Slider

കഥയിലെ രാജകുമാരി - അദ്ധ്യായം 8

0


അദ്ധ്യായം 8
~~~~~~~~~
"ദിയേ.... നിന്നെ അമ്മൂമ്മ വിളിക്കുന്നു...." റൂമിന്റെ വാതിൽക്കൽ നിന്നും നിത്യ വിളിച്ചു പറഞ്ഞപ്പോൾ ദിയ ഞെട്ടി കണ്ണുകൾ തുറന്നു. നെറ്റിയുടെ മീതേ വെച്ചിരുന്ന വലത് കൈത്തലം എടുക്കാതെ തന്നെ എന്തിനെന്ന ചോദ്യഭാവത്തിൽ അവൾ നിത്യയെ നോക്കി.
"ആവോ.... നീ ഇന്ന് താഴേക്ക് അധികം വന്നില്ലല്ലോ... അമ്മൂമ്മ ഇടക്കിടെ വന്ന് നോക്കുന്നുണ്ടായിരുന്നു. ഊണിനും താമസിച്ചല്ലേ നീ വന്നത്..." റൂമിലേക്ക് കയറിക്കൊണ്ടു നിത്യ പറഞ്ഞു.
"സുഖമില്ലേഡീ...?" നിത്യ ദിയയുടെ കവിളിലും നെറ്റിയിലും കൈത്തലം വെച്ചു നോക്കി.
"ഒന്നൂല്ല... ഒരു ക്ഷീണം..." ദിയ മടുപ്പോടെ പറഞ്ഞു.
"അതേയ് ഒന്നും ചെയ്യാണ്ട് ഇരുന്നിട്ടാ... നാളെ നമുക്ക് ഒന്നു കറങ്ങാൻ പോവാം.. അപ്പോൾ മടുപ്പൊക്കെ മാറും..." നിത്യ ആവേശത്തോടെ പറഞ്ഞു. ദിയ മങ്ങിയ ഒരു പുഞ്ചിരി മറുപടിയായി നൽകി.
"ഇപ്പോൾ നീ താഴേക്ക് ചെല്ലൂ..." നിത്യ അവളുടെ കൈപിടിച്ചു എഴുന്നേല്പിച്ചുകൊണ്ടു പറഞ്ഞു.
ദിയ എഴുന്നേറ്റ് മുഖം കഴുകിയ ശേഷം മൊബൈലും എടുത്തു താഴേക്ക് പോയി. കൂടെ നിത്യയും. താഴെ ചെന്നപ്പോൾ സുമതിയമ്മ ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ട്. അവരുടെ ഉളുക്കിയ വലതുകാലിൽ ഇപ്പോഴും ബാൻഡേജ് ചുറ്റിയിരുന്നു. നടക്കുമ്പോൾ ചെറിയ വേദന മൂലം അവർ ഏന്തിയാണ് നടക്കുന്നത്. ദിയ അവർക്കരികിലായി ചെന്നിരുന്നു.
"എന്താ അമ്മൂമ്മേ തിരക്കിയത്...?" ദിയ ഒരു പുഞ്ചിരി വരുത്തി ചോദിച്ചു.
"ഒന്നൂല്ല്യ മോളേ... നിന്നെ ഇന്ന് താഴത്തേക്കധികം കണ്ടില്ലല്ലോ...."സുമതിയമ്മ ദിയയുടെ ഷാംപൂ തേച്ചു മിനുക്കിയ ശേഷം അഴിച്ചിട്ട മുടിയിഴകളിലൂടെ കയ്യോടിച്ചു. "പട്ടുനൂല് പോലെ ഉണ്ട്..." അവർ ആശ്ചര്യത്തോടെ പറഞ്ഞു.
ദിയക്ക് അമ്മൂമ്മയുടെ നിഷ്‌കളങ്കമായ വാക്കുകൾ കേട്ട് ചിരി വന്നു. ഇത്തവണ അവളുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ പുഞ്ചിരി അവളുടെ മുഖത്തെ കൂടുതൽ പ്രകാശമാനമാക്കി.
"കിടക്കുവായിരുന്നു അമ്മൂമ്മേ..." അവൾ സ്വരത്തിൽ ക്ഷീണത്തിന്റെ ലാഞ്ജന കലർത്തിയ ശേഷം അവരുടെ മടിയിൽ തലവെച്ചു കിടന്നു.
"രാജകുമാരിക്ക് ശരിക്കും മറ്റേ ദോഷം ഉണ്ടായിരുന്നോ അമ്മൂമ്മേ..." ദിയയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് സുമതിയമ്മ അമ്പരന്നു.
"ഏത് രാജകുമാരി...?" അവർ ചോദിച്ചു.
"സൗപർണ്ണിക രാജകുമാരി..." ദിയ ഓർമ്മിപ്പിച്ചു.
"ആഹാ.... ആ കഥ നമ്മൾ തുടങ്ങിവെച്ചായിരുന്നു അല്ലേ..." സുമതിയമ്മ ഒന്നു പുഞ്ചിരിച്ചു.
"ഇന്ന് ബാക്കി പറയാമോ അമ്മൂമ്മേ..." ദിയ എതിർവശത്തെ ഭിത്തിയിലേക്ക് മിഴികളൂന്നി ചോദിച്ചു.
"നമ്മൾ എവിടെ വരെയാണ് പറഞ്ഞു നിർത്തിയത് കുട്ട്യേ?" സുമതിയമ്മ ഓർമ്മയിൽ പരതി.
"സൗപർണ്ണിക കുമാരിക്കു എന്തോ ദോഷമുണ്ടെന്നു രാജഗുരു ദേവപ്രതാപവർമ്മയോട് പറയുന്നിടം വരെ..." ദിയ അത് പറഞ്ഞു നിർത്തിയതും നിത്യയും ഹാളിലേക്ക് വന്ന് അടുത്തുള്ള സോഫാചെയറിൽ സ്ഥാനം പിടിച്ചു.
"ആഹ്... അതന്നെ..... രാജകുമാരിക്ക് കേമദ്രുമയോഗത്തോടൊപ്പം മറ്റെന്തൊക്കെയോ ദോഷങ്ങൾ ഉണ്ടെന്ന് കുങ്കാര ഗുരുക്കൾ പറയുന്നത് വരെ അല്ലേ...?" സുമതിയമ്മ ചോദിച്ചു.
"രാജകുമാരിക്ക് എന്തുകൊണ്ടാ ആ ദോഷം ഉണ്ടായത് അമ്മൂമ്മേ...?" ആദ്യമായി കഥ കേൾക്കാൻ ഇരുന്ന നിത്യ സംശയം ചോദിച്ചു.
ദിയക്ക് ചെറുതായി ദേഷ്യം വന്നു. ആദ്യം മുതലേ കേൾക്കാൻ വരാഞ്ഞിട്ട് ഇടയ്ക്ക് വന്നു ചോദ്യങ്ങൾ ചോദിക്കുന്ന സമയംകൊല്ലി.... അവൾ മനസ്സിൽ വിചാരിച്ചു. എന്നാൽ സുമതിയമ്മക്ക് ഒട്ടും നീരസം തോന്നിയില്ല.
"അതോ നിത്യമോളേ.... ഈ രാജകുമാരി..., സൗപർണ്ണിക..., മിഥുനമാസത്തിലെ പൗർണ്ണമി ദിനത്തിലെ മോശം സമയത്താണ് ജനിച്ചത്." അവർ നിത്യയോടായി പറഞ്ഞു.
"അമ്മൂമ്മേ..., രാജഗുരു സംശയിച്ച നിമിത്തങ്ങൾ സൗപർണ്ണികയുടെ ജീവിതത്തിൽ അഞ്ചു വയസ്സിനു മുൻപേ നടന്നോ..?" ദിയ അറിയാനായി തിടുക്കം കൂട്ടി.
"ഉവ്വ്.... ആ നിമിത്തങ്ങൾ അവളുടെ ജീവിതത്തിൽ സംഭവിച്ചു.. അവളുടെ ജീവിതത്തെ തന്നെ ബാധിച്ച നിമിത്തങ്ങൾ..." സുമതിയമ്മ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു.
ആകാംഷ നിറഞ്ഞ മുഖത്തോടെ ദിയയും കഥയുടെ ആദ്യ ഭാഗം പൂർണ്ണമായും മനസ്സിലാവാത്ത ആശങ്കയോടെ നിത്യയും സുമതിയമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
★★★★★★★★★★★★★
വീയ്യപുരം ചെറിയ കൊട്ടാരത്തിന്റെ ഏറ്റവും ഉയർന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള താഴികക്കുടത്തിനു മീതേ പാറിക്കളിക്കുന്ന കറുത്ത കൊടിയാണ് പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒറ്റക്കുതിരയെ പൂട്ടിയ തേരിൽ വരുമ്പോൾ കുങ്കാര ഗുരുക്കൾ ആദ്യം കണ്ടത്. ഗൗരവം നിറഞ്ഞ അദ്ദേഹത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. തോളിൽ തൂക്കിയിട്ടിരുന്ന ചുവന്ന പട്ടു സഞ്ചിയിൽ അദ്ദേഹം പിടിമുറുക്കി. "തീവ്രം...." ഗുരുക്കൾ തേരാളിയോടായി ആജ്ഞാപിച്ചു. തേരാളിയുടെ വലതുകൈ കടിഞ്ഞാണിൽ മുറുകിയതും ചെമ്പൻ കുതിര ശരവേഗം ആ പാതയിലൂടെ പാഞ്ഞു.
പടിപ്പുരയിൽ നിർത്തിയ രഥത്തിൽ നിന്നുമിറങ്ങി കൊട്ടാരത്തിനകത്തേക്ക് നടക്കുമ്പോൾ ചുറ്റിനും കണ്ടവരൊക്കെയും ശുഭ്രവസ്ത്രധാരികൾ ആയിരുന്നു. അവരുടെയൊക്കെയും മുഖങ്ങളിൽ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു. സഭാതളത്തിന്റെ ഒരുവശത്തു പലപല തളികകളിൽ വിലമതിക്കാനാവാത്ത ആഭരണങ്ങളും വിശിഷ്ട്യ പട്ടുവസ്ത്രങ്ങളും ശ്രേഷ്ഠങ്ങളായ കളിക്കോപ്പുകളും ആരാലും ശ്രദ്ധിക്കാതെ ഇരിപ്പുണ്ടായിരുന്നു. അതിനും ഒരു കോണിൽ പല വർണ്ണത്തിലെ പാട്ടുതുണികൾ കൊണ്ട് നിർമ്മിച്ച കൊടിതോരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും കൂട്ടി ഇട്ടിരുന്നു. അഞ്ചു നാൾക്ക് മുൻപ് അവ ഈ സഭാതളത്തിന്റെ ഉൾവശം അലങ്കരിച്ചുകൊണ്ടു പാറിപ്പറന്നു നിന്നവയാവാം. കാരണം അഞ്ചു നാൾ മുൻപ് സൗപർണ്ണിക രാജകുമാരിയുടെ നാലാം പിറന്നാൾ ആയിരുന്നു.
ആരവങ്ങൾ ഇല്ലാത്ത സഭാതളത്തിൽ നിന്നും ഇടത്തേക്ക് തുറക്കുന്ന വാതിലിലൂടെ കുങ്കാര ഗുരുക്കൾ നടുമുറ്റത്തെ ചുറ്റുന്ന വരാന്തയിലേക്കിറങ്ങി. വാതിലുകൾക്ക് ഇരുവശവും നിൽക്കുന്ന ഭടന്മാർ ഗുരുക്കളോടുള്ള ആദരസൂചകമായി തല കുമ്പിട്ടു. നടുമുറ്റത്തു വെള്ളമുണ്ട് തറ്റുടുത്ത പൂജാരിമാർ ആത്മാവിന് നിത്യശാന്തി ലഭിക്കാൻവേണ്ടിയുള്ള പ്രാർത്ഥനാകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവിടെ നിലത്തു വെറും പുല്ലുപായയിൽ ആഭരണവിഭൂഷണങ്ങളും ചമയങ്ങളും ഇല്ലാതെ വെള്ളവസ്ത്രങ്ങളണിഞ്ഞു നിറമിഴികളോടെ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്ന അമ്മ മഹാറാണി ഉമാദേവിയും മറ്റ് സ്ത്രീജനങ്ങളും.
കുങ്കാര ഗുരുക്കളുടെ മിഴികൾ ആരെയോ തേടിയെന്നപോൽ ചുറ്റിനും പരതി. ഒടുവിൽ എതിർവശത്തെ തൂണിൻ ചാരെ ദുഃഖിതനായി നിൽക്കുന്ന ദേവപ്രതാപവർമ്മയെ കണ്ടതും ഗുരുക്കളുടെ മിഴികൾ ഒന്നു പിടഞ്ഞു. അദ്ദേഹം വേഗം രാജാവിനടുത്തേക്ക് നടന്നു.
"രാജൻ...." കുങ്കാര ഗുരുക്കൾ മെല്ലെ വിളിച്ചു.
"ഗുരോ.... അങ്ങോ.... കണ്ടില്ലേ ഗുരുക്കളേ നമ്മുടെ അവസ്ഥ.... ഈ വിയോഗം നാം എങ്ങനെ സഹിക്കും..." ഇടറിയ വാക്കുകളോടെ പ്രതാപവർമ്മ വിരൽചൂണ്ടിയ ദിക്കിലേക്ക് ഗുരുക്കൾ നോക്കി. അവിടെ സിംഹാസനത്തോളം പോന്നൊരു പീഠത്തിൽ താമരമൊട്ടുകൾ കൊരുത്ത മാലചാർത്തി വെച്ചിരിക്കുന്ന ഉത്തരാദേവിയുടെ ഛായാചിത്രം.
"നമ്മുടെ പ്രിയപത്നി..... ഉത്തര..... അവൾ എന്നേയും നമ്മുടെ രാജകുമാരി സൗപർണ്ണികയേയും തനിച്ചാക്കി ഇഹലോകം വെടിഞ്ഞിരിക്കുന്നു...." അത്യധികം ദുഃഖത്തോടെയുള്ള രാജാവിന്റെ വാക്കുകൾ ക്ഷമയോടെ ഗുരുക്കൾ കേട്ടു നിന്നു.
"നമ്മുടെ പ്രിയപുത്രി സൗപർണ്ണിക...., അമ്മയുടെ വിയോഗത്തിന്റെ അന്നുതൊട്ടു ജ്വരം പിടിപെട്ടു കിടപ്പിലാണ്... അമ്മേ .., അമ്മേ..., എന്നൊരു വാക്ക് മാത്രമേ അവൾ ഉച്ചരിക്കുന്നൊള്ളു... പിതാവായ എന്റെ സാമീപ്യം പോലും അവൾക്ക് ആശ്വാസം നൽകുന്നില്ല...." പ്രതാപവർമ്മ മിഴിനീർ തുടച്ചു.
വീരശൂരപരാക്രമിയായ തന്റെ രാജാവ് മിഴിനീർ വാർത്തുന്നത് കണ്ടിട്ടും കുങ്കാര ഗുരുക്കളുടെ മുഖത്തെ ഇരുളിമ മാഞ്ഞില്ല. അവിടെ സഹതാപത്തിന്റെ അലകൾ തെളിഞ്ഞില്ല. ഗൗരവം ഒട്ടും ചോരാതെ അദ്ദേഹം ആവശ്യപ്പെട്ടു..., "നമുക്ക് രാജകുമാരിയെ ഒന്നു കാണണം രാജാവേ..."
മിഴിനീർ തുടച്ച ശേഷം രാജാവ് ഗുരുക്കൾക്ക് വഴികാട്ടിയായി അന്തഃപുരത്തിലേക്ക് നടന്നു. അവിടെ വലിയ കട്ടിലിന്റെ മദ്ധ്യത്തിലായി വാടിയ താമരത്താണ്ട് പോലെയൊരു ബാലിക... എന്തൊക്കെയോ ലേപനങ്ങൾ അരച്ചുതേച്ച അവളുടെ വിടർന്ന നെറ്റിയിലേക്ക് മുകളിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ കലശത്തിൽ നിന്നും ഇറ്റു വീഴുന്ന ഔഷധികൾ കലർന്ന ജലം. അരുകിൽ വെൺ ചാമരവും ഏന്തി നിന്ന തോഴിമാർ രാജാവിനേയും ഗുരുക്കളേയും കണ്ടു തലകുനിച്ചു.
"നോക്കൂ ഗുരുക്കളേ.... എന്റെ പുത്രി..... അവൾക്ക് മരണത്തെക്കുറിച്ചു എന്തറിയാം..... പാവം എന്റെ പുത്രി. അമ്മയെ കാണാത്ത വിഷമത്തിൽ ആണവൾ.." രാജാവ് പറഞ്ഞുതുടങ്ങിയതും തോഴിമാരോട് പുറത്ത് പോവാൻ ഗുരുക്കൾ ആംഗ്യം കാട്ടി.
ഒരുവേള നിർത്തിയ ശേഷം പ്രതാപവർമ്മ വീണ്ടും പറയാൻ തുടങ്ങി....,
"എന്തിനാണ് അവൾ നമ്മെ ഇവിടെ ഒറ്റയ്ക്കാക്കി മരണത്തിന്റെ കൈകളിലേക്ക് പോയത്... ദൈവങ്ങൾ ഇത്ര കണ്ണിൽച്ചോര ഇല്ലാത്തവരോ...."
ഗുരുക്കൾ ഗൗരവം വിടാതെ കലശത്തിലെ ജലവും അരച്ചു വെച്ചിരിക്കുന്ന ലേപനവും പരിശോധിക്കാൻ തുടങ്ങി. ശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു നുള്ള് ഭസ്മം എടുത്ത് രാജകുമാരിയുടെ നെറുകയിൽ പ്രാർത്ഥനയോടെ തിരുമ്മി. രാജാവ് നിശബ്ദനായി അതെല്ലാം നോക്കി നിന്നു.
"രാജ്ഞിയെ മരണത്തിലേക്ക് തള്ളിവിട്ടതാണെങ്കിലോ....?" നിശബ്ദതയെ ഭേദിച്ചു വന്ന കുങ്കാര ഗുരുക്കളുടെ ചോദ്യം കേട്ട് രാജാവൊന്നു ഞെട്ടിയപോലെ.
"കാശി ദേശത്തേക്കൊരു യാത്ര പോയ നാം പകുതി വഴിയിൽ തിരികെ വരണമെങ്കിൽ നമുക്കത്തിനു തക്ക ജ്ഞാനം സിദ്ധിച്ചിട്ടുണ്ടെന്നു വെച്ചോളൂ രാജൻ..." കുങ്കാര ഗുരുക്കളുടെ അളന്നുമുറിച്ച വാക്കുകൾ കേട്ട് തണുത്തുറഞ്ഞൊരു ശില പോലെ ദേവപ്രതാപവർമ്മ രാജാവ് നിന്നു.
(തുടരും.....)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo