നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹക്കടൽ ÷÷÷÷÷÷÷÷÷÷÷÷

സ്നേഹക്കടൽ
÷÷÷÷÷÷÷÷÷÷÷÷
ഇനിയൊരിക്കലും ആ വീടിന്റെ പടിചവിട്ടില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് ആരോടും ഒന്നും പറയാതെ അന്ന് അരുൺ വീടുവിട്ടിറങ്ങിയത്. ലക്ഷ്യമേതൊന്നോ ആ യാത്രയുടെ അവസാനം എന്താകുമെന്നോ അയാൾക്കുതന്നെ നിശ്ചയമില്ലായിരുന്നു. പക്ഷേ പോയേ തീരൂ എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. വീടിന്റെ ഓരോ പടികൾ ഇറങ്ങുമ്പോഴും കഴിഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ട് അയാളുടെ മനസ്സിൽ ഓടിയെത്തി.
ഇത് തന്റെ വീടല്ല. ഇവിടെ തന്നെ സ്നേഹിക്കുവാനോ മനസ്സിലാക്കുവാനോ ആരുമില്ല. ഇതിനെ ഒരു വീടെന്ന് എങ്ങനെ പറയാനാകും. ഇത് ഒരു കെട്ടിടം മാത്രം. അതിൽ കുറച്ച് അന്തേവാസികളും. ഒരേ മേൽക്കൂരക്കുകീഴെ പരസ്പരം അറിഞ്ഞിട്ടും അപരിചിതരേപ്പോലെ കഴിയുന്നവർ.
ഇവിടേയുമുണ്ടായിരുന്നു അച്ഛനും അമ്മയും മകനും മകളുമെല്ലാം. പക്ഷേ ചില സർക്കാർ ജീവനക്കാരേപ്പോലെയാണെന്നുമാത്രം. പദവിയോട് നീതി പുലർത്താത്തവർ. ആ സ്ഥാനം അല്ലെങ്കിൽ ആ ജോലി ലഭ്യമാകുന്നതുവരെ കാണിച്ച താല്പര്യം ആ ജോലി ലഭ്യമായതിനുശേഷം കാണിക്കാത്ത ചില ഉദ്യോഗസ്ഥർ.
ഭാര്യയെന്നും ഭർത്താവെന്നുമുള്ള പദവി പിന്നീട് അവിടെനിന്നും സ്ഥാനക്കയറ്റം നേടി അമ്മയെന്നും അച്ഛൻ എന്നുമുള്ള ആ വലിയ സ്ഥാനം... അത് പിന്നീടെപ്പോഴോ കുടുംബനാഥനായും കുടുംബനാഥയായും മാറി.
പിന്നീടുള്ള തർക്കം അതിൽ ആരാണ് പ്രധാനി എന്നതായിരുന്നു. സമത്വം വേണമെന്നതായിരുന്നു തുടക്കം. ഭർത്താവിനും ഭാര്യക്കും തുല്യ അവകാശമാണ് എന്ന തർക്കം. സ്ത്രീ പുരുഷനേക്കാൾ ഒട്ടും താഴെയല്ല.. പുരുഷന്റെ അടിമയായി ജീവിച്ചിരുന്ന കാലം കഴിഞ്ഞുവത്രേ..
പാവം അച്ഛൻ! ജീവനായിരുന്നു അയാൾക്ക് തന്റെ മക്കൾ. പക്ഷേ പലപ്പോഴും ബിസിനസ് സംബന്ധമായ യാത്രകളിലായിരുന്നതിനാൽ മക്കളെ അവരുടെ അമ്മയുടെകൂടെ നിർത്തി പോകേണ്ടതായി വന്നു അയാൾക്ക്. വിദ്യാഭ്യാസം ആവശ്യത്തിൽ അധികമായതിനാലാവാം ഒരു വീട്ടമ്മ എന്ന പദവി അമ്മയ്ക്ക് ചേരാതെപോയത്. വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും അച്ഛൻ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നിലും തൃപ്തയാകുന്ന ഒരു മനസ്സായിരുന്നില്ല അമ്മയുടേത്.
ഭർത്താവും മക്കളും ഒരുതരത്തിലുള്ള ബന്ധനമാണെന്നും ആ ബന്ധം തനിക്ക് ഒരു തടസ്സമാണെന്നും അമ്മയ്ക്ക് തോന്നിക്കാണണം. അതുകൊണ്ടാവാം അച്ഛനോടുപോലും പറയാതെ വിദേശത്ത് ഒരു ജോലി നേടിയെടുത്തതും സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളേയും തനിച്ചാക്കി കേവലം ഒരു ഫോൺ കോളിലൂടെമാത്രം അച്ഛനെ വിവരമറിയിച്ച് താനും അനുജത്തി അനഘയും സ്കൂളിലായിരുന്ന സമയത്ത് ഒരു വാക്കുപോലും പറയാതെ ദുബായ് എന്ന അറബിനാട്ടിലേക്ക് പോയതും.
പതിവുപോലെ സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ ജോലിക്ക് സഹായിക്കുന്ന ദേവകിയമ്മയാണ് കണ്ണീരോടെ തങ്ങളെ ചേർത്തു പിടിച്ച് അക്കാര്യം അറിയിച്ചത്.
സ്നേഹംകൊണ്ട് ഒരമ്മയുടെ സ്ഥാനം മുമ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെങ്കിലും സ്ഥാനംകൊണ്ട് ഒരമ്മയായിതന്നെ കാണുവാൻ തങ്ങൾ രണ്ടുപേരും ആഗ്രഹിച്ചു. സ്കൂളിലെ ഓരോ സ്പെഷ്യൽ ഡേകളിലും മറ്റു കുട്ടികളുടെ അമ്മമാർ വന്ന് അവരോട് സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ പലപ്പോഴും ആഗ്രഹിച്ചിരുന്നു ഒരു ദിവസമെങ്കിലും അമ്മ അതുപോലെ പെരുമാറുമെന്ന്. പക്ഷേ അത് വെറും സ്വപ്നം മാത്രമായിരുന്നു.
രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അച്ഛൻ വീട്ടിലെത്തിയത്. ഉള്ളിലെ വിഷമം മറച്ചുപിടിച്ച് അച്ഛൻ ഞങ്ങളെ രണ്ടുപേരേയും ആശ്വസിക്കുവാൻ ശ്രമിച്ചു. ഒപ്പം ദുർബ്ബലമല്ലാത്ത ഒരു മനസ്സ് നേടിയെടുക്കുവാനും. ഓർമ്മവെച്ച നാൾ മുതൽ ദേവകിയമ്മ ആ വീട്ടിലുണ്ടായിരുന്നു. സ്നേഹിക്കുവാൻ മാത്രമറിയാവുന്ന ഒരു പാവം സ്ത്രീ. അമ്മ എത്ര വഴക്കുപറഞ്ഞാലും മറിച്ച് ഒരക്ഷരം പറയാതെ അതെല്ലാം മിണ്ടാതെ കേട്ടുനില്ക്കുന്ന ഒരനാഥ. എന്നിട്ടും ഒരിക്കലും അവർ അമ്മയെപ്പറ്റി കുറ്റം പറഞ്ഞില്ല.
പലപ്പോഴും തോന്നിയിട്ടുള്ളതാണ് ദേവകിയമ്മയായിരുന്നു ഞങ്ങളുടെ അമ്മയെങ്കിൽ എന്ന്. പക്ഷേ ഒരിക്കലും മനസ്സിലായില്ല എന്താണ് അച്ഛനും അമ്മയും തമ്മിലുള്ള യഥാർത്ഥ പ്രശ്നമെന്ന്. അച്ഛനോട് അത് ചോദിച്ചതാണ് ഒരിക്കൽ. പക്ഷേ അന്ന് അച്ഛൻ പറഞ്ഞു ,അത് മക്കൾക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ലെന്ന്. പിന്നീട് അതേക്കുറിച്ച് ചോദിച്ചിട്ടുമില്ല.
അമ്മ പോയതോടെ അച്ഛൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഞങ്ങൾ രണ്ടുപേരുമാണ് അതിനുത്തരവാദികളെന്ന് ഞങ്ങൾക്കുതന്നെ അറിയാമായിരുന്നു. അതിനുള്ള പ്രതിവിധി ആദ്യം പറഞ്ഞത് അനഘയായിരുന്നു. തനിക്കും ഇഷ്ടമുള്ള കാര്യമാണ് അവൾ പറഞ്ഞതെങ്കിലും അച്ഛനോട് അതു പറയുവാൻ ഭയമായിരുന്നു. എങ്കിലും ഒരു ദിവസം ഞങ്ങൾ രണ്ടുപേരും കൂടി അച്ഛനോട് ചോദിച്ചു;
'അച്ഛാ ഞങ്ങൾ ദേവകിയമ്മയെ അമ്മേ എന്ന് വിളിച്ചോട്ടേ..?' എന്ന്.
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടതിനാലാവണം അച്ഛൻ മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങളുടെ കണ്ണുകളിലെ ദയനീയത മനസ്സിലായതിനാലാവണം ഞങ്ങളെ രണ്ടുപേരേയും കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ഉമ്മവെച്ചു. ആ സമയത്ത് അച്ഛന്റെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണുനീർത്തുള്ളികൾക്ക് ഞങ്ങളെ തണുപ്പിക്കുവാൻ കഴിഞ്ഞു.
പിന്നീട് ഞങ്ങൾ തന്നെയാണ് ഇക്കാര്യം ദേവകിയമ്മയോട് പറഞ്ഞത്. പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ദേവകിയമ്മ അത് സമ്മതിച്ചില്ല. അവർ പറഞ്ഞു;
'നിങ്ങൾ രണ്ടു പേരും എന്റെ മക്കൾ തന്നെയാണ്. ഞാൻ പ്രസവിക്കാത്ത എന്റെ മക്കൾ. ഞാൻ നിങ്ങളെ അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ. അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. അതിന് അമ്മയെന്ന് വിളിക്കുകയൊന്നും വേണ്ട. അമ്മ എന്ന് സ്വന്തം അമ്മയെ മാത്രമേ വിളിക്കാവൂ... മറ്റൊരാളും സ്വന്തം അമ്മയ്ക്ക് പകരമാവില്ല. മക്കൾ ദേവകിയമ്മേ എന്നുതന്നെ വിളിച്ചാൽ മതി '.
അതായിരുന്നു ദേവകിയമ്മ. പ്രതിഫലം ഇച്ഛിക്കാതെ ഒരായുസ്സുമഴുവനും ഞങൾക്കുവേണ്ടി ജീവിച്ചു. അച്ഛനും അവരെ വലിയ വിശ്വാസമായതിനാൽ ഞങ്ങളെ ദേവകിയമ്മയുടെ അടുത്തേല്പിച്ച് അച്ഛൻ ജോലിക്കുപോയിത്തുടങ്ങി.
ഒരിക്കൽ പോലും അമ്മ ഞങ്ങളെ വിളിച്ചില്ല, അച്ഛനേയും. മറ്റൊരു വിവാഹത്തിന് പലരും അച്ഛനെ നിർബന്ധിച്ചുവെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
വർഷങ്ങൾ പലത് കഴിഞ്ഞു. അനഘയുടെ വിവാഹം കഴിഞ്ഞ് അവൾ കുവൈറ്റിലാണ് ഭർത്താവ് അമലിനോടൊപ്പം. അമൽ അവിടെ എമ്പസിയിലെ ഉദ്യോഗസ്ഥനാണ്. തന്റെ വിവാഹത്തിന് അച്ഛൻ നിർബന്ധിക്കുവാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. പക്ഷേ താൻ സമ്മതിച്ചില്ല. ഒരുപക്ഷേ അച്ഛന്റെയും അമ്മയുടേയും ജീവിതത്തിന്റെ കറുത്ത അദ്ധ്യായങ്ങൾ ഇന്നും നിറം മങ്ങാതെ കൺമുന്നിൽ തെളിയുന്നതുകൊണ്ടാവാം. എന്തോ സ്ത്രീ എന്ന് കേൾക്കുമ്പോൾ അമ്മയുടെ ഗൗരവം വിട്ടുമാറാത്ത മുഖം മനസ്സിൽ തെളിഞ്ഞുവരും. അതുകൊണ്ടുതന്നെ ഒരു പെൺകുട്ടിയോടും ഒരു പ്രണയവും തോന്നിയിട്ടില്ല ഇതുവരെ. ഈ ജീവിതം ഇങ്ങനെ മതിയെന്ന് തീരുമാനിച്ചത് താൻ തന്നെയാണ്. അച്ഛൻ ദേവകിയമ്മ അനഘ അമൽ... അതായിരുന്നു തന്റെ ലോകം. ബാങ്കിലെ ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. അതുകഴിഞ്ഞേയുള്ളൂ സുഹൃത്തുക്കൾ.
അച്ഛനെ സന്തോഷിപ്പിക്കുവാൻ ആവുന്നതും താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാരണം ഓരോ വയസ്സ് കൂടി വരുന്തോറും ആ മനസ്സിലെ വിങ്ങൽ താൻ കൂടുതൽ അറിയുവാൻ തുടങ്ങിയിരുന്നു. ഒരുപക്ഷേ അത് കാലം വരുത്തിയതാവാം. പക്ഷേ എല്ലാം അധികനാൾ നീണ്ടുനിന്നില്ല.
ഒരു ദിവസം അവിചാരിതമായി ഒരു ഫോൺ കോൾ. അച്ഛൻ സിറ്റി ഹോസ്പിറ്റലിൽ ഐസിയുവിലാണെന്നും ഉടനെ അവിടെ എത്തണമെന്നും. എന്തെന്നറിയാതെ വേഗം അവിടെ എത്തിയെങ്കിലും അച്ഛൻ യാത്രപറഞ്ഞു കഴിഞ്ഞിരുന്നു. ഒരിക്കലും തിരിച്ചുവരാത്ത യാത്ര. ഹൃദയസ്തംഭനമായിരുന്നു. മുമ്പും അങ്ങനെ വന്നിട്ടുണ്ടാവാമെന്നാണ് ഡോക്ടർ പറഞ്ഞത് .പക്ഷേ അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല അറിയിച്ചിരുന്നുമില്ല.
ആരോ വിവരങ്ങളൊക്കെ അവരെ അറിയിച്ചു. അനഘയും അമലും നാട്ടിലെത്തി. അവളെ ആശ്വസിപ്പിക്കുവാൻ വളരെ വിഷമിച്ചു.
അച്ഛന്റെ സംസ്കാരച്ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേന്ന് എല്ലാവരും പിരിഞ്ഞതിനുശേഷമാണ് ആരോ പറഞ്ഞത് ഗേറ്റിനുപുറത്ത് അമ്മ വന്നു നില്ക്കുന്നുണ്ടെന്ന്. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനിന്നുവെങ്കിലും അപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകതയാലാവാം കഴിഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ട് മറന്ന് അമ്മയെ അകത്തേക്ക് കൂട്ടിവന്നത്.
ആ മുഖത്ത് അപ്പോൾ പ്രകടമായ ഭാവം സ്നേഹമാണോ നിസ്സഹായതയാണോ അതോ ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള പശ്ചാത്താപമാണോ എന്ന് അന്നും ഇന്നും തനിക്കറിയില്ല. അനഘക്ക് തന്റെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ലെങ്കിലും താനത് കാര്യമാക്കിയില്ല. അല്ലെങ്കിലും കരുണയുള്ള ഹൃദയമാണല്ലോ പുരുഷന്മാരുടേത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അത്രവേഗം എല്ലാം മറക്കുവാനും പൊറുക്കുവാനും കഴിയില്ല.
അമ്മയോട് ആരും കൂടുതലൊന്നും ചോദിച്ചില്ല. എവിടെയായിരുന്നുവെന്നോ ഇതുവരെ എന്തുകൊണ്ട് വന്നില്ല എന്നോ ഒന്നുംതന്നെ ചോദിച്ചില്ല. അമ്മ പറഞ്ഞതുമില്ല. പക്ഷേ പഴയ അമ്മയായിരുന്നില്ല തിരിച്ചുവന്നത്. തികച്ചും ശാന്തമായിരുന്നു അമ്മയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ലീവ് അധികമില്ലാത്തതിനാൽ അനഘ രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുപോയി. വീണ്ടും വീട്ടിൽ മൂന്നുപേർ മാത്രമായി. താനും അമ്മയും ദേവകിയമ്മയും.
അച്ഛന്റെ ഓർമ്മകൾ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ലാത്ത ആ സമയത്താണ് വീണ്ടും ഒരാൾക്കൂടി ആ വീട്ടിലേക്ക് കടന്നുവന്നത്. അയാൾ പറഞ്ഞു അയാൾ അമ്മയുടെ ഭർത്താവാണെന്ന്.
എന്തുപറയണമെന്നറിയാതെ താൻ മിഴിച്ചുനില്ക്കവേ അമ്മവന്ന് അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീണ്ടും ആ വീട്ടിൽ താൻ അന്യനായി എന്ന് തനിക്കപ്പോൾ തോന്നി.
അല്പം കഴിഞ്ഞ് താൻ അകത്തേക്ക് പോയി. അവിടെ അച്ഛന്റെ മുറിയിൽ ഒരേ കട്ടിലിലിരുന്ന് അവർ സംസാരിക്കുന്നതുകണ്ടപ്പോൾ ഒരു നിമിഷം അച്ഛന്റെ ദയനീയമായ മുഖം മനസ്സിൽ തെളിഞ്ഞുവന്നു. തന്നെ കണ്ടതും ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് അമ്മ പറഞ്ഞു;
'അരുൺ ഇത് വിജയ് എന്റെ. ..........'
'മതി....' അതൊരലർച്ചയായിരുന്നു. ബാക്കി കേൾക്കുവാൻ തനിക്ക് കഴിയുമായിരുന്നില്ല. പിന്നെ മറ്റൊന്നും ഓർത്തില്ല. തന്റെ മുറിയിൽ പോയി അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രം എടുത്തുകൊണ്ട് ആരോടും ഒന്നും പറയാതെ ഇറങ്ങിയതാണ്.
ഇനി ഈ വീട്ടിൽ താൻ അന്യനാണ്. തന്റെ ആരും ഇവിടെയില്ല. അവിടെ നില്ക്കുന്ന ഓരോ നിമിഷവും അച്ഛന്റെ തേങ്ങൽ തന്റെ കാതുകളിൽ പ്രതിധ്വനിക്കുന്നതുപോലെ.. പോകണം.. എങ്ങോട്ടെങ്കിലും..
വീടിന്റെ പടിവാതിൽ കടന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് പിന്നിൽനിന്നും ഒരു വിളി;
'മോനേ....'
അതൊരു തേങ്ങലായിരുന്നു. താൻ ഒരു നിമിഷത്തേക്ക് മറന്നുപോയ തേങ്ങൽ. തിരിഞ്ഞു നോക്കിയപ്പോൾ കൈയിൽ ഒരു ചെറിയ ബാഗുമായി നിറകണ്ണുകളോടെ ദേവകിയമ്മ. ഉള്ളിൽ അടക്കിനിർത്തിയ സങ്കടം ഒരു നിമിഷംകൊണ്ട് അണപൊട്ടിയൊഴുകി.തിരിച്ചുചെന്ന് അവരെ കെട്ടിപ്പിടിച്ചുകൊണ്ട് അരുൺ ചോദിച്ചു;
'അമ്മേ... ഇനി ഞാൻ അമ്മേയെന്ന് വിളിച്ചോട്ടെ...?'
സ്നേഹത്തിന്റെ നിറകുടമായ ആ അമ്മ അരുണിനെ തന്റെ മാറോട് ചേർത്തുപിടിച്ച് ശിരസ്സിൽ മെല്ലെ തലോടി. ഒരു കടലോളം സ്നേഹം മനസ്സിൽ നിറച്ച ആ അമ്മ പറഞ്ഞു;
'മോനേ... കരയാതെ... ആൺകുട്ടികൾ കരയാൻ പാടില്ല. ഈ ദേവകിയമ്മ എന്നും മോന്റെ കൂടെയുണ്ടാകും.'
'അമ്മേ.... എന്റെ അമ്മേ.....!'
ഒരു കൈയിൽ ബാഗും മറുകൈയിൽ ദേവകിയമ്മയുടെ സ്നേഹത്തിന്റെ കരവുമായി അരുൺ നടന്നു...
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot