നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നനവുകൾ


പുറത്തു മഴ പെയ്തു കൊണ്ടിരിന്നു.പുതു മണ്ണിന്റെ ഗന്ധം ഉള്ള മഴ. ചുറ്റും പുതു മണം. സുഖം ഉള്ള ഒരു തണുപ്പ് ഒരു തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി. ഭിത്തി യോട് ചേർത്ത് ഇട്ടിരുന്ന ടേബിളിൽ വെച്ചിരുന്ന ചുവന്ന പുറം ചട്ട ഉള്ള ഡയറി ഞാൻ എടുത്തു. എന്റെ പിറന്നാളിന് ആരോ തന്നതായിരുന്നു അത്. ഞാൻ അതിൽ എന്തൊക്കെയോ എഴുതിയിരുന്നു.. പിന്നീട് വായിക്കുമ്പോൾ സുഖമുള്ള ഒന്ന്.ഞാൻ അതിന്റെ താളുകൾ മറിച്ചു. ചുവന്ന പേന കൊണ്ട് എഴുതിയ ഒരു പേജ് എടുത്തു വായിക്കാൻ തുടങ്ങി. അത് ഒരു കഥ ആയിരുന്നു.. ഒരു പഴയ കഥ. അത് ഇങ്ങനെ തുടങ്ങി....
അന്ന്, പതിവില്ലാതെ മഴ പെയ്തിരുന്നു. ഒരു വേനൽ മഴ. ജോലി കഴിഞ്ഞ് ഇറങ്ങി വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു അത്. പലരും കുട എടുക്കാൻ മറന്നിരുന്നതിനാൽ സാരി തലപ്പ് കൊണ്ടും ചുരിദാറിന്റെ ഷാൾ കൊണ്ടും തല മൂടി.. ചിലർ കടത്തിണ്ണകളിൽ കയറി നിന്നു. ചിലർ മഴ നനഞു.. ഉള്ളിലെ ഉഷ്ണം പോകട്ടെ എന്ന് കരുതി ആകാം..
പക്ഷേ ഞാൻ കുട എടുത്തിരുന്നു. ഒരു പച്ച കുട. എന്റെ കുട കാണാൻ നല്ല ഭംഗി ആയിരുന്നു. പലരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..വെള്ളത്തിൽ ചവിട്ടാതെ റോഡിനു അരികു ചേർന്ന് നീല സാരി ഒതുക്കി പിടിച്ച് ഞാൻ നടക്കുമ്പോൾ ഒരു ചോദ്യം എന്റെ ശ്രദ്ധ തിരിച്ചു..
" ജോലി ആയോ..." അതാരാണ് എന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി. ചന്ദനക്കുറി അണിഞ്ഞു പുഞ്ചിരിയോടെ ഒരാൾ എനിക്ക് അരികിലേക്ക് വന്നു.. "എന്നെ മനസ്സിലായോ... "?ഞാൻ ഒന്നും മിണ്ടിയില്ല. നീല സാരിയുടെ തുമ്പിൽ പിടിച്ച് നിന്നതെ ഉള്ളു. ഞാൻ ഓർക്കുന്നുണ്ട് ;അയാൾ തുടർന്നു.. പണ്ട് കോളേജിൽ പഠിച്ചോണ്ടിരുന്ന പ്പോൾ കണ്ടിട്ടുണ്ട്...
അന്ന് ഇതു വഴി അല്ലായിരുന്നോ പൊക്കോണ്ടിരുന്നത്..
അന്നെനിക്ക് ഇവിടെ ഒരു കട ഉണ്ടായിരുന്നു.. ഇന്നത് ഇല്ല..
ഓർക്കുന്നുണ്ടോ...
അയാളുടെ ചോദ്യം... ഓർമ്മ വരുന്നത് പോലെ എന്ന് ഞാൻ തലയാട്ടി... പിന്നെയും അയാൾ സംസാരിച്ചു. അയാളുടെ കുടയിലെ വെള്ളം എന്റെ കയ്യിൽ വന്ന് വീണിരുന്നു.. ഞാൻ അത് തുടച്ചു മാറ്റി എങ്കിലും പിന്നെയും അങ്ങനെ തന്നെ... അതൊന്നും ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു "ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് അവധിക്കു വന്നതാ "...തന്നെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. കാണുമെന്നു ഓർത്തതല്ല. പിന്നെയും പറയാൻ ഭാവിച്ച അയാൾ ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു.. "എനിക്ക് ഇഷ്ടമാണ് അന്ന് തൊട്ടേ കല്യാണം കഴിച്ചോട്ടെ ". പെട്ടെന്ന് ഉള്ള ആ പറച്ചിൽ..... ഞാൻ ഒന്നും മിണ്ടിയില്ല തിരിഞ്ഞു നടന്നു.. പക്ഷേ അയാൾ എന്നെ വിടാതെ പിന്തുടർന്നു..
പതിവായി വഴിയരികിൽ അയാൾ കാത്തു നിന്നു. മിണ്ടാനായി എന്തൊക്കെയോ ചോദിച്ചു..മറുപടി കൊടുക്കാതിരിക്കാൻ നോക്കി പക്ഷെ ഉത്തരം പറയാതിരിക്കാൻ എനിക്ക് ആയില്ല.
ഞാൻ എപ്പോഴാ പ്രണയത്തിൽ ആയി... ഈ ഭൂമിക്കു ആണോ എനിക്കു ആണോ സൗന്ദര്യം കൂടുതൽ എന്ന് തോന്നിയ നാളുകൾ.. അതെ അന്നെനിക്ക് ഒരു മയിൽപീലിയുടെ അഴക് ആയിരുന്നു.. ആ നാളുകൾ അങ്ങനെ കടന്നു പോയി..ഇണക്കവും പിണക്കവുമായി..

മഴ തോർന്ന ഒരു ദിവസം....
അന്നും പതിവ് പോലെ അയാൾ എനിക്കായി കാത്ത് നിന്നു.. എന്തോ നേരിട്ട് പറയണം എന്ന് അയാൾ പറഞ്ഞിരുന്നു
.അന്നായിരുന്നു ഞാൻ അയാളെ അവസാനം കണ്ടത്. സംസാരിക്കുമ്പോൾ അയാൾ കരഞ്ഞിരുന്നു.എനിക്ക് സങ്കടം തോന്നിയില്ല
ഇന്ന് അയാൾ മറ്റാർക്കോ സ്വന്തമാണ്.നാള് ചേരുന്ന ജാതകം ചേരുന്ന ഒരു പെൺകുട്ടിക്ക്. അവളിപ്പോൾ അയാളോട് ചേർന്നു നിന്ന് സംസാരിക്കുകയാകും അല്ലെങ്കിൽ അയാൾക്ക്‌ ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കുവായിരിക്കും.. എനിക്കു പരാതി തോന്നിയില്ല..കടന്നു പോയ കുറെ നാളുകൾ മാത്രം ആയിരുന്നതെന്നു തോന്നി. കാരണം പ്രണയത്തിന്റെ ഭാഷ മൗനം ആണ്.
ഒരുപാട് നാളുകൾക്കു ശേഷം;
ഇന്ന്, വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ അയാളെ കണ്ടു. ആ നിമിഷം എന്തോ ഒന്ന് എന്നിൽ ഉണ്ടായി എന്തോ ഒന്ന്. .ഇനി ഒരിക്കലും കാണും എന്നോർക്കാത്ത ഒരാളെ വീണ്ടും കണ്ടപ്പോൾ....
അയാൾക്ക്‌ അരികിൽ ചെന്ന് .. ചെറിയ പുഞ്ചിരിയോടെ ഞാൻ ചോദിച്ചു "സുഖമാണോ "അയാൾ എന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ നോട്ടത്തിൽ നിന്നേ മനസിലായി.. "എവിടെ തന്റെ ഭാര്യ "..പെട്ടെന്നുള്ള എന്റെ ചോദ്യം എന്ത് പറയണം എന്നായി അയാൾക്കു .പരിഭ്രമം മാറ്റി ഒന്ന് ചിരിച്ച് അയാൾ പറഞ്ഞു.
വീട്ടിലുണ്ട്..
ഞങ്ങൾ വന്നിട്ട് ഒരാഴ്ച ആയി.. അവൾക്കും കൂടെ ലീവ് കിട്ടാത്തത് കൊണ്ടാണ് താമസിച്ചത്.
എന്താ ഭാര്യയുടെ ജോലി ഞാൻ ചോദിച്ചു. "നേഴ്സ് ആണ്.
"തനിക്കു
ഇപ്പോഴും അവിടെ തന്നെ ആണോ ജോലി ?അയാളുടെ അന്വേഷണം.. "അല്ല... എനിക്കൊരു ഗവണ്മെന്റ് ജോലി കിട്ടി.." അയാൾ എന്റെ കണ്ണിലേക്കു നോക്കി. ഞാൻ അത് ശ്രദ്ധിച്ചില്ല.
അയാൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു. ഞാൻ അതെല്ലാം സാകൂതം കേട്ടു.
ഞാൻ നിനക്ക് ഫേസ്ബുക്കിൽ മെസ്സേജ് ചെയ്തിരുന്നു വാട്സ്ആ പ്പിലും.... നീ കണ്ടില്ലേ..?ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല
."ഞാൻ പൊക്കോട്ടെ, വീട്ടിൽ എത്താൻ വൈകും .";
എന്തെങ്കിലും അയാൾ പറയുന്നതിന് മുമ്പേ ഞാൻ നടന്നു. അയാൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മറയുന്നതു വരെ..
ആ കഥ അവിടം കൊണ്ട് ഞാൻ തീർത്തിരുന്നു.. പക്ഷെ....
അതിന്റെ
അവസാനം ഇങ്ങനെ ആയിരുന്നു . "നിന്റെ ജീവിതം സന്തോഷം ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. നാളും ജാതകവും ഒക്കെ ചേരുമായിരുന്നു. പക്ഷേ എന്നിലും ചേരുന്നത് നീ അവൾക്കു ഒപ്പം നിൽ ക്കുമ്പോൾ ആയിരുന്നു. പലതു കൊണ്ടും അവൾ ആയിരുന്നു ചേർച്ച.സ്ത്രീധനത്തിലും ആഭരണത്തിലും എല്ലാം. എനിക്ക് ഒരു മനസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് എന്നിലെ എന്നെ മാത്രം ആയിരുന്നു ഇഷ്ടം.നിനക്കും അങ്ങനെ എന്ന് കരുതി.. അതായിരുന്നു ഞാൻ പ്രതീക്ഷിച്ചതും.പക്ഷേ....
ഫേസ്ബുക്കിൽ മെസ്സേജ് ഇടാതെ വാട്സ്ആപ്പിൽ മെസ്സേജ് ഇടാതെ ഒരു തവണ എങ്കിലും ഇവിടെ വന്ന് ഈ ഡയറി ഒന്ന് വായിക്കു എന്നെ അറിയൂ. നിറഞ്ഞ കണ്ണുകൾ ഒപ്പി പുറത്തെ ഇരുട്ടിൽ കനക്കുന്ന വേനൽ മഴ നോക്കി ഞാൻ അങ്ങനെയിരുന്നു. ഒരുതരം പേരില്ലാത്ത വികാരത്തോടെ.
ഞാനാ ഇരുട്ടിലേക്കു പോയി. വെറുതെ ഒരു മഴ നനയാൻ.
ചിലതു ചിലതങ്ങനെ ആണ് ഒരു മഴ പോലെ പെയ്തു തീരും ഒരുപാട് ഓർമ്മകളെ നനയിച്ചു...........

Anu Noble

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot