നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏത് പെണ്ണും കൊതിക്കുന്ന ഭര്‍ത്താവ്


ഏത് പെണ്ണും കൊതിക്കുന്ന ഭര്‍ത്താവ്
__________________
" അപ്പുവേട്ടാ, ഞാന്‍ ഒരു കാര്യം തുറന്നങ്ങ് പറയാ, എന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് ഇങ്ങനെന്നും അല്ലട്ടോ"
മീനാക്ഷി നല്ല ചൂടിലായിരുന്നു.അപ്പു അവളെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു
" എന്റെ മീനുക്കുട്ടി, പിന്നെ നിന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് എങ്ങനാ..?"
മീനു അപ്പുവിനെ നോക്കി കണ്ണുരുട്ടി
" എന്തായാലും നിങ്ങളെപ്പോലെ അല്ല"
ഒന്നു നിറുത്തിയിട്ട് അവള്‍ തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവിനെ കുറിച്ച് വാചാലയായി
" എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന, വീട്ടിലെ ജോലി തിരക്കിൽ പെട്ട് നെട്ടോട്ടമോടുന്ന എന്നെ പിറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കൊഞ്ചുന്ന, ഞാന്‍ പറയുന്ന സ്ഥലങ്ങളിലെല്ലാം എന്നെ കൊണ്ടു പോകുന്ന, ഈ ലോകത്ത് എന്നെക്കാള്‍ ഏറെ വേറെ ആരെയും സ്നേഹിക്കാത്ത ഒരു ഭര്‍ത്താവിനെയാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ട് എനിക്ക് കിട്ടിയതോ, ഇതുപോലെ ഒന്നിനും സമയമില്ലാത്ത ഒരാളിനേയും"
അപ്പു മീനുവിനെ സമാധാനിപ്പിച്ചു
" എന്റെ മീനുകുട്ടി, ഞാന്‍ ഈ ഓടി നടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ നമ്മള്‍ക്ക്‌ വേണ്ടി തന്നെയല്ലേ"
മീനുവിന്റെ മുഖത്ത് പുച്ഛം
" എന്നിട്ട് എന്ത് ഉണ്ടാക്കി എന്നാ പറയുന്നത്, ആകെ ഉണ്ടായിരുന്ന ബൈക്കും വിറ്റു കഴിഞ്ഞയാഴ്ച. ഈ വീട്ടില്‍ അത്രമാത്രം ചിലവൊന്നും ഇല്ല. സത്യം പറ, നിങ്ങള്‍ ഈ കാശൊക്കെ എന്താ ചെയ്യുന്നത്"
മീനുവിന്റെ മുഖം ചുവന്നു
" ഞാന്‍ അറിയാതെ നിങ്ങള്‍ക്ക് എന്താ ഇത്രയും ചിലവ്, നിങ്ങള്‍ ഓടി നടന്ന് അധ്വാനിച്ച് കിട്ടുന്നതിന്റെ കാല്‍ ഭാഗം പോലും നിങ്ങള്‍ ഈ വീടിന് വേണ്ടി ചിലവാക്കുന്നില്ല. എന്തിനാ പൊന്നു പോലെ കൊണ്ടു നടന്ന ആ ബൈക്ക് വിറ്റത്"
അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അപ്പു പരുങ്ങി
" അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാകില്ല. ഒരു കുടുംബം മുന്നോട്ട് കൊണ്ടു പോകാനുള്ള പാട് എനിക്കേ അറിയൂ. സാധനങ്ങള്‍ക്ക് ഒക്കെ ഇപ്പോ എന്താ വിലാ"
മീനു അപ്പുവിന്റെ കണ്ണിലേക്ക് ദയനീയമായി ഒന്നു നോക്കി
"അപ്പുവേട്ടൻ എന്താ ഈ പറയണേ, ഈ വീട്ടില്‍ ഞാനും നിങ്ങളും മാത്രല്ലേ ഒള്ളൂ. ഇവിടുത്തെ ചിലവ് എത്ര വരും എന്ന് എനിക്കും അറിയാന്‍ സാധിക്കും. പറയാന്‍ മടിയാവുന്നു, ന്നാലും പറയാ, നല്ലൊരു ഭക്ഷണം ഈ വീട്ടില്‍ ഉണ്ടാക്കിയിട്ട് എത്ര മാസായി എന്ന് അറിയോ ഏട്ടന്"
അപ്പു അവളുടെ മുന്നില്‍ തലതാഴ്ത്തി നിന്നു. മീനു തുടര്‍ന്നു
" എന്നും കോഴി ബിരിയാണി വേണം എന്നൊന്നും ഞാന്‍ പറയണില്ലല്ലോ, വല്ലപ്പോഴും മീനെങ്കിലും വാങ്ങി തന്നൂടെ. എന്റെ വീട്ടില്‍ പോയാ ഞാന്‍ എന്ത് പറഞ്ഞാലും അച്ഛന്‍ മേടിച്ചു തരും. പക്ഷെ ഇപ്പോ എന്നെ വീട്ടിലും പറഞ്ഞയക്കുന്നില്ല. എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യാന്‍ ഞാന്‍ എന്ത് തെറ്റാ ഏട്ടനോട് ചെയ്തേ"
അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാജീവ് മൗനം പാലിച്ചു. അപ്പുന്റെ മൗനം അവളെ കൂടുതല്‍ ചൊടിപ്പിച്ചു
" സത്യം പറ അപ്പുവേട്ടാ, ഞാന്‍ അറിയാതെ നിങ്ങള്‍ക്ക് വേറെ വല്ല പെണ്ണുങ്ങളോടും അവിഹിത ബന്ധം ഉണ്ടോ. ഉണ്ടെങ്കില്‍ പറഞ്ഞോ, ഞാന്‍ മാറി തരാം"
അപ്പു ഒന്നും പറയാതെ പുറത്തേക്ക് പോയി. അവള്‍ പിന്നെയും എന്തൊക്കെയോ സ്വയം പിറുപിറുത്തു.
അവളെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. കാരണം, അവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ആദ്യത്തെ ഒന്നര വര്‍ഷം വളരെ സന്തോഷത്തോടെ ആയിരുന്നു അവര്‍ ജീവിച്ചിരുന്നത്. പക്ഷെ ഈ ആറു മാസമായി അപ്പുവിന് സാരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയത് പോലെ അവളുടെ കൂടെ സമയം ചിലവഴിക്കാറില്ല. മുഴുവന്‍ സമയവും ജോലി ജോലി എന്നും പറഞ്ഞ് ഓടി നടക്കുന്നു. അവള്‍ ആഗ്രഹിക്കുന്ന ആഹാരങ്ങൾ പോലും നൽകാറില്ല. അവന്‍ പറയുന്ന ആഹാരങ്ങളേ കഴിക്കാവൂ. അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി അവന്‍ ഈ ആറു മാസമായിട്ട്. അവനിലെ ഈ മാറ്റം അവള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിച്ചില്ലായിരുന്നു.
അപ്പുവിന് മറ്റേതോ പെണ്ണുമായി അവിഹിതം ഉള്ളത് കൊണ്ടാണ് ഈ മാറ്റങ്ങള്‍ എന്ന് മീനുവിന്റെ ചില കൂട്ടുകാരികള്‍ പറയുക കൂടി ചെയ്തപ്പോള്‍ അവള്‍ക്ക് അവനോട് വെറുപ്പായി. അപ്പുന്റെ അവിഹിത ബന്ധം കണ്ടെത്താന്‍ അവള്‍ ശ്രമിച്ചു.
ഒരു ദിവസം അവളുടെ ഫോണിലെ ബാലൻസ് തീർന്നത് കാരണം വീട്ടിലേക്ക് വിളിക്കാന്‍ അവള്‍ അപ്പുന്റെ ഫോണ്‍ ചോദിക്കാന്‍ വീടിന്റെ ടറസിൽ നില്‍ക്കുന്ന അപ്പുവിന്റെ അടുത്തേക്ക് പോയി. ആ സമയം അപ്പു ആരുമായോ വാട്സാപ് ചാറ്റിൽ ആയിരുന്നു. അവന്‍ തനിക്ക് വന്ന വോയ്സ് മെസേജ് കേൾക്കുകയായിരുന്നു. ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു അത്. മീനുവിനെ കണ്ടതും ഫോണ്‍ ഓഫാക്കി പോക്കറ്റിലിട്ടു.
" സത്യം പറ അപ്പുവേട്ടാ, ഏതാ ആ പെണ്ണ്. ആ ഫോണ്‍ ഒന്ന് തന്നേ"
അപ്പു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു
" ഒന്നു പോ മീനു, അവളുടെ ഒരു സംശയം. അത് എന്റെ കാമുകി ഒന്നും അല്ല. കൂട്ടുകാരന്‍ അയച്ചു തന്ന ഒരു പെണ്‍കുട്ടിയുടെ കോമഡി ഫോണ്‍ സംഭാഷണമാണ്"
അവള്‍ അപ്പുനോട് ഫോണ്‍ ആവശ്യപ്പെട്ടു. പക്ഷെ അവള്‍ എത്ര ചോദിച്ചിട്ടും അവന്‍ ഫോണ്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല. മീനുവിന്റെ കണ്ണുകള്‍ നിറഞ്ഞു
" അപ്പോ, അപ്പുവേട്ടൻ എന്നെ ചതിക്കായിരുന്നല്ലേ ഇത്രയും നാള്‍. ഫോണ്‍ തരാന്‍ നിങ്ങള്‍ മടിക്കുന്നതിൽ നിന്നും എനിക്ക് കാര്യങ്ങള്‍ മനസിലാക്കാൻ പറ്റും. ഞാന്‍ അത്ര പൊട്ടി ഒന്നും അല്ല. ഞാന്‍ എന്റെ വീട്ടിലേക്ക് പോവാ. എന്നെ അന്വേഷിച്ച് വരരുത്"
ഇത്രയും പറഞ്ഞ് അവള്‍ തന്റെ വസ്ത്രങ്ങള്‍ എല്ലാം എടുത്ത് പോകാനൊരുങ്ങി.അപ്പു അവളെ തടഞ്ഞെങ്കിലും,‍ അവന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ അവള്‍ കൂട്ടാക്കിയില്ല. അവള്‍ പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ അവന് കഴിഞ്ഞൊള്ളൂ.
മീനു വീട്ടിലെത്തി പൊട്ടിക്കരഞ്ഞ് നടന്ന കാര്യങ്ങൾ പറഞ്ഞു. അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അപ്പു അവളുടെ വീട്ടിലെത്തി. അപ്പുവിനെ കണ്ടതും അവള്‍ കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി. അമ്മ വീട്ടിനകത്തേക്ക് കയറി. അച്ഛന്‍ അവനെ വെറുപ്പോടെ നോക്കി. വീട്ടിനകത്തേക്ക് കയറാന്‍ ശ്രമിച്ച അവനെ അച്ഛന്‍ തടഞ്ഞു
" വേണ്ട, കയറേണ്ട. വന്ന കാര്യം എന്താ പറഞ്ഞിട്ട് പോവാം"
അപ്പു അച്ഛനെ ദയനീയമായി ഒന്നു നോക്കി, എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു
" ഇല്ല അച്ഛാ, കയറുന്നില്ല. ഞാന്‍ മീനുനെ കൊണ്ടു പോകാന്‍ വന്നതാണ്. അവളെ എന്റെ കൂടെ പറഞ്ഞയക്കണം"
അച്ഛന്റെ മുഖം കോപം കൊണ്ട് വിറച്ചു
" നാണമില്ലല്ലോടാ നായേ നിനക്ക്, സ്വന്തം ഭാര്യ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു പെണ്ണുമായി ബന്ധം പുലർത്താൻ. നിന്നെപ്പോലെയുള്ള ആഭാസന്റെ കൂടെ ഇനി ഞങ്ങളുടെ മകളെ പറഞ്ഞയക്കില്ല. നമുക്ക് ഇനി കോടതിയില്‍ വെച്ച് കാണാം"
അപ്പുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പൊട്ടിക്കരയാൻ തോന്നി അവന്, പക്ഷെ തന്റെ മനസ്സിനെ പിടിച്ചു കെട്ടി നിയന്ത്രണത്തിലാക്കി അവന്‍ സംസാരിച്ചു തുടങ്ങി
" വേണ്ട അച്ഛാ, കോടതിയും പോലീസും ഒന്നും വേണ്ട... ഞാന്‍ പോവാം. നിങ്ങളുടെ മകളെ എന്റെ കയ്യില്‍ പിടിച്ചു തരുമ്പോൾ അവളെ ഒരിക്കലും കരയിപ്പിക്കാതെ സന്തോഷത്തോടെ നോക്കാം എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തന്നിരുന്നു. പക്ഷെ ആ ഉറപ്പ് ദൈവത്തിന് അങ്ങട് ഇഷ്ടായില്ല തോന്നുന്നു. സന്തോഷത്തോടെ ജീവിച്ചിരുന്ന ഞങ്ങളുടെ ഇടയിലേക്ക് വിട്ടുമാറാത്ത തലവേദനയുടെ രൂപത്തില്‍ മീനുക്കുട്ടിക്ക് ഒരു കൂട്ടുകാരി വന്നു. ആ തലവേദനയെ ഞങ്ങള്‍ നിസ്സാരമായി കണ്ടെങ്കിലും, അവളെ ചികിത്സിച്ചിരുന്ന എന്റെ സഹപാഠി ആയിരുന്ന ഡോക്ടര്‍ രഞ്ജിനി പറഞ്ഞാണ് ഞാന്‍ ആ സത്യം മനസ്സിലാക്കുന്നത്"
അപ്പു കുറച്ച് സമയം ഒന്നും മിണ്ടിയില്ല.
" എന്റെ മീനുന്റെ ശരീരത്തെ ക്യാന്‍സര്‍ കാർന്ന് തിന്ന് തുടങ്ങിയിരിക്കുന്നു എന്ന്"
അപ്പു കരച്ചിൽ അടക്കാന്‍ പാടുപ്പെട്ടു
" എനിക്ക് അറിയായിരുന്നു അച്ഛാ ഈ വിവരം എന്റെ മീനു അറിഞ്ഞാല്‍ അവള്‍ക്ക് അത് താങ്ങാന്‍ പറ്റില്ല എന്ന്. അതുകൊണ്ടാണ് അവളിൽ നിന്നും ഞാന്‍ ഈ കാര്യം മറച്ചുവെച്ചത്. അവള്‍ പോലും അറിയാതെ ഞാന്‍ അവളെ ചികിത്സിക്കുകയായിരുന്നു അച്ഛാ ഇത്രയും നാള്‍. ഞാന്‍ കാണുന്ന ജോലിക്ക് ഒക്കെ പോയി കാശ് ഉണ്ടാക്കിയതും, എന്റെ ബൈക്ക് വിറ്റതും എല്ലാം എന്റെ മീനുവിനെ ചികിത്സിക്കാനായിരുന്നു. അവള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ കൈ നീട്ടാൻ ഞാന്‍ ഒരുക്കമല്ല"
അച്ഛന്‍ അപ്പുവിന്റെ മുന്നില്‍ മാപ്പ് അപേക്ഷിച്ച് കൈകള്‍ കൂപ്പി നിന്നു.അപ്പു അച്ഛന്റെ കൈകളില്‍ പിടിച്ചു
" അരുത് അച്ഛാ, അച്ഛന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെയേ സംഭവിക്കൂ"
അപ്പു ഒന്നു നിറുത്തിയിട്ട് തുടര്‍ന്നു
" അവള്‍ക്ക് ഇറച്ചിയും മീനും ഒന്നും മേടിച്ചു കൊടുക്കാതിരുന്നത് ചികിത്സയുടെ ഭാഗമായിരുന്നു. ആരംഭത്തിൽ തന്നെ അസുഖം മനസ്സിലാക്കാന്‍ സാധിച്ചതിനാൽ, അസുഖം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം എന്ന് ഡോക്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. അന്ന് വാട്സാപിൽ മെസേജ് അയച്ചത് ഡോക്ടര്‍ ആയിരുന്നു. ഒന്നും പറയാന്‍ പറ്റാതെ എന്റെ മീനുക്കുട്ടിക്ക് മുന്നില്‍ ഇത്രയും കാലം ഒന്നിനും കൊള്ളാത്തവനായും, ചതിയനായും എല്ലാം ഞാന്‍ ജീവിച്ചത് അവള്‍ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആയിരുന്നു"
അപ്പു പറഞ്ഞ് തീര്‍ന്നതും മീനാക്ഷി അവനെ വന്ന് കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
" എന്തിനാ അപ്പുവേട്ടാ, ഈ പാപിക്ക് വേണ്ടി...? ഉപേക്ഷിക്കായിരുന്നില്ലേ എന്നെ....?"
അപ്പു മീനാക്ഷിയെ ചേര്‍ത്ത് പിടിച്ചു
" ഒരു ആപത്ത് വരുമ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാനല്ല നിന്റെ കഴുത്തില്‍ ഞാന്‍ താലി കെട്ടിയത്. ജീവിതകാലം മുഴുവന്‍ ദാ ഇങ്ങനെ ചേര്‍ത്ത് പിടിക്കാനാ"
അപ്പുവിന്റെ മൊബൈല്‍ ശബ്ദിച്ചു. ഡോക്ടര് ആയിരുന്നു അത്
" അപ്പു തലവേദനയുടെ കാര്യവും പറഞ്ഞ് മീനാക്ഷിയെ ചികിത്സിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഇത് വരെ എല്ലാം പോസിറ്റീവ് ആണ്. അവള്‍ക്ക് നല്ല മാറ്റം ഉണ്ട്. ഇനി ചികിത്സയുടെ രണ്ടാം ഘട്ടമാണ്, അവളുടെ സഹായമില്ലാതെ ‍ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കില്ല"
ഡോക്ടര്‍ പറഞ്ഞ് തീരും മുന്നേ ഇങ്ങേ തലക്കൽ മീനാക്ഷിയുടെ ശബ്ദം
" ഡോക്ടര്‍ ഒന്നു കൊണ്ടും പേടിക്കേണ്ട, അപ്പുവേട്ടൻ എന്റെ കൂടെയുള്ളപ്പോൾ ഞാന്‍ ഒരിക്കലും തളരില്ല"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot