Slider

ആത്മസംതൃപ്തി

0

വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ കവർ തുറന്നു നോക്കി , ആരും കാണാതെ ബാഗിലാക്കി മുന്നോട്ട് നടക്കുമ്പോൾ ഉള്ളിലെവിടെയോ ചെറിയ ഭയവും സങ്കടവും ഉണ്ടായിരുന്നു... ഒരു ലക്ഷത്തോളം രൂപയടങ്ങിയ കവർ ആ സാഹചര്യത്തിൽ എനിക്കൊരു കച്ചിതുരുമ്പായിരുന്നു... എന്റെ ഏട്ടത്തിയമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായി ദൈവം അറിഞ്ഞു തന്നതു പോലെയാണ് എനിക്കു തോന്നിയത്....
തെല്ലു കുറ്റബോധം പോലുമില്ലാതെ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന ഏട്ടന്റെ മുഖമാണ് കണ്ടത്.... പാവം ഓപ്പറേഷനുള്ള കാശിനു വേണ്ടിയുള്ള കാത്തിരിപ്പാണ്...
"എടാ... കാശ് കിട്ടിയോ ? "
എന്നെ കണ്ടതും ഓടിവന്നു ഏട്ടൻ ചോദിച്ചപ്പോഴേക്കും കയ്യിലിരുന്ന കവർ ഏട്ടന്റെ കൈകളിലേക്ക് ഏൽപ്പിച്ചിരുന്നു..
വെപ്രാളവും സങ്കടവും കൊണ്ടായിരിക്കാം ഞാനാഗ്രഹിച്ചതു പോലെ തന്നെ ഏട്ടൻ കാശിന്റെ ഉറവിടത്തെ കുറിച്ചു അന്വേഷിക്കാതെ , പണമടക്കാനായി കൗണ്ടറിലേക്ക് പാഞ്ഞത്.... ഓരോ നിമിഷം വൈകും തോറും അപകടത്തിലാകുന്നത് രണ്ടു ജീവനായിരിക്കും....
തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ഏട്ടത്തിയെ വയറുവേദനയെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടി വന്നത്.... ഇനിയും രണ്ടു മാസം കൂടിയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കാം ഏട്ടൻ പ്രസവചിലവിനായി ഇപ്പോഴേ ഒന്നും കരുതാതിരുന്നത്....
'ഏട്ടത്തി ആശുപത്രിയിലാ ഓപ്പറേഷൻ വേണ്ടി വരും, 50,000 രൂപ കെട്ടിവെക്കണം... നീ എങ്ങനെയെങ്കിലും പൈസ സംഘടിപ്പിച്ചു തരണം '
ഏകദേശം ഒരു 11. 45 ആയപ്പോൾ ഏട്ടൻ കരഞ്ഞു കൊണ്ട് ഓഫീസിലായിരുന്ന എന്നെ വിളിച്ചു പറഞ്ഞപ്പോൾ എങ്ങനെ പണം സംഘടിപ്പിപ്പിക്കും എന്ന വേവലാതിയായിരുന്നു....
ഏട്ടത്തി എനിക്കു ഒരേ സമയം അമ്മയും കൂട്ടുകാരിയുമൊക്കെയായിരുന്നു ... എന്റെ എല്ലാ കാര്യങ്ങളും ഒരു കുറവുമില്ലാതെ നടത്തി തരാനും എന്തും തുറന്നു പറയാനും ഏട്ടനെക്കാൾ ഞാൻ കൂടുതലും ആശ്രയിച്ചിരുന്നത് ഏട്ടത്തിയെയായിരുന്നു.....ആ ഏട്ടത്തിയെ ഈ സാഹചര്യത്തിൽ രക്ഷിക്കാൻ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്....
പരിചയക്കാരെയും പരിചയമില്ലാത്തവരോടുമായി പലരോടും ചോദിച്ചെങ്കിലും പെട്ടന്ന് ഇത്രയും പണം ആരുടെയും കൈകളിൽ ഉണ്ടായിരുന്നില്ല..
നിരാശയോടെ ഓഫീസിനു തൊട്ടടുത്തുള്ള എടിഎം ലക്ഷ്യം വെച്ചു പോയപ്പോഴാണ് എടിഎം കൗണ്ടറിനടുത്തു നിന്നാ കവർ ലഭിക്കുന്നതു...അല്പം മാറി നിന്ന്, ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി കവർ തുറന്നു നോക്കിയപ്പോൾ അതിൽ പണവും കൂടെ ഒരു മൊബൈൽ നമ്പറും അഡ്രസും എഴുതിയ ഒരു തുണ്ടുകടലാസുമുണ്ടായിരുന്നു ...
കടലാസ് പോക്കറ്റിലേക്കിട്ട് , ബൈക്കെടുത്തു ആശുപത്രിയിലെത്തി ഏട്ടന്റെ കൈകളിൽ പണം ഏൽപ്പിച്ചപ്പോഴാണ് മനസിനൊരാശ്വാസം ലഭിച്ചതു... പക്ഷെ ഇപ്പോൾ കുറ്റബോധം വല്ലാതെ വേട്ടയാടുന്നതു പോലെ... അനർഹമായത് തട്ടിപറിച്ചെന്നൊരു തോന്നൽ ....
"മോനെ...വാ നമുക്കൊരു ചായ കുടിച്ചിട്ട് വരാം... "
തോളത്തു തട്ടികൊണ്ട് വല്യച്ഛനെന്നെ വിളിച്ചപ്പോഴാണ് ഞെട്ടിതരിച്ചു കൊണ്ട് ചിന്തയിൽ നിന്നും ഉണർന്നത് ....
"എനിക്കു വേണ്ട വല്യച്ഛാ... ഏട്ടത്തിയെയും കുഞ്ഞിനെയും പുറത്തു കാണാതെ ഒരു സമാധാനവുമില്ല... "
എഴുന്നേൽക്കാൻ വിസമ്മതിച്ച എന്റെ തൊട്ടടുത്തുള്ള കസേരയിലേക്കിരുന്നുകൊണ്ട് വല്യച്ഛൻ എന്നോടായി പറഞ്ഞു .
"മോനെ.... നിനക്ക് ഇത്ര വേഗം ഈ പണം എവിടെ നിന്നു കിട്ടി എന്നു ഞാൻ ചോദിക്കില്ല , പക്ഷെ ഇതൊരിക്കലും മറ്റൊരാളുടെ കണ്ണീരിന്റെ വിലയാകാതിരിക്കട്ടെ... "
അത്രയും പറഞ്ഞുകൊണ്ട് വല്യച്ഛൻ ആശുപത്രി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നകലുമ്പോഴും ഉള്ളിൽ മുഴങ്ങിയിരുന്നത് വല്യച്ഛന്റെ വാക്കുകളായിരുന്നു... എങ്ങനെയും ഏട്ടത്തിക്ക് ഓപ്പറേഷനുള്ള പണം തരപ്പെടുത്താനുള്ള തിരക്കിനിടയിൽ ഞാൻ ആ പണവും അതിന്റെ പിന്നിലെ കാണാത്ത , അറിയാത്ത മനുഷ്യരുടെ സങ്കടത്തെ കുറിച്ചു ചിന്തിച്ചില്ല എന്നതാണ് സത്യം..
മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഏട്ടത്തിയും കുഞ്ഞിനും കുഴപ്പമില്ല എന്ന വാർത്ത കേട്ടപ്പോഴേക്കും കുറ്റബോധം ഹൃദയത്തെ വല്ലാതെ ഞെരുക്കിയിരുന്നു.. പിന്നീട് അവിടെ നിന്നു , ആശിച്ചു വാങ്ങിയ ബൈക്കു വിറ്റു കിട്ടിയ പണവും എടിമ്മിൽ നിന്നും അക്കൗണ്ടിലുള്ള പണവുമെടുത്തു , തുണ്ടു കടലാസിലെ അഡ്രസും കണ്ടുപിടിക്കാനുള്ള നെട്ടോട്ടമായിരുന്നു...
പറഞ്ഞു കൊടുത്ത അഡ്രസ് പ്രകാരം ഓട്ടോ ഒരു കൊച്ചു വീടിന്റെ മുൻപിൽ ചെന്നെത്തി നിന്നപ്പോൾ എന്റെ വരവിനായി ആ സന്ധ്യക്ക് നാലു മനുഷ്യ മുഖങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു... പണം നഷ്ടപ്പെട്ടു എന്ന വേവലാതിയിൽ അരുതാതത്തതു ചെയ്യാതിരിക്കാൻ പേപ്പറിൽ കണ്ട നമ്പറിൽ മുൻകൂട്ടി
വിളിച്ചു പറഞ്ഞതിനാലായിരിക്കാം അവരുടെ കണ്ണുകളിൽ എന്നെ കണ്ടപ്പോൾ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു... നഷ്ടപ്പെട്ടു എന്നു കരുതിയത് തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന പറഞ്ഞറിയിക്കാനാകാത്ത സന്തോഷം...
" മോനെ... ദൈവായിട്ടാ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട പണം മോന്റെ കയ്യിലെത്തിച്ചത്..... ഉള്ള സ്വർണം വിറ്റിട്ടാ വീട് ജപ്തി ചെയ്യാതിരിക്കാനുള്ള പണം തരപ്പെടുത്തിയത്... ഇന്നീ പണം കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും എന്റെ ഈ മൂന്നു മക്കളും പെരുവഴിയിലിറങ്ങണ്ടി വന്നേനെ... "
കുറച്ചു നിമിഷത്തേക്കെങ്കിലും ഞാൻ തട്ടിയെടുത്ത അവരുടെ പണവും ബാക്കി കയ്യിലുണ്ടായിരുന്ന കുറച്ചു പണവും ആ അമ്മയുടെ കരങ്ങളിലേക്ക് ഏൽപ്പിച്ചപ്പോൾ ആ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടാ അമ്മ
'ഈ നല്ല മനസിന്‌ ഈശ്വരൻ എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കട്ടെ... ' എന്നു പറഞ്ഞു കൊണ്ടെനിക്ക് അനുഗ്രഹവചസുകൾ ചൊരിഞ്ഞപ്പോൾ ഉള്ളിൽ ഒരു നിമിഷം ചെയ്ത തെറ്റിന് ചെറിയൊരു
പ്രായിശ്ച്ത്തം ചെയ്തതിലുള്ള ആത്മസംതൃപ്തിയായിരുന്നു....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo