Slider

കൂടൊഴിയും നേരം


അന്നത്തെ വർത്തമാനപത്രം
മുറ്റത്തു മഞ്ഞേറ്റു കിടപ്പുണ്ട്.

കുറച്ചു ചോണനുറുമ്പുകൾ
താളുകളിലെന്തൊക്കെയോ
അരിച്ചുപെറുക്കി നടപ്പുണ്ട്.

നിറയെ പാലുമായ് പാൽകുപ്പി
പായലുവീണ മതിലിൻ-
മുകളിലൂടെത്തിനോക്കി നിൽപ്പുണ്ട്.

മുന്നിലെ ചാഞ്ഞകൊമ്പിൽ
രണ്ടു പേരയ്ക്കായ
കിളികൊത്തി നിലപ്പുണ്ട്.

എന്നും ചാരിയിടുന്ന
വാതിലും ജനാലകളും
മലർക്കെ തുറന്നു കിടപ്പുണ്ട്.

ആദ്യമായി പൂവിട്ട പേരറിയാച്ചെടി
പൂക്കളുമായ് കണ്മിഴിച്ചു-
-ള്ളിലേക്കു നോക്കിനിൽപ്പുണ്ട്.

വാടക-വീടൊഴിഞ്ഞുപോയൊരുകൂട്
ആരും വരാനില്ലെന്നറിഞ്ഞിട്ടും
കട്ടിലിലാരെയോ കാത്തുകിടപ്പുണ്ട്.

ഷാജിത് ആര്യനാട്

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo