Showing posts with label ShajithKumar. Show all posts
Showing posts with label ShajithKumar. Show all posts

"ഭാഗം-വയ്പ് "


ഇനി നമുക്ക്
നമുക്കിടയിലെ
തെറ്റുകളുടെ
ഭണ്ഡാരമഴിച്ചുവയ്ക്കാം

ഓരോർത്തർക്കുമുള്ള
തെറ്റുകളെ
അതിൽനിന്നും
പകുത്തുവയ്ക്കാം

തെറ്റുകളുടെയെല്ലാം
നിലവാരമൊന്നുകൂടി
അളന്നുതൂക്കി
തിട്ടപ്പെടുത്താം

ആരുടെഭാഗമാണ്
താഴുന്നതെന്ന്
ഒരിക്കൽകൂടി
വാതുവയ്ക്കാം

താഴുന്നത്രാസ്സിലെ
തോറ്റുപോയവരെ
താണുപോയെന്നുചൊല്ലി
പിന്നെയും കളിയാക്കാം

തോറ്റു പോയവർക്ക്
പ്രതീക്ഷയുടെ
അവസാനകിരണ-
മെന്തിനെന്നോതി

കൂട്ടിവയ്ക്കുവാൻ
ഓർമ്മകളുടെ
വിഴുപ്പുഭണ്ഡാരമ-
ങ്ങെറിഞ്ഞുവയ്ക്കാം.

ഷാജിത് ആര്യനാട്

കൂടൊഴിയും നേരം


അന്നത്തെ വർത്തമാനപത്രം
മുറ്റത്തു മഞ്ഞേറ്റു കിടപ്പുണ്ട്.

കുറച്ചു ചോണനുറുമ്പുകൾ
താളുകളിലെന്തൊക്കെയോ
അരിച്ചുപെറുക്കി നടപ്പുണ്ട്.

നിറയെ പാലുമായ് പാൽകുപ്പി
പായലുവീണ മതിലിൻ-
മുകളിലൂടെത്തിനോക്കി നിൽപ്പുണ്ട്.

മുന്നിലെ ചാഞ്ഞകൊമ്പിൽ
രണ്ടു പേരയ്ക്കായ
കിളികൊത്തി നിലപ്പുണ്ട്.

എന്നും ചാരിയിടുന്ന
വാതിലും ജനാലകളും
മലർക്കെ തുറന്നു കിടപ്പുണ്ട്.

ആദ്യമായി പൂവിട്ട പേരറിയാച്ചെടി
പൂക്കളുമായ് കണ്മിഴിച്ചു-
-ള്ളിലേക്കു നോക്കിനിൽപ്പുണ്ട്.

വാടക-വീടൊഴിഞ്ഞുപോയൊരുകൂട്
ആരും വരാനില്ലെന്നറിഞ്ഞിട്ടും
കട്ടിലിലാരെയോ കാത്തുകിടപ്പുണ്ട്.

ഷാജിത് ആര്യനാട്

അരുതെന്ന വാക്കുകൾ(കവിത)


ചങ്ങല തീർത്തിട്ടും
അണിവൈരക്കല്ലായി
മാറിയോളെ

ഞാൻ നടക്കുന്ന ദൂരം
നിന്നെയോർത്തു-
നടക്കാനാണെനിക്കിഷ്ടം

ഞാൻ കേൾക്കുന്ന പാട്ടിൽ
നിന്നെ ഒളിപ്പിച്ചു-
കേൾക്കാനാണെനിക്കിഷ്ടം

നിന്നെക്കണ്ട കാഴ്ചകൾ
ഞാനെവിടെനിന്നാണിനി
മായ്ച്ചു കളയുക

നിന്നിൽ കേട്ട രാഗം,
ഞാനെങ്ങനെയാണിനി
മറവിക്കു നൽകുക.

ഷാജിത് ആര്യനാട്


ഒരു ഡിസംബർ ഡയറി.(വലിച്ചുകീറിയത്)

കൃത്യമായി പറഞ്ഞാൽ പത്തിരുപത് വർഷം മുന്നേയുള്ള കുളിരുള്ളൊരു ഡിസംബറിലെ കൃത്യതയില്ലാത്ത ഒരു ദിവസം,
നേരം പരപരാ വെളുക്കുന്നെയുള്ളൂ.തലേന്ന് കൂട്ടുകാരനെ ഓസി രണ്ട് ഒ സി ആറും അടിച്ചു കിടന്നുറങ്ങിയതാണ് ഞാൻ
അങ്ങനെ പുതപ്പിനടിയിൽ എസ് പോലെ ഐസായി ഉരുണ്ടുചുരുണ്ടുകിടക്കുമ്പോഴാണ് ഒരു കപ്പ് കാപ്പിയുമായി അമ്മയുടെ വരവ്...അതിനോക്കെ ഏതാണ്ട് രണ്ടരമണിക്കൂർ മുന്നേതന്നെ ഏതാനും പൂവൻകോഴികൾ ചേർന്ന് കിഴക്കേലെ രവിയെ വിളിച്ചുണർത്തിയിരുന്നു.
കാപ്പി അടുത്തുതന്നെയുള്ള മേശമേൽ വച്ച്,'ഒന്ന് കടുപ്പിച്ചു് 'അവിടെ നിന്നെക്കാണാൻ രണ്ടുപേർ വന്നിട്ടുണ്ട്, അച്ഛന്റടുത്തു സംസാരിച്ചിരിക്കുകയാണ്...ഒന്ന് വേഗം എണീച്ചു വാ..'എന്നും പറഞ്ഞ് അമ്മ പതിയെ സ്ഥലം കാലിയാക്കി.
അപ്പോഴാണ് കെട്ടുവിട്ടെണീറ്റ ഞാൻ ചില പരിചയമുള്ള ശബ്ദങ്ങൾ ഉമ്മറത്തു കേട്ടതും,അവിടേക്ക് ചെവിയെടുത്തിട്ടതും. കാര്യങ്ങളൊക്കെ ഏറെക്കുറെ സീൻ കോണ്ട്രാ എന്നു മനസ്സിലായതും.. പിന്നെ ഒന്നും നോക്കീല സുഹൃത്തുക്കളേ കാണാത്ത ഉടുതുണിയും എടുത്തുടുത്തു പിന്നിലെ വാതിൽവഴി അതിരിലെ വേലിയുംചാടി ഞാനാറ്റിലേക്കോടി..അല്ലേലും നമ്മുടെ കഷ്ടപ്പാടുകൾ ആരാ..
ഒറ്റത്തടിയല്ലേന്ന് ആലോചിച്ചു നടന്നുനടന്നു മടുത്തപ്പോഴാണ് ആ പണ്ടാരം പെണ്ണിന്റെ പിറകേയൊന്ന് നടക്കാന്ന് വിചാരിച്ചത്..
കഴിഞ്ഞ രണ്ടു ക്രിസ്സ്മസ്സിലേറെയായി ആ പുന്നാര മോളുടെ ബാക്കീന്ന് നടക്കുന്നു.
സംഭവമൊക്കെ ശരിയാ ഞാൻ ആകെ ഹാൻഡികാപ്ഡ് ലൂക്ക് തന്നെയാ എങ്കിലും..
ഇനി നിങ്ങളെക്കൂടെ വെറുപ്പിക്കാതെ സംഭവിച്ച കാര്യം ഞാൻ ചുരുക്കിപ്പറയാം..
പറഞ്ഞല്ലോ അവളുടെ പിറകേ നടന്ന് കാലിലെ ചെരുപ്പ് തേഞ്ഞെന്ന്.. അറിയില്ലേ അവളെ ആ തെക്കേലെ ആശിയെ..?
ടൂട്ടോറിയൽ കോളേജിന്റെ മുറ്റത്തും ടൈപ്പറേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുറ്റത്തും ഓരോ ദിവസവും അവളിറങ്ങുന്നതും കേറുന്നതും കാത്തു മുറതെറ്റാതെ പോയി നിൽക്കുമല്ലോ ഞാൻ.. (ഡോക്ടർ ഗുളിക കഴിക്കാൻ പറഞ്ഞാൽ പോലും ചിലപ്പോൾ തെറ്റും-ആത്മഗതം.) പലതവണ അവളടുത്തു കാര്യം പറഞ്ഞു.'എനിക്ക് നിന്നെ ഇഷ്ടമാണെന്ന്..' ഏയ് അവള് കേൾക്കാത്തപോലെയുള്ള നടത്തം..കണ്ടാലോ സിനിമാനടി ഉർവശിയുടെ അനിയത്തിയുടെ ചേലും.. 'വർഷങ്ങൾ പോയതറിയാതെ' ഇങ്ങനെയങ്ങനെപോയലെങ്ങനെയാ...
ഇപ്പോൾ അയ്യപ്പ സീസണല്ലേ പ്രസാദം വല്ലോം കിട്ടുമോന്നറിയാനാണ് രണ്ടുദിവസം മുൻപ് ക്ഷേത്രത്തിൽ പോയത് .അപ്പോഴാണ് വിളക്ക് നടത്തുന്നവരുടെ പേരെഴുത്തുന്ന ബോർഡിൽ അവളുടെ വീട്ടുപേര് കണ്ടത്..അതുകണ്ട് സന്തോഷത്തോടെ ഇന്നലെ വൈകിട്ട് അവിടംവരെ ഒന്ന് പോയതാ ഞാൻ ചെയ്ത കുറ്റം..
മുന്നിൽ എന്നെയൊന്ന് നോക്കാതെ ദൈവത്തെ മാത്രം നോക്കിയുള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ പായസത്തിന്റെ കൂടെ പ്രസാദത്തിലുണ്ടായിരുന്ന പഴത്തിന്റെ തൊലികൊണ്ട് അവൾക്ക് ഞാനൊരേറ് കൊടുത്തു..ശരിതന്നെ. അതിനെന്തിനാ എന്റെ ഭാവി അമ്മായിയമ്മ റോഡിൽവച്ചെന്നെ ചീത്തവിളിച്ചത്.? അതല്ലേ ഞാനും തിരിക വിളിച്ചത്. ഹും അതിന്റെ ഇടയിൽക്കേറി അവളുടെ വക ഒരു കഞ്ഞി ഡയലോഗും
"ചേട്ടനെന്റെ പുറകേ നടന്നിട്ട് കാര്യമില്ല കേട്ടോ,ഞാൻ വീഴില്ലാ"ന്ന്..
പോരാത്തതിന് അപ്പഴാ കണ്ടത് അമ്മായിയുടെ കയ്യിലെയാ ക്രിസ്മസ്കാർഡ്..പ്രാവോക്കെ പറക്കുന്ന ലവിന്റെ ചിഹ്നങ്ങളൊക്കെയുള്ളയാ കാർഡ്..
ഞാനാശിക്ക് കഴിഞ്ഞയാഴ്ച അയച്ചതാ,ഐ ലവ് യൂ ന്നൊക്കെ എഴുതി..പക്ഷെ അതപ്പുറത്തെ വീട്ടിലെ കണ്ണന്റെ അമ്മയുടെ കയ്യിലാണ് ആ കള്ള @#$% പോസ്റ്റ്മാൻ എന്നെ പറ്റിക്കാൻകൊണ്ടുകൊടുത്തത്. കണ്ണനാണെങ്കിൽ എന്റടുത്തത് നേരത്തേ പറഞ്ഞതുമാണ് രണ്ടഡ്രസ്സും ഏകദേശം ഒരേപോലെയാണെന്നും,എഴുതുമ്പോൾ നീ തെറ്റിക്കരുതെന്നും,തെറ്റല്ലേ, പറ്റി പോവൂല്ലേ.
പക്ഷെ..ഇപ്പൊ അവളുടെ അച്ഛനുമമ്മയും എന്റെ വീട്ടില് അച്ഛന്റെയും അമ്മയുടെയും കൂടെ എന്താണാവോ എന്നെ കുടുക്കാൻ പറഞ്ഞുകൂട്ടുന്നത്..അച്ഛനാണെങ്കിൽ മൂന്നുംപിന്നും നോക്കാത്ത ആളാ.....
ഇത്രയും ഞാൻ സത്യസന്ധമായി നിങ്ങളോട് പറഞ്ഞൂ..ഇനി നിങ്ങള് പറ...ഞാൻ പാവമല്ലേ..?
✍️ഷാജിത് ആനന്ദേശ്വരം

പിൻബുദ്ധി

(മിനിക്കഥ)
"തമിഴ് നാട്ടിൽ തഞ്ചാവൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽ ഗ്രാമവാസികൾ ബാങ്കിന്റെ എടിഎം കൗണ്ടർ അടിച്ചു തകർത്തു.പിന്നെ അവയിലെ നോട്ടുകൾ കൂമ്പാരം കൂട്ടിയിട്ട് കോഴിയുടെ തലയറുത്തു അതിലേക്ക് രക്തം തളിച്ചു തീയിട്ടു നശിപ്പിച്ചുവത്രെ.."
രാമു ഉറക്കെ പത്രം വായിക്കുകയാണ്..
അതുകേട്ട് അടുക്കളയിൽ നിന്നൊരു അശരീരിയുണ്ടായി..
"യേട്ടാ അതെന്തിനായിരുന്നു..?"
രാമു തുടർന്ന് വായിച്ചു."അവർക്ക് സാധനങ്ങൾ വാങ്ങിക്കാൻ എ ടി എം കൗണ്ടറിൽ നിന്നും ചെറിയ നോട്ടുകൾ കിട്ടാത്തതിന്റെ അരിശമാണത്രെ "
അശരീരി വീണ്ടും ഉയർന്നുകേട്ടു. "യേട്ടാ റേഷൻകടയിൽ ചമ്പാവരി വന്നിട്ടുണ്ട്,
ഒന്നുപോയി വാങ്ങിയിട്ടുവന്നെ... ഇങ്ങനെ വെറുതെ പത്രം വായിച്ചു സമയം കളയാതെ.."
രാമു ചാരുകസേരയിൽ നിന്ന് പതിയെ ആസനം പൊക്കി.. ഷർട്ടിന്റെ പോക്കറ്റിലേക്ക് വെറുതേ കയ്യിട്ടു കാശൊന്നും തടഞ്ഞില്ല...തടഞ്ഞത് എടിഎം ന്റെ ഒരു കാർഡ് മാത്രം. അതിലാണെങ്കിൽ അഞ്ചിന്റെ നയാപൈസയില്ല.. ലോ ബാലൻസ് ചാർജെന്നും പറഞ്ഞ് ആകെയുള്ളതും ജപ്തിചെയ്തിരിക്കുന്നു..!!
വലിയ വലിയ അക്കങ്ങൾക്കു മാത്രമേ ഇവിടെ വിലയുള്ളുവോ..?(ആത്മഗതം)
ഇനിയെന്തുചെയ്യും..?
രാമു അശരീരിയുണ്ടായ ഭാഗം ലക്ഷ്യമാക്കി പതിയെ നടന്നു..
എടീ ഞാനാ എ ടി എം കൗണ്ടർ വരെ ഒന്ന് പോയി നോക്കട്ടെ..ക്യാഷ് വല്ലതും തടയുമോ ഇല്ലയോ എന്ന്...എന്നിട്ട് മതി റേഷൻ കടയിലേക്കുള്ള സഞ്ചി..
അപ്പോഴേക്കും അടുക്കള ഭാഗത്തുനിന്നും
(പല്ല് കടിച്ചൊരു) അശരീരി മുഴങ്ങിക്കേട്ടു
"ഏയ് മനുഷ്യാ നിങ്ങളല്ലേ ഇപ്പൊ പത്രത്തിൽ വായിച്ചേ എ ടി എമ്മിൽ ചെറിയ നോട്ടില്ലാന്ന്.. നിങ്ങളിത്ര തിരുമണ്ടനായിപ്പോയല്ലോ.
ആ സഞ്ചിക്കുള്ളിൽ ഞാൻ പൈസ വച്ചിട്ടുണ്ട്.. പെട്ടെന്ന് പോയി കട അടക്കുന്നതിന് മുന്നേ റേഷൻ വാങ്ങി വാ.."
രാമു സന്തോഷവാനായി സഞ്ചിയുമെടുത്ത് റേഷൻകട ലക്ഷ്യമാക്കി നടന്നു..
✍️ഷാജിത് ആനന്ദേശ്വരം
NB:എന്നെ കല്ലെറിയരുത് ഞാനിവിടില്ല

പ്രതികാരം

(കഥ)
നഗരത്തിലെ ഒരു പ്രശസ്തമായ ഫ്ളാറ്റ് സമുച്ചയത്തിലെ ഒത്ത നടുവിലത്തെ കെട്ടിടത്തിന്റെ നാല്പത്തിരണ്ടാമത്തെ നില.തീർത്തും വിജനമായതും,വല്ലാതെ ഭയപ്പെടുത്തുന്നതുമായ ഇടനാഴികളും. വായു അറകൾക്ക് സമാനമായ ആഡംബരം എന്നു വിശേഷിപ്പിക്കാവുന്ന അതിവിശാലമായ മുറികളുമടങ്ങുന്ന ആകെ നൂറ്റിയൊന്ന് ഫ്‌ളാറ്റുകൾ.അതിലെ എഴുപത്തി നാലാമത്തെ ഫ്‌ളാറ്റിലാണ് രേഷ്മയുടെ ഇപ്പോഴത്തെ താമസം..
ഇപ്പോൾ, ഏകദേശം രണ്ടു വർഷത്തോളമായിക്കാണും രേഷ്മ തന്റെ ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങിയിട്ട്‌.ബി എസി സുവോളജിക്ക് രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് അവളുടെ അപ്പൻ മരിക്കുന്നത്,
അല്ല അവളുടെ അപ്പന് അമ്മതന്നെ വിഷംകൊടുത്തു കൊല്ലുന്നത്.അക്കാര്യം അവൾക്കറിയാമായിരുന്നിട്ടും,പൊലീസിന് കാട്ടികൊടുക്കാത്തതിനു പിന്നിൽ അമ്മയുടെ ഭീഷണിയുടെ സ്വരമായിരുന്നു.. ആ സംഭവത്തിനുശേഷമാണ് അവൾ പഠിത്തം മതിയാക്കിയതും, ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങാതായതും..
പെട്ടെന്ന് രേഷ്മയുടെ മുറിക്കുള്ളിലേക്ക് ഫോർക്കെ തീയേറ്ററുകളിൽ മാത്രം കണ്ടുവരുന്ന ഒരുതരം പച്ചവെളിച്ചം കടന്നുവരികയും,അത് പൊടുന്നനെ അപ്രത്യക്ഷമാവുകയും ചെയ്തു.തന്റെ രണ്ടാനച്ഛൻ ഡ്യൂട്ടി കഴിഞ്ഞെത്തിയിരിക്കുന്നു. അയാൾഫ്രണ്ട് ഡോർ തുറന്നപ്പോൾ ഇടനാഴിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച എൽ ഇ ഡി ബൾബുകളുടെ പച്ചവെളിച്ചമാണ് അകത്തേക്ക് തെറിച്ചുവീണത്...
അതൊന്നും ശ്രദ്ധിക്കാത്തപോലെ,രേഷ്‌മ താൻ വായിച്ചുകൊണ്ടിരുന്ന ഓൺലൈൻ തുടർക്കഥയിലെ അവസാന ഭാഗത്തിലേക്ക് ഊളിയിട്ടു..
കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ചില ഓൺലൈൻ ഗ്രൂപ്പുകളിലെ സ്ഥിര വായനക്കാരിയാണ് അവൾ. അതാണ് അവൾക്ക് ആകെകൂടിയുള്ള നേരമ്പോക്കും.പിന്നെ ചിലപ്പോഴൊക്കെ പ്രൈം വീഡിയോസിൽ റിലീസ് ചെയ്യുന്ന ചില പുതിയ സിനിമകൾ അവിടെ തന്നെയുള്ള നൂറിഞ്ച് പ്രോജെക്ഷൻ ടിവിയിൽ ഇട്ട് കാണും..
ഇവിടേക്ക് വരും മുന്നേ എല്ലാരോടും വാതോരാതെ സംസാരിക്കുന്ന, പഠിക്കാൻ മിടുക്കിയായ ഒരു രേഷ്മയുണ്ടായിരുന്നു ,അങ്ങ് നാട്ടിൻപുറത്തെ ഒരു കൊച്ചു വീട്ടിൽ, അദ്ധ്യാപകനായ അച്ഛന്റെയും ഐ ടി ഉദ്യോഗസ്‌ഥയായ അമ്മയുടെയും പൊന്നോമനയായവൾ..അന്ന് അച്ഛനുമമ്മയും തമ്മിൽ ചെറിയ ചെറിയ ഈഗോ ക്ലാഷുകൾ അല്ലാതെ വേറെ പ്രശ്നമൊന്നും ഉള്ളതായി അവൾക്കറിയില്ലായിരുന്നു. പിന്നെയെപ്പോഴാണീ ചെകുത്താന്റെ സഹവാസം അതിനിടയിലേക്ക് നുഴഞ്ഞുകയറിയത്.? ഒരിക്കൽ യാദൃശ്ചികമായാണ് അമ്മയുടെ മൊബൈലിൽനിന്നും തന്റെ അമ്മയും അയാളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ രേഷ്മ കാണുന്നത്...അതിനുശേഷം എതാനും ദിവസങ്ങൾ അതോർത്ത് അവളുടെ അപ്പനോട് പറയണമോ വേണ്ടയോ എന്നുള്ള ആധിയിൽ അവൾക്ക് ഉറക്കംതന്നെ നഷ്ടപെട്ടിരുന്നു..ഒടുവിൽ ഒരു ദിവസം അക്കാര്യം അപ്പനോട് അവൾ തുറന്ന് പറയുകതന്നെ ചെയ്തു..
അന്ന് അപ്പൻ അമ്മയോട് മൊബൈൽ ഫോൺ തന്നെ കാണിക്കാൻ ആവശ്യപ്പെട്ട ദിവസം.. രാത്രിയിൽ അമ്മ അപ്പന്റെ ആഹാരത്തിൽ വിഷം കലർത്തിയിരുന്നു.അപ്പൻ രക്തം ശർദ്ധിച്ചു കുഴഞ്ഞു വീഴാൻ തുടങ്ങുമ്പോൾ കയ്യിൽ ആ വിഷക്കുപ്പി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.മാത്രമല്ല അന്നേരം "അവൾ എനിക്ക് വിഷം തന്നൂന്ന്" തന്റടുത്തു പല പ്രാവശ്യം പുലമ്പികൊണ്ടേയിരുന്നു..അപ്പോഴേക്കും അമ്മ ആ ബോട്ടിൽ കയ്യിൽ നിന്നും പിടിച്ചു വാങ്ങുകയും എന്തിനാ 'എന്റെ ഇച്ചായാ ഇത് കാണിച്ചേന്ന്' ഉറക്കെ നിലവിളിച്ചു നാട്ടുകാരെ കൂട്ടുകയും ചെയ്തു..
അതിനുശേഷമാണ് ആ ചെറിയ വീട്ടിൽ നിന്നും, ഈ വലിയ ഫ്ലാറ്റിലേക്ക് അമ്മ താമസം മാറ്റിയത്..ഒപ്പം ആ വൃത്തികെട്ട വീഡിയോവിൽ കണ്ട ആളിനെ അമ്മ ഭർത്താവാക്കുകയും ചെയ്തു.അന്നൊക്കെ തനിക്ക് അതിനൊക്കെ കൂടെ നിൽക്കാനേ കഴിഞ്ഞുള്ളൂ..ഇന്നാണ് താൻ കാത്തിരുന്നയാ ദിവസം അവൾ മനസ്സിൽ പറഞ്ഞു,
രേഷ്മ ഒരുകപ്പു കാപ്പിയുമായി തന്റെ രണ്ടാനപ്പന്റെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു. അവിടേക്ക് കടന്നപ്പോൾതന്നെ അവൾ കണ്ടു..അയാൾ ഷർട്ട് ഊരിമാറ്റി അതിനുശേഷം കുനിഞ്ഞ് തന്റെ ഷൂലേസ് ഊരുന്നതിലുള്ള തയാറെടുപ്പിലാണ്.അവൾ അടുത്തേക്ക് ചെന്നു.എന്നിട്ട് കാപ്പി നീട്ടി
അടുത്തുതന്നെയുള്ള മേശമേൽ വച്ചു..അവളുടെ കൊഴുത്ത വാക്സ് ചെയ്ത കണങ്കാലുകളാണ് അയാളുടെ കണ്ണിലേക്ക് ആദ്യം കടന്നെത്തിയത്.
ഇളം മഞ്ഞ നിറത്തിലുള്ള മീഡിയായിരുന്നു അപ്പോൾ അവളുടെ വേഷം..അയാൾ മുഖമുയർത്തി അവളെ ഒന്ന് നോക്കി. പക്ഷേ അയാൾക്ക് അവളുടെ മുഖം കാണാനായില്ല. മഞ്ഞ കളറിൽ തുറിച്ചു നിൽക്കുന്ന മാറിടങ്ങളുടെ മറവിലായിരുന്നു അവളുടെ മുഖം..അപ്പോൾ അവൾ അയാളുടെ മുഖം പിടിച്ചു വലിക്കുകയും ആ നിറഞ്ഞ മാറിലേക്കണയ്ക്കുകയും ചെയ്തു..അയാൾ ആ മാറിലേക്ക് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ മുഖം പൂഴ്ത്തി………………
ഏതാനും നിമിഷങ്ങൾ മുന്നേ രേഷ്മ അവളുടെ മൊബൈലിൽ നിന്നും ഒരു വാട്ട്സാപ്പ് മെസ്സേജ് തന്റെ അമ്മയുടെ മൊബൈലിലേക്ക് അയച്ചിട്ടുണ്ടായിരുന്നു.അതിലിങ്ങനെ എഴുതിയിരുന്നു..
'ക്ലിക് ദിസ് ലിങ്ക് ബിലോ ടു വാച്ച് ദിസ് ലൈവ് വീഡിയോ.....'
അതിൽ രണ്ടു നീല ശരികൾ ഉമ്മവെച്ചു നിന്നു...
(അവസാനിച്ചു)
✍️ഷാജിത് ആനന്ദേശ്വരം

അയാളുടെ ചിന്തകൾ

അങ്ങനെ ചിന്തിച്ചുചിന്തിച്ചു വീണ്ടുമൊരു വാർഷികാഘോഷം വന്നെത്തിയിരിക്കുന്നു ഇപ്രാവശ്യമെങ്കിലും അവിടെ പോകണം,പക്ഷെ മനസ്സ് വീണ്ടും വഴിമുടക്കി ഓരോ ചോദ്യങ്ങളെറിഞ്ഞു നിൽക്കുന്നു.
താനെന്തിനാടോ അവിടെ പോകുന്നത്.? അവിടെ കലാകാരന്മാരെയല്ലെ ക്ഷണിച്ചിരിക്കുന്നത്..?
ഒരു നല്ല വായനക്കാരൻ കൂടിയല്ലാത്ത നീയെന്തിനാണ് ഇത്രയും ദൂരംതാണ്ടി അവിടേക്ക് പോകുന്നത്.?
ഡിഗ്രി സെർട്ടിഫിക്കറ്റിൽകൂടി മലയാളത്തിന് പ്രത്യേകം നമ്പർ കരസ്ഥമാക്കിയ നിനക്ക് അവിടേക്ക് പോകാൻ ലജ്ജയില്ലേ..?..
ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് എന്താണ് താൻ മറുപടികൊടുക്കുക,
പോകാൻ പായ്ക്ക് ചെയ്തുവെച്ച ബാഗ് അയാൾ തിരികെ അലമാരയുടെ മൂലേയ്ക്കെറിഞ്ഞു..എന്നിട്ട് താടിക്ക് കയ്യും കൊടുത്തു് ദുഃഖിതനായി കുത്തിയിരുന്നു..
അപ്പോഴും അയാൾ മന്ത്രിച്ചുകൊണ്ടേയിരുന്നു.
'എനിക്കുപോകണം എനിക്കു പോകണം എന്റെ കൂട്ടുകാരെ കാണാനെങ്കിലും എനിക്ക് പോകണം..'
അപ്പോഴാണ് മോഹൻലാലിൻറെ ആ മാസ് ഡയലോഗ് ഓർമ്മയിൽ പെട്ടെന്ന് ചാടിവീണത്.."കർഷകനല്ലേ ഒന്ന് കളപറിക്കാൻ ഇറങ്ങിയാലോ ന്ന്"
പിന്നെ ഒന്നും നോക്കിയില്ല അയാൾ തൂമ്പയെടുത്തു പുരയിടത്തിലേക്കിറങ്ങി...
അല്ല ബാഗുമെടുത്തു ബോഗി തപ്പി നടന്നു...
അപ്പോഴാണ് ശ്രദ്ധിച്ചത് ,റെയിൽവേയിലെ ഒരു കിളിയുടെ അനൗൺസ്‌മെന്റ് ഉറക്കെ ഉറക്കെ കേട്ടുകൊണ്ടേയിരിക്കുന്നു..യാത്രികോം കെ ശ്രദ്ധാ കേലിയെ...ത്രിസ്സൂർ ജാനേവാലാ ട്രെയിൻ തോടി ദേർമേം ജാനേവാലാ ഹേ...
✍️ഷാജിത് ആനന്ദേശ്വരം

ആവർത്തനം.

എല്ലാം നഷ്ടപ്പെട്ടിരിക്കുന്നൂ,
എന്ന സത്യത്തെ തിരിച്ചറിയുമ്പോൾ.
വെളിച്ചമെത്താത്ത ഒറ്റപ്പെട്ട,
ദ്വീപുകളിലായിരിക്കും നാമെത്തിച്ചേരുക.
അവിടെ,ഒരുതരി വെളിച്ചത്തെ
പ്രതീക്ഷിപ്പതില്ലെങ്കിലും,
വെറുതേ തിരഞ്ഞുതിരഞ്ഞു നാം
ഇരുളാം മറവിയിലൊളിക്കവേ.
ഒരു മിന്നൽകൊടി പോലെയോ
ഒരു കൈത്തിരിനാളം പോലെയോ
മായികമാമൊരു വെട്ടം
അരുകിലായ് പാറി പറന്നെത്തി.
ആപാദം നമ്മെ ചുംബിച്ചുണർത്തി,
ഒടുവിൽ ഹൃദയപ്പൂക്കളറുത്ത്-
ധൂളിയിൽ കോർക്കുമൊരുതരി,
ചെങ്കനലായ് ചാർത്തിയങ്ങ് മാഞ്ഞുപോകുമ്പോൾ...
✍️ഷാജിത് ആനന്ദേശ്വരം

നീ അടുത്തുണ്ടായിരുന്ന കാലം


"""'""""""""""""""""""'"'''''''''''"""""""""""'''"'''''''''''''''''
നീ അടുത്തുണ്ടായിരുന്ന കാലം
നിന്നിൽ ഞാനുണ്ടായിരുന്ന കാലം
എന്നിൽ
പൂക്കളും ചിത്രപതംഗങ്ങളും,പിന്നെ
മഴവില്ലുമുണ്ടായിരുന്ന കാലം
അടരുന്ന നിമിഷ ദളങ്ങളെല്ലാം
അടരുവാൻ-
വയ്യെന്ന് കെഞ്ചി പറഞ്ഞ കാലം
തമ്മിൽ,കണ്ണുകളിൽ കണ്ണുകളിൽ
നോക്കിയിരുന്നു നാം
മൗനസമ്മതമേകിയ നഷ്ട കാലം
മനം-കാർ കണ്ട
വർണ്ണ മയൂഖങ്ങൾ പോലവെ
നർത്തനമാടിയ ഇഷ്ട കാലം
ഉണ്ണുമാ നിൻ ചാരെ
നോക്കിയിരുന്നു ഞാൻ
ഊട്ടുവാൻ മോഹിച്ച മോഹകാലം.
കാതിൽ,
നിൻ കളിച്ചിരികൾ പൊട്ടിച്ചു കാലം
തേനമൃതൂട്ടിയ വിരുന്നു കാലം
എൻ ഹൃത്തിലായ് നിന്മുദ്ര,-
ത്രിക്കാപ്പ് ചാർത്തിയ
വാടാത്ത കൊഴിയാത്ത വസന്ത കാലം
അന്ന് -
നീയെന്നടുത്തുണ്ടായിരുന്ന കാലം..
✍️ഷാജിത് ആനന്ദേശ്വരം

ഇന്നും പ്രണയിക്കുന്നു..

നിന്റെ നഗ്നമാം
മേനിയിലാഞ്ഞുകൊത്തി
വിശപ്പടക്കുവാൻ.
നിന്റെ നഗ്നതയുടെ
മറവിലൊളിക്കുവാൻ.
നിന്നിൽ കോറിയിട്ട
നഖക്ഷതങ്ങളിൽ
പ്രിയമായതേതെന്ന്
തിരയുവാൻ.
പിന്നെ,അന്നത്തെ
നിന്നെയെൻ
മാറോടു ചേർക്കുവാൻ.
നിന്നിലെ,
മോഹദളങ്ങളിൽ നിന്നിറ്റുമാ
ദാഹജലമൊക്കെ
മൊത്തിക്കുടിക്കുവാൻ.
പിന്നെയും പിന്നെയും
നിന്നിൽ നിന്നെന്നെ
സ്വതന്ത്രയാക്കുവാൻ
ഇന്നും ഞാൻ നിന്നെ
പ്രണയിക്കുന്നു..
✍️ഷാജിത് ആനന്ദേശ്വരം

നിൽക്ക നീ '

പിരിയുവാൻ നേരമതു ചൊല്ലാതെ വയ്യടോ,
പ്രണയിനീ പ്രണയമതു നിന്നോടു നിൽക നീ.
വേറിട്ട വഴികളിലൂടൊന്നിച്ചു ചേർന്നു നാം,
വേറിട്ട ചിന്തകളിലും ഒരുമിച്ചു നിന്നു നാം.
പിന്നിട്ട വഴികളികളിലോ അറിഞ്ഞില്ലയേതുമേ ,
പൗർണ്ണമി ചന്ദ്രനോ ചൊല്ലീല്ലയൊന്നുമേ.
പൂക്കൾ കോഴിഞ്ഞൊരാ വാകതൻ ചോട്ടിലെ,
പൂഴിമൺതിട്ടയും ഓർമ്മകൾ താലോലിക്കവേ.
പിന്നിൽ നിന്നിനിയും വിളിക്കാതെ വയ്യടോ,
പ്രണയമിനി ആരോടും പങ്കിടുക വയ്യടോ.
പ്രണയമേ നിന്നിലേക്ക് ഒരു കടൽ ദൂരമുണ്ടെങ്കിലും,
പ്രണയം പറയാതോർത്തു നീറുവാൻ വയ്യടോ.
പ്രണയമേ നിന്നെ മാത്രം, അതു നിന്നെ മാത്രം
പ്രണയിക്കുമൊരു, ഹൃദയമിതേറ്റുവാൻ,നിൽക നീ...
✍️ഷാജിത് ആനന്ദേശ്വരം

നന്ദിനിയും ഞാനും


"""""""""""""""''''''''''''""""'''''""'
അവളുടെ പ്രസവമെടുക്കലും
ചാണകം വാരലും,
പലപ്പോഴും ഒഴിഞ്ഞ വയറാലും
കഴിഞ്ഞങ്ങു കൂടിയ,
നാളുകളിലെപ്പോഴോ ആണത്
ഞാനെന്റെ തലയിലെ
വെള്ളി നൂലുകൾ
പടിഞ്ഞാറേ ആലയിൽ
ചുട്ടു പഴുപ്പിച്ചതും.
കിഴക്കേലെ പണിക്കന്
പണിയാൻ കൊടുത്തതും.
ഇന്നലെ ഞാനവളെ
വിറ്റു കാശാക്കി,
പിന്നെയവളെ
കശാപ്പുകാരനേറ്റുവാങ്ങി.
കാശെണ്ണുന്നതിനിടയിലും
അകലെയാണെങ്കിലും
അവളുടെ കരച്ചിലലയെന്റെ
നെഞ്ചേ പിളർന്നു.
എത്ര കുഞ്ഞുങ്ങളാണ്
അവളെനിക്കേകിയത്
എന്റെ-എത്ര കുഞ്ഞുങ്ങളാണ്
അവളാൽ വളർന്നത്
അവളോട് ഞാനെന്തു
കാരണം പറയും
അവളുടെ കണ്ണുനീർചാലുകൾ
ഞാനെങ്ങനെയൊപ്പും
ഇവിടെ ഞാനില്ലാത്തത്
അവൾക്കിഷ്ടമാവില്ലല്ലോ
ഇവിടെയാണേൽ എന്റെ-
കണ്ണീരിനൊരു വിലയുമില്ലല്ലോ
വാർദ്ധക്യം അത്-
അവൾക്കുമുണ്ടല്ലോ,
അവൾക്കാണെൽ
വൃദ്ധസദനത്തിൽ ഇടവുമില്ലല്ലോ.

✍️ഷാജിത് ആനന്ദേശ്വരം

അത് നീയാകുന്നു(കഥ)

""""""""""""""”""""'""""""""''"""
ശബരിമലയിലേക്ക് പോകാനൊരുങ്ങുമ്പോൾ മകൾ രാജി തന്നോട് കളിയായും അല്പം പരിഭവം കലർത്തിയും ഇങ്ങനെ പറഞ്ഞു.
'അച്ഛനിപ്പോൾ എവിടെവേണമെങ്കിലും പോകാമല്ലോ ഒറ്റത്തടിയല്ലേ' ന്ന്
ശരിയാണ് അവളുടെ അമ്മ മരിച്ചതിന് ശേഷം അവൾക്ക് എല്ലാ രീതിയിലുമുള്ള കൂട്ടും ഞാനും എനിക്ക് അവളുമായിരുന്നു.
അവളുടെ കല്യാണം കഴിഞ്ഞുപോയപ്പോൾ,
തീർത്തും ഒറ്റപ്പെട്ടു പോയതുപോലെയായി ഞാൻ.അല്ലെങ്കിലും 'ജീവിതം' അതങ്ങനെയൊക്കെ തന്നെയല്ലേ..അല്ലേ.?
ഇപ്പോഴാണെങ്കിൽ പഴയ ദുശീലമൊക്കെ പതുക്കെ പടികടന്നു വന്നിട്ടുണ്ട്.
വൈകിട്ടാവുമ്പോഴേയ്ക്കും കൂട്ടുകാർ ഏതെങ്കിലും ചിലവെന്നൊക്കെ പറഞ്ഞു ഏതെങ്കിലും മദ്യവ്യമായി ഇങ്ങെത്തും.അപ്പോൾ അതിൽനിന്നും രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അവർക്ക് പരിഭവം..
എല്ലാമൊന്ന് ശരിയാക്കണം. മലയാളമാസത്തിലെ എല്ലാ ഒന്നാംതീയതിയും മുടങ്ങാതെ പോയിക്കൊണ്ടിരുന്നു ശബരിമല യാത്ര അങ്ങനെ പുനരാരംഭിക്കാൻ തന്നെ തീരുമാനിച്ചു.
വ്രതത്തിന്റെ പേരിൽ മദ്യവും മറ്റ് കമ്പനിയുമൊക്കെ ഉപേക്ഷിക്കാമല്ലോ. അങ്ങനെ ചിന്തിച്ച് തൊട്ടടുത്ത ദിവസംതന്നെ ശബരിമലയ്ക്ക് മാലയുമിട്ടു.
യാത്രയെ കുറിച്ച് ആലോചിച്ചപ്പോൾ കന്യാകുമാരിയിൽ നിന്നും ബസ്സിനു പോണോ, അതോ ട്രെയ്നിന് പുനലൂർക്ക് ഇറങ്ങി,അവിടെനിന്നും ബസ്സിന്‌ പോണോ എന്നായി ചിന്ത.
അവസാനം രണ്ടാമത്തെ തീരുമാനത്തിലേക്ക് അങ്ങ് ഉറപ്പിച്ചു.അതാവുമ്പോൾ അല്പം റിലാക്സായി പോകാൻ കഴിയുമല്ലോ.
അങ്ങനെ കന്യാകുമാരിയിൽ നിന്നും പുനലൂർക്കുള്ള ട്രെയിന്റെ ടിക്കറ്റ്, അടുത്തദിവസം തന്നെ ബുക്ക് ചെയ്തു.. -"പുനലൂർപാസ്സ്" വണ്ടിനബർ 56700
സീറ്റ് നമ്പർ 786.ട്രെയിൻ സമയം വൈകിട്ട് നാല് നാല്പത്തിനാണ്.ആറു മണിക്കൂർ ഇരുപത്തഞ്ചു മിനിട്ടാണ് യാത്രാ സമയം.
ഏകദേശം ഇരുന്നൂറു കിലോമീറ്ററിലധികം ഉണ്ടാവും യാത്ര.
ഏതാണ്ട് രാത്രി പതിനൊന്നുമണി കഴിയുമ്പോൾ പുനലൂരിലെത്തും..അവിടുന്ന് രാത്രി ഒന്ന് മുപ്പതിന് പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ലോക്കൽ ബസ്സ്.
അവിടുന്ന് ഏകദേശം ഒരു നൂറു
കിലോമീറ്ററിനടുത്തുവരും പമ്പയ്ക്ക്..
രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോൾ പമ്പയിലെത്തും.. അവിടുന്ന് പമ്പയിൽമുങ്ങി ഗണപതിക്ക്‌ നാളികേരവുമുടച്ചു മലകയറണം. ഏതായാലും രാവിലെതന്നെ ദർശ്ശനം കിട്ടണം അതാണ് തന്റെ പ്ലാൻ.
പിന്നെ തിരിച്ചിങ്ങോട്ടുള്ള യാത്ര-അതവിടെ ചെന്നിട്ടു തീരുമാനിക്കണം.
അങ്ങനെ,ആ ദിവസം.അടുത്ത ശിവക്ഷേത്ര സന്നിധിയിൽനിന്നും ഇരുമുടി കെട്ടുമെടുത്ത് സബരീശനെ കാണാൻ യാത്രതിരിച്ചു.
റയിൽവേ സ്റ്റേഷനിൽ അധികം തിരക്കുണ്ടായിരുന്നില്ല.
കയറിയ കമ്പാർട്ടുമെന്റിൽ,തന്നെക്കൂടാതെ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതും രണ്ടു മലയാളി പെൺകുട്ടികൾ. അവർ ഒരേ കോളേജിൽ പടിക്കുന്നവരാണെന്നു കാണുമ്പോൾതന്നെ മനസ്സിലാവും,കാരണം അത് അവരുടെ യൂണിഫോം വിളിച്ചുപറയുന്നുണ്ട്..
അരമണിക്കൂർ ലേറ്റായാണ് അവിടെനിന്നും ട്രെയിൻ പുറപ്പെട്ടത്.ആ ടെൻഷൻ കുട്ടികളിൽ ഒരുപോലെ നിഴലിച്ചിരുന്നു.
അൽപനേരം ഓടിമറയുന്ന കെട്ടിടങ്ങളും വയലേലകളും ജനാലയിലൂടെ നോക്കിയിരുന്നു..പിന്നെ മോളെ ഫോണിൽ വിളിച്ചു കുറച്ചുനേരം കുശലം പറഞ്ഞു. ഇനി സന്നിധാനത്തു ചെന്നിട്ടു വിളിക്കാമെന്നും പറഞ്ഞ് ഫോണും വെച്ചു..
സമയം ഏതാണ്ട് ആറരമണി ആയിക്കാണും ഇരുട്ട് വ്യാപിച്ചിരിക്കുന്നു, ജനാലയിലൂടെ ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. ഇപ്പോൾ ഏതോ സ്റ്റേഷനിൽ വണ്ടി നിറുത്തിയിട്ടിരിക്കുകയാണ്.
കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളിൽ ഒരാൾ ആ സ്റ്റേഷനിൽ ഇറങ്ങുന്നത് ഞാൻ കണ്ടു.
അപ്പോഴാണ് 'ടിഫിൻ ടിഫിൻ' എന്നും വിളിച്ചുപറഞ്ഞു കൊണ്ട് നടന്നുപോകുന്ന, ചെങ്കല്ലിന്റെ കളറുള്ള യൂണിഫോമിട്ട ഒരാളുടെ പക്കൽ നിന്നും ഒരു കോഫിയും രാത്രി കഴിക്കാനുള്ള പാക്ക് ചെയ്ത ഇഡ്ഡലിയും വാങ്ങിയത്.ഇഡ്ഡലി ഭദ്രമായി തന്നെ ബാഗിൽ വെച്ചു..
അല്പനേരം പുറത്തേക്ക് കണ്ണുംനട്ട് കോഫി നുണഞ്ഞിരുന്നു.പിന്നെ നോക്കുമ്പോൾ ഒരാൾ ഇറങ്ങിയതിനാലാവണം കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് കുറച്ചുകൂടി ടെന്ഷനുള്ളതായി തോന്നി.
അത് ശരിവയ്ക്കുന്ന രീതിയിൽ അവൾ തന്റെടുത്ത് എതിർവശത്തായി കുറച്ചുകൂടി മുന്നിലേക്ക് നീങ്ങിയിരുന്നു.
അപ്പോൾ ഞാൻ അവളോട് ചോദിച്ചു
'മോള് ഏതു സ്റ്റേഷനിലാണ് ഇറങ്ങുന്നത്'
അവൾ പെട്ടെന്നുതന്നെ,തനിക്കിറങ്ങാനുള്ള അടുത്ത സ്റ്റേഷന്റെ പേര് പറഞ്ഞു..ഇനി ഏകദേശം അമ്പതു കിലോമീറ്റർ കാണും അവൾ പറഞ്ഞ സ്ഥലമെത്താൻ ഞാനൂഹിച്ചു..
ആ കുട്ടി തന്റെ കൈവശമുള്ള പഠിക്കാനുള്ള ഏതോ പുസ്തകം തുറന്ന് അതിലേക്ക് കണ്ണുംനട്ടിരുന്നു.വൃത്തിയായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്നതിനാൽ പുസ്തകമേതെന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല...ഞാൻ തന്റെ സോണി എസ്‌പിരിയ ഓണാക്കി യൂട്യൂബ്മ്യൂസിക്കിൽ ഹരിവരാസനം സെർച്ച് ചെയ്ത് ഹെഡ്സെറ്റ് കുത്തി അതും കേട്ടിരുന്നു..എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല..
പെട്ടെന്ന് ഒരു നിലവിളി കേട്ടാണ് ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നത്..
അപ്പോഴും ഇയർ ഫോണിൽനിന്ന് വേറെയേതോ ഭാഷയിലുള്ള ഭക്തിഗാനം ഒഴുകുന്നുണ്ടായിരുന്നു.
പക്ഷെ അടുത്തിരുന്ന പെൺകുട്ടിയെ മാത്രം അവിടെയൊന്നും കാണുന്നുണ്ടായിരുന്നില്ല. ഇരുട്ടായതിനാൽ ഏതാ സ്ഥലമെന്നും അത്ര വ്യക്തമായില്ല..അവളെവിടെ.?അവൾ,അവളുടെ സ്റ്റോപ്പിൽ ഇറങ്ങിക്കാണുമോ..? അറിയില്ല..
സംശയങ്ങൾ മനസ്സിൽ നിന്നും തികട്ടി തികട്ടി വന്നു.അപ്പോഴാണ് വീണ്ടുമൊരു നിലവിളി പാതിമുറിഞ്ഞ് ഇയർഫോൺ തുളച്ച് ട്രെയിനിന്റെ ശബ്ദത്തോടൊപ്പം തന്റെ കാതിലെത്തിയത്.
അപ്പോൾ സ്വപ്നമല്ല..!!!
ഞാൻ ഹെഡ്സെറ്റ് പതിയെ ഊരിവച്ച് ചെവിയോർത്തു.ടോയ്‌ലെറ്റിന് സമീപത്തുനിന്നാണോ അത് വന്നത്.? എണീറ്റ് അങ്ങോട്ടേക്ക് നടന്നു. ഇടവഴിയിലേക്ക് തിരിയാൻനേരമാണ് പെട്ടന്നത് കണ്ടത് അപ്പുറത്തുനിന്നും വാതിൽ പൂട്ടിയിരിക്കുന്നു..
തന്റെയുള്ളിൽ ആ പെൺകുട്ടിയുടെ മുഖം ഒരുതരം ഭീതിയോടെ തെളിഞ്ഞുവന്നു ഒപ്പം തൻറെ മകളുടെ മുഖവും..
പെട്ടെന്നുതന്നെ തിരികെവന്ന് തന്റെ ബഡ്ഡുവ സഞ്ചിയിലേക്കു കയ്യിട്ടു.പിച്ചളപ്പിടിയുള്ള ഒരു പേനാക്കത്തി അതിനുള്ളിൽ സൂക്ഷിച്ചിരുന്നു അതുമെടുത്തു വേഗം വാതിലിനു നേരെ നടന്നടുത്തു...
ഇപ്പോൾ ശബ്ദമൊന്നും കേൾക്കുന്നില്ല വാതിലിന്റെ വിടവിലൂടെ എന്തെങ്കിലും കാണാനാകുമോ.? ഞാൻ ഒളിഞ്ഞുനോക്കി.
പാളിവീണ ഏതോ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ വായ പൊത്തിയ നിലയിൽ അവളുടെ നഗ്നമായ രൂപം,ഒരു മിന്നൽപ്പിണർപോലെ എന്റെ കണ്ണിൽ തുളച്ചുകയറി.
അടുത്തനിമിഷം തന്റെ ബലിഷ്ഠമായ കാലുകൾ എത്തിനൊവേണ്ടി വെട്ടിവിറച്ചു.ആ ഇരുമ്പുവാതിൽ തന്റെ ഒറ്റച്ചവിട്ടിനു തുറന്നുവീണു..ഇരുട്ടിന്റെ മറവിൽ പിച്ചളപ്പിടിയുള്ളയാ പേനാക്കത്തി പലതവണ മിന്നൽപിണർ തീർത്തു..
അവർ മൂന്നുപേർ ഉണ്ടായിരുന്നു..പക്ഷെ
പിന്നീട് അവിടെ നടന്നത് അവെഞ്ചേർസ് സിനിമയിലെ ആക്ഷൻ സീനുകളെ വെല്ലുന്നവയായിരുന്നു......ആർത്തിയോടെ അവളുടെ ശരീരത്തെ പുൽകുന്നവന്റെ ശ്വാസനാളമായിരുന്നു കത്തിയുടെ ആദ്യത്തെ ഇര... പിന്നെ വാ പൊത്തിപ്പിടിച്ചവന്റെയും അവസാനം കാലിൽ പിടിച്ചിരുന്നവന്റെയും കഴുത്തുകൾ രക്തത്തിൽ കുളിച്ചു മലക്കം മറിഞ്ഞു..
അപ്പോഴേയ്ക്കും ട്രെയിനിന്റെ സ്പീഡ് പതിയെ ആയിരുന്നു..കുറച്ചുകഴിഞ്ഞപ്പോൾ തനിക്കിറങ്ങാനുള്ള സ്റ്റേഷന്റെ പേര് ഹോണിലൂടെ ഉച്ചത്തിൽ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.
അർദ്ധപ്രാണൻ മാത്രമവശേഷിക്കുന്ന അവളുടെ ശരീരം തന്റെ ഉടുമുണ്ടിനാൽ പുതപ്പിച്ചു തോളിലേക്കിട്ട്,അർദ്ധ നഗ്നനായി ഞാനാ സ്റ്റേഷനിലേക്കിറങ്ങി.പിന്നെ ഉറച്ച കാൽവെയ്പ്പുകളോടെതന്നെ അതിവേഗം പൊലീസ് എയ്ഡ് പോസ്റ്റ് ലക്ഷ്യമാക്കി നടന്നു..കയ്യിലപ്പോഴും,നെയ് നിറയ്ക്കുവാൻ വാങ്ങിയ,തേങ്ങയുടെ മൂന്നാം കണ്ണ് തുരക്കാനുള്ള പിച്ചള പിടിയുള്ളയാ പേനാക്കത്തി ഭദ്രമായി തന്നെ പിടിച്ചിട്ടുണ്ടായിരുന്നു...
(അവസാനിച്ചു)
✍️ഷാജിത് ആനന്ദേശ്വരം

ദേവീവിഗ്രഹം

ഞാൻ തിരിഞ്ഞു നടക്കുകയാണ്..!!!
നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ച്,
ഓരോ നിമിഷവും നിന്നെയോർത്ത്.
തൊഴുകയ്യോടെ നിൽക്കുമ്പോഴും,
ദേവീവിഗ്രഹം-
നീ തന്നെയാവുന്ന മായാജാലവും കണ്ട്.!!!
ശരീരത്തിലെ ഓരോ പരമാണുവിലും,
നിന്റെനാമം നിറച്ച്.
ഓരോ നിശ്വാസത്തിലും-
പുറംതള്ളുന്ന നിന്നെ,
മറ്റുള്ളവർ കേൾക്കുമോയെന്ന് ഭയന്നിരുന്ന
നാളുകളും കടന്ന്.!!!
കൊടും വാക്കുകളിൽ വീണുടഞ്ഞ
നിന്റെയാ വിഗ്രഹം,
ഉയിരു കൊടുത്തുയർത്താൻ കഴിയാതെ തളർന്ന്.
ശപിക്കപ്പെട്ട എന്നെയോർത്തൊരു
കണ്ണുനീർ തുള്ളിപോലും പൊടിയാതെ,
നിന്നെയോർത്തോർത്തു കണ്ണുകൾ നിറയുമ്പോൾ.!!!
ഞാൻ തിരിഞ്ഞു നടക്കുകയാണ്...!!!
Shajith anandeswaram.

പുനർജനി തേടുന്ന വാകപ്പൂവുകൾ


ഒരിക്കൽക്കൂടിയീ-
വാകതൻ
ചോട്ടിൽ നാമെത്തുമ്പോൾ
ഈ മരച്ചില്ലതൻ-
തണലിൽ നാമിരിക്കുമ്പോൾ
മുൻജന്മങ്ങളിൽ-
തപം ചെയ്ത മോഹങ്ങളൊക്കെയും
ഇളംമണ്ണിൽ-
ചുരമാന്തി ഉൾച്ചൂട് തേടവേ.
ഇതളറ്റ് വീഴുമീ-
പുഷ്പദളങ്ങൾക്കിന്നും
അന്നിന്റെ-
ഹൃദയത്തിൻ കടുംചുവപ്പ്,
അതെ,അന്നിന്റെ-
ഹൃദയങ്ങൾതൻ ഉൾത്തുടിപ്പ്‌..
ഇനിയും ജനിക്കാത്ത-
രജനിതൻ മാറിലും
ഇനിയും പുലരാത്ത-
പുലരിതനുള്ളിലും
ഒരു ഗദ്ഗദമായി നീ-
വാടാതെ കൊഴിയാതെ,
ഓർമ്മയുണർത്തി നിന്നീടിലും.
ആ മൗന രാഗങ്ങൾ-
കാർമേഘ ശകലംപോൽ.
കണ്ണീർ കണങ്ങളായ്-
കര കവിഞ്ഞൊഴുകീടിലും.
മനസ്സിൽ നീ-
കരിമഷിയാൽ തീർത്തനിൻ,
ഓട്ടുവള കിലുക്കങ്ങൾ.
മനസ്സിൽ നീ ചാലിച്ച-
വർണ്ണ വളപ്പൊട്ടുകൾ
വെറുമൊരു
മഷിതണ്ടിനാൽ-
മായ്ക്കാൻ കഴിയുമോ..?
നിന്റെ-
വെറുമൊരു മറുവാക്കിൽ-
മറക്കുവാൻ കഴിയുമോ..?
✍️Shajith anandeswaram

ഉത്തരംതേടി..(കവിത)


ഉത്തരംമുട്ടിയ ചോദ്യങ്ങളവനെ
ഉത്തരത്തിൽ കെട്ടിയോരൊറ്റക്കുരുക്കിലൂടൂയലാട്ടി.
ഉമ്മകൊടുത്തു വളർത്തിയോരോർമ്മകളൊക്കെയും
ഉമ്മറത്തായ് ഒറ്റത്തിരിയിട്ടാരോ കൊളുത്തിവച്ചു.
ഉയിരുകൊടുത്തു വളർത്തിയൊരോമനമകനോ
ഉമ്മകൾകൊണ്ട്മൂടിത്തളർന്ന് പൊട്ടിക്കരഞ്ഞു.
ഉത്തരത്തിനായ് കാത്തവളൊരുമൂലയിൽ
ഉത്തരം ചോദിച്ചയായൊറ്റനിമിഷത്തെ ശപിച്ചു-
ഉണ്മകണ്ടു വെണ്മയാം തുണിമൂടി ഒറ്റയ്ക്കിരുന്നു.
ഉത്തരംനോക്കിയവനപ്പോഴും കിടന്നു
ഉത്തരമറിയാതെ വെള്ളപുതച്ചങ്ങിനെ..
Shajith..

ഒരു കുഞ്ഞുനക്ഷത്രം (കഥ)


വളരെ വൈകിയാണ് അന്ന് വിഷ്ണു ഉറക്കമുണർന്നത്. അച്ചൻ തലേന്ന് തല്ലിത്തകർത്ത ചോറുകലവും മറ്റ് അടുക്കള സാധനങ്ങളും അപ്പോഴും അവിടവിടെ ചിതറി കിടക്കുന്നുണ്ട്. ഏതാണ്ട് ഒത്ത നടുവിലായി അച്ഛനും ബോധമില്ലാതങ്ങനെ കിടക്കുന്നു.
ചരക്ക്ലോറിയിലെ ഡ്രൈവറാണ് അച്ഛൻ.ചരക്കുകൾ ദൂരസ്ഥലങ്ങളിലെത്തിച്ചശേഷം തിരിച്ചു മടങ്ങുവാൻ ആഴ്ചകളെടുക്കും. അതുകൊണ്ട്തന്നെ വല്ലപ്പോഴും മാത്രമാണ് അച്ചന്റെ ഈ വീട്ടിലേക്കുള്ള വരവ്.അച്ഛൻ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ഇത്തരം കാഴ്ച്ചകൾ വീട്ടിൽ പതിവായിരിക്കുന്നു.
എണീറ്റ നേരംമുതൽ വിഷ്ണു അമ്മയെ തിരയുകയാണ്. ഒരിടത്തും അമ്മയെ കണ്ടതേയില്ല. അതിരാവിലെതന്നെ അമ്മ ചുള്ളക്കളത്തിലേക്ക് പോയിട്ടുണ്ടാവുമോ..?
അവിടുന്ന് കിട്ടുന്ന തുച്ഛമായ കൂലിക്കാണ് ആ വീട് കഴിഞ്ഞുപോകുന്നതെന്ന് അവനറിയാം.എന്നാലും അവനോട് പറയാതെ അമ്മ ഒരിക്കലും പണിക്ക് പോയിട്ടില്ല.. എന്താണ് അമ്മയിന്ന് എന്നോട് പറയാതെപോയെ.? ഒരുപാട് ചോദ്യങ്ങൾ അവന്റെ ഉള്ളിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു..
നല്ലതുപോലെ വിശക്കുന്നുണ്ടവന്,വല്ലതും കഴിക്കാൻ ഉണ്ടാവുമോയെന്ന് അവൻ അവിടെയാകെ തിരഞ്ഞു.സാധാരണ അമ്മ ചുട്ടുവയ്ക്കാറുള്ള ദോശയും ചമ്മന്തിയും അവിടെയെങ്ങും കാണുന്നില്ല..ഒടുവിൽ അവൻ വിശപ്പ് മാറ്റാനായി പൊട്ടിയ ചോറ്കലത്തിൽ കയ്യിട്ട്, അതിൽ പറ്റിക്കിടന്ന രണ്ടുപിടി ചോറ് വാരിവായിലിട്ട് അല്പം പച്ചവെള്ളവും കുടിച്ച് സ്കൂളിലേക്ക് നടന്നു...
ആദ്യത്തെ രണ്ടു പിരീഡ് കഴിഞ്ഞപ്പോൾ ഇന്റർവെല്ലിന്റെ ടൈമായി..കുട്ടികളൊക്കെ മുറ്റത്ത്‌ വട്ടംകൂടി കളിക്കുകയാണ്.. അതിനിടയിൽ നിന്ന ഏതോ ഒരു കുട്ടിയാണ് അടുത്തുള്ള അമ്പലക്കുളത്തിൽ ആരോ വീണിട്ടുണ്ടെന്നും നമുക്കൊന്ന്പോയി നോക്കിയാലോ എന്ന് പറഞ്ഞതും.. അത് കേട്ടുനിന്ന വിഷ്ണുവും കൂട്ടരും അത് കാണാനായി അമ്പലക്കുളത്തിലേക്ക് പോയി...
വിഷ്ണുവും കൂട്ടുകാരും കുളത്തിനടുത്ത് എത്തിയപ്പോൾ തന്നെ അവിടെയാകെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു.അതിനിടയിലൂടെ വല്ലവിധേനയും നുഴഞ്ഞവർ
മുന്നിലെത്തി..ആമ്പൽ പൂക്കൾക്കിടയിലായാണ് ജഡം കിടന്നിരുന്നത്.കമിഴ്ന്നു കിടക്കുന്നതിനാൽ ആരാണതെന്ന് വ്യക്തമായി കാണാൻ കഴിയുന്നില്ല.കുറച്ചുനേരം അവിടെ നിന്നശേഷം അവർ തിരിച്ചു പോകാനായി കുളത്തിന്റെ തെക്കേയറ്റത്തുള്ള തെങ്ങിൻ ചോട്ടിലെത്തിയപ്പോഴാണ്,ആ കാഴ്ച്ച വിഷ്ണുവിന്റെ കണ്ണിലുടക്കിയത്.പണിക്ക് പോകുമ്പോൾ സാധാരണ അമ്മ ഉപയോഗിക്കുന്ന തേഞ്ഞുതീർന്ന സിൽപ്പർചെരുപ്പ് തെങ്ങിന്റെ ചോട്ടിലായി കിടക്കുന്നു..!!
ആ കാഴ്‌ച അവന്റെ പിഞ്ചുമനസ്സിനെ വല്ലാതെ പൊള്ളിച്ചു. അവന്റെയുള്ളിൽ നിന്ന് കണ്ണിലൂടെ കണ്ണുനീർ തുള്ളികൾ ധാരധാരയായി ഒഴുകുവാൻ തുടങ്ങി.പിന്നെ അവന് അവിടെ ഏറെനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് അവൻ വീട്ടിലേക്കോടി.
ദൂരെ നിന്നുതന്നെ അവനത് കണ്ടു.വീടിനു ചുറ്റും ബന്ധുജനങ്ങളും അയൽപക്കക്കാരും കൂട്ടംകൂടി നിൽക്കുന്നു..
വീടിനെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ വേലിക്കലിൽ കാൽതട്ടിയവൻ കമിഴ്ന്നുവീണു. അപ്പോൾ ആരോ അവനെ താങ്ങിപ്പിടിച്ചെഴുന്നേല്പിച്ചു.പക്ഷേ ആ വീഴ്ചയിൽ വേലിക്കലിൽ നിന്നിളകിയൊരു കരിങ്കൽ കഷണം, കണങ്കാലിൽ നിന്നൊലിക്കുന്ന ചോരയെ വകവെയ്ക്കാതെ അവൻ കയ്യിലെടുത്തിരുന്നു.
വീടിനുള്ളിലേക്ക് കയറിയ വിഷ്ണു, നേരെ പാഞ്ഞുപോയത് അടുക്കളഭാഗത്തേക്കാണ്.
അവിടെ അപ്പോഴും തലേന്നത്തെ കെട്ടിറങ്ങാതെ അരബോധത്തിൽ ചുവരിൽ ചാരിയിരിക്കുന്നുണ്ട് സ്വന്തം അച്ഛൻ. കൈയിൽ കരുതിയ കല്ലുകൊണ്ട് ആ തലയിലേക്ക് അവൻ ആഞ്ഞിടിച്ചു..!!
സ്വാബോധം തിരിച്ചുകിട്ടുമ്പോൾ, തലച്ചോറ് പുറത്തുവന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയാണവൻ കണ്ടത്. അവൻ സ്വയം തലയിൽ കൈവച്ച് നെഞ്ചു പൊട്ടുമാറ് അമ്മയെവിളിച്ച് അലറിക്കരഞ്ഞു.
കോടതി മുറിയിൽ, കലികാലത്തിന്റെ കറുത്ത ഗൗണിട്ട ഗൗളികളും, കറുത്ത തുണികൊണ്ട് കണ്ണുകൾ കെട്ടിയ നീതിയുടെ ദേവതയും ചേർന്ന്. 'പ്രായത്തിന്റെ പരിഗണന' എന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ വാക്കുകളുമായി,അവനെ ജുവനൈൽ ഹോമിലേക്കയച്ചു..........
ഇന്ന്, ഈ കർക്കിടക വാവിന്, അമ്മയ്‌ക്കുള്ള ബലിതർപ്പണം കഴിഞ്ഞ് വിഷ്ണു നേരേ പോയത് ആ ക്ഷേത്രക്കുളത്തിന്റെ കരയിലേക്കാണ്.. അല്പനേരം മൗനമായി അവനാ വെള്ളത്തിൽതന്നെ നോക്കിയിരുന്നു..പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കൾ അവനെ കണ്ട് വിഷാദത്തോടെ മുഖംതാഴ്ത്തി നിന്നു..
അപ്പോഴേയ്ക്കും അവന്റെ ഉള്ളുപോലെതന്നെ കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴത്തുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു..അതിലൊരു മഴത്തുള്ളി അവന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുള്ളിയോട് ചേർന്നൊഴുകി പൂഴി മണ്ണിലേക്ക് വീണ് ചിതറി.
മഴ കനത്തു പെയ്യാൻതുടങ്ങിയിരിക്കുന്നു..അവൻ അവിടെനിന്നും മെല്ലെയെണീറ്റ് അടുത്തുതന്നെ ഒതുക്കിയിട്ടിരുന്ന തന്നെ കൊണ്ടുവന്ന ജീപ്പിനെ ലക്ഷ്യമാക്കി നടന്നു.. കൂടെവന്ന സെക്യൂരിറ്റി ഗാർഡുകൾ അവനെ അതിന്റെ ബാക്ക്സീറ്റിലേക്ക് അവരോടൊപ്പം കയറ്റിയിരുത്തി...ജീപ്പ് ചെളിനിറഞ്ഞ കളിമൺപാതയിലൂടെ ജുവനൈൽ ഹോം ലക്ഷ്യമാക്കി മെല്ലെ നീങ്ങി...
(അവസാനിച്ചു)
ചിന്തിക്കുക: മദ്യത്തിന്റെ കരാളഹസ്തത്തിൽ അകപ്പെട്ടവർ എത്രയെത്ര കുഞ്ഞുനക്ഷത്രങ്ങളുടെ ഭാവിയാണ് ഇതുപോലെ അപകടത്തിൽ പെടുത്തുന്നത്..?
Shajith

പരദൂഷണം°(മിനിക്കഥ)



'പാല് മേടിക്കാൻ പോയിട്ടു വരാം' എന്ന് ആയിഷ ഉച്ചത്തിൽ വിളിച്ച് പറയുന്നത് കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ഓള് ഇപ്പൊ വരും ഒരു ചായയിപ്പം കുടിക്കാം എന്നൊക്കെ വിചാരിച്ച് ഞാൻ കിടക്കയിൽ മറിഞ്ഞുംതിരിഞ്ഞും കിടന്നു..
മണിക്കൂറുകൾ കഴിഞ്ഞിട്ടും ഓള് എത്തിയിട്ടില്ല. ഇനിയും കിടന്നാൽ ഓഫീസിലേക്കുള്ള പോക്കിന്ന് മുടങ്ങും..ചാടിയെണീറ്റു ബ്രഷിംഗ് കഴിഞ്ഞു ഷേവ് ചെയ്തു തുടങ്ങിയപ്പോളാണ് അവളുടെ പാഞ്ഞുള്ള വരവ്.
ആ വരവിൽത്തന്നെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി.ഞാൻ പുറമെ കാണിക്കാതെ ദേഷ്യം ഭാവിച്ചു ചോദിച്ചു.. എന്താ ആയിഷാ നീയിത്രെ താമസിച്ചേ..അവിടെ നിനക്ക് കറവയായിരുന്നോ പണി..?
എന്റെ ചോദ്യം കേട്ടിട്ടും ഒരു കൂസലുമില്ല അവളുടെമുഖത്ത്, മുഖം അങ്ങനെതന്നെ.ഞാൻ ആദ്യമൊരല്പം ചമ്മി. എന്നിട്ട് മയത്തിൽ ചോദിച്ചു.. എന്താ ആയിഷൂ എന്തുപറ്റി...? അവളുടെ ഉണ്ടകണ്ണുകൾ വിടർന്നു വായിൽനിന്ന് അക്ഷരമുത്തുകൾ അടർന്ന് തുടങ്ങി..
അതേയ് നുമ്മടെ അബ്ദൂക്കായുടെ ഇളയ മോളില്ലേ ജാസ്മി, ഓള് ഒരു ഹിന്ദു പയ്യന്റെ കൂടെ ഒളിച്ചോടീന്ന്..! അതിനെക്കുറിച്ചു പറഞ്ഞുനിന്ന് സമയം പോയതറിഞ്ഞില്ല..! കറവക്കാരൻ ജാഫറിക്കയാ ആദ്യം നാണുവമ്മയോട് പറഞ്ഞതെന്ന്..!
നാണുവമ്മ പറയുകയാ, ജാസ്മിക്ക് പത്തൊൻപത് വയസ് ഇനീപ്പോ തികയുകയേയുള്ളൂന്ന്..! പയ്യൻ കൂടെ പഠിക്കുന്നവനാന്ന്..! അവനെ ഇടയ്ക്ക് നാണുവമ്മ അവളോടൊപ്പം സിറ്റിയിൽവച്ച് ബൈക്കിൽപോണത് കണ്ടിരുന്നുവത്രേ.!! അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിറുത്തി..
'ഹഹഹ.. അപ്പൊ അതാണ് കാര്യം. അതുകൊണ്ട് നിക്കിന്ന് സമയത്തിന് ചായയില്ലന്ന്..?'
അവളുടെ മുഖം വീണ്ടും ചുവന്നു..അതു കണ്ട്നിന്ന ഞാൻ റേസർ അവിടെവച്ച് അവളുടെ അടുത്തെത്തി.ആ മുഖം വലത് കയ്യാൽ പിടിച്ചുയർത്തി ആ കണ്ണുകളിലോരോ മുത്തം കൊടുത്തു.. പിന്നെ കഴുത്തിലേക്ക്...അപ്പോഴേക്കും അവൾ കുതറി മാറി... എന്നിട്ട് ചിരിച്ചോണ്ട് പറഞ്ഞു 'യ്യടാ' നേരം വെളുത്തതേയുള്ളൂ..അപ്പോളേക്കും പഹയന്റെയൊരു പൂതിയേ..
പെട്ടെന്ന് അവളെ വട്ടം പിടിച്ചു നിറുത്തി,എന്നിട്ട് സ്നേഹത്തോടെ ചോദിച്ചു 'നമ്മുടെ നിക്കാഹ് കഴിഞ്ഞിട്ട് എത്ര നാളായീ ആയിഷൂ..' അവൾ നാണത്തോടെ പറഞ്ഞു 'എട്ട് വർഷം..' 'നീ എന്റെകൂടെ ഇറങ്ങിവരുമ്പോൾ നിനക്ക് എത്രയാ വയസ്സെന്നറിയോ..?' അവൾ അല്പം ചമ്മലോടെ പറഞ്ഞു 'പതിനാറ്' അതിന് മുൻപ് ഞാൻ നിന്നെയും കൊണ്ട് എന്തോരം ബൈക്കിൽ കറങ്ങിയിരിക്ക്ണ് അല്ലെ..? 'ആണല്ലോ'
ആ നീയാണോ ആ ജാസ്മിയെ കുറ്റം പറയണെ..? അവൾ മുഖം താഴ്ത്തി നിന്നു...
അവളെ അടുത്തേക്ക് ചേർത്ത്നിർത്തി,കവിളിലൊരു മുത്തം കൂടി കൊടുത്തു..
അപ്പോഴേയ്ക്കും അവൾ എന്നെ പിടിച്ച്തള്ളി അടുക്കളയിലേക്കോടിയിരുന്നു.
ഓടുന്നതിനിടയില്, അവളുടെ പൊട്ടിച്ചിരിയും ഒപ്പം കിലുക്കാംപെട്ടിപോലുള്ളൊരു കള്ളപ്പറച്ചിലും..
'ന്തോരു പണിയാ ന്റെ റബ്ബേ അടുക്കളയില് മിച്ചം കിടക്കണെ..' 'ഞാനൊന്ന് തീർക്കട്ടെ..'
ഞാൻ എന്തെരോ കളഞ്ഞ അണ്ണാനെപോലെ റേസർ എടുത്ത് ഷേവിലേയ്ക്ക് മുഴുകി....
Shajith..

'പ്രാർത്ഥനപോലെ പ്രണയം' ഒരു പഴയ കഥ..

രണ്ടു ദിവസമായി ഈ കിടപ്പു തുടങ്ങിയിട്ട്... തൃശ്ശൂർക്ക് പോകണം സാഹിത്യ അക്കാദമി ഹാളിൽ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കണം ഗ്രൂപ്പിലുള്ളവരെയൊക്കെ ഒന്ന് നേരിൽ കാണണം എന്തൊക്കെയായിരുന്നു ആഗ്രഹങ്ങൾ.എപ്പോഴാണ് വില്ലൻ വൈറൽഫീവറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതന്നറിയില്ല.അങ്ങനെ ആശ നിരാശ്ശയിലേക്കു കൂപ്പുകുത്തിയിരിക്കുമ്പോഴാണ് ഭാര്യയുടെ വക മറ്റൊരു കുത്ത്.
"അല്ലെങ്കിലും നിങ്ങള് പെണ്ണുങ്ങളെ കാണാനല്ലേ അങ്ങ് മുന്നൂറു കിലോമീറ്റർ വണ്ടിയോടിച്ചു തൃശ്ശൂര് പോണേ,വല്ലപ്പോഴും ഗുരുവായൂരപ്പനെ കാണണമെന്ന് പറയുമ്പോൾ ഇതിയാന്റെ കയ്യിൽ പെട്രോളിന്റെ കാശില്ല" നിർത്താതെ എന്തൊക്കെയോ പറയുകയാണവൾ..ഞാൻ കേൾക്കാത്ത ഭാവത്തിൽ കൈ പുതപ്പിനടിയിലേക്ക് ചുരുട്ടിക്കയറ്റി മൂടിപ്പുതച്ചങ്ങനെ കിടന്നു...
അല്ലെങ്കിലും ഈ കൈകൾകൊണ്ട് ഇവിടെ ഉപയോഗമൊന്നുമില്ല.. മൊബൈൽഫോൺ വീട്ടിൽ നിരോധിച്ചിട്ടു ഒരുപാട് നാളായി...
അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞുപോയി. അതാ മൊബൈൽ ഫോണിലേതോ കുരുത്തം കെട്ടവളുടെ മെസ്സേജ്, അവള് കാണാതെ അതിലേക്ക് എത്തിനോക്കി 'പുസ്തകം വേണ്ടയോ' ഞാൻ നോക്കുമ്പോൾ പനിയൊക്കെ പമ്പ കടന്നിരിക്കുന്നു.. മാത്രവുമല്ല പുസ്തകത്തിന്റെ പേര് കേട്ടാലേ ഒരു ഐസ്ക്രീം നുണഞ്ഞമാതിരിയാ
'പ്രാർത്ഥന പോലെ പ്രണയം'
ഉടൻതന്നെ മറുപടി ടൈപ്പ് ചെയ്തു 'വേണം ' 'എങ്കിൽ അഡ്രെസ്സ് അയക്ക്' എന്ന് തിരികെ
ഞാൻ അഡ്രസ് ടൈപ്പി അയച്ചു, ഉടൻ തന്നെ
തിരികെ മറുപടി വന്നു 'അയക്കാട്ടോ' എനിക്ക് സന്തോഷമായി..
ഞാൻ കാത്തിരുന്നു...രണ്ടു ദിവസമായി മൂന്ന് ദിവസമായി.. എവിടെയോ ഒരു പാട്ടു കേട്ടപോലെ..
"കാത്തിരുന്നു കാത്തിരുന്നു...."
അപ്പോഴാണോർത്തത് പത്രക്കാരന് കഴിഞ്ഞ മാസത്തെ പൈസ കൊടുത്തില്ലല്ലോ..
അതുകൊണ്ട് അവനിന്നും പത്രം ഇട്ടിട്ടില്ല..
'മനസ്സിൽ ഒരു ബൾബ് കത്തി'
അക്കൗണ്ട് നമ്പർ IFSC കോഡ് ഇവ ചോദിച്ചു.രചയിതാവിന് ഒരു മെസ്സേജ് കൊടുത്തു.കൊടുക്കേണ്ട താമസം 'ണിം' ഒരു ശബ്ദത്തോടെ മറുപടിയതാ റെഡി..
ബാങ്ക് അക്കൗണ്ടിലാണെങ്കിൽ ചുവപ്പു കത്തി തുടങ്ങിയിരിക്കുന്നു..ലോ ബാറ്ററി ചാർജസ് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു..
എന്നാലും സാരമില്ല ആ എമൗണ്ട് അങ്ങ് IMPS ട്രാൻസ്ഫർ ചെയ്തു..
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞുവീണു..
ബുക്ക് ഇതുവരെ എത്തിയിട്ടില്ല...ഇതിനിടെ ആകാംഷ കേറി ഓഫീസിലിരിക്കുമ്പോഴും ഇടയ്ക്കിടെ വീട്ടിൽ വിളിച്ചു ചോദിക്കും കൊറിയർ വല്ലതും വന്നോയെന്ന്..
അങ്ങനെയിരിക്കെ അടുക്കളയിൽ അല്പസ്വല്പം കാര്യമില്ലാതെ ഉലാത്തുന്ന നേരം..മകൻ ഫോണിൽ എന്തോ പർച്ചയ്സ് ചെയ്യാൻ എവിടെയൊക്കെയോ സെർച്ച് ചെയ്ത് ഒരു പടമെന്നെ കാണിക്കാൻ വന്നുനിൽക്കുന്നു. ഞാൻ മുഖം തിരിക്കാതെ എസ്‌കേപ്പ് ആയി.കഴിഞ്ഞയാഴ്ച്ചയാ ഇതുപോലെ കാണിച്ച് സാംസങ്ങ് ഗിയർ ഒരെണ്ണം അവൻ കൈക്കലാക്കിയേ.. അതുകൊണ്ട് ശ്രദ്ധിക്കാനൊന്നും പോയില്ല..പോരെ പൊടിപൂരം.. അവളങ്ങു തുടങ്ങി..."അങ്ങേരിക്കിപ്പം ഞാനും എന്റെ മോനുമൊന്നും വേണ്ടാ..ഓൺലൈന്ലാ ലൈൻ.."പിന്നെ അവിടെ നടന്നതൊന്നും പുറത്തുപറയാൻ പാടില്ലാത്തത് കൊണ്ടിവിടെ പറയുന്നില്ല.അവസാനം...കിടക്ക അവൾ തറയിൽ വിരിച്ചു ഞാനൊറ്റയ്ക്കായി കട്ടിലിൽ...
പിറ്റേന്ന് ഓഫീസിലിരിക്കുമ്പോൾ ഒരു മെസ്സേഞ്ചർ കാൾ.(കിളിനാദം) "പുസ്തകം തിരിച്ചെത്തി കേട്ടോ...ഫോൺ നമ്പർ ഇല്ലാത്തതിനാൽ..ഫോൺ നമ്പർ തരോ.."
അപ്പോൾ തിരക്കിനിടയിൽ ഫോൺ നമ്പർ പെട്ടെന്ന് അയച്ചു കൊടുത്തു..പിന്നീടാണ് പണി പാളി എന്ന് മനസ്സിലായതു..അഡ്രെസ്സ് മാറ്റേണ്ടിയിരുന്നു ഓഫീസ് അഡ്രെസ്സ് മതിയായിരുന്നു.ബുക്കെങ്ങാനും ഭാര്യയുടെ കൈയ്യിൽ കിട്ടിയാൽ..! പുതകത്തിന്റെ പേര് ആദ്യമേ പറഞ്ഞല്ലോ..(ഐസ്ക്രീം) ഭാഗ്യം കൊറിയർ അടുത്തുള്ള ഓഫീസിൽ എത്തിയപ്പോൾതന്നെ അവർ എന്നെ വിളിച്ചു..അങ്ങനെ നേരിട്ട് അവിടെ പോയി കളക്റ്റ് ചെയ്തു... 'കിട്ടി'എന്നൊരു മെസ്സേജും അയച്ചു..
ഇനി സമയം കിട്ടാൻ, അതൊന്നു വായിച്ചു തീർക്കാനായി അടുത്ത കാത്തിരിപ്പ്...
ഏകാന്തതയുടെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ പുസ്തകം വായിക്കാനിരുന്നു...കാരണം പ്രിയപ്പെട്ട വിഷയമല്ലേ പ്രണയം..
'ആമുഖം' വായിച്ചപ്പോൾ തന്നെ, വല്ലാത്ത സന്തോഷം തോന്നി ഒപ്പം നല്ലെഴുത്തിനെക്കുറിച്ച് അഭിമാനവും..
'ഉഷ്ണം'എന്ന കവിതയിൽ കവയത്രി 'പ്രണയഭൂമിയെന്നും കനൽ നിറഞ്ഞത് തന്നെ...'
എന്ന് പറയുമ്പോൾ ഞാൻ ആ കനൽ വഴിയിലായിരുന്നു..
'ഒരു മഴയോർമ്മ'വായിക്കുമ്പോൾ ആ പാദസരങ്ങൾ ഞാൻ എവിടെയോ തിരയുകയായിരുന്നു...
'എങ്കിലും ശലഭമേ..' എന്നെ കവിതയിൽ ഞാനുമൊരു ശലഭമായി വാനിൽ പാറി നടന്നു..
'തൂലികയ്ക്കു പിന്നിൽ'വായിക്കുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു എന്നിലെയാ ആത്മാവിനെ..
'സ്നേഹം തീർത്ഥമാണ്'കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു,സ്‌നേഹത്തിന്റെ കളങ്കമില്ലാത്ത കലർപ്പില്ലാത്ത കാഴ്ചപ്പാടുകളുമായ്... 'ചിരിക്കാനാണെനിക്കിഷ്ടം'വായിക്കുമ്പോൾ കവയത്രിയുടെ നിഷ്കളങ്ക മനോഭാവം ശ്രദ്ധേയം..
'പ്രാർഥനപോലെ പ്രണയവും''തിരുമധുര'വും മൃതസഞ്ജീവിനിയായി മാറുമ്പോൾ..പ്രഥമ സൃഷ്ടിയെന്ന നിലയിൽ മറ്റ് സൃഷ്ടികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ശ്രീമതി അമ്മു സന്തോഷിന്റെ(ബിന്ദു) 'പ്രാർത്ഥനപോലെ പ്രണയം'എന്ന് നിസ്സംശയം പറയാം...
Shajith anandeswaram...
NB:നിങ്ങളെല്ലാ സുഹൃത്തുക്കളും 'പ്രാർത്ഥനപോലെ പ്രണയം'വാങ്ങണം,വായിക്കണം,പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ എളിയ പ്രാർത്ഥന.
പുസ്തകത്തിനായി അമ്മു സന്തോഷിനെ inbox-ൽ ബന്ധപ്പെടുക.. or phone no: 9544551317

ഞാനും നീയും..

നിലാവ് പട്ടുവിരിച്ചൊരാമെത്തയിൽ
ഞങ്ങൾ ഇറുകെപ്പുണർന്നുകിടന്നു.
ഇനിയുമെഴുതാത്ത അക്ഷരങ്ങളെത്തേടി
നിൻ മേനിയിലാകെ ഞാനലഞ്ഞു.!
ഇനിയും ജനിക്കാത്തയക്ഷരകൂട്ടങ്ങൾ
അവളിൽ തീർത്ഥംപോൽ വന്നുനിറഞ്ഞു.
ഇത്തിരിനേരം ഞാനുമവളും
തിടുക്കത്തിൽ എല്ലാം മറന്നു..!
പൂഞ്ചോലയിലൊരു വണ്ടായ് മാറി
തേനുംതേടി ഞാൻ മുരണ്ടു.
പച്ചിലനടുവിലാ താഴ് വാരത്തിൽ
ഒരുകുടം തേനും വന്നുനിറഞ്ഞു..!
ഉണങ്ങിയചില്ലതൻ മർമ്മര ശബ്ദം
നിന്നിൽ ദാഹാർദ്ര നാദമുതിർത്തു.
നാമേതോ പുതിയ പിറവിപോൽ
നൂൽബന്ധമില്ലാതെയങ്ങനെകിടന്നു.!
Shajith

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo