നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മായ


തുടർച്ചയായ മൂന്നാം ദിവസമാണ് ഈ മണിയടി ശബ്ദം എന്റെ ഉറക്കം നശിപ്പിക്കുന്നത് . ഇതിനു മുൻപ് ഒരിക്കലും ഇത്തരം ഒരു ശബ്ദം എന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയിരുന്നില്ല . രാത്രി മുഴുവൻ തിരക്കിട്ട ജോലിക്കു ശേഷം രാവിലെ അഞ്ചു മണിയോടെയാണ് ഉറങ്ങാൻ കിടക്കുന്നത് . സാധാരണയായി ഉച്ചയ്ക്ക് ശേഷമാണു എഴുന്നേൽക്കാറുള്ളത് പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃത്യമായി ഇടവേളകളിൽ ഈ മണി ശബ്ദം എന്റെ ഉറക്കം നശിപ്പിക്കുന്നു . കണ്ണിനു അകത്തു കയറിയ ഉറക്കത്തെ ആട്ടിപ്പായിക്കാനുള്ള മടി കൊണ്ടാണ് കഴിഞ്ഞ രണ്ടു ദിവസവും എഴുന്നേറ്റു നോക്കാൻ ശ്രമിക്കാതിരുന്നത് . പക്ഷെ ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല . മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ കോപ്പി റൈറ്ററും ട്രാൻലേറ്ററുമായ തന്നെ ശല്യപ്പെടുത്താൻ ഈ മാരണം എങ്ങനെ ഇപ്പോൾ ഇവിടെ കേറി വന്നു . ഒരുപാട് ഏകാഗ്രതയും ശാന്തതയും ആവശ്യപ്പെടുന്ന ജോലി ആയതു കൊണ്ടാണ് നഗരത്തിൽ നിന്നും ഒരുപാട് മാറി ഈ ഒറ്റപ്പെട്ട വീട് സ്വന്തമാക്കിയത് . ഒരു വീടിന്റെ പാർട്ടീഷൻ ചെയ്തെടുത്ത രണ്ടു ഭാഗങ്ങൾ. അതിൽ ഒന്നിലാണ് എന്റെ താമസം . മറ്റേ ഭാഗത്തു മൂന്നു ദിവസം മുൻപ് വരെ ആരും താമസമില്ലായിരുന്നു എന്നു തന്നെയാണ് എന്റെ വിശ്വാസം .

മൂന്നു ദിവസം എന്ന് കൃത്യമായി പറയാൻ കാരണമുണ്ട് . ആഴ്ചയിൽ രണ്ടു അല്ലെങ്കിൽ മൂന്നു തവണ മാത്രമാണ് ഞാൻ ഈ മുറിയിൽ നിന്ന് തന്നെ പുറത്തേയ്ക്കു ഇറങ്ങുന്നത്. ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ സംഭരിക്കാനും ചില പെൺകൂട്ടുകൾ തിരയാനും. വളരെ അപൂർവമായി മാത്രം കിട്ടുന്ന കാശിന്റെ ഒരു ഭാഗം അടുത്തുള്ള അനാഥ മന്ദിരങ്ങൾ അല്ലെങ്കിൽ വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽ എത്തിക്കാറുണ്ട് . ഈ ഞായറാഴ്ച അങ്ങനെ പതിവുള്ള ഒരു വൃദ്ധ മന്ദിര സന്ദർശത്തിനു ശേഷം ഞാൻ പുറത്തേയ്ക്കു ഇറങ്ങിയിട്ടില്ല . ഒരു ലാപ്ടോപ്പും സ്റ്റേബിളായ ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ സ്വന്തം മുറിക്കകത്തിരുന്നു ലക്ഷങ്ങൾ സമ്പാദിക്കാനുള്ള വിദ്യ എനിക്ക് നന്നായി അറിയാമായിരുന്നു .

കോപ്പിറൈറ്റർ എന്ന് പറയുമ്പോൾ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഓൺലൈൻ പ്രൊമോഷൻസ് മാത്രം ചെയ്യുന്ന ഒരാളല്ല ഞാൻ . പല ബുക്കുകളും ഇംഗ്ളീഷിലേക്ക് ഞാൻ മൊഴിമാറ്റം ചെയ്യാറുണ്ട് . ഇന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന പല മലയാള പുസ്തകങ്ങളും എന്റെ സംഭാവനകളാണ് . എന്തൊക്കെ പൊട്ടത്തരങ്ങൾ മലയാളത്തിൽ എഴുതി തന്നാലും അത്യാവശ്യം കൊള്ളാവുന്ന വിധത്തിൽ ഞാൻ അതൊക്കെ ഇംഗ്ളീഷിലാക്കി കൊടുക്കാറുണ്ട് . മലയാളം പ്രതികളെക്കാൾ എന്റെ ഇംഗ്ളീഷ് കോപ്പികൾക്കാണ് കൂടുതൽ അംഗീകാരം കിട്ടുന്നത്. ഇംഗ്ളീഷിൽ ഡോക്ടറേറ്റ് എടുത്തതിനു ഇപ്പോഴാണ് എന്തെങ്കിലും പ്രയോജനം കിട്ടുന്നത്. പിന്നെ ഇപ്പോഴത്തെ ഒരു മെയിൻ ട്രെൻഡ് ആണല്ലോ ഈ ഓർമ്മക്കുറിപ്പുകളും സർവീസ് സ്റ്റോറീസും . ഏതെങ്കിലും ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയർ ആയാൽ ഇവർക്കൊക്കെ ഉടൻ തന്നെ ഓർമ്മക്കുറിപ്പുകൾ എഴുതണം . വയസ്സാൻ കാലത്തു എന്തെങ്കിലും പണി വേണ്ടേ . അത് മലയാളത്തിൽ എഴുതിയാൽ പോരാ ഇംഗ്ളീഷിൽ തന്നെ വേണം . സ്വന്തമായി എഴുതാൻ നോക്കിയാൽ വ്യാകരണ പിശകില്ലാതെ ഒരു വാക്യം പോലെ എഴുതാൻ കഴിയില്ല . കൈയ്യിൽ ആണേൽ ഇഷ്ടം പോലെ കാശും . ഇവിടെയാണ് എബ്രഹാം ഫിലിപ്പിന്റെ പ്രസക്തി. ഇവരൊക്കെ എന്ത് പൊട്ടത്തരം മലയാളത്തിൽ എഴുതി തന്നാലും അതൊക്കെ ഏറ്റവും മികച്ച ഇംഗ്ളീഷിലേക്ക് വിവര്ത്തനം ചെയ്യാൻ എനിക്ക് കഴിയും .ചിലതൊക്കെ നല്ല രീതിയിൽ മോഷ്ടിച്ചതാണെന്ന് മനസ്സിലായാലും കണ്ണടച്ച് വിടുകയേ നിവൃത്തിയുള്ളൂ . ചില മോഷണങ്ങൾക്ക് ഇപ്പോൾ പ്രചോദനം എന്നും പറയാമല്ലോ . ഒരേ സമയം ഒരു വർക്ക് മാത്രമേ ഞാൻ എടുക്കാറുള്ളു . . ക്വാളിറ്റി ഉറപ്പു വരുത്താൻ വേണ്ടിയാണത് . ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തത് കൊണ്ടാണ് ഈ ഫീൽഡിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തു തുടരാൻ എനിക്ക് കഴിയുന്നത് . കൃത്യമായ വർക്ക് തരുന്ന ക്ലൈന്റ്‌സ് ഉണ്ടെനിക്ക് . അവരുടെ കമ്മീഷന് ശേഷം കൃത്യമായി പണം എന്റെ അക്കൗണ്ടിൽ വീഴുന്നു. പണം തരൂ , നിങ്ങളെ ഞാനൊരു മികച്ച എഴുത്തുകാരനാക്കി തരാം എന്നൊരു ബോർഡൊക്കെ വെച്ചാലോ എന്ന് വെറുതെ തമാശക്കെങ്കിലും ഞാൻ ചിന്തിക്കാറുണ്ട് .

ഞാൻ താമസിക്കുന്ന ഭാഗത്തു നിന്നും അപ്പുറത്തെ ഭാഗത്തേയ്ക്ക് തുറക്കുന്ന വാതിലുകളും ജനാലകളുമൊക്കെ അടച്ചു പൂട്ടിയിരിക്കുകയാണ്. ഒരു ലോക്ക് ഹോൾ പീക്കിനു പോലും സാധ്യതയില്ല . സമയം പത്തുമണി കഴിഞ്ഞു . ഈ സമയത്തു പുറത്തേയ്ക്കു ഇറങ്ങാൻ മടിയാണ് . കണ്ണിനുള്ളിൽ ഇപ്പോഴും ബാക്കി കിടക്കുന്ന ഉറക്കത്തെ ഇറക്കി വിടാനും തോന്നുന്നില്ല. കഴിഞ്ഞ രണ്ടു ദിവസവും മണിയടി ശബ്ദത്തെ പറ്റി ആലോചിച്ചു കിടന്നാണ് സമയം കളഞ്ഞത് . ഒന്നെങ്കിൽ പുതിയ താമസക്കാർ വന്നിട്ടുണ്ടാകണം . താമസക്കാരിൽ ഒരു വൃദ്ധയോ വൃദ്ധനോ ഉണ്ടാകാം . സംസാരിക്കാനോ എഴുന്നേറ്റു നടക്കാനോ വയ്യാത്ത ഒരാൾ . എന്തെങ്കിലും ആവശ്യത്തിന് മറ്റുള്ളവരുടെ സഹായം വേണ്ടി വരുമ്പോളാകാം ഈ മണിയടി പ്രോയോഗം നടത്തുന്നത് .ഇത് വൃദ്ധ സദനങ്ങൾ സന്ദർശിക്കുമ്പോൾ കിട്ടിയ അറിവാണ് . രണ്ടാമത്തെ സാധ്യത എന്ന് പറയുന്നത് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ലാത്ത ഒന്നാണ് . ആരോടോ എന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവ് . ഒരു പക്ഷെ എന്നോടോ മറ്റു ആരോടെങ്കിലുമോ ആ വ്യക്തി എന്തോ പറയാൻ ആഗ്രഹിക്കുന്നു. എനിക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന വിധത്തിൽ മണിയടി ശബ്ദം ഉണ്ടാക്കി എന്റെ ശ്രദ്ധയെ ആകർഷിച്ചു ആ മുറിയിൽ എത്തിക്കുക എന്നതാകാം ആത്മാവിന്റെ ഉദ്ദേശ്യം . മണിയടി ശബ്ദം വീണ്ടും ഉയർന്നു കേൾക്കാൻ തുടങ്ങി . ഞാൻ കമ്പിളി തല വഴിയേ മൂടി, കൈ വിരലുകൾ രണ്ടും ചെവിയിലും തിരുകി കയറ്റി പാതി വഴിയിൽ മുറിഞ്ഞു പോയ നിദ്രയെ പുൽകാൻ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു.

പാതി നിദ്രയിൽ എപ്പോഴൊക്കെയോ മറക്കാൻ ശ്രമിക്കുന്ന പല ഓർമ്മകളും ചുറ്റിനും വട്ടമിട്ടു പറക്കാൻ തുടങ്ങി . ഡോക്ടറായ ഫിലിപ്പിന്റെയും സാധാരണക്കാരിയായ മേരിയുടെയും ഒരേ ഒരു മകൻ . ഡോക്ടറാക്കാൻ വളർത്തി കൊണ്ട് വന്ന മകൻ അനാട്ടമിക്കും ഫിസിയോളജിക്കും പകരം വില്യം വേർഡ്‌സ്‌വേർതിനും ഷേക്‌സ്‌പിയറിനും പിന്നാലെ പോയപ്പോൾ തല്ലിയും പട്ടിണിക്കിട്ടും നേർവഴി കാണിക്കാൻ ശ്രമിച്ചു. ഒടുവിൽ ഒരിക്കലും നന്നാകില്ല എന്നും പറഞ്ഞു ഉപേക്ഷിച്ചു കളഞ്ഞു അപ്പൻ . ഒരേ വീട്ടിൽ അന്യനെ പോലെ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന ഭൂതകാലം. അമ്മയെ കണ്ട ഓർമ്മ എനിക്കില്ല. എന്നാൽ ഞങ്ങൾ താമസിച്ചിരുന്ന അതേ വീട്ടിൽ തന്നെ മുകളിലെ നിലയിൽ അമ്മയുണ്ടായിരുന്നു എന്നാണ് സെർവന്റ്സ് പറഞ്ഞിട്ടുള്ളത് . അങ്ങോട്ട് ആർക്കും പ്രവേശനമില്ലായിരുന്നു. പിന്നീട് അങ്ങോട്ടു വാശിയായി .. ചുറ്റും കാണുന്ന എല്ലാവരോടും എല്ലാത്തിനോടും വാശി . അവസാനം ഇംഗ്ലീഷ് ലിറ്ററേറ്ററിൽ ഡോക്ടറേറ്റ് നേടി വലിയ സന്തോഷത്തോടെ അപ്പന്റെ മുന്നിൽ പോയി നിന്നപ്പോൾ ആ മുഖത്ത് വിരിഞ്ഞത് പുച്ഛം കലർന്നൊരു ചിരിയായിരുന്നു . അന്നിറങ്ങിയതാണ് വീട്ടിൽ നിന്നും . യൂണിവേഴ്സിറ്റിയിൽ ഗസ്റ് ലക്ടറായി ആദ്യ ജോലി. ഏറെ താമസിയാതെ തന്നെ സ്ഥിരപ്പെടുത്തിയ ജോലിയിൽ സന്തോഷവാനായി മുന്നോട്ടുള്ള ജീവിതം . വിവാഹം വേണ്ട എന്ന് തീർച്ചപ്പെടുത്തിയതാണ് പക്ഷെ ചുണ്ടിൽ ഒളിപ്പിച്ചു വെച്ച നിഷ്കളങ്കമായ ചിരിയുമായി എംഫിൽ ചെയ്യാൻ കൂടെ കൂടിയ കാഞ്ഞിരപ്പള്ളിക്കാരി സോഫിയ ജോർജിന് മുന്നിൽ വീണു പോയി . പ്രണയവും സന്തോഷവും നിറഞ്ഞ ഒന്നര വർഷങ്ങൾ . ശാരീരികാസ്വസ്ഥത കാരണം ഒരുനാൾ നേരത്തെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു പുറത്തേയ്ക്കു വന്നത് പ്രിയ ശിഷ്യൻ തന്നെ ആയിരുന്നു. പിന്നിൽ വിയർത്തു കുളിച്ചു ഭയന്ന് വിരണ്ട മുഖവുമായി സോഫിയും. ഒന്നും മിണ്ടാതെ കുറച്ചു വസ്ത്രവും പുസ്തകവുമായി അപ്പോൾ തന്നെ ഒരു ലോഡ്ജിലേക്ക് താമസം മാറി. ജോലിയിൽ നിന്നും നീണ്ട അവധിയെടുത്തു . വീണ്ടും രണ്ടു വർഷത്തോളം നീണ്ട ഏകാന്തവാസം . അവസാനം കൈയ്യിലെ കാശെല്ലാം തീരാറായപ്പോൾ ഗൂഗിൾ പറഞ്ഞു തന്ന വിദ്യയാണ് കോപ്പി റൈറ്റിങ്ങും ട്രാൻസ്‌ലേഷനുമൊക്കെ . ജോലിയുടെ സൗകര്യത്തിനയാണ്‌ നഗര തിരക്കിൽ നിന്നും തികച്ചും ശാന്തമായ ഇവിടം താമസത്തിനായി തിരഞ്ഞെടുത്തത്. ആരോടും കടപ്പാടുകളോ ബാധ്യതകളോ ഇല്ലാതെ കാലിൽ ചങ്ങലക്കെട്ടുകളില്ലാതെ സ്വതന്ത്രമായ ജീവിതം . ശരീരം ആവശ്യപ്പെടുമ്പോൾ മുൻപരിചയമില്ലാത്ത സ്ത്രീകളുമായി രതിയിൽ ഏർപ്പെടുന്നു .ചോദിച്ചതിലും അധികം പൈസയും നൽകി പേര് പോലും ചോദിക്കാതെ അവരെയും ആട്ടിപ്പായിക്കുന്നു. വീണ്ടും നിദ്രയിലേക്കും ജോലിയിലേക്കും സ്വയം ഇറക്കിവെയ്ക്കുന്നു . പകൽ ഉറങ്ങിയും രാത്രി എഴുതിയും ദിവസങ്ങൾ തിന്നു തീർക്കുന്നു .

കണ്ണ് തുറക്കുമ്പോൾ സമയം ഏകദേശം മൂന്നു മണിയായിരുന്നു. ഒരു മണിക്കൂറോളം നീളുന്ന സ്നാനത്തിനു ശേഷം മൂന്നു ചപ്പാത്തിയും ചൂടാക്കി കഴച്ചിട്ടു വീടിന്റെ പിന്നിലേക്ക് തുറയ്ക്കുന്ന വരാന്തയിലേക്ക് ഇറങ്ങി ഒരു ജോറം ബ്ലാക്കിന് തീ കൊളുത്തി . ഏക്കറുകൾ നീണ്ടു കിടക്കുന്ന റബ്ബർ തോട്ടത്തിലേക്ക് പുക ഊതി വിട്ടു കൊണ്ട് തീർക്കാനുള്ള വർക്കിനെ പറ്റി ആലോചിക്കുമ്പോഴാണ് എഴുന്നേറ്റത്തിനു ശേഷം ഇതുവരെ മണിയടി ശബ്ദം കേട്ടില്ലല്ലോ എന്ന് ഓർത്തത് . പകലുകളിൽ അല്ലാതെ എന്റെ രാത്രികളെ ഒരിക്കലും ആ മണിയടി ശബ്ദം അലോസരപ്പെടുത്തിയിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ മണിയടി ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി. ഒന്നും കൂടി ആലോചിച്ചാൽ താൻ ഒരിക്കലും പുറത്തേയ്ക്കിറങ്ങില്ല എന്നുറപ്പുള്ളതിനാൽ രണ്ടാമതൊന്നു കൂടി ആലോചിക്കാതെ പാതിയും തീർന്ന സിഗരറ്റ് കുറ്റി പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മുറിയുടെ പുറത്തേയ്ക്കു ഇറങ്ങി.

സിറ്റൗട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞാൽ അപ്പുറത്തെ ഭാഗത്തേക്കുള്ള പ്രധാന വാതിലാണ്. ഞാൻ കരുതിയത് പോലെ തന്നെ ആ വാതിലിനു പുറത്തു എന്നും തൂങ്ങിയാടാറുള്ള ഇരുമ്പുതാഴ്‌ അപ്രത്യക്ഷമായിരിക്കുന്നു . പുതിയ വാടകക്കാർ തന്നെയെന്നു ഞാൻ ഉറപ്പിച്ചു കൊണ്ട് മുന്നോട്ടു നടന്നു . കോളിംഗ് ബെൽ മുഴക്കി മുനിറ്റുകൾക്കു ശേഷവും ആരെയും കാണാത്തതു കൊണ്ടാണ് വാതിൽ പതുക്കെ തുറന്നു അകത്തേയ്ക്കു കയറിയത്. ഈയലിന്റെ ചിറകടി ശബ്ദം പോലെ വികൃതമായ ശബ്ദം കേൾപ്പിച്ചു കൊണ്ട് ഒരു ട്യൂബ് ലൈറ്റ് തെളിയുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. ഒന്ന് രണ്ടു തവണ " "ഹലോ " എന്ന് വിളിച്ചിട്ടും പ്രതികരണം ഒന്നുമില്ലാതെയായപ്പോൾ പുറത്തേയ്ക്കു ഇറങ്ങാൻ തുടങ്ങിയതാണ് അപ്പോഴാണ് വളരെ പെട്ടെന്ന് ഭയപ്പെടുന്ന ശബ്ദത്തിൽ ആ മണിയടി ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങിയത്. കുറച്ചു നിമിഷങ്ങളിൽ ശ്വാസം നിലച്ചു പോയത് പോലെ നിന്നു പോയി ഞാൻ . അത്ര ശബ്ദത്തിലായിരുന്നു ആ മണിയടി അപ്പോൾ മുഴങ്ങി കേട്ടത് . ആദ്യമായി ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. ബുദ്ധി പുറത്തേയ്ക്കു ഇറങ്ങാൻ നിർബന്ധിച്ചുവെങ്കിലും ശരീരം ചലിച്ചത് വീടിന്റെ അകത്തേയ്ക്കു തന്നെയാണ്.

. ഫർണീച്ചറുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ സ്വീകരണ മുറി അവിടെ നിന്നും അകത്തേയ്ക്കു ഒരു ചെറിയ വാതിൽ . പഴകിയ കർട്ടനിൽ കറുപ്പ് തുന്നലുകൾ ചിലന്തി വല പോലെ കുരുങ്ങി കിടക്കുന്നു . ഇരുട്ട് വീണു കിടക്കുന്ന അവിടെന്നു വലത്തേയ്ക്കാണ് പോകേണ്ടത് .അവിടെ നിന്നുമാണ് മണിയടി ശബ്ദം കേൾക്കുന്നത് .. സർവ ധൈര്യവും സംഭരിച്ചു മുന്നോട്ടു നടന്നു. മുന്നിൽ രണ്ടു പാളികൾ ചേർത്തടച്ച ഒരു വാതിൽ . അവിടവിടെയായി ഇപ്പോഴും ബാക്കി നിൽക്കുന്ന മങ്ങിയ പച്ച നിറം . അകത്തു ഇപ്പോൾ മണിയടി ശബ്ദം നിലച്ചിരുന്നു . കാലം തെറ്റിയൊരു മഴയ്ക്ക് അന്തരീക്ഷം തയ്യാറെടുക്കുന്നത് ഞാനറിഞ്ഞു . വീശിയടിച്ച കാറ്റിന്റെ ശക്തിയിലാകാം മുൻ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞത് ഞാൻ അറിഞ്ഞു. ചെറുതല്ലാത്ത ഉൾഭയം ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങി. രണ്ടും കൽപ്പിച്ചു കൊണ്ട് ഞാനാ വാതിൽ ശക്തിയായി അകത്തേയ്ക്കു തുറന്നു. വെളിച്ചം കുറഞ്ഞ മുറിയുടെ മധ്യത്തിലായി ഒരു കയറു കട്ടിൽ . അവിടെ കറുത്ത നിഴൽ പോലെ എന്തോ അനങ്ങുന്നുണ്ട്. കട്ടിലിനോട് ചേർന്ന് കിടക്കുന്ന ചെറു മേശയുടെ മുകളിലായി എന്റെ ഉറക്കം കളയുന്ന ആ മണിയും.

കറുത്ത നിഴലിൽ നിന്നും ഞെരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന ഒരു കൈ ഉയർന്നു വരികയും എന്നെ അടുത്തേയ്ക്കു വിളിക്കുകയും ചെയ്തു. ഒരു കൺകെട്ട് വിദ്യയിലേതു പോലെ സത്യമോ മിഥ്യയോ എന്നറിയാതെ ഞാനാ രൂപത്തിന് അടുത്തേയ്ക്കു ചെന്നു. ചുക്കി ചുളിഞ്ഞു എല്ലും തോലുമായ ഒരു സ്ത്രീരൂപം കട്ടിലിൽ ഒട്ടിച്ചു വെച്ചിരിയ്ക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത് . കട്ടിലിനോട് ചേർന്ന് കിടക്കുന്ന പാതിയും ദ്രവിച്ച കസേരയിലേക്ക് അവർ വിരൽ ചൂണ്ടി. ഒരു വെളുത്ത ഒറ്റക്കുപ്പായം പുതപ്പിച്ചത് പോലെ അവർ എന്നെ നോക്കി കിടന്നു . കടുത്ത ശാരീരികവും മാനസികവുമായ വ്യഥ അനുഭവിക്കും പോലെ ഇടക്കവർ ഞെരുങ്ങുകയും മൂളുകയും ചെയ്തു. മനുഷ്യ ശബ്ദം എന്ന് തോന്നിപ്പിക്കാത്ത എന്നാൽ അതിനോട് ഏറെ സാദൃശ്യമുള്ളതുമായ ശബ്ദത്തിൽ അവര് എന്നോട് സംസാരിക്കാൻ തുടങ്ങി.

" മോൻ എഴുത്തുകാരനാ അല്ലേ .."

മുഖവും ചുണ്ടുകളും അനങ്ങാതെ അവർ എങ്ങനെ സംസാരിക്കുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.

" ആം .... ഇവിടെ വേറെ ആരുമില്ലേ ..." ഞാൻ വെറുതെ ചുറ്റിനും നോക്കി.

" ഒരു പെണ്ണുണ്ട് ..അവൾ പുറത്തേയ്ക്കു പോയതാ ..."

പീള കെട്ടി വിളറി വെളുത്ത കണ്ണുകൾ പാതി തുറന്നു അവരെന്നെ സൂക്ഷിച്ചു നോക്കി .

" മോന് എന്റെ കഥ എഴുതാമോ ..."

ഈ മുഖം എവിടെയോ കണ്ട പരിചയമുണ്ടെന്ന തോന്നലിൽ എന്റെ തലച്ചോറ് വേഗം പ്രവർത്തിക്കാൻ തുടങ്ങി. കണ്ടു മറന്ന മുഖങ്ങൾ ഓരോന്നായി ഒരു ദൃശ്യ ശ്രേണി പോലെ മനസ്സിൽ മിന്നി മറയാൻ തുടങ്ങി. "ആം" എന്ന് വെറുതെ മൂളുമ്പോഴും അവരെന്താണ് പറഞ്ഞതെന്ന് എനിക്ക് അപ്പോഴുംവ്യക്തമല്ലായിരുന്നു . കഴുത്തിന് താഴേയ്ക്ക് അവർക്കു ശരീരഭാഗങ്ങൾ ഉണ്ടോ എന്ന് എനിക്ക് സംശയം തോന്നി . വെള്ളി മുടിയിഴകൾ അവിടവിടെ ബാക്കിയായ ശിരസ്സിനും ഒരു കൈയ്ക്കുമല്ലാതെ മറ്റൊന്നിനും ചലനശേഷി ഇല്ലെന്നു തോന്നുന്ന വിധമായിരുന്നു അവരുടെ ശരീര ചലനം .

" ഞാനൊരു ഡോക്ടറുടെ ഭാര്യ ആയിരുന്നു. വളരെ ഗംഭീരമായി ആർഭാടമായി നടത്തിയ വിവാഹം . ഇന്ത്യയിലെ തന്നെ ഏറ്റവും കേമനായ ഫിസിയോളജിസ്റ്റായിരുന്നു എന്റെ ഭർത്താവ് . സ്വപ്നം പോലെ ഒരു ബന്ധം എന്നാണ് എല്ലാവരും പറഞ്ഞത് . അന്നെനിക്ക് ഇരുപത്തിയൊന്ന് വയസ്സാണ് പ്രായം. ആദ്യമൊക്കെ എന്നോട് വളരെ സ്നേഹത്തോടെയാണ് അയാൾ പെരുമാറിയത് . എന്നാൽ പതുക്കെ പതുക്കെ അയാളുടെ സ്വഭാവ വൈകൃതങ്ങൾ എല്ലാം പുറത്തു വരാൻ തുടങ്ങി. ഞങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി കൂട്ടുകാർക്കു നൽകുന്ന അയാളെ ഭർത്താവ് എന്ന് വിളിക്കാൻ എനിക്ക് അറപ്പും വെറുപ്പും തുടങ്ങി. പിന്നെ ഏതെല്ലാമോ പോൺ സൈറ്റുകളിൽ എന്റെ നഗ്ന ചിത്രങ്ങളിൽ അയാൾ തന്നെ അപ്‍ലോഡ് ചെയ്തു. അയാളുടെ കൂട്ടുകാരിൽ പലരും വീട്ടിലെ സ്ഥിരം സന്ദർശകരായി. അടച്ചിട്ട മുറിയിൽ ചങ്ങലയിൽ ബന്ധിച്ചു എന്നെ അയാൾ പലർക്കും കാഴ്ചവെച്ചു . അതെല്ലാം നേരിൽ കണ്ടു അയാൾ ആസ്വദിച്ച് കൊണ്ടിരുന്നു. ഭക്ഷണം പോലും തരാതെ ദിവസങ്ങളോളം പട്ടിണിക്കിട്ടു ആയാളും കൂട്ടുകാരും എന്നെ ലൈംഗികമായി ആക്രമിക്കുകയും അതെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തു .

പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ പിന്നെ വല്ലപ്പോഴും ഭക്ഷണം കൊണ്ട് വരുന്ന ഒരു തടിച്ച സ്ത്രീയല്ലാതെ മറ്റാരും മുറിയിലേക്ക് വരാതെയായി . പിന്നെയും കുറെ നാളുകൾക്കു ശേഷം അയാൾ വീണ്ടും എന്റെ മുറിയിലേക്ക് വന്നു. കൈയിൽ എന്തെല്ലാമോ മരുന്നുകൾ ഉണ്ടായിരുന്നു. പല നിറത്തിലുള്ള അവയെല്ലാം പല തവണകളായി അയാൾ എന്റെ ശരീരത്തിൽ ഇൻജെക്ട് ചെയ്തു . എന്തെല്ലാമോ പുതിയ മരുന്നുകളുടെ പരീക്ഷണങ്ങൾ . അച്ഛനും അമ്മയും കുഞ്ഞിലേ നഷ്ടപ്പെട്ട എന്നെ തേടി ആരും വരില്ല എന്നയാൾക്ക്‌ പൂർണ ബോധ്യമുണ്ടായിരുന്നു. പരീക്ഷണങ്ങൾ നടത്താൻ സ്വന്തമായി വില കൊടുത്തു വാങ്ങിയ ഒരു ശരീരമുള്ളപ്പോൾ എന്തിനാണ് പട്ടിയും പൂച്ചയുമെന്നു ഒരിക്കൽ അയാൾ ഒരു സുഹൃത്തിനോട് പറയുന്നത് ഞാൻ കേട്ടതാണ്. ശബ്ദിക്കാനാവാതെ വർഷങ്ങളോളം ചില്ലുകൂട്ടിൽ ബയളോജി ലാബുകളിൽ സൂക്ഷിക്കുന്ന ജീവനുള്ള ഒരു പരീക്ഷണ വസ്തുവായി ഞാൻ കിടന്നു. ആ ഒരവസ്ഥ എങ്ങനെയാണു മോനെ പറഞ്ഞു മനസ്സിലാക്കുകയെന്നു അമ്മയ്ക്കറിയില്ല . ചിലപ്പോൾ എന്നെ കുളിപ്പിച്ച് ഭംഗിയുള്ള വസ്ത്രം ധരിപ്പിച്ചു കിടത്തി അയാൾ ചിത്രങ്ങളും വിഡിയോസും ചിത്രീകരിച്ചു. എന്തോ മാരകമായ അസുഖം ബാധിച്ചു കിടപ്പലായ ഭാര്യയെ സ്വയം ചികിൽസിച്ചു കൂട്ടിരിക്കുന്ന ഭർത്താവിനെ ലോകമെങ്ങും അനുമോദിച്ചു . ചാനലുകളിൽ അയാൾ കണ്ണീരോടെ എന്റെ രോഗ വിവരണങ്ങൾ പങ്കു വെച്ചു. വീഡിയോകളിൽ ചലനശേഷി നഷ്ടപ്പെട്ട എന്റെ ശരീരത്തെ കെട്ടിപ്പിടിച്ചയാൾ കരഞ്ഞു ... "

അവർ കരയുന്നതു പോലെ എനിക്ക് തോന്നിയില്ല . സത്യം പറഞ്ഞാൽ അവർ സംസാരിക്കുന്നെണ്ടെന്നു കൂടി എനിക്ക് തോന്നിയിരുന്നില്ല . എന്തോ അശരീരി പോലെ ആരുടെയോ ശബ്ദം ഞാൻ കേൾക്കുന്നു. ജീവനില്ലാത്ത, വികാരങ്ങൾ നഷ്ടപ്പെട്ട ഒരു വെറും ശബ്ദം എന്റെ ചെവികളിൽ വന്നു വീണു കൊണ്ടിരിക്കുന്നു . 'അമ്മ എന്ന വാക്കിൽ ഞാൻ വല്ലാത്തൊരു വേദനയോടെ ഉരുകിയൊലിക്കാൻ തുടങ്ങി . ഇരുളിലേക്ക് മുഖം ഒളിപ്പിച്ചു അവർ പിന്നെയും അവരുടെ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ചു കൊണ്ടിരുന്നു . ഓരോന്നും കേട്ട് കൊണ്ടിരിക്കുമ്പോൾ എനിക്കെന്റെ രക്തം തിളയ്ക്കുകയും അയാളെ കൊന്നു കളയാനുള്ള ദേഷ്യം തോന്നുകയും ചെയ്തു.

ഇടയിലെപ്പോഴോ അവരുടെ ശബ്ദം നിലച്ചു . ഉറങ്ങി പോയത് പോലെ നേർത്തൊരു ശ്വാസമിടിപ്പിന്റെ ശബ്ദം മാത്രം ബാക്കിയായി . പുറത്തു മഴ ശമിച്ചതു പോലെ . പതിയെ എഴുന്നേറ്റു പുറത്തേക്കു നടക്കുമ്പോൾ ഒരിക്കൽ കൂടി ഞാൻ തിരിഞ്ഞു നോക്കി . ഇരുളിൽ ഭംഗിയുള്ള ഒരു മുഖം എന്നെ നോക്കി ചിരിക്കും പോലെ എനിക്ക് തോന്നി . എന്തോ അപ്പോൾ അതുവരെ കാണാത്ത എന്റെ അമ്മയെ എനിക്ക് ഓർമ്മ വരികയും ഞാൻ വേഗത്തിൽ പുറത്തേയ്ക്കു നടക്കുകയും ചെയ്തു . പുറത്തിറങ്ങി വാതിൽ അടയ്ക്കുമ്പോൾ എനിക്ക് കരയാൻ തോന്നി . കാറ്റിനേക്കാൾ മഴയെക്കാൾ ഇടിമിന്നലിനേക്കാൾ ശബ്ദത്തിൽ ഞാൻ കരയാൻ തുടങ്ങി . മുറിയിൽ ബെഡിലേക്കു വീഴുമ്പോൾ ഞാൻ ഏങ്ങലടിക്കുകയും ശക്തമായ വേദനയിൽ പുളയുകയും ചെയ്തു.

എത്ര സമയം അതേ കിടപ്പു കിടന്നുവെന്നെനിക്കറിയില്ല . ഉണരുമ്പോൾ എന്റെ രണ്ടു കവിളിലും കണ്ണുനീർ പാടക്കെട്ടി ശേഷിച്ചിരുന്നു . മുഖം കഴുകുമ്പോൾ എനിക്ക് കലശലായ വിശപ്പും ദാഹവും അനുഭവപ്പെട്ടു . അടുക്കളയിലേക്കു ചെന്നപ്പോൾ കഴിഞ്ഞ ദിവസം വാങ്ങിയ ഇൻസ്റ്റന്റ് ചപ്പാത്തി പാക്കറ്റ് പൊട്ടിക്കാതെ തന്നെ ഫ്രിഡ്ജിൽ ഇരിക്കുന്നുണ്ടായിരുന്നു . എവിടെയോ എന്തോ ഒരു പൊരുത്തക്കേടുള്ളതായി എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ബാത്‌റൂമിൽ കയറി നോക്കി . തറയിൽ വെള്ളം വീണതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . ജോറം ബ്ലാക്കിന്റെ പാക്കറ്റിൽ കിടക്കും മുന്നേ വലിച്ചതിനു ശേഷമുണ്ടായിരുന്ന നാല് സിഗരറ്റുകൾ അതേപടി ഇരിക്കുന്നു . പെട്ടെന്ന് ആ മണി ശബ്ദം വീണ്ടും ഉയർന്നു കേൾക്കാൻ തുടങ്ങി . വല്ലാത്തൊരു വേഗതയിലും പതിവിലും ശബ്ദത്തിലും ആ മണിശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു .

ഭയപ്പാടോടെ ഞാൻ പുറത്തേയ്ക്കുഓടി . അന്തരീക്ഷത്തിൽ മഴയുടേതായ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല . കണ്ടതൊക്കെയും ഒരു സ്വപ്നമായി മറന്നു കളയാനും സാധിക്കുന്നില്ല. പുറത്തിറങ്ങി ഇടത്തേക്ക് തിരിഞ്ഞപ്പോൾ എന്നത്തേയും പോലെ ഇരുമ്പു പൂട്ട് വീണു കിടക്കുന്ന വാതിൽ എന്നെ ഭയപ്പെടുത്തി . കുറേ നിമിഷങ്ങൾ അതേ നിൽപ്പ് നിന്നതിനു ശേഷം എല്ലാം ഒരു ഭ്രാന്തൻ സ്വപ്നം മാത്രമാണെന്ന തിരിച്ചറിവിൽ തിരിച്ചു മുറിയിലേക്ക് കയറി . പുതിയ വർക്കിനായി രണ്ടു ദിവസം മുൻപു കൊരിയറിൽ എത്തിയ ഡയറി തുറന്നു . ഒരു വലിയ ഡയറിയാണ് . ഭാരിച്ച ഒന്ന് . വലിയ തുകയുടെ വർക്കാണ് . മനസ്സപ്പോഴും കുറച്ചു മുൻപു കണ്ട മായക്കാഴ്ചയിൽ കുരുങ്ങി കിടക്കുകയാണ് . ഡയറിയുടെ ഒന്നാം പേജിൽ വലിയ അക്ഷരങ്ങളിൽ " ഒരു ഡോക്ടറുടെ ഡയറി കുറിപ്പുകൾ " എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു . പിടി തരാതെ മനസ്സ് വീണ്ടും കുതറി മാറിക്കൊണ്ടിരുന്നു . അവ്യക്തമായ ആ അമ്മയുടെ മുഖം എത്ര കഴുകിയാലും മഞ്ജു പോകാത്തൊരു കറുത്ത പൊട്ടു പോലെ അവശേഷിക്കുന്നു . ഡയറി മേശയിലേക്കു വലിച്ചെറിഞ്ഞു ഞാൻ കസേരയിലേക്ക് ചാരി . കണ്ണുകൾ വീണ്ടും ഡയറിയിലേക്കു ഒഴുകി ചെന്നു. ഏകദേശം മധ്യഭാഗത്തായി പേജുകൾ തമ്മിൽ ചേരാതെ അകന്നിരിക്കുന്നു. വല്ലാത്തൊരു കൗതകത്തോടെ ഡയറി ഞാൻ വലിച്ചെടുത്തു തുറന്നു . കൈകൾക്കുള്ളിലൂടെ ഒരു ഫോട്ടോ താഴേയ്ക്ക് വീണു. തറയിൽ എനിക്ക് നേരെ തിരിഞ്ഞു വീണ ഫോട്ടോയിൽ കല്യാണ വേഷത്തിൽ നിൽക്കുന്ന ഒരു സ്ത്രീയും പുരുഷനുമാണ് . ശിരസ്സിനെ നെടുകെ കീറി മുറിച്ചു കൊണ്ട് വെള്ളിടി കടന്നു പോയി . ഒന്നേ നോക്കിയുള്ളൂ . ആ സ്ത്രീ അവരായിരുന്നു . ഇറങ്ങും മുൻപേ എന്നെ നോക്കി ചിരിച്ചെന്നു എനിക്ക് തോന്നിയ സുന്ദരമായ അതേ മുഖം . പുരുഷന്റെ മുഖത്തേയ്ക്കു ഒന്നേ ഞാൻ നോക്കിയുള്ളൂ തലച്ചോറ് പൊട്ടി ചിതറിയ പോലെ ചലനം പൂർണമായി നിലച്ചു എന്റെ ശരീരം ഒരു വശത്തേയ്ക്ക് കോടി പോയി . തൊണ്ടയിൽ ഒരു കരച്ചിൽ വന്നു കുരുങ്ങി കിടന്നു . ശ്വാസം പൂർണമായും നിന്നു പോയതു പോലെയുള്ള അവസ്ഥയിൽ ഞാൻ ഒന്നുകൂടി അയാളെ നോക്കി. അത് അയാളായിരുന്നു . ഡോകട്ർ . ഫിലിപ്പ് ജോർജ് . എന്റെ അപ്പൻ

രണ്ടു ദിവസത്തിന് ശേഷമുള്ള ഒരു വൈകുന്നേരം . വെയിലും മഴയുമില്ലാതെ മൂടി കിടക്കുന്ന ആകാശത്തിനു കീഴെ തണുത്തുറഞ്ഞെന്ന പോലെ ഭൂമി കിടന്നു . പതിവ് ക്ലയന്റ് ന്റെ മെയിൽ കണ്ടാണ് ഓപ്പൺ ചെയ്തത് .

ഡിയർ സർ ,

ഡോകട്ർ ഫിലിപ് ജോർജിന്റെ വർക്ക് നമുക്ക് ഡ്രോപ്പ് ചെയ്യാം . അതിനി ചെയ്തിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ഹി ഈസ് നോ മോർ .

വലിയ അത്ഭുതമൊന്നും തോന്നാതെ ഞാൻ മെയിൽ ക്ലോസ് ചെയ്തു . അപ്പുറത്തെ മുറിയിൽ നിന്നും മണിയടി ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി. ഞാൻ ധൃതിയിൽ കമ്പ്യൂട്ടർ ഓഫാക്കി എഴുന്നേറ്റു.

( അവസാനിച്ചു )

എബിൻ മാത്യു കൂത്താട്ടുകുളം

17-10-2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot