Showing posts with label MaheshMenon. Show all posts
Showing posts with label MaheshMenon. Show all posts

ഒരു ബസ്റ്റോപ് പുരാണം (ബാംഗ്ളൂർ ബാച്ച്ലർ ജീവിതത്തിലെ ഒരോർമ്മ)

ഒരു ബസ്റ്റോപ് പുരാണം
(ബാംഗ്ളൂർ ബാച്ച്ലർ ജീവിതത്തിലെ ഒരോർമ്മ)
________________________________________________
ഒരുപാടു ദിവസങ്ങൾ ബസ് പിടിച്ച് കടന്നുപോയി. ഭക്ഷണവും ഉറക്കവും മാത്രം ശരിക്കു നടക്കുന്നുണ്ട്. സഹമുറിയൻ (പേര് വെളിപ്പെടുത്തുന്നില്ല) രാവിലത്തെ മല്പിടിത്തത്തിലൂടെ പ്രാതൽ ഇനി ഒരു തരിപോലും അകത്തേക്ക് കയറാത്ത വിധത്തിൽ തൊണ്ടവരെ അടിച്ചുകയറ്റിയാണ് ഞങ്ങൾക്കൊപ്പം ക്ളാസ്സിനു വരുന്നത്. ബസ് ഒരു ഗട്ടർ ചാടിയാൽ ഇതെല്ലാംകൂടെ പുറത്തേക്കു വരുമോ എന്നു ഞങ്ങൾ എന്നും ടെൻഷനാകാറുണ്ട്. ഇത്രയുമൊക്കെ ബുദ്ധിമുട്ടിയതിന്റെ അഹങ്കാരം ലവലേശമില്ലാതെ ക്ലാസ്സിൽ കയറുന്നതിനു മുൻപായി 'ലൈറ്റ്' ആയി രണ്ട് ഉഴുന്നുവട കൂടി അകത്താക്കി, അത് ആമാശയത്തിൽ എത്തുമെന്നുറപ്പാക്കാൻ ഒരു കാപ്പി കൊണ്ട് കുതിർക്കുക എന്നത് അദ്ദേഹം ഒരു ദിനചര്യയാക്കി മാറ്റി. ഇപ്രകാരം തൊഴിൽ നിയമങ്ങൾ എല്ലാംതന്നെ കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം വയറിനെ വിശ്രമിയ്ക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കുന്ന ആ പ്രകടനം കാണുന്ന ഞങ്ങളാകട്ടെ, LED ടിവിയെപ്പോലും നാണിപ്പിക്കുംവിധം 'ഫ്ലാറ്റ്' ആയ സ്വന്തം വയറിലേക്കുനോക്കി നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരുന്നു. അല്ലെങ്കിലും ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ!
ഫീസ് കൊടുത്ത കാശാണെങ്കിൽ ഭണ്ഡാരത്തിൽ ഇട്ടതുപോലെ - ഒരു രൂപ പോലും തിരിച്ചെടുക്കാൻ ഓപ്ഷൻ നഹി ഹേ. അങ്ങനെ ആകെമൊത്തംടോട്ടൽ ബോറടിച്ച്, കൈയിൽ കാശുമില്ലാതെ ബാംഗ്ലൂരിന് ഭാരമായി നടക്കുന്ന കാലം. ഒരു ദിവസം ക്ലാസ് കഴിഞ്ഞ്, 'മിനിമം ബാലൻസ്' നിയമം എങ്ങാനും ബാങ്ക് പരിഷ്കരിച്ചിരിക്കുമോ, ആരെങ്കിലും തെറ്റായി നമ്മുടെ അക്കൗണ്ടിൽ കാശ് ഇട്ടുകാണുമോ എന്നെല്ലാം അറിയാമെന്നു കരുതി, ഞാൻ നേരെ ATM കൗണ്ടറിലേക്കു പോയി. സഹമുറിയർ മൂന്നുപേരും ആസ് യൂഷ്വൽ പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ബസ്റ്റോപ്പിലെ ഗ്രാനൈറ്റ് ബെഞ്ചിലും പുറകിലുള്ള അരമതിലിലുമായി ഉപവിഷ്ടരായി.
അക്കൗണ്ടിൽ പണമില്ലാത്തവന് ATM കാർഡിട്ടാൽ പണം ലഭിക്കില്ല എന്ന കൊളോണിയൽ രീതികളെ തച്ചുടക്കാൻ ഒരു നക്സലൈറ്റായി മാറണോ, അതോ വല്ല പാർട്ടൈം ജോലിക്കുപോയി ഈ നവലിബറൽ ആശയങ്ങളോട് സമരസപ്പെടണോ എന്നുള്ള ചിന്താഭാരവുമായി ATM കൗണ്ടറിൽനിന്ന് തിരിച്ചു നടന്നുകൊണ്ടിരുന്ന എന്റെ കണ്ണ് അകലെനിന്നേ ബസ്റ്റോപ്പിലെ ഒരു കാഴ്ചയിലുടക്കി - മറ്റൊന്നുമല്ല ഒരു സുന്ദരമായ മുഖം. അമ്പെയ്യാൻ പോകുമ്പോൾ പക്ഷിയുടെ കണ്ണുമാത്രം കണ്ട അർജുനനെ വരെ തോൽപ്പിക്കുന്ന ഏകാഗ്രതയോടെ ആ മുഖം മാത്രം ലക്ഷ്യമാക്കി നടത്തിന് വേഗം കൂട്ടി. സ്റ്റോപ്പ് എത്തിയപ്പോളാണ് ശ്രദ്ധിച്ചത് കൂട്ടുകാർ മൂന്നുപേർ പിന്നിലെ മതിലിൽ തന്നെ ഇരിക്കുന്നുണ്ടെന്നും അവരുടെ കണ്ണുകൾ മറ്റെങ്ങുമല്ലെന്നും. അത് അവളായിരുന്നു - 'നമ്മൾ' സിനിമയിലെ നായിക രേണുക മേനോൻ! പണ്ട് 'നിറം' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഞാൻ പഠിച്ച കോളേജിൽ വെച്ച് ശാലിനിയെ നേരിൽ കണ്ടതിൽപിന്നെ ഒരു നടിയെപ്പോലും ഇത്ര അടുത്ത് കണ്ടിട്ടില്ല. ആശ്ചര്യത്താൽ (ആക്രാന്തം എന്ന വാക്ക് അന്ന് നിഘണ്ടുവിൽ ഇല്ല) തുറന്ന വായ, വീടില്ലാത്ത ഈച്ചകൾ ഹൗസിംഗ് കോളനി കെട്ടാനുള്ള സ്ഥലമായി തെറ്റിദ്ധരിക്കണ്ട എന്ന് കരുതി അടച്ചുവെച്ചു.
'വാടാ നമുക്കുപോയി പരിചയപ്പെടാം' എന്നു പറഞ്ഞിട്ട് മൂന്നുപേർക്കും ഒരു താല്പര്യവും ഇല്ലാത്തപോലെ. ആകെ വരുന്ന മറുപടി 'അവൾക്കു ഭയങ്കര പോസാ നമ്മൾ നാണം കെടാൻ നിൽക്കണ്ട' എന്നാണ്. ഈ പറഞ്ഞ നാണം എന്ന സാധനം മരുന്നിനുപോലും കൈയിൽ ഇല്ലാത്തതുകൊണ്ട് വരുന്നതുവരട്ടെ എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം എന്ന് ഞാനും കരുതി. ഇനി അഥവാ സംഗതി ഏറ്റില്ലെങ്കിലും ഉള്ള ചീത്തപ്പേര് പോകാതെ സൂക്ഷിച്ചു എന്ന് അഭിമാനിക്കാമല്ലോ!
അർജുനൻ, ഫൽഗുനൻ, പാർത്ഥൻ എന്നീ ബ്രദേഴ്സിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, പെണ്ണുകാണാൻ വന്ന ചെക്കനോട് വീട്ടുകാരുടെ നിർബന്ധം സഹിക്കാതെ പെൺകുട്ടി എന്തെങ്കിലും ചോദിക്കുന്നപോലെ ഞാനും ചോദിച്ചു ഒരു സിമ്പിളായ ചോദ്യം
"രേണുകാമേനോൻ അല്ലേ?"
ഉത്തരമൊന്നും വരാത്തതുകൊണ്ട് ആ ചോദ്യം ആവർത്തിച്ചത് കൂടാതെ, ഗുണ്ടിനു പിന്നാലെ മാലപ്പടക്കം എന്ന കണക്കിൽ കുറച്ചു ഉപചോദ്യങ്ങളുംഫിറ്റ് ചെയ്തു. രേണുക നിശബ്ദയായിരിക്കുന്ന ഓരോ സെക്കന്റിലും, 5 കശ്‌മലർ ചേർന്ന് എന്നെ കളിയാക്കികൊല്ലുന്ന ആക്ഷൻ സിനിമ മനസ്സിന്റെ 70mm സ്‌ക്രീനിൽ ഓടിക്കൊണ്ടിരുന്നു. ഒടുക്കം, തലക്കുചുറ്റും തുടർച്ചയായി മൂളിപ്പറന്ന കൊതുകിനെ എങ്ങനെയെങ്കിലും ഓടിക്കണമല്ലോ എന്ന ഭാവത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തരം വന്നു
"അതെ".
സൂചി കയറ്റാൻ ഇടം നോക്കിയിരുന്നവന് ആനന്ദലബ്ധിക്കിനിയെന്തുവേണം? 'എവിടേക്കാ, എന്താ ഇവിടെ, ഷൂട്ടിങ്ങാണോ, എത്രനാൾ ഉണ്ടാകും, പുതിയ പടം ഏതാണ്' എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങളുമായി കളം നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി.
ഇതേസമയം രേണുക മേനോൻ ഒരു ചോദ്യം തിരിച്ചു ഇങ്ങോട്ടും ഇട്ടു.
"സിനിമാനടി ആയതുകൊണ്ടു മാത്രമല്ലേ നിങ്ങൾ ഇങ്ങനെ കളിയാക്കുന്നത്?".
ഞാൻ ഇതുവരെ ചോദിച്ച ഏതു ചോദ്യമാണാവോ കളിയാക്കലായിത്തോന്നിയത് എന്നറിയാതെ, മഗ്രാത്തിന്റെ ബൗൺസർ കൊണ്ട നെഹ്‌റയെപ്പോലെ ഒരു നിമിഷം നിന്നെങ്കിലും, Mr. നിഷ്കളങ്കു ആയി 'ഞാനെപ്പോളാ കളിയാക്കിയത്' എന്ന പോയിന്റിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. രേണുകയുടെ ചൂണ്ടിയ വിരലിന്റെ തുമ്പത്ത് നോക്കിയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്! 'നിങ്ങൾ' എന്നത് ബഹുമാനത്തോടെ എന്നെ വിളിച്ചതല്ല, മറിച്ച് എന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചിട്ടുള്ള - അഭിമാനം വിട്ടു കളിക്കരുതെന്ന് എന്നെ ഉപദേശിച്ച - എന്റെ കൂട്ടുക്കാരെയാണ് ഉദ്ദേശിച്ചതെന്ന്.
അപ്പോൾ അതാണ് കാര്യം, ഞാൻ ഇല്ലാത്ത സമയത്ത് ഇവന്മാർ രേണുകയെ എന്തോ പറഞ്ഞു കളിയാക്കി. വെറുതെയല്ല ഒരുത്തരം കിട്ടാൻ ഞാൻ നിന്ന് വിയർക്കേണ്ടിവന്നത്. ദുഷ്ടന്മാർ! മനസ്സിനുള്ളിൽ ഞാൻ ഒരു 'ഹൾക്' ആയി മാറുകയും രേണുകാമേനോനു വേണ്ടി ഈ അല്പപ്രാണികളെ പലവട്ടം പപ്പടംപോലെ പൊടിക്കുകയും ചെയ്തു. നാക്കിന്റെ ശക്തി അപാരം തന്നെ - ഏതാനും നിമിഷങ്ങളിലെ സംഭാഷണംകൊണ്ടു മലപോലെ വന്നത് എലിപോലെ പോയി. തുടർന്ന് ബസ് വരുന്നതുവരെ ഒരു സിനിമാനടി എന്ന ജാഡ ഒന്നുമില്ലാതെ വളരെ സൗഹൃദത്തോടെ രേണുകാമേനോൻ സംസാരിച്ചു. 'കലാപക്കാതലൻ' എന്ന പുതിയ റിലീസ് എല്ലാവരും കാണണം എന്ന് പറഞ്ഞപ്പോൾ 'ഫ്രീ ടിക്കറ്റ് തരുമോ' എന്ന 100 കോടി വിലയുള്ള ചോദ്യം ചോദിച്ച് ഒരുത്തൻ ഞങ്ങളുടെ നിലവാരത്തിന്റെ അടിത്തറ രേണുകാമേനോന്റെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു.
ആ സംഭവം നടന്നതിന് ശേഷം കുറേദിവസം ജീവിതത്തിൽ ഒരിക്കൽപോലും ഫോണിൽ വിളിക്കാത്ത കൂട്ടുകാരെവരെ വിളിക്കുകയും സംഭാഷണത്തിൽ തികച്ചും യാദൃശ്ചികമായി 'രേണുകാമേനോൻ കഥ' പറഞ്ഞുപോവുകയും ചെയ്തു. പിന്നീട് എപ്പോളൊക്കെ ഡോംളൂർ വഴി പോകേണ്ടിവന്നപ്പോളും അറിയാതെ നോട്ടം ആ ഗ്രാനൈറ്റ് ബെഞ്ചിലേക്ക് നീളാറുണ്ട്.
വാൽകഷ്ണം: തിരിച്ചു റൂമിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. തങ്ങൾ ചിരിച്ചപ്പോൾ രേണുകാമേനോൻ തിരിച്ചു ചിരിക്കാത്തതുകൊണ്ടു, പിന്നിലിരുന്നു കളിയാക്കി പ്രതികാരം ചെയ്യുകയായിരുന്നത്രെ നമ്മുടെ നായകർ. കളിയാക്കലിന്റെ ചില സാംപിൾസ് ഇങ്ങനെ -
'ഇവൾക്ക് ഓട്ടോ പിടിച്ചുപോകാൻ കാശില്ലാത്തതുകൊണ്ടാണ് ബസ്റ്റോപ്പിൽ വന്നിരിക്കുന്നത്'
'പാവം ഒരു കന്നഡക്കാരൻ പോലും ഇവളെ തിരിച്ചറിയുന്നില്ല'
'സിനിമ ഒന്നുമില്ലാത്ത നാണക്കേട് നാട്ടിലറിയണ്ട എന്നുകരുതി ബാംഗ്ളൂർ വന്നു നിൽക്കുകയാണ്' -
രേണുകയുടെ കയ്യും ഞങ്ങളുടെ കവിളുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടാകാഞ്ഞതിന് ദൈവത്തിനു നന്ദി പറഞ്ഞുപോയി.

Mahesh

മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ


മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ
(ബാംഗ്ളൂർ ബാച്ച്ലർ ജീവിതത്തിലെ ഒരോർമ്മ)
'ക്ലാസ്സ് മേറ്റ്‌സ്' സിനിമ നൂറുദിവസം തികച്ചോടിയ സമയം. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട് മനസിനുള്ളിൽ പലതവണ അതിലെ പൊടിമീശക്കാരനും, 'എന്റെ ഖൽബിലെ വെണ്ണിലാവ് നീ' പാട്ടുകാരനുമൊക്കെയായി ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകൾ മിന്നിച്ച് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. വീട്ടിൽനിന്നയക്കുന്ന പണം മാസാദ്യം പേഴ്സിനെ ഗർഭിണിയാക്കുമെങ്കിലും പത്താം തീയതിക്കുള്ളിൽ വാടക, ഫീസ്, ബസ് പാസ് ഇത്യാദി കാര്യങ്ങൾ കഴിയുമ്പോളേക്കും തന്നെ പ്രസവമൊഴിയും. ഒടുക്കം കാര്യംകഴിഞ്ഞപ്പോൾ കാമുകനുപേക്ഷിച്ച കാമുകിയെപ്പോലെ ഗതകാലസ്മരണകളും അയവിറക്കി അതൊരു മൂലയിൽ അങ്ങനെ കിടക്കും. മാസാദ്യം നേരിട്ടുള്ള ബസ് വരാത്ത ദിവസങ്ങളിൽ അടുത്ത ബസ്റ്റോപ് വരെ തലയൊന്നിന് പത്തുരൂപ വീതം കൊടുത്ത് ഷെയർ ആട്ടോയിൽ പോകാറാണ് പതിവ്. എന്നാൽ പത്താം തീയതിക്കുശേഷം ഒഴിഞ്ഞ പോക്കറ്റിനെനോക്കി ശക്തമായൊരു നെടുവീർപ്പിട്ടുകൊണ്ടു രണ്ടു കിലോമീറ്റർ ആഞ്ഞുനടക്കുക എന്ന വഴിയേ മുന്നിലുണ്ടാകാറുള്ളൂ. പണിയെടുത്തു ശീലമില്ലാത്തതിനാൽ ഇത്തരം നടത്തങ്ങൾ വിയർപ്പിന്റെ അസുഖത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചു. നടക്കാനുള്ള ആരോഗ്യത്തിനുവേണ്ടി രാവിലെയും, നടന്നതിന്റെ ക്ഷീണം മാറ്റാൻ ഉച്ചക്കും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കൂട്ടേണ്ടിവന്നതിനാൽ, ഓട്ടോചാർജിലെ ലാഭം പലചരക്കുകടക്കാരന്റെ പെട്ടിയിലേക്ക് എന്ന അവസ്ഥയാകുകയും ചെയ്തു.
മേൽപ്പറഞ്ഞ ചെറിയ പ്രശ്നങ്ങൾ ക്ഷമിക്കാമെന്നു വെച്ചെങ്കിലും ഒരു പ്രതിസന്ധി ഞങ്ങൾ നാലുപേരെയും ഗുരുതരമായി അലട്ടി - അത് മറ്റൊന്നുമല്ല - വെയിൽകൊണ്ടുള്ള നടത്തം സൗന്ദര്യത്തിനേൽപ്പിക്കുന്ന ആഘാതം! ചിന്തു എന്ന സഹമുറിയൻ സ്വന്തമായി വികസിപ്പിച്ചെടുത്ത സിദ്ധാന്തപ്രകാരം നിറമില്ലാത്തവരെയാണ് പൊതുവേ 'വെളുത്തവർ' എന്ന് സമൂഹം വിളിക്കുന്നത്. ആ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചു നോക്കിയാൽ ഞങ്ങൾ നാലുപേരും ദൈവാനുഗ്രഹത്താൽ കുറച്ച് നിറമുള്ളവരായിരുന്നു. തുടർച്ചയായുള്ള നടത്തം നിറം പിന്നേയും കൂട്ടിക്കൊണ്ടിരുന്നു; നിറം ഒരുപാടുകൂട്ടി അഹങ്കാരത്തെ വിളിച്ചുവരുത്താൻ ഞങ്ങൾക്ക് അശേഷം താല്പര്യമില്ലായിരുന്നുവെങ്കിലും!
'നമുക്ക് പണമില്ലെങ്കിലെന്താ, ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെങ്കിലെന്താ സൗന്ദര്യം മതിയല്ലോ' എന്ന 40 വാട്‍സ് ട്യൂബ് ലൈറ്റിന്റെ പ്രഭ ചൊരിഞ്ഞിരുന്ന ആത്മവിശ്വാസം (ആത്മപ്രശംസ എന്ന് അസൂയക്കാർ പറയും) പതുക്കെ സീറോ വാട്‍സ് ബൾബിന്റെ മങ്ങിയ വെളിച്ചത്തിലേക്കു മാറിത്തുടങ്ങി. ആട്ടോക്കു പോകാനുള്ള കാശ് സംഘടിപ്പിച്ചേ പറ്റൂ, അതല്ലാതെ വേറെ നിവൃത്തിയില്ല എന്ന അവസ്ഥയായതുകൊണ്ട് ഒരു ദിവസം ഉച്ചമയക്കത്തിനുശേഷം, അഫ്‌ഗാനിസ്ഥാനിൽ ബോംബിടണോ എന്ന് ഒബാമ ആലോചിക്കുന്നതിനേക്കാൾ ഗൗരവത്തോടെ എല്ലാവരുംകൂടി കൂലങ്കുഷമായി ചിന്തിച്ചു. ചിന്തക്ക് കരുത്തു പകരാൻ മിക്സ്ചർ, ബിസ്‌കറ്റ്, കട്ടൻകാപ്പി എന്നിവ വിശ്രമമില്ലാതെ ആമാശയത്തിലേക്കു ചാടി ആത്മഹത്യ ചെയ്യുകയും അവയുടെ ആത്മാവ് തലച്ചോറിലേക്ക് സഞ്ചരിച്ചു ആശയങ്ങളായി വായിലൂടെ പുനർജനിക്കുകയും ചെയ്തു.
'നമുക്ക് കോഴ്സ് നിർത്തി നാട്ടിൽപോയാലോ?' എന്നമട്ടിലുള്ള ഉഗ്രൻ ആശയങ്ങൾക്ക് ആദ്യം നല്ല പിന്തുണ ലഭിച്ചെങ്കിലും ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ച ഭാരതത്തിന്റെ ഭാവിവാഗ്ദാനങ്ങളായ നാലുപേരുടെ കാല് വീട്ടുകാർ ഒരേസമയത്ത് തല്ലിയൊടിച്ചു എന്ന അപൂർവ റെക്കോർഡിനുടമകളാകേണ്ട എന്ന് കരുതി ആ ആശയത്തെ തൽക്കാലത്തേക്ക് എടുത്തു പെട്ടിയിൽവെച്ചു. അല്ലെങ്കിലും ഒരു രണ്ടോ മൂന്നോ മാസം കൂടി കഴിഞ്ഞാൽ സ്ഥിരമായി നാട്ടിലോട്ടുതന്നെയല്ലേ തിരിച്ചു പോകാനിരിക്കുന്നത് എന്ന യാഥാർത്ഥ്യം പല്ലിളിച്ചുകാട്ടി സമാധാനിപ്പിച്ചു.
"നമുക്കൊരു പാർട് ടൈം ജോലിക്കു പോയാലോ?"
പെട്ടെന്നാണ് ഉസൈൻബോൾട്ടിന്റെ ഓട്ടംപോലെ ഈയൊരു സാധ്യത മറ്റെല്ലാ സാധ്യതകളേയും ബഹുദൂരം പിന്നിലേക്കു തള്ളി ഒന്നാമനായത്. പണിക്കുപോകാനോ, അതും നമ്മൾ? എന്ന ആശങ്ക അൽപ്പം ദഹനക്കേട് സൃഷ്ടിച്ചെങ്കിലും, മൂന്നോ നാലോ മണിക്കൂർമാത്രം ജോലി ചെയ്താൽ കൈ നിറയെ പണം, വെയിൽ കൊള്ളാതെ എന്നും ഓട്ടോയിൽ പോകാനുള്ള അവസരം എന്നീ സാദ്ധ്യതകളുടെ ആകർഷണം എല്ലാവരെയും ഈ തീരുമാനത്തിൽത്തന്നെ കൊണ്ടുചെന്നെത്തിച്ചു.
തീരുമാനത്തോളം എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള കാര്യങ്ങൾ. റെസ്യുമേ, സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങനെ കടിച്ചാൽപൊട്ടാത്ത ഒരുപാട് കടമ്പകൾ. ഇന്റർനെറ്റ് കഫെയിൽ നിന്നുകിട്ടിയ ഫോർമാറ്റിൽ റെസ്യൂമെയും, ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർക്കാവുന്ന ഒരു സെൽഫ് ഇൻട്രൊഡക്ഷനും ഒരുവിധം ഒപ്പിച്ചു.
നാലു പേരുടെയും റെസ്യൂമെ ഒറ്റപ്രസവത്തിൽ പിറന്ന രണ്ടുജോഡി ഇരട്ടക്കുട്ടികളെപ്പോലെ തോന്നിച്ചെങ്കിലും 'കവിളിൽ മറുകുള്ളവൻ അച്ചു' എന്നുപറയുന്നപോലെ റെസ്യൂമേയുടെ തുടക്കത്തിലെ ഞങ്ങളുടെ 'പേര്' മാത്രം മാറ്റമുണ്ടായിരുന്നു. അത് ഭാഗ്യമായി ഇല്ലെങ്കിൽ റെസ്യൂമെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾക്കുതന്നെ മാറിപ്പോയേനെ.
കൂട്ടത്തിൽ ഉത്സാഹിയായ ചിന്തു ദിവസേന പത്രം അരിച്ചുപെറുക്കി ഇന്റർവ്യൂവിനു പോകാനുള്ള സ്ഥലങ്ങൾ നോക്കിവെക്കാൻ തുടങ്ങി. മണിച്ചിത്രത്താഴ്, ചിത്രം, വന്ദനം തുടങ്ങിയ നല്ല സിനിമകൾ ടി വിയിൽ ഉള്ള ദിവസം ഇന്റർവ്യൂവിന് പോകണ്ട എന്ന ശ്രീജിത്തിന്റെ സ്വകാര്യബിൽ ലോക്‌സഭ വോട്ടിനിട്ട് തള്ളി.
ഗണപതിക്കുടച്ച തേങ്ങകളെല്ലാം കാക്കകൾ കൊണ്ടുപോയ്‌ക്കൊണ്ടിരുന്നു. ഒന്നുകിൽ കന്നഡഭാഷ അറിയാത്തതുകൊണ്ട് അല്ലെങ്കിൽ പ്രവൃത്തിപരിചയം ഇല്ലാത്തതുകൊണ്ട് അതുമല്ലെങ്കിൽ ജോലിസമയത്തിന്റെ പ്രശ്‍നംകൊണ്ട് ഇന്റർവ്യൂകളിൽ ഒന്നിൽപോലും ഞങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചതേയില്ല. അങ്ങനെയിരിക്കുമ്പോളാണ് ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ജോലിയുടെ ഏകദേശ വിവരണം താഴെ
സംഭവം : മക്‌ഡൊണാൾഡ്‌സ് (ആഗോളകുത്തക....ഹും...പോട്ടെ )
സ്ഥലം : കോറമംഗല (കുഴപ്പമില്ല)
തസ്‌തിക : ഫ്ലോർ സൂപ്പർവൈസർ (കേൾക്കാനൊരു സ്റ്റൈലുണ്ട്)
യോഗ്യതകൾ
1 . ഇംഗ്ലീഷ് പരിജ്ഞാനം
(ഹൗ ഫാർ ഈസ് മയാമി ബീച്ച് ഫ്രം വാഷിംഗ്‌ടൺ ഡി സി...കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്... അതല്ലേ....ഇതൊക്കെ ചെറീത്...)
2 . ആകർഷകമായ വ്യക്തിത്വം (അതല്ലേ ഉള്ളൂ നമ്മുടെ കൈയിൽ...)
3 . ജോലി ചെയ്യാനുള്ള സന്നദ്ധത (ഒട്ടുമില്ല...പിന്നെ നിവൃത്തിയില്ലാത്തോണ്ട് ശ്രമിക്കാം..)
മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്ന് തീരുമാനമായി. അതിൻപ്രകാരം ഒരുദിവസം ഉച്ചക്ക് ക്ലാസ് കഴിഞ്ഞു നേരെ കോറമംഗലക്ക് വച്ചുപിടിച്ചു. സംഭവം വിചാരിച്ചപോലല്ല, മക്‌ഡൊണാൾഡ്‌സ് കാണാൻ നല്ല ലുക്കൊക്കെയുണ്ട്. അകത്തേക്ക് കയറിയപ്പോളാകട്ടെ നല്ല 'പൊരിച്ച കോയീന്റെ മണം....'.
കൗണ്ടറിലിരുന്ന ചേച്ചി നാലാളെയും നേരെ മാനേജരുടെ മുറിയിലെത്തിച്ചു. എണ്ണയിലേക്കിടാൻ തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജികളെപ്പോലെ, കറങ്ങുന്ന കസേരയിൽ നട്ടെല്ലുവളക്കാതെ തലയുയർത്തി നാലുപേരും മാനേജരെയും കാത്തിരിപ്പായി. ഏതാണ്ട് പത്തുനിമിഷം കഴിഞ്ഞപ്പോൾ മാനേജർ പ്രത്യക്ഷപ്പെട്ടു. ജോസ് പ്രകാശ് മുതൽ റിസബാവ വരെയുള്ള പലരേയും മാനേജർ സ്ഥാനത്ത് മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ടിരുന്നെങ്കിലും വന്നത് ഇന്ദ്രൻസിനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതിയോടു കൂടിയ ഒരു പാവം മനുഷ്യനാണ്.
മൂന്നര മണിയോടടുത്ത ആ നേരത്ത് 'ഗുഡ് മോർണിംഗ്....സോറി....ഗുഡ് ആഫ്റ്റർനൂൺ...സോറി....ഗുഡ് ഈവനിംഗ്' എന്നിങ്ങനെ മൂന്നും ഒന്നിനുപിന്നാലെ ഒന്നായി പറഞ്ഞുകൊണ്ട് മാനേജരെ ആദ്യം തന്നെ ഒന്ന് ഞെട്ടിച്ചു. ഞെട്ടൽ പൂർണമാകുന്നതിനു മുൻപേ ആദ്യം കൊടുക്കുന്ന ആൾക്ക് സമ്മാനമുണ്ടോയെന്നു സംശയം ജനിപ്പിക്കുംവിധം തിക്കിത്തിരക്കി ഒരേപോലുള്ള നാല് റെസ്യൂമേകൾ മേശപ്പുറത്തുവച്ചു ഒന്നുകൂടി ഞെട്ടിച്ചു. ഇങ്ങനെ തുടർച്ചയായി ഞെട്ടിയാൽ ഒരുപക്ഷേ തനിക്കെന്തുകൊണ്ട് ഈ ചെറുപ്രായത്തിലേ ഹൃദയാഘാതം വന്നുവെന്നാലോചിച്ച് തന്റെ വീട്ടുകാർ ഞെട്ടേണ്ടിവരും എന്ന് മനസ്സിലാക്കിയ ആ മാനേജർ നാലാളെയും അൽപ്പം മാറ്റിയിരുത്തി.
ആദ്യമായി ജോലിയെപ്പറ്റി മാനേജർ വിശദീകരിച്ചു. അത് തർജ്ജമചെയ്താൽ ഇപ്രകാരമാണ് - ഞങ്ങൾ നിങ്ങളെ പണിയെടുപ്പിച്ചുകൊല്ലും, കണ്ടതെല്ലാം വെട്ടിവിഴുങ്ങാമെന്നു കരുതേണ്ട, തറ തുടക്കുന്നതും, മേശ വൃത്തിയാക്കുന്നതും അടക്കമുള്ള ജോലികൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ഇടക്കിടക്ക് നോക്കണം, അഥവാ അതിന് ഉത്തരവാദിത്വപ്പെട്ടവർ അത് ശരിയായി ചെയ്തിട്ടില്ലെങ്കിൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ഒരു മടിയും വിചാരിക്കേണ്ട, എന്തെങ്കിലും കുഴപ്പം കണ്ടാൽ ശമ്പളം കട്ട് ചെയ്യും, ചിലപ്പോൾ കടയിൽ വരുന്നവർ അച്ഛനും അമ്മക്കും വരെ വിളിക്കുമ്പോൾ ചിരിച്ചുകൊണ്ട് അതെങ്ങനെ കേൾക്കാമെന്നും എന്ത് മറുപടി പറയണമെന്നുമുള്ള കാര്യങ്ങൾ കമ്പനി പഠിപ്പിച്ചുതരും. നന്നായി ജോലി ചെയ്താൽ പ്രമോഷൻ (?) കിട്ടാൻ സാധ്യതയുണ്ട്, എന്തായാലും ഇന്റർവ്യൂ കഴിഞ്ഞേ നിങ്ങളെ എടുത്തോ ഇല്ലയോ എന്ന് പറയാനൊക്കൂ - ഇത്രയും കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ തലയിൽനിന്ന് ഒരു ഡസൻ കിളികൾ ഒരുമിച്ചു പറക്കുകയും മുറിക്കു വലിപ്പം കുറവായതിനാൽ പരസ്പരം കൂട്ടിയിടിച്ചു ഒന്നുരണ്ടെണ്ണം താഴെ വീഴുകയും ചെയ്തു.
ഇന്റർവ്യൂ അങ്ങനെ ആരംഭിച്ചു. മാനേജർ പറയുന്ന വിഷയത്തെപ്പറ്റി അഞ്ചുമിനിറ്റ് സംസാരിക്കണം ആകെ അത്രയേ ഉള്ളൂ ഇന്റർവ്യൂ.
ആദ്യത്തെ നറുക്കു വീണവന് കിട്ടിയ വിഷയം 'ഓണം' - 'ഓണം ഈസ് കേരളാസ് മെയിൻ ഫെസ്റ്റിവൽ' എന്ന് തുടങ്ങി കോമ്പോസിഷനിൽ പഠിച്ചത് മൊത്തം എടുത്തു അവൻ മിന്നിച്ചു.
അടുത്തവന് കിട്ടിയത് 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് ഓഫ് കേരള' - അവനും മോശമാക്കിയില്ല; കോവളത്തുനിന്നു തുടങ്ങി കുമരകം എത്തിയപ്പോളേക്കും മാനേജർ നിർബന്ധിച്ച് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യിച്ചു. ഇല്ലെങ്കിൽ അതിരപ്പിള്ളിയൊക്കെ എത്തുമ്പോളേക്കും നേരം വെളുത്തേനെ.
ഇവന്മാരുടെ പ്രകടനം കണ്ടിരുന്ന എന്റെ ഹൃദയം 100-120 വേഗതയിൽ ഇടിച്ചുകൊണ്ടിരുന്നു - വേറൊന്നുംകൊണ്ടല്ല; അറിയാവുന്ന വിഷയങ്ങളൊക്കെ ഓരോന്നായി തീർന്നുവരുന്നു. ഇനി എനിക്കെങ്ങാൻ 'ഗാട്ട് കരാറും ഇന്ത്യൻ കർഷകരും' പോലുള്ള വല്ല കടുകട്ടി വിഷയവും കിട്ടുമോ എന്നുകരുതി.
എന്തായാലും ദൈവം കരുണയുള്ളവനായിരുന്നു എനിക്ക് കിട്ടിയത് 'പ്രോഗ്രസ്സ് ഓഫ് കേരള' എന്ന വിഷയമായിരുന്നു. 100% സാക്ഷരത, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങി അറിയാവുന്ന എല്ലാ വാക്കുകളും കൂട്ടിച്ചേർത്ത് അഞ്ചുമിനിറ്റ് മാനേജരെ പുളകം കൊള്ളിച്ചു.
പറയാൻ വിട്ടുപോയി - ഇതിനിടയിൽ നാല് ഗ്ലാസ് കൊക്കകോളയും ബണ്ണിന്റെ നടുവിൽ എന്തൊക്കെയോ കുത്തിക്കേറ്റിയ പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു സാധനവും (അതിന്റെ പേര് ബർഗർ എന്നാണെന്ന് പിന്നീട് മനസ്സിലായി) വരികയും, വന്നതിലും വേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തു.
അങ്ങനെ മൂന്നുപേരുടെ പ്രകടനങ്ങൾ കണ്ട് ത്രസിച്ചിരുന്ന നാലാമന്റെ ഊഴമായി. തൊണ്ട ശരിയാക്കി, കാതുകൂർപ്പിച്ചു മുന്നോട്ടാഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച വിഷയം 'റിവേഴ്‌സ് ഓഫ് കേരള' - കേട്ടിരുന്ന ഞങ്ങളും ഒന്നാശ്വസിച്ചു. 44 നദികളിൽ ഒന്നോ രണ്ടോ എണ്ണത്തിനെപ്പറ്റി പറയുമ്പോളേക്കും തന്നെ അഞ്ചുമിനിറ്റ് തീർന്നോളും.
അവനും ആശ്വാസം. 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം' എന്നമട്ടിലാണ് ഇരുപ്പ്. സംസാരം കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി, പൂട്ടിപ്പോയ പല ഫാക്ടറികളിലേക്കുവരെ സഞ്ചരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയക്കാരെപ്പോലെ ബന്ധമില്ലാത്ത വിഷയങ്ങളെല്ലാം ആമുഖമായിപ്പറഞ്ഞ് പതുക്കെ 'നദി'കളിലേക്കു വരാനുള്ള ഒരു സൈക്കോളജിക്കൽ മൂവായിരിക്കും എന്നാദ്യം കരുതിയെങ്കിലും നദികളെപ്പറ്റി ഒരക്ഷരം മിണ്ടാതെ അവന്റെ സംസാരം തുടർന്നപ്പോൾ എന്തോ ഒരു വശപ്പിശക് ഫീൽ ചെയ്തു. ഇനിയൊരുപക്ഷേ ഞാൻ കേട്ടത് തെറ്റിപ്പോയതായിരിക്കുമോ എന്ന സംശയത്തിൽ ബാക്കിയുള്ള രണ്ടുപേരെ ഞാനൊന്ന് നോക്കി; അവരെന്നെയും നോക്കി. നാൽപ്പതുപേരും ശിഷ്യന്മാരുമില്ലാത്തതുകൊണ്ടു ഞങ്ങൾ പരസ്പരം ഒന്നുകൂടിനോക്കി അഡ്ജസ്റ്റ് ചെയ്തു. മാനേജരാണെങ്കിൽ അവനെ പ്രോത്സാഹിപ്പിച്ച് കൂടുതൽ സംസാരിപ്പിക്കുന്നുമുണ്ട്. അതോടെ ഒരുകാര്യം ഉറപ്പായി. ഞങ്ങൾ മൂന്നാൾക്കും ജോലികിട്ടില്ല; നാലാമന് ജോലിയുടെ കാര്യം ഏകദേശം തീർച്ചയായി.
അരമണിക്കൂർ പുറത്ത് കാത്തിരുന്നാൽ ഫലം കൈയോടെ അറിയാം. ഞങ്ങൾ മൂന്നുപേർ എന്തായാലും ജോലി കിട്ടില്ലെന്നുറപ്പായതുകൊണ്ട് നിരാശ പുറത്തുകാട്ടാതെ 'അല്ലെങ്കിലും ഈ എച്ചിലെടുക്കുന്ന ജോലിയൊന്നും ഞങ്ങൾക്ക് പറ്റിയതല്ലെന്ന്' പ്രഖ്യാപിക്കുകയും നാലാമൻ ' 7000-8000 രൂപയൊക്കെ ഒരുമാസം കിട്ടിയാൽ അടിച്ചുപൊളിക്കാമല്ലേ എന്ന ചോദ്യത്തോടെ അതേ നിരാശയുടെ മുറിവിൽ ഒരുകിലോ മുളകുപൊടി വാരിയെറിയുകയും ചെയ്തു.
റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻവന്നവരുടെ മേശപ്പുറത്ത് ഒരുപാട് കോഴിക്കാലുകൾ അമിതവണ്ണത്തോടെ വരുകയും, സ്ലിം ബ്യൂട്ടികളായി തിരിച്ചുപോകുകയും ചെയ്തുകൊണ്ടിരുന്നു. ഉറപ്പായും അതിലൊരു വലിയവിഭാഗം ആളുകൾ 'ആരുടെ കൊതിപറ്റിയതാണോ ആവോ' എന്ന ആത്മഗതത്തോടെ പിറ്റേദിവസം സിക്ക്‌ലീവ് എടുത്തുകാണുമെന്നുറപ്പ്.
ഒടുവിൽ ആ ശുഭമുഹൂർത്തം വന്നെത്തി; വീണ്ടും അതേ മുറിയിൽ അതേ മാനേജരുടെ മുന്നിൽ. വിധി ഇപ്രകാരം - നാലാമനൊഴികെ എല്ലാവരും ഇന്റർവ്യൂ പാസ്സായി. താല്പര്യമുണ്ടെങ്കിൽ നാളെത്തന്നെ സർട്ടിഫിക്കറ്റ് കൊണ്ടുചെന്നു ജോയിൻ ചെയ്യാം. ഞങ്ങൾ മൂന്നുപേരും തലയിൽ ലൈറ്റ് കത്തുന്ന സ്പീഡനുസരിച്ച് ഇടവിട്ടിടവിട്ട് ഞെട്ടി. നാലാമനാകട്ടെ, പവർകട്ട് സമയത്ത് കറന്റ് കമ്പിയിൽ വെറുതേ കാറ്റുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് 11 KV കറന്റ് ഒന്ന് കടന്നുപോയ കാക്കയുടെ അവസ്ഥയിലും.
"എനിക്ക് അയാൾ എന്തോ കാരണംകൊണ്ട് പണി തന്നതാടാ",
"നിങ്ങളും കേട്ടതല്ലേ....സംസാരിച്ചപ്പോൾ ഞാൻ പൊരിച്ചതല്ലേ?"
"ആ പൊട്ടന് ഇംഗ്ലീഷറിയാത്തതുകൊണ്ടായിരിക്കും"
എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് നാലാമൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ,
"ആ...സാലറിയൊക്കെ കിട്ടീട്ടു വേണം ഒരു മൊബൈലും, ബൈക്കുമൊക്കെ വാങ്ങാൻ" എന്ന കോർണർകിക്കിലൂടെ നേരത്തെ വാങ്ങിക്കൂട്ടിയ ഗോൾ മൂവരും ചേർന്ന് തിരിച്ചടിച്ചു. അങ്ങനെ മത്സരം സമനിലയിൽ കലാശിച്ചു.
രാത്രി വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ വിഡ്ഢിത്തമാണെന്നു തോന്നിയാലും സാരമില്ല, സംശയം തീർത്തേക്കാം എന്നുകരുതി ഞങ്ങൾ നാലാമനോട് ചോദിച്ചു എന്തുകൊണ്ടാണ് വിഷയം 'റിവേഴ്‌സ് ഓഫ് കേരള' ആയിട്ട് നദികളെപ്പറ്റി സംസാരിക്കാഞ്ഞതെന്ന്.
അപ്പോളാണ് അവൻ ആ വിശ്വവിഖ്യാതമായ മറുപടി തന്നത്. റിവേഴ്‌സ് (Reverse) ഓഫ് കേരളയെപ്പറ്റി സംസാരിക്കാൻ പറഞ്ഞാൽ എന്തിനാടാ പൊട്ടന്മാരേ നദികളെ (Rivers) കുറിച്ച് സംസാരിക്കുന്നതെന്ന്!!!!
ഒരുപാട് മണിക്കൂറുകളായി അലട്ടിയ ആ സമസ്യക്ക് അങ്ങനെ പരിഹാരമായി. വെറുതെയല്ല പെരിയാറിനും ഭാരതപ്പുഴക്കുമെല്ലാം പകരം കേരളത്തെ റിവേഴ്‌സ് ഗിയറിൽ കയറ്റിയ അനാവശ്യ രാഷ്ട്രീയവും, കമ്പനികളുടെ ലോക്ക് ഔട്ടും മുതൽ ഹർത്താൽ വരെ അവനെടുത്ത് വാരിവിതറിയത്.
എന്തായാലും ഞങ്ങൾ ഒന്നും തിരുത്താൻപോയില്ല.
ബ്രിട്ടീഷ് അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും ബാക്കിപത്രമാണ് ഇംഗ്ലീഷ് എന്ന് ഞങ്ങൾക്കറിയാം..
അല്ലെങ്കിലും രണ്ടുവാക്കുകൾ ഒരേപോലെ ഉച്ചരിക്കുന്ന ഈ വൃത്തികെട്ട ഭാഷ നമ്മളെന്തിനാണ് പഠിക്കുന്നത്....
ഇംഗ്ലീഷ് വിദ്യാഭ്യാസം നിർബന്ധമാക്കിയ മെക്കാളെ പോയി തുലയട്ടെ!

Mahesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo