നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അക്കരപ്പച്ച


"എൻ്റെ ഭർത്താവിനെ നീയല്ല മൂന്നാമതൊരാൾ കൂടി പങ്കിടുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല"

തന്നെ വീട്ടിലേക്ക് കൈപിടിച്ചു കയറ്റുന്ന ആ സ്ത്രീ പറഞ്ഞ വാക്കുകൾ കേട്ട് തലയിൽ വെള്ളിടി വെട്ടിയ പോലെ അരുണ,രാജീവിനെ നോക്കി.

എല്ലാം സത്യമാണെന്ന ഭാവത്തിൽ, തിരിച്ചൊന്നും പറയാതെ രാജീവ്
പുറത്തേക്ക് നോക്കി നിന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

പുറത്ത് ചാറുന്ന മഴ പോലെ അരുണയുടെ കണ്ണുകളിൽ നിന്നും നീർ ചെറുകാറ്റിൽ ഇളകി വീണു.

തന്നെ കൗതുകത്തോടെ നോക്കുന്ന, കോലം കെട്ട കുട്ടികളെ കണ്ണീരിനിടയിലൂടെ അവൾ കണ്ടു.

"നിങ്ങടെ ചെറിയമ്മയാണ് മക്കളെ "

കുട്ടികളോട് അതും പറഞ്ഞ് അകത്തേക്ക് കയറി പോയ ആ ക്ഷീണിച്ച സ്ത്രീ രാജിവിൻ്റെ ഭാര്യയാണെന്ന് പോലും അവൾക്കപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരുന്നു.

പക്ഷെ അത് സത്യമാണെന്ന് തിരിച്ചറിയാൻ, മതിലിനപ്പുറത്ത് ആകാംക്ഷയോടെ പൊങ്ങിയ മുഖങ്ങളിലക്ക് നോക്കി രാജീവ് അലറുന്ന നിമിഷം വരെ വേണ്ടി വന്നുള്ളൂ.

" എന്തു കാഴ്ച കാണാനാണ് നിങ്ങൾ തലയും പൊക്കി നിൽക്കുന്നത്? ഇവളെ ഞാൻ ഇപ്പോൾ കെട്ടിക്കൊണ്ടു വന്നതാണ്. രണ്ടു ഭാര്യമാരുമൊത്ത്
താമസിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുകയില്ലല്ലോ?"

രാജിവ് അതും പറഞ്ഞ്, അടിയിലെ ട്രൗസർ കാണും വിധം മുണ്ട് മടക്കി കുത്തി'

പതിയെ മതിലിനപ്പുറത്തെ മുഖങ്ങൾ താഴ്ന്നു തുടങ്ങി.

ഇനിയും നിന്നാൽ ആ വായിൽ നിന്ന് വരുന്ന പുളിച്ച തെറിയോടൊപ്പം, അയാളുടെ ട്രൗസറും നിലത്തേക്ക് ഊർന്നു വീഴുമെന്ന് അവർക്കറിയാമായിരുന്നു'

ആണിൻ്റെ ചങ്കൂറ്റമായി അവൻ കാണുന്നതെന്താണെന്ന്, തങ്ങൾക്കു മുന്നിൽ അവൻ ഉയർത്തിപ്പിടിക്കുമെന്ന് മനസ്സിലായ അവർ പരസ്പരം നോക്കി.

"ആ പെൺക്കുട്ടിയുടെ ജീവിതവും നശിപ്പിച്ചു ദുഷ്ടൻ"

പ്രായം കൂടിയ മുത്തശ്ശി വിറച്ചു കൊണ്ടു പറഞ്ഞപ്പോൾ, ലക്ഷ്മി അവരെ എതിർത്തു.

"എന്തിന് ആ കാലനെ മാത്രം കുറ്റം പറയുന്നത്?ചിരിച്ചും കളിച്ചും കാണിച്ചപ്പോൾ, ഇതുവരെ നോക്കിയിരുന്ന കുടുംബക്കാരെ മറന്ന് മുല്ലവള്ളി പോലെ അവനിലേക്ക് പടർന്ന ആ എരണം കെട്ടവളെയാണ് ആദ്യം തിരണ്ടിവാൽ കൊണ്ട് അടിക്കേണ്ടത്!"

പ്രായപൂർത്തിയായ പെൺക്കുട്ടികൾ, അവർ പറയുന്നത് ശ്രദ്ധിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മുത്തശ്ശി അവർക്കു നേരെ ഊന്നുവടി വീശി.

" എന്തോന്ന് കേൾക്കാനാണ് കാതും കൂർപ്പിച്ചിരിക്കുന്നത്? ഈ തെരുവ് നാടകം കാണാൻ നിൽക്കാതെ, പോയി വീട്ടിലെ പണി നോക്ക് "

പെൺക്കുട്ടികൾ നിരാശയോടെ അവർക്കരികിൽ നിന്ന് നടന്നകന്നപ്പോൾ മുത്തശ്ശി അടുത്ത് നിൽക്കുന്ന ലക്ഷ്മിക്കരികിലേക്ക് ചേർന്നു നിന്നു.

" ഒരു എതിർപ്പുമില്ലാതെ അവളെ പിടിച്ചു വീട്ടിലേക്ക് കയറ്റിയ ദേവൂനെ സമ്മതിക്കണം- അവളൊരു ഭാര്യയാണോ?ച്ഛെ'

കാർക്കിച്ചു തുപ്പുന്നതിനിടയിൻ ഊന്നുവടിയിൽ നിന്ന് പിടുത്തം വിട്ട് വീഴാൻ പോയ മുത്തശ്ശിയെ താങ്ങിപ്പിടിച്ചു ലക്ഷ്മി.

"കെട്ടിയോനെ ഉപേക്ഷിച്ച് രണ്ടു മക്കളുമായി ഇവനോടൊപ്പം വന്ന അവൾക്ക് എന്ത് മാനാഭിമാനം? ഇതല്ല ഇതിനെക്കാളും വലുതിന് കുടപിടിക്കും അവൾ "

മുത്തശ്ശി ഒരു മൂളലോടെ തലയാട്ടി.

അവരുടെ തളർന്ന കണ്ണുകളിൽ, മാനം കെട്ട ലോകത്തിൻ്റെ പാടകെട്ടി തുടങ്ങിയിരുന്നു.

" അതല്ല മുത്തശ്ശി - ഇനി അവിടെ വേറെ വല്ലതും നടക്കുന്നുണ്ടോ?"

ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ മുത്തശ്ശി, തൻ്റെ കുനിഞ്ഞു നിന്നിരുന്ന മുഖം, ഒരു ശ്വാസമെടുത്ത് ഉയർത്തി അവളെ നോക്കി.

" പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കൽ"

മുത്തശ്ശിയുടെ കാതോരം തൻ്റെ ചുണ്ട് ചേർത്ത് ലക്ഷ്മി പറഞ്ഞപ്പോൾ ഒരു ഞെട്ടൽ അവരിൽ നിന്നുയർന്നു.

മുത്തശ്ശി,മറുപടിയെയെന്തോ പറയാൻ തുടങ്ങിയപ്പോഴേയ്ക്കും, ശക്തിയോടെ ആകാശത്ത് ഒരു ഇടി വെട്ടി.

ശക്തിയേറിയ ഒരു കാറ്റ് വൃക്ഷലതാദികളെ ഉലച്ചു കൊണ്ട് കടന്നു പോയി.

ചാറ്റൽ മഴയ്ക്ക് ശക്തി കൂടുന്നതറിഞ്ഞ അവർ, പറയാനേറെ ബാക്കിവെച്ച് അവരവരുടെ വീടുകളിലേക്ക് നടന്നു.

തൻ്റെ കുടിലിൻ്റെ തെക്കേമുറ്റത്ത് പൂവിട്ടു നിൽക്കുന്ന ചെണ്ടുമല്ലി ചെടികൾക്കിടയിൽ, തീർത്തും വൃത്തിയാക്കി കിടന്നിരുന്ന ആറടിമണ്ണിലക്ക് മുത്തശ്ശി പ്രാഞ്ചിപ്രാഞ്ചിനടന്നു.

" താലോലിക്കാൻ,മക്കളെ പോലും തരാതെ ങ്ങള് പോയപ്പം ന്നോട് പലരും പറഞ്ഞതാ വേറെ കെട്ടുന്ന് "

ചെണ്ടുമല്ലിക്കിടയിലെ പുല്ലുകൾ പിഴുതുമാറ്റാവെ ആ കണ്ണിൽ നീർനിറഞ്ഞിരുന്നു.

"ങ്ങളെ ഓർമ്മ മാത്രം മതി എനിക്ക് ജീവിക്കാൻ ന്ന് ഓർക്ക് അറിയൂലല്ലോ?"

നാണത്തിൽ പൊതിഞ്ഞ ഒരു ചിരി ആ വരണ്ട ചുണ്ടുകളിൽ പൂവിട്ടു.

"മുത്തശ്ശി ഇത്തിരി പാല് തരോ?"

പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട്, ഓർമ്മകളിൽ നിന്നുണർന്ന മുത്തശ്ശി തിരിഞ്ഞു നോക്കി.

പഴകിയ കുടയും പിടിച്ച്, കൈയ്യിലൊരു പാത്രവുമായി നിൽക്കുന്ന ദേവുവിനെ കണ്ടeപ്പാൾ, അവരുടെ ചുണ്ടിൽ അവജ്ഞയുടെ ഒരു ചിരിയുതിർന്നു .

" പുതു പെണ്ണിനും ഭർത്താവിനും കൊടുക്കാനായിരിക്കും അല്ലേ?"

മുത്തശ്ശിയുടെ കാഠിന്യമേറിയ ചോദ്യം കേട്ട അവൾ തല കുലുക്കിയപ്പോൾ, ആ കണ്ണുകളിൽ ഒരു കൂസലുമില്ലെന്ന് കണ്ട് അവർക്ക് ദേഷ്യം പെരുത്ത് കയറി.

"കൂട്ടം തെറ്റി വരുന്ന പെഴച്ച പെണ്ണുങ്ങൾക്ക് കൊടുക്കാൻ ഇവിടെ പാലില്ല"

കൈയിലിരുന്ന പുല്ല് വലിച്ചെറിഞ്ഞ് കത്തുന്ന കണ്ണുകളോടെ മുത്തശ്ശി ദേവുനെ നോക്കി.

" സ്വന്തം ഭർത്താവിനെ വേപ്പില പോലെ വലിച്ചെറിഞ്ഞ് വന്ന നീ.രണ്ടാം ഭർത്താവിൻ്റെ രണ്ടാം കെട്ടുക്കാരിക്ക് കൊടുക്കാൻ പാലിനു വന്നിരിക്കുന്നു. നീ പെണ്ണാണോടീ?

അപമാനത്തിൻ്റെ ആഴങ്ങളിലേക്ക് പതിച്ച ദേവു കണ്ണടച്ചു നിന്നു.

ഒരു കാറ്റിൽ കൈയിൽ നിന്ന് കുട പാറി പോയതോടെ അവൾ ഓർമ്മയിലേക്ക് തിരിച്ചെത്തി.

"എൻ്റെ ഭർത്താവ് കെട്ടുന്നതിൻ്റെ കണക്ക് എടുക്കാൻ മുത്തശ്ശിയെ വല്ലവരും ചുമതലപ്പെടുത്തിയിട്ടുണ്ടോ?"

ദേവുവിൻ്റെ ഉയർന്ന ശബ്ദം കേട്ട്,, തൻ്റെ വീടിൻ്റെ ഇറയത്ത് നിന്ന് അവളെ തന്നെ നോക്കി നിന്നിരുന്ന രാജീവ് പുഞ്ചിരിയോടെ, അരുണയെ തൻ്റെ അരികിലേക്ക് ചേർത്തു പിടിച്ചു.

"കണ്ടോടീ എന്നോട് ദേവു വിനോടുള്ള സ്നേഹം - നീ ഇനി ഇവിടുത്തെ രാജകുമാരിയാടീ "

രാജീവിൻ്റെ മദ്യം മണക്കുന്ന വാക്കുകൾ അരുണയിൽ വെറുപ്പ് ഉളവാക്കി.

അവൾ അയാളുടെ കൈ തട്ടിമാറ്റി രൂക്ഷതയോടെ നോക്കി.

"ഒരിക്കൽ നമ്മൾ സിനിമാ തിയേറ്ററിൽ വെച്ച് കണ്ടപ്പോൾ നിങ്ങളോടൊപ്പം ഈ സ്ത്രീയും, മക്കളും ഉണ്ടായിരുന്നു. അന്ന് നിങ്ങൾ പറഞ്ഞത് ഭർത്താവ് മരിച്ചു പോയ നിങ്ങളുടെ മൂത്ത സഹോദരിയും മക്കളുമാണെന്നാണ് - എന്നിട്ടിപ്പോൾ?" "

അരുണയുടെ തീപിടിച്ച ചോദ്യത്തിന് രാജീവിൽ നിന്നുയർന്നത് ഒരു പൊട്ടിച്ചിരിയാണ്.

" സത്യം അരുണാ! ഞങ്ങൾ ഒരുമിച്ച് നടക്കുന്നത് കണ്ടാൽ എല്ലാവരും ചോദിക്കുന്നത് മൂത്ത സഹോദരിയാണോയെന്നാണ് ?"

രാജീവിൽ ഒരു വിടല ചിരിയുയരുന്നത് ഞെട്ടലോടെ അരുണ കണ്ടു.

" കേട്ടു കേട്ടു മനുഷ്യൻ്റ തോൽ ഉരിഞ്ഞു പോയി. അമ്മയാണോയെന്ന് ആൾക്കാർ ചോദിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതെന്താണെന്ന് എനിക്കറിയാം'

ട്രൗസറിൻ്റെ കീശയിൽ നിന്ന് ബിഡിയെടുത്ത് ചുണ്ടത്ത് വെച്ചു അയാൾ. അരുണയെ നോക്കി.

" അടുപ്പിൽ നിന്നും ഒരു കനലെടുത്ത് വാ "

പ്രണയമായിരുന്നില്ല ആജ്ഞയായിരുന്നു ആ ശബ്ദത്തിലെന്ന് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അവൾ അയാളെ ഭയത്തോടെ ഒന്നു നോക്കി അടുക്കളയിലേക്ക് പതിയെ നടന്നു.

താൻ നടന്നു പോകുന്ന വഴിയിൽ കണ്ണുനീർ തൂവുന്നത് അവളറിഞ്ഞു.

തന്നെ കാണാതെ വിഷമിക്കുന്ന അച്ചനെയും അമ്മയെയും ഓർത്ത് ഞെട്ടലോടെ ഒരു നിമിഷം നിന്നു അവൾ.

തന്നെ അന്വേഷിച്ച് പരക്കം പാഞ്ഞു നടക്കുന്ന അനിയൻ്റെ രൂപം മനസ്സിൽ തെളിഞ്ഞപ്പോൾ ഒരു കരച്ചിൽ അവളുടെ തൊണ്ടക്കുഴിയിൽ പിടഞ്ഞു.

സ്വന്തം പ്രായം പാടത്തും ചേറിലും ഹോമിച്ച്, മകളൊരു ഉദ്യോഗസ്ഥയാകുന്നത് സ്വപ'നം കണ്ട അച്ഛനും അമ്മയും ഇപ്പോൾ, നാട്ടുക്കാരുടെ പരിഹാസം കേട്ട് നെഞ്ചു പൊട്ടുകയാവും.

വിവേകമില്ലെങ്കിൽ എത്ര പഠിച്ചിട്ടും കാര്യമില്ലെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്!

അല്ലെങ്കിൽ അയൽവക്കത്തെ വീട്ടിൽ കിണർ പണിക്ക് വന്ന ഒരുത്തൻ്റെ സ്നേഹപ്രകടനങ്ങളിൽ താൻ വീഴില്ലായിരുന്നു.

അയാളുടെ ചരിത്രമന്വേഷിക്കാതെ, ആ ഉറച്ച നെഞ്ചിൽ തളർന്നു കിടക്കാൻ ധൃതികൂട്ടില്ലായിരുന്നു.

തൻ്റെ ജിവിതം പോലെ പാതിയണഞ്ഞ അടുപ്പിൽ നിന്നും ഒരു തീക്കൊള്ളിയെടുക്കുമ്പോൾ, അവളുടെ മിഴി നിറഞ്ഞിരുന്നു.

പുറത്തെ മഴയിലേക്കും നോക്കി അവളൊന്നു ശബ്ദമില്ലാതെ കരഞ്ഞു.

" അരുണേ"

ശബ്ദത്തിലുള്ള വിളി കേട്ട് ഞെട്ടിയ അരുണ കണ്ണീർ തുടച്ച് അയാൾക്കരികിലക്ക് ഓടി.

ഒരു മുറുമുറുപ്പോടെ അയാൾ, അവളിൽ നിന്ന് തീക്കൊള്ളി വാങ്ങി ബീഡി കത്തിച്ചു

അവളുടെ നിറഞ്ഞു നിൽക്കുന്ന മാറിടത്തിലേക്ക് നോക്കി അയാൾ ഒന്നു ചുണ്ട് നനച്ചു.

"നീ പേടിക്കണ്ട ഇനി എൻ്റെ ജീവിതത്തിൽ നീ മാത്രമേയുണ്ടാവുകയുള്ളൂ

അയാൾ 'തൻ്റെ നെഞ്ചിലേക്ക് അരുണയെവലിച്ചിട്ട്, നെറ്റിയിൽ ചുംബനമർപ്പിക്കുമ്പോൾ, ഒരു നാഗം തൻ്റെ ശിരസ്സിൽ കൊത്തുന്നതായാണ് അവൾക്ക് തോന്നിയത്.

അരുണയെ നെഞ്ചോടമർത്തിയ അയാളുടെ നോട്ടം, പതിയെ ഇങ്ങോട്ടു വരുന്ന ദേവുവിലായിരുന്നു.

" ഇത്തിരി കൂടി പൊന്നും പൈസയും അവളിൽ ബാക്കിയുണ്ട്. അത് കിട്ടി കഴിഞ്ഞാൽ അവളെ നൈസ് ആയിട്ട് നമ്മൾക്ക് ഒഴിവാക്കാം "

അയാളുടെ ആലിംഗനത്തിൽ ശ്വാസം മുട്ടി പിടഞ്ഞു അരുണ.

" ഒഴിവായില്ലെങ്കിൽ കൊന്നു ഏതെങ്കിലും കിണറിൽ താഴ്ത്തും ഞാൻ "

പതിയെയാണെങ്കിലും ഉഷ്ണം വമിക്കുന്ന ആ സംസാരം കേട്ട് ഒരു ഞെട്ടലോടെ അയാളുടെ നെഞ്ചിൽ നിന്നകന്നു അരുണ.

"നിങ്ങളൊരു ചതിയനാണ്. സ്നേഹമോ, നന്ദിയോ, കടപ്പാടോ ഇല്ലാത്ത വെറും ദുഷ്ടൻ"

കൂർത്ത മിഴികളോടെ അയാളെ നോക്കി പറയുമ്പോൾ അരുണ വല്ലാതെ കിതച്ചിരുന്നു.

അയാൾ ഒരു ചിരിയോടെ, കത്തി തീർന്ന ബീഡി പുറത്തെ മഴവെള്ളത്തിലേക്കിട്ട് അരുണയെ സൂക്ഷിച്ചു നോക്കി,

"ഏഴു വർഷം കഷ്ടപ്പെട്ട് നോക്കിയ ഭർത്താവിനെ, ഒരിക്കൽ പരിചയപ്പെട്ട കിണറുപണിക്കാരന് വേണ്ടി ഒറ്റയടിക്ക് വേണ്ടെന്ന് വെച്ച അവളെക്കാളും ക്രൂരനാണോ ഞാൻ, ചതിയനാണോ, കടപ്പാടില്ലാത്തവനാണോ ഈഞാൻ?"

കണ്ണിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് രാജീവ് അങ്ങിനെ ചോദിച്ചപ്പോൾ അരുണ ഉത്തരമില്ലാതെ മുഖം താഴ്ത്തി.

അരുണയുടെ മുഖമുയർത്തി. വീടിൻ്റെ തിണ്ണയിലിരുന്ന അയാളുടെ മടിയിലേക്ക് എടുത്ത് വെച്ചു കൊണ്ട് ആ കാതോരത്തിലേക്ക് ചുണ്ട് ചേർത്തു അയാൾ.

"ഈ പറഞ്ഞ കാര്യങ്ങൾ ജീവനെ പോലെ നോക്കിയിരുന്ന അമ്മയെയും, അച്ചനെയും വിട്ട് രണ്ടാഴ്ച മുൻപ് കണ്ട് പരിചയപ്പെട്ട എന്നോടൊപ്പം ഇറങ്ങി വന്ന നിനക്കുണ്ടോ?"

ആ ഒരൊറ്റ ചോദ്യത്തിൽ ,
തൻ്റെ ജീവിതത്തിൽ ഇനി രാജീവിനോട് ഒരു ചോദ്യവും ചോദിക്കാൻ കഴിയില്ലായെന്ന് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഭാര്യയായിട്ടല്ല, അടിമയായിട്ടാണ് ഇനിയങ്ങോട്ട് തൻ്റെ ജീവിതമെന്ന് മനസ്സിലാക്കിയ അവൾ കണ്ണീർ വറ്റിയ മിഴിയോടെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്നു.

" ശൃംഗാരം അകത്താകാം. വഴിപോക്കർ കണ്ടാൽ എന്താ കരുതുക ?"

തൊട്ടരികിൽ നിന്ന് ദേവുവിൻ്റെ ശബ്ദം പൊങ്ങിയപ്പോൾ, ഒരു ഞെട്ടലോടെ അരുണ അവരെ നോക്കി .

മരണം തൊട്ടടുത്ത് വന്നിട്ടും അറിയാത്ത മണ്ടി"

അരുണ ദേവുവിനെ നോക്കി സഹതാപത്തോടെ ചിറികോട്ടി.

" പുതിയ കൊച്ചല്ലേ ഞാൻ ഇവൾക്ക് ഇവിടുത്തെ രീതികൾ പഠിച്ചിച്ചു കൊടുക്കായിരുന്നു "

രാജിവ് അതും പറഞ്ഞ് അരുണയെ ചേർത്ത് പിടിച്ച് പൊട്ടിച്ചിരിച്ചു.

" മടിയിലിരുത്തിയുള്ള പഠിത്തം ഒന്നും വേണ്ടാ "

ദേവുവിൻ്റെ ശബ്ദം പെട്ടെന്ന് ഉയർന്നപ്പോൾ അരുണ ഒരു ഞെട്ടലോടെ അയാളുടെ മടിയിൽ നിന്നെഴുന്നേറ്റു.

തന്നെ തറപ്പിച്ചു നോക്കി അകത്തേക്ക് പോകുന്ന ദേവുവിനെ അവൾ ഭീതിയോടെ നോക്കി.

നിറഞ്ഞ് പെയ്യുന്ന മഴ പോലെയുള്ള തൻ്റെ കണ്ണീർ കാണാതെ അയാൾ ദേവുവിൻ്റെ പിന്നാലെ അകത്തേക്ക് പോയപ്പോൾ, താൻ വന്ന് പതിച്ചത് ഒരു ചതിക്കുഴിയിേലാണെന്ന് അവൾക്കു മനസ്സിലായി.

അകത്ത് നിന്ന് അവരുടെ ചിരിയും, ശൃംഗാരവും കേട്ട് ഉയരുന്ന മാറിടത്തിൽ അവൾ സങ്കടത്തോടെ കൈവെച്ചു.

തറയിലിരുന്നു അയാൾ ഭക്ഷണം കഴിക്കുമ്പോൾ വിളമ്പിയത് ദേവുവാണ്.

അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച് ഓരോ കറികളും ആ പാത്രത്തിലേക്ക് അവൾ വിളമ്പി കൊടുത്തു.

ഒരു നിമിഷം അയാൾക്ക് ചോറ് ശിരസ്സിൽ കയറി ചുമച്ചപ്പോൾ, അരുണപതിയെ അയാളുടെ തലയിലേക്ക് കൈ നീട്ടിയപ്പോൾ, ദേവു വിൻ്റെ കത്തുന്ന നോട്ടം അവൾക്കു നേരെ വീണു.

സങ്കടത്തോടെ അവൾ കൈ പിൻവലിച്ച് മുറിയിലേക്ക് പോകുമ്പോൾ രാജീവ് ദേവുനെ ദേഷ്യത്തോടെ നോക്കി.

" വന്ന അന്ന് തന്നെ
റാണിപട്ടം കൊടുക്കാൻ എനിക്ക് മനസ്സില്ല. അത്ര തന്നെ "

അകത്തെ മുറിയിൽ തഴപ്പായയിൽ കമഴ്ന്നു കിടന്ന് ഏങ്ങലടിക്കുന്ന അരുണയുടെ ചെവിട്ടിലേക്ക് അസ്ത്രം പോലെ തുളഞ്ഞു കയറി ദേവുവിൻ്റെ വാക്കുകൾ.

ഇടയ്ക്കെേപ്പോഴോ ഊണു കഴിക്കാൻ വിളിച്ചപ്പോൾ, വിശപ്പില്ലായെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി.

പ്രായപൂർത്തിയായ ശേഷം സ്വപ്നം കണ്ട കല്യാണരാത്രി ഇങ്ങിനെയായിരുന്നുവോ?"
ആ ചോദ്യത്തോടൊപ്പം,
നിശബ്ദം കരഞ്ഞുക്കൊണ്ടിരുന്ന അവളുടെ കണ്ണീർ വീണ് തഴപായ നനഞ്ഞുകൊണ്ടിരുന്നു

" പാല് വാങ്ങിച്ചുകൊണ്ട് വന്നത് അവൾക്ക് കുടിക്കാനല്ല ! എനിക്കും നിങ്ങൾക്കും കുടിക്കാനാ"

അപ്പുറത്തെ മുറിയിൽ നിന്ന്.ചിതറി തെറിച്ച വന്ന ആ വാക്കുകൾക്ക് ശേഷം, ചിരിയും, കളിയും, അമർത്തിയ ശീൽക്കാരമൊക്കെ ഉയർന്നപ്പോൾ, അരുണ തൻ്റെ ചെവികൾ കൊട്ടിയടച്ചു.

കണ്ണീർ പോലെ പെയ്യുന്ന പുറത്തെ മഴയിലേക്കും നോക്കി കിടന്ന അരുണ രാത്രിയുടെ ഏതോ യാമത്തിൽ കണ്ണടച്ചു..

വെളുപ്പിനെ ദേവു വന്ന് വിളിച്ചപ്പോഴാണ് അരുണ ഉയർന്നത്.

തനിക്കു നേരെ നീട്ടിയ
ആവി പറക്കുന്ന ചായ കൈനീട്ടി വാങ്ങി അവൾ അത്ഭുതത്തോടെ ദേവുവിനെ നോക്കി.

കുളിച്ചു കുറി തൊട്ട് നല്ല സാരിയുമുടുത്ത് നിൽക്കുന്ന ദേവുവിൻ്റെ ചുണ്ടിലെയും, കവിളിലേയും ക്ഷതങ്ങളിലേക്ക് നോക്കി നിന്നു ഒരു നിമിഷം അരുണ.

ദേവു ഒരു ചമ്മലോടെ കൈ കൊണ്ട് കവിൾ മറച്ചു.

അവൾ ഒരു നിമിഷം അരുണയെ ആർദ്രപൂർവ്വം നോക്കി അവളുടെ ശിരസ്സിൽ തലോടി.

"എൻ്റെ മക്കളെ നിന്നെ ഏൽപ്പിച്ച് ചേച്ചി ഒരു യാത്ര പോകാണ്"

"വേഗം വരില്ലേ?"

കുട്ടിത്തത്തോടെയുള്ള അരുണയുടെ ചോദ്യം കേട്ട് കണ്ണീരോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ദേവു

"അറിയില്ല മോളെ തിരിച്ചു വരാൻ എത്ര വർഷങ്ങളെടുക്കുമെന്ന് "

ദേവു പറയുന്നത് ഒന്നും മനസ്സിലാവാതെ കണ്ണുചിമ്മാതെ അവളെ തന്നെ നോക്കി നിന്നു അരുണ.

"നമ്മളെ പോലെ അക്കരപ്പച്ച കണ്ടാൽ ചാടുന്ന പെണ്ണുങ്ങൾ ഉള്ളിടത്തോളം കാലം ഞാൻ ഇപ്പോൾ ചെയ്തതിന് ഒരു ഫലവും ഇല്ലായെന്നറിയാം -എന്നാല്യം ഇനിയുമൊരു പെണ്ണ് ഇയാളെ കൊണ്ട് ചതിയിൽ വീഴരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്"

അവൾ പേടിച്ചു നിൽക്കുന്ന അരുണയെ മാറോട് ചേർത്തു.

"എൻ്റെ അനിയത്തിയെയാണ് നിന്നിൽ ഞാൻ കണ്ടത്. ചേച്ചിയ്ക്ക് പറ്റിയ തെറ്റ് എൻ്റെ അനിയത്തിക്കും പറ്റരുത് - അതിന് വേണ്ടി അയാളെ ഈ ലോകത്ത് നിന്ന് പറഞ്ഞയച്ചു ഞാൻ.

അരുണയുടെ കൈയിൽ നിന്ന് ചായഗ്ലാസ്സ് നിലത്ത് വീണ് ചിതറി.

" മക്കൾ എഴുന്നേറ്റാൽ അമ്മ ഒരു ദൂരയാത്രക്ക് പോയെന്നു പറയണം.അവർ എഴുന്നേൽക്കും മുൻപെ ചിലപ്പോൾ,ദേവേട്ടൻ ഇവിടെയെത്തും -ചെയ്ത തെറ്റുകൾക്ക് ദേവേട്ടനോട് മാപ്പു ചോദിച്ചതിനു ശേഷമേ കുറ്റം ഏൽക്കാൻ ഞാൻ സ്റ്റേഷനിലേക്ക് പോകുകയുള്ളൂ"

മൗനം തീർത്ത രണ്ട് നിമിഷങ്ങൾക്കു ശേഷം ദേവു തിരിഞ്ഞു നടക്കുമ്പോൾ ഒരു ഞെട്ടലോടെ അരുണ ആ
കാഴ്ചകണ്ടു.

ഇടതു കൈയിൽ പിറകെ പിടിച്ചിരിക്കുന്ന വാക്കത്തിയിൽ നിന്ന് നിലത്തേക്ക് ഊർന്നുവീഴുന്ന ചോരത്തുള്ളികൾ.

വല്ലാത്തൊരു മരവിപ്പോടെ തറയിൽ പടർന്ന രക്തതുള്ളികളിലേക്ക് നോക്കി നിൽക്കുമ്പോൾ, ദേവുവിൻ്റെ വാക്കുകൾ അവൾ കേട്ടു .

"നിനക്ക് ഒരു പോറൽ പോലും ഏൽക്കാതെ ഈ ചേച്ചി കാത്തിട്ടുണ്ട്. ഇനിയും ഒരു ചതിക്കുഴിയിൽ പെട്ടു പോകാതിരിക്കാൻ കണ്ണും കാതുമല്ല തുറന്നു വെക്കേണ്ടത് .ദൈവം തന്ന ബുദ്ധിയും, വിവേകവും ഉപയോഗിക്കുക "

തളരാതെ നടന്നകലുന്ന ദേവുവിൻ്റെ പിന്നാലെ കണ്ണീരോടെ,ഓടാനാഞ്ഞ അരുണ അകത്തെ മുറിയിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട്' കണ്ണീർ തുടച്ച് ഉറച്ച കാൽവെപ്പുകളോടെ അവർക്കരികിലേക്ക് നടന്നു.

ശുഭം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot