Slider

തോർത്തുമുണ്ടുരിയാട്ടം (ഒന്ന് )

0


ഓർമ്മയിലാദ്യമേ തെളിഞ്ഞു വരുന്നത്, കുളിപ്പിച്ചു കഴിഞ്ഞു തോർത്തുമുണ്ടുകൊണ്ടു മേലാകെ തുടച്ചശേഷം ശക്തിയായി അമ്മ തല തുവർത്തി തരുന്നതാണ്., അതു കഴിഞ്ഞ് ചെറിയ ഡപ്പിയിൽ നിന്നും ഒരു നുള്ള് രാസ്നാദി പൊടിയെടുത്ത് നിറുകയിൽ തിരുമി തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് മൂക്ക് അമർത്തിപ്പിടിച്ചു. അകത്തേയ്ക്കൊന്നു വലിപ്പിച്ച ശേഷം മാത്രമാണ് കുളിയെന്ന
ക്രിയ തീർത്തിരുന്നത്.
കുറെക്കൂടി വളർന്നപ്പോൾ വീട്ടിൽ അവധിക്കാലങ്ങളിൽ എല്ലാവരും ഒത്തുചേരുന്ന അവസരങ്ങളിൽ
അമ്മയോ,ചേച്ചിമാരോ ,മേമമാരോ അങ്ങിനെ ആരെങ്കിലുമൊക്കെയാവും പിള്ളേരെ എല്ലാവരേയും ചേർത്തു
ഒന്നിച്ചു കുളിപ്പിക്കുന്നത്. അപ്പോൾ വെള്ളത്തിൽ കളിച്ചുതിമിർക്കുകയാണ് കുളിയ്ക്കു പകരം നടക്കുക.
പിന്നെ ഒറ്റയ്ക്ക് കുളിക്കാറായതിനുശേഷം തോർത്ത്മുണ്ട് ഉടുത്ത് കിണറ്റിൻ കരയിൽ നിന്നും വെള്ളം കോരി തലവഴി ഒഴിച്ചുള്ള കുളിയായി ,
മേലാകെ സോപ്പുതേച്ച് പതപ്പിച്ച് തോർത്തിന്റെ ഓരോ പാളികൾ നീക്കി ആരും കാണാത്തവിധം തുടകളും ഇടുക്കും കൂടി സോപ്പ് തേച്ച് തലവഴി വെള്ളം ഒന്നാകെ ഒഴിച്ചുള്ള ആഡംമ്പരകുളിയാണ്. കുളികഴിഞ്ഞ് നനഞ്ഞ തോർത്തുമുണ്ടിൻ മുകളിലൂടെ ഉടുമുണ്ട് പൊതിഞ്ഞു പിടിച്ച് ഒരു കൈ കൊണ്ട് അരയിൽ നിന്നും തോർത്ത്മുണ്ട് മുകളിലോട്ട് വലിച്ചൂരിയെടുക്കും.
തോർത്തുമുണ്ടിന്റെ തുമ്പെടുത്ത് കൂർപ്പിച്ചശേഷം ചെവി രണ്ടും വൃത്തിയാക്കും. ബക്കറ്റിലെ വെള്ളത്തിൽ
തോർത്ത് മുക്കിപിഴിഞ്ഞു രണ്ടു കൈകൊണ്ടും നീട്ടിപിടിച്ച് രണ്ടു മൂന്നു വട്ടം ഒരു കുടയലുണ്ട്. കുടയലല്ല പൊട്ടിക്കലാണ് പൊട്ടുന്ന ശബ്ദത്തോടെ വെള്ളം തെറിച്ചു ദൂരെ പോകും .
എളേപ്പൻമാരിൽ ഒരാൾ ഇങ്ങിനെ നനഞ്ഞ തോർത്ത് ഉറക്കെ പൊട്ടിയ്ക്കുന്നതിൽ അഗ്രഗണ്യനായിരുന്നു. അടുത്തു വിളിച്ച് തോർത്തിന്റെ ഒരറ്റം പിടിച്ച് ചുഴറ്റി ചാട്ടയടിപോലെ അടിച്ചു ദേഹത്തു കൊള്ളിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.
അപ്പാപ്പന്റെ തോളിൽ സന്തത സഹചാരിയായി എപ്പോഴും ഒരു തോർത്ത്മുണ്ട് കിടപ്പുണ്ടാകും .
ചൂടുകാലങ്ങളിൽ ഇടയ്ക്കിടെ അതെടുത്ത്
പിൻകഴുത്തു തുടയ്ക്കുകയും , നടുമടക്കി കുറുക്കി വട്ടംചുറ്റിച്ച് ഉഷ്ണമാറ്റുകയും ചെയ്യും.
മഴക്കാലമാകുമ്പോൾ ,
വീട്ടിലൊരു ചെറിയ പിച്ചള മൊന്തയുണ്ട് അതിൽ തിളച്ച വെളളമെടുത്ത് രണ്ടു തുളസിയില നുള്ളിയിട്ടു പഴയ മീൻചട്ടിയിൽ ചിരട്ടക്കനലെടുത്ത് അതിനു നടുക്കതുവച്ച് . തോർത്തുമുണ്ട് തലവഴി മൂടി അപ്പാപ്പൻ ഇടയ്ക്കിടെ ആവി കൊള്ളും . ജലദോഷമുള്ള പിള്ളേരെയും ഓരോരുത്തരായി മടിയിലിരുത്തി ആവികൊള്ളിയ്ക്കും. ഇത്തരം നുറുങ്ങു വിദ്യകളിൽ മാറാത്ത ജലദോഷമൊന്നുമന്നില്ല.

ഞായറാഴ്ചകളിൽ , പകൽ വീട്ടിൽ പതിവായി ചീട്ടുകളിയുണ്ട് . ഈ ചീട്ടുകളി സംഘത്തിലുള്ള കുഞ്ഞിരാമേട്ടൻ വരുന്നത് ഉടയാത്ത ഇസ്തിരിയിട്ടു മടക്കിയ ചുവന്ന കരയുള്ള തോർത്തുമുണ്ട് വലത്തേ തോളിലിട്ടു കൊണ്ടാണ്. അതൊരിക്കൽ പോലും തോളിൽ നിന്നെടുക്കുന്നത് കണ്ടതായി ഓർക്കുന്നില്ല.
വീട്ടിൽ കല്യാണം മുതലായ വിശേഷാവസരങ്ങളിൽ സാധനം വാങ്ങാൻ തരുന്ന ലിസ്റ്റിൽ ഈരെഴ തോർത്തുമുണ്ട് വലുത് രണ്ടെണ്ണവും അഞ്ചോ ആറോ സാധാരണ തോർത്തുമുണ്ടുകളും ഉണ്ടാവും.
അന്നേ ദിവസം പാചകം ഏറ്റെടുക്കുന്നത് മൂത്ത അമ്മായിയുടെ ഭർത്താവാണ് .
വലിയ രണ്ടു തോർത്തുമുണ്ടും കൈപ്പറ്റിയാണ് പാചകാരംഭം . ഒന്നായി ചിരകിവെച്ച തേങ്ങ പിഴിയുന്നത് ഇതിലൊരു തോർത്തുമുണ്ടിൽ വാരിയിട്ടു രണ്ടു പേർ ചേർന്നു കൂട്ടിപ്പിഴിഞ്ഞാണ് .
മറ്റേ തോർത്തുമുണ്ട്
പാത്രം ഇറക്കിവയ്കാനും മറ്റും ചൂടുതട്ടാതെ പിടിയ്ക്കാനാണ്.
അലക്കു കല്ലിനോട് ചേർന്നുള്ള , ചാഞ്ഞ തെങ്ങിൽ കെട്ടിയ കമ്പിയിൽ ഒരു തോർത്തുമുണ്ട് കെട്ടി തൂക്കിയിടും അലക്കുകല്ലിൽ സോപ്പും അടുത്തായി ഒരു ബക്കറ്റിൽ വെള്ളവും പിടിച്ചു വയ്ക്കും ആഹാരം കഴിച്ച ശേഷം കൈയ്യും വായും മുഖവും കഴുകാനാണ്.
അന്നൊക്കെ തലയിൽ തേയ്ക്കാനുള്ള മുറുക്കിയ എണ്ണ ശേഖരിയ്ക്കുന്നത് . വർഷത്തിലൊരിക്കലാണ്.
ചേരുവകൾ ചേർത്തു കാച്ചിയ എണ്ണ അരിച്ചശേഷം കൊറ്റൻ, തെങ്ങിന്റെ
കോഞ്ഞാട്ട കോട്ടിയതിലിട്ടശേഷം രണ്ടുലക്കകൾ ചേർത്തുവച്ച് ഒരറ്റം തോർത്തുമുണ്ട് എട്ട് എന്ന ആകൃതിയിൽ ചുറ്റിക്കെട്ടി ഉലക്കകൾ വിടർത്തി ഇടയിൽ കൊറ്റൻ നിറച്ച കോഞ്ഞാട്ടവച്ചമർത്തിയിട്ടാണ്. അവസാനത്തുള്ളിവരെയും അങ്ങിനെയാണ് ഊറ്റിയെടുക്കുന്നത്.
അന്നൊക്കെ വീട്ടിലെ പശുവിനെ കറക്കാൻ വരുന്നത് എരുമക്കാരുതൊടിയിലെ കറവക്കാരൻ ഗോവിന്ദനാണ് . തമിഴ് ചുവയുള്ള മലയാളമാണ് ഗോവിന്ദന്റേത് .
മാഷ്ട്ട റെ... എന്നാണ് അപ്പാപ്പനെ വിളിയ്ക്കുക .
കട്ടിയുള്ള , അറ്റത്തു തൊങ്ങലുള്ള തരം കള്ളിതോർത്തുമുണ്ട് വളരെ വീതിയിൽ മടക്കിയ തലക്കെട്ടാണ് ഗോവിന്ദന്റെ തലയിലുണ്ടാവുക . ഗോവിന്ദന്റെ പല്ലുകൾക്കും മുഷിഞ്ഞ തലേക്കെട്ടിനും
ഒരേ മഞ്ഞ നിറമാണ്.
കുന്തുകാലിട്ടിരുന്ന് തുടയിടുക്കിൽ മൊന്ത ഇറുക്കിപ്പിടിച്ച് വൃത്തിയായി കഴുകിയ അകിടിൽ മുലക്കണ്ണിൽ ലേശം വെണ്ണ തേച്ചുപിടിപ്പിച്ച് പതം വരുത്തി കൈപ്പത്തികകത്തേയ്ക്ക് തള്ളവിരൽ
മടക്കി പിടിച്ച് ചൂണ്ടുവിരലും തള്ളവിരലിന്റെ പുറംഭാഗവും ചേർത്ത് മുലക്കണ്ണിൽ വച്ചമർത്തി താഴെയ്ക്കു വലിയ്ക്കും . ചുരത്തുന്ന പാൽ അപ്പോൾ കൃത്യം മൊന്തയിലേയ്ക്ക് തന്നെ വീഴും.
കറക്കുന്ന സമയമത്രയും ഗോവിന്ദന്റെ തലയിൽ കെട്ടിയ തോർത്തുമുണ്ടിലെ തൊങ്ങലുകൾ പതിയെ ഇളകി കൊണ്ടേയിരിക്കുന്നത്
കാണാൻ നല്ല രസമാണ്.

എല്ലാ മാസാദ്യ ചൊവ്വാഴ്ചയും ഉച്ചയോടെ വീട്ടിൽ വരുന്ന ഒരു ചേടത്തിയുണ്ടായിരുന്നു
തേങ്ങാ കൊത്ത് കനലിൽ ചുട്ടതുപോലൊരു രൂപം.മുണ്ടും ചട്ടയുമാണ് വേഷം. ഒരു തോർത്തുമുണ്ട് ഒരറ്റം തലയിലും മറ്റേയറ്റം മാറിലുമായി ഇട്ടിട്ടുണ്ടാവും .ചേടത്തിയ്ക്ക് ജന്മനാ ചെവിട് കേൾക്കുകയില്ല അതുകൊണ്ടു തന്നെ ഊമയുമാണ്. നടക്കുമ്പോൾ ഒഴിഞ്ഞ ഞാന്നുകാതിൽ അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാടി കൊണ്ടിരിയ്ക്കും. അവരെ ദൂരെ നിന്നു വരുന്നതു കാണുന്നതേ , നാഴിയ്ക്ക് പകരം ഉപയോഗിയ്ക്കുന്ന മിൽക്ക് മെയ്ഡിന്റെ മൂടി വെട്ടികളഞ്ഞു വൃത്തിയാക്കിയ ടിന്നിൽ നിറയെ അരിയും ഒരു മുറവുമായി അമ്മാമ്മ മുന്നിലേയ്ക്ക് വരും. ചേടത്തി മടിശ്ശീലയഴിച്ച് അതുവരെ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച അരി മുറത്തിലേയ്ക്ക് പകരും. അതിൽ നിന്നും നെല്ലും കല്ലുമൊക്കെ പെറുക്കിക്കളഞ്ഞ ശേഷം തോർത്തുമുണ്ടിൽ അയച്ചുകെട്ടും.
അപ്പോഴേയ്ക്കും ഒരു കിണ്ണത്തിൽ കഞ്ഞിയും കൂട്ടാൻ പിഞ്ഞാണത്തിൽ
വെളുത്ത നാരങ്ങ അച്ചാറുമായി അമ്മാമ്മ വീണ്ടും മുന്നിലേയ്ക്ക് വരും .ചേടത്തി പറമ്പിൽ നിന്നും വീണു കിടക്കുന്ന ഒരു പഴുത്ത പ്ലാവില . തൈതെങ്ങിലെ ഓലയിൽ നിന്നും ഒരു ഈർക്കിൾ ഒടിച്ചെടുത്ത് കയ്യിലുകുത്തി . കോലായ പടിയിലിരുന്നു കഞ്ഞി ആവേശത്തോടെ കുടിക്കാൻ തുടങ്ങും .അപ്പോൾ അമ്മാമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയായി ചിരിച്ചുകൊണ്ട് തലയാട്ടി കൊണ്ടിരിക്കും . കഞ്ഞികുടിയെല്ലാം കഴിഞ്ഞ് പാത്രം കഴുകി തിരിച്ചേൽപ്പിച്ച് ,
ഒറ്റവേവുള്ള വിശപ്പടക്കാനായി പലവേവുള്ള അരികൾ ഭാണ്ടംകെട്ടിയ തോർത്ത്മുണ്ട് എടുത്ത് തലയിൽ അനക്കിയൊതുക്കിവെച്ച് അമ്മാമ്മയെ കൈകൂപ്പി കാതോട് കാതോരം ഒരു ചിരി ചിരിച്ച് തിരിഞ്ഞു പടിഞ്ഞാറോട്ടുള്ള വഴിയിൽ നടന്നു നീങ്ങും.

പറമ്പിലെ തേങ്ങ വലിയ്ക്കുന്ന തെങ്ങേറ്റക്കാരൻ അപ്പുണ്ണിയുടെ തലയിൽ എപ്പോഴും ഒരു മുഷിഞ്ഞ തോർത്തുമുണ്ട് ചുറ്റിക്കെട്ടിയിട്ടുണ്ടാവും .
കാക്ക കൂടുവെച്ച തെങ്ങിൽ കയറുമ്പോൾ ഇതിനിടയിൽ ചില ചുള്ളി കമ്പുകളൊക്കെ തിരുകി കയറ്റി
കലമാന്റെ തല പോലെയാക്കും. കാക്കകൾ കൊത്താതിരിക്കാനാണ്.
തേങ്ങവലിയും , പെറുക്കി കൂട്ടലുമെല്ലാം കഴിഞ്ഞാൽ ഏറ്റവും മുഴുത്തതും നല്ലതുമായ ചില തേങ്ങകൾ കൊടുവാളിന്റെ തുമ്പുകൊണ്ട് ചകിരി ചെറുതായി അടർത്തി
തേങ്ങകൾ തമ്മിൽ കൂട്ടിക്കെട്ടി മുളയേണിയുടെ കമ്പിൽ കൊരുത്തിടും
തലയിലെ തോർത്തുമുണ്ട് കെട്ടഴിച്ച് ദേഹത്തെ വിയർപ്പിൽ പറ്റിപ്പിടിച്ച പൊരിഞ്ചെല്ലാം
തട്ടിക്കുടയും..
വീടിന്റെ അതിരിനോടു ചേർന്നു തന്നെ വലിയൊരു അമ്പലക്കുളമുണ്ട് .
മഴക്കാലം കഴിഞ്ഞ് ഓണക്കാലം വരുമ്പോഴാണ് വെള്ളമൊക്കെ കുറഞ്ഞ് പേടികൂടാതെ കരയോട് ചേർന്ന് കുട്ടികൾക്ക് നീന്താനാവുക. ഈ സമയം ഏറ്റവും സന്തോഷം തരുന്ന കാര്യമാണ് മീൻപിടുത്തം
രണ്ടു പേർ ചേർന്നു തോർത്തു മുണ്ടിന്റെ
നാലു മൂല വലിച്ചു പിടിയ്ക്കും എന്നിട്ട് ഒരറ്റം വെള്ളത്തിൽ താഴ്ത്തി പിടിച്ച് കരയിലേയ്ക്ക് വലിച്ചടുപ്പിയ്ക്കും. ഇഷ്ടംപോലെ ഗപ്പികളും പരലും മാനത്തു കണ്ണികളും പിലാപ്പി കുഞ്ഞുങ്ങളും ഒക്കെ ഇങ്ങനെ പിടിക്കും. എന്നിട്ടവ വാവട്ടമുള്ള ഹോർലിക്സ് കുപ്പിയിൽ ശേഖരിയ്ക്കും.
രണ്ടാളില്ലെങ്കിൽ തോർത്തു മുണ്ടിന്റെ ഒരറ്റം കഴുത്തിൽക്കെട്ടി മറ്റേയറ്റം രണ്ടു കൈകൊണ്ട് വിടർത്തി പിടിച്ചും മീനുകളെ പിടിയ്ക്കും .

ഓണത്തിനോടുപ്പിച്ച് അക്കാലത്ത് സ്കൂളുകളിൽ സേവനവാരം എന്നൊരു
ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുണ്ടായിരുന്നു.
സ്കൂളും പരിസരവും വൃത്തിയാക്കുക , ബെഞ്ച് ഡസ്ക് മുതലായവ പിടിച്ച് മൈതാനത്ത് കൊണ്ടുവന്നിട്ട് ഉരച്ചു കഴുകി വൃത്തിയാക്കുക , ആ സമയം ക്ലാസ്സ്മുറികളും അടിച്ചു കഴുകുക. അങ്ങിനെയുള്ള ഉച്ചയോടെ തീരുന്ന പരിപാടികളാണ് ഒരാഴ്ച .
വീട്ടിൽ നിന്നും ആരും കാണാതെ അരയിൽ തോർത്തുമുണ്ട് കെട്ടിക്കൊണ്ടുവന്നു.
ഉച്ചയ്ക്ക് ശേഷം സ്കൂളിൽ നിന്നും അകലെയല്ലാത്ത ഞങ്ങളുടെ വീടിനടുത്തുള്ള കുളത്തിൽ നീന്താനും നീന്തൽ പഠിക്കാനും വരുന്ന കുട്ടികളുണ്ടായിരുന്നു.
അത്തവണ സേവനവാരം തീരുന്ന അന്ന് കൂട്ടുകാരും ഒന്നിച്ച് പഠിക്കാൻ മിടുക്കനും സ്കൂൾ ലീഡറും ആയിരുന്ന മുസ്തഫയും നീന്തൽ പഠിയ്ക്കാൻ വന്നു .
ഉടുത്ത തോർത്തുമുണ്ട് അഴിഞ്ഞു കാലിൽ കുരുങ്ങുകയും. അരയ്ക്കൊപ്പം വെള്ളത്തിൽ ചെളിയിൽ ആഴ്ന്നു പോവുകയും ചെയ്തു.
കുളം നിറയെ പിള്ളേരുടെ ബഹളത്തിൽ ആരും അത് അറിയാതെ പോയി..
മുസ്തഫ മുങ്ങിമരിയ്ക്കുകയും ചെയ്തു.
ആ അവധികാലം കുളിയ്ക്കാനാരുമില്ലാതെ കുളം വെറുതെ വെറുങ്ങലിച്ചു കിടന്നു
ഓർമ്മയിൽ ആ കുളത്തിലെ ആദ്യത്തേയും അവസാനത്തേയും അപകടമായിരുന്നത്.
വർഷങ്ങൾ കുറെ ചെന്നശേഷം കുളവും നികത്തി പോയി.

(തുടരും )
2020 - 04 - 10
( ജോളി ചക്രമാക്കിൽ )

Second Part After 4 hours or Click on the below link after 23/12/2020

Part 1- https://www.nallezhuth.com/2020/10/Thorthumunduriyattam-Part1.html

Part 2- https://www.nallezhuth.com/2020/10/Thorthumunduriyattam-Part2.html



0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo