Slider

മോക്ഷ വാതിലുകൾ

1
മോക്ഷ വാതിലുകൾ
********************
വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി മടിയിൽ വെച്ചു..ചാരു കസേരയിൽ ഒന്ന് കൂടി അമർന്നിരുന്നു ...മൂക്കിനു മീതെ ഇരുന്ന കണ്ണട ഊരിമാറ്റി ബുക്കിന് മീത വെച്ച് കണ്ണുകൾ അടച്ച് വലതുകരം തലക്ക് മീതെ വെച്ചു...
മടിയിൽ ഇരിക്കുന്ന പുസ്തകത്തിലെ വാക്കുകൾ ഹൃദയത്തിലേക്ക് ചേക്കേറുന്ന മാന്ത്രിക വിദ്യ... അക്ഷരങ്ങൾക്ക് എങ്ങനെ ഇങ്ങനെ സാധിക്കുന്നു.... മനുഷ്യ മനസ്സുകളെ അറിഞ്ഞ എഴുത്തുകാരൻ നിശിതമായ അനുപാതത്തിൽ അക്ഷരങ്ങളെ തൂലിക തുമ്പിൽ അമ്മാനമാടി വായനക്കാരന്റെ ഹൃദയത്തിൽ എഴുതി ചേർക്കുന്ന മാന്ത്രിക വിദ്യ.....
വിരസതയുടെ സായാഹ്നങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട്...പുസ്തകങ്ങൾ.!
വീടിനുള്ളിൽ ഓരോ ദിവസവും കനം വെച്ച് വരുന്ന നിശ്ശബ്ദത... ഏകാന്തതയെ ഭയന്ന് തുടങ്ങിയ നിമിഷങ്ങളിൽ വീടിനകത്തേക്ക് ആവാഹിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ.. അവയുടെ ആത്മ നൊമ്പരങ്ങൾക്കൊപ്പം തന്റെ മനസ്സിലെ വേദനകളും തളച്ചിടാൻ ശ്രമം നടത്തി..
ജീവിക്കാൻ ഒരർത്ഥം തിരയുന്ന മനസ്സിന് നര ബാധിച്ച് തുടങ്ങിയിരിക്കുന്നു.. കുട്ടിക്കാലം മുതൽ ഉൾവലിഞ്ഞ തന്റെ പ്രകൃതം കൊണ്ടാകും സമൂഹത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇന്നും മടിയാകുന്നൂ..
നേരത്തെ മുറിക്കുള്ളിൽ നിന്നും അമ്മയുടെ നേർത്ത ഞരങ്ങലുകൾ ഉയർന്നു കേട്ടിരുന്നു... തളർന്ന് പോയ ശരീരം ആത്മാവിന്റെ വേർപിരിയലിന് വേണ്ടി ദാഹിച്ച് കൊണ്ടിരുന്നു.. കാണാൻ വരുന്ന ഓരോരുത്തരുടോയി അമ്മ പറയുമായിരുന്നു..
"എന്നെ ഒന്ന് വിളിക്കാൻ പ്രാർത്ഥിക്ക്‌!"
ഏകാന്തത അമ്മക്കും മടുത്ത് കാണണം.
ഒരേ ഒരു മകന്റെ സന്താനത്തെ കാണാൻ കൊതിച്ച കണ്ണുകൾ.. ഒടുക്കം നിരാശ ബാധിച്ച തിമിരം പൂണ്ട കണ്ണുകളായി രൂപാന്തരം പ്രാപിച്ച് കാണണം..
പലരുടെയും പ്രാർത്ഥനകൾക്ക് ഒടുവിൽ അമ്മക്ക് മോക്ഷം.. ഇൗ ഏകാന്തതയുടെ തടവറയിൽ നിന്നും..അച്ഛന്റെ മരണത്തോടെ താൻ ആയിരുന്നു അമ്മയുടെ ലോകം.. നാളുകൾ കഴിഞ്ഞപ്പോ അമ്മയും തിരിച്ചറിഞ്ഞ് തുടങ്ങി.. മരുമകൾ മച്ചി എന്ന്
എത്ര ഡോക്ടർമാർ ..പ്രാർത്ഥനകൾ വഴിപാടുകൾ... വർഷം പതിനാല് കഴിഞ്ഞിരിക്കുന്നു...
കൊഞ്ചിക്കാനും ലാളിക്കാനും എന്നും ഇനി പരസ്പരം നമ്മൾ രണ്ടുപേര് മാത്രം എന്ന് മനസ്സ് പറഞ്ഞു പഠിച്ച് കഴിഞ്ഞു..
പ്രതീക്ഷയോടെ ഓരോ ഡോക്ടർമാരുടെ അടുത്ത് ചെല്ലുമ്പോഴൊക്കെ സിതാരയുടെ കണ്ണുകളിൽ ഒരമ്മയുടെ വാത്സല്യം പേറാൻ ഉള്ള അദമ്യമായ ദാഹം നിഴലിച്ചു നിന്നിരുന്നു..
പിന്നെ പതിയെ പതിയെ അതും കെട്ടടങ്ങുന്നത് കാണാൻ കഴിഞ്ഞു..
"എന്നെ വെറുക്കുന്നുണ്ടോ ഹരിയെട്ടാ.."
നെഞ്ചില് തല വെച്ച് പൊട്ടിക്കരഞ്ഞ് അവള് പലപ്പോഴും ചോദിച്ചു.
അമ്മയാകാൻ കഴിയാതെ പോയ പെണ്ണ്..
അവളുടെ മനസ്സിൽ അലയടിക്കുന്ന തിരമാല പലപ്പോഴും നീർച്ചാലായി ഒഴുകി കൊണ്ടിരുന്നു...
"ഏട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിക്കോ ഞാൻ ഒഴിഞ്ഞ് മാറി തരാം..."
എപ്പോഴൊക്കെയോ അവള് പുലമ്പി കൊണ്ടിരുന്നു...
"നീയാണ് എന്റെ മോള് എനിക്ക് നീ മതീ.."
ഓരോ തവണയും അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് പറയും...
പക്ഷേ എല്ലാം മാറി തുടങ്ങിയത് എന്നാണ്..
അവളുടെ അനിയത്തി ലക്ഷ്മി രണ്ട് വർഷം മുൻപ് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ അവള് തുള്ളി ചാടി.. പിന്നെ ലക്ഷ്മിയുടെ സംരക്ഷണം അവള് ഏറ്റെടുത്തു..
പലപ്പോഴും ലക്ഷ്മിയെ കാണാൻ ഉള്ള ഓട്ടം ആയിരുന്നു.. താൻ എന്ന വ്യക്തിയെ പലപ്പോഴും മറക്കുന്നു എന്ന് തോന്നി പോയി..തനിക്ക് ലഭിക്കേണ്ട സ്നേഹം പങ്കു വെക്കപ്പെടുന്ന തോന്നൽ..
പ്രസവ മുറിയിൽ നിന്നും കുഞ്ഞിനെ നഴ്സിന്റെ കയ്യിൽ നിന്നും ഓടിച്ചെന്ന് വാങ്ങിയതും അവളായിരുന്നു..
ലക്ഷ്മിയുടെ അമ്മായിയമ്മ അത് കണ്ട് മുഖം ചുളിച്ചത് കണ്ടിട്ടും സിതാര എല്ലാം കണ്ടില്ലെന്നു നടിച്ച് ... തന്റെ അടുത്തേക്ക് കുഞ്ഞിനെ കൊണ്ട് വന്നു....
മനസ്സ് പിടഞ്ഞ് കൊണ്ടിരുന്നു .
പിതൃത്വം സ്ഥാപിക്കാൻ കഴിയാതെ പോകുന്ന പുരുഷൻ.... തന്റേതായ ഒരു വിത്ത് മുളപ്പിക്കാൻ തക്കതായ ഗർഭപാത്രം തിരയുന്ന മനസ്സ്..
ലക്ഷ്മിയുടെ കുഞ്ഞിന് അവളുടെ ഭർത്താവിന്റെ ഛായയുണ്ടോ..
സൂഷിച്ച് നോക്കി...ഭൂമിയിൽ തന്റെ രക്തത്തിൽ നിന്നും ഒരു ജീവൻ.. ഒരു പുരുഷൻ എന്നും അത് ആഗ്രഹിക്കുന്നില്ലേ?
ബ്രഹ്മചര്യം സ്വീകരിച്ചവര് പോലും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മറഞ്ഞ് പോകാൻ കാത്ത് നിൽക്കുന്ന താൻ എന്ന വ്യക്തിത്വത്തിന്റെ മറു രൂപം കാണാൻ കൊതിച്ച് പോയതായി പറഞ്ഞ് കേട്ടിട്ടുണ്ട്..
പക്ഷേ ജീവിതം തനിക്ക് ഇതാണ് സമ്മാനിച്ചത് എങ്കിൽ.... ഇത് തന്നെ വിധി..
ഇൗ വിധിയെ മനസ്സാവഹിക്കുക..
"എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ..? ലക്ഷ്മിയുടെ ഛായ തന്നെ അല്ലെ.."സിതാര കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ചോദിച്ചു.. അവളുടെ മാത്രഹൃദയം ഉണർന്ന് കഴിഞ്ഞൂ.. ഒരു പെണ്ണിന് മാത്രം സാധിക്കുന്ന കാര്യം.. പ്രസവിക്കാതെ മുലയൂട്ടാതെ അവള് പലപ്പോഴും അമ്മയാകുന്നു... സിതാര കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ട് നിന്നപ്പോൾ കണ്ണുകൾ ആർദ്രമകുന്നത് അറിഞ്ഞു...
ഒരു കുഞ്ഞിനെ ദത്തെടുത്ത് കൂടെ? അടുപ്പമുള്ളവർ പലരും മടിച്ച് മടിച്ച് ചോദിച്ചു.. മനസ്സ് പക്ഷേ ആ ചോദ്യത്തിന് നേരെ മുഖം കോട്ടി നിന്നു...സിതാരയും മനസ്സ് കൊണ്ട് അതാഗ്രഹിച്ചിരുന്നൂ..പക്ഷേ എന്തൊക്കെയോ മനസ്സിൽ തെട്ടി തെട്ടീ വന്നുകൊണ്ടിരുന്നു..
മനസ്സിന്റെ കോണിൽ എവിടെയോ ഒളിപ്പിച്ചു വെച്ച നഗ്നസത്യം ഇടക്കിടെ കോമാളിരൂപം പൂണ്ട് പല്ലിളിച്ചു കാട്ടുന്നു..
കൊടുമ്പിരി കൊണ്ട പ്രണയത്തിന്റെ ഉത്തുങ്കശ്രംഗത്തിൽ അലിഞ്ഞ് ചേർന്ന രണ്ട് ശരീരങ്ങൾ ബാക്കി വെച്ചത് ഒരു പുതുനാമ്പ്..
സമൂഹത്തിന്റെ ചോദ്യശരങ്ങൾക്ക് ഉത്തരം നൽകാൻ ഭയപെട്ട തന്റെ മനസ്സാണ് അബോർഷൻ എന്ന പ്രതിവിധി ശാരിക്ക് നേരെ നീട്ടിയത്.. ഒരു ജോലി നേടും വരെ ഉള്ള സാവകാശം തേടിയ തന്റെ നിലപാടിനെ പുച്ഛത്തോടെ അവളിലെ അമ്മ വലിച്ചെറിഞ്ഞു .തൊഴിൽരഹിതനായ ഒരു ചെറുപ്പക്കാരൻ .... പെണ്ണിന്റെ കഴുത്തിൽ താലി ചാർത്താൻ ഉള്ള തന്റേടം ഉണ്ടായില്ല എന്ന വാസ്തവത്തിന് മുന്നിൽ അവള് തന്റെ നേരെ കാർക്കിച്ച് തുപ്പി ഇറങ്ങിപോയി..
അന്ന് മുതൽ പത്തി താഴ്ത്തിയ തന്നിലെ പുരുഷൻ തന്റെ ഭാര്യക്ക് തനിക്ക് ഒരു കുഞ്ഞിനെ നൽകാൻ കഴിയില്ല എന്ന സത്യത്തിന്റെ മുന്നിൽ നിസ്സഹായനായി നോക്കി നിന്നു..അനാഥാലയങ്ങളിൽ എവിടെയെങ്കിലും തന്റെ കുഞ്ഞ് വളരൂന്നുണ്ടാവുമോ...അകാരണമായ ഭയം ദിനം പ്രതി വളർന്ന് കൊണ്ടിരുന്നു..
കഴിഞ്ഞ മാസം ബസ്സ്റ്റാൻഡിൽ അവിചാരിതമായി അവളെ കണ്ടൂ.. ഒപ്പം ഒരു പെൺകുട്ടി...
ഉള്ളൊന്നു പിടഞ്ഞു അറിയാതെ.. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ.. ഗർഭിണിയായ കാമുകിയെ ഉപേക്ഷിച്ച പുരുഷൻ ! കൂടെ ഉള്ള കുഞ്ഞ്....?പകച്ച് പോയ തന്റെ മുന്നിലേക്ക് കിതച്ചോടി അവളെത്തി..
ഒരു ചോദ്യചിഹ്നം പോലെ കുട്ടിയെ നോക്കുന്ന കണ്ടാവണം അവള് പെട്ടെന്ന് പറഞ്ഞത് .. അവളുടെ അച്ഛൻ ശ്രീയുടെ മുഖമാണ് അവൾക്കെന്ന് ...ശ്രീയെട്ടനെ പോലെ തന്റേടം അവൾക്കുണ്ടെന്ന്..
താൻ എന്ന പുരുഷൻ ഇല്ലാതെയാവുന്നത് അറിഞ്ഞു..
"നമ്മുടെ കുഞ്ഞ്..." എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ .. അതിനുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നൂ..
"ഓർമകൾ ഒന്നും ഞാൻ ബാക്കി വെച്ചില്ല ...എല്ലാം നശിപ്പിച്ച് കളഞ്ഞു.." ഏതോ ഒരു ബസ്സിൽ കേറാൻ ഒരുങ്ങും നേരം അവളു പറയുമ്പോൾ കണ്ണിൽ ഒരു കള്ളം ഒളിപ്പിച്ച പോലെ തോന്നി...
ഇന്നലെകൾ ബസ്സിൽ അകന്നു പോകുമ്പോൾ ഉള്ളിൽ ആരോ തേങ്ങുന്നു..
സിതാര ലക്ഷ്മിയുടെ കുഞ്ഞിനെ തന്റേതായി മനസ്സ് കൊണ്ട് സ്വീകരിച്ച് കഴിഞ്ഞു.. സമയം കിട്ടിയാൽ ഉടൻ അവള് ലക്ഷ്മിയുടെ അടുത്തേക്ക് ഓടും...
പക്ഷേ താൻ...
"ഇതെന്താ ഇരുട്ടത്ത് ഇരിക്കുന്നത് ..?"
ലൈറ്റ് ഇട്ടു കൊണ്ട് സിതാര അകത്തേക്ക് കേറിവന്നൂ..
"ഒന്നുമില്ല.. "അങ്ങനെ പറയാൻ ആണ് തോന്നിയത്. മനസ്സിന്റെ പിടച്ചിൽ അവള് ഈയിടെയായി അറിയുന്നില്ല എന്ന തോന്നൽ.. താൻ ഒറ്റപ്പെടുന്നു...കൂട്ടായി കൊണ്ട് നടക്കുന്ന പുസ്തകങ്ങൾ പലപ്പോഴും അക്ഷരങ്ങൾ കൊണ്ട് ഹൃദയത്തെ കോറിമുറിവേൽപ്പിക്കുന്നു...കർമ്മഫലം കൊണ്ട് താൻ നേടിയ ശാപമോ തന്നെ വേട്ടയാടുന്നത് എന്ന ചിന്ത അർബുദം പോലെ തന്നെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു..
ഇനിയും വയ്യ മോക്ഷം തേടിയേ തീരൂ...
രാത്രി കിടക്കാൻ നേരവും സിതാര ഫോൺ എടുത്ത് നീട്ടി.. ലക്ഷ്മിയുടെ കുഞ്ഞിനെ കളിപ്പിക്കുന്ന കുറെ വീഡിയോകൾ.. ഫോട്ടോകൾ.. ഓരോന്ന് കാണിക്കുമ്പോഴും അവള് കൂടുതൽ വാചാലയാകുന്നത് അറിഞ്ഞു... കണ്ണുകളിൽ നിന്ന് പഴയ നിരാശ പടിയിറങ്ങി പോയിരിക്കുന്നു..
തന്റെ മൗനം കണ്ടിട്ടാവണം അവളു പതിയെ സംസാരം നിർത്തിയത്...
മങ്ങിയ വെളിച്ചത്തിൽ അവളു ചേർന്ന് കിടന്നു..
"എന്താ പറ്റിയെ ഹരിയേട്ടാ..? ഇഷ്ടം ഇല്ലെങ്കിൽ ഇനി ഞാൻ പോകുന്നില്ല... "
"അതല്ല സിതാര...എനിക്കൊരു കാര്യം പറയാനുണ്ട്..."
മുഖവുരയിട്ട്‌ കൊണ്ട് സംസാരം തുടങ്ങിയപ്പോ... ചേർന്ന് കിടക്കുന്ന അവളിൽ ആകാംക്ഷ ചേക്കേറുന്നതറിഞ്ഞൂ...
വർഷങ്ങളായി മനസ്സിൽ അവളു സൂക്ഷിച്ച് വെച്ച പ്രിയഭർത്തവിന്റെ ഭൂതകാലത്തിന്റെ ഏടുകളിൽ കലർന്ന ചതിയുടെ കാളകൂട വിഷത്തിന്റെ വാങ്ങലാണ് താൻ ഇന്ന് പേറുന്ന മച്ചി എന്ന സ്ഥാനപ്പേര് .. എന്നവൾ തിരിച്ചറിഞ്ഞ നിമിഷം.....
രണ്ട് തുള്ളി കണ്ണുനീർ നെഞ്ചിൽ അടർന്നുവീണൂ..
ചേർന്ന് കിടക്കുന്ന അവളുടെ മനസ്സ് ഒരു നിമിഷം കൊണ്ട് തന്നിൽ നിന്നും അകന്നു കഴിഞ്ഞുവോ..?
മൗനം ... നീണ്ട മൗനം....
പ്രതിഷേധത്തിന്റെ ഏറ്റവും ശക്തമായ ആയുധമായ നീണ്ട മൗനത്തെ താങ്ങാൻ കെൽപ്പില്ലാത്ത ഒടുവിൽ പറഞ്ഞ് പോയി...
"മാപ്പ്..."
അതിനുള്ള മറുപടി എന്നോണം അവളുടെ ലോലമായ കരം തന്നെ ചേർത്ത് പിടിച്ച് അവളുടെ നെഞ്ചോട് ചേർക്കുമ്പോൾ അവള് പിറുപിറുക്കുന്നുണ്ടായിരുന്നൂ....
"ശാപത്തിന്റെ മോക്ഷവാതിലുകൾക്ക് അനാഥാലയങ്ങൾ എന്നും പേരുണ്ട്...അത് തുറക്കാൻ സമയമായി ഹരിയെട്ടാ..."

Shabna
1
( Hide )
  1. Mmmmmmm. ... Evdeyoo. Enthokkeyoo eniyumm. Ezuthi cheerkkan unduuu edakk vaakkukal kkadu kayarunnu... Nnalum. Story kuzappillattoo. Keep writing..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo