
തിരിഞ്ഞു കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന അയാളെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് അവൾ മെല്ലെ എഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി തോളിലൂടെ പകുതിട്ടു കൊണ്ട് നിലക്കണ്ണാടിയിലുള്ള തൻ്റെ പ്രതിബിംബത്തിലേക്കുറ്റു നോക്കി. അവിടവിടെയായി നീലിച്ചുകൊണ്ടിരിക്കുന്ന ചുവന്ന പാടുകൾ. കെടാതെ കത്തുന്ന കണ്ണുകൾ . മുഖത്ത് ശോകമായി നിഴലിക്കുന്ന ഇഛാഭംഗം. അവൾക്കു തന്നോടും ലോകം മുഴുവനോടും വെറുപ്പ് തോന്നി. പറഞ്ഞറിയിക്കാനാവാത്ത ഏതോ വികാരത്താൽ അവൾ ഉരുകി. ഉള്ളിൽ ജ്വലിച്ചുയർന്ന വികാരാഗ്നി അവളുടെ മുൻപിലുണ്ടായിരുന്ന ചില്ലിനെ ഉരുക്കിക്കളഞ്ഞു . ആ വിടവിലൂടെ വർണ്ണശബളമായ മറ്റൊരു ലോകം അവൾ കണ്ടു. അത്ഭുതത്താൽ വിടർന്ന കണ്ണുകളോടെ ആ മാസ്മരികലോകത്തിലേക്ക് അവൾ പ്രവേശിച്ചു.
അതൊരു തോട്ടമായിരുന്നു. ഒരു വലിയ തോട്ടം. ഒരേ അകലത്തിൽ ആരോ നട്ടു വളർത്തിയ പലതരം വൃക്ഷങ്ങൾ. ആ വൃക്ഷങ്ങളിലെല്ലാം പലവർണ്ണങ്ങളുള്ള പഴങ്ങൾ തൂങ്ങിക്കിടന്നിരുന്നു. അസ്തമയ സൂര്യൻ്റെ ചെങ്കതിരുകൾ തുടുത്തു നിൽക്കുന്ന ആ പഴങ്ങളിൽ പ്രതിഫലിച്ചു. ആ തോട്ടത്തിൽ തളം കെട്ടി നിന്ന നിശബ്ദത അവളെ അത്ഭുതപ്പെടുത്തി. എല്ലാ മരങ്ങളിലും പലതരം പക്ഷികൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല. അടുത്തെവിടെ നിന്നോ ഒരു അരുവി ഒഴുകുന്നതിൻ്റെ ശബ്ദം മാത്രം ആ നിശബ്തതയെ ഭേദിച്ചു. അവൾക്ക് വിശപ്പും ദാഹവും തോന്നി . അവൾ ആ അരുവിയെ ലക്ഷ്യമാക്കി നടന്നു. വശ്യ സുഗന്ധമുള്ള ഒരു കുളിർ കാറ്റ് അവളുടെ നഗ്നമേനിയെ തഴുകി.
ആ തോട്ടം മുഴുവൻ ചുറ്റി നടന്നു കാണാൻ അവൾ ആഗ്രഹിച്ചു. പക്ഷെ ഉള്ളിൽ കത്തിക്കാളുന്ന വിശപ്പും ചുറ്റും നിന്ന് കൊതിപ്പിക്കുന്ന പഴങ്ങളും അവളുടെ കാലുകളെ തടഞ്ഞു നിർത്തി. മനോഹരങ്ങളായ പഴങ്ങൾ നിറഞ്ഞു നിന്ന ഒരു മരത്തിൻ്റെ ചുവട്ടിലെത്തി ആ പഴങ്ങൾ പറിക്കാനായി അവൾ കൈനീട്ടി. പക്ഷെ അവളെ നിരാശപ്പെടുത്തിക്കൊണ്ട് ആ മരങ്ങളിലെല്ലാം ഓരോ പേരുകൾ എഴുതി വച്ചിട്ടുണ്ടായിരുന്നു. മറ്റൊരാളുടെ സ്വന്തമായവ ചോദിക്കാതെ എടുക്കുന്നത് ശരിയല്ല എന്ന ചിന്ത ഉള്ളിൽ തെളിഞ്ഞപ്പോൾ അവൾ നടപ്പു തുടർന്നു . ഏകദേശം തോട്ടത്തിൻ്റെ ഒത്ത നടുക്കെത്തിയപ്പോൾ ചുവന്നു തുടുത്ത പഴങ്ങൾ തൂങ്ങി കിടക്കുന്ന ആരുടെയും പേരെഴുതാത്ത ഒരു മരം അവൾ കണ്ടു. തന്നെ വല്ലാതെ കൊതിപ്പിക്കുന്ന, കയ്യെത്താത്തത്ര ഉയരത്തിലുള്ള ആ പഴങ്ങൾ എങ്ങനെ പറിക്കുമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഇലകൾക്കിടയിൽ നിന്ന് കൈ നിറയെ പഴങ്ങളുമായി സുന്ദരനായ ഒരു യുവാവ് താഴേക്കിറങ്ങി വന്നു. അവൻ പുഞ്ചിരിച്ചു കൊണ്ട് ആ പഴങ്ങൾ അവൾക്കു നേരെ നീട്ടി. അവൻ്റെ സൗന്ദര്യവും ആ പഴത്തിൻ്റെ മാദക ഗന്ധവും അവളെ ഭ്രമിപ്പിച്ചു. ഒരു മാന്ത്രിക ശക്തിക്കടിമപ്പെട്ടിട്ടെന്ന പോലെ അവൾ അത് വാങ്ങാനൊരുങ്ങി.
പെട്ടെന്ന് പുറകിൽ നിന്നാരോ ആ പഴങ്ങൾ തട്ടിത്തെറിപ്പിച്ചു. വല്ലാത്ത കോപത്തോടെ അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. അതിസുന്ദരിയായ ഒരു സ്ത്രീയായിരുന്നു അത്. അവർ ഒരു വശം തിരിഞ്ഞാണ് നിന്നിരുന്നത്. നീണ്ട മുടി കൊണ്ട് അവർ ശരീരത്തിൻ്റെ മുക്കാൽഭാഗവും മറച്ചിരുന്നുവെങ്കിലും ആ സൗന്ദര്യത്തിൽ ചുറ്റുമുള്ളതെല്ലാം നിഷ്പ്രഭമായി പോകുന്നുവെന്ന് അവൾക്കു തോന്നി. ആ കണ്ണുകൾ ഇന്ദ്രനീലം പോലെ തിളങ്ങി. അവിടെയാകെ ഒരു അഭൗമ സുഗന്ധം നിറഞ്ഞു. ആ രൂപത്തെ കണ്ടതും സുന്ദരൻ ഒരു സർപ്പത്തിൻ്റെ രൂപത്തിലായി മരത്തിലേക്ക് ഇഴഞ്ഞു കയറി ഇലകൾക്കുള്ളിലൊളിച്ചു.
"നീ എന്തിനാണ് ഇവിടെ വന്നത് ?" ആ രൂപം പുഞ്ചിരിയോടെ ചോദിച്ചു. അത്ര മനോഹരമായ ഒരു പുഞ്ചിരി അവൾ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല.
"എനിക്ക് വിശന്നിട്ട് ...." അവൾ ക്രൂദ്ധയായി.
"എല്ലാ വിശപ്പും അപ്പം അർഹിക്കുന്നില്ലെന്നു നിനക്കറിയില്ലേ?
"ഓഹോ! നീയും തത്വജ്ഞാനം വിളമ്പുകയാണോ? നീയാരാണ്? നീയെന്തിനാണ് ആ പഴങ്ങൾ തട്ടിത്തെറിപ്പിച്ചത്?
"നിൻ്റെ മുതു മുത്തശ്ശിയാണ് ഞാൻ പറഞ്ഞതനുസരിക്കാതെ ആ പഴം ആദ്യം തിന്നത്. പക്ഷെ അതൊക്കെ എഴുതി വച്ചിട്ടും പലരും ഇന്നും ഇവിടെ വന്നു പോകുന്നു. ഞാനെത്ര തടഞ്ഞിട്ടും എന്നെ ധിക്കരിച്ച് പഴം തിന്നുന്നു.
"അപ്പോൾ നീ ദൈവമാണെന്നാണോ നീ പറയുന്നത്?" അവൾ ചോദിച്ചു.
"അത് നീ പറഞ്ഞു കഴിഞ്ഞല്ലോ!" ആ രൂപം പുഞ്ചിരിച്ചു കൊണ്ട് അവളുടെ നേരെ തിരിഞ്ഞു. അപ്പോൾ ബലിഷ്ഠനായ ഒരു പുരുഷൻ്റെ ഉടലാണ് അവൾക്കു കാണപ്പെട്ടത്. ജടപിടിച്ച താടിരോമങ്ങളും നീണ്ടു വളർന്ന മുടിയും ആഴി പോലെ അഗാധമായ കണ്ണുകളുമുള്ള അവൻ അരയിൽ ഒരു മരവുരി ധരിച്ചിരുന്നു.
" ഇതാണോ മനുഷ്യസങ്കല്പങ്ങളിൽ നരച്ച അപ്പൂപ്പനായുള്ള നിൻ്റെ ശരിക്കുമുള്ള രൂപം?" അവൾ ചിരിയടക്കാൻ ശ്രമിച്ചു കൊണ്ട് തുടർന്നു. "പുരുഷനെ ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിച്ചെന്ന് അവൻ അവകാശപ്പെടുമ്പോൾ സ്ത്രീക്ക് ആരുടെ ഛായയാണെന്ന് എന്നും ഞാൻ സംശയിച്ചിരുന്നു. നീ ഒരു പുരുഷനായത് കൊണ്ടാണ് സൃഷ്ടിയുടെ കാര്യത്തിൽ ഇത്ര പക്ഷപാതംകാണിച്ചതെന്നാണ് ഇന്നുവരെ ഞാൻ കരുതിയത്. എന്നെങ്കിലും നിന്നെ കാണുമ്പോൾ ചോദിക്കാനായി കുറെ ചോദ്യങ്ങളും കരുതി
വച്ചിട്ടുണ്ടായിരുന്നു. നീയെന്തിനാണ് പുരുഷനെയും സ്ത്രീയെയും ഇത്ര വ്യത്യസ്തരാക്കിയത്? എന്തിനായിരുന്നു സൃഷ്ടിയുടെ കാര്യത്തിൽ ഇത്ര പക്ഷപാതം?"
വച്ചിട്ടുണ്ടായിരുന്നു. നീയെന്തിനാണ് പുരുഷനെയും സ്ത്രീയെയും ഇത്ര വ്യത്യസ്തരാക്കിയത്? എന്തിനായിരുന്നു സൃഷ്ടിയുടെ കാര്യത്തിൽ ഇത്ര പക്ഷപാതം?"
ദൈവത്തിൻ്റെ മുഖം മ്ലാനമായി...എങ്കിലും ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തുടർന്നു .
"ഞാൻ മനുഷ്യനെ സൃഷ്ടിക്കുകയല്ല, എന്നിൽ നിന്നും അവർ ഉത്ഭവിക്കുകയാണ് ....ഒരു നദി പോലെ എൻ്റെ ആത്മാവിൽ നിന്നും അവർ ഭൂമിയിലേയ്ക്ക് ഒഴുകുന്നു. രണ്ടായി വിഭജിക്കപ്പെട്ട് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മാതാപിതാക്കളിൽ നിന്നും പിറക്കുന്ന അവർ തങ്ങളുടെ പാതിയെ തേടി അലഞ്ഞു നടക്കണമെന്നും കണ്ടെത്തുമ്പോൾ മനസ്സും ശരീരവും ഒന്നാകണമെന്നും അങ്ങനെ പൂർണ്ണരായി എന്നെപ്പോലെ ആകണമെന്നും ഞാൻ കരുതി".
"നിൻ്റെ പകുതിയാണ് ഓരോരുത്തരുമെങ്കിൽ ചിന്താഗതികളും പ്രവൃത്തികളും ഒരുപോലെ ആയിരിക്കണമല്ലോ! ഇത് എല്ലാം എത്ര അന്തരം? നീ പക്ഷപാതം കാണിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ? ഇപ്പോൾ തന്നെ നോക്കൂ, അയാൾ എത്ര സന്തോഷമായി ഉറങ്ങുന്നു. ഞാനോ വല്ലാതെ ഉരുകുന്നു." അവൾ ദൈവത്തിൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ പൊടിഞ്ഞ ഒരു തുള്ളി ജലം അവളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സന്തോഷം നൽകി.
"എന്നെത്തന്നെ പകുത്തു ഞാനവർക്ക് നൽകി. രണ്ടായി ഉത്ഭവിക്കപ്പെട്ട അവർ പ്രണയത്തിലൂടെ ഒന്നാകുമെന്നും പരസ്പരം പകർന്നു നൽകുമെന്നും വ്യത്യാസങ്ങൾ അംഗീകരിക്കുമെന്നും ഞാൻ കരുതി. പക്ഷെ അവർ ഒരിക്കലും സ്വയം അറിയാനോ മറ്റുള്ളവരെ മനസ്സിലാക്കാനോ ശ്രമിച്ചില്ല. സ്വയം അറിയുന്നവർക്കേ മറ്റുള്ളവരെ മനസ്സിലാക്കാനാകൂ ."
ദൈവം നെടുവീർപ്പിട്ടു കൊണ്ട് അവളെ സൂക്ഷിച്ചു നോക്കിയിട്ട് മുകളിലേക്ക് കൈയുയർത്തി അവൾക്കു മനസ്സിലാകാത്ത ഭാഷയിൽ എന്തോ മന്ത്രിച്ചു. ഉടനെ മനുഷ്യൻ്റെ മുഖവും പക്ഷിയുടെ ചിറകുകളുമുള്ള ഒരു ജീവി അവിടെ പ്രത്യക്ഷപ്പെട്ടു. അതിൻ്റെ കയ്യിൽ ഒരു പുസ്തകമുണ്ടായിരുന്നു. ദൈവം ആ പുസ്തകം വാങ്ങിച്ച് അവളുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു.
"വാങ്ങി വായിക്കുക"
അവൾ അത് വാങ്ങിച്ചു തുറന്നു നോക്കി. അതൊരു ഡയറി ആയിരുന്നു. അവൾ ജനിച്ച അന്ന് മുതലുള്ള എല്ലാ സംഭവങ്ങളും അതിൽ രേഖപ്പെടുത്തിയിരുന്നു.
"അതിൽ പച്ച മഷിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് നീ ശരിയും മറ്റുള്ളവർ തെറ്റുമായിരുന്ന സന്ദർഭങ്ങളാണ്. ചുവന്ന മഷിയിലുള്ളത് നീ തെറ്റും മറ്റുള്ളവർ ശരിയുമായിരുന്നതും. നീല മഷി നീ സന്തോഷമായിരുന്ന സമയങ്ങൾ. കറുപ്പ് നിൻ്റെ ദുഖങ്ങളും ഇച്ഛാഭംഗങ്ങളും." ദൈവം പറഞ്ഞു.
അവൾ താളുകൾ മറിച്ചു. ആ ഡയറിയുടെ മുക്കാൽ പങ്കും ചുവപ്പും കറുപ്പുമായിരുന്നു. താൻ ശരിയാണ് എന്ന് ഉറച്ചു വിശ്വസിച്ചവ പോലും ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതു കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. തൻ്റെ ജീവിത പുസ്തകത്തിൽ സന്തോഷത്തിൻ്റെ നീല മഷി തപ്പി അവൾ താളുകൾ വേഗം വേഗം മറിച്ചു. മാതാപിതാക്കളുടെ കൈ വിടുവിച്ചോടുന്ന ഒരു പെൺകുട്ടിയിൽ ആദ്യം അതു തീർന്നു. പിന്നെ അവളതു കണ്ടത് ഒരു വിവാഹചിത്രത്തിലാണ്. പല്ലില്ലാത്ത ഒരു കുഞ്ഞിനേയും ഒക്കത്തിരുത്തി ചിരിച്ചു നിൽക്കുന്ന ഒരു ചിത്രത്തിൽ വീണ്ടും അത് അവസാനിച്ചു. എന്നേക്കുമായി....
അവളുടെ ഹൃദയം വിതുമ്പി. കണ്ണീർത്തുള്ളികൾ മുത്തുകൾ പോലെ മാറിലേക്കിറ്റു വീണു. തിരിച്ചോടി എല്ലാം തിരുത്തി എഴുതാൻ അവളുടെ ഉള്ളം കൊതിച്ചു. അവൾ ദയനീയമായി ദൈവത്തെ നോക്കി. ദൈവം അവളുടെ കയ്യിൽ പിടിച്ച് ആ അരുവിയുടെ കരയിലേക്ക് കൊണ്ട് പോയി. ആ സ്പർശത്താൽ ഭാരം കുറഞ്ഞില്ലാതാകുന്നതായും താൻ ഒരു പട്ടം പോലെ പറക്കുന്നതായും അവൾക്കു തോന്നി.
കാണാനാവാത്ത ഉയരങ്ങളിൽ നിന്നും താഴേക്ക് പതിച്ച ആ അരുവിക്കു ചുറ്റും ജലകണങ്ങൾ മൂടൽമഞ്ഞു പോലെ നിറഞ്ഞു നിന്നിരുന്നു. അവിടെ നിന്നും ഒരു മഴവില്ല് ജനിച്ച് ഭൂമിയുടെ അതിർത്തിയിലേക്കു വളർന്നു. പളുങ്കു ജലം കളകളം പാടി തോട്ടത്തിൻ്റ വശങ്ങളിലൂടെ ഒഴുകി. ആ ശബ്ദം അവൾ അന്നുവരെ കേട്ടിട്ടുള്ള എല്ലാ പാട്ടുകളെയുംകാൾ മധുരതരമായിരുന്നു. കൈക്കുമ്പിളിൽ വെള്ളം കോരിയെടുക്കാനായി കുനിഞ്ഞപ്പോൾ അതിൽ പ്രതിഫലിച്ച തൻ്റെ രൂപം കണ്ട് അവൾക്കു ലജ്ജ തോന്നി. താൻ നഗ്നയാണെന്ന തിരിച്ചറിവിൽ അവൾ മുഖം പൊത്തി.
"ഇത് ധരിച്ചോളൂ"
ദൈവം ഇലകൾ കൂട്ടിതുന്നിയ ഒരു വസ്ത്രം അവൾക്കു കൊടുത്തു. അത് ധരിച്ചശേഷം അവൾ ആ വെള്ളം ആവോളം കുടിച്ചു. അവൾക്ക് ഉണർവും ഉന്മേഷവും തോന്നി.
"നിനക്ക് വിശക്കുന്നു എന്നല്ലേ പറഞ്ഞത് ? വരൂ ..."
ദൈവം അവളുടെ കൈ പിടിച്ച് തോട്ടത്തിൻ്റെ മറ്റൊരറ്റത്തേക്ക് കൊണ്ട് പോയി. അവിടെ നിറയെ ഇലകൾ മാത്രമുള്ള ഒരു മരം ഒറ്റയ്ക്ക് നിന്നിരുന്നു. ഒരു കനി പോലുമില്ലാത്ത ഈ മരത്തിൽ നിന്ന് എങ്ങനെ വിശപ്പടക്കും എന്നോർത്ത് അവൾ ദൈവത്തെ സംശയത്തോടെ നോക്കി.
"അടുത്തേക്കു ചെല്ലുക" ദൈവം കൽപ്പിച്ചു.
മെല്ലെ മുൻപോട്ടു നടന്ന അവൾ ആ മരത്തിൻ്റെ മധ്യത്തിലായി മനോഹരമായ അക്ഷരങ്ങളിൽ കൊത്തിവച്ചിരിക്കുന്ന തൻ്റെ പേര് കണ്ട് സ്തബ്തയായി. മുന്നോട്ടാഞ്ഞ കാൽ പിൻവലിച്ച് തെല്ലു വൈഷമ്യത്തോടെ നിൽക്കുമ്പോൾ ആ ചില്ലകൾ താണുവന്ന് അവളെ പുണർന്നു. അവളുടെ കണ്ണുനീർ വീണ് ആ മരം നനഞ്ഞു കുതിർന്നു. കണ്ണുനീർതുള്ളികൾ വേരുകളെ സ്പർശിച്ചപ്പോൾ ആ ചില്ലകൾ പൂത്തു തളിർത്തു. ചില്ലകളിലേക്ക് പലവർണ്ണപ്പക്ഷികൾ വിരുന്നു വന്നു. പൂക്കളിൽ ചിത്രശലഭങ്ങൾ പറന്നുകളിച്ചു. കൂമ്പിയ മിഴികളോടെ ആ ചില്ലകളോട് ചേർന്നുനിന്നു കൊണ്ട് അവൾ ദൈവത്തെ നോക്കി പുഞ്ചിരിച്ചു.
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക