കാലചക്രം
വീടൊന്നു പുതുക്കി പണിയാൻ തീരുമാനിച്ചപ്പോഴേക്കും ഭാര്യ വീട്ടു സാധനങ്ങൾ വാങ്ങി കൂട്ടാൻ തുടങ്ങി. വീട് പണി കഴിഞ്ഞ് വരുമ്പോൾ കൊണ്ടു വരാനായി എനിക്കും കിട്ടിയിരുന്നു വലിയൊരു ലിസ്റ്റ്. നോൺസ്റ്റിക്ക് പാത്രങ്ങൾ ഗൾഫിലേത് തന്നെ വേണം. നാട്ടിൽ നിന്നും വാങ്ങുന്നതിന് ഈട് പോരത്രെ.
പുതുക്കി പണിത വീട്ടിലേക്കെത്തിയ ഞാൻ ഞെട്ടി പോയ്. എന്തുമാത്രം പാത്രങ്ങളാ ഇവൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്. പല നിറത്തിൽ, പല വലുപ്പത്തിൽ പ്ലാസ്റ്റിക് ജാറുകൾ. കാര്യം അതിങ്ങനെ നിരന്നിരിക്കുന്നത് കാണാൻ ഒരു ചന്തമുണ്ട്ട്ടൊ. അത് പറയാതെ വയ്യ. ഞാൻ കൊണ്ടു വന്ന നോൺസ്റ്റിക്ക് പാത്രങ്ങൾ എല്ലാം അതിന്റെ മോടിയിൽ തന്നെ അവൾ പ്രദർശിപ്പിച്ചു. മൊത്തത്തിൽ അടുക്കള നല്ല ചേലുണ്ടായിരുന്നു കാണാൻ.
എന്നാലും എനിക്ക് ചോദിക്കാതിരിക്കാനായില്ല. "സുലൂ.... നമ്മുടെ പഴയ പാത്രങ്ങൾ എല്ലാം അപ്പാടെ നാശായിരിക്ക്ണാ....." "ഇങ്ങളെന്താണിക്കാ...... പോയത്തം പറയാൻ നിക്കണ്... ഇത്രേം നല്ല അടുക്കളേം മറ്റും ഇണ്ടാക്കീറ്റ്..... ആ പഴയ പാത്രങ്ങൾ വെച്ച് അയിന്റെ ശേല് കളയാനേ....??"
"ഇമ്മിണി നാളായ് ഞാൻ വിചാരിക്ക്ണ്... എല്ലാംപാടെ മാറ്റി പുതിയത് വാങ്ങിക്കണംന്ന്. അയിന് ഇങ്ങടെ ഉമ്മസമ്മയ്ക്കണ്ടേ... കുറേ കുപ്പീം ഭരണീം.... സ്റ്റീൽ പാത്രോം.. ഇരുമ്പിന്റെ ചീഞ്ചട്ടീം.... യിപ്പൊ നിങ്ങളൊന്നു നോക്ക് മനുഷ്യാ.... എന്താ.....അടുക്കളേന്റെ ഒരു ശേല്. ....."
പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നീല്ല.
പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നീല്ല.
ഉമ്മ വർഷങ്ങളായ് ഉപയോഗിച്ചിരുന്ന ഇരുമ്പിന്റെ ചീനച്ചട്ടി, ദോശക്കല്ല്, പത്തിരിക്കല്ല്, മൺപാത്രങ്ങൾ, ഭരണികൾ, സ്റ്റീൽ പാത്രങ്ങൾ എല്ലാം വിറകുപുരയുടെ മൂലയിൽ ആക്രിക്കരനെ കാത്ത് കിടക്കുന്ന കണ്ടപ്പോൾ എവിടെയോ ഒരു നീറ്റൽ തോന്നി.
വർഷങ്ങൾ കടന്നുപോകവെ അടുക്കള കൊട്ടാരമാക്കാൻ നോൾട്ട കടന്നു വന്നപ്പോൾ മോശമായ പലതും മാറ്റി അവൾ നോൾട്ടയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച് അടുക്കളയെ കൊട്ടാരമാക്കുന്നതിലും വിജയിച്ചു.
ഇത്തവണ ലീവിൽ വന്ന ഞാൻ അടുക്കളയിൽകയറിയതും പകച്ചുപോയ്. പ്ലാസ്റ്റിക്കിനും നോൺസ്റ്റിക്കിനുമൊക്കെ പകരം നല്ല സുന്ദരൻ ഭരണികളും, ചില്ലു ജാറുകളും, ഇരുമ്പിന്റെ ചീനച്ചട്ടി,ദോശക്കല്ല്, പത്തിരിക്കല്ല്, അതും പോരാഞ്ഞ് കറികളൊക്കെ വെക്കാൻ അസ്സല് മൺചട്ടികളും.
" ഇതെന്താ സുലൂ... അടുക്കള ആകെ മാറീരിയ്ക്കണല്ലാ.... ന്താപ്പൊത്...." "അല്ലാ..... ങ്ങ്ളപ്പയീ വാട്സപ്പ് ഒന്നും വായിക്ക്ണേം കാണ് ണേം ഒന്നുല്ല്യാ.... ആ ഇതനിക് ഹെൽത്ത് കോർട്ടിന്റെ വീഡിയോ ഒന്നു കണ്ട്ച്ചാ..... ഇങ്ങളിപ്പീ ചോദ്യം ചോയ്ക്കൂലാ... ഈ പ്ലാസ്റ്റിക്കും അലുമിനിയോം നോൺസ്റ്റിക്കും ഒക്കെ കാൻസറുണ്ടാക്കൂന്ന്..... പുളിയും ഉപ്പും ഒന്നും പ്ലാസ്റ്റിക് ജാറിൽ വെക്കരുതെന്ന്.... ഇങ്ങളീ ലോകത്തൊന്നുമല്ലേ... മനുഷ്യാ ജീവിക്ക്ണേ....."
വാട്സപ്പിനും ഹെൽത്ത് കോർട്ടിനൂം നന്ദി.
ഞാനിത് നേരിട്ട് പറഞ്ഞാൽ ഇവൾ അംഗീകരിക്കയും അനുസരിക്കയും ഇല്ല.
ഞാനിത് നേരിട്ട് പറഞ്ഞാൽ ഇവൾ അംഗീകരിക്കയും അനുസരിക്കയും ഇല്ല.
എന്തായാലും പുതുമയിൽ നിന്നും പഴമയിലേക്കുള്ള ആ മടക്കയാത്ര കണ്ട് മനസ്സു നിറഞ്ഞു. കാലചക്രം തിരിഞ്ഞു വരും. അതാണ് സത്യം.
പഴമയെ അംഗീകരിക്കുക, സ്നേഹിക്കുക, ഹൃദയത്തോടു ചേർത്ത് നിർത്തുക. അത് ചട്ടികൾ ആയാലും, ചിട്ടകളായാലും.......
ഷെമിഗഫൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക