കുറെ നാളുകൾക്ക് ശേഷം ഇന്നു ഞാൻ വീണ്ടും അയാളെ കണ്ടു. അയാളുടെ മുഖം കണ്ട സമയത്ത് തന്നെ ദേഹം മുഴുവൻ എന്തോ അരിച്ചു കയറുന്ന പോലെ ഒരു അസ്വസ്ഥത എന്നെ വന്നു പൊതിഞ്ഞു.
ഹോസ്പിറ്റലിൽ പോയി വരുകയാണെന്ന് തോന്നുന്നു. അല്പം തടി കുറഞ്ഞു എന്നതൊഴിച്ചാൽ അത് അയാൾ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
പത്തു പതിനഞ്ചു വർഷത്തിന് ശേഷം വീണ്ടും കാണുകയാണ്. അറിയാതെയാണെങ്കിൽ പോലും നമ്മുടെ മനസ്സിനെ മുറിവേൽപ്പിച്ചവരെ പെട്ടെന്ന് മറക്കുക എന്നത് ശരാശരി ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള സംഗതിയാണ്.
നാട്ടിൽ കൂലിപ്പണിക്ക് പോവുന്ന സമയത്താണ് അയാളുമായി ബന്ധപ്പെട്ട ഒരു സംഭവം നടക്കുന്നത്.
ഞങ്ങൾ കുറെ ആൾക്കാർ സൊറ പറഞ്ഞിരിക്കുമ്പോഴാണ് വില കൂടിയ കാറിൽ അത്തറും പൂശി അയാൾ മുന്നിൽ വന്നിറങ്ങുന്നത്.
കുറച്ചു കൂടിയ പണക്കാരനാണ്. അയാളുടെ മക്കളുടെ ആരുടെയോ കല്യാണം വിളിക്കാനാണ് വരവ്. കൂടെ ഒരു ശിങ്കിടിയും ഉണ്ട്. അത് കാശുള്ള ആരുടേയും കൂടെ ഉണ്ടാവുമല്ലോ ഏതെങ്കിലും ഒരു പണിക്കു പോവാത്ത വിയർപ്പിന്റെ അസുഖമുള്ളവൻ.
ഞങ്ങൾ എട്ടോ പത്തോ പേര് ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.
അയാൾ വന്നു ഓരോരുത്തരെയായി കല്യാണത്തിന് ക്ഷണിക്കാൻ തുടങ്ങി. കൂടെയുള്ള എല്ലാവരോടും പറഞ്ഞിട്ടും ഞങ്ങൾ രണ്ടു പേരോട് മാത്രം അയാൾ കല്യാണം പറഞ്ഞില്ല.
കൂട്ടത്തിൽ കൂലി പണിക്ക് പോവുന്നവർ ഞങ്ങൾ രണ്ടാളും മാത്രമായിരുന്നു. ഞങ്ങൾ മാത്രമായിരുന്നു അക്കൂട്ടത്തിൽ ഹവായി ചെരിപ്പും നരച്ച ലുങ്കിയും ഉടുത്തവർ. ഞങ്ങളുടെ ഉപ്പമാർ മാത്രമായിരുന്നു പാടത്തും പറമ്പിലും വെയിലേറ്റ് കരുവാളിച്ചു വിയർത്തൊട്ടി ചെളിയിൽ കുളിച്ചു പണിയെടുത്തിരുന്നത്. ബാക്കി എല്ലാവർക്കും പള പള മിന്നുന്ന ഉടുപ്പുകളും യാത്ര ചെയ്യാൻ വാഹനങ്ങളും പേരിന്റെ കൂടെ പാരമ്പര്യമായി ചാർത്തിക്കിട്ടിയ വലിയ തറവാട്ടു പേരുകളും ഉണ്ടായിരുന്നു.
ഞങ്ങളെന്ന രണ്ട് പേര് അവിടെ ഉണ്ട് എന്നത് പോലും ശ്രദ്ധിക്കാതെ അയാൾ മറ്റുള്ളവരോട് കല്യാണം പറഞ്ഞു തിരിച്ചു പോയി.
അയാൾ ഞങ്ങളോടും കല്യാണം പറയും എന്നോർത്ത് നിന്നിരുന്ന ഞാൻ ശരിക്കും വിഷമിച്ചു പോയി. ഇടക്ക് ഒന്ന് രണ്ട് പ്രാവശ്യം അയാളുടെ നോട്ടം എന്റെ ഡ്രസ്സിലേക്കും ചെരിപ്പിലേക്കും പാളി വീണതും അയാളുടെ ക്‌ളീൻ ഷേവ് ചെയ്ത വെളുത്ത് തടിച്ച മുഖത്ത് ഒരു പുച്ഛരസം വിരിഞ്ഞതും ഓർത്തപ്പോൾ ദേഹം മുഴുവൻ തേരട്ട ഇഴയുന്ന പോലെയാണ് എനിക്ക് തോന്നിയത്.
എന്റെ ഒരു സമാധാനത്തിനു അയാൾ മറന്നു പോയതാണ് എന്നൊക്കെ ഞാൻ വെറുതെ വിചാരിച്ചു നോക്കി.
എങ്കിലും അയാളുടെ മുഖത്ത് വിരിഞ്ഞ ആ പുച്ഛം എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു.
ചില ആളുകൾ അങ്ങനെയാണ്. നാടൊട്ടുക്ക് കല്യാണത്തിന് വിളിച്ചാലും ചില ആൾക്കാരെ അവർ മനപ്പൂർവം ഒഴിവാക്കും.
അത് അവരുടെ സ്റ്റാൻഡേർഡിന് ഒരിക്കലും യോജിക്കാത്ത ആൾക്കാരെയായിരിക്കും.
അങ്ങനെ വിളിക്കാതിരുന്നത് ഒരു തെറ്റൊന്നുമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ അവർ ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ അവരെ മാത്രം ഒഴിവാക്കുന്നത് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ്. തങ്ങൾ ഒന്നിനും കൊള്ളാത്തവരാണ് എന്നൊരു ചിന്ത അവരുടെ മനസ്സിൽ വരാൻ അത് ഇട വരുത്തും.
ഇത് വായിക്കുന്ന പലർക്കും സംശയം തോന്നിയേക്കാം. ഇതൊക്കെ ഒരു വിഷമമാണോ എന്നത്.
പക്ഷെ,
അത്തരം അവഗണന ഏറ്റ് വാങ്ങിയവർക്കറിയാം ആ സമയം അവർ അനുഭവിച്ച സങ്കടവും പ്രയാസവും. പിന്നെ അവരെ കാണുമ്പോൾ വീണ്ടും വീണ്ടും ദേഹത്തു ഇഴഞ്ഞു നടക്കുന്ന അനേകായിരം ചൊറിയൻ കാലുകളുള്ള തേരട്ടകളും.
വായനക്ക് നന്ദി.
സ്നേഹപൂർവ്വം ഹക്കീം മൊറയൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക