Slider

ചേച്ചമ്മ (കഥ)

0
Image may contain: Giri B Warrier, closeup and outdoor
*******
"ചേച്ചമ്മേ, നാളെ നേരം വെളുക്കുമ്പോഴേക്കും എട്ടനേം കൂട്ടി വന്ന് എന്നെ ഇവിടെനിന്നും കൂട്ടിക്കൊണ്ട് പോണം..."
കല്ല്യാണത്തിരക്കിൽ ഓടിനടന്ന ക്ഷീണത്തിൽ ഒന്ന് നടു നിവർത്തിയിട്ട് ദിവസം മൂന്നായി. കിടന്നതേ ഉള്ളൂ അപ്പോഴാണ് ചിന്നുവിന്റെ ഫോൺ വന്നത്. അവളുടെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയാണ് ഇന്ന്. ചിന്നു എനിക്ക് ഭർത്താവിന്റെ അനുജത്തിയല്ല മകൾ തന്നെയാണ്. ഉറങ്ങിക്കിടക്കുന്ന രഘുവേട്ടൻ ഉണരണ്ട എന്ന് കരുതി ഫോണെടുത്ത് മേലടുക്കളയിലേക്ക് പോയി.
"ചേച്ചമ്മ കേൾക്കുണ്ടോ ..."
"ഉവ്വ്‌ കേൾക്കുന്നുണ്ട് . നീയ്യൊന്ന് ക്ഷമിക്ക് , നാളെ ഞാനും ഏട്ടനും കാലത്ത് വന്ന് രവിയുമായി സംസാരിക്കാം എന്നിട്ട് ഒരു തീരുമാനം എടുക്കാം"
"ചേച്ചമ്മേ, സംസാരിക്കാൻ ഒന്നൂല്ല്യ, ഞാൻ തിരിച്ചുവരുംന്ന് പറഞ്ഞാൽ വരും, നിങ്ങള് വന്നില്ല്യാച്ചാ ഞാൻ ഇവിടെ കെട്ടിത്തൂങ്ങിച്ചാവും..."
"നിയ്യോരോ പൊട്ടത്തരം പറയാതിരിക്കൂ ചിന്നൂ , ഞങ്ങള് കാലത്ത് നേരത്തേ വരാം."
അവളെ ഒരുവിധം പറഞ്ഞ് സമാധാനിപ്പിച്ച് ഫോൺ ചാർജ് ചെയ്യാൻ വെച്ച് തിരിച്ചു കിടപ്പുമുറിയിലേക്ക് വന്നു .
ഫോൺ വന്നതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്ന രഘുവേട്ടനെ വിളിച്ചുണർത്തി വിവരം പറഞ്ഞാലോ എന്ന് ആദ്യം വിചാരിച്ചതാണ്, പിന്നെ വേണ്ടെന്നു വെച്ചു. ഒരു മാസമായി ഊണും ഉറക്കവും ഇല്ലാതെ ഈ കല്യാണത്തിനായി ഓടിനടക്കുകയായിരുന്നു. കാലത്ത് നേരത്തെ വിളിച്ചുപറയാം.
"ആരാ തങ്കം, എന്ത് പറ്റി "
"ങേ... ഏട്ടൻ ഉറങ്ങീല്ല്യേ.."
"എങ്ങനെ ഉറങ്ങാനാ, അവളില്ല്യാണ്ടെ ആദ്യായിട്ടാ" പറയുമ്പോൾ ഏട്ടന്റെ ശബ്ദം ഇടറിയിരുന്നു.
"ഏട്ടൻ ഉറങ്ങിക്കൊള്ളൂ, നമുക്ക് രാവിലെ തന്നെ അവിടം വരെയൊന്നു പോകാം." ചിന്നു വിളിച്ച കാര്യം പറഞ്ഞില്ല.
കിടന്നിട്ട് ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് കിടന്നു.
രഘുവേട്ടന് പതിനഞ്ച് വയസ്സുള്ളപ്പോൾ ആണ് ചിന്നുവിനെ അമ്മ പ്രസവിക്കുന്നത്. ആറ് മാസത്തിനുള്ളിൽ പ്രസവസമയത്തുണ്ടായ ഒരു പിഴവ് അമ്മയുടെ ജീവനെടുത്തു. അച്ഛന് പണ്ടേ കുറേശ്ശേ മദ്യപാനം ഉണ്ടായിരുന്നു. അമ്മയുടെ മരണശേഷം അത് കൂടി.
രഘുവേട്ടന് ഇരുപത് വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. വർക്ക് ഷോപ്പിൽ നിന്നും ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ ബസ്സ് നിയന്ത്രണം വിട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. അച്ഛൻ മദ്യപിച്ചാണ് വണ്ടി ഓടിച്ചിരുന്നതെന്ന് പിന്നീട് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞറിഞ്ഞു. വീട്ടിലെ സ്ഥിതി നല്ലതു പോലെ അറിയുന്നതിനാൽ അവർ ഓടിനടന്ന് അതൊരു അപകടമരണമാക്കി കാണിച്ച് അച്ഛന്റെ ജോലി രഘുവേട്ടന് വാങ്ങിക്കൊടുത്തു. അപ്പോഴെക്കും ഏട്ടന്റെ ബിരുദം കഴിഞ്ഞിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് രഘുവേട്ടന്റെ കൈപ്പിടിച്ച് ഈ വീട്ടിൽ കയറിവരുമ്പോൾ ചിന്നുവിന് വെറും പത്ത് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യരാത്രിയിൽ മണിയറയുടെ വാതിലടക്കുമ്പോൾ, തൊട്ടു മുൻപത്തെ ദിവസം വരെ ഏട്ടനെ കെട്ടിപ്പിടിച്ചു കഥകൾ കേട്ടുറങ്ങിയിരുന്ന ചിന്നുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഏട്ടനോട് അനുവാദം വാങ്ങി അടുത്ത മുറിയിൽ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അമ്മായിയുടെ കൂടെ കിടന്നിരുന്ന ചിന്നുവിനെ ഞങ്ങളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നുമുതൽ മനസാ ഞാനവളുടെ അമ്മയാവുകയായിരുന്നു. അവളെന്നെ ചേച്ചമ്മ എന്ന് വിളിച്ചു.
ദൈവഹിതം ഇതായിരിക്കാം, ഞങ്ങളുടെ ദാമ്പത്യത്തിൽ കുട്ടികളുണ്ടായില്ല, മക്കളുണ്ടാവാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചില്ല, നേർച്ചകൾ നേർന്നില്ല, മരുന്നുകൾ കഴിച്ചില്ല. മക്കളില്ലാത്ത ദുഃഖം ഞങ്ങൾ ഒരിക്കലുമറിഞ്ഞില്ല
ഞങ്ങൾ കൊടുത്ത സ്നേഹം അവൾ ഒരിക്കലും ദുരുപയോഗം ചെയ്തില്ല. അവളുടെ ജീവിതം അത്രയും സുതാര്യമായിരുന്നു.
ചിന്നു രണ്ടാംവർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് രഘുവേട്ടന്റെ അമ്മായിയുടെ ഒരു ബന്ധുവിന്റെ മകനായ രവിയുടെ കല്യാണാലോചന വന്നത്. പഠിപ്പ് കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞ് അന്ന് ആ ആലോചന അവൾ തള്ളിക്കളഞ്ഞു. പക്ഷേ രവി കാത്തിരിക്കാൻ തയ്യാറായിരുന്നു. രണ്ടുമാസം മുൻപ് അവർ വീണ്ടും ഈ ആലോചനയുമായി വീണ്ടും വന്നു. രവി ചിന്നുവിനെ ഏതോ ഒരു വിവാഹത്തിന് കണ്ടിരുന്നു അന്ന് തുടങ്ങിയ മോഹമാണത്രെ.
ചിന്നുവിന് ഇപ്പോൾ ഇരുപത്തിരണ്ട് വയസ്സായി. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞു. വയസ്സേറുകയാണെന്നും, അച്ഛന്റെ മോഹമായിരുന്നു എന്നൊക്കെപ്പറഞ്ഞ് വളരെ നിർബദ്ധിച്ചപ്പോഴാണ് വിവാഹത്തിന് തയ്യാറായത്.
ഇന്ന് കാലത്ത് വിവാഹം കഴിഞ്ഞ് കൂട്ടിക്കൊണ്ടു പോകുമ്പോഴും വല്ലാതെ കരയുന്നുണ്ടായിരുന്നു. കണ്ടുനിന്ന വരും കരഞ്ഞുപോകുന്ന ഒരവസ്ഥയായിരുന്നു.
ഇപ്പോൾ എന്തായിരിക്കും അവളെ ഇത്രയും അലോസരപ്പെടുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. വിവാഹം കഴിഞ്ഞിട്ട് ദിവസത്തോട് ദിവസം ആയിട്ടില്ല. ഈശ്വരാ, ഇതെങ്ങാനും നാട്ടുകാരറിഞ്ഞാൽ പിന്നെ അതുമതി. പുന്നാരിച്ചു തലയിൽ കയറ്റി അവളെ ചീത്തയാക്കി എന്ന് പറഞ്ഞ് ആളുകൾ മൂക്കത്തു വിരൽ വെയ്ക്കും. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
പുറത്ത് മഴ തല്ലിയലച്ച്‌ പെയ്യാൻ തുടങ്ങിയിരിക്കുന്നു. പകൽ മുഴുവൻ മൂടിക്കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
ഉറക്കം വരാതെ ഓരോന്നാലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒന്നു മയക്കം പിടിച്ചപ്പോൾ പുറത്ത് ആരോ ഗേറ്റിൽ തട്ടുന്ന ശബ്ദം കേട്ടു. ഞാൻ ഉടനെ ഏട്ടനെ വിളിച്ചു ആരോ വന്നിരിക്കുന്ന കാര്യം പറഞ്ഞു. അപ്പോഴേക്കും ഇറയത്ത് കിടന്നിരുന്ന അമ്മാമൻ കുടയെടുത്ത് പോയി ഗേറ്റ് തുറന്നു. കോരിച്ചൊരിയുന്ന മഴയെ കീറി മുറിച്ചു കൊണ്ട് ഒരു കാർ അകത്തേക്ക് വന്നു.
ഞാനും ചേട്ടനും ഇറയത്തേക്ക് എത്തുമ്പോഴേക്കും കാറിൽ നിന്നും ചിന്നു ഇറങ്ങി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കാര്യം എന്താണെന്നറിയാതെ ഏട്ടൻ അന്ധംവിട്ട് നിന്നു. അപ്പോഴേക്കും കാറിൽ നിന്നും ചിന്നുവിന്റെ ബാഗുമായി രവിയും വന്നു.
"എന്ത് പറ്റി രവി ? ". ഏട്ടൻ വിക്കിക്കൊണ്ട് ചോദിച്ചു.
"എന്ത് പറ്റാൻ ഏട്ടാ, സ്നേഹിച്ച് സ്നേഹിച്ച് നിങ്ങൾ അവളെ വഷളാക്കി"
"നീയൊന്നു കാര്യം തെളിച്ചു പറയു രവി , എനിക്കൊന്നും മനസ്സിലാവണില്ല്യാ"
"ഏട്ടാ, അവൾക്ക് ചേട്ടനേം ചേച്ചമ്മയേം ഈ രാത്രി തന്നെ കാണണംത്രേ എന്നാൽ പിന്നെ അവളെ ഇവിടെകൊണ്ടാക്കാം എന്ന് കരുതി"
"രവീ ...". ഏട്ടന്റെ കണ്ഠം ഇടറിത്തുടങ്ങിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
കൊച്ചുകുട്ടിയെപ്പോലെ ചിന്നു എന്നെ കെട്ടിപ്പിടിച്ചുനിന്നു ഏങ്ങിക്കൊണ്ടു നിന്നു .
"ഏട്ടാ.. എന്തുപറ്റി ?? " രവി ഏട്ടനോട് ചോദിച്ചു.
"ക്ഷമിക്ക് രവി, അവൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കാം..."
"എന്തിനാ ഏട്ടാ മാപ്പൊക്കെ ചോദിക്കുന്നേ... വേണമെങ്കിൽ തന്നെ അത് നാളെ കാലത്താവാം. ഇപ്പോൾ സമയം പന്ത്രണ്ടര ആയി, ഇനിയും വൈകിയാൽ ഞങ്ങളുടെ ആദ്യരാത്രി ഇല്ല്യാണ്ടാവും ... ഇപ്പോൾ ഞങ്ങൾക്ക് വേണ്ടി ഒരു മുറി തന്നാൽ മാത്രം മതി...."
ഒന്നും മനസ്സിലാകാതെ നിന്ന ഏട്ടനോട് രവി പറഞ്ഞു ... "എനിക്കൂണ്ടല്ലോ ഏട്ടാ ഒരു പെങ്ങളുട്ടി "
അത് കേട്ടപ്പോഴാണ് രഘുവേട്ടന് ശ്വാസം നേരെ വീണത്. ഏട്ടൻ രവിയെ കെട്ടിപ്പിടിച്ചു. പറയാതെതന്നെ ഒരു പാട് കാര്യങ്ങൾ ആ ആശ്ലേഷത്തിൽ ഏട്ടൻ രവിയോട് പറഞ്ഞു.
"ചേച്ചമ്മയും ചിന്നുവും ഫോണിൽ സംസാരിച്ചശേഷം ചിന്നു കട്ടിലിൽ വന്നു കിടന്ന് കരയുന്നത് കണ്ടു. ആദ്യരാത്രിയിൽ കരയിക്കുന്നതിന് പകരം അവൾക്ക് സന്തോഷം കിട്ടുന്ന ഒരു കാര്യം ചെയ്യാം എന്ന് കരുതി. അമ്മയും കൂടി പറഞ്ഞിട്ടാണ് ആദ്യരാത്രി ഇങ്ങോട്ട് മാറ്റാൻ തീരുമാനിച്ചത്. ഇവിടെ ചേച്ചമ്മയും ഉറങ്ങിക്കാണില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു, പിന്നെ മറ്റൊന്നും ആലോചിച്ചില്ല്യ, രണ്ടുപേരുടെയും ഓരോ ജോഡി വസ്ത്രം എടുത്ത് ഇങ്ങോട്ടുപോന്നൂ."
ചിന്നുവിനെ തോളോട് ചേർത്ത് കൂട്ടിയിടിച്ച് രവി തുടർന്നു.
"പുതിയ വീടും വീട്ടുകാരും പരിസരവും ഒക്കെ ആയി പൊരുത്തപ്പെടാൻ ചിന്നുവിന് സമയം കൊടുത്തില്ലെങ്കിൽ എനിക്കെങ്ങിനെ ഒരു നല്ലൊരു ഭർത്താവാകാൻ ആവും? നാളെ ഈ ഒരു ദിവസം ഓർത്ത് അവൾ തന്നെ ചിരിക്കും, സ്വന്തം തലയിൽ ഒരു തട്ട് കൊടുത്ത് അപ്പോൾ അവൾ തന്നെ പറയും ഞാനെന്തൊരു മണ്ടിയാണെന്ന് അല്ലേ ചിന്നു." ചിരിച്ചുകൊണ്ട്‌ ചിന്നുവിനോട് ചോദിച്ചു. ഒരു നാണം കലർന്ന ചിരിയായിരുന്നു ചിന്നുവിന്റെ മറുപടി.
ഞാൻ പോയി അവർക്ക് കിടക്കാനുള്ള മുറി ശരിയാക്കി രണ്ടുപേരെയും മുറിക്കുള്ളിലേക്ക് ആക്കി ഞാന്‍ തിരികെ ഇറയത്ത് വന്നു.
ഇറയത്ത് രാത്രിമഴയുടെ താളം ആസ്വദിച്ചുകൊണ്ട് അച്ഛന്റെ പഴയ ചാരുകസേരയിൽ കിടന്നിരുന്ന രഘുവേട്ടനേ നോക്കി ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു. പൊട്ടിയ ഓടിന്റെ ഇടയിൽ കൂടി ഒലിച്ചിറങ്ങിയ ഒരുതുള്ളി മഴവെള്ളം ചുമരിലെ അമ്മയുടെ ഫോട്ടോയിൽ തട്ടി എന്റെ നെറ്റിയില്‍ വന്നുവീണു , അമ്മയുടെ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി സന്തോഷാശ്രു പോലെ.
*****
ഗിരി ബി വാരിയര്‍
29 മെയ് 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo