നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സക്കറിയ പോത്തന്റെ കുഴിമാടം


അതെ സക്കറിയ പോത്തൻ മരിച്ചിട്ടില്ലാ.
അപ്പോൾ റെയിൽവെ പാളത്തിൽ രണ്ടാക്കപ്പെട്ട് വികൃതമായ ജഡം?

മേരി സക്കറിയ അനാഥമായി പോകേണ്ട ആ ജഡത്തിനെ സക്കറിയയുടെ പേര് വിളിച്ച് നിലവിളിച്ചപ്പോൾ ആ ജഡം സക്കറിയയുടേതായി.നാട്ടുകാർക്കും വീട്ടുകാർക്കും സക്കറിയ മരണപ്പെട്ടവനായി.പിന്നെ ആരു പറഞ്ഞു സക്കറിയ മരിച്ചിട്ടില്ലെന്ന്?പറഞ്ഞത് മറ്റാരുമല്ലാ ഇലഞ്ഞിപള്ളിയിലെ കപ്യാര് യാക്കോബേട്ടൻ.അതെങ്ങനെ? എപ്പോ ?

സക്കറിയായെ അടക്കം
ചെയ്തിരിക്കുന്നത് അയാളുടെ ഇടവകയായ ഈ ഇലഞ്ഞിപ്പള്ളിയിലാണല്ലോ!
ഒരു ബുധനാഴ്ച്ച രാത്രി വികാരിയച്ചന്റെ പള്ളിയറയിൽ നിന്നും ഏതോ സായിപ്പു കൊടുത്തതും അച്ഛൻ ആർക്കോ
കൊടുക്കാൻ വെച്ചതുമായ മുന്തിയ ഇനം മദ്യം പകുതി കട്ടുകുടിച്ച് വെള്ളം ചേർത്ത് വെച്ചിട്ട് തിരികെ ഒരു ഭക്തി ഗാനവും മൂളി പോരുമ്പോൾ ശ്മശാനത്തിൽ ആരോ ഇരിക്കുന്നതു പോലൊരു തോന്നൽ.
നിലാവെട്ടത്തിന്റെ പതറിയ വെട്ടത്തിൽ പൊക്കം കുറഞ്ഞ തെങ്ങിന്റെ ഓലയുടെ നിഴൽ ഭീമകാരമായ ഒരു മീനിന്റെ മാംസം നഷ്ടപ്പെട്ട മുള്ളുപോലെ നിലത്ത് വീണു കിടക്കുന്നു.കാറ്റിൽ അത് പിടയ്ക്കുന്നതു പോലെ..

ചെറുതായി പൊടിയുന്ന മഴയിൽ തല നനയാതിരിക്കാൻ യാക്കോബേട്ടൻ തോർത്ത് തലയിൽ ചുറ്റിക്കെട്ടി.
ആ ഭാഗത്തേക്ക് കൈയിലിരുന്ന ടോർച്ച് തെളിച്ചു നോക്കി.അത് കത്തുന്നില്ല.. ടോർച്ചിന്റെ തലക്ക് രണ്ടിടി കൊടുത്തു നോക്കി.ഇല്ലാ ടോർച്ച് ഇന്നലെയെപ്പോഴോ അന്ത്യശ്വാസം വലിച്ചിരിക്കുന്നു..

പെട്ടെന്ന് ഒരു ഇടി വെട്ടി.ആ വെട്ടത്തിൽ യാക്കോബേട്ടൻ തീർച്ചപ്പെടുത്തി.ആരോ ഒരാൾ അവിടെ ഇരിപ്പുണ്ട്.ധൈര്യം ചോർന്നു പോയതു കൊണ്ട് കൈയ്യിൽ കൂടുതലുള്ള ഭയത്തെ മുറുക്കെ പിടിച്ച് അവിടേക്ക് നടന്നു.മൂന്നു മാസം മുമ്പ് അടക്കം ചെയ്ത സക്കറിയയുടെ കല്ലറക്കരികിൽ ഒരാളിരിക്കുന്നത് യാക്കോബേട്ടൻ കണ്ടു.
ഈ അസമയത് ആരാണ് കല്ലറയുടെ മുന്നിലിരിക്കുന്നത്.പതിവില്ലാതെ നല്ല കാറ്റും വീശുന്നുണ്ട്.ശ്മശാനം ചുറ്റി വന്നൊരു കാറ്റ് യാക്കോബിന്റെ തലയിൽ കെട്ടിയ തോർത്തിനു വേണ്ടി പിടിവലികൂടി.
തോർത്തിനെ കാറ്റു കൊണ്ടു പോകാതിരിക്കാൻ അയാൾ തലയിൽ കൈ ബലമായി അമർത്തിപിടിച്ചു.തിരിച്ച് നടക്കാൻ ഹൃദയത്തിനകത്തിരിക്കുന്ന യാക്കോബേട്ടന്റെ അപരൻ അയാളോട് പറഞ്ഞു..

ഹൃദയത്തിലൊരപരനോ?

എന്താ സംശയമുണ്ടോ?ഉണ്ട് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ അവരവരുടെ അപരൻമാരുണ്ട്.ചിലപ്പോൾ ചില പ്രവൃത്തികൾ അവര് നമ്മേകൊണ്ട് ചെയ്യിക്കാറുണ്ട്..ആരേങ്കിലും വെള്ളമടിക്കാൻ വന്നതായിരിക്കുമെന്ന് യാക്കോബേട്ടൻ അപരന് തിരുത്തി കൊടുത്തതിനു ശേഷം ചോദിച്ചു..

"ആരാ.... എന്താ ഇവിടെ..?

അയാൾ മിണ്ടുന്നില്ലാ.
യാക്കോബേട്ടന്റെ അപരൻ യാക്കോബേട്ടനോട്.

"അതൊരു പ്രേതമാണ് യാക്കോബേ.മടങ്ങി പോകൂ"

അപരന് മറുപടി കൊടുക്കാതെ അയാൾ വീണ്ടും ചോദിച്ചൂ...

"ആരാണെന്നാ ചോദിച്ചത്?എന്തിനാ ഇവിടിരിക്കുന്നത്.?? "

കാറ്റ് ശക്തിയോടെ വീശിയടിച്ചു.കാറ്റിൽ കരിയിലകളും കൂട്ടുവന്നു.അയാളുടെ തലയിലെ തോർത്തിനെ ഇത്തവണ കാറ്റുകൊണ്ടുപോയി.നിലത്തിട്ട് കാറ്റ് ആക്രമിക്കുന്ന തോർത്തെടുത്തു യാക്കോബ് തലയിൽ ചുറ്റി.വീണ്ടും കല്ലറയിൽ ഇരിക്കുന്ന അവ്യക്തമായ രൂപത്തിലേക്ക് ഒരു വിറയലോടെ യാക്കോബ് നോക്കി.
തൊണ്ടകുഴിയിൽ പുറത്തേക്കു വരാതെ ഒച്ച ഒളിച്ചിരിക്കുന്നു.എങ്കിലും ആയാസപ്പെട്ട് അയാൾ വീണ്ടും ചോദിച്ചു..

"ആരാ ആരാന്ന്.....? "

ഉത്തരം ചെറിയൊരു പതർച്ചയോടെ കിട്ടി..

"ഞാനാ യാക്കോബേട്ടാ സക്കറിയ.... "

വീണ്ടും മിന്നലോടുകൂടി ഇടിവെട്ടി.മിന്നൽ പ്രകാശത്തിൽ അയാൾ ആ മുഖം തിരിച്ചറിഞ്ഞു.മൂന്നു മാസം മുൻപ് അടക്കം ചെയ്ത സക്കറിയ പ്രേതമായ് മുന്നിൽ.
ഒരു നിലവിളിയോടെ യാക്കോബേട്ടൻ കുഴഞ്ഞു വീണു..

നിലത്തേക്ക് വീണ മരിച്ചെന്നു കരുതിയ ടോർച്ച് പുനർജനിച്ചതു പോലെ തെളിഞ്ഞു. പ്രകാശം പരത്തി നിലത്തുവീണു കിടക്കുന്നു..
യാക്കോബേട്ടന്റെ അപരൻ ആ പഞ്ചായത്തിന്നു തന്നെ ഓടി രക്ഷപ്പെട്ടിരിക്കുന്നു.പിറ്റേന്ന് പുലർകാല മണിയടിക്കാൻ യാക്കോബേട്ടൻ പള്ളിയിലെത്തിയില്ല.നല്ല പനി,
കരിമ്പടത്തിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുകയാണ്.

"ദീനമാണെങ്കിൽ ആ പഞ്ചായത്ത് ആശുപത്രിയിലോട്ട് ചെല്ല് മനുഷ്യ.. "

യാക്കോബേട്ടന്റെ ഭാര്യ ത്രേസ്യ കനത്തിൽ പറഞ്ഞു കൊണ്ട് കൈയ്യിലിരുന്ന ചുക്കിട്ട കടുപ്പം കൂട്ടിയെടുത്ത കാപ്പി തലയൊടിഞ്ഞു കരഞ്ഞു കറങ്ങുന്ന ടേബിൾ ഫാനിനരികിൽ വെച്ചു..

പുതപ്പ് മാറ്റി അയാൾ തന്നെ നോക്കുന്ന ചുക്കുകാപ്പിക്കൊരു നെടുവീർപ്പെറിഞ്ഞു കൊടുത്തു കൊണ്ട് എഴുന്നേറ്റു.
കാപ്പിയുടെ ജീവനെ മൊത്തി കുടിച്ചൊന്ന് ചുമച്ചതിനു ശേഷം ആയാൾ വിറയ്ക്കുന്ന ശബ്ദത്തോടെ ത്രേസ്യയോട് പറഞ്ഞു.

" ഞാൻ ഇന്നലെ സക്കറിയയുടെ പ്രേതത്തെ കണ്ടെടീ."

"ഒന്നു പോ മനുഷ്യ..."

അവളതും പറഞ്ഞ് ചവുട്ടി കുലുക്കി പോകുമ്പോൾ, അവളുടെ ചവിട്ടു കൊള്ളാതെ തെന്നിമാറി ഭാഗ്യമെന്നു പറഞ്ഞ് നിലത്തുവീണുപോയൊരു പല്ലി അയാളെ നോക്കി ചിരിച്ചു.

അന്നു രാത്രിയിലെ തകർത്തു പെയ്യുന്ന മഴയിലാണ് യാക്കോബേട്ടൻ സക്കറിയയുടെ പ്രേതത്തെ വീണ്ടും കണ്ടത്..
മഴ തകർത്തു പെയ്യുകയാണ്.
യാക്കോബ് മഴയുടെ തണുപ്പിനെ പനിയുടെ ചൂടിൽ പൊതിഞ്ഞു കരിമ്പടത്തിനുള്ളിൽ ഉറക്കമില്ലാതെ കിടക്കുകയാണ്.ത്രേസ്യയുടെ കൂർക്കം വലി മഴയുടെ ഇരമ്പത്തിനൊപ്പം മുറിയിൽ മുഴച്ചു നിൽക്കുന്നു.അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.അയാളൊന്നു ഞെട്ടി.
വീണ്ടും തുടരെ തുടരെ വാതിലിൽ മുട്ട് കേൾക്കുന്നു.

"ഈ അസമയത്ത് ആരാണാവോ. പള്ളിയിൽ നിന്നും ആരെങ്കിലുമാണോ.. "

പിറുപിറുത്തു കൊണ്ട് കരിമ്പടത്തെ വലിച്ചുമാറ്റി യാക്കോബ് കട്ടിലിൽ നിന്നും പ്രയാസപ്പെട്ട് എഴുന്നേറ്റു.മുറിയിലെ ലൈറ്റ് ഇട്ടപ്പോൾ ബൾബും ഉറക്കമുണർന്ന് കണ്ണുകൾ ചിമ്മി തുറക്കും പോലെ ഒന്ന് രണ്ടുവട്ടം അണഞ്ഞിട്ട് പ്രകാശം പരത്തി..
താഴെ പായയിൽ വാ തുറന്ന് കിടക്കുന്ന ത്രേസ്യായുടെ കിതച്ചുകൊണ്ടുള്ള കൂർക്കം വലി ഒരു തീവണ്ടിയെ ഓർമപ്പെടുത്തി.
അയാൾ വാതിൽ തുറന്നതും രണ്ടടി പിന്നോട്ട് മാറി.പരിഭ്രമത്തോടെ കൂർക്കം വലിക്കുന്ന ത്രേസ്യയെ നോക്കി.പുറത്ത് അലറിവിളിക്കുന്ന മഴയിൽ സക്കറിയ പോത്തന്റെ മഴ നനഞ്ഞ പ്രേതം..

യാക്കോബ് നിന്ന് വിറച്ചു.പനിപോലും അയാളെ തനിച്ചാക്കി പോയി. സക്കറിയായുടെ പ്രേതം അകത്തേക്ക് കയറി.അയാളുടെ ദേഹത്തുനിന്നും മഴവെള്ളം താഴേക്ക് ഊർന്നിറങ്ങി യാക്കോബിന്റെ വീടിന്റ തറയിലൂടെ നാലായി പിരിഞ്ഞ് പാഞ്ഞു.വിറയ്ക്കുന്ന ശബ്ദത്തിൽ സക്കറിയ പറഞ്ഞു.

"യാക്കോബേട്ടാ ഞാൻ പ്രേതമല്ല, ഞാൻ മരിച്ചിട്ടുമില്ല.."

വിശ്വാസം വരാതെ യാക്കോബ് അയാളെ തന്നെ തുറിച്ചു നോക്കി.അതിനു ശേഷം വേഗത്തിൽ ത്രേസ്യായെ കുലുക്കി വിളിച്ചു.
ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഒച്ചവെച്ചുകൊണ്ട് ത്രേസ്യാ..

"എന്തോന്നാ മനുഷ്യ നിങ്ങക്ക് രാത്രി ഉറക്കമില്ലേ.. "

അതും പറഞ്ഞ് പുള്ളിക്കാരി കണ്ണുകൾ തിരുമ്മി യാക്കോബിനെയും മഴയിൽ കുതിർന്നു നിൽക്കുന്ന സക്കറിയായെയും നോക്കി.അപ്പോൾ യാക്കോബു പറഞ്ഞു.

"ദേ കണ്ടോ സക്കറിയായുടെ പ്രേതം.. "

ഒരു അന്ധാളിപ്പോടെ ത്രേസ്യ സക്കറിയായെ ഒന്നു നോക്കിയതിനു ശേഷം മെല്ലെ കൈ കുത്തി എഴുന്നേറ്റ് മുറിയുടെ ചുമരിലെ അഴയിൽ നിന്നുമൊരു തോർത്തുമുണ്ട് എടുത്ത് സക്കറിയാക്കു നീട്ടികൊണ്ട് പറഞ്ഞു.

"പ്രേതം മഴനനഞ്ഞു പനി പിടിപ്പിക്കണ്ട തല തുവർത്തു... "

സക്കറിയ തോർത്ത് വാങ്ങി തലതുവർത്താൻ തുടങ്ങി.

ത്രേസ്യയുടെ ആ പ്രവർത്തി കണ്ട് വാ തുറന്ന് നിന്നു യാക്കോബ്.അത്‌ കണ്ട് ത്രേസ്യ പറഞ്ഞു.

"നിങ്ങള് എവിടത്തെ കപ്പിയാരാണ് മനുഷ്യ. പ്രേതത്തെയും മനുഷ്യനെയും കണ്ടാ തിരിച്ചറിയത്തില്ലേ... "

അത് കേട്ട് യാക്കോബ് പറഞ്ഞു.

"എന്നാലും എന്റെ ത്രേസ്യയെ ഇവനെ മൂന്ന് മാസം മുമ്പ് അടക്കം ചെയ്തതല്ലെ.അപ്പോ??? "

യാക്കോബ് തലചൊറിഞ്ഞപ്പോ ത്രേസ്യ പറഞ്ഞു.

"അത്‌ ശെരിയാണല്ലോ.അതിപ്പോഴല്ലെ ഞാനും ചിന്തിച്ചത്.ഇങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. "

മൂക്കത്ത് വിരൽ വെച്ചുകൊണ്ട് ത്രേസ്യ വീണ്ടും.

"അല്ലാ സക്കറിയായെ നീ ഇനി ശെരിക്കും പ്രേതമാണോ.... "

യാക്കോബ് അവളെ ഒന്നുനോക്കി.സക്കറിയ ചുണ്ടിലൊരു ചിരി വരുത്തി.അടുത്തു കണ്ടാ മരത്തിന്റെ സ്റ്റൂളിലേക്ക്‌ ഇരുന്നു.

"മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന നീറ്റലിനെക്കാളും വലിയ നീറ്റൽ അവരുടെ കയ്യിൽ നിന്നും കിട്ടുന്ന അവഗണനകളും പരിഹാസങ്ങളുമാണ്.ജീവിതത്തിൽ ഞാൻ തോറ്റുപോയികൊണ്ടിരിക്കുകയാണ്.
എനിക്ക് എന്നെയൊന്നു അടയാളപെടുത്താനുള്ള ശ്രമങ്ങൾ ആയിരുന്നു ഇതുവരെ പക്ഷെ കഴിഞ്ഞില്ല. എന്നിലും കഴിവ് കുറഞ്ഞവർ ഉയരങ്ങൾ കീഴടക്കുമ്പോൾ ഞാനത് നോക്കി നിരാശയോടെ നിന്നു.ഞാനൊരു തോൽവിയായി."

ഒന്ന് നിർത്തിയതിനു ശേഷം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് സക്കറിയ തുടർന്നു..

"ചെറിയ പ്രായത്തിൽ തന്നെ പ്രാരാബ്ദങ്ങളുടെ ഭാരം ചുമന്നവനാണ്. ഞാൻ കണ്ട എന്റെ സ്വപ്നങ്ങളിലേക്കുള്ള ദൂരം കൂടുതലായിരുന്നു.ഇടക്ക് എല്ലാം വേണ്ടാന്നു വെച്ചു കുടുംബത്തിനു വേണ്ടി ജീവിച്ചിട്ടും നെഞ്ചിനുള്ളിൽ വേദന മാത്രം.പത്തു പതിനഞ്ചു കൊല്ലം ഒന്നിച്ചു ജീവിച്ചിട്ടും എന്നെ തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞില്ല.ഏതോ ഒരാളുടെ ശവശരീരം അവൾ എന്റെതാണെന്ന് പറഞ്ഞപ്പോൾ അവിടെ ഞാൻ ശെരിക്കും തോറ്റുപോയി.. "

സക്കറിയ എഴുന്നേറ്റ് യാക്കോബിന്റെ കയ്യിൽ പിടിച്ചു കൊണ്ടു വീണ്ടും പറഞ്ഞു.

"ആ കുഴിമാടം സക്കറിയ പോത്തന്റെ തന്നെ ആയി നിലകൊള്ളട്ടെ.ഞാൻ ജീവിച്ചിരിക്കുന്ന പ്രേതമായും.ഞാൻ പോവുകയാണ് ഏട്ടാ,ദൈവം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതുപോലെ ഞാനും ഒരുനാൾ ഉയിർത്തെഴുന്നേൽക്കും.. "

എന്താണ് സക്കറിയായോട് പറയേണ്ടത് എന്നറിയാതെ യാക്കോബും ത്രേസ്യയും മിണ്ടാതെ നിന്നു.

"എനിക്കൊന്നേ പറയാനുള്ളൂ നമ്മൾ നമ്മളെ ആശ്രയിക്കുന്നവർക്കുവേണ്ടി ജീവിക്കണം പക്ഷെ നമ്മളെ മറന്ന് നമ്മുടെ സ്വപ്നങ്ങളെ മറന്ന് ജീവിക്കരുത്.സ്വപ്നങ്ങൾ കാണാൻ മാത്രമല്ല അത്‌ നേടാനും കൂടിയുള്ളതാണെന്ന് തെളിയിക്കും വരെ ഞാൻ ഇടക്ക് ഇവിടെ പ്രേതമായി വരും.
അന്നും ഇതുപോലെ പേടിക്കരുത്.. "

അതും പറഞ്ഞ് സക്കറിയ പുറത്തെ മഴയിലേക്ക് ഇറങ്ങാൻ തുടങ്ങിയതും ത്രേസ്യ വിളിച്ചു.

"ഒന്ന് നിന്നെ സക്കറിയായുടെ പ്രേതമേ.
സക്കറിയ പറഞ്ഞതും നിന്റെ വേദനയും ഞങ്ങൾക്ക്‌ മനസിലായി.
അറിഞ്ഞുകൊണ്ട് ഒരു നല്ല സ്ത്രീയും ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചുവെന്ന് കള്ളം പറയില്ല.നിന്നെയോർത്തു അവളൊഴുക്കുന്ന കണ്ണീരിന്റെ കണക്ക് ഈ ത്രേസ്യക്ക്‌ അറിയാം.നീയാണതെന്നു തിരിച്ചറിഞ്ഞ നിമിഷം തൊട്ട് അവൾ തകർന്നിരിക്കുകയാണ്.സക്കറിയ രക്ഷപെടണമെന്ന് അവൾക്ക്‌ ആഗ്രഹമുണ്ട്.നിന്റെ സ്വപ്നങ്ങൾക്കൊപ്പം അവളുണ്ട്.

ഒന്ന് നിർത്തിയതിനുശേഷം ത്രേസ്യ തുടർന്നു.

"ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ നിന്റെ സ്വപ്നങ്ങൾ നേടാൻ കഴിയാത്തതിലുള്ള ഒരുതരം നിരാശയിലാണിപ്പോ നീ.
ഡാാ പോത്തേ കുടുംബത്തോടൊപ്പം ചേർന്നുനിന്ന് നീ പരിശ്രമിക്ക് നിനക്ക് ഒരിക്കൽ വിജയിക്കാൻ കഴിയും.
നിന്റെ മക്കളെ കുറിച്ച് നീ ഓർത്തോ.
നീ മരണപെട്ടവനായി ജീവിക്കുമ്പോൾ ആ മക്കള് അച്ഛനില്ലാത്തവരായി ജീവിക്കും.നീ വീട്ടിലോട്ട് ചെല്ല്.."

സക്കറിയായുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അയാളുടെ മനസ്സിൽ ഭാര്യയും കുട്ടികളും തെളിഞ്ഞു വന്നു.
സക്കറിയാ കണ്ണുകൾ തുടച്ചു മഴയിലേക്ക്‌ ഇറങ്ങി വീട്ടിലേക്ക് നടന്നു.
സക്കറിയ മഴയിൽ അലിഞ്ഞു പോകുന്നത് യാക്കോബേട്ടനും ത്രേസ്യയും നോക്കി നിന്നു.

"എന്നാലും എന്റെ ത്രേസ്യേ നീ അവനെ അങ്ങനെ തന്നെ മാറ്റികളഞ്ഞല്ലോ."

യാക്കോബ്ബ് ആശ്ചര്യത്തോടെ നോക്കികൊണ്ട് പറഞ്ഞുപ്പോൾ
ത്രേസ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

"നമ്മുടെ ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ.ശ്വാസം എടുക്കുന്നത് എല്ലാവരും ഒരുപോലെയാണ് പക്ഷെ ചിന്തികളും പ്രവർത്തികളും പലവിധത്തിലാണ്.ചില തെറ്റുകൾ പറ്റാത്തവരില്ല പക്ഷെ തക്ക സമയത്ത് അത് തിരുത്തി കൊടുക്കാൻ ആളുണ്ടായാൽ അവര് മാറി ചിന്തിച്ചേക്കാം.സക്കറിയയുടെ കാര്യവും അത് തന്നെയാണ്.."

യാക്കോബ്ബ് ഭാര്യയെ തന്നെ നോക്കി നിൽക്കുകയാണ്.അപ്പൊ ത്രേസ്യ വീണ്ടും ചോദിച്ചു.

"അല്ലാ മനുഷ്യ ഇങ്ങൾക്ക് വല്ല ആഗ്രഹങ്ങളും ഉണ്ടോ. "

ത്രേസ്യ കെട്ടിയോനെ നോക്കി.അവളുടെ ചോദ്യം കേട്ട് യാക്കോബ് അവളെ ആദ്യമൊന്നു നോക്കിയതിനു ശേഷം പറഞ്ഞു.

"എനിക്ക് നാളെ രാവിലെ പുട്ടും മുട്ടക്കറിയും കഴിക്കാൻ ആഗ്രമുണ്ട്. "

"അതേതായാലും നന്നായി നല്ല ആഗ്രഹം.മുട്ടയൊന്നും ഇവിടെയിരിപ്പില്ല, നാളെ കോഴി മുട്ടയിട്ടാൽ നിങ്ങടെ ആഗ്രഹം നടക്കും.വന്നു കിടക്കു മനുഷ്യാ.."

അതും പറഞ്ഞു ത്രേസ്യ കിടക്കാൻ തുടങ്ങിയതും യാക്കോബ്.

"ഇനി കോഴി മുട്ടയിയിടാതിരിക്കോ.??"

അതുകേട്ടു ത്രേസ്യ ചിരിച്ചുപോയി.ആ ചിരി യാക്കോബിനെ വട്ടം കെട്ടിപിടിച്ചു.

പുറത്തപ്പോഴും മഴ തകർത്തുപെയ്യുകയായിരുന്നു.


Written by Perumbavoorukaran Shafeek

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot