"ഇവിടെ താമസിക്കാൻ പറ്റില്ല "
ആരുടെയൊക്കെയോ ആക്രോശം അപ്രതീക്ഷിതമായി പിന്നിൽ നിന്നു
കേട്ട അയാൾ വല്ലാത്തൊരു ഭയത്തോടെ തിരിഞ്ഞു നോക്കി.
പിന്നിൽ കലിതുള്ളി നിൽക്കുന്ന ജനക്കൂട്ടത്തെ കണ്ട് അയാൾ പകച്ചെങ്കിലും, അവരെ നോക്കി ഒരു പുഞ്ചിരിയോടെ അയാൾ ചവിട്ടുപടിയിലേക്ക് കാലെടുത്ത് വെച്ചു.
" ആ വാതിൽ തുറന്നിട്ടുണ്ടെങ്കിൽ മുട്ടുകാൽ ഞങ്ങൾ തല്ലിയൊടിക്കും"
പൊടുന്നന്നെയുള്ള കൂട്ടമായ അലർച്ചകേട്ട് അയാൾ ഭീതിയോടെ ചവിട്ടുപടിയിൽ നിന്ന് കാൽ പിൻവലിച്ചു.
തന്റെ വീട് തനിക്ക് അന്യമായിരിക്കുന്നുവെന്ന് അയാൾ ഒരു ഞെട്ടലോടെ അറിഞ്ഞു.
അയാൾ ആ ചെറിയ ടെറസ്സ് വീടിനെ നോക്കി കൊണ്ടിരുക്കുമ്പോൾ, കണ്ണുകളിൽ ചുടു ദ്രാവകം ഊറി തുടങ്ങിയിരുന്നു.
വർഷങ്ങളോളം മരുഭൂമിയിൽ വിയർപ്പൊഴുക്കി, ഉണ്ടാക്കിയ വീട്.
അവിടെ താൻ അന്യനാക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത അയാളെ വല്ലാതെ വേദനിപ്പിച്ചു.
"ചേട്ടാ എനിക്ക് അസുഖമൊന്നുമില്ല. ക്വാറന്റെയിൽ ഇരിക്കാൻ വേണ്ടി ട്ടാ"
യാചനയുടെ ഒരു സ്വരമായിരുന്നു അയാളിൽ നിന്നുയർന്നത്.
" താൻ ഒന്നും പറയണ്ട. ഇവിടെ താമസിക്കാൻ പറ്റില്ലെന്നു പറഞ്ഞാൽ പറ്റില്ലായെന്നു തന്നെ അർത്ഥം?"
വാശിയോടെ പറഞ്ഞ ആൾ മുണ്ടും മടക്കി കുത്തി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് അയാൾ കണ്ണീരിലൂടെ കണ്ട് .
അയാൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള നാട്ടുക്കാരുടെ മുറുമുറുപ്പുകൾ, തേനീച്ചയുടെ മൂളൽ പോലെ അവിടെയാകെ ചുറ്റി തിരിഞ്ഞു .
താൻ!
അയാൾ പതിയെ ആ വാക്ക് മനസ്സിലിട്ട് ചവച്ചു.
ഇവിടെ തനിക്ക് പേര് നഷ്ടപ്പെട്ടിരിക്കുന്നു.
ജാതിയോ, മതമോ, വർണ്ണമോ, ഗോത്രമോ ഇല്ല!
പിടിച്ചിരുന്ന കൊടിയോ, പ്രവർത്തിച്ചിരുന്ന പാർട്ടിയോ ഇല്ല!
എല്ലാം കൊറോണയെന്ന മൂടൽമഞ്ഞിനപ്പുറം അവ്യക്തമായിരിക്കുന്നു.
ബാക്കിയാവുന്നത് പ്രവാസിയെന്ന പേര് മാത്രം!
മരുഭൂമിയിൽ വിയർപ്പൊഴുക്കി തളരുമ്പോൾ,ഇത്തിരി വിശ്രമിക്കാൻ വേണ്ടി മാത്രം ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്നവൻ.
നാട്ടിൽ കിട്ടുന്ന ഇത്തിരി നാളത്തെ'വിശ്രമത്തിനിടയിൽ ഭംഗം വരുത്തി കടൽത്തിര പോലെ ഇരച്ചുകയറുന്നവരെ നോക്കി, അവൻ ദേഷ്യപ്പെട്ടിട്ടില്ല.
പുഞ്ചിരിയോടെ അവരെ സ്വീകരിച്ചിട്ടു മാത്രമേയുള്ളൂ.
ദാരിദ്ര്യത്തിന്റെ കഥകൾ പറഞ്ഞു വന്നവരെ നിഷ്ക്കരുണം പുറത്താക്കിയിട്ടില്ല
ഉള്ളതിന്റെ ഒരു പങ്ക് അവർക്ക് കൊടുത്ത് കൂടെ ചേർത്തുനിർത്തിയിട്ടേയുള്ളൂ.
"ചേട്ടൻമാരെ ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസിക്കാൻ പോകുന്നത്. ഭാര്യയും കുട്ടികളും അവിടെ അവളുടെ വീട്ടിലാണ് "
തൊട്ടപ്പുറത്തെ ഭാര്യവീട്ടിലക്ക് നോക്കി അയാളതു പറയുമ്പോൾ നെഞ്ചിൽ കൈവെച്ചു തന്നെ നോക്കി നിൽക്കുന്ന ഭാര്യയെ കണ്ടു അയാൾ.
ഏങ്ങലടിക്കുന്ന അവളുടെ കണ്ണുകളിൽ ഒരു സമുദ്രം കാണാം!
ഒരു കാറ്റ് വീശിയാൽ കരയെ അപ്പാടെ വിഴുങ്ങാൻ ശക്തിയുള്ള ആ,സമുദ്രം കരകവിയല്ലേ എന്നയാൾ മൗനമായി പ്രാർത്ഥിച്ചു.
എന്താണ് നടക്കുന്നതെന്നറിയാതെ, ആകാംക്ഷയോടെ തന്നെ നോക്കുന്ന കുഞ്ഞി മക്കളെ കണ്ടപ്പോൾ അയാളുടെ നെഞ്ച് തകർന്നു
ഇളയ മോൻ തന്നെ കണ്ണീരോടെ മാടി വിളിക്കുന്നത് കാണാൻ ശക്തിയില്ലാതെ അയാൾ മുഖം തിരിച്ചു.
" ഇവിടെ കുടുംബക്കാര്യം പറഞ്ഞിട്ടു കാര്യമില്ല ഇത് ഈ നാടിനെ ബാധിക്കുന്ന പ്രശ്നമാണ് "
പരിചിതമായ ആ സ്വരം കേട്ട് അയാൾ, തിരിഞ്ഞു നോക്കി.
അതെ അവൻ തന്നെ!
ഓരേ കൊടി പിടിച്ച്, ഓരേ
പാതയിലൂടെ നടന്നു നീങ്ങിയവർ.
പെങ്ങളുടെ കല്യാണത്തിന് തന്റെ ഭാര്യയുടെ സ്വർണ്ണം പണയം വെച്ചു കിട്ടിയ പൈസ കൊടുത്തു സഹായിച്ചവൻ.
ആവശ്യങ്ങൾക്കു മേൽ ആവശ്യങ്ങൾ പറഞ്ഞ് തന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങുമ്പോൾ, അവൻ നനഞ്ഞിടംകുഴിക്കുന്നുന്നതാണെന്ന് ഭാര്യയാണ് ഓർമ്മപ്പെടുത്തിയത്.
എപ്പോഴോ, എന്തോ ആവശ്യത്തിന് പണം കടം ചോദിച്ചപ്പോൾ കൊടുക്കാനുണ്ടായിരുന്നില്ല.
അതിൽ പിന്നെ ഞാൻ, അവന് ശത്രുവായി മാറി!
" പറഞ്ഞതു കേട്ടില്ലേ? വേഗം സ്ഥലം കാലിയാക്കാൻ നോക്ക് "
വീണ്ടും ജനക്കൂട്ടത്തിനിടയിൽ നിന്ന് അവന്റെ മുറുമുറുപ്പുയർന്നപ്പോൾ, അയാൾ തിരിഞ്ഞു നടന്നു,
എവിടെ നിന്നോ ഓടികിതച്ചെത്തിയ ഒരു നായ, അയാൾക്കരികിൽ നിന്നു.
കാലിൽ മുഖമുരച്ചു കൊണ്ട് ആ നായ അയാളെ വലം വെച്ചു.
ഏതോ പാതിരാത്രിയിൽ കയറി വന്ന ആ നായയെ അയാൾ ഓർത്തു.
പ്ലേറ്റിൽ കുറച്ചു ചോറും, ഇറച്ചിയും കൊടുത്തപ്പോൾ വാലാട്ടിക്കൊണ്ട് അവിടെ നിന്നു.
പിന്നെയൊരിക്കലും അവൻ ഇവിടം വിട്ടുപോയിട്ടില്ല.
ദൂരത്ത് നിന്ന് തന്നെ കണ്ടാൽ ഓടിയെത്തും!
അവൻ ഓർമ്മയോടെ നന്ദിയുള്ള ആ നായയുടെ ശിരസ്സിൽ തലോടിക്കൊണ്ട്, കൂട്ടംകൂടി നിൽക്കുന്ന നാട്ടുക്കാർക്കിടയിലൂടെ നടന്നു.
തിരയകലുന്നതു പോലെ നാട്ടുകാർ ഇരുവശത്തേക്ക് മാറി!
മരുഭൂമിയിലൂടെ നടന്നവൻ വീണ്ടും മഹാമാരിയിലൂടെ!
മരുഭൂമിയിലെ മണലിൽ പോലും പുതയാത്ത കാൽപ്പാദങ്ങൾ, ഇവിടെ പുതഞ്ഞു തുടങ്ങിയതയാൾ അറിഞ്ഞു.
കരക്കാറ്റിൽ അയാളുടെ എണ്ണമയമില്ലാത്ത മുടികൾ പറന്നു.
രണ്ടിറ്റു കണ്ണുനീർ ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ നിലത്തേക്ക് വീണു.
" നിങ്ങൾ എവിടേക്കാ,മടങ്ങി പോകുന്നത്? ഇത് നിങ്ങടെ വീടാ! നിങ്ങൾടെ വിയർപ്പിലുണ്ടാക്കിയ വീട്"
അലമുറയിട്ട് ഓടി വരുന്ന പ്രിയതമയെ കണ്ട് അയാൾ ദുഃഖം കടിച്ചമർത്തി.
" ദേ പെണ്ണും പിള്ളേ ഇവിടെ കിടന്ന് ഷോ കാണിക്കരുത്. ഇത് ഒരു നാടിനെ ബാധിക്കുന്ന പ്രശ്നമാണ് "
പ്രിയതമയുടെ മുന്നിൽ മതിൽ തീർത്ത് ആരോ അലറുന്നത് അയാൾ വ്യക്തമായി കേട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ കണ്ണീരിനിടയിലുടെ കണ്ടു നിറം മങ്ങിയ ഒരു സാരിയിൽ അവളെ !
പാറി പറന്ന മുടിയിഴകളും, ക്ഷീണിച്ച മുഖവും.
പക്ഷേ ആ കണ്ണുകളിൽ അഗ്നിയാണെന്നു ഞെട്ടലോടെ അയാൾ കണ്ടു.
അത് തന്നെ ചുട്ടുപൊള്ളിക്കുന്നതു പോലെ അയാൾക്ക് തോന്നി:
"സമാധാനമായില്ലേ നിങ്ങൾക്ക്? നിങ്ങൾ ആർക്കൊക്കെ സഹായിച്ചുവോ, നിങ്ങൾ ആരൊക്കെയാണോ മിത്രമായി കണ്ടത് അവരക്കൊ തന്നെയാണ് ഈ കുട്ടത്തിൽ ' ഉള്ളത് .
അല്ലാതെ നിങ്ങൾ ശത്രുവായി കണ്ട ഒരുത്തനുമില്ല ഇതിൽ "
തന്നെ തടഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിനു നേരെ കൈചൂണ്ടി അവളത് പറയുമ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
ഓടി വന്ന മക്കൾ അവളെ വട്ടം ചുറ്റുന്നതും, തന്നെ ദയനീയതയോടെ നോക്കുന്നതും അയാൾ നെഞ്ച് പൊട്ടി നോക്കി നിന്നു.
അവൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് അയാൾക്കറിയാമായിരുന്നു.
മിശ്രവിവാഹം കഴിച്ച തന്റെയും, ഭാര്യയുടെയും വശം പിടിച്ച് ശത്രുക്കളെപ്പോലെ വാളുയർത്തിയവർ, ഇതിൽ ഒന്നിച്ചു നിൽക്കുന്നത് കണ്ട് അയാളിൽ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു.
ഭാര്യയുടെ പ്രായമായ അമ്മ തന്നെ കണ്ണീരോടെ നോക്കുന്നത് കണ്ട് അയാൾ അവർക്കരികിലേക്ക് ചെന്നു.
തങ്ങളുടെ കല്യാണത്തെ എല്ലാവരും എതിർത്തിട്ടും,സ്വന്തം മകളെ കൈ പിടിച്ചു തന്ന ധീരയായ അമ്മ.
"സാരല്യ അമ്മേ കുറച്ചു ദിവസം ഞാൻ കഴിഞ്ഞാൽ ഞാൻ തിരിച്ചു വരും "
അമ്മയെ നോക്കി തിരിഞ്ഞപ്പോൾ കണ്ടു, ആകാംക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന മക്കളെ
ഒന്നും പറയാൻ കഴിയാതെ, തന്നെയും തന്നെ നോക്കി നിൽക്കുന്ന മക്കൾക്ക് ഒരു പുഞ്ചിരി കൊടുത്തു ക്കൊണ്ട് അയാൾ തിരിഞ്ഞു.
അനുവാദം ചോദിക്കാതെ ഊറിയെത്തിയ നീർ, കണ്ണിൽ നിന്ന് അയാൾ വേദനയോടെ ഒപ്പിയെടുത്തു.
" eപാകാൻ തന്നെ തീരുമാനിച്ചോ? "
പിന്നിൽ നിന്നുയർന്ന ചില്ലുടഞ്ഞ ആ ശബ്ദം പ്രിയ തമയുടെതാണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു
കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ കരഞ്ഞു പോകുമെന്ന സന്ദേഹത്താൽ അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞത് ഇത്രമാത്രം.
"രണ്ട് വർഷം കാത്തിരുന്നില്ലേ നീ-
കുറച്ചു കൂടി ക്ഷമിക്ക്.. ഒരു പ്രവാസിയുടെ പെണ്ണിന് അത്രയ്ക്കെങ്കിലും കരളുറപ്പ് വേണം"
തൊട്ടാവാടിയാണവൾ |
ഉച്ചത്തിൽ ഇടിവെട്ടിയാൽ, കാറ്റൂതിയാൽ പേടിക്കുന്നവൾ.
കൈ മുറിഞ്ഞ് രക്തം വന്നാൽ തല കറങ്ങി വീഴുന്നവൾ!
പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്നവൾ!
പക്ഷേ ഇപ്പോൾ,
തന്നെ തടഞ്ഞ് ,കൂട്ടം കൂടി നിന്നവർക്കർക്കു നേരെ ചീറ്റപ്പുലിയെയെ പാഞ്ഞടുത്തു!
കടൽത്തിരകൾ പോലെ അവർക്കു നേരെ ഉയർന്നു താണു.
അത് രണ്ട് വർഷത്തിനു ശേഷം പ്രിയതമന്റെ ചൂട് പറ്റി കിടക്കാനുള്ള മോഹം കൊണ്ടല്ല !
വർഷങ്ങളോളം മരുഭൂമിയിൽ കിടന്നവൻ തളർന്നു കിടക്കാൻ ഒരിത്തിരി ഇടം കിട്ടാതെ തിരിച്ചു പോകുന്നത് കണ്ടപ്പോഴാണ് !
ഓർമ്മകളും പേറി, അവളെ നോക്കാതെ അവൻ പതിയെ നടന്നു,
ജനക്കൂട്ടത്തിന്റെ ആരവം പതിയെ ഇല്ലാതാകുന്നത് അവനറിഞ്ഞു.
അവനെയും തൊട്ടുരുമ്മി നായയും നടന്നു.
വികൃതികുട്ടികളിലാരോ എറിഞ്ഞ -കല്ല് നായയുടെ മേൽ വീണു.
പ്രതിഷേധത്തിന്റെ,ഒരു ചെറിയ ശബ്ദമുണ്ടാക്കാതെ ആ നായ, തന്റെ യജമാനനെയും തൊട്ടുരുമ്മി നടന്നു.
അയാൾ ഇടറുന്ന കാലുകളോടെ താൻ വന്ന കാറിനടുത്തേക്ക് നടന്നതും,
തന്നെ ഇവിടെയെത്തിച്ച നിറം മങ്ങിയ അംബാസിഡർ കാർ, പൊടിപറത്തി തിരിച്ചു പോകുന്നതാണ്,അയാൾ കണ്ടത്.
വാടക പൈസ പോലും വാങ്ങാതെ തിരിച്ചു പോകുന്ന ആ കാറിനെ നോക്കി അയാൾ കണ്ണീരോടെ പുഞ്ചിരിച്ചു.
ആരുടെയൊക്കെ കാല് പിടിച്ച്, കഷ്ടപ്പെട്ട് സ്വന്തം നാട്ടിലെത്തിയപ്പോൾ, താൻ വെറും കറിവേപ്പിലയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
താൻ മാത്രമല്ല, തന്നെ പോലെയുള്ള പ്രവാസികളൊക്കെ വെറും കറിവേപ്പില തന്നെയാണ്!
വിദേശത്ത് വരുന്ന നേതാക്കളെ സ്വീകരിച്ച് , അവർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൻ മാമൂട്ടി അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്താൽ എല്ലാമായെന്നു അഹങ്കരിച്ചിവരിൽ, താനുമില്ലേ?
എല്ലാവർക്കും അവരവരുടെ കാര്യം മാത്രമേയുള്ളൂ എന്ന നഗ്നസത്യം അയാൾ തിരിച്ചറിയുകയായിരുന്നു.
" നീ എവിടേയ്ക്കാ പോകുന്നത്?"
മുന്നിൽ നിന്നുയർന്ന ഉറച്ചശബ്ദം കേട്ട് അവൻ മുഖമുയർത്തി.
തനിക്കു മുന്നിൽ മതിൽ പോലെ നിൽക്കുന്ന അവനെ അയാൾ തിരിച്ചറിഞ്ഞു.
തന്റെ ബാല്യകാല സുഹൃത്ത്.
ഓരേ ക്ലാസ്സിൽ ഏഴുവരെ ഒന്നിച്ചു പഠിച്ചിരുന്നവർ.
പിന്നെ പ്രായത്തിന്റെ ഇടവഴിയിൽ വെച്ച് തങ്ങൾ അപരിചിതരായി തീർന്നു!
അത് മതത്തിന്റെയാണോ? രാഷ്ടീയ പാർട്ടിയുടെയാണോ? അതോ സാമ്പത്തിക അന്തരത്തിന്റെയോ?
അത്എന്താണെന്ന് അറിയാൻ, പണ്ടെങ്ങോ കളങ്കമേറ്റ മനസ്സ് സമ്മതിക്കുന്നില്ലായെന്ന് അയാൾ വേദനയോടെ തിരിച്ചറിഞ്ഞു.
" നീ ഒരിടത്തേക്കും തിരിച്ചു പോകുന്നില്ല. എന്റെയൊപ്പം നീ വാ "
അതും പറഞ്ഞ് ചങ്ങാതി മുന്നോട്ട് നടന്നപ്പോൾ, ഏതോ ധൈര്യത്തിൽ അയാൾക്കു പിന്നാലെ നടന്നു.
"വടിയും കല്ലുമെടുത്ത് ഓടിക്കാൻ ഇവൻ പേ പിടിച്ച നായയൊന്നുമല്ല "
ആൾക്കൂട്ടത്തിനു നേരെ രൂക്ഷമായി നോക്കി സ്നേഹിതൻ പറഞ്ഞപ്പോൾ അവർക്കിടയിൽ നിന്ന് മർമ്മരങ്ങളുയർന്നത് ഭീതിയോടെ അയാൾ കണ്ടു'
"അസുഖബാധിത നൊന്നുമല്ല ഇവൻ -ക്വാറന്റൈയിനിൽ ഇരിക്കുന്നുവെന്നു മാത്രം "
ആൾക്കൂട്ടത്തിൻ നിന്ന് പിറുപിറുപ്പുകൾ ഉയർന്നു
"പിന്നെ ഇവൻ ക്വാറന്റൈയിനിൽ ഇരിക്കാൻ വന്നത് ഇവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിലാണ്: അല്ലാതെ ഇവടെ കിടന്ന് അലറുന്ന നിങ്ങടെ നെഞ്ചത്തല്ല "
പറഞ്ഞു തീർന്നതും ആൾക്കൂട്ടത്തിനിടയിൽ നിന്നും ആക്രോശങ്ങളുയർന്നു.
വടികൾ അന്തരീക്ഷത്തിലക്കുയർന്നു
പാഞ്ഞു വന്ന ഒരു കല്ല് അയാളുടെ നെറ്റിയിൽ വന്നു പതിച്ചു.
വേണ്ടെടായെന്നു പറഞ്ഞു അവന്റെ കൈ പിടിച്ചു വലിച്ചു അയാൾ.
" നീ തിരിച്ചു പോകാനല്ല വന്നത്.ഇവിടെ താമസിക്കാനാണ് - നീ ഇവിടെ തന്നെ താമസിക്കും"
പറഞ്ഞുക്കൊണ്ട് അയാൾ ഓടി ചെന്ന്, വരാന്തയിലിരിക്കുന്ന വാക്കത്തിയെടുത്ത് മുന്നോട്ടുവന്നു.
" തള്ളയുടെ മുലപ്പാൽ കുടിച്ചവരുണ്ടെങ്കിൽ തടയാൻ വാ ! പക്ഷേ ആദ്യം വരുന്നവന്റെ കഴുത്ത് മുറിക്കും ഞാൻ "
വാക്കത്തിയെടുത്ത് ഉറഞ്ഞു തുള്ളുന്ന തന്റെ സ്നേഹിതനെ കണ്ടപ്പോൾ ജനക്കൂട്ടം പകക്കുന്നത് അയാൾ കണ്ടു.
അവർ ഒറ്റയടി വെച്ച് പിന്നോട്ട് മാറിക്കൊണ്ടിരുന്നു..
അയാൾ പിന്നോട്ടു നീങ്ങുന്ന ജനക്കൂട്ടത്തെ നോക്കി!
തന്റെ സ്നേഹിതനെ തന്നിൽ നിന്നു, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോപേരിൽ അടർത്തിമാറ്റിയവർ അതിലുണ്ടായിരുന്നു.
അവരായിരുന്നു ഏറ്റവും ഉറക്കെ ആക്രോശിച്ചത്?
അവരായിരുന്നു തനിക്ക് നേരെ കൈ ചൂണ്ടി അലറിയവർ !
" നീ വാതിൽ തൊറക്ക് - തടയാൻ അത്ര ചുണയുള്ളവരുണ്ടെങ്കിൽ കാണട്ടെ "
വരാന്തയിൽ വാക്കത്തിയും പിടിച്ച്, നെറ്റിയിൽ നിന്ന് ചോര വാർന്നൊഴുകി കലിപൂണ്ടിരിക്കുന്ന സ്നേഹിതനെ നോക്കി അയാൾ പതിയെ വാതിൽ തുറന്നു!
നെഞ്ചു പൊട്ടി നിന്നിരുന്ന ഭാര്യയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടതു അയാൾ കണ്ടു.
കണ്ണീരിനപ്പുറത്ത് മഴവില്ലുദിച്ചതും നോക്കി അയാൾ നിന്നു.
" നീ ഒന്നു ഫ്രെഷാക്-അപ്പോഴെയ്ക്കും ഞാൻ ആവശ്യമുള്ള സാധനങ്ങളുമായി വരാം"
മറുപടിക്ക് കാത്തുനിൽക്കാതെ വാക്കത്തിയും പിടിച്ച് പുറഞ്ഞേക്ക് പോകുന്ന സ്നേഹിതനെ കണ്ടപ്പോൾ അയാൾക്ക് ഓർമ്മ വന്നത് വർഷങ്ങൾക്കു മുൻപുള്ള യു പി.ക്ലാസ്സായിരുന്നു.
ഡസ്കിൽ കുനിഞ്ഞിരുന്നു കരയുന്ന തന്റെ മുഖം പിടിച്ചുയർത്തിയിട്ടുള്ള ചോദ്യമായിരുന്നു.
" ആരാടാ നിന്നെ തല്ലിയത് - അവന്റെ പേര് പറ"
കേമൽ ഇൻസ്ട്രുമെൻറ് ബോക്സിൽ നിന്ന് കോംപസ് എടുത്തിട്ട് തന്നോട് ചോദിക്കുമ്പോൾ അന്ന് അവന്റെ കണ്ണിൽ തെളിഞ്ഞ തന്നോടുള്ള സ്നേഹമeല്ല ഇന്നും തെളിഞ്ഞത്.
അവനെ മറന്നത് താനാണ്!
ആരെക്കെയോ കൂടി അവനെ വെറുക്കാൻ എന്നെ പഠിപ്പിച്ചതാണ് !
പടി കടക്കുന്ന സ്നേഹിതനെയും നോക്കി നിന്നപ്പോൾ അയാൾ മനസ്സിൽ പതിയെ മന്ത്രിച്ചു.
"വെറുപ്പിക്കാൻ പഠിപ്പിക്കുന്നവർ ഒടുവിൽ വെറുക്കപ്പെട്ടവരായി തീരും "
ശുഭം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക