നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മടക്കയാത്ര


 പ്രിയപ്പെട്ട കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏. "മടക്കയാത്ര "എന്റെ ഒരു ചെറുകഥ നിങ്ങൾക്കു മുമ്പിലേക്ക്... വേണ്ട പ്രോത്സാഹനം തരുമല്ലോ... 🙏

ബീച്ചിന്റെ അരികിലൂടെ കുറെ നേരമായി അബു ലക്ഷ്യമില്ലാത്തവനെ പോലെ നടക്കാൻ തുടങ്ങിയിട്ട്. ക്ഷീണിച്ചപ്പോൾ അരികിലായി കണ്ട ബെഞ്ചിൽ മെല്ലെ ഇരുന്നു.

നാട്ടിലേക്കുള്ള ഫോൺ വിളി കഴിഞ്ഞപ്പോൾ മുതൽ മനസ്സ് ആകെ ആസ്വസ്ഥമാണ്. കൊറോണ ഭീതിയും നിയന്ത്രണങ്ങളും കാരണം ബീച്ചിൽ ആളുകൾ വളരെ കുറവാണ്.

ആർത്തിരമ്പുന്ന കടലുപോലെ പ്രക്ഷുബ്ധമാണ് അവന്റെ മനസ്സും. കടലിനു പറയാനുള്ളതു പോലെ ഒരായിരം കഥകൾ ഓർമ്മയുടെ തീരത്തേക്ക്
അടുക്കിയടുക്കി നിരത്തി കടന്നു വന്നു.തിരകൾ തീരം നനക്കുന്നതുപോലെ കണ്ണുനീർ കവിളത്തു പടരുന്നുണ്ടാ യിരുന്നു...

മലപ്പുറം ജില്ലയിലുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ ഉപ്പയും ഉമ്മയും,ഇളയ മൂന്നു സഹോദരികളും അടങ്ങുന്ന തന്റെ സന്തുഷ്ട കുടുംബം.അങ്ങാടിയിൽ ഉള്ള ഉന്തുവണ്ടിയിൽ കപ്പലണ്ടി കച്ചവടം നടത്തി കിട്ടുന്ന ഉപ്പയുടെ വരുമാനം തികയാത്തതിനാൽ ഉമ്മയും,അയൽവാസിയായ ആമിനാത്തയുടെ വീട്ടിൽ അടുക്കളയിൽ സഹായിക്കാൻ പോകുമായിരുന്നു.

ആമിനാത്ത വളരെ കരുണയും സ്നേഹവും ഉള്ള വ്യക്തിത്വത്തിനുടമ ആയിരുന്നു.ഭർത്താവ് വാപ്പുക്ക ഗൾഫിൽ ആണ്. അവർക്കു മൂന്നു മക്കൾ ആണുള്ളത്.

ആമിനാത്താക്കു ഉമ്മയോട് വലിയ ഇഷ്ടം ആയിരുന്നു. പലപ്പോഴും ശമ്പളത്തേക്കാളുപരി തങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിച്ചിരുന്നു. ഇങ്ങനെയെല്ലാം കിട്ടുന്ന വരുമാനമായിരുന്നു തങ്ങളുടെ ജീവിതമാർഗം.

ചെറുപ്പത്തിൽതന്നെ, തന്നാലാകുംവിധം കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചിരുന്നു.സ്കൂൾ വിട്ടു വന്ന ശേഷം അടുത്തുള്ള കടയിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുവാനും, ഉപ്പയെ സഹായിക്കുവാനും പോയിരുന്നു.പ്ലസ്ടു പഠിപ്പിന് ശേഷം കൂടുതൽ പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചു, അങ്ങാടിയിലുള്ള കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന സെയിൽസ്മാൻ ജോലിയിൽ പ്രവേശിച്ചു.

ഒരിക്കൽ വാപ്പുക്ക അവധിക്കു ഗൾഫിൽ നിന്നും വന്ന സമയം. അമീനാത്തയുടെ വീട്ടിൽ നിന്നും ഉമ്മ വന്നപ്പോൾ പറഞ്ഞു..
“ നിന്നെ വാപ്പുക്ക അന്വേഷിച്ചു”..
പിറ്റേ ദിവസം ഉമ്മയുടെ കൂടെ വാപ്പുക്കയെ കാണാൻ പോയപ്പോൾ കുശലാന്വേഷണത്തിനു ശേഷം വാപ്പുക്ക ചോദിച്ചു..
"ഇപ്പോൾ നീ എന്ത് ജോലിയാണ്ചെയ്യുന്നത്"?..
"അങ്ങാടിയിലുള്ള സൂപ്പർമാർക്കെറ്റിൽ സെയിൽസ്മാൻ ആയി ജോലി നോക്കുകാണ് "..
താൻ ഉത്തരം പറഞ്ഞപ്പോൾ വാപ്പുക്കയുടെ പിന്നിൽ നിന്നിരുന്ന ആമിനാത്തയുടെ ശബ്ദം..
"ങ്ങള് ഓന് അവിടെ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തിക്കൊടുക്ക്‌...ഒരു കുടുംബം രക്ഷപെടട്ടെ.. "
"നോക്കട്ടെ" പറഞ്ഞിട്ടു വാപ്പുക്ക അകത്തുപോയി ഒരു വാച്ചും സ്പ്രേയും എടുത്തു തന്നിട്ട് പറഞ്ഞു..
"നിനക്ക് പറ്റിയ എന്തെങ്കിലും പണി കിട്ടുമോന്നു നോക്കട്ടെ”..
സന്തോഷത്തോടെ തലയാട്ടി യാത്ര പറഞ്ഞു തിരിച്ചു പോന്നു. മനസ്സിലേക്ക് ഒരുപാട് സ്വപ്നങ്ങൾ കടന്നുവന്നു. ഗൾഫിൽ ജോലി കിട്ടിയാൽ ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാട് മാറും. സഹോദരികളെ നല്ല രീതിയിൽ കെട്ടിച്ചു വിടാം. ചെറിയ വീട് പണിയാം.. തുടങ്ങി സ്വപ്നങ്ങൾ ചിറകു വെച്ച് പറക്കുവാൻ തുടങ്ങി.ഇടക്കെപ്പോഴോ ഇളയ സഹോദരി നസീമയുടെ കൂട്ടുകാരി മാളുവിന്റെ മുഖവും മനസ്സിലേക്ക് തെളിഞ്ഞു വന്നു.

ചെറുപ്പത്തിൽ,നസീമയുടെ കൂടെ കളിക്കാൻ വന്നിരുന്ന മാളുവിനെ ഇടക്കൊക്കെ ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു.ആ ഇഷ്ടം ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചു വെച്ചു.
വാപ്പുക്ക ഒരു മാസത്തെ അവധി കഴിഞ്ഞ് മടങ്ങിപ്പോയി..
അഞ്ചാറു മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ആമിനാത്തയുടെ വീട്ടിൽനിന്നും ഉമ്മ വന്നപ്പോൾ സന്തോഷത്തോടെ പറഞ്ഞു..
"വാപ്പുക്ക നിനക്ക് ഗൾഫിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്.ഒരു മാസത്തിനുള്ളിൽ വിസ വരും"..
ഇരുട്ടത്തു ഒരായിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞപോലെ... മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.തന്റെ സ്വപ്‌നങ്ങൾ പൂവണിയാൻ പോകുന്നു... ദൈവത്തിനു ഒരായിരം നന്ദി പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ വിസ കിട്ടി. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി.എല്ലാവരെയും പിരിഞ്ഞു പോകാൻ വിഷമം ഉണ്ടായിരുന്നെങ്കിലും,തന്റെ കുടുംബം കരകയറുമല്ലോ എന്നോർത്ത് സമാധാനിച്ചു.ഒരായിരം സ്വപ്നങ്ങളോടെ പ്രവാസലോകത്തേക്ക് യാത്രയായി.

വാപ്പുക്കയുടെ പരിചയത്തിലുള്ള ഒരാളുടെ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാൻ ആയി ജോലി ലഭിച്ചു. സ്വപ്നം കണ്ടതുപോലെ ഗൾഫിലെ ജീവിതം അത്ര സുഖം ഉള്ളതായിരുന്നില്ല.പുറത്തു ചുട്ടുപൊള്ളുന്ന തീച്ചൂട്..ഉള്ളിൽ വേണ്ടപ്പെട്ടവരെ പിരിഞ്ഞതിലുള്ള വീർപ്പുമുട്ടൽ.

കടയിലുള്ള മറ്റുസഹപ്രവർത്തകരുടെ കൂടെ ആറു പേരടങ്ങുന്ന മുറിയിൽ താമസം ശരിയായി.കൂട്ടത്തിലുള്ള എല്ലാവർക്കും കഷ്ടപ്പാടിന്റെ കഥകൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളു.രാത്രി വളരെ വൈകുന്നത് വരെ ഷോപ്പ് ഉണ്ടായിരുന്നു.മുഴുവൻ സമയവും നിന്നു ജോലി ചെയ്യണം. മുതലാളി അല്പം കർശനക്കാരൻ ആയിരുന്നു. വാപ്പുക്കയുടെ പരിചയക്കാരൻ ആയതിനാൽ ആയിരിക്കാം, തന്നോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. തന്റെ ഭാഗത്തു നിന്നും ഒരു പിഴവും സംഭവിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. വീട്ടുകാരെ ഒരു കരക്കെത്തിക്കാൻ വേണ്ടി എത്ര കഷ്ടപ്പെടുവാനും തയ്യാറായിരുന്നു. ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്തു. കഷ്ടപ്പാടൊന്നും വീട്ടുകാരെ അറിയിച്ചിരുന്നില്ല.

തന്റെ താങ്ങും തണലുമായിരുന്ന വാപ്പുക്ക അധികം താമസിയാതെ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങിപ്പോയി.ശരിക്കും ഒറ്റപ്പെട്ട പോലെയായി.

കിട്ടുന്ന ശമ്പളം മുഴുവനും വീട്ടിലേക്കു അയച്ചു കൊടുത്തു.പതുക്കെ വീട്ടിലെ കഷ്ടപ്പാടുകൾ എല്ലാം മാറി തുടങ്ങി. കടം വാങ്ങിയും ലോൺ എടുത്തും ഒരു നല്ല വീട് ഉണ്ടാക്കുകയും, സഹോദരികളെ എല്ലാം നല്ല നിലയിൽ വിവാഹം ചെയ്തയക്കാനും കഴിഞ്ഞു.

വാർദ്ധക്യസഹജമായ അസുഖവും, ശ്വാസം മുട്ടലും ഉപ്പയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അധികം താമസിയാതെ ഉപ്പ തങ്ങളെ വിട്ടു പിരിഞ്ഞു.ഒരാഴ്ചത്തെ അവധി എടുത്തു നാട്ടിൽ പോയി ചടങ്ങുകൾ എല്ലാം നടത്തി തിരിച്ചു വന്നു.

അടുത്ത അവധിക്കു നാട്ടിൽ വന്നപ്പോൾ,താൻ വിവാഹം ചെയ്യണമെന്നും, ഉമ്മ ഒറ്റക്കാണെന്നും എല്ലാവരും നിർബന്ധിച്ചു.സമ്മതിക്കുകയല്ലാതെ നിർവ്വാഹമില്ലായിരുന്നു.സഹോദരിമാരും, വിവാഹ ദല്ലാളുമാരും അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ നിന്നുള്ള ആലോചനകൾ കൊണ്ടുവന്നു. പാവപ്പെട്ട വീട്ടിൽ നിന്നുള്ള ഒരു കുട്ടി മതി എന്ന് തീർത്തു പറഞ്ഞു. "പാവപ്പെട്ട വീട്ടിലെ കുട്ടിയാണെങ്കിൽ ഉമ്മയെ നോക്കുകയും,തന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറാനുള്ള കഴിവും ഉണ്ടായിരിക്കും എന്ന് വിശ്വസിച്ചു". നസീമയുടെ കൂട്ടുകാരിയായിരുന്ന മാളുമ്മ എന്ന മാളുവിന്റെ മുഖം പെട്ടെന്ന് മനസ്സിലേക്ക് കടന്നു വന്നു.അന്വേഷിച്ചപ്പോൾ, സ്ത്രീധനം കൊടുക്കാൻ കഴിവില്ലാത്തതിനാൽ മാളുവിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല എന്നറിഞ്ഞു.

മാളുവിന്റെ ചെറുപ്പത്തിൽ തന്നെ ഉപ്പ അവരെ ഉപേക്ഷിച്ചു പോയിരുന്നു. ഉമ്മ വളരെ കഷ്ടപ്പെട്ടാണ് മാളുവിനെ വളർത്തിയത്.
മാളുവിന്റെ വിവാഹാലോചന ആദ്യം വീട്ടിൽ ആർക്കും അത്ര താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും, “പാവപ്പെട്ട ഒരു കുട്ടിയുടെ ജീവിതം രക്ഷപെടുമല്ലോ” എന്ന് പറഞ്ഞു സമ്മതിപ്പിച്ചു, ചെറിയ രീതിയിൽ വിവാഹം നടത്താൻ തീരുമാനിച്ചു.

ഗൾഫിലുള്ള മുതലാളിയെ വിളിച്ചു വിവരങ്ങൾ എല്ലാം വിശദമായി പറഞ്ഞു.
കഠിനാധ്വാനവും, സത്യസന്ധതയും കാരണം ആയിരിക്കാം, ഒരു മകനോടെന്ന പോലെ മുതലാളിക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.വിവാഹം പ്രമാണിച്ചു രണ്ടാഴ്ചത്തെ അവധിയും, കുറച്ചു പണവും അയച്ചു തന്നു.

യാത്രകളും,സൽക്കാരങ്ങളുമായി രണ്ടാഴ്ച കടന്നു പോയത് അറിഞ്ഞില്ല.ഗൾഫിലേക്കു പോകണ്ട ദിവസം അടുത്തു. മാളുവിനെയും ഉമ്മയെയും ഒറ്റക്കാക്കി പോരാൻ വല്ലാത്ത വിഷമം ആയിരുന്നു.

കുറച്ച് നാൾ കൂടി ജോലി ചെയ്തു കടം എല്ലാം വീട്ടിയ ശേഷം നാട്ടിലേക്കു മടങ്ങിവന്നു എന്തെങ്കിലും കച്ചവടം ചെയ്തു കുടുംബത്തിന്റെ കൂടെ ജീവിക്കണം.. മനസ്സിൽ കരുതി ആശ്വസിച്ചു.വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഒഴിവുവേളകളിൽ വീഡിയോകാൾ ചെയ്തു എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്യുന്നത് ആയിരുന്നു ആകെയുള്ള ആശ്വാസം.

ഒരു വർഷത്തിനു ശേഷം ലീവിന് നാട്ടിലെത്തി. കുടുംബവുമൊത്തു സന്തോഷകരമായ ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.
അവധി കഴിഞ്ഞു വീണ്ടും പ്രവാസജീവിതത്തിലേക്കു മടങ്ങി.വീണ്ടും വേർപാടിന്റെ ദിനങ്ങൾ.
പതിവുപോലെ ഒരു ദിവസം ഫോൺ വിളിച്ചപ്പോൾ ഉമ്മ പറഞ്ഞു...
“മാളുവിന്‌ വിശേഷം ഉണ്ട്”...
മാളു നാണം കൊണ്ട് ഒന്നും മിണ്ടിയില്ല...മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി. താൻ ഒരു ഉപ്പ ആകാൻ പോകുന്നു .. മാസങ്ങൾ കടന്നുപോയി.
പ്രസവം ആകാറായപ്പോൾ ലീവ് എടുത്തു നാട്ടിൽ വന്നു. മാളു ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.തന്റെ മുഖച്ഛായ ഉള്ള കുഞ്ഞുവാവ..
പ്രസവം കഴിഞ്ഞു ആശുപത്രിയിൽ നിന്നും മാളുവിനെയും കുഞ്ഞിനേയും തന്റെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു.തങ്ങൾക്കു കൂട്ടിനായി, മാളുവിന്റെ ഉമ്മയും തന്റെ വീട്ടിലേക്കു വന്നു.സന്തോഷത്തിന്റെ ദിന രാത്രങ്ങൾ പെട്ടെന്ന് കടന്നുപോയി..
ലീവ് കഴിഞ്ഞു വീണ്ടും മടങ്ങേണ്ട ദിവസം എത്തി.കുഞ്ഞിനെ പിരിഞ്ഞുപോകുന്നതിൽ കരളു പറിച്ചെടുക്കുന്ന വേദന തോന്നി.പോരാതിരിക്കാൻ പറ്റില്ലല്ലോ..

അടുത്ത പ്രാവശ്യം എന്തായാലും ഗൾഫിലേക്കു തിരിച്ചൊരു മടക്കമില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു യാത്രയായി. മനസ്സിൽ മുഴുവനും കുഞ്ഞിക്കണ്ണുകൊണ്ട് തന്നെ നോക്കി ചിരിക്കുന്ന ഓമന കുഞ്ഞിന്റെ മുഖം ആയിരുന്നു.വീണ്ടും ജോലിയിൽ പ്രവേശിച്ചു.പതിവുപോലെ ജോലിത്തിരക്ക് കഴിഞ്ഞു വീഡിയോകാൾ ചെയ്തു കുഞ്ഞിനെ കാണുമ്പോൾ വിഷമങ്ങൾ എല്ലാം മറന്നുപോകുമായിരുന്നു.

ദിവസങ്ങളും, മാസങ്ങളും കടന്നുപോയി. നാട്ടിലെ ആവശ്യങ്ങൾ കൂടിക്കൂടി വന്നു. ആറു മാസം കൂടി കഴിഞ്ഞാൽ അവധിക്കു നാട്ടിൽ പോകണം. കടങ്ങൾ എല്ലാം അടച്ചു തീർന്നു. ഇനിയുള്ള സമ്പാദ്യം കൂട്ടിവെച്ചു നാട്ടിൽ എന്തെങ്കിലും കച്ചവടം ചെയ്തു കുടുംബത്തോടൊപ്പം ജീവിക്കണം.വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി.

അപ്രതീക്ഷിതമായി കൊറോണ എന്ന മഹാമാരി ലോകമെങ്ങും ഭീതി പരത്താൻ തുടങ്ങി.
ജനങ്ങൾ പരിഭ്രാന്തരായി.പരസ്പരം സംസാരിക്കാനോ, പുറത്തിറങ്ങുവാനോ പറ്റാത്തവിധം കഷ്ടപ്പാടിലായി. ഒന്നോ രണ്ടോ മാസം കൊണ്ട് എല്ലാം ശരിയാകും എന്നുള്ള പ്രതീക്ഷയും അസ്ഥാനത്തായി. കടകൾ എല്ലാം അടച്ചു. ബിസിനെസ്സ് എല്ലാം തകർച്ചയിലായി.കമ്പനികൾ പലതും പൂട്ടി. പലരുടെയും ജോലി നഷ്ടപ്പെട്ടു.
എവിടെ നോക്കിയാലും രോഗത്തിന്റെ തീവ്രതയെക്കുറിച്ചും, മരണസംഖ്യയെക്കുറിച്ചും മാത്രമായി സംസാരവിഷയം..

വിമാനങ്ങൾ എല്ലാം നിർത്തലാക്കി. സ്വന്തം നാട്ടിലേക്കു പോകാനാവാതെ എല്ലാവരും പ്രതിസന്ധിയിലായി . സ്വന്തം നാട്ടുകാരും വീട്ടുകാരും പ്രവാസികളോട് അന്യരെപ്പോലെ പെരുമാറാൻ തുടങ്ങി. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും എല്ലാവരും വിഷമിച്ചു...ഇവിടെ ജോലിയും ശമ്പളവും ഇല്ലാതെ എത്രനാൾ ജീവിക്കാൻ ആകും.ഭീതിയുടെയും, കഷ്ടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും ദിനരാത്രങ്ങൾ.

എങ്ങനെയെങ്കിലും നാട്ടിൽ എത്തിയിരുന്നെങ്കിൽ, കണ്ടു കൊതി തീരാത്ത തന്റെ കുഞ്ഞിന്റെയും, കുടുംബത്തിന്റെയും കൂടെയെങ്കിലും ഇരിക്കാമായിരുന്നു.കുഞ്ഞിനെ കാണുവാനും, ലാളിക്കുവാനും മനസ്സിൽ തീഷ്ണമായ ആഗ്രഹം തോന്നി.
അത്യാവശ്യക്കാരെ കൊണ്ടുപോകാൻ നാട്ടിലേക്കു സ്പെഷ്യൽ വിമാനങ്ങൾ പോകുന്നുണ്ടെന്നു അറിഞ്ഞു, പേര് രജിസ്റ്റർ ചെയ്തു.
ഈ വിവരം അറിയുമ്പോൾ ഉമ്മയും മാളുവും അതിയായി സന്തോഷിക്കുമെന്നു കരുതി മനസ്സിൽ അല്പം ആശ്വാസവും, പ്രതീക്ഷയും കൈവന്നു.
സുഹൃത്തുക്കളോടൊക്ക നാട്ടിലേക്കുപോകുകയാണെന്ന്, യാത്ര പറഞ്ഞു.

പതിവുപോലെ നാട്ടിലേക്കു വിളിച്ചപ്പോൾ ഉമ്മ ആണ് ഫോൺ എടുത്തത്. നാട്ടിലേക്കു വരാൻ തയ്യാറാകുകയാണെന്നും ജോലി ഇല്ലാതെ ഇവിടെ നിന്നിട്ടു കാര്യമില്ല എന്നും മറ്റുമുള്ള വിഷമങ്ങൾ ഉമ്മയെ അറിയിച്ചു..
കുറച്ച് നേരം മറുപടി ഒന്നും കേട്ടില്ല.
ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്?..

"നീ എന്താ അബു, ഞങ്ങളോട് ആലോചിക്കാതെ ഇങ്ങനെ പെട്ടെന്ന് തീരുമാനിച്ചത്?..ഇവിടെ വന്നിട്ട് എന്ത് കാട്ടാന"?...
ഉമ്മയുടെ സ്വരത്തിലെ അനിഷ്ടം മനസ്സിലായി.താൻ പറഞ്ഞതൊന്നും ഉമ്മാക്ക് ബോധ്യമായില്ല...
പക്ഷെ മാളു തന്റെ വിഷമങ്ങൾ മനസ്സിലാക്കും.. മനസ്സിൽ കരുതി. അടുക്കളയിലായിരുന്ന മാളു വന്നു ഉമ്മയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി.
മാളുവിനോടും താൻ കാര്യങ്ങൾ വിശദമായി പറഞ്ഞു..

"ങ്ങള് എന്താ ഇക്ക.. ഈ.. പറയുന്നത്...വെറുതെ എടുത്തുചാടി ഒന്നും ചെയ്യണ്ട...എങ്ങനെ എങ്കിലും അവിടെ കുറച്ചു നാൾ കൂടി പിടിച്ചു നില്ക്കാൻ നോക്ക്.. അപ്പോളേക്കും കൊറോണ മാറും...ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാണ്"?...
"നാട്ടിൽ വന്നു എന്തെങ്കിലും കച്ചവടം ചെയ്തു നമുക്ക് ഒന്നിച്ചു സന്തോഷമായി ജീവിക്കാമല്ലോ "..
“ഗൾഫ്കാരന്റെ പവറും പത്രാസും പോയാൽ പിന്നെ നാട്ടിൽ ഒരു വിലയും ഉണ്ടാവില്ല”... മാളുവും അനിഷ്ടം പ്രകടിപ്പിച്ചു..
വല്ലാത്ത സങ്കടം തോന്നി..

"കൊറോണ ആയികൊണ്ടു ഇങ്ങോട്ട് വന്നാൽ എവിടെ നിൽക്കും"?. വീണ്ടും മാളുവിന്റെ ചോദ്യം.
“നിങ്ങൾക്കു തല്ക്കാലം നസീമയുടെ വീട്ടിൽ , നില്ക്കാമല്ലോ.. തൊട്ടടുത്ത വീടാണല്ലോ “..
“അതൊന്നും നടക്കില്ല...എല്ലാം കളഞ്ഞിട്ടു ഇപ്പോൾ വരാൻ നോക്കണ്ട.. അവിടെ തന്നെ നിന്നോളി"..
മാളുവിന്റെ വാക്കുകളിൽ നീരസം പ്രകടമായി. പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

മനസ്സ് വല്ലാതെ തളർന്നുപോയി. ഉണ്ണാതെയും, ഉറങ്ങാതെയും കഷ്ടപ്പെട്ട് കുടുംബത്തെ പോറ്റിയതാണ്.. കുടുംബത്തിനു വേണ്ടി മാത്രമാണ് താൻ ജീവിച്ചത്. തനിക്ക് ഒരു വിഷമം വന്നപ്പോൾ കേൾക്കാൻ പോലും ആരും ഇല്ലാതായി.ഓരോ പ്രവാസിയുടെയും ജീവിതം ഇങ്ങനെയാണ്.
കുഞ്ഞിനെ കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ..
"അവൻ ഉറങ്ങുകയാണ്. ശബ്ദം കേട്ടുണർന്നാൽ പിന്നെ കരച്ചിലായിരിക്കും”..
തന്നോടുള്ള നീരസം മുഴുവനും മാളുവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.എത്ര പറഞ്ഞിട്ടും കുഞ്ഞിനെ കാണിക്കാൻ മാളു തയ്യാറായില്ല. താങ്ങാവുന്നതിലും അധികമായിരുന്നു ഈ അവഗണന.
മാളുവിനോട് സംസാരിക്കുമ്പോൾ അവ്യക്തമായി ചെറിയ സഹോദരി നസീമയുടെ സംസാരവും കേട്ടു. ഇക്കാനോട് അവിടെ തന്നെ നിൽക്കാൻ പറയു. ഇവിടെ വന്നാൽ നാണക്കേടാണ്. തുടങ്ങി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

എന്ത് ചെയ്യണം എന്നറിയാതെ ആകുലപ്പെട്ടു. എല്ലാ പ്രതീക്ഷയും തകർന്നപോലെ തോന്നി. എന്ത് വന്നാലും തന്റെ കൂടെ മാളു താങ്ങായിട്ടുണ്ടാകും എന്നുള്ള പ്രതീക്ഷയാണ് കടപുഴകി വീണിരിക്കുന്നത്.
സുഖസൗകര്യങ്ങൾ കൂടിയപ്പോൾ ഉമ്മയുടെയും, സഹോദരിമാരുടെയും, മാളുവിന്റെയും സ്വഭാവത്തിനു വന്ന മാറ്റം ശ്രദ്ധിച്ചിരുന്നു.എന്തു തന്നെയായാലും വിഷമഘട്ടത്തിൽ തന്റെ കൂടെ എല്ലാവരും ഉണ്ടായിരിക്കും എന്ന് വിശ്വസിച്ചിരുന്നു. പ്രതീക്ഷകൾ എല്ലാം തകർന്നിരിക്കുന്നു.

എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമാകുന്നില്ല... താങ്ങാവുന്നതിലുമധികം ആയിരുന്നു ഹൃദയത്തിനേറ്റ മുറിവ്. തന്റെ കുഞ്ഞിനെ പോലും ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ..ഹൃദയം പൊട്ടിപ്പോകുന്നതുപോല തോന്നി. വേദന സഹിക്കാനാവാതെ രണ്ടുകൈകൊണ്ടും നെഞ്ച് അമർത്തിപ്പിടിച്ചു...സഹിക്കാനാകാത്ത വേദന ..
ശരീരം കുഴഞ്ഞു പോകുന്നപോലെ..ബെഞ്ചിലേക്ക് തളർന്നു കിടന്നു...

പതിവ്പോലെ വൈകുന്നേരം നടക്കാനിറങ്ങിയ മധു ബെഞ്ചിൽ കിടക്കുന്ന അബുവിനെ കണ്ടു..മാസ്ക് വെച്ചിരിക്കുന്നതിനാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമാണ്.അയാൾ അബുവിനെ വിളിച്ചു..
"ഹേ.. അബുവല്ലേ..എന്ത് പറ്റി.. സുഖമില്ലേ.. എന്താണ് കിടക്കുന്നത്?"

അബുവിൽ നിന്നും മറുപടി ഒന്നും കിട്ടിയില്ല. വീണ്ടും വിളിച്ചിട്ടും മറുപടി കിട്ടാഞ്ഞപ്പോൾ അടുത്തു നിൽക്കുന്ന രണ്ടു പേരെ വിളിച്ചു കാര്യം പറഞ്ഞു. അവർ പോലീസിനെ വിളിക്കുകയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കയും ചെയ്തു.

പക്ഷെ അപ്പോഴേക്കും ആർക്കു വേണ്ടെങ്കിലും, ഒരിക്കലും കൈവിടാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു അബു യാത്രയായിരുന്നു !!

***ശുഭം***

സെലിൻ പോൾ
17/10/2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot