Slider

അമ്മ

0
അമ്മ പോയ പിന്നെ അച്ഛനാണ് അടുക്കളയിൽ കയറിയത്..
വീടിനകത്തുള്ള അമ്മയുടെ ഓർമ്മകളെല്ലാം അന്നേരം എന്നിലേക്കെത്തി.
ഞാൻ ദേഷ്യപെട്ടതിന് കണ്ണുകൾ നിറച്ചു നിൽക്കുന്ന അമ്മയെ ഞാൻ അടുക്കളയിൽ കണ്ടു..
കുളിക്കാൻ നേരം തലയിൽ എണ്ണയിടാത്തതിനും കുളി കഴിഞ്ഞ് തല നേരെ തുവർത്താത്തിനും വഴക്ക് പറയുന്ന അമ്മയെ ഞാൻ കണ്ടു..
പുറത്തേക്ക് ഇറങ്ങും നേരം കഴിച്ചിട്ടു പോടാ എന്ന് പറയുന്ന അമ്മയുടെ മുഖം ഞാൻ വീണ്ടും കണ്ടു..
കഴിക്കുന്നത് ബാക്കി വെക്കുമ്പോൾ '' ഇതൊക്കെ ഞാൻ ഉണ്ടാകുമ്പോഴെ നടക്കൂ എന്ന് പറഞ്ഞു വഴക്ക് പറയുന്ന അമ്മയെ ഞാൻ ഊണു ബാക്കി വെക്കുമ്പോൾ കണ്ടു..
അച്ഛനോട് പറയാൻ പേടിച്ച എന്റെ ഇഷ്ടങ്ങൾ അച്ഛനോട് അവതരിപ്പിക്കുന്ന അമ്മയെ ഞാൻ വീണ്ടും കണ്ടു..
ഒന്നും വെച്ചാ വെച്ചിടത്ത് കാണില്ല എന്ന് പറഞ്ഞു പരിതപിച്ചു കൊണ്ട് വീടു മുഴുവൻ തിരഞ്ഞു നടക്കുന്ന അമ്മയെ ഞാനിന്ന് വീണ്ടും കണ്ടു...
ഉപ്പും മുളകും തീർന്ന കാര്യം അച്ഛനോട് പറയുന്നതെല്ലാം ഞാൻ വീണ്ടും കേട്ടു..
ഉമ്മറത്തെ ചാരു കസേരയിലിരുന്ന് മിനിഞ്ഞാന്നല്ലേ ഇതൊക്കെ വാങ്ങിയത് എന്നുള്ള അച്ഛന്റെ മറു വാക്കുകളും എന്റെ ഓർമ്മയിലേക്കെത്തി..
ആ അച്ഛനിന്ന് ഉപ്പും മുളകുമിരിക്കുന്ന സ്ഥലം തപ്പി പിടിച്ചു ഒരാലോചനയോടെ നിൽക്കുന്നത്
കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..
അതൊന്നും കണ്ടു നിൽക്കാനുള്ള ശക്തിയില്ലാത്തതു കൊണ്ടാണ് ഞാൻ മുറിയിലേക്ക് കയറിയത്..
എന്തിനും ഏതിനും അമ്മയെ വിളിക്കുന്ന ഞാനിന്നും അമ്മയെ വിളിച്ചു പോയി..
വിളിക്കുമ്പോഴേക്കും ഓടിയെത്താനിന്ന് അമ്മയില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ നിശബ്ദനായി..
ഇന്ന് ഞാൻ നേരത്തെ എണീറ്റു..
ഇന്ന് ഞാൻ തന്നെ അടുക്കളയിൽ പോയി ചായ എടുത്തു കുടിച്ചു..
ഇന്ന് ഞാൻ തന്നെ ഷർട്ടും മുണ്ടുമെല്ലാം അലക്കി..
കുഞ്ഞനുജത്തി മുറ്റവും വീടിനകവും തൂത്ത് വൃത്തിയാക്കി..
അമ്മ മുടങ്ങാതെ നനച്ചിരുന്ന മുറ്റത്തെ ചെടികളെല്ലാം അച്ഛനിന്നു നനയ്ക്കുന്നത് കണ്ടു..
ഇന്ന് ഞാൻ കോഴിയുടെ കൂട് തുറന്നു കൊടുത്തു ,തീറ്റ കൊടുത്തു..
കോഴികൾ പോലും അമ്മയെ കാണാത്തതു കൊണ്ട് നിശബ്ദരായിരുന്നു...
അനുജത്തി പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി..
ഇന്ന് അച്ഛൻ പുറത്തേക്ക് ഇറങ്ങുമ്പോൾ തോർത്തെടുക്കാൻ മറന്നു..
തിരികെ വീട്ടിലേക്ക് കയറി തോർത്തെടുക്കുമ്പോൾ അച്ഛൻ അമ്മയുടെ ഫോട്ടോ നോക്കി കുറച്ചു നേരം നിന്നു..
ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ പേഴ്സ് തിരഞ്ഞു ചീപ്പ് തിരഞ്ഞു എന്തൊക്കെയോ മറന്നു..
അമ്മയുടെ ഓർമ്മപ്പെടുത്തൽ ഉണ്ടാകുമായിരുന്നെങ്കിൽ ...
അമ്മ ഉണ്ടായിരുന്നെങ്കിൽ..
ഒന്നും ഇങ്ങനെയാവുമായിരുന്നില്ല . എന്റെ വീടിങ്ങനെയാകുമായിരുന്നില്ല..
ആ അമ്മയുടെ കഷ്ടപ്പെടലൊന്നും കാണാതെയാണല്ലോ ഈശ്വരാ ഞാനിടക്ക് ദേഷ്യപ്പെട്ടതും പിണക്കം കാട്ടിയതും തർക്കുത്തരം പറഞ്ഞതും..
ആ അമ്മയുടെ ഉപദേശമാണല്ലോ ഞാനിടക്ക് പുച്ഛിച്ചു തള്ളിയത്..
എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അമ്മയുടെ അസ്ഥി തറയ്ക്കടുത്തേക്ക് ഞാൻ നടന്നു.. നിശബ്ദനായി ഒരു നിമിഷം നിന്നു.,
അമ്മയില്ലാതെ നിശബ്ദമായിപ്പോയ വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ കയറുമ്പോൾ അമ്മ പറയുന്നതു പോലെ തോന്നി '' നേരത്തും കാലത്തും വീട്ടിലേക്ക് വന്നൂടെ നിനക്കെന്ന്..
തിരികെ ഞാൻ മുറിയിലേക്ക് കയറുമ്പോൾ
അച്ഛൻ ഉമ്മറത്തെ ചാരു കസേരയിലിരുന്ന് അമ്മയുടെ അസ്ഥി തറയിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടു.
കാറ്റിലണയാതെ ഒരു ദീപമപ്പോഴും അമ്മയുടെ അസ്ഥി തറയിൽ കത്തിക്കൊണ്ടിരുന്നു..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo