കാഴ്‌ച്ചകളൊക്കെ കണ്ടു വരുന്നതാവും..." അങ്ങനെ പറഞ്ഞു ആശ്വസിച്ചെങ്കിലും ശ്രീകലയ്ക്ക് കുറച്ചു പരിഭ്രമം ഇല്ലാതില്ല. കാരണം അരവിന്ദൻ വന്നു കയറുമ്പോൾ കുട്ടികളെ കണ്ടില്ലെങ്കിൽ അവിടെയൊരു ഭൂകമ്പം നടക്കും.
"അരവിന്ദൻ വരുമ്പോൾ കുട്ടികൾ ഇവിടില്ലെങ്കിൽ നിനക്കാണ്‌ കോള്...."
"എന്റമ്മേ ഒന്നു പേടിപ്പിക്കാതെ... അല്ലേൽ തന്നെ മനുഷ്യര് ഇവിടെ തീയ്യില് ചവിട്ടിയത് പോലെയാണ് നിൽക്കുന്നത്..."
ഇതെല്ലാം കേട്ടുകൊണ്ടാണ് ദിയയും നിത്യയും വീട്ടുപടിക്കൽ എത്തിയത്.
"പാടം വഴിയാണ് വന്നതെന്നു പറയല്ലേ ദിയ... വഴക്കിന്റെ അളവ് കൂടും..." നിത്യ ഒരു താക്കീത് പോലെ പറഞ്ഞു.
"ഇല്ലേ... " അടക്കത്തിൽ നിത്യയോട് പറഞ്ഞശേഷം അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. "ഞങ്ങളെത്തി ചിറ്റേ... "
അകത്തുനിന്നും പാഞ്ഞു പുറത്തേക്ക് വന്ന ശ്രീകല ഉടൻ തന്നെ നിത്യയുടെ ചെവിയിൽ പിടുത്തമിട്ടു... "നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് ദിയമോളെ നാട് നീളെ ചുറ്റിക്കരുതെന്നു...."
"അയ്യോ.... വിടമ്മേ... ഞാൻ അല്ല... ദിയയാണ് അവിടെയും ഇവിടെയും നോക്കി നിന്ന് സമയം കളഞ്ഞത്..." നിത്യ ചിണുങ്ങി.
"രണ്ടും പൊക്കോ അകത്തേക്ക്.. അച്ഛയോട് നേരത്തേ വന്നെന്നു പറയണം.. ഇല്ലെങ്കിൽ എനിക്കും കിട്ടും ചീത്ത വിളി..." ശ്രീകല ചെറിയ ദേഷ്യത്തോടെ പറഞ്ഞു.
"നീ ഒപ്പിക്കുന്ന വയ്യാവേലികൾക്കും എനിക്കാണല്ലോ വഴക്ക് കിട്ടുന്നത്...." അകത്തേക്ക് കയറുമ്പോൾ തന്നെ നോക്കി കണ്ണിറുക്കി കാണിച്ച ദിയയോട് ഒരു പരിഭവം പോലെ നിത്യ പറഞ്ഞു.
മുറിയിൽ കയറിയ ദിയ വേഗം സെറ്റുമുണ്ട് മാറ്റി ഒരു ചുരിദാർ ധരിച്ചുകൊണ്ട് സുമതിയമ്മയുടെ മുറിയിലേക്ക് പോയി. നിത്യ ഡ്രസ്സ് ഒക്കെ മാറി ഒരു പാവാടയും ടോപ്പും ഇട്ടുകൊണ്ട് ഹാളിൽ ഇരുന്നു ഏതോ സിനിമ കാണുകയായിരുന്നു.
"ഡീ... വരുന്നോ... രാജകുമാരിയുടെ കഥ കേൾക്കാം..." ദിയ തമാശ രൂപേണ നിത്യയോട് ചോദിച്ചു.
മറുപടിയായി നിത്യ ശിരസ്സിനു മേലേ കൈകൾ ഉയർത്തി കൈകൂപ്പി കാണിച്ചു. അമ്മൂമ്മയുടെ മുറിയിലേക്ക് കയറിപ്പോവുന്ന ദിയയെ നോക്കി "ഇനി എന്തൊക്കെ സഹിക്കണം ഭഗവതീ" എന്നു നിത്യ പറയുന്നുണ്ടായിരുന്നു.
ദിയ കയറിച്ചെന്നപ്പോൾ സുമതിയമ്മ തന്റെ ഉളുക്കിയ വലതുകാലിൽ എന്തോ കുഴമ്പിട്ടു തിരുമ്മുകയായിരുന്നു. നാടൻ മരുന്നിന്റെ ഹൃദ്യമായ ഒരു സുഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു.
ദിയ അമ്മൂമ്മയുടെ കട്ടിലിൽ ഇരുന്നിട്ട് കാലിൽ തേച്ചു പിടിപ്പിച്ച കുഴമ്പിൽ ചൂണ്ടുവിരൽകൊണ്ടു വരയാൻ തുടങ്ങി.
"കൈയ്യൊക്കെ ചീത്തയാവും ദിയമോളേ..." സുമതിയമ്മ സ്നേഹപൂർവ്വം ശാസിച്ചു.
ദിയ പെട്ടെന്ന് വരയുന്നത് നിർത്തിയിട്ടു ചോദിച്ചു "അമ്മൂമ്മേ... അവിടെ പ്രേതം ഉണ്ടോ??"
"എവിടെ...?" അമ്മൂമ്മ അത്ഭുതപ്പെട്ടു.
"അവിടെയാ.... പാടത്തിന്റെ അരികിലെ..... പൊളിഞ്ഞുതുടങ്ങിയ കൊട്ടാരത്തിൽ...?" ദിയ മെല്ലെ പറഞ്ഞു.
"സത്യം പറ ദിയമോളേ... അമ്പലത്തിൽനിന്ന്‌ വരാൻ എന്താ വൈകിയത്‌...? സുമതിയമ്മ പെട്ടെന്ന് കുറച്ചു ഗൗരവംപൂണ്ടു ചോദിച്ചു.
"അതോ.....അത് ഞങ്ങൾ പാടത്തിലൂടെ ആണ് വന്നത്.... പാവം നിത്യയെ ഞാനാ നിർബന്ധിച്ചു ആ വഴി കൊണ്ടുവന്നത് അമ്മൂമ്മേ.... ചിറ്റച്ഛനോട് പറയല്ലേ പ്ലീസ്....." ദിയ മുൻകൂറായി നിത്യക്കുവേണ്ടി ജാമ്യമെടുത്തു.
"എന്തിനാ ആ വഴിയൊക്കെ വന്നത്.. നേരെയുള്ള റോഡിലൂടെ വന്നാൽ പോരായിരുന്നോ...." സുമതിയമ്മ കുറച്ചു നീരസത്തോടെ പറഞ്ഞു.
"ഇനി ആവർത്തിക്കൂല്ല എന്റെ അമ്മൂമ്മേ....." ദിയ അവസാനത്തെ അടവെന്ന നിലയിൽ അമ്മൂമ്മയുടെ തോളിലൂടെ കൈകൾ ചുറ്റി കവിളിലൊരു ഉമ്മ കൊടുത്തു.
സുമതിയമ്മ കയ്യിൽ പറ്റിയിരുന്ന കുഴമ്പ് അരികെ വെച്ചിരുന്ന ഒരു ടവ്വലിൽ തുടച്ചിട്ടു കട്ടിൽ ക്രാസിയിലേക്ക് തലയിണ കേറ്റി വെച്ചിട്ട് അതിൽ ചാരി ഇരുന്നു.
"ആ കൊട്ടാരത്തിൽ പ്രേതം ഉണ്ടോ അമ്മൂമ്മേ..." ദിയ തന്റെ ചോദ്യം ആവർത്തിച്ചു.
"അവിടെ പ്രേതങ്ങൾ ഒന്നുമില്ല കുട്ടി.... ആൾക്കാരു വെറുതെ പറഞ്ഞു ഉണ്ടാക്കിയ കഥകളാണ് അതൊക്കെ..." സുമതിയമ്മ ചിരിച്ചു.
"അപ്പോൾ ആ കൊട്ടാരത്തിൽ നിന്നു തീഗോളങ്ങൾ പറക്കുന്നത് ആൾക്കാർ കണ്ടതോ...." ദിയ വിടുന്ന മട്ടില്ല.
"ന്റെ ദിയ മോളേ അതൊക്കെ മനുഷ്യപ്പിശാച്ചുക്കൾ അല്ലേ..." സുമതിയമ്മ ചെറുചിരിയോടെ പറഞ്ഞു.
"അത് അമ്മൂമ്മയ്ക്ക് എങ്ങനെ അറിയാം...." ദിയ അത്ഭുതംകൂറി.
"അതോ.... പണ്ട് ഞാൻ ശ്രീകലയെ ഗർഭിണിയായിരിക്കുന്ന സമയത്തു ഒരു സന്ധ്യയ്ക്ക് എനിക്ക് ആത്തച്ചക്ക തിന്നണമെന്ന്‌ നിന്റെ അപ്പൂപ്പനോട് പറഞ്ഞു പോയി. അന്നങ്ങേരു പട്ടാളത്തിൽ ചേർന്ന സമയമാണ്. ഈ കൊട്ടാരത്തിന്റെ പിന്നിൽ കുളത്തിനോട് ചേർന്നു ഒരു ആത്തച്ചക്ക ഉള്ള കാര്യം പുള്ളിക്കറിയാം.. "
"എന്നിട്ട്...?" ദിയ കള്ളച്ചിരിയോടെ ചോദിച്ചു.
"നിന്റെ അപ്പൂപ്പൻ രണ്ടു കട്ടയുടെ ഒരു ടോർച്ചും തെളിച്ചുകൊണ്ടു പാടത്തേക്ക് ഒരൊറ്റ പോക്കായിരുന്നു.. ഞാനീ പ്രേതക്കഥയൊക്കെ ഉള്ളതാണെന്ന് വിശ്വസിച്ചിരുന്ന കാലമാണ്.. ഞാൻ കരഞ്ഞു പറഞ്ഞിട്ടൊന്നും കേട്ടില്ല... കിഴക്കേപ്രത്തെ തങ്കച്ചനും ഉണ്ടായിരുന്നു കൂട്ടിന്.. പഴയ നിക്കറുപോലീസ് ആണ് കക്ഷി..." സുമതിയമ്മ ആ കാലം മുന്നിൽക്കണ്ടപോൽ പറയാൻ തുടങ്ങി.
"നിക്കറുപൊലീസോ.....!" ദിയ വാ പൊത്തി ചിരിച്ചു.
"അതേടി പെണ്ണേ... ഈ നീളൻ കളസമൊക്കെ എന്നാ വന്നത്...." സുമതിയമ്മക്കും ചിരി വന്നു.
"എന്നിട്ടോ...?" ദിയക്ക് ആകാംക്ഷ തന്നെ.
"എന്നിട്ടെന്നാ... രണ്ടുംകൂടെ കുളത്തിന്റെ അരികിലൂടെ ആ അയ്യത്തു ചെന്നുകേറി... ആത്തച്ചക്ക പറിക്കുന്ന സമയത്തു കൊട്ടാരത്തിന്റെ തെക്കുവശത്തു നീയ്യിപ്പറഞ്ഞ തീഗോളങ്ങൾ.."
"അയ്യോ...." ദിയ കണ്ണുമിഴിക്കുന്നത് കണ്ടപ്പോൾ സുമതിയമ്മക്കു ചിരിയാണ് വന്നത്.
"ഡീ ദിയമോളേ... അപ്പൂപ്പനൊക്കെ ചെന്നു നോക്കിയപ്പോൾ ഏതോ കള്ളന്മാർ അവിടുത്തെ തേങ്ങാ ഇട്ടിട്ടു അത് നോക്കിപ്പെറുക്കി എടുക്കാൻ ചൂട്ടും കത്തിച്ചു നടക്കുന്നതായിരുന്നു...."
"അയ്യേ...... " അതും പറഞ്ഞു ദിയ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കണ്ടപ്പോൾ പഴയ കാലങ്ങളുടെ ഓർമ്മയിൽ സുമതിയമ്മയും നിറഞ്ഞു ചിരിച്ചു. ചിരിച്ചു ചിരിച്ചു കണ്ണുകളിലൂറിയ അൽപ്പം കണ്ണീർത്തുള്ളികൾ ചൂണ്ടുവിരൽകൊണ്ടു തുടക്കുമ്പോൾ കൺകോണിലൂടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കേണൽ വാസുദേവന്റെ ഫോട്ടോയിലേക്കവർ നോക്കി.
"അപ്പോൾ ആ കുളത്തിൽ ഒരു രാജകുമാരിയും മരിച്ചിട്ടുമില്ല അല്ലേ.... നിത്യക്ക് വട്ടാ....." ദിയ അതു പറഞ്ഞതും സുമതിയമ്മയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
"ഉണ്ട്... ആ കുളത്തിൽ ഒരു രാജകുമാരി കൊല്ലപ്പെട്ടിട്ടുണ്ട്... വർഷങ്ങൾക്ക് മുൻപ്.... എന്റെ അമ്മൂമ്മയുടെയും കാലത്തിനു മുൻപ്..." സുമതിയമ്മയുടെ വാക്കുകളിലും ഗൗരവം കലർന്നു.
"എങ്ങനെ....? പറയുമോ അമ്മൂമ്മേ...? ദിയക്ക് ആ കഥ പറഞ്ഞു തരുമോ അമ്മൂമ്മേ...." ദിയ ആവേശം കൊണ്ടു.
സുമതിയമ്മ ഒരു നിമിഷം കണ്ണുകൾ അടച്ചു. അവർ ഓർമ്മയിൽ എന്തോ പരതുന്ന പോലെ തോന്നി. വലതുകയ്യിലെ ചൂണ്ടുവിരൽകൊണ്ട് നെറ്റിയിൽ തടവിക്കൊണ്ടവർ പറഞ്ഞു തുടങ്ങി...
"അതൊരു ചതിയുടെ കഥയാണ്.... ദുരന്തങ്ങൾ നിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷകൾ നൽകി വന്ന ഒരുവന്റെ കൈകൊണ്ട് കൊല്ലപ്പെടേണ്ടി വന്ന ഒരു പാവം രാജകുമാരി.. അവളുടെ മരണത്തോടെ അന്യധീനപ്പെട്ട ഒരു കൊട്ടാരം... ഒരു നാട്.... ഒരു ജനത... ഒരു ദേശത്തിന്റെ പഥനത്തിന്റെ കഥകൂടിയാണത്..."
ദിയയുടെ കണ്ണുകൾ മിഴിഞ്ഞു... സ്വയമറിയാതെ അവൾ ചോദിച്ചു... " ആ രാജകുമാരിയുടെ പേരെന്താ അമ്മൂമ്മേ....?"
"സൗപർണ്ണിക.... വീയ്യപുരം കൊട്ടാരത്തിലെ സൗപർണ്ണിക കുമാരി.... കേമദ്രുമയോഗവുമായി ജനിച്ചു കൊട്ടാരത്തിന്റെയും ദേശത്തിന്റെയും നാശത്തിന് കാരണമായവൾ എന്നു കുബുദ്ധികൾ പറഞ്ഞു പ്രചരിപ്പിച്ചവൾ... ഒടുവിൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ പരലോകം പൂകിയവൾ..." സുമതിയമ്മയുടെ വാക്കുകളിൽ വല്ലാത്തൊരു വികാരത്തള്ളിച്ച ഉണ്ടായി അത് പറഞ്ഞപ്പോൾ.
"അമ്മൂമ്മേ... എനിക്ക് അറിയണം സൗപർണ്ണിക രാജകുമാരിയെപ്പറ്റി... അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെപ്പറ്റി...." ദിയയുടെ മുഖത്തും വാക്കുകളിലും ഗൗരവം നിറഞ്ഞിരുന്നു.
(തുടരും.....)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo