നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചേച്ചിയെ പ്രണയിച്ച പുരുഷൻ - PART 1


"ദാ മോളെ ട്ടൂർഇന് ചോദിച്ച മൂവായിരം രൂപ "

"അപ്പൊ വഴിചിലവിനുള്ള പണം ..ഐ മീൻ പോക്കറ്റ് മണിയായി "

"നീ ചോദിച്ചത് മൂവായിരം രൂപയല്ലേ "

"അയ്യോ അച്ഛാ ..അത് കോളേജിൽ അടക്കാനുള്ള തുകയാ ..ട്ടൂർ പോകുമ്പോ എന്തെങ്കിലുമൊക്കെ മേടിക്കാൻ കൈയ്യിൽ കുറച്ചെങ്കിലും കാശു വേണ്ടേ ...എന്റെ കൂട്ടുകാരികളൊക്കെ ആയിരം രൂപയോളമാ പോക്കറ്റ് മണിയായി കൊണ്ടുവരുന്നത് .."

"ആയിരം രൂപയോ ..നീയെന്താ പറേണെ മോളെ .. ഈ കാശുപോലും എത്ര കഷ്ട്ടപെട്ട ഈയച്ഛൻ ഉണ്ടാക്കിയെ എന്ന് നിനക്കറിയോ ..."

"ചേച്ചി ...നമ്മുടെ അച്ഛൻ ..ഒരു കൊച്ചമ്പലത്തിലെ കഴകക്കാരനാ ..അല്ലാതെ നിങ്ങടെ കൂട്ടുകാരികളുടെ അച്ചന്മാരെപോലെ പോലെ ബിസിനസ്സ്കാരനല്ല ..ഇങ്ങിനെ ദൂർത്തടിക്കാൻ "

"എടി ..നീ ഈകാര്യത്തിൽ ഇടപെടേണ്ട "

"ലക്ഷ്മിക്കുട്ടി പറഞ്ഞത് ശെരിയല്ലെ മോളെ .. ഈയച്ഛന്റെ പ്രാരബ്ധങ്ങളെ കുറിച്ച് നിനക്കറിയില്ലാന്നുണ്ടോ ..ഇരുന്നൂറ് രൂപ കൂടി അച്ഛൻ തരാം ..ബാക്കിയുള്ളത് ലക്ഷ്മികുട്ടിക് മരുന്ന് വാങ്ങിക്കാൻ മാറ്റിവച്ചിട്ടുള്ളതാണ് ..."

"അല്ലെങ്കിലും എന്റെ എല്ലാ മോഹോം ഈ നിത്യരോഗി കാരണ തട്ടിത്തെറിക്കപെടണേ ...അങ്ങു ചത്തുപൊയ്കൂടെ നശൂലെ "

"സുഷമേ "

"ആ കാശെടുത്തു കൊടത്തേക്കു അച്ഛാ ...ചേച്ചിക്ക് സന്തോഷാവട്ടെ ...അല്ലെങ്കിലും എന്നും മരുന്നുകഴിച്ചിട്ടും ഒരു ഗുണോന്നുല്യാലോ ..."

"എന്താ ഇവിടൊരു ബഹളം "

"ഇതാര് നന്ദനോ ..വരൂ കേറിയിരിക്കൂ ..ഈ സുഷമ വെറുതെ ഓരോന്ന് പറഞ്ഞു... "

"അതൊന്നുമല്ല നന്ദേട്ടാ ...എനിക്ക് നാളെ ഒരു കോളേജ് ട്ടൂർ ഉണ്ട് ...കാശു ഇതുവരെ തികഞ്ഞിട്ടില്ല ..."

"അത്രേയുള്ളോ ...എന്നോടൊന്നു സൂചിപ്പിക്കായിരുന്നില്ലേ ..എത്രയാ വേണ്ടേ "

"ഒരു നാലായിരം കിട്ടിയിരുന്നെങ്കി "

"ദാ അയ്യായിരമുണ്ട് ...എണ്ണിനോക്കു "

"വൗ ...യു ആർ സൊ സ്വീറ്റ് ..താങ്ക് യു നന്ദേട്ടാ "

ആഹ്ലാദത്തിമർപ്പിൽ അവൾ സ്വയം മറന്നു നന്ദന്റെ കവിളിൽ ഉമ്മവച്ചു ...മറ്റുള്ളവരുടെ മുമ്പിൽ വച്ചുള്ള സ്നേഹപ്രകടനം നന്ദന്റെ മുഖത്തെ ജാള്യതകൊണ്ട് താഴ്ത്തി.

"ഈ ചേച്ചിക്ക് സ്ഥലകാല ബോധമില്ലേ .." അനുജത്തി പിറുപിറുത്തു.

"നന്ദാ നീയാണ് ഈ പെണ്ണിനെ ഇങ്ങിനെ വഷളാകുന്നെ, ഇപ്പോൾ തന്നെ നീ എത്രതുകയാ ഈ പെണ്ണിന് വേണ്ടി ചിലവഴിക്കുന്നേ ..എനിക്കിതൊക്കെ തിരിച്ചു തരാൻ.... "

"അതൊക്കെ പോട്ടെ എന്റെ അമ്മാവാ ..അവൾ കോളേജിൽ പോയി അടിച്ചുപൊളിക്കട്ടെ ..ഒന്നിനും ഒരു കുറവുണ്ടാകരുതു ...റെഡിയായി വരൂ ഞാൻ ചേച്ചിയേം അനിയത്തിയേയും കോളേജിൽ കൊണ്ടുവിടാം "

ഇരുപേരും ദ്രിതിപെട്ടു ഒരുങ്ങിവന്നു.

"എന്റെ നന്ദേട്ടാ നിങ്ങൾകീ പഴഞ്ചൻ വണ്ടിയൊന്നു മാറ്റിക്കൂടെ ..ഇപ്പൊ സർക്കാർ ജോലിയൊക്കെ ആയില്ലേ "

"അതെന്തിനാ ഇത്രേം നല്ലവണ്ടി മാറ്റണേ ...നല്ല സുഖ ഈ അംബാസിഡർ കാറിൽ യാത്രചെയ്യാൻ ..ഓൾഡ് ഈസ് ഗോൾഡ് എന്ന ...ഈ ചേച്ചി പലപൊട്ടത്തരോം വിളിച്ചു പറയും ..അതുകേട്ടു ഈ വണ്ടിയൊന്നും മാറ്റാൻ നിൽക്കേണ്ട ചേട്ടാ "

"അത് നീയല്ല തീരുമാനിക്യ ...ഈ പാട്ടവണ്ടിയിൽ കോളേജിൽ പോയിറങ്ങിയാൽ എന്റെ ഫ്രണ്ട്‌സ് എന്നെ കളിയാക്കും ..ആ വളവിൽ നിർത്തിക്കോളൂ ..ഞാൻ ഇറങ്ങിക്കോളാം "

"സുഷമേ എന്തിനാണ് ഇത്ര ദേഷ്യം ...ഈ വണ്ടിക്കു ഏകദേശം എഴുപതു വർഷത്തെ പഴക്കമുണ്ട് സമ്മതിച്ചു ..പക്ഷെ ഇത് എന്റെ അച്ചാച്ചൻ വാങ്ങിയതാ ...ഇത് വീടിന്ടെ ഐശ്വര്യവും പ്രൗഡിയുടെ ലക്ഷണവുമാണെന്നാണ് അച്ഛൻ പറയാറുള്ളത് ..പുതിയ വണ്ടി വാങ്ങിക്കാം പക്ഷെ ഇതുപേക്ഷിക്കാൻ മാത്രം പറയരുത് ..."

"വേണ്ട ഇതും കെട്ടിപിടിച്ചിരുന്നോ ...പുതിയ വണ്ടി വാങ്ങി വാ അപ്പൊ ഞാൻ കേറാം ...ഹ്മ്മ് "

കുപിതയായ സുന്ദരി കോളജിനു ഏകദേശം ഒരു ഫർലോങ് മുമ്പേ ഇറങ്ങി നടന്നു

"ലക്ഷിമിക്കുട്ടിക്കും ചേച്ചിയുടെ കൂടെ ഇറങ്ങി പോണോ ..."

"എന്തിനു എനിക്ക് പിരാന്തോന്നൂല്യ ...എന്നെ കോളേജ് ഗെയ്റ്റിൽ വിട്ടാമതി ..."

"ഓക്കേ "
പഴയ ശകടം മന്ദം മന്ദം മുന്നോട്ടു പോയി.

"നന്ദേട്ടന് വിഷമമായോ"

"എന്തിനു അവൾ ഒരു പൊട്ടിപെണ്ണല്ലേ ...മനസിലൊന്നും വക്കില്ല ..തോന്നുന്നതൊക്കെ വിളിച്ചു പറയും ...അത്രേയുള്ളു ..."

"എന്നാലും ചേട്ടൻ ഇത്ര താണ് കൊടക്കണോണ്ട ..ചേച്ചി തലേ കേറണേ ..."

"വിട്ടുകള പാവം "

"എന്നും കാവിൽ കുളിച്ചു തൊഴാൻ നന്ദേട്ടൻ വരുന്നത് ചേച്ചിയെ കാണാനല്ലെ ...എനിക്കറിയാം ..ആ ആലിന്റെ ചുവട്ടിൽ നിന്ന് ചേച്ചിയെ ഇമവെട്ടാതെ നോക്കി നില്കുന്നത് എത്ര വട്ടം കണ്ടിരിക്കണു ഞാൻ ...നന്ദേട്ടന് ചേച്ചിയെ അത്രക്കിഷ്ട്ടാല്ലേ ..ചേച്ചി ഭാഗ്യവതിയാ "

"അതെ ഒരുപ്പാട്‌ ഇഷ്ട്ട എനിക്ക് അവളെ..ചെറുപ്പം മുതലേയുള്ള മോഹ..ഹ്മ്മ്.. അതിരിക്കട്ടെ..പഠിക്കാൻ ഇത്രേം കഴിവുള്ള ലക്ഷ്മികുട്ടീം ഭാഗ്യവതിയല്ലേ ...പേരുപോലെ തന്നെ മഹാലക്ഷ്മി വിളയാടുന്നീ മുഖത്ത് എന്തിനാണ് ഇപ്പോൾ ഒരു വ്യാകുലത "

"ഹ ഹ..അല്ലേലും നിത്യരോഗിയായ എന്നെ സാന്ത്വനിപ്പിക്കാൻ ഏട്ടന് നല്ല കഴിവാ .."

"മരുന്നൊക്കെ "

"എല്ലാം മുറതെറ്റിക്കാതെ തന്നെ നടക്കുന്നു ...പാവം അച്ഛൻ മാലകെട്ടിയുണ്ടാകുന്ന തുട്ടെല്ലാം ചിലവാകുന്നത് ആ വഴിക്കാ "

"എല്ലാം ശെരിയാവും , ഭഗവാന് ചാർത്താൻ എന്നും മാലകെട്ടുന്ന ആ കൈകൾകൂപ്പി പ്രാർത്ഥിച്ചാൽ ഭേദാവാത്ത വ്യഥികളുണ്ടോ ഈ ഭൂമുഖത്തു "

"എനിക്ക് പ്രതീക്ഷയൊന്നൂല്യ ...ആട്ടെ ...എം എ കു ഫസ്റ്റ് റാങ്കിൽ പാസായ ആളല്ലേ ..വാട്ടർ അതോറിറ്റിയുടെ ഗുമസ്തനായി ഒതുങ്ങികൂടാനാണോ പ്ലാൻ "

"അത്, കൂടെ കൃഷിയും പിന്നെ കുറച്ചു രാഷ്ട്രീയ പ്രവർത്തനവും ...ഞാൻ അതിൽ സംതൃപ്തൻ "

"ഒരു ജോലിയും മോശമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനും ..പക്ഷെ ഏട്ടന്റെ കഴിവിനെ തട്ടിച്ചു നോക്കിയപ്പോ ...ഇനിയും ഉയരത്തിലെത്തണം എന്ന് തോന്നി അതാ പറഞ്ഞെ ...എന്ന ഞാൻ പോട്ടെ ..ക്‌ളാസ്സിനു വൈകി ..."

"അപ്പൊ ശെരി ലക്ഷ്മിക്കുട്ടി ..."

കോളേജ് കവാടത്തിന്റെ മുന്നിൽ നിന്നും പുറപ്പെടാൻ ശകടം അമാന്തിച്ചു ...ബോണറ്റ് തുറന്നു എന്തൊക്കെയോ തട്ടീം മുട്ടീം നോക്കി യന്ത്രത്തിന്റെ ചക്രം വീണ്ടും ചലിപ്പിക്കാൻ ശ്രമിച്ചു പുരുഷൻ ...അതുകണ്ടു രസിച്ചു കളിയാക്കി നിന്നു ക്ലാസ്സിൽകേറാതെ കറങ്ങിനടക്കുന്ന ഒരുപറ്റം മഹാന്മാർ .

ക്‌ളാസ്സിലേക്ക് എത്താൻ വൈകും എന്ന ചിന്ത ലക്ഷ്മി കുട്ടിയെ ദ്രുതഗതിയിൽ നടക്കാൻ പ്രേരിപിച്ചു ...ശരീരത്തിന്റെ ഊഷ്മാവ് ഉയർന്നു ..ശ്വാസോച്ഛാസത്തിന്ടെ ഗതിവേഗം വർദ്ധിച്ചു ... കൂടിയ അളവിൽ രക്തം ഹൃദയധമനികളിൽ ഒഴുകി .

"അയ്യോ അമ്മെ "

ബോധം നഷ്ട്ടപെട്ടു അവൾ നിലംപതിച്ചു .

നിലവിളി കേട്ട് ഓടി എത്തിയവരിൽ ആരോ സുഷമയെയും നന്ദനെയും വിവരമറിയിച്ചു ...പാഞ്ഞെത്തിയ നന്ദൻ അവളെ എടുത്തു കാറിലേക്കോടി ..മടിപിടിച്ചു കിടന്ന എൻജിൻ സാഹചര്യത്തിനൊത്തുയർന്നു ഓടിത്തുടങ്ങി ..ശകടം മുന്നോട്ടു പായുമ്പോഴും സുഷമയ്ക്ക് വേണ്ടി അയാളുടെ കണ്ണുകൾ തിരഞ്ഞു ...പക്ഷെ കണ്ടില്ല

"സുഷമേ നിന്ടെ സഹോദരിയെ അല്ലെ ഇവിടെ കുഴഞ്ഞുവീണു ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുന്നത് ..ഈ സാഹചര്യത്തിൽ നമുക്ക് ട്ടൂർ ക്യാൻസൽ ചെയ്താലോ ..."

"അയ്യോ മാഡം അതവൾക്കു പതിവായിട്ടുള്ളതാ ...ഒരിഞ്ചക്ഷൻ വച്ചാൽ ശെരിയായിക്കോളും ...അതിനുവേണ്ടി ട്ടൂർ ഒന്നും കാന്സല് ചെയ്യേണ്ട കാര്യമൊന്നുമില്ല "

"നല്ല ചേച്ചി ...മാഡം നമുക്കൊന്ന് ആ ഹോസ്പിറ്റലിൽ പോയി നോക്കിയിട്ടു വരാം ..എന്നിട്ടു തീരുമാനിക്കാം "

സ്‌റ്റുഡസിന്റെ നിർബന്ധത്തിനു വഴങ്ങി സുഷമയെ കൊണ്ട് ടീച്ചർമാർ ഹോസ്പിറ്റലിൽ എത്തി ..

"നന്ദേട്ടാ എങ്ങിനെയുണ്ട് ലക്ഷ്മിക്ക് ..."

"ഇപ്പൊ കുഴപ്പമൊന്നുമില്ല ...പോയി കണ്ടിട്ട് വരൂ ...പിന്നെ അവളെ ഇവിടെ കൊണ്ടുവരും നേരം ഞാൻ നിന്നേം പ്രതീക്ഷിച്ചു ...എന്താ വൈക്യേ .."

"അതുപിന്നെ ഞാൻ അറിഞ്ഞു താഴോട്ട് വരുമ്പോഴേക്കും നന്ദേട്ടൻ അവളെ കൊണ്ട് പോയിരുന്നു ...ഞാനാ എല്ലാവരോടും ട്ടൂർ പോകുന്നത് വൈകി മതിയെന്ന് പറഞ്ഞു ഇവിടം വരെ കൊണ്ടുവന്നത് ..."

"ഹ്മ്മ് ഗുഡ് ..."

അപ്പോഴേക്കും അച്ഛൻ വാര്യർ സ്ഥലത്തെത്തിയിരുന്നു

"നന്ദാ നിന്നോടെങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല ...നീ ഇന്നവിടെ ഇല്ലായിരുന്നെങ്കി ..ചിലപ്പോൾ ..."

"അവൾ എന്റെയും അനുജത്തിയല്ലേ അമ്മാവാ ..."

"നീ എന്റെ മരുമകനായി വരുന്നതില്പരം ഒരു സൗഭാഗ്യം ഈ വൃദ്ധനിനി ഉണ്ടാകാനില്ല്യ .." വികാരാധീനനായി വാര്യര് പറഞ്ഞു ..

"സുഷമേ നീ വേണം ഹോസ്പിറ്റലിൽ നിൽക്കാൻ ..വേറെ ആരാ ഉള്ളെ നമുക്ക് ...ട്ടൂർ അടുത്തവട്ടം പോയാൽ പോരെ " അച്ഛൻ വാര്യർ കല്പിച്ചു

"അമ്മാവൻ പറഞ്ഞത് ശെരിയാ സുഷമേ ...അപ്പൊ ഞാൻ വൈകുന്നേരം വരാം ..ഇന്ന് ഹാഫ് ഡേ ലീവാ പറഞ്ഞേക്കുന്നെ "

മറികടക്കാൻ പറ്റാത്ത സാഹചര്യത്തിന്റെ സമ്മർദ്ദത്തിന് മുമ്പിൽ അവൾക്കു കീഴടങ്ങേണ്ടി വന്നു ... തനിക്കു നിരാശ സമ്മാനിച്ച രോഗിയെ ഒരായിരം പ്രാവശ്യം മനസ്സിൽ പ്രാക്കികൊണ്ടു നടന്നു സുഷമ ..

ലക്ഷ്മിയുടെ കേസിൽ ഒരു എക്സ്പർട്ട് ഒപ്പീനിയന് തേടുവാൻ പുതുതായി ജോയിൻ ചെയ്ത ന്യൂറോ സർജൻ ഡോക്ടർ ആസിഫിന്റെ അടുത്തേക്ക് റെഫർ ചെയ്യപ്പെട്ടു ...

"ആഹാ ..ലക്ഷ്മിക്കുട്ടി സിന്ദരിയാണല്ലോ ...ഒന്നും ഭയപ്പെടാനില്ലാട്ടോ ..ഈ ഡോക്ടർ ആസിഫ് ഉള്ളപ്പോ ഒരു സുന്ദരികുട്ടികൾക്കും ഒന്നിനെ കുറിച്ചും ടെൻഷൻ അടിക്കേണ്ടതില്ല .."
അവളുടെ മൃദുവായ കവിൾ തഴുകി ഡോക്ടർ ശൃംഗാര രസത്തോടെ പറഞ്ഞു ...

"അതെന്താ സുന്ദരികളായ രോഗികളെ മാത്രേ ഡോക്ടർ സാറ് ചികിത്സിക്കൂ "

ഡോക്ടറുടെ കൈ മുഖത്തുനിന്നും തട്ടിമാറ്റി കൊണ്ട് ലക്ഷ്മി ചോദിച്ചു

"ആളു വിചാരിച്ചേക്കാളും മിടുക്കിയാണല്ലോ സിസ്റ്ററെ...കുട്ടിയുടെ കൂടെ ആരാ ഉള്ളെ ...അവരെ വിളിക്കൂ"

"വൗ അനുജത്തിയേക്കാൾ സിന്ദരിയാണല്ലോ ചേച്ചി ..എന്താ പേര് "

"സുഷമ "

"നൈസ് നെയിം ...എന്ത് ചെയുന്നു "

"ഞാൻ ഫൈനൽ ഇയർ എം എ കു പഠിക്കുന്നു "

"ഫന്റാസ്റ്റിക് ...ദാ പതിവ് ഗുളികകൾക്കു പുറമെ ഈ ട്ടോണിക് കൂടി ഒരു മാസത്തേക്ക് കൊടുക്കണം ..അത് കഴിഞ്ഞു എന്നെ വന്നോന്നു കാണൂ ..എമർജൻസി ഏന്തെങ്കിലും വന്നാൽ എന്റെ ഈ മൊബൈൽ നമ്പറിൽ വിളിച്ചാൽ മതി ..."

"താങ്ക് യു ഡോക്ടർ "

"യു ർ ആൽവേസ് വെൽക്കം ..ബൈ ദി ബൈ ..ഞാൻ ആർക്കും എന്റെ പേർസണൽ മൊബൈൽ നമ്പർ കൊടക്കാറില്ല ..പക്ഷെ തന്നെ കണ്ടപ്പോ എന്തോ എനിക്കറിയില്ല ...ഐ ഡോണ്ട് നോ .."

അനുജത്തിയെ കൊണ്ട് ഡോക്ടറുടെ അടുത്ത് നിന്നും മടങ്ങുബോ ..സുഷമയുടെ കവിൾ ചൊന്നു തുടുത്തിരുന്നു ..കണ്ണുകൾ വിടർന്നിരുന്നു .

"ഹോ ഇങ്ങിനെയും ഉണ്ടാവോ ഡോക്ടർമാർ എത്ര സ്വീറ്റാ ...ഡോക്ടർ ആസിഫ് അഹമ്മദ് എംബിബിസ് എംഡി എംഎസ് ..ഇത്രേം ഡിഗ്രികൾ ഇത്ര ചെറുപ്പത്തിൽ ...കാണാനും ചുള്ളൻ ..അങ്ങിനൊരാൾ എന്നോട് ഇത്രക്ക് റൊമാന്റിക്കായി പെരുമാറിയതെന്തു കൊണ്ടായിരിക്കും "

"അയാൾ നാലൊരു ഞരമ്പ് രോഗിയായതു കൊണ്ട് ...എന്നോടും ഒലിപ്പിക്കുന്നുണ്ടായിരുന്നു "

"ഒന്ന് പോടി ..അത് നീ കുശുമ്പോണ്ടു പറയണതല്ലേ ...അദ്ദേഹത്തിന് വട്ടല്ലേ നിന്നെപോലുള്ള ഒരു രോഗിയോടു റൊമാൻസിക്കാൻ ...."

"ശെരിയാ ഞാൻ ഒരു രോഗി തന്നെ ..പക്ഷെ കാള വാലുപൊക്കുന്നത് എന്തിനെന്നു എനിക്ക് കൃത്യമായറിയാം ..."

"നിന്ടെ നാക്കിനോട് തർക്കിക്കാൻ ഞാനില്ലേ "
കള്ളകണ്ണോടെ തന്നെ നോക്കികൊണ്ടിരുന്ന ഡോക്ടറുടെ മുഖം അവളുടെ മനസിനെ പിടിച്ചുലച്ചു ..

"നന്ദേട്ടാ , എനിക്കൊരു മൊബൈൽ വാങ്ങി തരുവോ സ്മാർട്ട്ഫോൺ ..കൂട്ടുകാരികളുടെ കൈയ്യിൽ ഐഫോണൊക്കെയാ ..." അച്ഛനോട് പറഞ്ഞാൽ കരില്ല്യ എന്നറിഞ്ഞ അവൾ തന്ടെ നന്ദേട്ടനോട് ആഗ്രഹം അറിയിച്ചു ...

ദിവസങ്ങൾ ഞൊടിയിടയിൽ ഓടിമറിഞ്ഞു കൊണ്ടിരുന്നു ...

"ദാ നിനക്കുള്ള പിറന്നാൾ സമ്മാനം ..."

"ഇതെന്താ സാരിയോ .."

"അതെ ..ഞാൻ ഒരുപാട് കടകളിൽ കേറി തിരഞ്ഞിട്ടു മേടിച്ചതാ ..അവസാനം എന്റെ മനസിലുള്ള ഈ വർണ പട്ടു കിട്ടി ...നിനക്കിതു നല്ല ചേലായിരിക്കും സുഷമേ .."

"പക്ഷെ ഞാൻ പ്രതീക്ഷിച്ചതു ഇതായിരുന്നില്ല ..സാരി എനിക്കത്ര ഇഷ്ടമല്ലെന്നു നന്ദേട്ടനറിയില്ലേ "

"നിനക്കിതു നല്ല മാച്ച് ആവും ...ഇതിനു പറ്റിയ ബ്ലൗസ് നിനക്കുണ്ടല്ലോ ..ഒന്ന് ഇട്ടിട്ടു വരാമോ ..നിന്നെ ഈ സാരിയിൽ കാണാനുള്ള കൊതികൊണ്ട ..."

"ഹ്മ്മ് ...സത്യം പറയാലോ ..എനിക്കിതിഷ്ടപ്പെട്ടില്ല നന്ദേട്ടാ ..എന്റെ ആഗ്രഹം ഞാൻ പറഞ്ഞിരുന്നു ..എന്നിട്ടും അതുനടത്തിത്തരാതെ .."

"നിന്ടെ വല്ല അഗ്രഹോം ഇതുവരെ ഞാൻ നടത്തിത്തരാതിരുന്നിട്ടുണ്ടോ ..മൊബൈൽ ഫോണും ഞാൻ വാങ്ങിച്ചിട്ടുണ്ട്..."

" വൗ നോക്കട്ടെ "

"ദാ "

കവർ പൊട്ടിച്ചതും അവളുടെ തുടുത്ത മുഖം വാടി ...

"സാംസങ് ഗാലക്സി..ഹ്മ്മ് ഞാൻ പ്രതീക്ഷിച്ചതു ഐഫോൺ ആയിരിക്കുമെന്ന "

"അത്രക് വിലപിടിപ്പുള്ളതൊന്നു വാങ്ങാൻ കെൽപ്പിലാതെ അല്ല ..പക്ഷെ അതുകുറച്ചു ആർഭാടമാവും അതുകൊണ്ടാ.. ...ആ സാരി ഉടുത്തൊന്നു കണ്ടിരുന്നെങ്കി എനിക്ക് പോവാമായിരുന്നു ..."

"ഐ ആം സൊ സോറി ഏട്ടാ ...ഈ സാരി ചിലപ്പോ ലക്ഷ്മിക്ക് നല്ലപോലെ ചേരും.. എനിക്ക് ചേരില്ല ...ലക്ഷ്മി എടി ലക്ഷ്മി "

"ഇങ്ങു താ ആ സാരി ..ഞാൻ എന്റെ പ്രണയിനിക്ക് വേണ്ടിയാണ് ഈ സാരി വാങ്ങിയത് ..അല്ലാതെ പ്രണയിനിയുടെ അനുജത്തിക് വേണ്ടിയല്ല " കോപത്തോടെ നായകൻ നടന്നു നീങ്ങി ...

വാതിലിന്റെ പിന്നിൽ നിന്നും എല്ലാം കേൾക്കുന്നുണ്ടായിരുന്നു ലക്ഷ്മിക്കുട്ടി ..."ഹോ എന്തൊരു അഹന്തയാണ് ഈ ചേച്ചിക്ക് ...ആ സാരി ഉണ്ടുകാനുള്ള ഭാഗ്യം ഇല്ലാതെപോയല്ലോ ഈയുള്ളവൾക്കു " അവളുടെ മനസു തുടിച്ചു ...

അതികം വൈകാതെ ...ഡോക്ടർ ആസിഫുമായി സുഷമ മൊബൈലിൽ ചാറ്റിങ് തുടങ്ങി ...ആദ്യമൊക്കെ ലക്ഷ്മിയുടെ രോഗാവസ്ഥയെ കുറിച്ചായിരുന്നു സംഭാഷണം പതിയെ പതിയെ അത് പ്രേമ സല്ലാപമായി മാറി ...

"ചേച്ചി ഈ ചെയ്യുന്നതൊക്കെ ശെരിയാണെന്നു തോന്നണുണ്ടോ ...ചേച്ചിയെ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന ആ പാവത്തെ വഞ്ചിച് ...ഛെ ..ചേച്ചിക്ക് നാണമില്ലേ "

"എന്നെ സ്വപ്നം കാണാൻ ഞാൻ ആരെയും ചട്ടമൊന്നും കെട്ടിയിട്ടില്ല ..പിന്നെ ആർക്കും വാക്കും കൊടുത്തിട്ടില്ല ...എന്റെ ജീവിതം എങ്ങിനെ മുന്നോട്ടു പോണമെന്നു ഞാൻ തീരുമാനിക്കും ...അത് ചോദിക്കാൻ നീയാരെടി ...നിനക്കത്ര ദണ്ണമാണെങ്കിൽ നീ സ്വീകരിച്ചോ അയാളെ "

"നന്ദേട്ടനെ ഞാൻ സ്വീകരിച്ചേനെ ഒരായിരം വട്ടം ..പക്ഷെ എന്റെ ഈ ദുർബല ശരീരം അതുകൊണ്ടു മാത്രം .."

"അയ്യോ പാവം "

"ഇത്ര നാള് ആ പാവത്തിനെ മോഹിപ്പിച്ചു നേടേണ്ടതെലാം നേടിയെടുത്തിട്ടു ഇപ്പൊ അയാൾ വെറുമൊരു കരുവേപ്പില മാത്രം അല്ലെ ...സത്യത്തിന്റെ പാതയിൽ മാത്രം സഞ്ചരിക്കുന്ന അച്ഛന്റെ രക്തത്തിൽ ജനിച്ച നിങ്ങൾക്കു , എങ്ങിനെ സാധിക്കുന്നു ഇത്ര അധഃപതിക്കാൻ "

"ഹ ഹ ..ഈ കലിയുഗത്തിൽ ആരും അതികമൊന്നും സത്യവാനോ സത്യവതിയോ ആകാതിരിക്കുന്നതാണ് നല്ലതു പെണ്ണെ ...മതം വേറെയാണെങ്കിലും ആസിഫ് പണക്കാരനാണ് ..ചെറുപ്പമാണ് പിന്നെ സുന്ദരനും ....കേവലം ഒരു ഗുമസ്തന്റെ ഭാര്യയായി കഴിഞ്ഞു എന്റെ സ്വപ്നങ്ങൾ കുഴിച്ചുമൂടാൻ എനിക്ക് വയ്യ "

"നന്ദേട്ടനും സൗന്ദര്യമുണ്ട് ..സർക്കാർ ജോലിയുണ്ട് ..സ്വഭാവത്തിൽ പത്തരമാറ്റ് ...ചിലപ്പോൾ പണത്തിലും സ്ഥാനവലുപ്പത്തിലും ആ ഡോക്ടറുടെ അത്ര വരില്ല്യായിരിക്കാം ..ഹ്മ്മ് ..അപ്പൊ പണവും സ്ഥാനവും ..അതിന്ടെ ഏറ്റക്കുറച്ചിൽ അതാണല്ലേ നന്ദേട്ടനെ ഉപേക്ഷിക്കാനും ആസിഫിനെ സ്വീകരിക്കാനുമുള്ള നിന്ടെ തീരുമാനത്തിന്റെ അടിസ്ഥാനം .."

"ആമാണ്ടി .. അതുതാൻ ഇന്ത ഡിസിഷനുക്കു ആധാരം "

"അപ്പോൾ ആസിഫിനെക്കാൾ പണവും പദവിയുമുള്ള ഏതെങ്കിലും ഒരു പുരുഷനെ കണ്ടുമുട്ടിയാൽ നീ അയാളുടെ കൂടെ പോകുമല്ലേ ..ഇത്തരം സ്ത്രീകളെ വേറൊരു പേരിട്ട സമൂഹം വിളിക്യാ "

"എടി " കുപിതയായി സുഷമ ശബ്ദമുയർത്തി .

"ഒരു കണക്കിന് നന്ദേട്ടൻ ഭാഗ്യവാനാണ് ...നിന്നെ പോലെ നേരും നെറിയും ഇല്ലാത്ത ഒരുവളെ തലയിൽ ചുമക്കേണ്ടി വന്നില്ലലോ "

"എന്തുപറഞെടി അധികപ്രസങ്ങി "

കോപാധിക്യത്തിൽ സുഷമയുടെ കരതലം ഉയർന്നു താന്നു ലക്ഷ്മിയുടെ കവിളിൽ പതിഞ്ഞു ...അവളുടെ തല ഭിത്തിയിലിടിച്ചു മോഹാലസ്യപ്പെട്ടു വീണു...ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തു

"മിസ്റ്റർ വാര്യർ ...ലക്ഷ്മിക്ക് എന്താണ് ശെരിക്കും പറ്റിയത് " ആകാംഷയോടെ ഡോക്ടർ ചോദിച്ചു.

"അവൾ പതിവുപോലെ ബോധം കെട്ടുവീണു എന്ന മൂത്ത മകൾ പറഞ്ഞത് "

"ഓ ഐ സി ...എന്തായാലും തലയിൽ ബ്ലഡ് ക്ളോട്ടുണ്ട് ..ഓപ്പറേഷൻ വേണ്ടിവരും ..ബിപി നോർമൽ ആയിട്ടുവേണം ചെയ്യാൻ ...സ്വതവേ ശരീരം ദുർബലമായതുകൊണ്ടു റിസൾട്ട് ഒന്നും കൃത്യമായി പറയാൻ പറ്റില്ല ...എല്ലാം ദൈവത്തിന്റെ കൈയ്യിൽ .."

വിവരമറിഞ്ഞു നന്ദൻ ഓടിയെത്തി ...

"അമ്മാവാ ..."

"മോനെ നന്ദാ ...എന്റെ മോള് "

"അവൾക്കൊന്നും സംഭവിക്കില്ല ...ധൈര്യമായിരിക്കൂ ..നമ്മൾ വേണ്ടേ എല്ലാവരെയും ആശ്വസിപ്പിക്കാൻ..സുഷമയെവിടെ ..."

"ബില് കൗണ്ടറിൽ പോയിരിക്കുന്നു ...പാവം അതിന്ടെ കണ്ണീരിതുവരെ തോർന്നിട്ടില്ല "

തന്ടെ പെണ്ണിനെ കണ്ടു സ്വാന്ത്വനിപ്പിക്കാൻ അയാൾ വെമ്പി

"നന്ദേട്ടാ ... നമ്മുടെ ലക്ഷ്മികുട്ടി " മുതലക്കണ്ണീർ ഒഴുക്കി അവൾ പറഞ്ഞു

"ഏയ് ..ഇത്ര ഇമോഷണൽ ആയാലോ ..അവൾക്കൊന്നും സംഭവിക്കില്ല ..ഡോണ്ട് വറി "

"നന്ദേട്ടനോട് ഒരു കാര്യം പറയണമെന്ന് വച്ചിട്ട് കുറച്ചു നാളായി" ..കണ്ണീർ തുടച്ചിട്ട് അവൾ പറഞ്ഞു ...

"പറഞ്ഞോളൂ "

"ഈ സമയത്തു പറെണതു ശെരിയല്ല എന്നറിയാം ..പക്ഷെ ഇതെന്റെ ലൈഫിന്റെ കാര്യ ..എന്റെ വിവാഹത്തെ കുറിച്ച് "

"സുഷമേ ആദ്യം ലക്ഷ്മികുട്ടിക് ഭേദമാവട്ടെ ..എന്നിട്ടു ഞാൻ അമ്മയെ കൂട്ടി വരാം വാര്യത്തെക്കു ..അമ്മാവനുമായി സംസാരിക്കാൻ "

"ഹ ഹ ...അപ്പൊ ലക്ഷ്മി പറഞ്ഞത് നേരാണല്ലേ ...നന്ദേട്ടൻ എന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു അല്ലെ "

"അത് ലക്ഷ്മി പറഞ്ഞു തരേണ്ട കാര്യമുണ്ടോ ...അതൊക്കെ എപ്പോഴേ പറഞ്ഞോറപ്പിച്ചതല്ലേ .." ആശ്ചര്യത്തോടെ അയാൾ ചോദിച്ചു ...

"ആ എനിക്കറിയില്ല ...നമ്മൾ തമ്മിൽ എപ്പോഴെങ്കിലും അങ്ങിനെ ഒരു സംസാരം ഉണ്ടായിട്ടുണ്ടോ ...നന്ദേട്ടാ ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരൻ അല്ലെങ്കിൽ സുഹൃത്ത്, വഴികാട്ടി എന്നിങ്ങിനെയുള്ള നിലയിലാണ് കണ്ടിട്ടുള്ളത് ...ഞാൻ വേറൊരു പുരുഷനുമായി പ്രണയത്തിലാണ് ...ഏട്ടനൊന്നു അച്ഛനോട് സംസാരിച്ചു ഞങ്ങളുടെ വിവാഹം നടത്തിത്തരണം ..എന്നെക്കാൾ നല്ലൊരു പെണ്ണിനെ ഏട്ടന് കിട്ടും ...തീർച്ച "

"സുഷമേ ...അപ്പൊ ഇത്രനാൾ നീ എന്നെ "
തുടരും ...

Thanks for reading ...
Vinod Dhamodaran Menon

Read All Parts :-

Part 2 - 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot