Slider

ഒരു ബസ്റ്റോപ് പുരാണം (ബാംഗ്ളൂർ ബാച്ച്ലർ ജീവിതത്തിലെ ഒരോർമ്മ)

0
ഒരു ബസ്റ്റോപ് പുരാണം
(ബാംഗ്ളൂർ ബാച്ച്ലർ ജീവിതത്തിലെ ഒരോർമ്മ)
________________________________________________
ഒരുപാടു ദിവസങ്ങൾ ബസ് പിടിച്ച് കടന്നുപോയി. ഭക്ഷണവും ഉറക്കവും മാത്രം ശരിക്കു നടക്കുന്നുണ്ട്. സഹമുറിയൻ (പേര് വെളിപ്പെടുത്തുന്നില്ല) രാവിലത്തെ മല്പിടിത്തത്തിലൂടെ പ്രാതൽ ഇനി ഒരു തരിപോലും അകത്തേക്ക് കയറാത്ത വിധത്തിൽ തൊണ്ടവരെ അടിച്ചുകയറ്റിയാണ് ഞങ്ങൾക്കൊപ്പം ക്ളാസ്സിനു വരുന്നത്. ബസ് ഒരു ഗട്ടർ ചാടിയാൽ ഇതെല്ലാംകൂടെ പുറത്തേക്കു വരുമോ എന്നു ഞങ്ങൾ എന്നും ടെൻഷനാകാറുണ്ട്. ഇത്രയുമൊക്കെ ബുദ്ധിമുട്ടിയതിന്റെ അഹങ്കാരം ലവലേശമില്ലാതെ ക്ലാസ്സിൽ കയറുന്നതിനു മുൻപായി 'ലൈറ്റ്' ആയി രണ്ട് ഉഴുന്നുവട കൂടി അകത്താക്കി, അത് ആമാശയത്തിൽ എത്തുമെന്നുറപ്പാക്കാൻ ഒരു കാപ്പി കൊണ്ട് കുതിർക്കുക എന്നത് അദ്ദേഹം ഒരു ദിനചര്യയാക്കി മാറ്റി. ഇപ്രകാരം തൊഴിൽ നിയമങ്ങൾ എല്ലാംതന്നെ കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം വയറിനെ വിശ്രമിയ്ക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കുന്ന ആ പ്രകടനം കാണുന്ന ഞങ്ങളാകട്ടെ, LED ടിവിയെപ്പോലും നാണിപ്പിക്കുംവിധം 'ഫ്ലാറ്റ്' ആയ സ്വന്തം വയറിലേക്കുനോക്കി നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരുന്നു. അല്ലെങ്കിലും ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ!
ഫീസ് കൊടുത്ത കാശാണെങ്കിൽ ഭണ്ഡാരത്തിൽ ഇട്ടതുപോലെ - ഒരു രൂപ പോലും തിരിച്ചെടുക്കാൻ ഓപ്ഷൻ നഹി ഹേ. അങ്ങനെ ആകെമൊത്തംടോട്ടൽ ബോറടിച്ച്, കൈയിൽ കാശുമില്ലാതെ ബാംഗ്ലൂരിന് ഭാരമായി നടക്കുന്ന കാലം. ഒരു ദിവസം ക്ലാസ് കഴിഞ്ഞ്, 'മിനിമം ബാലൻസ്' നിയമം എങ്ങാനും ബാങ്ക് പരിഷ്കരിച്ചിരിക്കുമോ, ആരെങ്കിലും തെറ്റായി നമ്മുടെ അക്കൗണ്ടിൽ കാശ് ഇട്ടുകാണുമോ എന്നെല്ലാം അറിയാമെന്നു കരുതി, ഞാൻ നേരെ ATM കൗണ്ടറിലേക്കു പോയി. സഹമുറിയർ മൂന്നുപേരും ആസ് യൂഷ്വൽ പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ബസ്റ്റോപ്പിലെ ഗ്രാനൈറ്റ് ബെഞ്ചിലും പുറകിലുള്ള അരമതിലിലുമായി ഉപവിഷ്ടരായി.
അക്കൗണ്ടിൽ പണമില്ലാത്തവന് ATM കാർഡിട്ടാൽ പണം ലഭിക്കില്ല എന്ന കൊളോണിയൽ രീതികളെ തച്ചുടക്കാൻ ഒരു നക്സലൈറ്റായി മാറണോ, അതോ വല്ല പാർട്ടൈം ജോലിക്കുപോയി ഈ നവലിബറൽ ആശയങ്ങളോട് സമരസപ്പെടണോ എന്നുള്ള ചിന്താഭാരവുമായി ATM കൗണ്ടറിൽനിന്ന് തിരിച്ചു നടന്നുകൊണ്ടിരുന്ന എന്റെ കണ്ണ് അകലെനിന്നേ ബസ്റ്റോപ്പിലെ ഒരു കാഴ്ചയിലുടക്കി - മറ്റൊന്നുമല്ല ഒരു സുന്ദരമായ മുഖം. അമ്പെയ്യാൻ പോകുമ്പോൾ പക്ഷിയുടെ കണ്ണുമാത്രം കണ്ട അർജുനനെ വരെ തോൽപ്പിക്കുന്ന ഏകാഗ്രതയോടെ ആ മുഖം മാത്രം ലക്ഷ്യമാക്കി നടത്തിന് വേഗം കൂട്ടി. സ്റ്റോപ്പ് എത്തിയപ്പോളാണ് ശ്രദ്ധിച്ചത് കൂട്ടുകാർ മൂന്നുപേർ പിന്നിലെ മതിലിൽ തന്നെ ഇരിക്കുന്നുണ്ടെന്നും അവരുടെ കണ്ണുകൾ മറ്റെങ്ങുമല്ലെന്നും. അത് അവളായിരുന്നു - 'നമ്മൾ' സിനിമയിലെ നായിക രേണുക മേനോൻ! പണ്ട് 'നിറം' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഞാൻ പഠിച്ച കോളേജിൽ വെച്ച് ശാലിനിയെ നേരിൽ കണ്ടതിൽപിന്നെ ഒരു നടിയെപ്പോലും ഇത്ര അടുത്ത് കണ്ടിട്ടില്ല. ആശ്ചര്യത്താൽ (ആക്രാന്തം എന്ന വാക്ക് അന്ന് നിഘണ്ടുവിൽ ഇല്ല) തുറന്ന വായ, വീടില്ലാത്ത ഈച്ചകൾ ഹൗസിംഗ് കോളനി കെട്ടാനുള്ള സ്ഥലമായി തെറ്റിദ്ധരിക്കണ്ട എന്ന് കരുതി അടച്ചുവെച്ചു.
'വാടാ നമുക്കുപോയി പരിചയപ്പെടാം' എന്നു പറഞ്ഞിട്ട് മൂന്നുപേർക്കും ഒരു താല്പര്യവും ഇല്ലാത്തപോലെ. ആകെ വരുന്ന മറുപടി 'അവൾക്കു ഭയങ്കര പോസാ നമ്മൾ നാണം കെടാൻ നിൽക്കണ്ട' എന്നാണ്. ഈ പറഞ്ഞ നാണം എന്ന സാധനം മരുന്നിനുപോലും കൈയിൽ ഇല്ലാത്തതുകൊണ്ട് വരുന്നതുവരട്ടെ എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം എന്ന് ഞാനും കരുതി. ഇനി അഥവാ സംഗതി ഏറ്റില്ലെങ്കിലും ഉള്ള ചീത്തപ്പേര് പോകാതെ സൂക്ഷിച്ചു എന്ന് അഭിമാനിക്കാമല്ലോ!
അർജുനൻ, ഫൽഗുനൻ, പാർത്ഥൻ എന്നീ ബ്രദേഴ്സിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, പെണ്ണുകാണാൻ വന്ന ചെക്കനോട് വീട്ടുകാരുടെ നിർബന്ധം സഹിക്കാതെ പെൺകുട്ടി എന്തെങ്കിലും ചോദിക്കുന്നപോലെ ഞാനും ചോദിച്ചു ഒരു സിമ്പിളായ ചോദ്യം
"രേണുകാമേനോൻ അല്ലേ?"
ഉത്തരമൊന്നും വരാത്തതുകൊണ്ട് ആ ചോദ്യം ആവർത്തിച്ചത് കൂടാതെ, ഗുണ്ടിനു പിന്നാലെ മാലപ്പടക്കം എന്ന കണക്കിൽ കുറച്ചു ഉപചോദ്യങ്ങളുംഫിറ്റ് ചെയ്തു. രേണുക നിശബ്ദയായിരിക്കുന്ന ഓരോ സെക്കന്റിലും, 5 കശ്‌മലർ ചേർന്ന് എന്നെ കളിയാക്കികൊല്ലുന്ന ആക്ഷൻ സിനിമ മനസ്സിന്റെ 70mm സ്‌ക്രീനിൽ ഓടിക്കൊണ്ടിരുന്നു. ഒടുക്കം, തലക്കുചുറ്റും തുടർച്ചയായി മൂളിപ്പറന്ന കൊതുകിനെ എങ്ങനെയെങ്കിലും ഓടിക്കണമല്ലോ എന്ന ഭാവത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തരം വന്നു
"അതെ".
സൂചി കയറ്റാൻ ഇടം നോക്കിയിരുന്നവന് ആനന്ദലബ്ധിക്കിനിയെന്തുവേണം? 'എവിടേക്കാ, എന്താ ഇവിടെ, ഷൂട്ടിങ്ങാണോ, എത്രനാൾ ഉണ്ടാകും, പുതിയ പടം ഏതാണ്' എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങളുമായി കളം നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി.
ഇതേസമയം രേണുക മേനോൻ ഒരു ചോദ്യം തിരിച്ചു ഇങ്ങോട്ടും ഇട്ടു.
"സിനിമാനടി ആയതുകൊണ്ടു മാത്രമല്ലേ നിങ്ങൾ ഇങ്ങനെ കളിയാക്കുന്നത്?".
ഞാൻ ഇതുവരെ ചോദിച്ച ഏതു ചോദ്യമാണാവോ കളിയാക്കലായിത്തോന്നിയത് എന്നറിയാതെ, മഗ്രാത്തിന്റെ ബൗൺസർ കൊണ്ട നെഹ്‌റയെപ്പോലെ ഒരു നിമിഷം നിന്നെങ്കിലും, Mr. നിഷ്കളങ്കു ആയി 'ഞാനെപ്പോളാ കളിയാക്കിയത്' എന്ന പോയിന്റിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. രേണുകയുടെ ചൂണ്ടിയ വിരലിന്റെ തുമ്പത്ത് നോക്കിയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്! 'നിങ്ങൾ' എന്നത് ബഹുമാനത്തോടെ എന്നെ വിളിച്ചതല്ല, മറിച്ച് എന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചിട്ടുള്ള - അഭിമാനം വിട്ടു കളിക്കരുതെന്ന് എന്നെ ഉപദേശിച്ച - എന്റെ കൂട്ടുക്കാരെയാണ് ഉദ്ദേശിച്ചതെന്ന്.
അപ്പോൾ അതാണ് കാര്യം, ഞാൻ ഇല്ലാത്ത സമയത്ത് ഇവന്മാർ രേണുകയെ എന്തോ പറഞ്ഞു കളിയാക്കി. വെറുതെയല്ല ഒരുത്തരം കിട്ടാൻ ഞാൻ നിന്ന് വിയർക്കേണ്ടിവന്നത്. ദുഷ്ടന്മാർ! മനസ്സിനുള്ളിൽ ഞാൻ ഒരു 'ഹൾക്' ആയി മാറുകയും രേണുകാമേനോനു വേണ്ടി ഈ അല്പപ്രാണികളെ പലവട്ടം പപ്പടംപോലെ പൊടിക്കുകയും ചെയ്തു. നാക്കിന്റെ ശക്തി അപാരം തന്നെ - ഏതാനും നിമിഷങ്ങളിലെ സംഭാഷണംകൊണ്ടു മലപോലെ വന്നത് എലിപോലെ പോയി. തുടർന്ന് ബസ് വരുന്നതുവരെ ഒരു സിനിമാനടി എന്ന ജാഡ ഒന്നുമില്ലാതെ വളരെ സൗഹൃദത്തോടെ രേണുകാമേനോൻ സംസാരിച്ചു. 'കലാപക്കാതലൻ' എന്ന പുതിയ റിലീസ് എല്ലാവരും കാണണം എന്ന് പറഞ്ഞപ്പോൾ 'ഫ്രീ ടിക്കറ്റ് തരുമോ' എന്ന 100 കോടി വിലയുള്ള ചോദ്യം ചോദിച്ച് ഒരുത്തൻ ഞങ്ങളുടെ നിലവാരത്തിന്റെ അടിത്തറ രേണുകാമേനോന്റെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു.
ആ സംഭവം നടന്നതിന് ശേഷം കുറേദിവസം ജീവിതത്തിൽ ഒരിക്കൽപോലും ഫോണിൽ വിളിക്കാത്ത കൂട്ടുകാരെവരെ വിളിക്കുകയും സംഭാഷണത്തിൽ തികച്ചും യാദൃശ്ചികമായി 'രേണുകാമേനോൻ കഥ' പറഞ്ഞുപോവുകയും ചെയ്തു. പിന്നീട് എപ്പോളൊക്കെ ഡോംളൂർ വഴി പോകേണ്ടിവന്നപ്പോളും അറിയാതെ നോട്ടം ആ ഗ്രാനൈറ്റ് ബെഞ്ചിലേക്ക് നീളാറുണ്ട്.
വാൽകഷ്ണം: തിരിച്ചു റൂമിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. തങ്ങൾ ചിരിച്ചപ്പോൾ രേണുകാമേനോൻ തിരിച്ചു ചിരിക്കാത്തതുകൊണ്ടു, പിന്നിലിരുന്നു കളിയാക്കി പ്രതികാരം ചെയ്യുകയായിരുന്നത്രെ നമ്മുടെ നായകർ. കളിയാക്കലിന്റെ ചില സാംപിൾസ് ഇങ്ങനെ -
'ഇവൾക്ക് ഓട്ടോ പിടിച്ചുപോകാൻ കാശില്ലാത്തതുകൊണ്ടാണ് ബസ്റ്റോപ്പിൽ വന്നിരിക്കുന്നത്'
'പാവം ഒരു കന്നഡക്കാരൻ പോലും ഇവളെ തിരിച്ചറിയുന്നില്ല'
'സിനിമ ഒന്നുമില്ലാത്ത നാണക്കേട് നാട്ടിലറിയണ്ട എന്നുകരുതി ബാംഗ്ളൂർ വന്നു നിൽക്കുകയാണ്' -
രേണുകയുടെ കയ്യും ഞങ്ങളുടെ കവിളുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടാകാഞ്ഞതിന് ദൈവത്തിനു നന്ദി പറഞ്ഞുപോയി.

Mahesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo