നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെയിൽസ് ഗേൾ


"അമ്മേ ഇവിടുത്തെ മൂത്ത മോനെകൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചൂടെ "

സാംപിൾ പാക്കറ്റുകൾ തൻ്റെ നേരെ നീട്ടി അതിൻ്റെ ഗുണങ്ങൾ പറയുന്നതിനിടയിൽ, സെയിൽസ് ഗേളിൻ്റെ ചോദ്യം കേട്ട് വിലാസിനിയമ്മയുടെ കൈയിൽ നിന്ന് തേയില പാക്കറ്റുകൾ ഊർന്നു വീണു.

വിലാസിനിയമ്മ നാലുപാടും അമ്പരപ്പോടെ നോക്കി.

ഭാഗ്യം! ആരുമില്ല.

വിലാസിനിയമ്മ ആ പെൺക്കുട്ടിയെ സൂക്ഷിച്ചു നോക്കി.

നല്ലൊരു മോൾ!

വെയിലത്ത് നടന്ന് വാടിയിട്ടു പോലും എന്തൊരു ചേലാണ് ആ മുഖത്ത്.

ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും, കണ്ണടച്ചുള്ള ചിരിയും ഒരു കൊച്ചുക്കുട്ടിയെ പോലെ തോന്നിച്ചു .

അതു കൊണ്ട് തന്നെ അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യം തോന്നാതിരുന്നതും, ഒരു വാത്സല്യകടൽ നെഞ്ചിലിളകിയതും.

വിലാസിനിയമ്മ പതിയെ അവളിരിക്കുന്ന പടിക്കെട്ടിനരികിലായ് പതിയെ ചേർന്നിരുന്നു.

കറുത്ത് സമൃദ്ധമായ ആ മുടിയിഴകളിൽ പതിയെ തലോടി.

"മോൾ കാര്യമായിട്ടാണോ പറഞ്ഞത്?"

അവൾ വിലാസിനിയമ്മയുടെ മുഖത്തിനു നേരെ തൻ്റെ മുഖം അടുപ്പിച്ചു പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി.

"ഞാൻ കാര്യമായിട്ടു തന്നെയാ പറഞ്ഞത് അമ്മേ'

വിലാസിനിയമ്മ അത്ഭുതം കൂറുന്ന മിഴികളോടെ അവളെ തന്നെ നോക്കിയിരുന്നു.

"എന്നെ കാണാൻ ഇത്തിരി ചേലൊക്കെയില്ലേ അമ്മേ? ഒരു പാട് ആൾക്കാർ അന്വേഷിച്ചു വരുന്നുണ്ട്. സമ്മതം മൂളി പോയവർ, പിന്നെ വിളിക്കുന്നത് അവർക്കിഷ്ടമായില്ലെന്ന് പറയാനാ"

ചിരിച്ചുകൊണ്ടിരിക്കുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞത് വിലാസിനിയമ്മ കണ്ടു.

" അപ്പോഴാണ് ഇവിടുത്തെ താടിക്കാരനെ ഞാൻ കാണുന്നതും, മനസ്സിൽ ഒരിഷ്ടം തോന്നിയതും "

"എല്ലാം നടക്കും മോളെ "

വിലാസിനിയമ്മ വാത്സല്യപൂർവ്വം തലോടി.

" അപ്പോൾ അമ്മയ്ക്ക് സമ്മതമാണോ? സ്ത്രീധനം കിട്ടിയില്ലെങ്കിലും വിഷമമുണ്ടാവില്ലല്ലോ?"

അവളിൽ നിന്ന് ചോദ്യങ്ങൾക്കു പിന്നാലെ ചോദ്യമുയർന്നപ്പോൾ വിലാസിനിയമ്മ ഒരു ഞെട്ടലോടെ അവളിൽ നിന്നകന്നു.

" ഞാൻ പറഞ്ഞത് മോൾടെ കല്യാണം നടക്കുമെന്നാണ് - അല്ലാതെ "

പാതിയിൽ നിർത്തി വിലാസിനിയമ്മ അവളെ നോക്കി.

" അങ്ങിനെയാണല്ലേ? ഞാൻ തെറ്റിദ്ധരിച്ചു "

പുഞ്ചിരിയോടെ അവളത് പറഞ്ഞ് ബാഗിൽ നിന്നു സാധനങ്ങൾ ഓരോന്നായി പുറത്തു വെച്ചു.

" വീട്ടിൽ ആരൊക്കെയുണ്ട് മോളെ:

" അച്ഛൻ,അമ്മ, അനിയത്തി പിന്നെ ഞാൻ ചെറിയ കുടുംബം സന്തുഷ്ട കുടുംബമാണെന്നു പറഞ്ഞിട്ടു കാര്യമില്ല അമ്മേ! വലിയ കഷ്ടപ്പാടാണ് "

വിലാസിനിയമ്മ ചോദ്യഭാവത്തോടെ അവളെ നോക്കിയിരുന്നു.

"അച്ചന് ചെത്ത് ആയിരുന്നു ജോലി. തെങ്ങിൽ നിന്ന് വീണ് ഇപ്പോൾ അഞ്ചു വർഷത്തോളമായി കിടപ്പിലാണ് "

"അമ്മ ?''

വിലാസിനിയമ്മ അത് ചോദിക്കുമ്പോൾ, അറിയാതെ ആ കൈകൾ അവളുടെ ശിരസ്സിൽ തടവുന്നുണ്ടായിരുന്നു.

അവൾ പതിയെ വിലാസിനിയമ്മയുടെ ദേഹത്ത് ചാരിയിരുന്നു.

" അയൽപക്കത്ത് വീട്ടുജോലിക്ക് പോകുമായിരുന്നു. രണ്ടു വർഷം മുമ്പ് തല ചുറ്റി വീണതാണ് - ഇപ്പോൾ വീട്ടിലെ പണി പോലും ചെയ്യാൻ കഴിയാതെ "

പൂർത്തിയാക്കാനാവാതെ പാതിയിലെവിടെയോ അവൾക്ക് വാക്കുകൾ നഷ്ടപ്പെട്ടിരുന്നു.

മൗനത്തിൻ്റെ ചുട്കാറ്റ് അവർക്കിടയിൽ തങ്ങി നിന്ന രണ്ടു നിമിഷം.

"എന്നാലും എനിക്ക് തോൽക്കാൻ കഴിയുമോ അമ്മേ? എൻറ കുടുംബത്തെ ദാരിദ്ര്യത്തിൽ വീഴ്ത്താതെ.ജീവിക്കും. വിധിയ്ക്ക് എത്ര വാശിയുണ്ടോ അതിലേറെ വാശിയുണ്ട് എനിക്ക്?"

ഒരു ചെറിയ പെണ്ണിൽ നിന്നുയർന്ന.ഉറച്ച ശബ്ദമായിരുന്നു അത്.

" അതു കൊണ്ടു തന്നെയാണ് ഡിഗ്രിയ്ക്ക്.കോളേജിലേക്കെത്തി അവിടുത്തെ കൗതുകങ്ങൾ കണ്ടു തീരും മുൻപെ പഠിത്തം അവസാനിപ്പിച്ചത് "

അവൾ പറയുന്നതിനനുസരിച്ച് വിലാസിനിയമ്മ ഓരോ പാക്കറ്റുകളും തൻ്റെ അരികിലേക്ക് നീട്ടിവെച്ചു.

" ആവശ്യമുള്ളത് എടുത്താൽ മതി അമ്മേ! എൻ്റെ സങ്കടം മുഴുവൻ കേൾക്കുകയാണെങ്കിൽ അമ്മ ഈ ബാഗിലുള്ളത് മുഴുവൻ വാങ്ങും "

ചിരിയോടെ പറഞ്ഞു കൊണ്ട് നിരത്തിവെച്ചിരിക്കുന്ന ഓരോ സാധനങ്ങളും അവൾ ബാഗിലേക്കിട്ടു.

"പിന്നെ ഇവിടുത്തെ ചെക്കനെ ഇഷ്ടമായതുകൊണ്ടാണ് ഒരു ജാള്യതയുമില്ലാതെ ഞാൻ അത് ചോദിച്ചത്?"

ചില ഇഷ്ടങ്ങൾ നമ്മളെ ഔചിത്യമില്ലാത്തവരാക്കും അല്ലേ അമ്മേ ?"

അവളുടെ കണ്ണിൽ നോക്കിയുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വെറുതെ തലയാട്ടി വിലാസിനിയമ്മ .

"എന്നാൽ ഞാനിറങ്ങട്ടെ അമ്മേ ?"

അവൾ ആ വലിയ ബാഗ് തോളിലേക്കിട്ടതും, വിലാസിനിയമ്മ ആ കൈ പിടിച്ചു.

" അങ്ങിനെയങ്ങ് പോയാലോ? മോൾ തന്ന ചായല എങ്ങിനെയുണ്ടെന്ന് നോക്കണ്ടേ?"

അവളെയും പിടിച്ച് ആ വലിയ വീടിൻ്റെ അടുക്കളയിലേക്ക് നടക്കുമ്പോൾ വിലാസിനിയമ്മയുടെ കണ്ണ് എന്തിനാണെന്നറിയാതെ നനഞ്ഞു.

വിലാസിനിയമ്മയുടെ നിറഞ്ഞ കണ്ണുകൾ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു കൊച്ചു പെൺക്കുട്ടിയിലേക്ക് നീണ്ടു.

"എൻ്റെ മോളാ- ചെറുപ്പത്തിൽ കുളത്തിൽ വീണതാ - ഇപ്പോൾ ജീവിച്ചിരിക്കുകയാണെങ്കിൽ അതേ പ്രായം "

വിലാസിനിയമ്മ നേര്യതിൻ്റെ തുമ്പ് എടുത്ത് കണ്ണു തുടച്ചപ്പോൾ അവളുടെ മനസ്സ് ഒരു നിമിഷം വിങ്ങി.

"ഞാൻ ഇടാം അമ്മേ ചായ "
വിലാസിനിയമ്മ.കെറ്റിലിൽ വെള്ളം വെക്കാൻ തുടങ്ങുമ്പോഴെക്കും അവൾ തടഞ്ഞു.

" ഇതുവരെ ഞാൻ മോൾടെ പേര് ചോദിച്ചില്ല "

ഗ്ലാസ്സിലേക്ക് ചായ ഒഴിക്കു മ്പോൾ, വിലാസിനിയമ്മ അവൾക്കരികിലേക്ക് ചെന്നു.

" അഖില "

മുഖമുയർത്തി പുഞ്ചിരിയോടെ ചായ ഗ്ലാസ്സ് വിലാസിനിയമ്മയ്ക്കു നേരെ നീട്ടി.

"എങ്ങിനെയുണ്ട് ചായ അമ്മേ ?"

"നന്നായിട്ടുണ്ട് മോളെ " അവർ കൈയുയർത്തി അഖിലക്കു നേരെ കാണിച്ചു.

" ഇപ്പോൾ മരുമോളാക്കാൻ തോന്നുന്നുണ്ടോ അമ്മയ്ക്ക്?"

ഒരു ചെറു ചിരിയോടെ അഖില അവരുടെ കാതോരം ചുണ്ട് ചേർത്ത് ചോദിച്ചപ്പോൾ, വിലാസിനിയമ്മയിൽ നിന്ന് ഒരു ചിരിയുയർന്നതും.കുടിച്ചിരുന്ന ചായ തെരുപ്പിൽ കയറി.

അവൾ വാത്സല്യത്തോടെ അവരുടെ ശിരസ്സിൽ പതിയെ അടിച്ചു.

നനഞ്ഞ കണ്ണുകളോടെ ഒരു നിമിഷം അവളെ ചേർത്തു പിടിച്ചു അവർ !

" ഒരു പെണ്ണില്ലാത്തതിൻ്റെ കുറവുകൾ ഉണ്ട് ട്ടാ ഈ വീട്ടിൽ "

സിങ്കിൽ കുന്ന് കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളെയും, ഷെൽഫിൽ മറിഞ്ഞു വീണു കിടക്കുന്ന ഭരണിക കളെയും, മൂലയിലുള്ള മാറാലയും നോക്കി അഖിലയത് പറഞ്ഞപ്പോൾ വിലാസിനിയമ്മ തലയാട്ടി ചിരിച്ചു.

" ഞാൻ പെണ്ണല്ലേ മോളെ "

"അമ്മ ഈ വീടിൻ്റെ നാഥയല്ലേ?ഞാൻ ഉദ്യേശിച്ചത് മരുമക്കളെ പറ്റിയാണ്"

''അത് എനിക്കറിയാം മോളേ! അവനോട് കുറെക്കാലമായി പെണ്ണ് കെട്ടാൻ പറഞ്ഞ് നടക്ക്ണ്'. ഒന്നും പിടിക്കുന്നില്ല അവന് "

" ഇത്ര സുന്ദരിയായ ഒരു പെൺക്കുട്ടി മരുമോളാകാൻ തയ്യാറുള്ളപ്പോൾ ഇനി എന്തിനാ ഒരു അന്വേഷണം ?"

അഖില അത്ചോദിച്ചക്കൊണ്ടു അവരുടെ കവിളിൽ കുസൃതിയോടെ നുള്ളി.

അവർ,അവളെചേർത്ത് നിർത്തി.
"എനിക്ക് ഇഷ്ടായി മോളെ ദുബായിലുള്ള അവൻ്റെ അച്ഛനെ കൊണ്ട് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം!പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുമെന്ന് തോന്നുന്നില്ല"

"ൻ്റെമ്മോ അമ്മ പറഞ്ഞത് സത്യമാണോ?"

ആവേശത്തോടെ അഖില അത് ചോദിക്കുമ്പോൾ, വിലാസ്സിനിയമ്മ സന്തോഷകണ്ണിരോടെ തലയാട്ടി.

അഹ്ളാദിരേകത്താൽ അവൾ അവരുടെ ഇരു കവിളിലും മാറി മാറി ഉമ്മവെച്ചു'

- 'ഇത് കേട്ടാൽ മതി എനിക്ക്.അഖിലിൻ്റെ കാര്യം ഞാൻ ഏറ്റു "

അവൾ വിലാസിനിയമ്മയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ആ കണ്ണുകളിലേക്ക് നോക്കി '

"അമ്മയുടെ മോൻ എന്നെ ഇഷ്ടപ്പെടും - പക്ഷേ അത് അമ്മയെ ഒരിക്കലും മറന്നിട്ടല്ലായിരിക്കും "

വിലാസിനിയമ്മയുടെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിലമർന്നു.

"അമ്മേ "

അഖിലിൻ്റെ ഉറക്കെയുള്ള വിളി കേട്ട് വിലാസിനിയമ്മ തിരിഞ്ഞു നോക്കി

"അമ്മയ്ക്കെന്താ ഭ്രാന്തുണ്ടോ? വല്ല സെയിൽസ് ഗേളിനെയും പിടിച്ച് അകത്തു കയറ്റി സൽക്കരിക്കാൻ. അങ്ങിനെ വരുന്നവരിൽ കൊള്ളക്കാരും കൊലപാതകികളും ഉണ്ടെന്നാ കേൾവി "

"നിർത്തെടാ "

അഖിലിനു നേരെ അഖിലയുടെ ശബ്ദമുയർനപ്പോൾ, ഭീതിയോടെ അവളെ നോക്കി അരുതേയെന്ന് തലയാട്ടി വിലാസിനിയമ്മ.

അഖില പതിയെ അവനരികിലേക്ക് ചെന്ന് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

"ഈ ചങ്കൂറ്റമൊന്നും എൻ്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ ഉണ്ടായിരുന്നില്ലല്ലോ? എനിക്ക് വരുന്ന വിവാഹ ആലോചനകൾ മുടക്കാൻ നല്ല ഉത്സാഹവും "

അഖിലയുടെ വാക്ക് കേട്ട് വിളറിയ അഖിൽ അമ്മയെ നോക്കി ഒരു വിളറിയ ചിരി പാസ്സാക്കി.

വിലാസിനിയമ്മ ഒന്നും മനസ്സിലാവാതെ ഇരുവരെയും നോക്കി.

"അഞ്ചു വർഷമായി അമ്മേ ഈ മുടിഞ്ഞ പ്രേമം തൊടങ്ങീട്ട്! വീട്ടിൽ പറയാൻ പറഞ്ഞപ്പോൾ അച്ഛൻ കൊല്ലുമെന്ന്. എന്നാൽ എൻ്റെ കല്യാണം ആരുമായി നടത്താനും സമ്മതിക്കില്ല"

അവൾ അമ്മയുടെ അടുത്തേക്ക് വന്നു.

"ഞാൻ നിൽക്കുന്ന കാരണം എൻ്റെ അനിയത്തിയുടെ കല്യാണം നടക്കാതിരിക്കുമോയെന്ന പേടിയിലാണ് രണ്ടും കൽപ്പിച്ച് അമ്മയോട് ഞാൻ ചോദിച്ചത് "

വിലാസിനിയമ്മ അവളെ പുഞ്ചിരിയോടെ മാറോട് ചേർത്തു.

" പ്രേമിക്കുന്ന ചെക്കനതിന് നട്ടെല്ലില്ലെങ്കിൽ ,പെണ്ണിന് എന്തായാലും വേണം -എൻ്റെ മോളെ പോലെ "

വിലാസിനിയമ്മ അഖിലിനെ നോക്കി തലയാട്ടി.

" ചമ്മിയ ക്ഷീണമുണ്ടെങ്കിൽ എൻ്റെ മോൾ ഇട്ട ഒരു ചായ കുടിക്ക് - നല്ല ഉന്മേഷം കിട്ടും "

പറഞ്ഞു തീരും മുൻപെ അഖില, അഖിലിനു നേരെ പുഞ്ചിരിയോടെ ചായ ഗ്ലാസ്സ് നീട്ടി.

'"അല്ല മോളെ - അഖിൽ ആ ആലോചനകൾ മുടക്കിയില്ലെങ്കിൽ, മോൾ അഖിലിനെ മറന്ന് ആവിവാഹത്തിന് സമ്മതിക്കുമോ?"

ആ ചോദ്യം കേട്ട്,കുടിച്ചു കൊണ്ടിരുന്ന ചായ നെറുകയിൽ കയറി അഖിൽ ചുമച്ചപ്പോൾ അഖില പതിയെ ശിരസ്സിൽ തട്ടി അമ്മയെ നോക്കി.

"അതൊക്കെ ഒരു പഞ്ചിനു വേണ്ടി ഞാൻ പറഞ്ഞതല്ലേ അമ്മേ ?"

അതും പറഞ്ഞ് തന്നെ നോക്കി മിഴിയടച്ച് പുഞ്ചിരിക്കുന്ന അഖിലയുടെ കവിളിൽ വിരിയുന്ന നുണക്കുഴിയിലേക്ക് നോക്കി വിലാസിനിയമ്മ പുഞ്ചിരിക്കുമ്പോൾ, അഖിൽ പതിയെ സന്തോഷം നിറഞ്ഞ മനസ്സോടെ, തൻ്റെമുറിയിലേക്ക് നടക്കുകയായിരുന്നു.


By Santhosh Appukkuttan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot