നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിന്നെയും തേടി **************** ഭാഗം :- 9

നിന്നെയും തേടി
****************
ഭാഗം :- 9
ട്രെയിൻ ചൂളം വിളിച്ച് മലപ്പുറത്ത് റെയിൽവേ സ്റ്റേഷനിൽ ഒരു കിതപ്പോടെ നിന്നു.. വർഗീസ് സാറും ടീച്ചറും കാവേരിയും ഇറങ്ങി.. മൂന്നു ദിവസത്തെ ട്രെയിൻ യാത്ര അവരെ പാടെ തളർത്തിയിരുന്നു.. ഉച്ചഭക്ഷണം ട്രെയിനിൽ നിന്നും കഴിച്ചിട്ട് ഇറങ്ങിയതുകൊണ്ട് വിശപ്പു തോന്നിയില്ല.. അവർ നേരെ ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു.. അടുത്തെവിടെയെങ്കിലും മുറിയെടുക്കാൻ കുറഞ്ഞ നിരക്കിൽ ഹോട്ടൽ ഉള്ളിടത്തേക്ക് അവർ ഓട്ടോക്കാരനോട് ചോദിച്ചു മനസ്സിലാക്കി.. ഓട്ടോക്കൂലിയും പറഞ്ഞുറപ്പിച്ചശേഷം അവർ ഒരു ഇടത്തരം ഹോട്ടലിലേക്ക് പോയി.. അനാഥാശ്രമത്തിലേക്കുള്ള വഴി ചോദിച്ചു. ഓട്ടോ ഡ്രൈവർ അയാളുടെ നമ്പർ കൊടുത്തു.. പോകേണ്ട സമയത്തു വിളിച്ചാൽ കൊണ്ടുപോകാമെന്ന് ഏറ്റു..
എല്ലാവരും കുളിച്ചു ഫ്രഷ് ആയി.. ഓട്ടോ ഡ്രൈവറിനെ വിളിച്ചു വരുത്തി.. അവിടെ ചെന്നപ്പോൾ അവർ കണ്ടത് അനാഥാശ്രമത്തിന്റെ മുറ്റത്ത് ഒരു വലിയ പന്തലാണ്.. കുറച്ചു കുട്ടികൾ അവിടെ ഓടിക്കളിക്കുന്നു.. മുതിർന്നവർ ഓരോ ജോലികളിൽ മുഴുകി നടക്കുന്നു.. അടുത്തു കണ്ട ഒരാളോട് സാർ വിവരം അന്വേഷിച്ചു..
‘അതേ.. ചേട്ടാ.. ആരോട് ചോദിച്ചാലാ ഈ സ്ഥാപനത്തെപ്പറ്റി കൂടുതൽ അറിയാൻ കഴിയുക.. ‘
അയാൾ തിരിഞ്ഞു നോക്കി.. എന്നിട്ട് തിരിഞ്ഞു നിന്ന് തലയിൽ കെട്ടുള്ള ഒരു മുസലിയാരെ ചൂണ്ടിക്കാണിച്ചു പറഞ്ഞു..
‘ ദാ.. അങ്ങോട്ടു ചോദിച്ചാൽ മതി..’
‘അല്ല .. അദ്ദേഹത്തിന്റെ പേരെന്താ..’
‘ബീരാൻ’
അവർ അങ്ങോട്ടേക്ക് നടന്നടുത്തു
‘മിസ്റ്റർ ബീരാൻ..’
‘അതേ.. ഞമ്മള് തന്നെ.. എന്താണാവോ’
‘ഞങ്ങൾ ഒരു കാര്യം അന്വേഷിക്കാൻ വന്നതാ.. ഈ അനാഥാശ്രമം..’
‘ആ അതുതന്നെ.. ഇത് ഒരു ഒൻപത് പത്തു കൊല്ലമായി പൂട്ടിക്കിടക്കുവാരുന്നു.. നാളെയാണ് രണ്ടാമത് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഉത്ഘാടനം.. ഒന്നു രണ്ടു വിശിഷ്ടാഥിതികളൊക്കെയുണ്ട്.. പിന്നെ ഒരു സിനിമാനടനും ഉണ്ട്.. എല്ലാരും വല്യ വല്യ ആളുകളാണ്.. ‘
‘അതല്ല ഞങ്ങൾ ചോദിക്കാൻ വന്നത്..’
‘അതുതന്നെ.. പുതിയ കുട്ടികളുടെ അഡ്മിഷനും കാര്യങ്ങളും ഒക്കെ സാംകുട്ടിയും പിന്നെ എന്റെ മകൻ അൻവറും കൂടിയാ നോക്കുന്നെ.. അവരൊക്കെ തിരക്കിട്ട് ഓടിനടന്ന് ഓരോ ജോലിയിലാ’
‘അല്ല.. മൂപ്പിന്നെ.. ഞങ്ങള് വേറൊരു കാര്യം ചോദിക്കാൻ’
‘എന്നെ മൂപ്പീന്നെന്നോ.. എന്റെ മോനെങ്ങാനും കേട്ടൊണ്ട് വന്നാലുണ്ടല്ലോ..’
‘ദാ.. അവൻ വരുന്നുണ്ട്..’
‘എടാ മോനെ അൻവറെ.. നീ കേട്ടോ.. എന്നെ മൂപ്പീന്നെന്ന്..’
‘ഉപ്പച്ചീ... ആരാ ഇവരൊക്കെ.. എന്താ കാര്യം.. ‘
‘ആരാന്നറിയില്ലടാ മോനെ.. അനാഥാശ്രമത്തെപ്പറ്റി അന്വേഷിക്കാൻ വന്നതാ’
‘അനാഥാശ്രമത്തെപ്പറ്റിയല്ല.. ഇവിടെ ഞങ്ങളുടെ അറിവിലുള്ള ഒരു കുട്ടി താമസിച്ചിട്ടുണ്ടോന്ന് അറിയാൻ വന്നതാ..’
‘ഓഹ്.. ഇവിടെ കുട്ടികളെയൊക്കെ.. പല ആശ്രമത്തിന്ന് കൊണ്ടുവന്നതാ.. എത്ര പ്രായമുള്ള കുട്ടിയാ..’
‘ഒരു പത്തു പതിനെട്ട് വയസ്സു വരും.. ആണ്കുട്ടിയാണ്..’
‘ഏയ്.. അങ്ങനെ ഇവിടെക്കാണില്ല.. ഇത് പൂട്ടിപ്പോയിട്ട് പത്തു വർഷത്തോളമായി.. ഇപ്പൊ തുറന്നു പ്രവർത്തിക്കാൻ പോകുന്നതേയുള്ളൂ.. ‘
കാവേരിയുടെ മുഖം മ്ലാനമായി..
‘എന്നാൽ നമുക്ക് പോകാം സാറേ.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ..’
അപ്പോഴാണ് അൻവർ അവരുടെ കൂടെയുണ്ടായിരുന്ന കാവേരിയെ ശ്രദ്ധിച്ചത്.. അവന്റെ നെഞ്ചിൽക്കൂടി ഒരു മിന്നാൽപ്പിണർ പാഞ്ഞു പോയി..
‘ഇത് ചേച്ചിയാണോ...’അവൻ ആലോചിച്ചു
‘ഒന്നു നിന്നെ..’
ബീരാനിക്ക അവരെ തിരികെവിളിച്ചു.. അവർ തിരിഞ്ഞു നിന്നു.. കാവേരി മാത്രം തിരിഞ്ഞില്ല.. അവളുടെ കണ്ണീരൊളിപ്പിക്കാൻ വേറെ മാർഗം ഇല്ലായിരുന്നു..
‘നിങ്ങൾ ആളെപ്പറ്റി വിശദമായിപ്പറയ്.. നമുക്ക് അന്വേഷിക്കാമല്ലോ.. ഏകദേശം മിക്ക അനാഥാലയങ്ങളുടെയും ലിസ്റ്റും കുട്ടികളുടെ പേരും ഞങ്ങളുടെ കയ്യിലുണ്ട്.. കുറച്ചു കുട്ടികളെ ഇങ്ങോട്ടു കൊണ്ടു വരാൻ വേണ്ടി ഞങ്ങൾ ലിസ്റ്റെടുത്തു വച്ചതാ.. നമുക്ക് നോക്കാം വരൂ..’
കാവേരി കണ്ണീര് ഷോളിന്റെ തുമ്പിൽ തുടച്ച് തിരിച്ചു മറ്റുള്ളവരുടെ കൂടെ നടന്നു.. അകത്തുനിന്നും സുഹ്റയും വന്നു..
‘ഇനി വിശദമായി പറയൂ..’
കാവേരി ചെറുപ്പത്തിൽ നടന്ന സംഭവം അവരോട് പറഞ്ഞു..
ബീരാനും സുഹ്റാബിയും മുഖത്തോടുമുഖം നോക്കി.. ഒരു പൊട്ടിക്കരച്ചിൽ അവിടെ കേട്ടു.. അൻവറായിരുന്നു അത്..
‘ചേച്ചീ... അവൻ വാവിട്ടു നിലവിളിച്ചു.. ‘
‘മോളെ.. ഇതുതന്നെയാ നിന്റെ അനിയൻ സെൽവൻ.. എന്റെ മോനായിട്ട് ഞാൻ വളർത്തുകയായിരുന്നു.. ഞാൻ തന്നെയാ ഇവന് അൻവർ എന്ന പേരിട്ടതും.. ‘
കാവേരി സെൽവന്റെ അരികിലേക്ക് ചെന്നു.. രണ്ടുപേരും കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു..
രംഗം ഒന്നു ശാന്തമായപ്പോൾ ബീരാൻ അവരോട് ചോദിച്ചു..
‘അപ്പോൾ മോൾ ഇത്രകാലം എവിടെയായിരുന്നു..’
കാവേരി അവളുടെ ജീവിതം ചുരുക്കിപ്പറഞ്ഞു.. കുഞ്ഞുണ്ടായതും.. ജോസഫിനെ കണ്ടുമുട്ടിയതും ഒഴികെ..
‘അപ്പൊ.. ഇത്രകാലം അനിയനെ കാണാൻ എന്തേ വരാഞ്ഞത്.. ഇത്രനാളും ഞങ്ങൾ നോക്കി വളർത്തിയിട്ട് ഇപ്പൊ ഇവനെ ഞങ്ങളിൽനിന്നും അകറ്റിയാൽ.. ഞങ്ങൾക്കത് സഹിക്കാൻ പറ്റില്ല..’
അൽപം നീരസം മുഖത്തുവരുത്തിയാണ് ബീരാനിക്ക അതു പറഞ്ഞത്..
‘അയ്യോ... എനിക്ക് ഇത്രനാളും സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു.. ജോസഫ് എന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തെകൂട്ടിവന്ന് അന്വേഷിക്കാൻ ആയിരുന്നു. പക്ഷെ... ‘
ജോസഫിന്റെ പേര് അറിയാതെ വായിൽനിന്നു വീണുപോയി
‘ഇതിപ്പോ ഏതാ.. പുതിയ അവതാരം..’
‘അതൊരു അടഞ്ഞ അധ്യായമാണ് ഇക്ക... അതിനി ഓർക്കേണ്ട.. ഇപ്പൊ എനിക്കൊരു അച്ഛനേം അമ്മേം കിട്ടി.. അതുകൊണ്ടാ ഇപ്പൊ വരാൻ പറ്റിയത്.. അവനെ നിങ്ങളിൽ നിന്നും അകറ്റില്ല ഞാൻ.. ഈ അനാഥാശ്രമത്തിൽത്തന്നെ എന്തെങ്കിലും ജോലി നോക്കാം ഞാൻ.. ഇതെന്റെ ഒരു ആഗ്രഹംകൂടിയാണ് ... അതുകൊണ്ട് ഇക്ക ഒന്നു കൊണ്ടും വിഷമിക്കണ്..’
‘ഇക്ക അല്ല.. വാപ്പച്ചി.. നിന്റെ അനിയന്റെ വാപ്പച്ചി ഇനി നിന്റേം കൂടെയാ.. ‘
‘അപ്പൊ ഇനി ഞങ്ങളും പോകുന്നില്ല.. സമ്പാദിച്ചതൊക്കെ മതി.. ഇനി ഈ ആശ്രമത്തിൽ കുഞ്ഞുങ്ങളുടെ കൂടെ ശിഷ്ടകാലം ജീവിക്കാം.. ഞങ്ങടെ സമ്പാദ്യം അനുഭവിക്കാൻ ആരുമില്ല.. അതും ഈ കുഞ്ഞുങ്ങൾക്കു ഇരിക്കട്ടെ..’
വർഗീസ് സാർ പറഞ്ഞു
*******
പിറ്റേദിവസം ഉത്ഘാടന ചടങ്ങ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കി.. വേദിയിലെ രണ്ടു കസേരകൾ ഒഴിഞ്ഞു കിടക്കുന്നു.. ബീരാനിക്കയ്ക്കും കിട്ടി പ്രസംഗിക്കാൻ അവസരം..
‘ഇന്നത്തെ ഈ സുദിനത്തിൽ.. ഇവിടെയാർക്കും സുപരിചിതമല്ലാത്ത ഒരു വ്യക്തിത്വത്തെ ഞാൻ ക്ഷണിക്കുന്നു.. ഈ അനാഥാശ്രമത്തിന് സ്വന്തം അറിവോടെയല്ലെങ്കിലും ഏറ്റവും കൂടുതൽ സാമ്പത്തിക പിന്തുണ നൽകിയ വ്യക്തി.. ഇരുപാട് ഇരുൾ നിറഞ്ഞ വഴികളിലൂടെ നടന്ന വ്യക്തി.. ഞാൻ ക്ഷണിക്കുന്നു.. കാവേരി....’
വേദിയിൽ നിറഞ്ഞ കയ്യടികൾ മുഴങ്ങി.. കാവേരി ഒന്നും മനസ്സിലാകാതെ നിന്നു.. ഒന്നും മനസ്സിലായില്ലെങ്കിലും അൻവർ അവളെ കൈപിടിച്ചു വേദിയിലേക്ക് ആനയിച്ചു..
‘ഒരു അടഞ്ഞ അധ്യായവും ഇന്ന് തുറക്കാൻ പോകുകയാണ്.. സാം കുട്ടിയെ... ഇങ്ങു വാ’
കാവേരി തിരിഞ്ഞു നോക്കി... അവളുടെ മുഖം ചെന്താമരപോലെ വിടർന്നു..
‘ജോസഫ്.. ‘
അറിയാതെ അവൾ പറഞ്ഞു.. വീണ്ടും പ്രസംഗങ്ങൾ നടന്നു.. കാവേരി തൊട്ടടുത്തിരിക്കുന്ന ജോസഫിനെ നോക്കി മതിമറന്നിരുന്നു..
അവസാനം ബീരാനിക്കയുടെ വക ഒരു അറിയിപ്പും ഉണ്ടായിരുന്നു..
‘നാളെ ഇതേ പന്തലിൽ നമ്മുടെ സാംകുട്ടിയുടെയും നമ്മുടെ കാവേരിയുടെയും വിവാഹം നടക്കുന്നതായിരിക്കും.. എല്ലാവരും വരുക.. അനുഗ്രഹിക്കുക...’
******
എല്ലാവരും പിരിഞ്ഞു പോയി.. വേദിയിൽ സാമും കാവേരിയും മാത്രമായി..
‘ജോസഫ്... സാം..??’
‘സാം.. അതെന്റെ വിളിപ്പേരാ.. ജോസഫ് എന്നത് ഓഫീഷ്യലും.. അന്ന് നീ ആ പാർക്കിൽ വച്ച നിന്റെ കഥകളൊക്കെ പറഞ്ഞത് ഓർക്കുന്നോ.. അന്ന് എനിക്ക് മനസ്സിലായതാ ഒരിക്കൽ ഞാൻ രക്ഷിച്ചുകൊണ്ടുവന്ന എട്ടു വയസ്സുകാരൻ നിന്റെ അനിയനാണെന്നു.. നിന്റെ ആഗ്രഹം നിറവേറ്റാനാ ഞാൻ ഓരോ തവണയും പൈസ ചോദിച്ചു വാങ്ങിയത്.. എല്ലാം നിനക്ക് ഒരു സർപ്രൈസ് ആകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ‘
‘സെൽവന്റെ കാര്യമെങ്കിലും എന്നോട് പറയാമായിരുന്നു..’
‘അങ്ങാനാണേൽ ഞങ്ങൾക്ക് ഇന്നലത്തെ ആ മനോഹരമായ കാഴ്ച കാണാൻ പറ്റുമായിരുന്നോ.. ‘
വർഗീസ് സാറിന്റെ ശബ്ദമായിരുന്നു അത്..
‘അപ്പൊ സാറിനും എല്ലാം അറിയാമായിരുന്നല്ലേ..’
‘എനിക്ക് മാത്രമല്ല.. നീയും അൻവറും ഒഴികെ എല്ലാർക്കും അറിയാമായിരുന്നു.. ‘
അവൾ പരിഭാവത്തോടെ സാമിന്റെ കണ്ണുകളിൽ നോക്കി..
‘അതേ.. കല്യാണം നാളെയാണ്.. മതി.. മതി.. വാ പോകാം.. മോൾക്ക് വേണ്ടി സാംകുട്ടി വാങ്ങിവച്ച മന്ത്രകോടിയും മറ്റും വീട്ടിലുണ്ട്.. നാളെ ഉമ്മച്ചിയും ടീച്ചറമ്മേം കൂടെ മോളെ ഒരുക്കും.. ‘
എല്ലാവരും പിരിഞ്ഞു..
********
പിറ്റേ ദിവസം നാട്ടുകാരുടെയും വീട്ടുകാരുടെയും അന്തേവാസികളുടെയും സാന്നിധ്യത്തിൽ കാവേരിയും സാമും വിവാഹിതരായി.. ഉപ്പച്ചിയും വർഗീസ് സാറും ചേർന്ന് സാമിന്റെ കൈകളിൽ കാവേരിയുടെ കൈകൾ ചേർത്തുവച്ചു.. അൻവർ കണ്ണു നിറച്ച് ചേച്ചിയെ നോക്കി അരികിൽ തന്നെയുണ്ടായിരുന്നു..
ആദ്യരാത്രി അനാഥാശ്രമത്തിലെ അവർക്കായൊരുക്കിയ മുറിയിൽ തന്നെയായിരുന്നു.. സാമിന്റെ മാറിലെ ചൂടുപറ്റിക്കിടന്നവൾ പറഞ്ഞു തുടങ്ങി..
‘ജോസഫ്.. അല്ല .. സാമച്ചായാ.. ഇത്രനാളും ദൈവം എന്നെ പരീക്ഷിച്ചതെന്തിനാണെന്നറിയുമോ...?’
അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് സാം ചോദ്യഭാവത്തിൽ മൂളി..
‘അനിയനെത്തിരിച്ചു തരുന്നതിനൊപ്പം നിങ്ങളെപ്പോലെ ഒരു നല്ല ഭർത്താവിനെയും രണ്ടച്ചനെയും രണ്ടമ്മയെയും എനിക്ക് തരാൻ.. ഇപ്പൊ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാനാണെന്ന് തോന്നുവാ..’
അവളുടെ കണ്ണീരിന്റെ ചൂടുള്ള നനവ് സാമിന്റെ നെഞ്ചു പൊള്ളിച്ചു
‘മതി പെണ്ണേ.. കരഞ്ഞു മതിയായില്ലേ... ഇനിയീ കണ്ണു നിറയാൻ ഞാൻ അനുവദിക്കില്ല..’
സാം അവളുടെ കണ്ണുനീർ തുടച്ചു.. തന്നോട് ഒന്നൂടെ ചേർത്തുകിടത്തി..
*********
ഇനി അവരായി അവരുടെ പാടായി.. നമുക്ക് പോകാം വാ.. വായിക്കുന്നവരോടാ പറയുന്നേ. ഇനി അങ്ങോട്ട് നോക്കണ്ടാന്ന്..
ഈ തുടർക്കഥ ഇവിടെ അവസാനിക്കുന്നു.. അപ്പൊ.. ശരി.. പിന്നെ കാണാം കേട്ടോ.. വേറെ എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ട് വെറുപ്പീര് വീണ്ടും തുടരും.. 😜😜
ഒരു കാര്യം കൂടി എനിക്ക് ഒരുപാട് നല്ല കമന്റുകൾ തന്ന എല്ലാവർക്കും നന്ദി.. എല്ലാവർക്കും മറുപടി തരാതിരുന്നത് സമയം അനുവദിക്കാത്തതുകൊണ്ടാണ്.. സദയം ക്ഷമിക്കുമല്ലോ..
(തുടരില്ല)
ദീപാ ഷാജൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot