Showing posts with label Harish Babu. Show all posts
Showing posts with label Harish Babu. Show all posts

ഓണനിലാവിലെ ശലഭം- memoirs (കഥ)


അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സുഗന്ധ പുഷ്പങ്ങളെ പരിപാലിക്കാറുണ്ട്. ചിത്രശലഭങ്ങൾ എന്റെ പൂക്കൾ തേടി വരാറുണ്ട്.

പെട്ടെന്നൊരു നാൾ അവളൊരു ചിത്രശലഭമായി മാറി. ആംബുലൻസിൽ വച്ച് അവളെനിക്ക് സിൽവിയാ പ്ലാത്തിന്റെ ഒരു കവിത ചൊല്ലിത്തന്നു. കൈകൾ വർണ്ണാഭമായ ചിറകുകളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു. പൂക്കൾ തേടാനുള്ള അവയവങ്ങൾ വളർന്നു കഴിഞ്ഞിരുന്നു. ഡോക്ടർ പറഞ്ഞു,
" വളരെ വിരളവും വിചിത്രവുമായൊരു കേസാണിത്. മൂവായിരമോ നാലായിരമോ വർഷങ്ങൾക്കൊരിക്കൽ ഒരാൾക്കു വരുന്ന രോഗം. താനിഷ്ടപ്പെടുന്ന തരത്തിൽ അറിയാതെ രൂപാന്തരം പ്രാപിക്കുക. പുരാതന ഈജിപ്തിൽ ഇത്തരം രോഗങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. അവരുടെ മമ്മിയും പിരമിഡ് നിർമ്മാണവുമായിട്ടൊക്കെ ഇതിന് ബന്ധമുണ്ടത്രെ. ഞങ്ങൾ നിസ്സഹായരാണ്. പറന്നു പോകാൻ അനുവദിക്കുന്നതാണ് നല്ലത്. വീട്ടിൽ വളർത്താനൊക്കില്ല. ചത്തുപോകും".

ഒരിക്കൽ ഞങ്ങൾ കവടിയാറിലെ രാജപാതയിലൂടെ നടക്കുകയായിരുന്നു.

" ഞാനൊരു കവിത ചൊല്ലിത്തരട്ടെ?"അവൾ ചോദിച്ചു.

"വേണ്ടാ"

"എന്റേതല്ല. എമിലി ഡിക്കിൻസന്റെ"

"വേണ്ടാ. മൂഡില്ല. നമുക്ക് സിസി ഡേയിൽ പോയി ഓരോ കാപ്പുചീനോ കുടിക്കാം. എന്നിട്ട് നീ വിശേഷം പറയ്. കോളേജിലെ ആദ്യ ദിവസം നീ എന്തൊക്കെ പഠിപ്പിച്ചു?"

ലിറ്റിൽ ബിറ്റ് ഓഫ് ക്രിട്ടിസിസം. മിൽട്ടന്റെ ലിസിഡസ് തുടങ്ങിവച്ചു. ടോപ്പിക്സ് ഹെഡ് പിന്നെ തരും. ആലീസ് മുൺറോയുടെ ഒരു കഥ തുടങ്ങി. പിന്നെ ഒക്രി"

"പോക്കിരിയോ?"

"പോക്കിരിയല്ലെടാ മാക്രി! ഒക്രി. ബെൻ ഒക്രി. നൈജീരിയൻ റൈറ്റർ"

" ഓ ശരി. അല്ല ഞാനിന്ന് ഉച്ചക്ക് ഓഫീസിലിരുന്ന് ചിന്തിക്കുകയായിരുന്നു, ജീൻസും ചുരിദാറുമൊക്കെ കളഞ്ഞ്, എത്ര ഉടുത്താലും തീരാത്ത ഈ സാരിയുമുടുത്തു പോകുമ്പോൾ, കാൽ തട്ടി നീ ക്ലാസ്സ് റൂമിൽ മറിഞ്ഞു വീഴുന്നതിനെ കുറിച്ച്"

"ഹ ഹ ഹ വാട്ട് യാർ!! നീ ചിന്തിക്കും. എനിക്കറിയാം. പ്രായമതാണല്ലോ"

ഒരിക്കലവൾ പറഞ്ഞു ഞങ്ങൾ ഐറിസ് മർഡക്കിനേയും ജോൺ ബെയിലിയേയും പോലെയാണെന്ന്. പിന്നെയൊരുനാളവളൊരു ചിത്രശലഭമായി മാറി. ഞാൻ കേൾക്കുന്നത് കൃഷ്ണശലഭങ്ങളുടെ പ്രണയമന്ത്രണമാകാം. ദൂതു പോകുന്ന ഒരു ഹംസത്തിന്റെ ചിറകടി ശബ്ദമാകാം.

"മാമാ ആരോടാ ഇങ്ങനെ ഒറ്റക്കിരുന്ന് സംസാരിക്കണേ? മാമന് കൊണ്ടുവന്ന ഓണക്കോടി കണ്ടോ? എന്റെ സെലക്ഷനാ. എങ്ങന്ണ്ട്?"

അനിയനേയും അമ്മയേയും കാണാനായി ഓണക്കോടിയുമായി ബാംഗ്ലൂരിൽ നിന്ന് എത്തിയിരിക്കുകയാണ് ഹരിതയും മകളും.

" ഇവ്നിപ്പഴും പുറത്തൊന്നുമിറങ്ങാറില്ല്യേമ്മേ? ഇങ്ങ്നെ ഒറ്റക്കിരുന്നിട്ടാ ല്ലാം"

" ഞാൻ പറയാത്ത ദിവസല്ല്യാ. ചികിൽസിക്കാത്ത ആശുപത്രികളില്ല്യാ. നേരാത്ത നേർച്ചകളോ കയറാത്തമ്പലങ്ങളോ ല്ല്യ. ന്റെ പാവം കുട്ടി" അമ്മ കണ്ണു നീർതുടച്ചു.
" ഗോപി ഡോക്ടർ ല്ലാ ആഴ്ചയിലും വന്ന് എന്തേലും പറയിപ്പിക്കാൻ നോക്കും. പണ്ടത്തെ പാർട്ടിക്കാര് കൂട്ട്കാരും വന്നു വിളിക്കും. പോവില്ല്യാ. മേലേടത്തെ പോറ്റി മാമൻ പറയന്ന്ണ്ട് വിദേശത്തെവിടെയെങ്കിലും ചികിത്സിച്ചാ ഒരു പക്ഷെ...ആകെയിള്ളൊരാശ്വാസം അവൻ സനൂവിനോട് സംസാരിക്ക്ണതാണ്"

" അതാഞാമ്പറയണേ അവൻ കുറച്ചീസം ബാംഗ്ലൂർ വന്ന് നിക്കട്ടേന്ന്. ശ്യാമേട്ടനും അതാ പറയണേ"

"ഞാമ്പറഞ്ഞിട്ട് കേക്കണില്ല്യാലോ! ഇനി നീ തന്നെ പറയ്"

" എഡ്വിൻ അങ്കിളിനെപ്പറ്റിയെന്തെങ്കിലും?"

"ഒരറിവൂല്ല്യാ. ല്ലാം വിറ്റ് പോയിട്ട് ആറേഴ് വർഷായില്ല്യേ? ഡൽഹിയിലുണ്ടെന്ന് പണ്ടാരോ പറഞ്ഞു. വീടു വാങ്ങിയ അച്ചായൻ പൊളിച്ച് വേറേ പണിയേം ചെയ്തു".

ലെബനോന്റെ താഴ്വരകളിൽ വസന്തം പൂത്തുലഞ്ഞപ്പോൾ നൃത്തം ചെയ്ത ഒരായിരം പനിനീർ പുഷ്പങ്ങളാകാം. സുഗന്ധ പുഷ്പങ്ങൾ തേടി അവൾ പറന്നു പോയതാകാം. ഒരുനാൾ ഞാനുമൊരു പൂമ്പാറ്റയായി മാറും.
ഒരിക്കൽ ഞാനവളോട് ചോദിച്ചു,

"മനീഷാ, നീ ദൈവത്തിൽ വിശ്വസിക്കാത്തതെന്ത്?"

"വിശ്വസിക്കുന്നൂല്ലോ. ദൈവം പറഞ്ഞല്ലോ എന്നോട് പ്രയാണമാരംഭിക്കാൻ. എനിക്ക് പ്രയാണം ചെയ്യണം. ലെബനോണിലെ താഴ്വാരങ്ങളിലേക്ക്. അതിനുമപ്പുറത്തേക്ക്. ശലമോനും ദാവീദിനുമപ്പുറത്തേക്ക്. മോശെക്കും അഹരോനുമപ്പുറത്തേക്ക്. അബ്രഹാമിനും നോഹക്കുമപ്പുറത്തേക്ക്. സഹോദരരക്തം കൈയിൽ പുരണ്ട കൈയീനും ആദിമ മനുഷ്യർക്കുമപ്പുറത്തേക്ക്. സകല ചരങ്ങൾക്കും ഭൂമിക്കും ആകാശത്തിനും നക്ഷത്രങ്ങൾക്കും ശൂന്യതക്കുമപ്പുറത്തേക്ക്. എന്നിട്ടും ദൈവമുണ്ട്. ഒരു ശലഭമായി പറന്ന് പ്രയാണം നടത്തുക എന്ന വ്യവസ്ഥ എനിക്കും ദൈവത്തിനുമിടക്കുണ്ടായിരുന്നല്ലോ".

" വിഷുവിന് ക്ഷേത്രത്തിൽ വാകച്ചാർത്തും ലക്ഷദീപവും. നീ വരുന്നോ?"

"തീർച്ചയായും. എനിക്ക് പ്രത്യേകമൊരു മതത്തിലൊന്നും വിശ്വാസമില്ല. അബ്സല്യൂട്ട്ലി കോസ്മോ പൊളിറ്റൻ"

എഡ്വിൻ അങ്കിൾ ഐ.എസ്.ആർ. ഒ യിലെ സൈന്റിസ്റ്റായിരുന്നു. അദ്ദേഹം മകളോട് നിരന്തരം പറയുമായിരുന്നു,

" മനീഷ, ഐ തിംഗ് ഐ ഡോൺട് നീഡ് ടു അഡ്വൈസ് യൂ എഗയിൻ ആൻഡ് എഗയിൻ. ബ്രാഹ്മണനായാലും ക്ഷത്രിയനായാലും എനിക്കിഷ്ടമല്ല. നമ്മുടെ വിശ്വാസങ്ങൾക്കനുസരിച്ച് നല്ലൊരു ബന്ധം പത്തനംതിട്ട നിന്നോ കോട്ടയത്തു നിന്നോ കിട്ടും. നീയൊരു സൈന്റിസ്റ്റ് ആകണമെന്ന് ഞാൻ ആഗ്രഹിച്ചു. നീ പറഞ്ഞു സാഹിത്യമാണിഷ്ടമെന്ന്. ഞാനെതിര് പറഞ്ഞില്ല. നിനക്കിഷ്ടമുള്ളതു തിരഞ്ഞെടുത്തു.കഥയും കവിതയുമൊക്കെയെഴുതി. അവാർഡുകൾ നേടി. പ്രശക്തി നേടി. സന്തോഷമെയുള്ളു. ഇക്കാര്യത്തിലെങ്കിലും നീ വാശി പിടിക്കരുത്. സൂസൻ, അവളെയൊന്ന് പറഞ്ഞ് മനസ്സിലാക്ക്"

"പപ്പാ ഇറ്റ് ഈസ് ടൂ മച്ച്. എനിക്കൊരു പ്രത്യേക മതത്തിലും വിശ്വാസമില്ലെന്നറിയില്ലെന്ന് എത്ര തവണ പറഞ്ഞു. ഇത് വാശിയൊന്നുമല്ല. ഞാനാണ് ജീവിക്കാൻ പോകുന്നത്. ഇതിന്റെ പേരിലിനിയെന്നെ ഉപദേശിക്കണമെന്നില്ല"

ലക്ഷദീപത്തിന് കണ്ടതിൽ പിന്നെയൊരു നാൾ ഞാനവളോട് പറഞ്ഞു,

" അന്ന് നീ കസവുസാരിയുമുടുത്ത് തുളസിക്കതിരും ചൂടി വന്നെന്റെ സമനില തെറ്റിച്ചു കളഞ്ഞു. ഞാനൊരൊത്ത പുരുഷനാണെന്നതിൽ സംശയമില്ല. പുടവ തന്ന് കൊണ്ട് വന്നിട്ട് നീ അതേ കസവ് സാരിയുമുടുത്ത്, മനോഹരമായ പാദങ്ങളൾ വച്ച് നടന്ന് അകത്തളത്തിൽ വന്ന് നിൽക്കണം. അപ്പോൾ ഞാൻ വരും"

" എന്നിട്ട്"

"എന്നിട്ടെന്താ? ഞാൻ വരും. എന്നിട്ട്.."

" യൂ വിൽ കം ആൻഡ് ഫക് മീ റൈറ്റ്?"

" യാ യാ അത്യെന്നെ"

"ആണായാൽ പോരെടാ. എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അത് പറയാനുള്ള ചങ്കൂറ്റം കൂടി കാണിക്കണം"

"ഞാൻ പറയാൻ പോയത് നീ പറഞ്ഞല്ലോ. എന്തായാലും ചുമ്മാതല്ല മാർ ഇവാനിയോസിലെ പിള്ളേർ നിന്നെ പൂജാ ഭട്ട് മിസ്സ് എന്നു വിളിക്കുന്നത്".

"പൂജാ ഭട്ട് മിസ്സായാലും പൂജാ ബട്ട് മിസ്സായാലും വിളിക്കുന്നവർ വിളിക്കട്ടെ. കേൾക്കാനൊരു സുഖമല്ലെ"

" നിനക്കൊരു മോഡൽ ആയിക്കൂടായിരുന്നോ? മോഡൽ ആകേണ്ട നീ എഴുത്തുകാരിയായി. ഒരു മോഡലാകുവാനാഗ്രഹിച്ച് നടന്ന ഞാനൊരു ടെക്കിയായി. എന്താ കഥ! വിരോധാഭാസം. പക്ഷെ നിന്റെയെഴുത്ത് പൊളിച്ചടുക്കി ട്ടോ. മാതൃഭൂമിയുടെയും ബാംഗളൂർ പൊയട്രി ഫോറത്തിന്റെയും അവാർഡ്. ന്യൂയോർക്കർ പ്രൈസിൽ ഷോർട്ട് ലിസ്റ്റഡ്. സുധാ മൂർത്തിയുമായി മച്ചാൻ മച്ചാൻ കമ്പനി. അവരുടെ ഭർത്താവിന്റെ ഇൻഫോസിസിൽ വെറുമൊരു എഞ്ചിനീയർ ഞാൻ. എന്നിട്ടും നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് ഉള്ളതാണോ? എന്താ കാരണം?"

" സ്നേഹിക്കുന്നതിന് കാരണം സ്നേഹിക്കുന്നു എന്നത് തന്നെ. നമ്മൾ ഒരുമിച്ച് രചിക്കപ്പെട്ടതുകൊണ്ട്. നിന്നെ പ്രണയിച്ചാൽ കവിതയേയും പ്രണയിക്കാം. നിന്റെ ഭാര്യയായിരിക്കാനാണ് എനിക്ക് സൗകര്യം. കവിതയെഴുതുമ്പോൾ എന്റെ മനസ്സിൽ വിസ്ഫോടനമാണ്. ദേഷ്യവും ചിലപ്പോൾ വെറുപ്പും. കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ വരുന്ന ശത്രുവിനോടുള്ള ഒരു തള്ളപക്ഷിയുടെ ശൗര്യമാണ്. ആ സമയത്ത് നീ വന്നെന്നെ പുണരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം. കണ്ണുകൾ കൂമ്പി അധീനപ്പെട്ടു പോകുന്നു. വേറെയൊരു പുരുഷനോടും എനിക്ക് യോജിച്ചു പോകാനാവില്ല. പപ്പക്കതറിയില്ല. നീ എന്നെ ഉപേക്ഷിക്കുമോ പട്ടരേ?"

പിന്നെയൊരുനാൾ അവളൊരു ചിത്രശലഭമായി മാറി. എന്റെ പൂന്തോട്ടത്തിലെ സുഗന്ധ പുഷ്പങ്ങൾ തേടി ഒരുനാളവൾ വരുമായിരിക്കും.

" മാമാ പൂക്കളമിടണ്ടേ? സമയമെത്രയായെന്നറിയോ?"

ശേഷക്കാരി സനൂഷ മാമനെ പൂക്കളമിടാൻ വിളിക്കുകയാണ്.

"പണ്ടത്തെപ്പോലെയൊന്നുമല്യാ. പൂക്കളൊക്കെ തീ പിടിച്ച വില. അതും വാടിയ പൂവ്"
ഓണത്തിനായി വാങ്ങിയ പൂക്കൾ വേർതിരിച്ചു വക്കുമ്പോൾ ഹരിത പറഞ്ഞു.

"നിന്ക്കോർമ്മയില്ല്യേ പണ്ടാ കുട്ടിയും വരുവായിര്ന്നു. എല്ലാരൂംടി ചെടിയിൽ നിന്ന് പൂക്കള്റുത്ത് പൂക്കളമിട്ട് ഊഞ്ഞാലാടി.. എന്ത് ബഹളായിരുന്നു"

എനിക്കിഷ്ടായിരുന്നു മനീഷയെ. അവ്ളുടെ മനസ്സിലുള്ള കാര്യം ഞാന്തന്യാ ഹരിയെ അറീച്ചത്. ചരിത്രമെല്ലാമ്മക്കറീല്ല്യേ? ഒടുക്കത്തെയൊരു മതവും ജാതീം. അച്ഛന് വാശിയായിരുന്നല്ലോ മഞ്ചാശ്ശേരീലെ ശ്രീക്കുട്ട്യേ മകൻ വിവാഹം കഴിച്ചു കൊണ്ടുവരണമെന്ന്. എന്നിട്ടെന്തായി? അവൾ കെട്ടി ഇംഗ്ലണ്ടിൽ പോയില്ല്യേ. അവിടുന്നാരേലും തിരിഞ്ഞ് നോക്ക്ണുണ്ടോ വ്നെ?"

"എല്ലാം വിധിയാണൂട്ട്യേ.. എനിക്കുമിഷ്ടയിരുന്നു. മനീഷയെ മരുമകളായി കിട്ടാൻ. അമ്മേയെന്ന് വിളിച്ചോടി വരുന്ന ആ മുഖം ഇപ്പളുംണ്ട് മനസ്സിൽ. ദൈവം നിശ്ചയിച്ചതല്യേ നടക്കൂ. അച്ഛനും പോയി. അവനാരൂല്ലാണ്ടായി" അമ്മ നെടുവീർപ്പെട്ടു.

" ഇറ്റ്സ് നോട്ട് ലൈക്ക് ദേറ്റ് മോളു. ഐ വിൽ റ്റീച്ച് യു ഹൗ ടു അറേഞ്ച് ദം"
മാമനും ശേഷക്കാരിയും കൂടി പൂക്കളമിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.

ഒരിക്കൽ എന്നോടവൾ പൊട്ടിത്തെറിച്ചു. ഇടതു പക്ഷചിന്താഗതിക്കാരനും അല്പം പാർട്ടി പ്രവർത്തനവുമൊക്കെയുണ്ടായിരുന്ന എന്നോട്.

" വി. പി സോഹൻലാലിന്റെ രക്തം കൊണ്ട് നിങ്ങളെന്ത് നേടി? വെറുതെ ചെഗുവരയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ഹരീ. ഞാനെഴുതും. എനിക്കിത് കണ്ടു നിൽക്കാനാവില്ല.

"രക്തപുഷ്പങ്ങൾ കൊണ്ട് വിപ്ലവം പാടുന്നവരേ,
നിങ്ങൾതൻ അഹമലക്കി വെടിപ്പാക്കുവിൻ"

" ഒറ്റപ്പെട്ട സംഭവങ്ങളെ പാർട്ടിയുടെ പൊതു താൽപര്യമാണെന്നും പറഞ്ഞ് കിടന്നു ചാടണ്ട. നീ എഴുത്. ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല" ഞാൻ തിരിച്ചടിച്ചു.

" സംഭവിക്കാനല്ല. എന്റെ മനസ്സ് ശാന്തമാകാനാണ് എഴുതുന്നത്. എനിക്കൊരു പാർട്ടിയോടും കൂറില്ല. എസ്.എഫ്.ഐ ക്കു വേണ്ടി ഞാനും സെക്രട്ടറിയേറ്റിനു മുന്നിൽ കൊടി പിടിച്ചിട്ടുണ്ട്. വി. എസ് സർക്കാറിന്റെ നല്ല പ്രവർത്തനങ്ങളെപ്പറ്റി പുകഴ്ത്തി എഴുതിയിട്ടു മുണ്ട്. പൊയി സിന്ധു ജോയിയോട് ചോദിച്ചു നോക്ക്"

" വെൽ. ഐ നോ യു ഡിഡ് ആൻഡ് ഫോർ യൂ ഇറ്റ് വാസ് ജസ്റ്റ് എ മീഡിയോക്ർ പൊളിറ്റിക്സ്. നിന്നെ പറഞ്ഞിട്ട് കാര്യമില്ല. അച്ചായൻമാരുടെ ഒരു വലതു പക്ഷ സ്നേഹം"

" ഹരി പ്ലീസ് ഡോൻഡ് അണ്ടർഎസ്റ്റിമേറ്റ് യുവർസെൽഫ് ബൈ സേയിംഗ് സോ"

അതുമിതും പറഞ്ഞ് ഞങ്ങൾ പിണങ്ങി. ഗാന്ധിജിയേയും നെഹ്റുവിനേയും നേതാജിയേയും വിളിച്ചു പറഞ്ഞു യുദ്ധം ചെയ്തു. കാറ്ൽ മാർക്സിനെയും കാസ്ട്രോയേയും.

പിന്നീട് ശാന്തരായി. പരസ്പരം സമാധാനിപ്പിച്ചു. കൈ കൊടുത്തു. ആശ്ലേഷിച്ചു. ചുംബിച്ചു. വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പ്രണയിച്ചു. കെട്ടിപ്പുണർന്ന് ചുണ്ടുകൾ കൊണ്ടങ്കം വെട്ടി. പിന്നെയൊരു നാളവളൊരു ചിത്രശലഭമായി മാറി. ചുംബനങ്ങളുടെ പാടുകൾ അവശേഷിപ്പിച്ചു കൊണ്ട്. അവ എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്ന അനുരാഗത്തിന്റെ ശബ്ദമാകാം. ചിത്രശലഭമായി അവളെങ്ങോ പറന്നു പോയി.

"ഡോക്ടർ ഇരിക്കണം. ഓണത്തിന് അവന്റെ ചേച്ചിയും മകളും വന്നിട്ട്ണ്ട് മരുമകൻ ജോലി സംബന്ധമായി അമേരിക്കയിലാ"

"അതു നന്നായി വല്ല്യത്തമ്മേ. ഹരി, ചേച്ചിയുടെ മകളുമായി സംസാരിക്കുമെന്നല്ലെ പറഞ്ഞത്?"

"ന്നാലുമവരങ്ങ് പോയാപ്പിന്നെ ഒന്നും മിണ്ടില്ല്യാ. ല്ലാം പഴയത് പോലെന്നെ. മുറിക്ക് പുറത്തിറങ്ങില്ല്യാ. ഇറങ്ങിയാലും ആ തൊടിയിലെ പൂക്കൾക്കിടയിൽ ചെന്നിരിക്കും. രാത്രി വിളമ്പിവച്ചാ ചിലപ്പോ കഴിക്കില്ല്യാ. രാവിലങ്ങനെതന്നെ ഇരിക്കും. ചോദിച്ചാലൊട്ട് പറയേയില്ല്യ. ചിലപ്പോ രാത്രി വൈകിയും പിയാനോ വായിക്കും. കവിത ചൊല്ലും. ആരോടെന്നില്ല്യാതെ എന്തൊക്കെയോ പറയും. ലൈറ്റണച്ചാലും എന്തോ പ്രകാശൊള്ളതു പോലെ തോന്നും ചിലപ്പോ. എന്റെ കുട്ടിയെയോർത്ത് കരയാത്ത ദിവസീല്ല്യാ. മരിക്ക്ണേന് മുന്നെ അവനൊന്ന് സുഖപ്പെടണേന്ന പ്രാർത്ഥന"

" ഡൂ യൂ നോ മനീഷാ എഡ്വിൻ. പൊയറ്റസ്" ഗോപി ഡോക്ടർ കൂടെ വന്ന മകളോട് ചോദിച്ചു.

" ദ നേക്ക്ഡ് ജിബ്രാൻ എഴുതിയ മനീഷാ എഡ്വിനോ?"

" അതെ. ആ കുട്ടി ഇവരുടെ നെയിബർ ആയിരുന്നു. ഹരിനാഥും ആ കുട്ടിയും കളിക്കൂട്ടുകാരായിരുന്നു"

"ഓ റിയലി? ആ കവിത വളരെ ഫാമസാണെല്ലോ"

"മോളുടെ പേര് അപർണ്ണാന്ന് തന്ന്യെല്ലെ? പഠിപ്പൊക്കെ കഴിഞ്ഞോ?" അമ്മ ചോദിച്ചു.

"പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു. എന്നെപ്പോലെ സൈക്കിയാട്രി തന്ന്യാ വിഷയം"

" ഞാൻ ചായേടുക്കാം. എല്ലാവരുമില്ല്യേ. സദ്യ കഴിഞ്ഞിട്ടു പോകാട്ടോ. ഹരിത ഇല മുറിയാൻ പോയിരിക്ക്ണു. ഇപ്പൊ വരും"

അമ്മ അടുക്കളയിലോട്ട് പോയപ്പോൾ ഡോക്ടർ മകളോട് പറഞ്ഞു,

" ഇതൊരു അമേസിംഗ് കേസാണ്. യൂ കാൻ സ്റ്റഡി എ ലോട്ട്. നിഗൂഢതകൾ എന്തെക്കൊയോ ഉണ്ട്. സൈക്യാട്രിക്ക് ഇതുവരെ എക്സ്പ്ലയിൻ ചെയ്യാൻ കഴിയാത്തത്. അതു കൊണ്ടാണ് എനിക്കിത്ര ഇന്ടറസ്റ്റ്. എന്നാലീ പയ്യനൊട്ട് പറയുന്നതുമില്ല.

കവിതയിലെ വിസ്ഫോടനമായിരുന്നു അവൾ. കാവ്യത്മകമായ ഒരു തരം ഭ്രാന്ത്. ഒരു ശലഭമായി മാറുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ചൊല്ലുമായിരുന്നു,

" വർണ്ണച്ചിറകുള്ളൊരു ശലഭമായി മാറും ഞാൻ,
എന്റെ പ്രിയതമനേയും കൊണ്ട് പാറിപ്പറക്കും"

" ഞാനൊരു ശലഭമായി മാറിയെന്നിരിക്കട്ടെ. നീ എന്ത് ചെയ്യും?"

" നീ മാറിയെങ്കിലല്ലേ. പണ്ട് നീ മാറുമായിരുന്നല്ലോ സ്കൂളിൽ ഫാൻസി ഡ്രസ്സിന്"

നീ കാത്തിരിക്കണം. ഞാൻ വന്ന് നിന്നെയും കൊണ്ടു പോകും. എത്ര കാലം കഴീഞ്ഞാലും"

" ഓ ശരി"

കവടിയാറിലെ സി.സി. ഡേയിൽ ഒരു പതിവ് കാപ്പുചീനോ സായാഹ്നത്തിൽ അവൾ പറഞ്ഞു,

"സെക്കന്റ് ഡിഗ്രിക്ക് പഠിപ്പിക്കേണ്ടത് റോമിയോ ആൻഡ് ജൂലിയറ്റാണ്. എനിക്കാണെങ്കിൽ ഉറക്ക ക്ഷീണവും. ഫോക്കസ് ചെയ്യാനും പറ്റുന്നില്ല . പിള്ളേർ ചോദിക്കുവാ മിസ്സെന്താ ഉറക്കം തൂങ്ങുന്നെയെന്ന്. അവരറിയുന്നില്ലല്ലോ നമ്മൾ റോമിയൊയും ജൂലിയറ്റും കളിക്കുവായിരുന്നു എന്ന്. ഞാൻ പറഞ്ഞു സെക്കന്റ് ഷോയ്ക്ക് പോയിരുന്നു പിള്ളേരെ എന്ന്. തിരോന്തോരം കാരിയോടാ കളി"

കവിതകൾ ഭ്രാന്തായിരുന്നു അവൾക്ക്. പിന്നെപ്പിന്നെ കവിതയും ഞാനും മാത്രമായി ജീവിതം. മനസ്സാകെ അസ്വസ്ഥമായി. എനിക്കായി ദാഹിച്ചു.
ഒരിക്കലവളെന്നോട് ചോദിച്ചു,

" നീ വരില്ലേ? നീ ചുംബിച്ച് അധീനപ്പെടുത്തിയാലെ എനിക്ക് കവിത വരൂ"

" വരാം. പക്ഷെ വീണ്ടുമെന്റെ ചുണ്ട് കടിച്ചു മുറിക്കാനാണ് ഭാവമെങ്കിൽ കൊല്ലും ഞാൻ നിന്നെ"

"ഞാൻ ചത്തോളാം"

" കഴിഞ്ഞ തവണ എനിക്ക് ടെറ്റനസ്സിന്റെ ഇൻജക്ഷൻ എടുക്കേണ്ടി വന്നു"

"പ്രണയം അല്പം വിഷം നിറഞ്ഞതാണെന്നറിയില്ലെ പട്ടരേ?"

ഭ്രാന്തമായ പ്രണയവും കവിതയുമായിരുന്നു ഞങ്ങൾ. പെട്രാർക്കിന്റെ ഗീതകങ്ങളും, സിൽവിയാ പ്ലാത്തിന്റെയും എലിസബ്ബത്ത് ബ്രൗണിംഗിന്റെയും ക്രിസ്റ്റീനാ റോസെറ്റിയുടെയും തോരു ദത്തിന്റെയും മാധവിക്കുട്ടിയുടേയും കവിതകളടങ്ങിയ ഷീറ്റുകൾ കട്ടിലിൽ നിരത്തിയിട്ട് അതിൽ ഞാൻ നഗ്നയായി കിടക്കുമ്പോൾ നീ എന്നെ പ്രാപിക്കണം. ഞാൻ പറയുന്ന വരികൾ ചുണ്ടുകൊണ്ട് മുലകളിലും നാഭിക്കുചുറ്റിനും എഴുതണം. ഇതാ എന്റെ ദ നേക്ക്ഡ് ജിബ്രാൻ എന്ന പുതിയ കവിത. സ്പ്രിംഗ് വാസ് ബ്ലോസംഡ് ഇൻ ഗാസാ, വെൻ.."

" ഇംഗ്ലീഷ് വേണ്ടാ. വിവർത്തനം പറ. ഇംഗ്ലീഷ് എന്റെ ചുണ്ടുകൾക്കത്ര പോരാ"

" രക്തം ചീന്തൽ നിലച്ചപ്പോൾ
ഗാസയിൽ വസന്തം പൂത്തുലഞ്ഞു.
ലെബനോന്റെ പ്രിയതോഴൻ,
ഖലീൽ ജിബ്രാൻ,
നഗ്നനായരികിൽ വന്നെന്റെ
കവിതകളിൽ മുത്തമിട്ടു.
എന്റെ കടമിഴികളിലും കാതിലോലകളിലും തന്നെ.
പിന്നെയവനെൻ മാറിൽ
നിശ്വാസത്തിൻ ഈരടികൾ രചിച്ചു;
ഗാസയിലെ പൂക്കളെ അശ്രു പൊഴിക്ക,
ചീന്തിയെറിഞ്ഞ ജീവനായി വിലപിക്ക.."

" നിർത്ത്. അപ്പോൾ നിനക്ക് ഖലീൽ ജിബ്രാൻ എന്നയാളെയാണാവശ്യം. എന്നെയല്ല"

" പട്ടരിൽ പൊട്ടരില്ലാ എന്നാണ് കേട്ടിട്ടുള്ളത്. എന്നിട്ട് നീ പൊട്ടരിലും പൊട്ടരാണല്ലോടാ മരപ്പൊട്ടാ. ഖലീൽ ജിബ്രാൻ മരിച്ചു പോയില്ലെ. നീയാണ് കവിതയിലെ ജിബ്രാൻ"

"ഓ കവിതയിൽ. ജീവിതത്തിലതു വേണ്ടാട്ടോ. ഞാൻ ഞാൻ തന്നെ ഹരിനാഥ്"
പിന്നെയൊരു നാളവളൊരു ശലഭമായി പറന്നു പോയി. അവ ഓർമ്മകളിലെ തുടികൊട്ടലാവാം. കാത്തിരുപ്പുകളുടെ യാമങ്ങളാകാം.

"ഞങ്ങൾ തിരിച്ചു പോകുമ്പോൾ മാമനും കൂടി വരില്ലേ? സനുവിന് കളിക്കാനവിടെ ആരുമില്ല"

" ഐ വിൽ കം ഒൺ ഡേ മോളൂ"

" ഹരി യൂ ഹാവ് ടു കം. അമ്മയേയും എന്നെയും ഇനിയും വിഷമിപ്പിക്കരുത് പ്ലീസ്"

ഹരിനാഥ് ഒന്നും പറയാതെ മുറിയിലേക്ക് പോയി.

" നമുക്കിവടെ തന്നെയൊന്ന് ട്രൈ ചെയ്താലോ ഹരിതേച്ചി. രാത്രിയിൽ എന്തോ വെളിച്ചം കാണുന്നുവെന്ന് പറയുന്നല്ലോ. എന്താത്?"

"എന്തൊക്കെയോയുണ്ട് അപർണ്ണാ. അവന്റെ മുറിയിലാരും കയറുന്നതവനിഷ്ടമല്ല. സനൂഷക്ക് മാത്രമെ അനുവാദമുള്ളു"

"എന്താണെന്നറിയണമല്ലോ. രാത്രി നമുക്കൊന്നു നോക്കുകയാണെങ്കിൽ"

"അതു വേണ്ടാട്ടോ. അവനിഷ്ടാകില്ല. ഒരു പക്ഷെ.. വേണ്ടാ അതു വേണ്ടാ"

"അല്ലാതെ തന്നെ ഹരിനാഥിനെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കാം. സംസാരിച്ചു കിട്ടിയാൽ പിന്നെ നോർമൽ ലൈഫിലേക്ക് കൊണ്ടുവരുന്ന കാര്യം ഞാനേറ്റു. മനീഷയുടെ വായനക്കാർ ഹരിനാഥിനോട് പലതും ചോദിക്കാനായി എന്നെ സമീപിക്കാറുണ്ട്. ആ കുട്ടിയുടെ ജീവിതത്തേയും രചനരീതികളെയും കുറിച്ച് കൂടുതൽ പഠിക്കാനായി. മനീഷയെ ഏറ്റവും അടുത്തറിയാമായിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇന്ത്യക്കു പുറത്തുള്ള വായനക്കാർക്കും ഹരിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷെ ഇയാൾ ഒന്നും പറയുന്നില്ല" ഡോക്ടർ പറഞ്ഞു.

" പലരുമെന്നെയും വിളിക്കും. നിക്കറിയാവ്ന്ന കാര്യങ്ങൾ ഞാൻ പറഞ്ഞ് കൊടുക്കും. വ്ടെയോടി കളിച്ച് നട്ന്നൊരു പെൺകുട്ടിയായ്ട്ടെ നിക്കവളെ അറിയൂ. അവർ തമ്മിലിഷ്ടായിരുന്നപ്പോളും പലപ്പോഴും വന്നിട്ട്ണ്ട്. എന്നെ വല്യഷ്ടായിരുന്നു. എനിക്കും. മരുമോളായി കിട്ടാൻ ഒരു വേള ഞാനുമാഗ്രഹിച്ചു. പെണ്ണുങ്ങൾ പറയ്ന്നതല്ലല്ലോ സമൂഹത്തിൽ. ആ കുട്ടീടെ കവിതകളെക്കുറിച്ചൊന്നുമൊന്നു മറീല്യാ. പുസ്തകങ്ങളിലൊക്കെ അച്ചടിച്ച് വന്നിട്ടുണ്ടെന്നും സമ്മാനങ്ങൾ കിട്ടീട്ടുണ്ടെന്നും കേട്ടിട്ടുള്ളല്ലാതെ"

നഗ്നതയ്ക്കിടയിലെ ഇരുപത് വർഷങ്ങൾ. എന്നെക്കാളും ഏഴുമാസത്തിനിളപ്പമേ അവൾക്കുണ്ടായിരുന്നുള്ളു. കുട്ടിക്കാലത്ത് അമ്മയെന്നെ കുളിപ്പിക്കും. അവളെ സൂസനാന്റിയും. ഞങ്ങൾ നഗ്നരായി പരസ്പരം നോക്കും. ആരുമൊട്ട് ചിരിക്കയുമില്ല. പിന്നീട് കണ്ടപ്പോൾ നമ്മൾ ചിരിച്ചു. ഇരുപത് വസന്തങ്ങൾ കഴിഞ്ഞു പോയിരുന്നു. അവൾ കവിതയെഴുത്ത് തുടങ്ങിയിരുന്നു. ഞാനോ കംപ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്നു. ഞങ്ങളുടെയിടയിൽ പ്രണയം നിർവ്വചിക്കപ്പെട്ടിരുന്നു. നഗ്നത അനിവാര്യമായി ഭവിച്ചിരുന്നു.

ഒരിക്കവളെന്നോട് പറഞ്ഞു,

" രണ്ട് ദിവസമായി റോമിയോ ആൻഡ് ജൂലിയറ്റ് പ്രിപ്പയർ ചെയ്യുകയാണ്. കോളേജിൽ പഠിപ്പിക്കണം. ഇപ്പോൾ എന്റെ മനസ്സ് മുഴുവൻ റോമിയോയും ജൂലിയറ്റുമാണ്. പപ്പയും മമ്മയും ഡൽഹിക്ക് പോയിരിക്കുന്നു. മനയിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ നീ വന്നാൽ നമുക്ക് റോമിയോയും ജൂലിയറ്റും കളിക്കാം. പിന്നെ നിന്റെ ഫാവറെയ്റ്റ് ചീരത്തോരനും ഉണ്ടാക്കി വച്ചിട്ടുണ്ട്"

"അതെന്ത് കളി?"

" അതൊരു കളിയാണ്. ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോൾ നീ വരണം. റോമിയോ ആയിട്ട്. ഗൂഗിളിൽ റോമിയോയുടെ വേഷം എങ്ങനെയാണെന്ന് നോക്ക്. മനയിലിരിക്കുന്ന ആ ഏണി കൂടിയെടുത്തോ. അല്ലാതെ നിന്നെക്കൊണ്ട് ബാൽക്കണിയിലൊന്നും കയറാൻ പറ്റില്ല"

"അപ്പോ നേരെ വാ നേരെ പോ എന്ന രീതി ഈ കളിയിലില്ലേ? ല്ലേന്ന്?"

അന്നു ഞങ്ങൾ മെഴുകുതിരികൾ കത്തിച്ച് വച്ച് ഷേക്സ്പിയറുടെ വരികൾ പാടി. ചുംബിച്ചു. ഇരുപതു വർഷങ്ങളുടെ ആകാംഷയും ആവേശവുമായിരുന്നു ഞങ്ങൾക്ക്. പരസ്പരം പുണർന്ന് പ്രണയത്തിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്നു. അവളെനിക്ക് കീറ്റ്സിന്റെ "ബ്രൈറ്റ് സ്റ്റാർ, വുഡ് ഐ വേർ സ്റ്റെഡ്ഫാസ്റ്റ് അസ് ദൗ ആർട്ട്" എന്ന ഗീതകം പാടിത്തന്നു. ബിയാട്രീസ് എന്ന പെൺകുട്ടിയെ പ്രണയിച്ച ദാന്തെ എന്ന മഹാകവിയുടെ കഥ പറഞ്ഞു. എന്റെ ചുണ്ടുകളിലെ ആർദ്രത, ഹൈസ്കൂൾ കാലം മുതൽക്കെ തന്നെ ഭ്രമിപ്പിച്ചിരുന്നതിനെക്കുറിച്ചും, ഒരു ശലഭമായി പറന്നുവന്ന് അതിനെ നുകരുക എന്ന സ്വപ്നം ഹൃദയത്തിൽ താലോലിച്ചിരുന്നതിനെക്കുറിച്ചും, ഒരു സ്നേഹകാവ്യമെഴുതിയക്കൊണ്ട് പ്രണയത്തിന്റെ ഹരിതഭൂമിയെ കീഴടക്കുന്നതിനെക്കുറിച്ചും, തനിക്കേറ്റവും ഇഷ്ടമുള്ള ഒരാളുടെ ചുംബനങ്ങൾക്കധീനപ്പെട്ട് കിടക്കുമ്പോൾ കിട്ടുന്ന സർഗ്ഗശക്തിയെപ്പറ്റിയുമൊക്കെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയൊരുനാളവളൊരു ചിത്രശലഭമായി മാറി. അതൊരു പ്രണയ ഗീതകമാകാം. യാത്രാമൊഴിയുടെ നിമിഷങ്ങളാകാം.

"എന്തൊക്കെയൊ പ്രഹേളികകളുണ്ട്" ഡോക്ടർ ഗോപിനാഥൻ നായർ മകളോട് പറഞ്ഞു. " അയാൾ പൂന്തോട്ടത്തിലിരിക്കുമ്പോൾ മാത്രം ചിത്രശലഭങ്ങൾ വരുന്നു. മറ്റുള്ളവരുള്ളപ്പോൾ വരുന്നില്ല താനും. രാത്രിയിലെന്തൊ ഒരു പ്രകാശം കാണുന്നതായി തോന്നുന്നു. അപ്പോൾ മാത്രം അയാൾ ആ കുട്ടിയോടെന്ന പോലെ സംസാരിക്കുന്നു. അവളൊരു ചിത്രശലഭമായി മാറി എന്ന് വർഷങ്ങളായി ആരോടെന്നില്ലാതെ
പറഞ്ഞു കൊണ്ടിരിക്കുന്നു. രക്ഷപ്പെടുത്താനൊക്കില്ല, പറന്നു പോകട്ടെയെന്ന് ഡോക്ടർ പറഞ്ഞതായും, താനും ഒരു നാൾ ചിത്രശലഭമായി മാറുമെന്നും പറയുന്നു മനസ്സിൽ എന്തൊക്കെയോ ഇമാജിൻ ചെയ്ത് അവ ശലഭങ്ങൾ വരുന്നതാവാമെന്നും താൻ കാത്തിരിക്കുകയാണെന്നുമൊക്കെ പറയുന്നു. എല്ലാം മനസ്സിന്റെ തോന്നലുകളാണ്. എന്നാലും ചില നിഗൂഢതകൾ ബാക്കി നിൽക്കുന്നു"

"അന്നിതുപോലൊരു ഓണക്കാലമായിരുന്നു. ഇവിടെ വന്ന് സദ്യ കഴിച്ചു. രണ്ടു പേരും സന്തോഷത്തിലായിരുന്നു. തൊടിയിൽ ചെന്ന് രണ്ടു പേരും കൂടി ആ കാണുന്ന പൂച്ചെടികളെല്ലാം നട്ടു പിടിപ്പിച്ചു. രാത്രി സൂസന്റെ കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടിച്ചെന്നത്. ഞരമ്പുകൾ മുറിച്ച്.... ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല്യാ. എന്തു നല്ല കുട്ട്യാരുന്നു! അതിനുശേഷം എന്റെ മോൻ മിണ്ടിയിട്ടില്ല്യാ" അമ്മ നെടുവീർപ്പെട്ടു.

" എന്തായിരുന്നു കാരണം?"
അപർണ്ണ ചോദിച്ചു.

" അറിയില്ല" ഡോക്ടർ പറഞ്ഞു. "അവർ ബാല്യകാല സുഹൃത്തുകളായിരുന്നു. പിന്നീട് പരസ്പരം സ്നേഹിച്ചു. രണ്ടുപേരുടേയും അച്ഛൻമാർ എതിർത്തിരുന്നു. എന്നിട്ടും അവർക്ക് വിവാഹം ചെയ്യാമായിരുന്നു. അതിനുള്ള സ്വയം പര്യാപ്തതയുണ്ടായിരുന്നല്ലോ. നിലാവുള്ള ഒരു രാത്രി ആ കുട്ടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഹരിയോടല്ലാതെ ആരോടും സംസാരിക്കാതെയായി. ഹരിയെ നഷ്ടപ്പെടുമോ എന്നുള്ള ഭയം, കവിതയോടുള്ള ഭ്രാന്ത്, സമൂഹത്തിൽ ജീവിച്ചു മടുത്തു എന്ന തോന്നൽ, നിരാശ, പിന്നെ ആന്റ്റി ഡിപ്രഷൻ ടാബ്ലെറ്റുകളുടെ സൈഡ് എഫക്ട്. ഇതൊക്കെയാകാം ഒരു പക്ഷെ.."

" കൈകൾ വർണ്ണച്ചിറകുകളായി മാറി എന്നാണല്ലൊ പറയുന്നത്. അതും ഞരമ്പു മുറിച്ചപ്പോഴുള്ള ബ്ലീഡിംഗുമായി എന്തോ ബന്ധം കാണുന്നില്ലേ? രാത്രിയെന്തുണ്ടാകണമെന്നറിയണമല്ലോ. ഇന്നിവിടെ തങ്ങിയാലോ ഡാഡ്?" മകൾ ചോദിച്ചു.

"അതിനെന്താ? സന്തോഷമേയുള്ളു. ഹരിതയും കുഞ്ഞുമൊക്കെയില്യേ. പലമുറികളും ഉപയോഗിക്കാറ് തന്ന്യേല്ല്യാ. വീടിനൊരാളനക്കമുണ്ടാകുല്ലോ. വ്ടെ തങ്ങാം" അമ്മ മറുപടി പറഞ്ഞു.

ഞങ്ങൾ ജനിച്ചു. നഗ്നരായി കുളിച്ചുകൊണ്ടിരുന്നപ്പോൾ പരസ്പരം കൊഞ്ഞനം കാട്ടി.. പിന്നെയീ മനയുടെ മുറ്റത്തോടി കളിച്ചു. പൂക്കളമൊരുക്കി, പുൽക്കൂടുണ്ടാക്കി. ലൊയോളയിൽ ഞാൻ ക്രിക്കറ്റ് കളിച്ചു നടന്ന നാളുകളിൽ അവൾ സെന്റ് തോമസ് സ്കൂളിലെ കടും ചുവപ്പ് പാവാടയണിഞ്ഞ ഒരു പെൺകുട്ടിയായി കവിതകളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒരിക്കൽ അവളെഴുതി,

"മണിപ്പൂവുകൾതൻ നൃത്തം കണ്ടിരിക്കെയാണ്
സ്കൂളങ്കണത്തിലേക്കൊരു മുകിൽപക്ഷി പറന്നിറങ്ങിയത്;
നൃത്തമാടുമാ മനോഞ്ജമാം മണിപ്പൂക്കൾ,
ക്ലാസ്സിനുള്ളിലോ കവിയുടെ ഡാഫോഡിൽ പൂക്കൾ.
പക്ഷീ നോക്കൂ എൻ മനം തുടിക്കുന്നു വീണ്ടും,
തീർച്ചപ്പെടുത്തു ഞാനോരു ഹൃദ്യമാം
പ്രണയത്തിലകപ്പെട്ടിരിക്കുന്നു വെന്നും"

സാഹിത്യം പഠിക്കാൻ ഹൈദ്രാബാദിലും ഡൽഹിയിലും പോയപ്പോഴും ഞങ്ങൾ പരസ്പരം കാത്തിരുന്നു. പാളയത്തെ പബ്ലിക് ലൈബ്രറിക്ക് മുന്നിലും യൂണിവേഴ്സിറ്റി ലൈബ്രറിക്കു മുന്നിലും ഞാനവൾക്കായി കാത്തു നിന്നു. കവടിയാറിൽ അവളെനിക്കു വേണ്ടിയും. എന്റെ പ്രാക്ടീസ് കഴിയുന്നതു വരെ അവൾ ടെന്നീസ് കോർട്ടിനരികിൽ എന്തെങ്കിലും വായിച്ചു കൊണ്ടോ എഴുതിക്കൊണ്ടോ ക്ഷമയോടെയിരുന്നു.

ഞങ്ങൾ രാഷ്ട്രീയം പറഞ്ഞു പിണങ്ങി. കീറ്റ്സിന്റിന്റെയും ഷെല്ലിയുടേയും കവിതകൾ ചൊല്ലിത്തന്നുകൊണ്ട് രാജപാതയിലൂടെ നടന്നു. രാത്രികളിൽ പരസ്പരം വാരിപ്പുണർന്ന് പ്രണയിച്ചു. രഹസ്യമായ മന്ത്രണങ്ങൾ ചൊല്ലി. എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയോ പറയാനായി അവശേഷിച്ചു. പിന്നെയൊരു നാൾ അവളൊരു ചിത്രശലഭമായി പറന്നു പോയി. എന്റെ പൂന്തോട്ടത്തിലെ പൂക്കൾ തേടി ചിത്രശലഭങ്ങൾ വരാറുണ്ട്. ചിലപ്പോൾ ഒരു കൃഷ്ണശലഭം പ്രാകാശം പരത്തിക്കൊണ്ട് രാത്രിയിൽ എന്നരികിലേക്ക് പറന്നു വരാറുണ്ട്. അത് എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നൊരു മൃദു സ്പർശമാകാം.

" ആ കുട്ട്യേട് ഞാൻ പറഞ്ഞതാ ഒന്നും വേണ്ടതില്ലാന്ന്. അപർണ്ണയോടെ.. ഇവിട്ന്ന് പോയി പനി പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്യാണ്. എന്തോ ചിത്രശലഭങ്ങളെക്കുറിച്ചൊക്കെ പിച്ചും പേയും പറയുകാത്രെ. ആ ഡോക്ടറാണെങ്കിൽ വല്ലാതെ അസ്വസ്ഥനായിട്ടിരിക്ക്ണു"
ഹരിത പറഞ്ഞു.

" മാമാ ഞങ്ങളുടെ കൂടെ വരില്ലേ?"
അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുഞ്ഞു സനൂഷ ചോദിച്ചു.

"ഐ വിൽ കം നെക്സ്റ്റ് ടൈം മോളൂ"

"പ്രോമിസ്?"

"പ്രോമിസ്"

" അടുത്ത തവണയെങ്കിലും നീ വരണം ഹരി. ഞങ്ങക്ക് നീ മാത്രമല്ല്യേ ള്ളൂ. പോയവരങ്ങുപോയി. വ്യസനിച്ചിങ്ങനെ ഒറ്റക്കിരുന്നാ അവർ തിരിച്ചുവരുമോ? ഞങ്ങളിറങ്ങട്ടേ? ഇറങ്ങട്ടേമ്മേ?"
ഹരിത യാത്ര ചോദിച്ചു.

അമ്മ കണ്ണുനീർ തുടച്ചു.

ആംബുലൻസിൽ വച്ച് അവൾ ലേഡി ലാസറസിനെപ്പറ്റി പറയുകയായിരുന്നു.

" ഡൈയിംഗ് ഈസ് ആൻ ആർട്ട്, ലൈക്ക് എവരിതിംഗ് എൽസ്. ഐ ഡു ഇറ്റ് എക്സപ്ഷണലി വെൽ"

പിന്നെ വർണ്ണച്ചിറകുകൾ കൊണ്ടെന്നെ വാരിപ്പുണർന്നു ചുംബിച്ചു. പിന്നെ.. പിന്നെയകലേക്ക് പറന്ന് പറന്ന് പറന്ന്...

അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സുഗന്ധ പുഷ്പ്പങ്ങളെ പരിപാലിക്കാറുണ്ട്. ചിത്രശലഭങ്ങൾ
എന്റെ പൂക്കൾ തേടി വരാറുണ്ട്. അവ ഒരിക്കലവൾ വരുമെന്ന പ്രതീക്ഷയുള്ള , ഒരു ഇഷ്ടതോഴന്റെ കാത്തിരിപ്പുകളാവാം....

---------------------------------------Best of Nallezhuth

ഹരീഷ് ബാബു.

* ഡൈയിംഗ് ഈസ് ആൻ ആർട്ട്--- സിൽവിയ പ്ലാത്തിന്റെ ലേഡി ലാസറസ് എന്ന കവിതയിൽ നിന്ന്

നിലാവിൽ പറഞ്ഞ നാലു കഥകൾ


Best of Nallezhuth - No15-----

1. നിധിവേട്ട
*************** 
ഞാനൊരു സ്വതന്ത്ര സഞ്ചാരിയാകുന്നു. എന്നാലതിന് ദേശങ്ങൾ തോറും സഞ്ചരിച്ച് പല ഭാഷകൾ, സംസ്കാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ ഭുജിക്കുന്നവൻ എന്ന അർത്ഥമില്ല. സ്വതന്ത്രമായി മനോസഞ്ചാരം നടത്തുന്നവൻ എന്നേ അർത്ഥമാക്കുന്നുള്ളു. സമൂഹം എന്ന തമോഗർത്തം ,ഓരോ മനുഷ്യജീവിയേയും അതിന്റെ കെട്ടുപാടുകളിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള പരിക്രമണ പ്രവേഗം ആർജ്ജിക്കുക എന്നതായിരുന്നു എന്റെ താത്വിക നിലപാട്.
പതിനെട്ട് വയസ്സാകുമ്പോൾതന്നെ മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവുക എന്നതാണ് അതിന്റെ ആദ്യപടി. എന്താ കഥ! എല്ലാം നിമിത്തമെന്നെ പറയേണ്ടതുള്ളു. അറിയാതെ തന്നെ അതിനുള്ള വിദ്യ ഞാൻ സ്വായത്തമാക്കിയിരുന്നു എന്നുവേണം പറയാൻ. സ്കൂളിൽ പഠിക്കുന്ന കാലത്ത്, വീട്ടിലുണ്ടായിരുന്ന ഒരു റേഡിയോ ഞാൻ പൊളിച്ച് നാരും തൂരുമാക്കി. അതിനെച്ചൊല്ലി ഏറെക്കാലം അച്ഛനിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നെങ്കിലും അത്കൊണ്ട് രണ്ട് കാര്യങ്ങൾ സാധിച്ചു. ഒന്ന് എനിക്ക് ഇലക്ട്രോണിക്സിൽ കൈ വയ്ക്കാൻ പറ്റി. പിന്നെ, ബന്ധങ്ങളിൽ വിഷം കലരാതിരിക്കുവാൻ അവയോട് കൂടുതൽ പ്രതിബദ്ധത കാട്ടാതിരിക്കുക എന്ന വ്യക്തിശാസ്ത്രം പഠിക്കാൻ കഴിഞ്ഞു.
പത്താം ക്ലാസ്സിൽ പഠിക്കാനുണ്ടായിരുന്ന ഗാന്ധിജിയുടെ ലേഖനം, " വേലയിൽ വിളയുന്ന വിദ്യാഭ്യാസം" വായിച്ചപ്പോൾ ഞാൻ ശരിക്കും പറഞ്ഞു:
" ഈ ഗാന്ധിയപ്പൂപ്പന് ഇതെന്തിന്റെ കേടാണ്. ആളുകൾ കോട്ടും സൂട്ടുമിട്ട് പോകേണ്ട പത്രാസ് ജോലികൾ തേടുന്ന ഇക്കാലത്ത്, സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മരപ്പണിയും പഠിക്കണം പോലും!"
എന്നാൽ സ്കൂൾ കഴിഞ്ഞ് നാട്ടുകാരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്തു സമ്പാദിക്കുന്ന കാശുകൊണ്ട്, സമൂഹത്തിലെ സ്വതന്ത്രസഞ്ചാരം എന്ന ആശയം കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോഴാണ് രാഷ്ട്രപിതാവിന്റെ വീക്ഷണം അക്ഷരംപ്രതി ശരിയായിരുന്നു എന്ന് മനസ്സിലായത്.
അങ്ങനെ ഓരോരുത്തർ മുപ്പതാം വയസ്സിലും മാതാപിതാക്കളുടെ മുന്നിൽ കൈനീട്ടി നിൽക്കുമ്പോൾ ഞാൻ കോളേജ് പഠനകാലത്ത് തന്നെ സ്വതന്ത്രസഞ്ചാരം തുടങ്ങി. എന്നാലത് ധൂർത്തടിയോ ആദ്ധ്യാത്മിക ജീവിതമോ ആയിരുന്നില്ല. അതു രണ്ടും എന്നെകൊണ്ട് പറ്റിയിരുന്നില്ല. സമൂഹത്തിന്റെ പൊതുവായ ഒഴുക്കിൽപ്പെടാതെ സ്വന്തമായ നിലപാടുകളും അതിന്റെ പരീക്ഷണങ്ങളേയും മുൻനിർത്തിക്കൊണ്ടുള്ള ഒരു ജീവിതം. അതായിരുന്നു ഞാൻ നയിച്ചിരുന്നത്.
മഴക്കാലത്ത് ഞാൻ വീട്ടിൽ പോകുന്നതുതന്നെ വിരളമായി. നന്നാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ടൂൾബോക്സുമൊക്കെയായി ഞാൻ കുരിശുമുട്ടത്തെ പുന്നൂസച്ചായന്റെ പുരയിടത്തിൽ അന്തിയുറങ്ങി. ദുബായിയിൽ ബാർ ബുസിനസ്സ് നടത്തുന്ന അച്ചായൻ നാട്ടിലോട്ടേ വരാറില്ല. എങ്കിലും എന്റെ കിടപ്പ് അച്ഛൻ പറഞ്ഞ് അങ്ങേർക്കറിയാം. ആദ്യമോന്നു സംശയിച്ചെങ്കിലും ഞാൻ വലിയ ശല്യക്കാരനൊന്നുമല്ല എന്നു മനസ്സിലായപ്പോൾ എതിർക്കാനും പോയില്ല. മാത്രമല്ല ഒരിക്കൽ നാട്ടിൽ വന്നപ്പോൾ, ഞാനുള്ളതുകാരണം വസ്തുവിൽ കഞ്ചാവ് വലിക്കാൻ ആന്റിസോഷ്യൽസ് കയറില്ല എന്നുപറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നഗരത്തിൽ ഏക്കർ കണക്കിന് വസ്തുവകകളുള്ള അച്ചായൻ ഒരു സുപ്രഭാതത്തിൽ ഈ പൂഞ്ചോലയിൽ വന്ന് പുരയിടം വാങ്ങിയതെന്തിനെന്ന് എനിക്കും പിടികിട്ടിയിരുന്നില്ല. പക്ഷെ വളരെ ശാന്തമായ സ്ഥലമായിരുന്നു അത്. നിലാവുള്ള രാത്രികളിൽ അവിടെ കഴിയുന്നത്ര സുഖം വേറെയൊരിടത്തും കിട്ടില്ല. മൂന്നുവശം മതിൽ. ഒരു വശം കാണിത്തോട്. പശ്ചിമഘട്ടത്തിൽ നിന്നുള്ള ശുദ്ധജലം. പുരയിടത്തിലില്ലാത്ത പൂച്ചെടികളും വൃക്ഷങ്ങളുമില്ല. പൂവാങ്കുരുന്ന്, തെച്ചി, വാക, അശോകം, മഞ്ഞമന്ദാരം എന്നുവേണ്ട എല്ലാമുണ്ട്. കൂടാതെ അച്ചായന്റെ ഭാര്യ എൽസിയാന്റി വച്ചുപിടിപ്പിച്ച കുറേ വള്ളിച്ചെടികളും. എന്നാലവരാരും അങ്ങോട്ട് തിരിഞ്ഞുനോക്കാറുപോലുമില്ല.
പറഞ്ഞുവരുമ്പോൾ സുപ്രധാനമായ കാര്യങ്ങളിനിയുമുണ്ട്. അവിടെയൊരു യക്ഷി വസിച്ചിരുന്നു. മാതു എന്നോ മാതുല എന്നോ പേര്. പാലമരമുണ്ടായത് കൊണ്ടാകണം. പാലമരം ഒന്നല്ല. നിരവധിയുണ്ട്. യക്ഷിയുടെ സാന്നിധ്യം എനിക്കറിയാനെ കഴിഞ്ഞിരുന്നില്ല. പാലയുടെ ചുവട്ടിലാണ് കരിമ്പടം പുതച്ചുകൊണ്ടുള്ള എന്റെ കിടപ്പ്. ഒരു ദിവസം രാത്രി എന്റെ പുറത്തേക്ക് അരളിപ്പൂക്കളും വാകയും അശോകവുമൊക്കെ വന്നു വീണു. നോക്കുമ്പോഴല്ലെ വിശേഷം! അതായിരിക്കുന്നു മുടിയഴിഞ്ഞ യക്ഷി. മുകളിലിരുന്ന് പൂമാല കെട്ടുകയാണ്. ആദ്യമൊന്ന് പേടിച്ചെങ്കിലും ഞാൻ ഗൗനിക്കാനേ പോയില്ല. എന്നെക്കണ്ടഭാവം യക്ഷിയും നടിച്ചില്ല.
രാവിലെയാകുമ്പോൾ ഞാൻ റിപ്പയർ ചെയ്ത ടാബുകളും ഫോണുകളുമായി നഗരത്തിലേക്ക് പോയി തിരക്കുകളിലലിയും. രാത്രിയിൽ അലഞ്ഞ് ക്ഷീണിച്ചു വന്നുകിടക്കുമ്പോൾ യക്ഷി പാലയൊഴിഞ്ഞ് പോകുന്നത് കാണാം. ചിലപ്പോൾ പാതിരാവരെ പൂകെട്ടിക്കൊണ്ടോ നാലുംകൂട്ടി മുറുക്കിക്കൊണ്ടോ മുകളിലിരിക്കും. പാതിരാകഴിയുമ്പോൾ കാണിത്തോട് കടന്ന് എങ്ങോട്ടോ പോകും. പുലരുമ്പോൾ മടങ്ങിവരും. അങ്ങനെ ഒരു ഷിഫ്റ്റ് പോലെയായിരുന്നു ഞങ്ങളുടെ വാസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്തെല്ലാം വിശേഷങ്ങളുണ്ട് യക്ഷിയെപ്പറ്റി പറയാൻ! കേൾക്കണ്ടേ? എന്റെ കൈയ്യിൽ എന്തിരിക്കുന്നു? കേടായ കുറച്ചു ടാബുകളും ,ഫോണുകളും, സോൾഡെറിംഗ് മെഷീനും , ബാറ്ററികളും പിന്നെ കുറച്ച് ഈയവും. എന്തെല്ലാം സാധനങ്ങളുണ്ട് യക്ഷിയുടെ കൈയ്യിൽ! അതല്ലെ കഥ. ഒരു ദിവസം നിനച്ചിരിക്കാതെ ഒരു ആമാടപ്പെട്ടിയും കൊണ്ട് യക്ഷി എന്റെ അടുത്തുവന്നു. ഈ ഉപകരണങ്ങളൊക്കെ കണ്ടപ്പോൾ ഞാനൊരു മരപ്പണിക്കാരനോ ചെരുപ്പുകുത്തിയോ ആയിരിക്കാമെന്ന് യക്ഷി കരുതിയിട്ടുണ്ടാവണം. ഞാനതിനെ ശരിയാക്കി ഒരു സാക്ഷയിട്ടുകൊടുത്തു. അന്നാണാദ്യമായിട്ട് ഞങ്ങൾ അന്യോന്യം മിണ്ടിയത്. കൂടുതൽ സംസാരിക്കുന്ന പ്രകൃതക്കാരിയല്ല യക്ഷി. അന്തർമുഖിയാണ്. എപ്പോഴും മുറുക്കിക്കൊണ്ടോ താംബൂലത്തട്ടത്തിൽ നഖം കൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടോയിരിക്കും. എന്തൊക്കെയുണ്ടെന്നറിയാമോ യക്ഷിയുടേതായ സാധനങ്ങൾ! നിലാവത്ത് മുകളിലോട്ട് നോക്കിയാൽ കാണാം. എണ്ണിയാലൊടുങ്ങില്ല. വട്ടത്തളിക, താംബൂലച്ചെല്ലം, അടയ്ക്കാപ്പെട്ടി, പച്ചപ്പട്ട്, ദീപസ്തൂപം, ചന്ദനമുരയ്ക്കുന്ന ചിത്രക്കല്ല്, കളഭച്ചട്ടി, കാഞ്ചനക്കൊലുസ്, വെള്ളുടയാട, പവിഴക്കല്ല്, വൈഡൂര്യം, പൂക്കുട, വിശറി, ആമാടപ്പെട്ടി, പൂകെട്ടാൻ നൂൽ, പനയോല, നാരായം, രത്നം പതിച്ച അരഞ്ഞാണം, വെറ്റിലപ്പാത്രം, കുങ്കുമച്ചെപ്പ്, രാമച്ചമെത്ത... ഇനിയുമുണ്ട്. വലിയ എഴുത്തുകാരിയായ ആമിപോലും ഇത്രയും ഗംഭീരമായ ലാസ്യ, ആലസ്യ പെൺവിശേഷത്തെ വർണ്ണിച്ചിട്ടില്ല.
" നിങ്ങളീ ദേശത്ത് വന്നിട്ടെത്ര നാളായി?" ഒരിക്കൽ മുകളിലോട്ട് നോക്കി ഞാൻ ചോദിച്ചു.
" ഇളംചെഞ്ചൻ തമ്പ്രാന്റെ കാലത്ത്. തിരുക്കുറൾ എന്നുകേട്ടിട്ടുണ്ടോ ചെറുപ്പക്കാരാ?"
വെറ്റിലയെടുത്ത് ഞരമ്പ് കളയുന്നതിനിടയിൽ യക്ഷി ചോദിച്ചു.
"പിന്നില്ലാതെ. തിരുവള്ളുവാറിന്റെ. ക്രിസ്തുവിന് മുൻപ് രണ്ടാം ശതകം. അപ്പോൾ സംഘകാലപാരമ്പര്യമുള്ള യക്ഷിയാണല്ലേ. ഞാൻ ജനിച്ചിട്ട് ഇരുപത്തിമൂന്ന് കൊല്ലമായി. ബി.ടെക് പോയകൊല്ലം കഴിഞ്ഞു" ഞാൻ പറഞ്ഞു.
ഒരിക്കൽ പടിക്കമെടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പറഞ്ഞു:
" യക്ഷിമാതൂ ഞാൻ ചുവട്ടിലിരിയ്ക്കാണെന്ന്ള്ള ഓർമ്മവേണേ. മുറുക്കിത്തുപ്പുമ്പോൾ സൂക്ഷിക്കണേ"
പൂക്കൾ വീഴുന്നതല്ലാതെ മുറുക്കുമ്പോൾ ഒരു തുള്ളിപോലും വീഴുന്നതായി തോന്നിയിട്ടില്ല. രാത്രിയിൽ കാണിത്തോടിനപ്പുറത്ത് നിന്ന് ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ പറയും:
" യക്ഷീ നിങ്ങളെയതാ മാടനോ മറുതയോ വന്ന് പൂചൂടാൻ വിളിക്ക്ണ്"
കുറച്ചൊരു നിശബ്ദതയ്ക്കുശേഷം യക്ഷി മറുപടി പറയും:
" അത് മാടനല്ല ചെറുപ്പക്കാരാ. കാലൻകോഴി കൂവുന്നതാണ്"
എന്നാൽ പാലപൂക്കുന്ന നാളുകളിൽ പരിമളവും പൂപ്പടപ്പാട്ടും നിറയുമ്പോൾ യക്ഷി മാടനുമായി രമിക്കുന്നതല്ലേയെന്ന് ഞാൻ സംശയിക്കാതിരുന്നില്ല. ഇവരുടെ ലോകം ആർക്ക് മനസ്സിലാക്കാൻ കഴിയും.
അവധി ദിവസങ്ങളിൽ, കൂടെ പഠിച്ച , വീർത്തുരുണ്ട്, വടിവൊത്ത നിതംബങ്ങളുള്ള പെൺസുഹൃത്തുക്കൾ എന്നെ വന്നു കാണുമായിരുന്നു. എല്ലാം സോഫ്റ്റ്വയർ എഞ്ചിനിയർമാർ. ആരും കാണാതെ മദ്യപിക്കുവാനും കൊക്കെയ്ൻ കയറ്റാനുമാണ് ഇവളുമാരുടെ വരവ്. ഞാൻ ഇതൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നല്ല ഒന്നിനോടുമെനിക്ക് ആസക്തിയുണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കൽ, നിർബന്ധിച്ചാൽ മാത്രം, ഇവളുമാരെയാരെയെങ്കിലും ഭോഗിച്ചാലായി. പെൺകാമനകളിൽ, പുരുഷന്റെ യഥാർത്ഥ സ്ഥാനമെന്തെന്ന് അവരുടെ വികാരങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാൻ , ഞാൻ പെൺസുഹൃത്തുക്കളുമായി പാവക്കൂത്താടുമായിരുന്നു. പക്ഷെ ഒന്നും യക്ഷിയുടെ മുമ്പിൽ വച്ചല്ല. ഈ പെൺസുഹൃത്തുക്കളേക്കാളും എത്രയോ സൗന്ദര്യവും വശ്യതയുമുള്ള യക്ഷിയെ അത്തരത്തിൽ കാണാൻ തുനിഞ്ഞില്ല എന്നുമാത്രമല്ല ആ രൂപത്തെയോർത്ത് സ്വയംഭോഗം ചെയ്യരുതെന്നും ഞാൻ ദൃഢനിശ്ചയമെടുത്തിരുന്നു. അങ്ങനെയായാൽ ഞാൻ പ്രണയത്തിൽ വീഴുമെന്നും അത് പ്രതിബദ്ധത സൃഷ്ടിക്കുമെന്നും ഞാൻ ഭയന്നു. ഭോഗത്തിനും പ്രണയത്തിനും വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളത് എന്ന നിലപാടിനൊന്നും മാറ്റം വരുത്താൻ ഞാൻ തയ്യാറുമായിരുന്നില്ല. യക്ഷിയെ കാണുമ്പോൾ നടിമാരായ അലീഷ്യ സിൽവർസ്റ്റോണിനേയും കേയ്റ്റ് വിൻസ്ലെറ്റിനേയുമൊക്കെ ഓർമ്മവരുമെന്നതിനാൽ ഇവർ ആര്യവംശത്തിലെ ഏതോ സ്ത്രീയായിരുന്നിരിക്കണം എന്നുഞാൻ ഉറച്ചു വിശ്വസിച്ചു.
അങ്ങനെയിരിക്കെ, സംക്രാന്തി കഴിഞ്ഞ് ഒരു ദിവസം ഞാൻ സോൾഡെറിംഗ് മെഷീനുകൾ വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. ചെറിയതോതിൽ വീശിയടിക്കുന്ന കാറ്റ് കാട്ടുപൂക്കളുടെ ഗന്ധം പരത്തുന്നുണ്ട്. യക്ഷിമാതു പാലയൊഴിഞ്ഞ് താഴേക്ക് വരുന്നതിനിടയിൽ പെട്ടെന്നെന്നോട് പറഞ്ഞു:
" ചെറുപ്പക്കാരാ നിന്നോടൊരു കാര്യം പറയാനുണ്ട്"
യക്ഷി രാഹുകാലം കഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുതോന്നും. കൈയ്യിൽ കൊഴുന്തും കമുകിൻ പൂക്കുലയും പിടിച്ചിട്ടുണ്ട്. കൊഴുന്തിന്റെ മാസ്മരിക ഗന്ധം കാട്ടുപ്പൂക്കളെ അന്യരാക്കി.
" നീ ഇരിക്കുന്നതിനടുത്തായി നിധി കുഴിച്ചിട്ടുണ്ടെടാ"
യക്ഷി പറഞ്ഞു.
ഞാൻ വെറുതെ ഉപചാരമെന്നവണ്ണം മുഖമുയർത്തി നോക്കിയതിനു ശേഷം പഞ്ഞി സ്പിരിട്ടിൽ മുക്കി സോൾഡെറിംഗ് മെഷീനിൽ പുരട്ടുന്നത് തുടർന്നു. യക്ഷി തോട് കടന്ന് പോവുകയും ചെയ്തു. എനിക്കീ നിധിയിലും വിധിയിലുമൊന്നും വിശ്വാസമുണ്ടായിരുന്നില്ല. നിധിമോഹമെല്ലാം അലസൻമാരുടെ ചിന്തകളാണെന്നായിരുന്നു എന്റെ പക്ഷം. എന്നാൽ യക്ഷി, പട്ടണിയുമ്പോഴും, ചന്ദനമുരയ്ക്കുമ്പോഴും, ആമാടപ്പെട്ടി തുറക്കുമ്പോഴുമെല്ലാം ഇതേ പല്ലവിതന്നെ തുടർന്നുകൊണ്ടിരുന്നു.
" നിധിയുണ്ടെടാ ചെറുപ്പക്കാരാ.. പൂവാങ്കുരുന്നിന്റെ ചോട്ടിൽ നിധിയുണ്ടെടാ"
ചെറുമഴത്തുള്ളികൾ നിരന്തരമായി വർഷിച്ച് വൻമരങ്ങൾ കടപുഴകുന്നതുപോലെ എന്റെ മനസ്സിലും ചാഞ്ചല്യമനുഭവപ്പെട്ടു. തുടർന്നുള്ള രാത്രികളിൽ ഞാൻ സ്വർണ്ണമരാളങ്ങളെ സ്വപ്നം കണ്ടു. എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഈ നശിച്ച അലച്ചിലൊഴിവാക്കാമല്ലോ എന്നോർത്തു. ഇനി വീട്ടിൽ പോയി മടങ്ങുമ്പോൾ മൺവെട്ടിയോ മറ്റോ സംഘടിപ്പിച്ചുകൊണ്ട് വരണമെന്ന് നിശ്ചയിച്ചിരിക്കുകയായിരുന്നു.
എന്നാൽ അതുകഴിഞ്ഞുള്ള തിങ്കളാഴ്ച പാതിരാ കഴിഞ്ഞപ്പോൾ കാണിത്തോടിനപ്പുറം ആളനക്കം കേട്ടു. എന്നെക്കണ്ടതും ഏതാനും കാലുകൾ കാട്ടിനുള്ളിലേക്ക് മറഞ്ഞ് അപ്രത്യക്ഷമായി. കുറച്ച് മാറി, തോട് രണ്ടായി പിരിയുന്നിടത്ത്, കുളിയ്ക്കാനും, രാത്രിയിൽ വരാലുവെട്ടാനുമൊക്കെയായി ആളുകൾ വരാറുണ്ടെന്നെനിക്കറിയാം. രാത്രിയിൽ മീൻവെട്ടാൻ വന്നവരാണെന്ന് ഞാനാദ്യം കരുതി. പക്ഷെ രണ്ട് ദിവസം കഴിഞ്ഞ്, പൂവാങ്കുരുന്നിന്റെ മേൽ ടോർച്ചിന്റെ പ്രകാശം വീണപ്പോൾ ഞാനുറപ്പിച്ചു. ഭോഗിക്കാൻ വന്ന ഏതോ ഒരുമ്പിട്ടോള് രഹസ്യം ചോർത്തിക്കൊടുത്തിരിക്കുന്നു. ഞാനിക്കാര്യം ആരോടും പറയരുതായിരുന്നു. തോട്ടിനപ്പുറത്തെ തേക്കിൻ മരങ്ങൾക്ക് പുറകിൽ പതുങ്ങുന്നവരുടെ കൈയ്യിൽ, പിക്കാക്സും പാരയും ഞാൻ വ്യക്തമായി കണ്ടു. നിധിവേട്ടക്കാർ ഇനി എന്നെ കൊന്നിട്ട് നിധി കവരാനുംമതി.
ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മട്ടായി. അവിടമാകെ ആൾമണം നിറഞ്ഞു. നിശബ്ദതയൊക്കെ എങ്ങോ പോയിമറഞ്ഞു. മാത്രവുമല്ല ജംഗ്ഷനിലെ കുരിശടിക്കടുത്തുവച്ച് കണ്ടപ്പോൾ പഞ്ചായത്ത് മെംബർ ശശാങ്കണ്ണൻ ചോദിക്കുകയും ചെയ്തു.
"ഹരി ..ഡേയ് പുന്നൂസിന്റെ വിളയില് നിധിയുണ്ടെന്ന് കേട്ട്. നീ വല്ലതും കണ്ടായിരുന്നാ?"
എന്റെ സാമ്രാജ്യം അധഃപതിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ബൈബിളിലെ വരികളോർത്തു:
" മഹതിയാം ബാബിലോൺ വീണുപായി; ദുർഭൂതങ്ങളുടെ പാർപ്പിടവും, സകല അശുദ്ധാത്മാക്കളുടെയും തടവും, അശുദ്ധിയും അറെപ്പുമുള്ള സകല പക്ഷികളുടേയും തടവുമായിത്തീർന്നു."
ദുബായിലേക്ക് വിളിച്ചപ്പോൾ പുന്നൂസച്ചായൻ ആദ്യം കർത്താവേ എന്ന് വിളിച്ചൊന്ന് ഞെട്ടി.
"അവിടെ നിധിയുമില്ല ഒന്നുമില്ലെടാ. നീ കാര്യങ്ങള് കൂടുതലിട്ട് കുഴപ്പിക്കാതെ"
അച്ചായൻ പറഞ്ഞു. യക്ഷിയുടെ കാര്യവും ആൾക്കാർ നിധിവേട്ടക്കിറങ്ങിത്തിരിച്ചിരിക്കുന്ന കാര്യവുമൊന്നും ഞാൻ പറയാൻ പോയില്ല.
"അച്ചായാ പന്തളം രാജകുടുംബത്തിന്റെ ഏതോ നിധിയാണെന്നും എന്നാൽ അതല്ല ഏതോ ഒരു ചന്ത്രക്കാറൻ തേടിനടന്നിരുന്ന നിധിയാണെന്നുമൊക്കെ ചിലർ പറയുന്ന്ണ്ട്. പുരാവസ്തു വകുപ്പുകാർ ഒന്നുരണ്ടു തവണ വിളിച്ചിരുന്നു"
ഞാൻ പറഞ്ഞു. അച്ചായൻ ചെറുതായിട്ടൊന്ന് അസ്വസ്ഥനാകുന്നത് ഫോണിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
ഈ ദിവസങ്ങളിലെല്ലാം യക്ഷി വരുകയും മുകളിലിരുന്ന് മാലകോർക്കുകയുമെല്ലാം ചെയ്തുകൊണ്ടിരുന്നു. ആരുമൊട്ട് കണ്ടതുമില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഒരു പകൽ, ഞാനില്ലാത്ത നേരം നോക്കി നിധിതേടിയിറങ്ങിയ ചില മാന്യൻമാർ എന്റെ ബാറ്ററികൾ മോഷ്ടിച്ചതോടെ എനിക്ക് പിന്നെ പോലീസിൽ പരാതികൊടുക്കാതെ തരമില്ലെന്നായി. കുരിശുമുട്ടം എസ്.ഐ, ചെമ്പൻ ജബ്ബാറെന്ന് അറിയപ്പെടുന്ന ജബറുദ്ദീൻ രണ്ട് കോൺസ്റ്റബിൾമാരുമായി വന്ന് തെളിവെടുപ്പ് നടത്തി തിരിച്ചുപോയി. പോകുന്നതിനുമുമ്പ് ഒരു ഫോൺ നമ്പർ തന്നിട്ട് ജബ്ബാർ പറഞ്ഞു:
" കാര്യങ്ങള് സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് തോന്നണത്. എന്തായാലും നിന്നെ ആരെങ്കിലും വിളിച്ച് ഭീക്ഷണിപ്പെടുത്തുകയോ, ഇവിടെ വരുകയോ ചെയ്യാണേൽ വിളിക്ക്"
ആ ആഴ്ചയിൽത്തന്നെ രണ്ട് ജീപ്പുകളിലായി കുറേ പുരാവസ്തു വകുപ്പുകാർ വന്ന് സ്ഥലം പരിശോധിച്ച് അടയാളപ്പെടുത്തുകയും ബോർഡുകൾ തൂക്കുകയും ചെയ്തു. സർക്കാറിൽ നിന്ന് നിരന്തരമായി ഈമെയിൽ പ്രവഹിച്ചപ്പോൾ പുന്നൂസച്ചായന് ബുസിനസ്സിൽ നിന്ന് ലീവെടുത്ത് നാട്ടിൽ വരേണ്ടിവന്നു. വന്നയുടൻതന്നെ അച്ചായൻ, പുരയിടത്തിൽ നിധിയൊന്നുമില്ലെന്നും എല്ലാം വ്യാജവാർത്തകളാണെന്നുമൊക്കെ സമർത്ഥിക്കാൻ, ഫോണിലൂടേയും അല്ലാതെയും വകുപ്പുതലത്തിൽ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
പറഞ്ഞ ദിവസംതന്നെ പുരാവസ്തുക്കാർ വന്ന് പര്യേഷണം തുടങ്ങി. ആളുകൾ പ്രവഹിച്ചുകൊണ്ടിരുന്നു. മതിലിനുചുറ്റും ജനപ്രളയമായി. തോട്ടിനരികിൽ ചെറുകൂട്ടങ്ങളായി സംസാരിച്ചുകൊണ്ട് നിന്നവരുടെ ഇടയിൽ, ഏതാനും നാളുകൾക്കുമുൻപ് പൂവാങ്കുരുന്നിന്റെമേൽ ടോർച്ചടിച്ച നിധിവേട്ടക്കാരുമുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പുരാവസ്തു ടീമുകളായതിനാൽ ചിട്ടയനുസരിച്ച് ഓരോ കല്ലും വ്യക്തമായി പരിശോധിച്ച് മെല്ലെയാണ് മണ്ണ് നീക്കുന്നത്. പൂത്തുനിന്നിരുന്ന മുക്കുറ്റികളേയും തെച്ചിയേയുമെല്ലാം അവർ പിഴുതെറിഞ്ഞു. പോലീസുകാരുടെ ബൂട്ടുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമരുന്നതിനുമുൻപ് മഞ്ഞമന്ദാരങ്ങൾ എന്നെ നോക്കി ഒരു ചോദ്യം ചോദിക്കുന്നതായി തോന്നി:
" മനുഷ്യാ നീ ആർജ്ജിച്ച വിജ്ഞാനത്തിന്റെ മണിപ്രാവുകളെവിടെ?"
ഇരുട്ട് വീഴുന്നതുവരെ തിരഞ്ഞിട്ടും അന്നൊന്നും കിട്ടിയില്ല. അവിടവിടെ കിടന്നിരുന്ന സിഗററ്റുകുറ്റികൾ പെറുക്കിക്കൂട്ടി എനിക്ക് മതിലിന്നപ്പുറം കളയേണ്ടി വന്നു. യക്ഷി അന്ന് വന്നില്ല. തുടർന്നുള്ള ദിവസങ്ങളിലും നിധിവേട്ട തുടർന്നു. മൂന്നാം നാൾ അവർ പാലമരങ്ങളിൽ കൈവയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഫോണിലൂടെ ചിപ്കോ മൂവ്മെന്റിലുള്ള ചില സുഹൃത്തുക്കളെ വിളിപ്പിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു നിർത്തിച്ചു. കൂടെ കുറേ പരിസ്ഥിതിവാദികൾ പ്ലക്കാർഡുകളുമായുമെത്തി. അങ്ങനെ പുരാവസ്തു വേട്ടക്കാർ വൃക്ഷങ്ങളെ വിട്ടൊഴിഞ്ഞു.
ഇത്രയുമായപ്പോൾ ആളുകളുടെ ഇടയിൽ മൂപ്പുചെന്ന ചിലരെല്ലാം വന്ന് പഞ്ചായത്ത് മെംബറോട് ഓരോ കാര്യങ്ങൾ തിരക്കിതുടങ്ങി.
"ശശാങ്കാ ഇതേതടെ പയ്യൻ?"
" ഇവനെ നിങ്ങൾക്കറിയില്ലേ? ഹരീഷ് ബാബു. ബോർഡിലെ എഞ്ചിനിയറായിരുന്ന നമ്മടെ ഗോപകുമാരൻ സാറിന്റെ മോൻ. കളത്തറത്തെ."
"കളത്തറത്തെ ഗോപകുമാരൻനായരെ മോനാ? എന്നിട്ട് അവിടെയൊന്നും കണ്ടിട്ടില്ലല്ല്."
"ഇവനവിടെ വന്നാലല്ലെ നിങ്ങള് കാണു. ഇവന്റെ കുടിയും കിടപ്പുമൊക്കെ ഇവിടെത്തന്നെ"
ഞാനാകെ ക്ഷീണിതനായിരുന്നു. തോട്ടിലേക്കിറങ്ങിച്ചെന്നുകൊണ്ട് കാലുകൾ വെള്ളത്തിലിട്ടുകൊണ്ട് ഞാൻ കുറേനേരമവിടെയിരുന്നു.
നിധിവേട്ട ദിവസങ്ങളോളംനീണ്ടുനിന്നു. അവസാനം വേട്ടയുടെ ഏഴാം നാൾ ക്ഷമനശിച്ച ആൾക്കൂട്ടത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിധി കിട്ടി. നിധിയല്ല ഒരസ്ഥികൂടം. ദ്രവിച്ച ഒരു കൊന്തയുമുണ്ട്. തറയിൽ വീണ് ആരെയോ നമസ്കരിക്കുന്നതുപോലെ എല്ലുകളെല്ലാം ചുരുണ്ട് ഒതുങ്ങിയിരിക്കുന്നു. ആളുകളിൽ ചിലർ മതിലിൽ നിന്ന് താഴോട്ട് ചാടി, പോലീസ്കാരെ വെട്ടിച്ച് അടുത്തേക്ക് വരാൻ നോക്കി. ചെമ്പൻ പതുക്കെ അസ്ഥിക്കടുത്ത് വന്ന് മണം പിടിച്ച് പാലമരം ചുറ്റി അച്ചായന്റെ അടുത്ത് വന്ന് ചെമ്പുരുളുന്നത് പോലെ ഒന്നു ചിരിച്ചു.
" ഹ ഹ ഹ അച്ചായോ വേല എന്നോടിറക്കരുത്. പുന്നൂസ് മുതലാളിയുടെ മമ്മി മരിച്ചപ്പോൾ പ്രാർത്ഥനയും മെഴുകുതിരിയുമൊന്നുമില്ലെന്ന് ആൾക്കാർ അടക്കം പറഞ്ഞപ്പോഴേ ഞാൻ സംശയിച്ചതാ. സത്യം പറ അച്ചായാ നിങ്ങള് മൂപ്പത്തിയാരെ അടിച്ച് കൊന്ന് കുഴിച്ചു മൂടിയതല്ലേ?"
ആദ്യമൊക്കെ അച്ചായനത് നിരസിക്കാൻ ശ്രമിച്ചെങ്കിലും ക്രമേണ ആളൊന്ന് വിരണ്ടു. ദൈവത്തിന് മുന്നിൽ ആദമെന്ന് പോലെ അച്ചായൻ ജബ്ബാറിന് മുന്നിൽ നിന്ന് വിറയ്ക്കാൻ തുടങ്ങി.
" ജബ്ബാർ സാറെ അതേ അമ്മച്ചിക്ക് മറവിരോഗമായിരുന്നല്ലോ. വലിയ പാടായിരുന്നു. ഭക്ഷണം കഴിക്കാനൊക്കെ. എവിടെയെങ്കിലുമൊക്കെ ഇറങ്ങി പോകും. എൽസിക്കൊരു കൈയ്യബദ്ധം. എന്നെ കുടുക്കരുത്. എന്തു സഹായം വേണേലും ചെയ്യാം.
തുടർന്നുള്ള അടക്കി സംസാരത്തിൽ ജബ്ബാർ അച്ചായനെ കൈവെടിയുകയില്ലെന്ന് എനിക്ക് മനസ്സിലായി. അതിനോടകംതന്നെ മണംപിടിച്ച് ശശാങ്കണ്ണനും അവിടെയെത്തി.
" അച്ചായാ ഉഗ്രൻ നിധിയല്ലേ കിട്ടിയിരിക്ക്ണത്. പെറ്റമ്മേക്കാളും വലിയ നിധിയുണ്ടാ" ശശാങ്കണ്ണൻ ഒന്ന് അടക്കിച്ചിരിച്ചു.
" എന്നാലും പാർട്ടിക്ക് അച്ചായനെ മറക്കാൻ പറ്റ്വോ" അണ്ണൻ തുടർന്നു പറഞ്ഞു.
പുന്നൂസ് മുതലാളിയുടെ പുരയിടമെന്നറിഞ്ഞപ്പോൾ പുരാവസ്തുക്കാരും മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു. അവർ പര്യേക്ഷണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
" പോയിനെടാ" ജബ്ബാർ ആൾക്കാരെ തുരത്താൻ നോക്കി.
"നില്ല് ജബ്ബാറെ" ശശാങ്കണ്ണൻ പറഞ്ഞു. " ദൈവത്തിനുള്ളത് ദൈവത്തിനും കൈസറിനുള്ളത് കൈസറിനും ജനങ്ങൾക്കുള്ളത് അവർക്കുംഎന്നാണല്ലോ ഇവരുടെ പ്രമാണം. ആൾക്കാർക്ക് രാഷ്ട്രീയപരമായൊരു സമാധാനം പറച്ചിലാണാവശ്യം. അല്ലെങ്കിൽ ഇവൻമാർ കവലകളിൽ ചെന്ന് നിന്നുകൊണ്ട് അടക്കം പറഞ്ഞുകളയും.
തുടർന്ന് അങ്ങേരൊരു പ്രഭാക്ഷണം നടത്തി. കണ്ട്കിട്ടിയത് പണ്ടവിടെ താമസിച്ചിരുന്ന ആരുടേയോ കല്ലറയാണെന്നും പാവംപിടിച്ച പുന്നൂസ് മുതലാളിയെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചത് സർക്കാറിന്റെ ഭാഗത്തെ വീഴ്ചയാണെന്നുമായിരുന്നു അതിന്റെ സാരം. തുടർന്ന് പിടിച്ചടക്കപ്പെട്ട എന്റെ രാജ്യത്ത് നിന്ന് ആളുകളൊഴിയാൻ തുടങ്ങി. അസ്ഥികൂടത്തെ ഒരു ചാക്കിൽ കെട്ടി അവിടെത്തന്നെ കുഴിച്ചിട്ടു.
പിറ്റേന്ന് , എന്റെ മുന്നിൽ ഒരു തടസ്സമെന്നവണ്ണം കിടക്കുന്ന മൺകൂമ്പാരങ്ങളേയും, കരിഞ്ഞുണങ്ങി നിർജ്ജീവങ്ങളായി കിടക്കുന്ന പൂച്ചെടികളേയും നോക്കി ഞാനിരിന്നു. കൊന്ന പാപം തീർക്കാനായിരിക്കണം അച്ചായൻ അമ്മച്ചിയെ കൊന്തയണിയിച്ച് പറഞ്ഞയച്ചത്. പുരയിടം മൃത്യുവിനെ പേറുന്ന അക്കൽദാമയെപ്പോലെ നീണ്ടു നിവർന്ന് കിടന്നു. മന്ദാരപ്പൂക്കളുടെ ചോദ്യം വീണ്ടും എന്റെ മനസ്സിലേക്കെത്തി.
" ഞാൻ ആർജ്ജിച്ച വിജ്ഞാനത്തിന്റെ കപോലങ്ങളെവിടെ?"
ഹൃദയത്തിൽ എന്തെന്നില്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം അന്ന് വൈകുന്നേരം മഴപെയ്തു. അവിടെ തങ്ങി നിന്നിരുന്ന പുകയും ,പൊടിപടലങ്ങളും, മനുഷ്യഗന്ധവും പതിയെ മാഞ്ഞുതുടങ്ങി. മഴ, മണ്ണിന്റെ പുതുമണവും കാടിന്റെ ഗന്ധത്തോടുമൊപ്പം വിരഹവും കൊണ്ട് വന്നു. യക്ഷിയുണ്ടായിരുന്നെങ്കിൽ! യക്ഷി പോയിട്ട് ഒരാഴ്ചയോളം കഴിഞ്ഞിരുന്നു. അന്നാദ്യമായി വിരഹത്തിന്റെ നോവ് ഞാനറിഞ്ഞു. പെൺകുട്ടികളുടെ വരവും ഭോഗവുമെല്ലാം ഞാൻ നിർത്തിയിരുന്നു. വീട്ടിൽ പോകാതെ ഞാൻ കുറേനേരം അവിടെ നിന്ന് മഴനനഞ്ഞു. തളിർച്ചെടികളെ വീണ്ടും നട്ടുപിടിപ്പിക്കണമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. പിറ്റേദിവസം വൈകുന്നേരവും മഴപെയ്തു. യക്ഷി ഇനി വരില്ലേ? പൂഞ്ചോല മുഴുവനായും അപഹരിക്കപ്പെട്ട് പോയതാണോ യക്ഷി പോകാൻ കാരണം? എന്റെ മനസ്സിൽ ആശങ്കയും ദുഃഖവും നിറഞ്ഞുനിന്നു. എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ വീണ്ടും ജോലിയിൽ വ്യാപൃതനാകണമെന്ന് ഞാൻ നിശ്ചയിച്ചുറച്ചു. നഗരത്തിന്റെ തിരക്കുകളിലലയുമ്പോൾ ഒരുപക്ഷെ കുറച്ചൊരു ആശ്വാസം കിട്ടുമായിരിക്കും.
മൂന്നാം നാൾ ആകാശം തെളിഞ്ഞു. നഗരത്തിന്റെ പെടാപ്പാടുകളിലലഞ്ഞ് തിരികെയെത്തിയപ്പോൾ നേരമേറെ വൈകി. നിലാവുദിച്ചിരുന്നു. ഏറെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഞാൻ വന്നപാടെ, പുന്നൂസച്ചായൻ ഏല്പിച്ചിട്ടുപോയ പഴയൊരു ലാപ്ടോപ്പെടുത്ത് പൊളിക്കാൻ തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ അവിടെമാകെ പൂക്കളുടെ നേരിയ സുഗന്ധം പരന്നു. നോക്കുമ്പോഴല്ലേ വിശേഷം. അതാ യക്ഷി വരുന്നു! കൈയ്യിൽ കൈതപ്പൂക്കളും താഴമ്പൂവുമൊക്കെയുണ്ട്. പറഞ്ഞറിയിക്കാനാവാത്തൊരു ആഹ്ലാദം എന്നിലുണ്ടായി. യക്ഷി അടുത്തുവന്നപ്പോൾ ഞാനാ കണ്ണുകളിൽ നോക്കിയിരുന്നു. യക്ഷി എന്റേയും. മനോഹരമായ നീലക്കണ്ണുകൾ. അന്യോന്യം ദാഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കുമറിയാം. പക്ഷെ ഞാനൊന്നും പുറത്തുകാട്ടാതെ പരിഭവമഭിനയിച്ചുകൊണ്ട് ലാപ്ടോപ് പൊളിക്കുന്നത് തുടർന്നു. യക്ഷി എന്റെയടുത്തിരുന്ന് വെറ്റിലയെടുത്ത് ഞരമ്പ് കളഞ്ഞു. ഞാൻ പതുക്കെ ഉറക്കച്ചടവ് നടിച്ചു . കള്ളം മനസ്സിലായി എന്ന ഭാവേന കൈപൊത്തി അടക്കിച്ചിരിച്ചുകൊണ്ട് യക്ഷി നാലും കൂട്ടി മുറുക്കാൻ തുടങ്ങി. ഞാൻ ലാപ്ടോപ് മടക്കി വച്ചിട്ട് ഉറങ്ങാനുള്ള വട്ടംകൂട്ടി. മുറുക്കിക്കഴിഞ്ഞ് മുകളിലേക്ക് പോകുന്നേരം യക്ഷി പറഞ്ഞു:
" പാലയുടെ പുറകിൽ ഇനിയും നിധിയുണ്ടെടാ ചെറുപ്പക്കാരാ"
ഉപചാരമെന്നവണ്ണം ഞാനൊന്ന് സമ്മതം മൂളി,
"ങ്ഹും"
പക്ഷെ ഉള്ളിലുണ്ടായ രോക്ഷത്തിന്റെ തള്ളിച്ചകാരണം ഞാൻ മനസ്സിൽ നിശബ്ദനായൊന്ന് അലറിയൊതുങ്ങി:
" പോടീ കോപ്പേ! അവൾടെ അമ്മേര.."
പാലമരത്തിൽ ചാരിയിരുന്നുകൊണ്ട് ഞാൻ കരിമ്പടമെടുത്ത് ചുറ്റി. എന്നിട്ട് തോട്ടിലെ വെള്ളത്തിൽ നിലാവാടുന്നത് നോക്കിയിരുന്നു.
" ങ്ഹും നിധിയുണ്ടുപോലും! ഒരു തലമുറയുടെ അസ്ഥികളെല്ലാം പെറുക്കിക്കൂട്ടാൻ ഞാനാര് ചാവുമാടങ്ങളുടെ കാവൽക്കാരനോ?"
ഉറങ്ങാൻ കിടന്ന് കുറച്ചുകഴിഞ്ഞപ്പോഴുണ്ട് മുകളിൽ നിന്ന് വാകപ്പൂവും മുല്ലയും വീഴുന്നു. ഹൃദയത്തിൽ ഹർഷത്തിന്റെ പൂക്കൾ വിടരുന്നതായി എനിക്ക് തോന്നി. യക്ഷി മാലകെട്ടുകയോ മന:പൂർവ്വം പൂവെറിയുകയോ ചെയ്യുകയാണ്. എന്തായാലും യക്ഷി തിരികെ വന്നൂലോ.
ഒരിക്കൽ അസ്ഥികൾക്ക് മുകളിൽ എന്റെ മന്ദാരവും മുക്കുറ്റിയും വീണ്ടും പൂത്തുതളിർക്കും. പൂക്കളുടെ വശ്യമായ സുഗന്ധത്തിൽ ഞങ്ങളുടെ മനം നിറയും. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുൻപ് ഞാനോർത്തു.
======================
ഹരീഷ് ബാബു
** ** ** ** ** (നോട്ടംഓൺലൈൻ മാഗസിൻ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

മരയാമം(കഥ)


Best of Nallezhuth - No 3 - 
മദ്ധ്യാഹ്നത്തിന് ശേഷം കുറച്ചു ചാറ്റൽ മഴയുണ്ടായിരുന്നു. എന്നാലതൊരു മഴനാളായിരുന്നില്ല. നീങ്ങിപ്പോകുന്ന മേഘശകലങ്ങളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം, കുറച്ചകലെയുള്ള മുളങ്കാടുകളെ കൂടുതൽ ശോഭയുള്ളതാക്കി മാറ്റി. വീടിനിടതുവശത്തെ ബെഡ്റൂമിലെ ജാലകത്തിന്നരികിൽ, നേരത്തെ തയ്യാറാക്കിയിട്ടിരുന്ന മുറ്റത്ത് മഴത്തുള്ളികൾ വീണ് മണ്ണിന്റെ ഗന്ധമുയർന്നു.. ഭാര്യ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി ആരുംകാണാതെ ഒരു മരമായി മാറി.
മകൾ സ്കൂൾവിട്ട് ബസിൽ കയറിയെന്ന മെസ്സേജ് കിട്ടിയിരുന്നു. സ്കൂൾബസിൽ കൂടെ വരുന്ന ആയയെ വിളിച്ച് അത് ഒന്നുകൂടി ഉറപ്പുവരുത്തി.
' മകൾക്ക് ആഹാരമെടുത്ത് ടേബിളിൽ വച്ചിട്ടുണ്ട്. ജ്യൂസ് ഫ്രിഡ്ജിലുണ്ട്. എടുത്ത് കഴിക്കാൻ പറയണേ. രാത്രിയിലത്തേക്ക് ചപ്പാത്തിയും മുട്ടക്കറിയുമുണ്ട്. അതുകഴിഞ്ഞ് വിറ്റാമിൻ ഗുളിക മറക്കരുതെന്ന് പറയണേ. രാത്രിയത്തെ പാലും' എന്ന് ആയയ്ക്ക് നിർദ്ദേശം നൽകി. ഒരാഴ്ചത്തേക്കുള്ള യൂണിഫോമുകൾ ഇസ്തിരിയിട്ട് വച്ചതിനും വിരിപ്പുകളും പുതപ്പുകളും കഴുകിയുണക്കി വിരിച്ചതിനും ശേഷമാണ് ഭാര്യ മരമായി മാറിയത്. രണ്ട് ജോഡി ഷൂസ് പോളിഷ് ചെയ്ത് വച്ചിരുന്നു. ഹോംവർക്ക് ചെയ്യാൻ പെൻസിലും എറേസറും നോട്ടുബുക്കുകളും സജ്ജമാക്കിയിരുന്നു.
മകൾ വന്നപ്പോൾ, രാവിലെ ഇല്ലാതിരുന്ന മരത്തെക്കണ്ട് കുറച്ചുനേരം അത്ഭുതപ്പെട്ടു നിന്നു. അമ്മയെ കാണുന്നുമില്ല. ഫോൺ കിടപ്പുമുറിയിൽ തന്നെയുണ്ട്. കുട്ടി ' അമ്മേ' എന്ന് വിളിച്ചുകൊണ്ട് വീട്ടിലും പരിസരത്തും കുറേ നടന്നു. പിന്നെ ഉറക്കെ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് അയൽവീട്ടുകാർ പുറത്തേക്കുവന്ന് കാര്യമന്വേഷിച്ചു.
അമ്മയെ കാണുന്നില്ല.
കുറേനേരം തിരഞ്ഞിതിനുശേഷം അവരിലാരോ ഒരാൾ ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഭർത്താവ് ഓഫീസിൽ നിന്നെത്തി. യാഥൃശ്ചികമായി മുറ്റത്തൊരു മരം കണ്ടപ്പോൾ അയാളും തെല്ലൊന്നന്ധാളിച്ചു. പിന്നെ വീട്ടിനുള്ളിലേക്ക് കയറി ഭാര്യയുടെ ഫോണെടുത്തു പരിശോധിച്ചു. അവളുടെ വീട്ടിലും സുഹൃത്തുക്കളേയുമൊക്കെ വിളിച്ചു. ഒരിടത്തുമെത്തിയിട്ടില്ല. കുറച്ചുകഴിഞ്ഞ് അയാൾ മരത്തിനടുത്തേക്ക് മെല്ലെ നടന്നുവന്ന് അതിന്റെ തടിയിലേക്ക് മൂക്ക് അടുപ്പിച്ച് ഗന്ധം പിടിച്ചു. അതെ. ഭോഗിക്കുന്നവേളയിൽ കാമാസക്തികൊണ്ട് താൻ കവർന്നെടുക്കുന്ന സ്വന്തം പെണ്ണിന്റെ സ്ത്രൈണഗന്ധം. മെല്ലെയുള്ള ഇലയനക്കം. നശിച്ച മൗനം. ഭാര്യയുടെ അതേ ശീലുകൾ. അയാളുറപ്പിച്ചു. കാര്യങ്ങളച്ചട്ടായി. നശൂനം പിടിച്ചോള് മരമായി മാറിയിരിക്കുന്നു!
ഏതാണ്ടൊരു മാസത്തിന് മുൻപ് ഭാര്യയുമായുണ്ടായ പിണക്കവും തുടർന്നുണ്ടായ വാക്കുയുദ്ധവും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
" ഞാനൊരു സാധു പെൺകുട്ടിയാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടല്ലേ നിങ്ങളിങ്ങനെ"
" ഞാനെങ്ങനെ?"
"എനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്ന് നിങ്ങൾക്കറിയാം. പിന്നെ എന്റെ മോള്. ജീവനെക്കാളേറെ സ്നേഹിക്കുന്ന അവളെ വിട്ട് ഒന്നിനും ഒരുമ്പിട്ടിറങ്ങി തിരിക്കില്ലെന്നുമറിയാം. നിങ്ങളതിനെ മുതലെടുക്കയാണ്. ല്ല്യോ? നിങ്ങളോടുള്ള മനുഷ്യ ജന്മം എനിക്ക് മടുത്തു. വേറെന്തെങ്കിലുമായി മാറിയാമതിയായിരുന്നു"
" എന്നാ നീ പോയി ഏതെങ്കിലും കാട്ടുപോത്തായി പണ്ടാരമടങ്ങടി കുരിപ്പേ!"
എന്നാൽ ഭാര്യ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുമെന്ന് അയാൾ കരുതിയതേയില്ല. ഇനി എന്താണ് ചെയ്യുക?
സ്ഥിതിഗതികളെ ധൈര്യത്തോടെ നേരിടാൻ തന്നെ അയാൾ തീരുമാനിച്ചു. മകളുടെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അവൾ അല്പം വാശിയുള്ള കൂട്ടത്തിലാണ്. എല്ലാത്തിനും അമ്മ കൂടെ വേണം. കുളിപ്പിക്കാനും, ഉടുപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, കളിപ്പിക്കാനും, പഠിപ്പിക്കാനും, സ്കൂളിലയക്കാനുമെല്ലാം. ആവശ്യമുള്ളത് ഓൺലൈനിൽ വാങ്ങികൊടുക്കുമെന്നല്ലാതെ മറ്റെല്ലാം ഭാര്യയാണ് ചെയ്തിരുന്നത്. തനിക്ക് പാചകവുമറിയില്ല.
തുലാമഴ തകർത്ത നാളുകളിൽ ഭാര്യ, പാളിപ്പോയ സമവായങ്ങൾക്കു മീതെ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോവുകയായിരുന്നു
ജീവിതത്തെ വച്ച് കൂട്ടിയും കുറച്ചും കൊണ്ട് അവൾ കുറുകുന്ന ജാലകപ്രാവുകളെ
നോക്കിയിരുന്നു. അല്ലെങ്കിൽ തൊടിയിലിത്തിരി വെയിൽ വീഴുമ്പോൾ ചില്ലകളിൽ ഊയലാടുന്ന ഓലേഞ്ഞാലിയെ. ഒരു പക്ഷിയായി പറന്നുപോയാലെന്ത്? ഒരുവേള ഒരു മാൻപേടയായി കാട്ടിലേക്കോടിയാലെന്ത്? പക്ഷെ തന്റെ മകൾ. അവൾ ചെപ്പുകൊട്ടുന്നതും, ഓടിക്കളിക്കുന്നതും വളരുന്നതും കാണണം.
ടാബിലെ ഗൂഗിളിൽ ഭാര്യ രൂപാന്തരണത്തിന്റേയും ഹത്യകളുടേയും വിചിത്രമായ ചരിത്രം ദർശിച്ചു.
മക്കൾക്ക് പാലും ബ്രഡും കരുതിവച്ചിട്ടു പോയവൾ സിൽവിയാ ഹ്യൂസ്. മകളേയും കൂടെ കൂട്ടിയവൾ ഹ്യൂസിന്റെ രണ്ടാം ബന്ധം ആസിയാ വേവിൽസ്. എല്ലാമിട്ടെറിഞ്ഞുപോയവർ നന്ദിതയും ആൻ സെക്സ്റ്റണും. ഒരു മൗനിയായി കടന്നു പോയവൾ വെർജിനിയാ വൂൾഫ്.
വീണ്ടും തിമിർക്കാനാരംഭിച്ച മഴയൊന്ന് ശമിച്ചപ്പോൾ അവൾ ജനാലയഴിയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു. കണിക്കൊന്ന പെയ്യുന്നു. ബുദ്ധന് ബോധോദയം കിട്ടിയ ബോധിവൃക്ഷത്തേക്കാളും പെണ്ണിനൂർജ്ജം ,പെയ്യുന്നൊരു പാഴ്മരമാണെന്ന് നോട്ടുബുക്കിന്റെ താളിൽ പണ്ടെങ്ങോ കുറിച്ചതോർത്തു. പിന്നെ ഒരു തീരുമാനത്തിലെത്താൻ വിഷമമൊന്നുമുണ്ടായില്ല.
ഏതാനും നാളുകൾ കഴിഞ്ഞ് അമ്മയെ ഫോണിൽ വിളിച്ചു.
" എന്നെ എങ്ങനെയെങ്കിലുമങ്ങ് കെട്ടിച്ചയച്ചപ്പോൾ അമ്മക്ക് സന്തോഷമായി. ല്ല്യോ? ഉത്രത്തിൽ കാൽ, ശുദ്ധജാതകം എന്നൊക്കെ പറഞ്ഞ് ചേരുംപടി ചേർക്കാതെ ഒഴിച്ചപ്പോൾ സമാധാനമായി. അച്ഛനായിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. അത് ഇത്രയും വർഷം കഴിഞ്ഞിട്ടും തീർന്ന മട്ടുണ്ടാവില്ല. ല്ല്യോ? മോളുടെ താലികെട്ട് നടന്നുകാണാനായി നേർന്ന നേർച്ചകളെല്ലാം ചോറ്റാനിക്കരയിലും മൂകാംബികയിലും നടത്തി രസിക്കുന്നുണ്ടാവും അച്ഛൻ. ല്ല്യോ? സന്തോഷിച്ചോ. ഞാനിവിടെക്കിടന്ന്... താഴതിലെ കേശുമ്മാമൻ തടമെടുക്കാൻ വരുമ്പോൾ ഇത്രത്തോളം വരാൻ പറയ്വോ അമ്മ"
കേശുമ്മാമൻ ചോദിച്ചു:
" മോള് മുറ്റം കിളച്ച് കൃഷി തുടങ്ങാൻ പോവ്വ്വാ? "
"ങ്ഹും"
" നല്ലതേന്നേ. ഇന്നത്തെ കാലത്ത് ഒരു ചേമ്പോ ചേനയോ നട്ടുവളർത്ത്ണ കുട്ടീളെ കാണാനില്ലാണ്ടായേ. എല്ലാരും പരിശ്ക്കാരികളായില്ലേ"
മോളും ചോദിച്ചു:
" മമ്മായിവിടെ ഗാർഡൻ സെറ്റ് ചെയ്യാൻ പോകുവാ?"
" അതേല്ലോ പൊന്നേ"
മകൾ കൂട്ടുകാരോടെല്ലാം അഭിമാനത്തോടെ പറഞ്ഞു:
" സീ വീ യാർ ഗോയിംഗ് ടു ഹേവ് എ വണ്ടർഫുൾ ഗാർഡൻ. ഞാനെന്നും റോസസ് ചൂടുമല്ലോ"
ലാപ്ടോപ്പിൽ കണ്ണും നട്ടിരുന്ന ഭർത്താവ് ചെറുതായിട്ടൊന്ന് മുരണ്ടു:
" മുട്ടത്തോടും വളംനാറ്റവും കൊണ്ടിനിയിവിടെ ഇരിക്കപ്പൊറുതിയുണ്ടാവൂല്ല"
ഏറെ നാൾ താമസിയാതെ തന്നെ ഭവനം രൂപാന്തരണത്തിന് സാക്ഷിയായി.
അസ്തമയസൂര്യനെ എതിരേറ്റുകൊണ്ട് മരം ഇലകൾകൂപ്പി നിന്നു. ചപ്പാത്തിയും മുട്ടക്കറിയും കൊണ്ട് ഭർത്താവ് അന്ന് അഷ്ടികഴിച്ചു. ഭാര്യയെത്രനാളിങ്ങനെ മരവേഷം കെട്ടിയാടുമെന്ന് തനിക്കൊന്ന് കാണണമെന്നായിരുന്നു അയാളുടെ ചിന്ത. മടുക്കുമ്പോൾ ഇലകളെല്ലാം കൊഴിച്ചിങ്ങ് പോരും. അല്ലാതെന്ത്?
കുഞ്ഞുറങ്ങുന്നില്ല അമ്മയെ കാണണമെന്ന് വാശി. പണ്ട് പണ്ട് ഈസോപ്പിന്റെ ബുക്കിൽ ഒരു കൊറ്റിയും കുറുക്കനുമുണ്ടായിരുന്നു. അല്ലല്ല ബുക്കിലല്ല. ഒരിടത്തൊരിടത്ത് ഒരു കൊറ്റിയും കുറുക്കനും അല്ലെങ്കിൽ വേണ്ട വളരെ പണ്ട് ബല്ലു എന്നൊരു കരടിയുണ്ടായിരുന്നു. അങ്ങനെ കഥകൾ മാറ്റിമാറ്റിപ്പറഞ്ഞ് അയാളുറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് മകളും. എല്ലാ ദിവസവും താനുറങ്ങിക്കഴിഞ്ഞ് അവിടെയെന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അയാളിൽ ഒരു സംശയമുയർന്നു. രാവിലെ ഏതാനും ഇലകൾ മുറിക്കകത്ത് കാണുകയും ചെയ്യും. അയാൾ ഉറക്കം നടിച്ചു കിടന്നു. ജാലകത്തിലൂടെ മരത്തിന്റെ നാമ്പുകൾ കടന്ന് വന്ന് മകളെ തഴുകിയുറക്കുന്നു. മന്ദമായൊരു താരാട്ടു കേട്ടു. ' ഓമനത്തിങ്കൾ കിടാവോ'. മരത്താരാട്ട്.
പിന്നെ അയാൾ ഒട്ടും താമസിച്ചില്ല. അതിരാവിലെ തന്നെ കുടുംബവീട്ടിൽ പോയി വെട്ടുകത്തി കൊണ്ടുവന്ന് മരത്തിന്റെ ശാഖകൾ കുറേ വെട്ടി നിലത്തിട്ടു.
" കൂടുതലുണ്ടാക്കണ്ടടി കോപ്പേ! അവളെ വളർത്താനെനിക്കറിയാം."
മരംഏതാനും തുള്ളി ചോര പെയ്തു.
നാട്ടിലും ഓഫീസിലുമൊക്കെയുള്ള പരിചിത മുഖങ്ങളിൽ കണ്ടു തുടങ്ങിയ പരിഹാസം അയാൾക്ക് നേരിടേണ്ടി വന്നു.
" അറിഞ്ഞോ കളത്തറത്തെ പദ്മിനിയമ്മയുടെ മരുമോള് മരജന്മം കൊണ്ടു. കേട്ട് കേഴ്വിയുണ്ടാ? ഇങ്ങനെയുമുണ്ടാ പ്രതിഭാസങ്ങള്!"
കൊളീഗ്സിൽ ചിലർ അവിടെയുമിവിടേയുമിരുന്ന് ഓരോന്ന് തൊടുത്തു വിട്ടു.
"കളത്രം ഹരിതം!"
" സാറിന് വരം ലഭിച്ചല്ലോ" ഒരു കുട്ടി പറഞ്ഞു. " ഇനിയൊരു ഊഞ്ഞാലുകെട്ടിയങ്ങ് ആടിയാൽ പോരേ? മരഭാഗ്യവാൻ"
"മിസ്സിസ് ഭൂമിക്കൊരു കുടപിടിച്ചല്ലേ? അഭിസാറ് പറഞ്ഞറിഞ്ഞാരുന്നു" സെക്യൂരിറ്റി ദാമോദരേട്ടന്റെ അന്വേക്ഷണം.
എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വിവാഹ വാർഷികം വന്നപ്പോളാണ് അയാൾ ശരിക്കും ഞെട്ടിപ്പോയത്. ഓഫീസിലുള്ളവർ ചേർന്ന് നൽകിയ സമ്മാനം.
സ്നേഹാദരങ്ങളോടേ..
ഭാര്യക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടുകൂടിയും..
ഒരു വലിയ പായ്ക്കറ്റ് ജൈവവളം.
" ഇന്നാടി നിന്റെ തള്ളയ്ക്ക് കൊണ്ടിട്ടോട്. പണ്ടാരം വലിച്ചെടുക്കട്ട്" അയാൾ മകളോട് ഒച്ചയെടുത്തു.
കുഞ്ഞുമകളുടെ ചൊടിയും ചിരിയുമൊന്നും കാണാതെ മരം ഇലകൾ വാടി നിന്നു. ഋതുഭേദങ്ങളെക്കുറിച്ചായിരുന്നു ഭർത്താവ് ചിന്തിച്ചുകൊണ്ടിരുന്നത്. മരങ്ങളെ വല്ലാതെയങ്ങ് അലട്ടുന്ന ഏതെങ്കിലുമൊരു ഋതുവിനെ കൂട്ടുപിടിക്കാൻ കഴിയുമോ? ഒരു കൊടിയ വേനൽക്കാലം. അല്ലെങ്കിൽ ഹൃദയങ്ങളെത്തന്നെയും മരവിപ്പിക്കുന്ന അതിശൈത്യം. പൂക്കാനും കായ്ക്കാനും കഴിയാതെ സ്വയം ശപിക്കാൻ മരങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വസന്തമുണ്ടോ?
എന്തായാലും ഇവൾ ഏതുവരെ പോകുമെന്ന് തനിക്കൊന്ന് കാണണം.
അയാൾ നിരന്തരം മരവീക്ഷണം നടത്തി. പക്ഷികൾ കൂടുവയ്ക്കുന്നുണ്ടോ, ചില്ലകൾ ഉണങ്ങുന്നുണ്ടോ എന്നെല്ലാമറിയാൻ. ചിലപ്പോഴൊക്കെ മരത്തിന്റെ ചുവട്ടിൽ വന്ന് നിന്നുകൊണ്ട് അയാൾ ചെറുതായിട്ടൊന്നമറി:
" പൂവും കായുമില്ലാത്ത മരമച്ചി. ഒരു കാക്കക്ക് പോലും വന്നിരിക്കണോന്നില്ല. ആകെ ഗുണമെന്ന് പറയുന്നത് കുറച്ച് തണലാണ്. അതിന് തക്ക ചവറും പൊഴിക്കുന്നുണ്ട്. കൂടുതൽ ചവർ പൊഴിക്കാതെടി ചൂലേ! അറപ്പുവാളിന് തീർത്തുകളയും ഞാൻ."
ആ ഇടവപ്പാതിയിൽ മരം ആദ്യമായി പെയ്തു. തൊടിയിലെ കെട്ടിൽ ദുഃഖിച്ചിരുന്ന മകൾ ആദ്യത്തെ മഴ കുറേ നനഞ്ഞു. പിന്നെ മരത്തിന് ചുവട്ടിലേക്ക് ഓടിക്കയറി. കുഞ്ഞേ പനി പിടിക്കും എന്ന് അയാൾ വഴക്ക് പറഞ്ഞിട്ടും കേട്ടില്ല. പനി പിടിക്കുക തന്നെ ചെയ്തു. അത് മൂർച്ഛിച്ചു. ടൈഫോയ്ഡായി. തുടരെത്തുടരെയുള്ള ആശുപത്രി വാസം. മരം, കാറ്റിൽ പോലും ചലിക്കാനാകാതെ സ്തബ്ധയായി നിന്നു. ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവന്ന് കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു ദിവസം ഭർത്താവ് ഓഫീസിൽ നിന്ന് വന്നപ്പോൾ മകളെ കാണാനില്ല. കൺമഷിയുടെ കുപ്പിയും, കളർ പെൻസിലും, കഥാപുസ്തകവും, ബാർബിയുടെ പാവകളും മരത്തണലിൽ കിടന്നിരുന്നു. മകളൊരു വള്ളിയായി മാറി അമ്മമരത്തിൽ പടർന്നിരിക്കുന്നു. അയാൾ അലമുറയിട്ട് കരഞ്ഞുകൊണ്ട് തറയിൽ കിടന്നുരുണ്ടു.
" എന്റെ മോളേയും കൊണ്ടുപോയില്ലേടീ കാളീ!"
രൂപാന്തരണത്തിന്റെ സാധ്യതകൾ ലോകമെങ്ങും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കെ ,അതിന്റെ രാഷ്ട്രീയം അത്ഭുതാവഹം തന്നെയാകുന്നു. അതിനെ പ്രണയിക്കുന്നവർ, മറുവശത്ത് അത് വശമില്ലാത്തവർ.. അവർക്കിടയിൽ തളം കെട്ടുന്ന അസ്വാരസ്യങ്ങൾ. അവയുടെ ചിത്രങ്ങളെല്ലാം വിചിത്രം തന്നെ.
നാളുകൾ പോകെ അയാളൊരു ഒരു മൗനിയായിത്തീർന്നു. ഓഫീസിൽ നിന്ന് തുടരെത്തുടരെ ലീവെടുത്തു. എന്തിന് ഓഫീസിൽ പോകണം? ഒരു കൈക്കുടന്ന ജലവും, കുറച്ച് ഇളങ്കാറ്റും, ഒരു തുണ്ട് വെയിലും മാത്രം ആവശ്യമുള്ള തന്റെ മകൾക്ക് വേണ്ടിയോ ടൈയും കെട്ടിപ്പോയി സമ്പാദിക്കുന്നത്?. അയാൾ താടിക്ക് കൈയ്യും കൊടുത്ത് മരത്തിനേയും വള്ളിയേയും നോക്കിക്കൊണ്ട് ചുവട്ടിൽ കുത്തിയിരിക്കുന്നത് പതിവാക്കി. വീട്ടിൽ കയറണമെന്ന് തന്നെയില്ലാണ്ടായി. ഉച്ചക്ക് വല്ല കഞ്ഞിയോ പയറോ പാചകം ചെയ്യാനായി കയറും. പിന്നെ വീണ്ടും വന്ന് കുത്തിയിരിപ്പ് തുടരുകയും ചെയ്യും.
ഓഫീസിൽ വരാതായപ്പോൾ ബോസ് വിളിച്ചു.
" മിസ്റ്റർ ഹരീഷ് ബാബു നിങ്ങളിനിയും ആബ്സന്റായാൽ ഞങ്ങൾക്ക് തുടർ നടപടികൾ സ്വീകരിക്കേണ്ടി വരും"
" മാഡം ഞാൻ രാജിവയ്ക്കാനാഗ്രഹിക്കുന്നു. ഇനി പറയുന്നത് എന്റെ രാജിയായി സ്വീകരിക്കുമോ?
" എന്താ പറയാനുള്ളത്? കേൾക്കട്ടേ"
അയാൾ ഒന്നലറി:
" ഫോണിൽ കിടന്ന് പൂച്ചാട്ട് വിളിക്കാതെ വച്ചിട്ട് പോടി അളിഞ്ഞ ചാളേ! നന്ദി"
മാഡം പേടിച്ച് ഫോൺ കട്ട് ചെയ്തു. അയാൾ ഫോൺ തറയിലെറിഞ്ഞ് തരിപ്പണമാക്കിയതിന് ശേഷം മരത്തിന്റെ ചുവട്ടിൽ വന്ന് കുത്തിയിരുന്നു.
"ജോലിപോയി. എത്രത്തോളമിങ്ങനെ പോകും? നാശംപിടിച്ചോള്ടെ നയം എന്താണെന്നറിയണം. കൊഞ്ച് ചാടിയാൽ എത്രത്തോളമെന്ന് എനിക്കൊന്ന് കാണണം"
സ്വന്തം കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അയാൾ നിരന്തരം മരചിന്തകളെ താലോലിച്ചു. വിചിത്രമായ ചിന്തകൾ. രൂപാന്തരണത്തെക്കുറിച്ചും ഭർത്താവ് ചിന്തിക്കാതിരുന്നില്ല. ഒരു മരുഭൂമിയായി മാറി ഇവളെയങ്ങ് വരട്ടിക്കളഞ്ഞാലോ? പക്ഷെ എന്റെ മകൾ.. കൊതിപ്പിക്കുന്ന ഒരു പുഴയായി ഒഴുകാം. ദാഹിച്ച് വലഞ്ഞ്, ഈ കുരിശ് വേരുകളും കൊണ്ട് വരുമ്പോൾ ഒരു തുള്ളി കൊടുക്കാതെ കണക്ക് ചോദിക്കണം. ഭാര്യാസുഖം കിട്ടാതെയും അയാൾ നിരാശനായി. രമ്യതയിലായിരിക്കുമ്പോൾ കെട്ടിയോള് സന്തോഷത്തോടെ വഴങ്ങിത്തന്നിരുന്നത് അയാൾ ഓർത്തു. കൂപ്പിലെ ആൾക്കാരെ വിളിപ്പിച്ച് ചുവടോടെ മുറിച്ചിട്ട്, ശിഖരങ്ങളെ വലിച്ചകത്തി തായ്ത്തടിയെ ഭോഗിച്ചാലെങ്ങിനിരിക്കും പണ്ടാരമടങ്ങാൻ!
കുറച്ചു നാളുകൾ കഴിഞ്ഞ് വസന്തം വന്നെത്തിയപ്പോൾ അയാൾ മൺവെട്ടികൊണ്ട് മരത്തിന് ചുറ്റും തടമെടുത്ത് വളമിട്ടു. എല്ലാം മകൾക്ക് വേണ്ടി മാത്രമാണെന്ന് സ്വയം പറഞ്ഞു.
" മോളെ മറ്റൊരു മരത്തിലേക്ക് പടർത്താൻ കഴിഞ്ഞിരുന്നെങ്കിൽ, വെട്ടിമുറിച്ച് വിറകാക്കി, മുറ്റത്തൊരോട്ടുരുളിയിൽ നെയ്പ്പായസമുണ്ടാക്കി അമ്പലപ്പുഴ കൊണ്ടു പോയി നിവേദിച്ചേനേ ഞാൻ"
ഋതുക്കളോരോന്ന് കഴിയുമ്പോഴും അയാൾ പറഞ്ഞു:
" അടുത്തതും കൂടി നോക്കും. പിന്നെ ഞാൻ വച്ചേക്കൂലാ"
ചിലപ്പോഴൊക്കെ അയാൾ കാക്കകളേയും മറ്റും കൈ കൊട്ടി മരത്തിലിരിക്കാൻ ക്ഷണിച്ചു. ഗ്രീഷ്മത്തിൽ ചില മണിക്കുരുവികൾ കൂടുകൾ തൂക്കാൻ വട്ടം കൂട്ടിയപ്പോൾ അയാൾ ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു. താടിയും മുടിയും വളർത്തി, കുളിക്കാതെ വെറുമൊരു ട്രൗസർ മാത്രം ധരിച്ചുകൊണ്ടയാൾ കുത്തിയിരിപ്പ് തുടർന്നു.
നേരത്തെ പ്രസ്താവിച്ച മെറ്റമോർഫോസിസിന്റെ ചിത്രങ്ങളിലേക്ക് ഒന്നുകൂടി മടങ്ങി വരാം. അതിനെ സ്നേഹിക്കാൻ പഠിച്ചവർക്കും, ഭയക്കുന്നവർക്കും ഇടയിലെ അപശ്രുതികൾ. തുടർന്നുള്ള മൗനം. അതിൽ നിന്ന് സങ്കീർണ്ണതകൾ ഉത്ഭവിക്കുന്നു. ചുംബനങ്ങളിൽ വിമുഖത, ഭോഗങ്ങളിൽ മടുപ്പ്, അഭിമാനത്തെ വാക്കെറിഞ്ഞ്, മുള്ളെറിഞ്ഞ് മുറിവേൽപ്പിക്കൽ, അസ്തിത്വത്തെ എറിഞ്ഞുടയ്ക്കൽ.
നാശംപിടിച്ചോള്ടെ ഒടുക്കത്തെ മിണ്ടാട്ടമില്ലായ്മയാണ് കുടുംബം തകർക്കുന്നതെന്ന് ഭർത്താവ് പരാതിപ്പെട്ടിരുന്നു. അതും ഒന്നും രണ്ടും ദിവസങ്ങളല്ല. മാസങ്ങൾ. ഒരിക്കലത് അവസാനിച്ചത് മകളുടെ ആശുപത്രി വാസത്തിലാണ്. അത് പൊട്ടി മുളക്കുന്നതാകട്ടെ ചില സന്ദർഭങ്ങളിലെ മുനയുള്ള വാക്കുകളിൽ നിന്നും.
"അച്ചികളായാ ചെന്ന് കേറുന്നിടത്തെ പേരും മഹിമയും നോക്കണം. എന്റെ കുടുംബത്തിലെ സ്ത്രീകളാരും നാട്ടിൽക്കിടക്കുന്ന കടകൾതോറും കയറിയിറങ്ങിയിട്ടില്ല. പുറംപണിക്കാരെ കൊണ്ട് ചെയ്യിച്ചിട്ടേയുള്ളു. കുലീനയായി ജീവിക്കണം. വിദ്യാഭ്യാസത്തിന്റെ വിലകാണിക്ക്"
" ഞാൻ നിങ്ങടെയമ്മേപ്പോലെയാവണമെന്ന്. ല്ല്യോ? എനിക്ക് ഞാനേ ആവാൻ പറ്റൂ"
"അതെ. വളർന്ന ശീലങ്ങൾ മാറ്റാൻ പാടാണ്"
നശിച്ച ഓർത്തഡോക്സ് മെന്റാലിറ്റി കൊണ്ടുപോയി കടലിലെറിയണമെന്നായി ഭാര്യ. ഇങ്ങനെ ചില നിസ്സാര സംഭവങ്ങൾ.
ഒരിക്കൽ ഭാര്യ പുറത്തോട്ടിറങ്ങാൻ നേരത്ത് ഭർത്താവ് എടുത്ത വായ്ക്ക് പറഞ്ഞു:
" കൂളിംഗ് ഗ്ലാസ്സും വച്ച് ഈ കുട്ടിപ്പാവാടയുമിട്ടോണ്ട് നീ എവിടെപ്പോയാലുമെനിക്കൊന്നുമില്ലെടീ. അടിയിലിട്ടിരിക്കണ്ത് വിലപിടിപ്പൊള്ള വിക്ടോറിയാ സീക്രട്ടാണെന്ന് നാട്ടാരറിയാൻ വേണ്ടിയായിരിക്കും. പഠിച്ചതെ പാടാൻ കഴിയൂ. വ്യഭിചരിക്കാൻ പോയാലും അന്തസ്സോടെ പോണോടി!"
സിനിമയെന്നും മോഡലിംഗെന്നും പറഞ്ഞ് അങ്കണ്ടജാതികളുടെ കൂടെക്കിടന്ന് അന്തിവെളിപ്പിക്കുന്നത് നിങ്ങളുടെ കുടുംബത്തിലെ കൊച്ചുങ്ങളാണെന്ന് തിരിച്ചടിച്ചുകൊണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു.
ഇങ്ങനെയൊക്കെയുള്ള ചില നിസ്സാര സന്ദർഭങ്ങൾ.
മൗനം സങ്കീർണ്ണമായപ്പോൾ, ഒരു പടി ചാടി മുന്നിൽ കയറാനായി ഭർത്താവ് ചാറ്റ് സൈറ്റുകളിൽ ചെന്ന് സെക്സ്റ്റിംഗ് നടത്തുകയും, ഭാര്യയുടെ മുൻപിൽ വച്ച്, നഗരത്തിലെ കാൾ ഗേൾസിനെ ഫോണിൽ വിളിക്കുകയും ചെയ്തു. അങ്ങനെ അഭിമാനം ഉടഞ്ഞുതകരുകയും, നിലനിൽപ്പ് തന്നെ കെണിയലകപ്പെട്ടുപോയി എന്നു തോന്നുകയും ചെയ്ത നിമിഷങ്ങളിലാണ് ഭാര്യ ടാബിൽ രൂപമാറ്റങ്ങളെക്കുറിച്ച് സെർച്ച് ചെയ്യാനാരംഭിച്ചത്.
കണ്ണിമ വെട്ടാതെ, കാറ്റിലാടുന്ന കുരുവിക്കൂടുകളെയും വീക്ഷിച്ചുകൊണ്ട് ഭർത്താവിരുന്നു. തന്റെ ജീർണ്ണിച്ച അവസ്ഥയേയും ആൾക്കാരുടെ നോട്ടത്തേയും അയാൾ അവഗണിച്ചു. നിരന്തരമായി വൃക്ഷചിന്തനം നടത്തിക്കൊണ്ടിരിക്കുമ്പോൾ എന്താ സംഭവിക്കുക? വൃക്ഷം ഒരു സമസ്യയായി മാറുന്നു. സമസ്യക്കുള്ള ആത്യന്തികമായ പരിഹാരമെന്ന നിലയിൽ, ഭർത്താവ് ദൃഢമായ നാല് സമവാക്യങ്ങളിൽ എത്തിച്ചേർന്നു.
ഒന്നുകിൽ തനിക്കുമൊരു മരമായി പടർന്ന് പന്തലിച്ച്, അവളെ ഞെരുക്കിയടക്കിയങ്ങ് വാണിടാം.
അല്ലെങ്കിൽ ഈപ്പറഞ്ഞപോലെ ഒരു നിയോഗമായി കണ്ടാലോ? എന്നും രാവിലെയെണീറ്റ് വെള്ളംകോരി വളമിട്ട് , പൂന്തോട്ടത്തിൽ സുഗന്ധം പരത്തുന്ന ഒരു പനിനിർച്ചെടിയെപ്പോലെ പരിപാലിച്ചാലോ?
ചിലപ്പോൾ തോന്നും കുറേ എണ്ണ കോരിയൊഴിച്ച്, നിർത്തിക്കൊണ്ട് തന്നെ പച്ചയ്ക്കങ്ങ് തീയിടണമെന്ന്.
ഇതൊന്നുമല്ലെങ്കിൽപ്പിന്നെ ഒരു മുഴം കയർ വാങ്ങിക്കൊണ്ട് വന്ന്, ബലമുള്ളൊരു ശിഖരം നോക്കി കെട്ടിത്തൂങ്ങിയങ്ങ് ചത്തുകളഞ്ഞാലെന്ത്?
എന്തായാലും മതിഭ്രമംകൊണ്ടോ അല്ലാതെയോ അയാൾ, ചിലപ്പോഴൊക്കെ വള്ളിയെ തഴുകുകയും മരത്തേയും ചേർത്ത് കെട്ടിപ്പിടിച്ച് നിൽക്കുകയും ചെയ്തു.
"മകളേ.. എന്റെ മരപ്പെണ്ണേ!"
മധുവിധു നാളുകളിൽ, ആവേശത്തോടെ അവർ പരസ്പരം ചുണ്ടുകൾ കൊണ്ട് ചുണ്ടുകളെ കവർന്നെടുത്തിരുന്ന സുന്ദരനിമിഷങ്ങൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി. 'പ്രിയപ്പെട്ട ലിപ് ലോക്ക് പരീക്ഷണവേളകൾ' എന്ന് ഭാര്യ പേരിട്ട് പുന്നാരിച്ചിരുന്നവ. പക്ഷെ എല്ലാം നനഞ്ഞു വിറങ്ങലിച്ചതും അവ്യക്തവുമായ ഓർമ്മശകലങ്ങളായി അവശേഷിക്കുന്നു.
അമ്മയുംഅച്ഛനും വന്നു വിളിച്ചു.
" മോനേ വീട്ടിൽ പോകാം. ഇതെന്ത് കോലമാ. പോയോരൊക്കെ പോയില്ലേ?"
" ദേണ്ടേ ഒരു പൂമരം. വള്ളിയുമുണ്ട്" മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളൊന്ന് ചിരിച്ചു.
ഓഫീസിലെ സുഹൃത്തുകളായിരുന്ന ചിലരും വന്നു കണ്ടു.
" അങ്ങേർക്ക് ഭാര്യയെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അതായിരുന്നു എല്ലാത്തിനും കാരണം" ഒരാൾ പറഞ്ഞു.
" ഏയ് അല്ല. അയാൾ ഭാര്യയേയും മകളേയും വല്ലാതെ സ്നേഹിച്ചിരുന്നു എന്നാ തോന്ന്ണ്"
" എന്തായാലും വയ്യാണ്ടായിരിക്ക്ന്നു"
സമവാക്യങ്ങൾ കണ്ടെത്തിയെങ്കിലും ഒന്നും നടപ്പിലാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അതിന് തുനിഞ്ഞതുമില്ല. കുറച്ചു നാൾകൂടി കയറിനെക്കുറിച്ചും പനിനീർച്ചെടിയെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്നതിന് ശേഷം ഒരു സന്ധ്യക്ക്,
" മരം പൂമരം മരമർമ്മരമരമരമർമ്മരമര... " എന്നൊക്കെയുരുവിട്ടുകൊണ്ട് നിലാവിൽ കുളിച്ചുകിടന്ന മുളങ്കാട്ടിന്നരികിലൂടെ അയാൾ നടന്നകന്ന് പോയി. അപ്പോൾ ഇങ്ങനെ ചിത്രങ്ങൾ നോക്കി വരുമ്പോൾ , രൂപഭ്രംശം എന്ന കല മാലോകരുടെയിടയിൽ സങ്കീർണ്ണമായി വ്യാപരിച്ചിരിക്കുന്നു എന്ന് കാണാൻ കഴിയും.മേൽപ്പറഞ്ഞ ചിത്രം ചെറിയൊരു കാലഘട്ടെത്ത കാട്ടിത്തരുന്നു. കേവലം കുറേ നാളുകൾ. അവയെ മരനാളുകൾ എന്നു വിളിക്കാം. അപ്പോൾ പുതിയൊരു മരജീവിതം സമാരംഭിക്കപ്പെട്ട മദ്ധ്യാഹ്നത്തെ എന്താ വിളിയ്ക്കാ? മരയാമമെന്നോ?
****************
ഹരീഷ് ബാബു.
(നിലാവിൽ പറഞ്ഞ നാല് കഥകളിൽ നിന്ന്. അടയാളം ഓൺലൈൻ ഡിസംബറിൽ പ്രസിദ്ധീകരിച്ചത്)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo