Slider

"നെറ്റ് " വർക്കിന്റെ ഗുണം

0


പണ്ട് നമ്മുടെ യൗവ്വന കാലത്ത് ഇന്ത്യയിൽ ഗ്ലാമർ ഉള്ള ഫുട്ബോൾ താരങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണോ അതോ സ്കൂളിൽ പഠിക്കുമ്പോ എന്നെ കൂട്ടുകാർ ഫുട്ബോൾ എന്ന ഓമന പേരിൽ വിളിച്ചിരുന്നത് കൊണ്ടാണോ എന്തോ എനിക്ക് പൊതുവേ ഫുട്ബോൾ കളിയോട് വലിയ താൽപര്യം ഒന്നും ഇല്ലായിരുന്നു . എന്ന് മാത്രമല്ല, ഫുട്ബോൾ കളി നടക്കുന്നത് കണ്ടാലും അത് പൂർണമായി അവഗണിക്കുക ആയിരുന്നു പതിവ് . ഇൗ പതിവ് തിരുത്തി എഴുതിയത് മുംബൈ നഗരത്തിലെ ഒരു പറ്റം കുട്ടികൾ ആണ് .

മുംബൈ നഗരത്തിൽ ഞങ്ങളുടെ ജീവിതം സ്വസ്ഥമായി ഒഴുകി കൊണ്ടിരുന്ന കാലം. അവിടെ മിക്ക ഹൗസിംഗ് കോംപ്ലക്സ് കളിലും സാമാന്യം വലിയ ഒരു കളി സ്ഥലം ഒക്കെ കാണും . അവിടെ തന്നെ ചെറിയ കുട്ടികൾക്ക് കളിക്കാൻ പറ്റിയ ഊഞ്ഞാൽ, സ്ലൈഡ് ഒക്കെ ഉള്ള ചെറിയ പ്ലേ ഏരിയയും. ഒഴിവുള്ള സമയങ്ങളിൽ ഞങ്ങളും കുട്ടികളെയും കൊണ്ട് അവിടേക്ക് പോകും . അന്നും അങ്ങനെ പോയതാണ്. ഒരു വശത്ത് ഫുട്ബോൾ കളി തകർക്കുന്നു. ഞാൻ അങ്ങോട്ട് ഒന്നും നോക്കാതെ കുഞ്ഞി പിള്ളേരെ നോക്കി ഇരുന്നു. കുറെ കഴിഞ്ഞു നമ്മൾ എല്ലാവരും തിരിച്ചു പോകാനായി ഇറങ്ങി. മൂത്ത മകൾ ആദ്യം നടക്കുന്നു.ഇളയ മകളെയും എടുത്ത് ഭർത്താവ്. തൊട്ട് അടുത്ത് വലത് വശത്തായി ഞാനും. പെട്ടന്നാണ് അത് സംഭവിച്ചത്. എന്റെ വലത്തേ ചെവിയിൽ ആരോ കൈ വീശി അടിച്ച പോലെ ഒരു ഫീൽ. തല പെരുത്തു വന്നു. വലത്തേ കണ്ണിൽ കൂടി പൊന്നീച്ച പറന്നു . ഞാൻ നിന്നിടത്ത് തന്നെ ഉറച്ച് നിക്കുക ആണ്. ഭർത്താവ് കയ്യിൽ ഒരു ഫുട്ബോളും പിടിച്ച് അവിടെ കളിക്കുന്ന പയ്യൻ മാരോട് ദേഷ്യപ്പെടുന്നു. ഞാൻ അപ്പോഴും "ശിവനെ ഇത് ഏത് ജില്ല" എന്നും പറഞ്ഞു നിക്കുവാണ്. കുറച്ച് സമയം കഴിഞ്ഞാണ് എനിക്ക് സ്ഥല കാല ബോധം വന്നത് . ഇതിനിടയിൽ ഞാൻ സുരാജ് പറയും പോലെ "കുപ്പി തകരം പാട്ട" എന്നൊക്കെ പറഞ്ഞു അവിടെ ഒക്കെ നടന്നു എന്നൊക്കെ മൂത്ത മകൾ പറയുന്നത് ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല. എന്നാലും അന്ന് മുതൽ ചുറ്റും "നെറ്റ് വർക് " ഇല്ലാത്ത സ്ഥലത്ത് ഫുട്ബാൾ കളി കണ്ടാൽ എനിക്ക് ഇപ്പോഴും വലത്തേ ചെവി പുകയും ...

ഇൗ കഥ ഇപ്പൊൾ എഴുതാൻ കാരണം കഴിഞ്ഞ ദിവസം കണ്ട ഒരു കാഴ്ചയാണ്.

മകളുടെ ക്രിക്കറ്റ് പ്രാക്ടീസ് നടക്കുന്ന ഗ്രൗണ്ടിൽ കാഴ്ച കാണാൻ പോയതായിരുന്നു ഞാൻ . വലിയ ഒരു ഗ്രൗണ്ടിന്റെ ചെറിയ ഒരു ഭാഗത്ത് മാത്രമേ ക്രിക്കറ്റ് നടക്കുന്നുള്ളൂ. ബാക്കി മുഴുവൻ ഫുട്ബാൾ കളി ആണ് . എന്റെ ശ്രദ്ധ പഴയ അനുഭവം കാരണം അങ്ങോട്ടേക്ക് ആണ് പോയത്. കുറെ ആൺകുട്ടികളും, ചെറുപ്പക്കാരും പല പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തേരാ പാരാ ഓടുന്നു. ഒരു നിമിഷം ഇവരെ വല്ല പട്ടിയും ഓടിക്കുന്നത് ആണോ എന്ന സംശയം തോന്നും. അത്രക്കും ആവേശകരമായ ഓട്ടം ആണ് എല്ലാവരും.

പെട്ടെന്ന് സീൻ ഒന്ന് മാറി. അത് വരെ മാന്യമായി ഓടികൊണ്ടിരുന്ന കളിക്കാർ ഒക്കെ ഒരു വശത്തേക്ക് ഓടി മാറുന്നു.ഗോളിയും ബോളും ഉൾപ്പടെ . അപ്പോ അതാ വരുന്നു.. ദൂരെ നിന്നും നല്ല വേഗത്തിൽ ശരം വിട്ട പോലെ ഒരു ചേട്ടൻ. കണ്ടാൽ ഒരു ചെറിയ ആന ക്കുട്ടിയെ പോലെ ഉണ്ട്. ഉരുണ്ട ദേഹത്ത് പാകമാകാത്ത യൂണിഫോം ഒക്കെ ഇട്ട് ആകെ വിയർത്തു കുളിച്ചു കിതച്ച് ആണ് ഓട്ടം. ഗ്രൗണ്ടിന്റെ ഒരു വശത്ത് നിന്ന് ബോളിനെ ഉന്നം വച്ച് തുടങ്ങിയ പാച്ചിൽ ആണ് . ഇടക്ക് വച്ച് പാവത്തിന്റെ ബ്രേക്ക് പോയി.ഇതിനിടയിൽ ബോൾ വേറെ ആള് തട്ടി മാറ്റി കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന് ആണേൽ നിർത്താനും വയ്യ . അതേ ദിശയിലേക്ക് ഓട്ടം തുടരുകയാണ്. ഓട്ടത്തിനിടെ പുള്ളിക്കാരൻ തന്നെ " ആ നിലവിളി ശബ്ദം ഇടോ " എന്ന രീതിയിൽ അറബിയിൽ ആണെന്ന് തോന്നുന്നു, എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടാണ് വരുന്നത്..അതാണ് എല്ലാവരും മാറിയത് . ആ മനുഷ്യൻ നേരെ ഓടി വന്നു നേരെ ഗ്രൗണ്ടിന് ചുറ്റും ഇട്ടിരിക്കുന്ന നെറ്റിൽ വന്നു ഒരൊറ്റ ഇടി. നെറ്റ് മൊത്തത്തിൽ നല്ല "കിൽ കില് " എന്ന ശബ്ദത്തിൽ ശക്തിയായി കുലുങ്ങി . ചേട്ടൻ പിന്നിലേക്ക് മറിഞ്ഞ് തല ഇടിച്ചു മലർന്ന് വീണു. ചുറ്റും പൊടി പടലം. പുള്ളി നിലത്ത് എത്തി എന്ന് കണ്ടപ്പോൾ തന്നെ മറ്റ് കളിക്കാരു കളി തുടർന്നു.

അവിടെ ക്രിക്കറ്റ് കണ്ട് നിന്നിരുന്ന എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കി. കാര്യം മനസ്സിലാവാതെ ചിലർ നെറ്റ് പൊളിഞ്ഞു വീണോ എന്നൊക്കെ നോക്കുന്ന കണ്ടു. വീഴ്ച കഴിഞ്ഞ് ഓട്ട കാരൻ ചേട്ടൻ കുറച്ച് നേരം പോസ്റ്റിൽ ഒക്കെ പിടിച്ചു നിന്ന ശേഷം വീണ്ടും കളിക്കാൻ കൂടി.പക്ഷേ പിന്നീട് അദ്ദേഹം ഗോളി ആയാണ് കളിച്ചത്. മറ്റുള്ളവരുടെ അപേക്ഷ മാനിച്ച് ആവണം .

ശക്തമായ നെറ്റ് വർക്കിന്റെ പ്രാധാന്യം ഇപ്പൊ നിങ്ങൾക്കും മനസിലായി കാണും എന്ന് വിശ്വസിക്കുന്നു .

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo